Sunday, August 10, 2008

മൃദുമുരളീരവം

'ഇട്ടിക്കണ്ടപ്പനായാലും മരത്തേങ്കോടനായാലും നേരംപുലര്‍ന്നാല്‍ കിട്ടുന്നൂ പന്ത്രണ്ടുപണമല്ലയോ' എന്ന് പണ്ട് കവി പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയ്ക്കതറിയില്ലെങ്കിലും ആര്യാടന് നന്നായറിയാം. അതുകൊണ്ട് ഏതുവേഷവും ആര്യാടന്‍ കെട്ടും; പന്ത്രണ്ടുപണം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. ലീഗിന്റെ പള്ളയ്ക്കിട്ട് കുത്തിയിട്ടും പത്രസമ്മേളനം വിളിച്ച് അപമാനിച്ചിട്ടും ആര്യാടനെ ഒന്നുതൊടാനുള്ള ധൈര്യം ഹൈക്കമാന്‍ഡിനുണ്ടായില്ല. ബീജിങ്ങിലെ പക്ഷിക്കൂട്ടില്‍ ചെന്നുനിന്ന് കൈവീശിയതിന്റെ നൂറിലൊന്ന് കരുത്തുപോലും ആര്യാടന്റെ പ്രശ്നം വന്നപ്പോള്‍ സോണിയാ മാഡം കാണിച്ചിട്ടില്ല. പിതാവിന് ഒരു ശാസനയും പുത്രന് ഒരു താക്കീതുമാണ് ഹൈക്കമാന്‍ഡില്‍നിന്ന് അരുളിക്കൊടുത്തയച്ചത്. ആര്യാടന്റെ മൂക്കുചെത്തി ഉപ്പിലിട്ടുകളയുമെന്ന് വീമ്പടിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് ഇപ്പോള്‍ സമക്ഷത്തിങ്കല്‍ വിനീതവിധേയന്‍. ആണവത്തെപ്പറ്റിയല്ല, ആര്യാടനെപ്പറ്റിയാണ് സാഹിബിന്റെ ആശങ്ക. എണീച്ചുനടക്കാന്‍പോലും വയ്യാത്ത ലീഗിന് മലപ്പുറമേറണമെങ്കില്‍ പിതാവും പുത്രനും കൈപിടിച്ചുകയറ്റണം. നല്ലനേരം നോക്കി പിടിവിട്ടാല്‍ ലീഗിന്റെ കോണി നിലംപൊത്തും.

അങ്ങനെ ആര്യാടന്‍ ലീഗിനുമേല്‍ പച്ചക്കൊടിനാട്ടി വിജയിച്ചുനില്‍ക്കുമ്പോഴാണ് കോഴിക്കോട്ടുനിന്ന് ഒരു മൃദുമുരളീരവമുയരുന്നത്. 'അഞ്ചുവയസ്സില് കാതുകുത്തി; ഏഴുവയസ്സിലെഴുത്തിനാക്കി; തുളുനാട്ടില്‍ നല്ല തുളുഗുരിക്കളെ വരുത്തി' കളരിമുറകള്‍ പഠിപ്പിച്ച് പോറ്റിയെടുത്ത മോനാണ് ഓടക്കുഴല്‍വാദനം നടത്തുന്നത്. അച്ഛനെ തള്ളിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ത്ത് രാധയ്ക്കുമുന്നില്‍ കൃഷ്ണനെന്നപോലെ, ഹരിപ്രസാദ് ചൌരസ്യയെപ്പോലെ നീട്ടി നീട്ടി മുരളി വായിക്കുകയാണ്. സാധാരണമട്ടില്‍ 'പച്ചമുളകില്‍ ചവുട്ടിയപോലെ, പച്ചമീന്‍ കണ്ട പരുന്തുപോലെ' യുഡിഎഫ് പാഞ്ഞടുക്കേണ്ടതാണ് ആ നാദധാരയുടെ ഉറവിടത്തിലേക്ക്.

