Sunday, September 14, 2008

ഭോഷന്മാരുടെ തലയണ

സാധാരണ മനുഷ്യര്‍ക്ക് വിഡ്ഢിത്തമാകാം. അവരെയാരും ഭോഷന്മാരെന്നു വിളിക്കില്ല. പക്ഷേ, വലിയ വലിയ മനുഷ്യര്‍ പമ്പരവിഡ്ഢിത്തം ചെയ്യുകയും കാണേണ്ടത് കാണാതിരിക്കുകയും ചെയ്യുമ്പോള്‍ ഭോഷന്മാരെന്നുതന്നെ വിളിക്കണമെന്ന് പണ്ട് കവി കട്ടായം പറഞ്ഞിട്ടുണ്ട്. നല്ല വിഷപ്പാമ്പ് ചുരുണ്ടുകൂടി മെത്തയില്‍ കിടക്കുമ്പോള്‍ അതിനെ കാറ്റുതലയണയായി കരുതുന്നവരെ പിന്നെങ്ങനെ വിളിക്കും? '

.....വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാലും മതിമോഹത്താല്‍
റ്റനായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍'

എന്നാണല്ലോ പ്രമാണം.

ഇപ്പറഞ്ഞത് ഭോഷന്മാരുടെമാത്രം കാര്യമാണ്. അതുകൊണ്ട്, നാളെ ശതമന്യു ഭോഷനെന്നു വിളിച്ചു എന്ന പരാതിയുമായി മാന്യന്മാരാരും വരേണ്ടതില്ല. നമുക്ക് കേരളത്തില്‍ എന്തെല്ലാം കാര്യം പ്രതികരിക്കാന്‍ കിടക്കുന്നു. അതിരപ്പിള്ളിയില്‍ ഒരു വൈദ്യുതപദ്ധതി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതിരോധദുര്‍ഗം തീര്‍ക്കണം. എവിടെയെങ്കിലും ഒരു വ്യവസായം വരുന്നു എന്നു കേട്ടാല്‍ പിന്നെ അമാന്തിച്ചു നില്‍ക്കരുത്-കൊടിയും വടിയുമായി ചാടിയിറങ്ങിക്കൊള്ളണം. പരിസ്ഥിതിയുടെ തിരുനെഞ്ചില്‍ പില്ലറടിച്ചു കയറ്റാനോങ്ങുന്ന വ്യവസായരാക്ഷസനെതിരെ മരണംവരെ സമരം നയിക്കണം. ഇനി, അത്യാവശ്യം വീതിയുള്ള ഒരു റോഡിനാണ് പദ്ധതിയെങ്കിലോ? ഏയ്.....കേരളത്തിലെന്തിന് ഇനിയൊരു റോഡ് എന്നു ചോദിക്കണം. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ടി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ തലേന്നു വൈകിട്ട് പാളയം മാര്‍ക്കറ്റില്‍ചെന്ന് ക്യൂനിന്ന് ചിക്കനും ഓവര്‍ബ്രിഡ്ജിലെ ബിവറേജസ് ഷോപ്പില്‍ തലകുനിച്ച് ക്യൂനിന്ന് ഒരു 'ഫുള്ളും' തമ്പാനൂരിലെ സിഡിക്കടയില്‍ തിക്കിത്തിരക്കി നാലു സിനിമാ സിഡിയും വാങ്ങി വീട്ടില്‍ ചെല്ലുകയും പിറ്റേന്നു പകല്‍മുഴുവന്‍ ഹര്‍ത്താലും അതിനെതിരായ വാര്‍ത്തകളും നുണയുകയും വേണം. ഏതെങ്കിലും കാട്ടിലോ എസ്റ്റേറ്റിലോ ആരെങ്കിലും കയറി പാര്‍പ്പുതുടങ്ങിയാല്‍; അവര്‍ക്ക് മാര്‍ക്സിസ്റ്റ് മൂരാച്ചികളുമായി ബന്ധമില്ലെന്നു തെളിഞ്ഞാല്‍ അപ്പോള്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍. പിന്നെ ഐക്യദാര്‍ഢ്യ പ്രകടനം, കത്തെഴുത്ത്, നിശാസമരം, വിലാപകാവ്യം, മാര്‍ക്സിസ്റ്റ് കക്ഷിയുടെ വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ചുള്ള മോങ്ങല്‍ എന്നിങ്ങനെയുള്ള പതിവു കലാപരിപാടി നടത്തണം. വികസനത്തെക്കുറിച്ച് മിണ്ടുന്നവനെ പരിഷ്കരണവാദിയെന്ന് മുദ്ര കുത്തണം. ദേശീയ പലഹാരമായി പരിപ്പുവടയെ ഉയര്‍ത്തണം. ഇതൊക്കെയാണ് ഇക്കുറി മാവേലി വന്നപ്പോള്‍ കണ്ട കേരളം.

