Sunday, July 20, 2008

മതമുള്ള ജീവന്‍

യൂത്ത് നേതാവ് സെക്രട്ടറിയറ്റിനുമുന്നില്‍ ഡയറ്റ് കണ്‍ട്രോള്‍ നടത്തി സ്ഥലംവിട്ടശേഷം പാഠപുസ്തകസമരം ശ്‌ശ്‌ശൂൂൂൂ ആയതാണ്. അവശേഷിച്ച മാണികേരളക്കാര്‍ എങ്ങനെ എണീറ്റുപോകണമെന്നോര്‍ത്ത് സമരപ്പന്തലില്‍ എരിപൊരികൊള്ളുമ്പോഴാണ് ചില കല്ലുകള്‍ അങ്ങോട്ടുചെന്നു വീണത്. അതോടെ അവരും കുറ്റിയുംപെറുക്കി ഓടി. ഉള്ളതുപറഞ്ഞാല്‍ അതോടെ പാഠപുസ്തക സമരം എന്നൊന്ന് നിലവിലില്ലാതായി.

ജൂലെ 22 വരികയാണ്. അന്ന് അങ്ങ് ഡല്‍ഹിയില്‍ ഒരു വോട്ടെടുപ്പ് നടക്കും. അമേരിക്ക എന്ന സുജായിയുമായി ഒരു വിവാഹ ഉടമ്പടി നടക്കുന്നു. ദല്ലാളുമാരില്‍ ഒരാള്‍ നമ്മുടെ അഹമ്മദ് സായ്‌വാണ്. പുള്ളിക്കാരന്‍ അവിടെത്തന്നെ വേണം. ഉടമ്പടി പറഞ്ഞുറപ്പിച്ചയുടനെ ദല്ലാള്‍ പണത്തിന്റെ വിഹിതം പറ്റണം. ഇവിടെ പൊന്നാനീന്ന് സായ്‌വിനെ തെരഞ്ഞെടുത്ത് കരിപ്പൂരില്‍ കൊണ്ടുപോയി വിമാനംകയറ്റിവിട്ട കൂട്ടര്‍ക്ക് പക്ഷേ ഈ നിക്കാഹിന് സമ്മതമല്ല. അക്കൂട്ടത്തിലൊരു പഹയന്‍ ചന്ദ്രികക്കടലാസിലെഴുതിയത്, "ഇനി ഇന്ത്യയെ ആണവകരാറില്‍ ഒപ്പിടുവിച്ച് കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് എല്ലാ മംഗളം. ഏഷ്യയിലെ ഇസ്രായേല്‍- അതായിരിക്കും ഇന്ത്യയുടെ സ്ഥാനം''എന്നത്രേ.

ടി എ അഹമ്മദ് കബീര്‍ എന്നൊരു പടപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ടിയാന്‍ ചന്ദ്രികക്കടലാസിലൂടെ ഇമ്മിണി ബല്യ ചില കാര്യങ്ങളാണ് പറഞ്ഞത്. "ഇത്രയും കാലം സര്‍ക്കാരിന്റെകൂടെ നിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കേവല ഭൂരിപക്ഷംപോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും'' എന്നത്രേ പടപ്പിന്റെ ശോദ്യം. 'ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും നിരപരാധികളായ ലക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്ര്യം പിച്ചിച്ചീന്തുകയും ചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സൂത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും'എന്ന ശോദ്യവും ജൂലൈ 15ന്റെ ചന്ദ്രികക്കടലാസില്‍ കബീര്‍ ദോസ്ത് ഉന്നയിച്ചു.