തച്ചോളി ഒതേനന് ജ്യേഷ്ഠന്‍ കോമക്കുറുപ്പ് കാവിലെ ചാത്തോത്ത് കുങ്കിയെ വിവാഹം ആലോചിച്ച കഥ വടക്കന്‍പാട്ടിലുണ്ട്. 'കാക്കയെപ്പോലെ കറുത്തകുങ്കി; ചക്കച്ചുളപ്പല്ലും പേന്‍തലയും; എനിക്കിന്നക്കുങ്കീനെ വേണ്ടെന്റേട്ടാ'' എന്നാണ് ഒതേനന്റെ മറുപടി. അവളെ വടകരയിലെ ജോനകന് കൊപ്ര കാക്കാന്‍ അയച്ചുകൊടുക്കൂ എന്നും കുങ്കിയുടെ മാതാവിന്റെ മുഖത്തുനോക്കി ഒതേനന്‍ പറയുന്നു. കുറച്ചുനാള്‍ ചെന്നപ്പോള്‍ ലോകനാര്‍ കാവില്‍ സര്‍വാംഗസുന്ദരിയായ കുങ്കിയെ ഒതേനന്‍ നേരിട്ട് കണ്ടു. അതോടെ, കുഞ്ഞിക്കുങ്കിയെ എങ്ങനെയും സ്വന്തമാക്കാനായി പടക്കുറുപ്പിന്റെ പരവേശം. ഇവിടെ ആര്യാടന്‍ പറയുന്നത് കുങ്കി കറുത്തിട്ടാണെന്നും തലയില്‍ പേനുണ്ടെന്നുമൊക്കെയാണ്. കുങ്കിയെ കയറ്റിയിരുത്താന്‍ യുഡിഎഫിന്റെ തറവാട്ടില്‍ ഇടമില്ലത്രെ. കഥാന്ത്യം എങ്ങനെയാകുമെന്ന് ശതമന്യുവിന് തിട്ടമില്ല.

ആര്യാടന്‍ ഒറ്റയ്ക്കല്ല. കേന്ദ്രമന്ത്രിക്കസേര ആഭരണമാക്കിയ വൈജ്ഞാനികപടുവും കൂട്ടിനുണ്ട്. പടുവിന് ആളും തരവും നോക്കാതെ എന്തും പറയാനുള്ള ലൈസന്‍സുണ്ട്. വാക്കുവേറെ, പണിവേറെ എന്നതാണ് ജീവിതപ്രമാണം. പ്രസംഗത്തില്‍ ആഗോളവല്‍ക്കരണം, ദാരിദ്ര്യനിര്‍മാര്‍ജനം, സാമ്രാജ്യത്വവിരോധം എന്നിങ്ങനെയുള്ള കടുകട്ടി വാക്കുകളൊക്കെ ചറപറാ ഉതിരും. ഉച്ചയ്ക്ക് അംബാനിയോടൊപ്പവും വൈകിട്ട് ബിര്‍ലയ്ക്കൊപ്പവും ഊണ് ; മന്‍മോഹന്‍സിങ്ങിനെ കരകയറ്റാന്‍ കോടികള്‍ കെട്ടിപ്പെട്ടിയിലാക്കുമ്പോള്‍ അതിന്റെ സൂപ്പര്‍വൈസിങ്; ബാക്കി സമയത്ത് വായില്‍കൊള്ളാത്ത വര്‍ത്തമാനവും. സ്വന്തം പാര്‍ടിക്കെതിരെയും പറയും. പത്രസമ്മേളനം അവസാനിപ്പിച്ചാല്‍ അതുവരെ പറഞ്ഞതിന്റെ നേര്‍വിപരീതങ്ങള്‍ 'ഓഫ് ദ റെക്കോഡായി' വിളമ്പുന്നതില്‍ ബഹുവിരുതാണ്. 'ഇപ്പോള്‍തന്നെ യുഡിഎഫ് ശക്തമാണ്, ഇതിനുള്ളില്‍ ഇനി സ്ഥലമില്ല' എന്നത്രെ മുരളീരവത്തോടുള്ള പ്രതികരണപ്രഖ്യാപനം. ഡല്‍ഹിയിലെ ആര്യാടനെന്നു വിളിക്കാനുള്ള യോഗ്യതകള്‍ ഒത്തുവരുന്നുണ്ട്. മുരളീരവം കേട്ടാല്‍ത്തന്നെ അലര്‍ജിയാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രഹസ്യമായേ പറയുന്നുള്ളൂ. അതുകൊണ്ട് ഇന്ത്യന്‍ സംഘം ബീജിങ്ങിനുപോയ ഗമയോടെ ബോബനും മോളിയും ഡല്‍ഹിക്കുതിരിക്കുകയാണ്. അവിടെച്ചെന്ന് ആ 'ശങ്ക' അറിയിക്കും. മറുപടി നേരിട്ടുവേണ്ട, തപാലില്‍ അയച്ചാല്‍മതിയെന്നുണര്‍ത്തിച്ച് കേരള ഹൌസിലെ കഞ്ഞിയും ചുട്ട പപ്പടവും രുചിച്ച് തിരിച്ച് വിമാനം കയറും. അതാണ് പതിവ് പ്രോട്ടോകോള്‍.