അതുകൊണ്ട് റൂപ്പര്‍ട്ട് മര്‍ഡോക് എന്നൊരു ഓസ്ട്രേലിയക്കാരന്‍ അമേരിക്കാവില്‍നിന്നു വന്ന് ഇവിടത്തെ ഏഷ്യാനെറ്റ് എന്നൊരു ചാനല്‍ വിലകൊടുത്തു വാങ്ങിയതിനെക്കുറിച്ച് വലുതായി ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശതമന്യുവിന്റെ വിചാരം. ചാനല്‍ ചക്കയൊന്നുമല്ലല്ലോ മലയാളിയുടെ തലയില്‍ വീഴാന്‍. മര്‍ഡോക് ഒരു പാവമാണ്. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങള്‍ ലോകത്തെ ആകെ അഞ്ചു വന്‍കരയിലേ പരിപാടി സംപ്രേഷണംചെയ്യുന്നുള്ളൂ. ബ്രിട്ടന്‍, ഇറ്റലി, ഏഷ്യയിലെ ഭൂരിപഷം പ്രദേശം, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍മാത്രമേ മര്‍ഡോക്കിന്റെ കമ്പനികള്‍ക്ക് വാര്‍ത്താരംഗത്ത് ആധിപത്യമുള്ളൂ. പാവത്തിന് സ്വന്തമായുള്ളത് ആകെ 175 പത്രംമാത്രം. അതില്‍ ന്യൂയോര്‍ക് പോസ്റ്റ്, ടൈംസ് ഓഫ് ലണ്ടന്‍ തുടങ്ങിയ നമ്മുടെ ചന്ദ്രികപോലുള്ള പത്രവും പെടും. അമേരിക്കയിലാണെങ്കില്‍ ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോ, ഫോക്സ് നെറ്റ് വര്‍ക്ക്, 35 ടിവി സ്റ്റേഷന്‍ എന്നിങ്ങനെ ചില്ലറ പണിത്തരങ്ങള്‍മാത്രം. ആകെ അവ പ്രയോജനപ്പെടുന്നത് നാല്‍പ്പത് ശതമാനം അമേരിക്കക്കാര്‍ക്കാണ്. പിന്നെ അവിടെ ഫോക്സ് ന്യൂസ്, പത്തുപതിനെട്ട് സ്പോര്‍ട്സ് ചാനല്‍ എന്നിങ്ങനെ കേബിളിലൂടെയുള്ള ചില പരിപാടിയുമുണ്ട്. ബിസിനസല്ലേ. അല്‍പ്പം രാഷ്ട്രീയമൊക്കെയാവാം എന്നാണ് മര്‍ഡോക്കിന്റെയും പക്ഷം. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ടിയാന്‍ ബുഷിനെ വാനോളം പൊക്കി. ഇറാഖ് അമേരിക്കയുടെ ചൊല്‍പ്പടിയിലുണ്ടെങ്കില്‍ എണ്ണ ഒഴുകിവരുമെന്ന് ഉറക്കെത്തന്നെ പറഞ്ഞു. ഇംഗ്ളണ്ടില്‍ ടോണി ബ്ളെയറുമായാണ് കൂട്ടുകൃഷി നടത്തിയത്. നാലുകൊല്ലം മുമ്പ് അമേരിക്കയില്‍ ജോര്‍ജ് ബുഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്ന് വന്നപ്പോള്‍ രക്ഷകനായി വന്നത് മര്‍ഡോക്കാണ്. മാത്രമോ, ബുഷിന്റെ മച്ചുനിയന്‍ ജോ എല്ലിസിന് സ്വന്തം കമ്പനിയില്‍ ബല്യ ജോലിയും കൊടുത്തു രസികന്‍. ഇറാഖ് യുദ്ധാനന്തരം ജോര്‍ജ് ബുഷ് ചരിത്രനായകനാകുമെന്ന് മര്‍ഡോക് പ്രവചനവും നടത്തി. രാഷ്ട്രീയത്തിനുവേണ്ടി കച്ചവടം, കച്ചവടത്തിനായി രാഷ്ട്രീയം എന്നതാണ് മര്‍ഡോക്കിയന്‍രീതി. ഇരുകൂട്ടര്‍ക്കും നേട്ടം. നേര്‍ക്കുനേരെയുള്ള ഈ പരിപാടി കേരളത്തില്‍ വലിയ പുതുമയൊന്നുമല്ല. നമ്മുടെ അച്ചായന്റെ പഴയ വിഷംകുടി സിദ്ധാന്തം മറന്നുവോ; മറക്കുവാനാകുമോ?