ആ സൂത്രവാക്യമാണ് ലീഗ് ഏഴാംക്ലാസിലെ പാഠപുസ്തകത്തില്‍ കണ്ടെത്തിക്കളഞ്ഞത്. ഡല്‍ഹിയിലെ പുക്കാറിന്റന്ന് ഇങ്ങ് തിര്വന്തോരത്ത് ഒരു മാര്‍ച്ചും അടിപിടിയുമെല്ലാമുണ്ടാക്കാമെന്നായിരുന്നു പൂതി. അതിനുള്ള കോപ്പെല്ലാം ഒരുക്കിയപ്പോഴാണ്, കൂടെക്കൂട്ടാമെന്നു കരുതിയവര്‍ അപ്പണിക്ക് ഞങ്ങളില്ലെന്ന് കട്ടായം പറഞ്ഞത്. മുസ്ലിം സംഘടനകളില്‍ ലീഗൊഴികെയുള്ളവരെല്ലാം ആണവകരാറിനും അമേരിക്കയ്ക്കുമെതിരാണ്. ലീഗിനേ വേണ്ടൂ ദല്ലാള്‍പണം. ഇവിടെ മതമില്ലാത്ത ജീവന്റെ പേരില്‍ മാര്‍ച്ചുനടത്തി വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയില്‍ തലയില്‍ മുണ്ടുമിട്ട് അഹമ്മദ് സായ്‌വിന് പണിയൊപ്പിക്കാനുള്ള അവസരമുണ്ടാകുമെന്ന് മനക്കോട്ടകെട്ടിയവര്‍, മുസ്ലിം സംഘടനകളിലെ പ്രബലരെല്ലാം സെക്രട്ടറിയറ്റ് മാര്‍ച്ചില്‍നിന്ന് പിന്മാറിയപ്പോള്‍ ഹതാശരായി.

അതോടെയാണ് അങ്ങാടിയില്‍ തെമ്മാടിപ്പണിയെടുക്കുന്ന ഉടുമ്പിനെയും ഇരുമ്പനെയും മുള്ളനെയുമെല്ലാം വടിയും കൊടിയും കൊടുത്ത് പള്ളിക്കൂടങ്ങളിലേക്ക് ചൊല്ലിവിട്ടത്. ഇന്നുവരെ പള്ളിക്കൂടത്തിന്റെ പടികയറാത്തവര്‍ക്ക് എന്ത് ഗുരുനാഥന്‍, ഏത് പുസ്തകം. അവര്‍ മാഷന്മാരെ തല്ലിയോടിച്ചു; പെണ്‍ടീച്ചര്‍മാരെ അസഭ്യം വിളിച്ചു; കുട്ടികളെ തൂക്കിയെറിഞ്ഞു. കൊല്ലും കൊലവിളിയും നടന്നാല്‍ നാട്ടുകാരുടെ നോട്ടം മുഴുവന്‍ അതിലേക്കാവും, അണികള്‍ ആണവകരാറിനെക്കുറിച്ചോര്‍ക്കില്ലെന്നാണ് സിദ്ധാന്തം. ആണവകരാറാണോ അരവണകരാറാണോ എന്നു ചോദിക്കാന്‍മാത്രം വിവരമുള്ള ലീഗ് നേതാക്കള്‍പോലും കുരുട്ടുബുദ്ധിയിലാണ് മത്സരമെങ്കില്‍ ഓസ്കാര്‍ നേടും.


*******


കിഴിശ്ശേരി ജി എല്‍പി സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ജെയിംസ് അഗസ്റ്റിന്‍ പള്ളിയില്‍ പോകുമായിരുന്നു. ദൈവത്തിന്റെ പേരില്‍ സമരംനടത്തുന്നവര്‍ ചെകുത്താന്റെ ഏജന്റുമാരായി മാറിയാണ് മലപ്പുറത്ത് അഴിഞ്ഞാടിയത്. അവരാണ് മതമില്ലാത്ത ജീവനെതിരെ പടനയിച്ച് മതമുള്ള അഗസ്റ്റിന്റെ ജീവന്‍ തല്ലിക്കെടുത്തിയത്. തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ ജെയിംസിന്റെ ശരീരം അടക്കംചെയ്തപ്പോള്‍ ഇടനെഞ്ചുപൊട്ടിയ പ്രിയപ്പെട്ടവര്‍ 'കര്‍ത്താവേ' എന്നാണ് വിളിച്ചത്. അന്ത്യകര്‍മങ്ങള്‍ചെയ്ത ഇടയന്മാര്‍ നനഞ്ഞ കണ്ണുകളുമായാണ് ജെയിംസിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കുട്ടിപ്പട്ടാളമായ യൂത്ത് ലീഗുകാര്‍ ചവിട്ടിക്കൊന്ന ആ ഗുരുനാഥനുവേണ്ടി ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത ശതമന്യുവും ഉള്ളുരുകി പ്രാര്‍ഥിക്കട്ടെ.