രമണന്‍ പാടിനടന്നതുപോലെ പാടിപ്പാടിനടക്കാനാണ് പാവം ഓടക്കുഴലുകാരന്റെ വിധി. ഒരുകാര്യത്തില്‍ മാത്രം ആശ്വസിക്കാം. പണ്ട് താന്‍ കെപിസിസിയിലെ വലിയ കസേരയില്‍ ഇരുന്നപ്പോള്‍ ആ കസേരയുടെ മാന്യത പോയി എന്നു പരിഹസിച്ചവരെ ഇടയ്ക്കിടെ കണ്ടുമുട്ടുന്നുണ്ടല്ലോ. അവരോട് 'ഇപ്പോള്‍ എന്തായി' എന്ന് തല ഉയര്‍ത്തിത്തന്നെ ചോദിക്കാം. ആ കസേരയ്ക്ക് ഇനി താഴാന്‍ പാതാളം പോലുമില്ലാതായല്ലോ. ആരെയെങ്കിലും ചാരിയാലേ നില്‍ക്കാനാകൂ എന്നും ചാണകമാണെങ്കിലും ചാരാന്‍ മടിയില്ലെന്നുമുള്ള ചിന്ത ഇപ്പോഴും തലയിലുള്ളതുകൊണ്ട് ആര്യാടനെയായാലും സഹിക്കാമെന്നാകും ഉള്ളിലിരുപ്പ്. ചാരാതെ നില്‍ക്കാനുള്ള വിദ്യയൊന്നും തുളുനാടന്‍ കളരിയാശാന്‍ പഠിപ്പിച്ചിട്ടുണ്ടാവില്ല. വെള്ളമാകവെ വാര്‍ന്നൊഴിഞ്ഞാലാണ് മൂപ്പര്‍ക്ക് സേതുബന്ധനോദ്യോഗത്തിനിറങ്ങാന്‍ തോന്നുക! പറഞ്ഞിട്ടെന്ത്.

******

ഹര്‍ത്താല്‍ പിടികൂടിയ കേരളത്തെ പടച്ചോനുപോലും രക്ഷിക്കാനാകില്ലെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നത്. ഇതിനുമുമ്പ് പടച്ചോന്‍ ഹര്‍ത്താല്‍ തടയാന്‍ രംഗത്തിറങ്ങിയതിന്റെയും ആ ഉദ്യമം പരാജയപ്പെട്ടതിന്റെയും തെളിവുകളുണ്ടാകണം. ഹര്‍ത്താലിനെതിരെ പടനയിച്ച ഒരു മഹാന്‍ ഡല്‍ഹിയില്‍ വക്താവുദ്യോഗം പഠിക്കാന്‍പോയി തിരിച്ചെത്തിയിട്ടുണ്ട്. വക്താവുദ്യോഗസ്ഥന്റെ പാര്‍ടി ഒരുകൊല്ലത്തിനിടെ ഭൂമികേരളത്തില്‍ രണ്ടുഡസന്‍ ഹര്‍ത്താലേ നടത്തിയിട്ടുള്ളൂ. കെഎസ്‌യൂക്കാരന്‍ വേലിചാടിയതിനും യൂത്തുകാരനെ നോക്കി ഹെഡ്‌കോണ്‍സ്റ്റബിള്‍ മീശപിരിച്ചതിനും യൂത്ത് ലീഗുകാരന്‍ തെങ്ങില്‍നിന്നു വീണതിനുമെല്ലാം ഹര്‍ത്താല്‍ നടത്തുമ്പോള്‍ ഉടയതമ്പുരാന്‍തന്നെ അന്തംവിടും. തെങ്ങിനും കമുകിനും ഒരേ തളപ്പുകെട്ടുമ്പോഴാണ് ഹര്‍ത്താലെല്ലാം മോശമായി തോന്നുന്നത്. അത്തരം തോന്നലുകാരെ രക്ഷിക്കാന്‍ ഒരു പടച്ചോനും ജനിച്ചിട്ടില്ല. നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്‍ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്‍ത്താലും പണിമുടക്കുമെല്ലാം വേണ്ടിവരും. കുറെ ബന്ദും പിക്കറ്റിങ്ങും നടത്തിയിട്ടാണല്ലോ ബ്രിട്ടീഷുകാരെ കപ്പല്‍കയറ്റിയത്. ഇവിടെ പ്രശ്നം ഡ്യൂക്കിലികളുടെ ഹര്‍ത്താലാഘോഷമാണ്. നാലും മൂന്നും ഏഴുതികച്ച് മെമ്പര്‍ഷിപ്പില്ലാത്ത കക്ഷി ഹര്‍ത്താലാഹ്വാനം നല്‍കിയാല്‍ കേരളം സ്തംഭിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധ മാധ്യമങ്ങള്‍ ഒന്നുമനസ്സുവച്ചാല്‍ മതി. ആഹ്വാനവാര്‍ത്ത അച്ചടിക്കേണ്ടെന്നങ്ങു വയ്ക്കണം. പത്രവും ടിവിയും മിണ്ടിയില്ലെങ്കില്‍ അനാവശ്യ ഹര്‍ത്താലാഹ്വാനം ജനിച്ചിടത്തുതന്നെ ചരമഗതി പ്രാപിക്കും. അതിന് പാവപ്പെട്ട പടച്ചോന്റെ സമയം മെനക്കെടുത്തണോ. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍.