അതുകൊണ്ട്, മര്‍ഡോക് വന്നോട്ടെന്നേ, ഏഷ്യാനെറ്റ് വാങ്ങിക്കോട്ടെന്നേ. നമുക്ക് ആ ചാനലിലൂടെ പൂര്‍വാധികം ഭംഗിയായി മാര്‍ക്സിസ്റ്റ് പാര്‍ടിയെ തെറിവിളിച്ചുകൊണ്ടേയിരിക്കാം.

നമ്മുടെ നാട്ടില്‍ ഇമ്മിണി ബല്യ ഒരു യൂണിയനുണ്ട്. സൂര്യനുതാഴെയുള്ള സകല കാര്യത്തിലും പ്രതികരിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ എന്നാണ് വിളിപ്പേര്. പ്രതികരണ യൂണിയന്‍ എന്ന മറുപേരുമുണ്ട്. അധരപ്രതികരണം മാത്രമേയുള്ളൂ, നാട്ടില്‍ കലാപമുണ്ടാക്കാനും തലകൊയ്യാനും നടക്കുന്ന ഗോവിന്ദന്‍കുട്ടിമാര്‍ക്കെതിരെ കേസെടുത്താല്‍ചാടി വീണുകളയും. ഫാരിസ് അബൂബക്കര്‍ എന്നൊരു സ്വത്തുകച്ചവടക്കാരന്‍, നസ്രാണി മുത്തശ്ശിയുടെ നെഞ്ചില്‍ കയറിയിരുന്നപ്പോള്‍ കഴുത്തില്‍ പിടിച്ചു പുറത്താക്കാന്‍ കച്ചവരിഞ്ഞുകെട്ടി മുമ്പേപോയത് അധര പ്രതികരണക്കാരായിരുന്നു. ഇപ്പോള്‍ മര്‍ഡോക് വരുമ്പോള്‍ മിണ്ടാട്ടമില്ല. അല്ലെങ്കിലും മിണ്ടേണ്ട കാര്യമില്ല. മര്‍ഡോക്കിനെപ്പോലൊരു തൊഴിലാളിസ്നേഹി ഭൂലോകത്തെവിടെയുമില്ലെന്നാണ് കേള്‍വി.

1986ല്‍ ഇംഗ്ളണ്ടിലെ പത്രക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ പത്രസ്ഥാപനങ്ങള്‍ തെക്കന്‍ ലണ്ടനിലെ വാപ്പിങ് എന്ന യൂണിയന്‍ സ്വാതന്ത്ര്യമില്ലാത്ത മേഖലയിലേക്ക് അപ്പാടെ പറിച്ചുനട്ട പാരമ്പര്യമേയുള്ളൂ മര്‍ഡോക്കിന്. പണിമുടക്കിയ ആറായിരം തൊഴിലാളികളെ പിരിച്ചുവിട്ടുകളയും എന്ന മൃദുവായ നിലപാടേ മഹാന്‍ എടുത്തിട്ടുള്ളൂ. മര്‍ഡോക്കിന്റെ പണിയാണ് പണി എന്ന് സഹമുതലാളിമാര്‍ പ്രശംസിച്ചപ്പോഴും 'ചരിത്രത്തിലെ ഏറ്റവും സുന്ദരമായ യൂണിയന്‍ തകര്‍ക്കല്‍' എന്ന് ദ ഇക്കണോമിസ്റ്റ് എഴുതിയപ്പോഴും നമ്മുടെ കഥാപുരുഷന് അഹങ്കാരം ലവലേശമുണ്ടായിട്ടില്ല. അതുകൊണ്ട് ഏഷ്യാനെറ്റ് മര്‍ഡോക്കിന്റെ കൈയില്‍ വന്നാല്‍ തൊഴിലാളിവര്‍ഗം സ്വര്‍ഗത്തിലെത്തും. യൂണിയന് വരിസംഖ്യ താനേ വര്‍ധിക്കും. തല്‍ക്കാലം എഷ്യാനെറ്റ് ന്യൂസ് മര്‍ഡോക് വാങ്ങുന്നില്ലല്ലോ എന്ന് ന്യായീകരണം പറയുകയുമാവാം. പണ്ട് മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യക്കാരന്‍ കൊണ്ടുപോകുമ്പോള്‍ എഴുന്നുനിന്ന എല്ലൊന്നും ഇപ്പോള്‍ നിവരുന്നില്ലെന്നേ. കാലംപോകെപ്പോകെ പഠിച്ചതൊക്കെമറക്കും മണ്ണിലുറയ്ക്കും വൃക്ഷം മറിഞ്ഞുവീഴും, ജലാശയത്തിലെ ജലവും വറ്റിപ്പോകും എന്നാണല്ലോ.