പാഠപുസ്തകസമരം പൊളിഞ്ഞ നാടകമാണ്. മതമില്ലാത്ത കുട്ടിയുടെ പേര് ജീവന്‍ എന്നതുമാറ്റി ചക്ക എന്നോ മാങ്ങ എന്നോ ഇട്ടാല്‍ തീരുന്നതേയുള്ളൂ പ്രശ്നം. 'മതമില്ലാത്ത മാങ്ങ' എന്നോ 'മാങ്ങയുടെ സ്വാതന്ത്ര്യം' എന്നോ തലക്കെട്ടാവാം.

സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
'മോന്റെ പേരെന്താ?''

"മാങ്ങ''

"കൊള്ളാം... നല്ല പേര്. അച്ഛന്റെ പേര്?''

"പ്ലാവ്''

"അമ്മയുടെ പേര്?''

"മാവ് ''

ഹെഡ്‌ മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:

"മാങ്ങയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?''

"ഒന്നും ചേര്‍ക്കേണ്ട.''

"ജാതിയോ?''

"അതും വേണ്ട.''

ഹെഡ്‌ മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു:

"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മരത്തില്‍ ചാരണമെന്നു തോന്നിയാലോ?''

"അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന് ഇഷ്ടമുള്ള മരം തെരഞ്ഞെടുക്കട്ടെ.''

വീണ്ടും ഹെഡ്മാസ്റ്റര്‍: "ശരിയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയിലും അങ്ങനെ പറയുന്നുണ്ടല്ലോ.''

മതി!!!!!!അതുമതി!!!!! ജീവന്‍ എന്ന പേരും അവന്റെ അമ്മയുടെയും അച്ഛന്റെയും പേരുകളുമായിരുന്നു യഥാര്‍ഥ പ്രശ്നം. ആ പേരിന്റെ പേരിലാണ് ഈ പോരൊക്കെയുണ്ടാക്കിയത്. സിദ്ധിഖ് ഉണ്ണാവ്രതമിരുന്നത്; കെഎസ്‌യൂക്കാര്‍ മതിലുചാടിയത്: നാട്ടിലാകെ പൊലീസിന്റെ തലതല്ലിപ്പൊളിച്ചത്. സമരക്കാര്‍ സര്‍ക്കാരുമായി ഒരു മേശക്കിരുവശവുമിരുന്ന് പാഠപുസ്തകത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുവെന്ന് വയ്ക്കുക. ആര്യാടന്റെ മൈതാനപ്രസംഗംപോലെ അവിടെ വല്ലതും പറഞ്ഞ് ഫലിപ്പിക്കാനാകുമോ? തങ്കച്ചന്‍ പത്രസമ്മേളനം നടത്തുമ്പോലെ സകലതും കുഴഞ്ഞുമറിയില്ലേ. ഇത്തോതില്‍ പോയാല്‍ സമരവിഷയങ്ങള്‍ക്ക് പഞ്ഞമുണ്ടാകാന്‍ തരമില്ല. ചണ്ഡാല ഭിക്ഷുകി എഴുതിയ കുമാരനാശാന്‍ എന്നൊരു കവിയെ ഇനി കുട്ടികള്‍ അറിയാന്‍ പാടില്ലെന്നു പറഞ്ഞ് സമരമാകാം. ഇന്ത്യന്‍ ഭരണഘടനയിലെ ചില ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് മുദ്രാവാക്യം മുഴക്കാം. ഒരു ജാതി ഒരു മതം എന്നെല്ലാം പറഞ്ഞ നാരായണ ഗുരുവിനെതിരെ പിക്കറ്റിങ് നടത്താം. യേശുക്രിസ്തു ജനിക്കുമ്പോള്‍ ക്രൈസ്തവ മതമുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ക്രിസ്തു ക്രിസ്ത്യാനിയായി പിറന്നവനല്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ മതേതരത്വമുണ്ടെന്നും പറഞ്ഞ് ഒരു സമരമുഖം തുറക്കാവുന്നതുമാണ്.