*******

സോണിയയും പ്രിയങ്കയും രാഹുല്‍മോനും ബീജിങ്ങില്‍ചെന്നത് ഭാരോദ്വഹനമത്സരത്തില്‍ പങ്കെടുക്കാനല്ലെന്നാണറിവ്. ഒളിമ്പിക്സിലെ ഏതിനത്തിലാണ് ആ കായികതാരങ്ങളുടെ കഴിവ് മാറ്റുരയ്ക്കപ്പെടുകയെന്നത് കാത്തിരുന്നുകാണാം. കായികതാരങ്ങളായതുകൊണ്ട് അവര്‍ക്ക് ബീജിങ്ങില്‍ പോകാം. കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രി അങ്ങോട്ട് പോകാന്‍ പാടില്ല. ചൈന കമ്യൂണിസ്റ്റുകളുടെ നാടല്ലേ. അവിടത്തെ ചെങ്കൊടികണ്ട് എം വിജയകുമാറിന് വല്ലതുംതോന്നിയാല്‍ രാഷ്ട്രീയ അപകടമല്ലേ. അല്ലെങ്കിലും പണ്ടുപണ്ടേ മാര്‍ക്സിസ്റ്റുകാര്‍ ചൈനാനോക്കികളാണ്. കേരളത്തില്‍ വിഷുക്കാലത്ത് ചൈനാ പടക്കങ്ങളാണ് പൊട്ടുന്നത്. നാട്ടിലാകെ ചൈനീസ് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു. അതെല്ലാം മതി. അതുകൊണ്ട് മാര്‍ക്സിസ്റ്റ് മന്ത്രി ചൈനയില്‍ പോകേണ്ട. നിര്‍ബന്ധമെങ്കില്‍ കേരളത്തിനുവേണ്ടി ഇ അഹമ്മദ് സാഹിബ് പോകട്ടെ. ചിലയിനം സ്പോര്‍ട്സില്‍ അഗ്രഗണ്യനാണ്. സ്വര്‍ണം ഉറപ്പ്.

2 comments:

ശതമന്യു said...

നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്‍ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്‍ത്താലും പണിമുടക്കുമെല്ലാം വേണ്ടിവരും. കുറെ ബന്ദും പിക്കറ്റിങ്ങും നടത്തിയിട്ടാണല്ലോ ബ്രിട്ടീഷുകാരെ കപ്പല്‍കയറ്റിയത്. ഇവിടെ പ്രശ്നം ഡ്യൂക്കിലികളുടെ ഹര്‍ത്താലാഘോഷമാണ്. നാലും മൂന്നും ഏഴുതികച്ച് മെമ്പര്‍ഷിപ്പില്ലാത്ത കക്ഷി ഹര്‍ത്താലാഹ്വാനം നല്‍കിയാല്‍ കേരളം സ്തംഭിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധ മാധ്യമങ്ങള്‍ ഒന്നുമനസ്സുവച്ചാല്‍ മതി. ആഹ്വാനവാര്‍ത്ത അച്ചടിക്കേണ്ടെന്നങ്ങു വയ്ക്കണം. പത്രവും ടിവിയും മിണ്ടിയില്ലെങ്കില്‍ അനാവശ്യ ഹര്‍ത്താലാഹ്വാനം ജനിച്ചിടത്തുതന്നെ ചരമഗതി പ്രാപിക്കും. അതിന് പാവപ്പെട്ട പടച്ചോന്റെ സമയം മെനക്കെടുത്തണോ. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍.

Anonymous said...

എല്ലാ ബന്ദും ഹര്‍ത്താലും ഒരു പോലെ എന്നു പ്രചരിപ്പിക്കുന്നതും അരാഷ്ട്രീയം തന്നെ...