എന്നാലും ശതമന്യുവിന് ഒരു പരിഭവമുണ്ട്. മര്‍ഡോക് ഒരു ക്രൂരന്‍ തന്നെ. അറബിക്കല്യാണംപോലെ മാലിക്കല്യാണംപോലെ കേരളത്തില്‍ വന്ന് ഒന്ന് കെട്ടണമെന്നല്ലേയുള്ളൂ. അതിന് ഈ പെണ്ണിനെയേ കിട്ടിയുള്ളോ? മറ്റൊരു സുന്ദരി പുരനിറഞ്ഞു നില്‍പ്പില്ലയോ ഇവിടെ. വയസ്സ് കൂടിക്കൂടി 32 കോടിയിലെത്തിയെന്നാണ് വാര്‍ത്ത. മുടിയഴക്, ചിരിയഴക്, മെയ്യഴക്-എല്ലാം തികഞ്ഞവളാണ്. മൊഴിയഴക് അപാരം. ഇന്ത്യാവിഷനെന്ന ആ പൂമിഴിയാളെ കെട്ടുകയാണെങ്കില്‍ ഒരു നാടുതന്നെ രക്ഷപ്പെട്ടുപോകില്ലായിരുന്നോ. 'എന്നെയുംകൂടങ്ങ് കൊണ്ടുപോകൂ' എന്നു പാടിയുള്ള ആ നില്‍പ്പുകണ്ടാല്‍ ആണായിപ്പിറന്നവന് സഹിക്കുമോ?

***

ഒരുകണക്കിന് ഒരു ചാനല്‍ വിറ്റതിന് ഇത്ര വലിയ ബഹളമൊന്നുമുണ്ടാക്കേണ്ട കാര്യമില്ല. മുഴുത്ത ഒരു പാര്‍ടിയെ വിറ്റ കാശും പോക്കറ്റിലിട്ട് ഇവിടെ ചിലര്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് എന്നൊരു പാര്‍ടിയെപ്പറ്റി കേട്ടിട്ടില്ലേ? ആ പാര്‍ടിക്ക് എത്ര എംഎല്‍എ മാരുണ്ട്, എത്ര എംപിമാരുണ്ട് എന്ന് തിരക്കുക. ഒറ്റയൊരാള്‍പോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രസിഡന്റാകാന്‍ ചിലരൊക്കെ ദില്ലിക്ക് വിമാനം കയറിയ വാര്‍ത്ത കണ്ടു. തങ്ങള്‍ പ്രസിഡന്റായാലെന്ത്, അഹമ്മദ് ആയാലെന്ത്. ആ മുസ്ളിം ലീഗിന് കേരളത്തില്‍ ഘടകംപോലുമില്ലെന്നേ. ഇവിടെയുള്ളത് മുസ്ളിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്നൊരു പ്രത്യേക പാര്‍ടിയാണ്. ആ പാര്‍ടിക്ക് കുറെ എംഎല്‍എമാരും എംപിമാരുമെല്ലാമുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഏണി അഥവാ കോണി. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി പക്ഷേ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റേതാണ്. അതായത്, നാളെ കുഞ്ഞാലിക്കുട്ടിയും മുനീറും പച്ചക്കൊടിയുമെടുത്ത് നിരത്തിലൂടെ പോകുമ്പോള്‍ യഥാര്‍ഥ ലീഗുകാര്‍ക്ക് മുഖത്തുനോക്കി വിളിക്കാം, "വെക്കെടാ വെക്കെടാ അക്കൊടി താഴെ' എന്ന്.