********


മണല്‍ച്ചിറകൊണ്ട് മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്താനാവില്ല എന്നത് കേവലമായ സത്യമാണ്. ചെറിയ ഒഴുക്കൊക്കെയാകുമ്പോള്‍ മണല്‍ച്ചിറയോ കീറച്ചാക്കോ മതി തടുത്തുനിര്‍ത്താന്‍. കുടല്‍ കാഞ്ഞാല്‍ കുതിര വൈക്കോലും തിന്നുമെന്നൊരു ചൊല്ല് നിലവിലുണ്ട്. മഴയത്തെ നീറ്റൊഴുക്കിന് സ്വയം തോന്നാം, താനൊരു മഹാ വെള്ളപ്പാച്ചിലാണെന്ന്. പടുപാട്ടു പാടുന്നവന് താന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരാണെന്നോ ശെമ്മാങ്കുടിയാണെന്നോ തോന്നിപ്പോയാല്‍ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ല. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ചിലര്‍, ഇപ്പോഴും തങ്ങളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പാര്‍ടിയാകുന്ന മണല്‍ച്ചിറ തകര്‍ത്ത് അലറിപ്പായുന്ന മഹാപ്രവാഹമാണ് തങ്ങളെന്നുമെല്ലാം പരസ്യമായി വീമ്പടിച്ചു നടക്കുന്നുണ്ട്. നടന്നോട്ടെ. വെറുംവാക്കു പറയുന്ന വഴിപോക്കരെ തടയാന്‍ പാര്‍ടി ഭരണഘടനയില്‍ വകുപ്പില്ല. ഇത്രയൊക്കെയായിട്ടും നാണം തോന്നുന്നില്ലെങ്കില്‍ പറഞ്ഞിട്ടെന്ത് കാര്യം. കുളിപ്പിച്ചാലും പന്നി ചേറ്റിലെന്നു കേട്ടിട്ടില്ലേ. അതുതന്നെ ഇത്. കുഞ്ജര ശൌച ന്യായമെന്നും പറയും. ശുചിയാക്കി വിട്ട കുഞ്ജരം(ആന) പൊടിമണ്ണുകണ്ടാല്‍ വാരിപ്പൂശും. എങ്ങനെ കുളിപ്പിച്ചിട്ടെന്ത്.


********


ദൈവമേ, അടുത്ത ഞായറാഴ്ചത്തെ ഇടയലേഖനത്തിലെങ്കിലും ഒരു കുഞ്ഞാടിനെ കൊന്നവര്‍ക്കെതിരെ നാലക്ഷരം ഉണ്ടാക്കാന്‍ അവിടന്ന് ആജ്ഞാപിക്കേണമേ. ഓസ്ട്രേലിയയില്‍ പാവപ്പെട്ട കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഇടയന്മാര്‍ക്കെതിരെ മഹാനായ മാര്‍പ്പാപ്പ പറഞ്ഞ തോതിലെങ്കിലും ഈ കൊച്ചുകേരളത്തില്‍ പാഠപുസ്തകസമരം നയിച്ച് കുളമാക്കിയ നല്ലിടയന്മാര്‍ക്കെതിരെ കല്‍പ്പന പുറപ്പെടുവിക്കാന്‍ ഏര്‍പ്പാടുണ്ടാക്കേണമേ. റിട്ടയര്‍മെന്റ് കാലം സദ്ബുദ്ധിയുടെ കാലമാക്കാന്‍ സ്വര്‍ഗത്തിങ്കല്‍നിന്ന് ഉത്തരവുണ്ടാകേണമേ. ആമേന്‍.