1948 ആഗസ്ത് പത്തിന് ചെന്നൈ രാജാജി ഹാളില്‍ 'ഇന്ത്യക്കാരനാവുന്നതില്‍ അഭിമാനംകൊള്ളുന്നു' എന്ന പ്രഖ്യാപനത്തോടെ ഖായിദേമില്ലത്ത് രൂപംകൊടുത്ത ലീഗിന്റെ ഇന്നത്തെ അവസ്ഥ നോക്കണം! ആരെങ്കിലും ഒരു തുണ്ടുകടലാസില്‍ പരാതി എഴുതി ലേക്സഭാ സ്പീക്കര്‍ക്ക് കൊടുത്താല്‍ ഇ അഹമ്മദിന്റെ മന്ത്രിസ്ഥാനം മാത്രമല്ല, എംപിസ്ഥാനംകൂടി പോയിക്കിട്ടും. കാരണം, ഒരു ജനപ്രതിനിധിക്ക് ഒരേ സമയം രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമാകാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. പണ്ട് എപത്തൊന്‍പതില്‍ രാജീവ് ഗാന്ധി ശിലാന്യാസവുംകൊണ്ടു നടന്നപ്പോള്‍ സേട്ടുസാഹിബിന്റെ മനംനൊന്തു. സാഹിബ് കുഴപ്പമുണ്ടാക്കുമെന്ന് പേടിച്ചപ്പോള്‍ പോനാല്‍ പോകട്ടും; നമുക്ക് കേരളത്തിലെ കരുണാകരനും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കിട്ടുന്ന ഭരണവും മതിയെന്നായി ലീഗിലെ കുട്ടിമാരുടെ മനസ്സിലിരുപ്പ്. സേട്ട് ഇനി ഇങ്ങോട്ടുവരേണ്ടെന്നും വന്നാലും കോണിചിഹ്നത്തില്‍ മത്സരിക്കേണ്ടെന്നും തീരുമാനിച്ചുകളഞ്ഞു പഹയന്മാര്‍. അങ്ങനെയാണ്, ലോകചരിത്രത്തില്‍ ആദ്യമായി ഒരു അഖിലേന്ത്യാ പാര്‍ടിയുടെ കേരളഘടകമെന്ന പേരില്‍ മറ്റൊരു പാര്‍ടി രൂപീകരിച്ചുകളഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ ലീഗ് വേറെ; കേരളാ ലീഗ് വേറെ. തമിഴ്നാട്ടിലെ ഒരു യോഗ്യനാണെങ്കില്‍ ഡിഎംകെയുടെ ഉദയസൂര്യനെയും കഴുത്തില്‍ കെട്ടിയാണ് പാര്‍ലമെന്റിലെ നടപ്പ്. ഒരു പാര്‍ടിക്കുണ്ടായ ദുര്‍ഗതി നോക്കണേ. രണ്ടു പാര്‍ടിയില്‍ അംഗങ്ങളായ അഹമ്മദും കുഞ്ഞാലിക്കുട്ടിയും നയിക്കട്ടെ നാണംകെട്ട ലീഗിനെ.

***

അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര് കോണ്‍ഗ്രസ് എന്നാണ്. അവിടെ ആണവകരാര്‍ പാസാക്കിയെടുക്കാനാണ് ഇന്ത്യ ഇക്കണ്ട പാടെല്ലാം പെടുന്നത്. ഇന്ത്യക്കുമുണ്ട് ഒരു പാര്‍ലമെന്റ്. ഇവിടെ കരാര്‍ പാര്‍ലമെന്റ്പാസാക്കേണ്ട; കോണ്‍ഗ്രസ് പാസാക്കിയാല്‍ മതി എന്നാണ്. ഇതും ഒരുതരം ജനാധിപത്യം!

5 comments:

ശതമന്യു said...

അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര് കോണ്‍ഗ്രസ് എന്നാണ്. അവിടെ ആണവകരാര്‍ പാസാക്കിയെടുക്കാനാണ് ഇന്ത്യ ഇക്കണ്ട പാടെല്ലാം പെടുന്നത്. ഇന്ത്യക്കുമുണ്ട് ഒരു പാര്‍ലമെന്റ്. ഇവിടെ കരാര്‍ പാര്‍ലമെന്റ്പാസാക്കേണ്ട; കോണ്‍ഗ്രസ് പാസാക്കിയാല്‍ മതി എന്നാണ്. ഇതും ഒരുതരം ജനാധിപത്യം!

പാമരന്‍ said...

നല്ല അലക്ക്‌!

ajeeshmathew karukayil said...

very intresting.

Anonymous said...

അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര് കോണ്‍ഗ്രസ് എന്നാണ്. അവിടെ ആണവകരാര്‍ പാസാക്കിയെടുക്കാനാണ് ഇന്ത്യ ഇക്കണ്ട പാടെല്ലാം പെടുന്നത്. ഇന്ത്യക്കുമുണ്ട് ഒരു പാര്‍ലമെന്റ്. ഇവിടെ കരാര്‍ പാര്‍ലമെന്റ്പാസാക്കേണ്ട; കോണ്‍ഗ്രസ് പാസാക്കിയാല്‍ മതി എന്നാണ്. ഇതും ഒരുതരം ജനാധിപത്യം!

ഇത് കലക്കി

Anoop Technologist (അനൂപ് തിരുവല്ല) said...

കലക്കി !