4 comments:

ശതമന്യു said...

ജൂലെ 22 വരികയാണ്. അന്ന് അങ്ങ് ഡല്‍ഹിയില്‍ ഒരു വോട്ടെടുപ്പ് നടക്കും. അമേരിക്ക എന്ന സുജായിയുമായി ഒരു വിവാഹ ഉടമ്പടി നടക്കുന്നു. ദല്ലാളുമാരില്‍ ഒരാള്‍ നമ്മുടെ അഹമ്മദ് സായ്‌വാണ്. പുള്ളിക്കാരന്‍ അവിടെത്തന്നെ വേണം. ഉടമ്പടി പറഞ്ഞുറപ്പിച്ചയുടനെ ദല്ലാള്‍ പണത്തിന്റെ വിഹിതം പറ്റണം. ഇവിടെ പൊന്നാനീന്ന് സായ്‌വിനെ തെരഞ്ഞെടുത്ത് കരിപ്പൂരില്‍ കൊണ്ടുപോയി വിമാനംകയറ്റിവിട്ട കൂട്ടര്‍ക്ക് പക്ഷേ ഈ നിക്കാഹിന് സമ്മതമല്ല. അക്കൂട്ടത്തിലൊരു പഹയന്‍ ചന്ദ്രികക്കടലാസിലെഴുതിയത്, "ഇനി ഇന്ത്യയെ ആണവകരാറില്‍ ഒപ്പിടുവിച്ച് കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് എല്ലാ മംഗളം. ഏഷ്യയിലെ ഇസ്രായേല്‍- അതായിരിക്കും ഇന്ത്യയുടെ സ്ഥാനം''എന്നത്രേ.

ടി എ അഹമ്മദ് കബീര്‍ എന്നൊരു പടപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ടിയാന്‍ ചന്ദ്രികക്കടലാസിലൂടെ ഇമ്മിണി ബല്യ ചില കാര്യങ്ങളാണ് പറഞ്ഞത്. "ഇത്രയും കാലം സര്‍ക്കാരിന്റെകൂടെ നിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. കേവല ഭൂരിപക്ഷംപോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും'' എന്നത്രേ പടപ്പിന്റെ ശോദ്യം. 'ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും നിരപരാധികളായ ലക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്ര്യം പിച്ചിച്ചീന്തുകയും ചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സൂത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും'എന്ന ശോദ്യവും ജൂലൈ 15ന്റെ ചന്ദ്രികക്കടലാസില്‍ കബീര്‍ ദോസ്ത് ഉന്നയിച്ചു.

Anonymous said...

കെ.എസ്.യു അണ്ണന്മാരുടെ ഒരു ഹാര്യം. ഓരുടെ പൊത്തകം ഇറങ്ങിയിട്ടുണ്ട്. ഗിണ്ണന്‍ തമാശയാണ് ഓരുടെ കാര്യം. പൊത്തകം മൊത്തം പിന്‍‌വലിക്കണംന്ന് ഉംസും ചാണ്ട്സും പുറത്ത് പ്രസ്താവന, സമരം, കീറല്‍ , കത്തിക്കല്‍, കൊലപാതകം. എന്നിട്ട് എറക്കിയ പൊത്തകത്തില്‍ പകരം വെച്ചത് ആകെ 3 അദ്ധ്യായം. ബാക്കി ഗവര്‍മ്മെണ്ട് പുസ്തകത്തിലേത് തന്നെ.

പൊത്തകത്തിന്റെ ചട്ട നീല..കെ.എസ്.യുവിന്റെ കൊടിയുടെ കളര്‍!!!!! വാരിയം കുന്നത്ത് ഹാജി വലിയ കുന്നത്ത് ഹാജിയായി അണ്ണന്മാരുടെ പൊത്തകത്തില്‍. പിന്നെ സഭക്ക് സോപ്പ്, മറ്റു ചിലര്‍ക്ക് ചീപ്പ്, കണ്ണാടി ഒക്കെ ഒണ്ട്ത്രെ. കേരള ശബ്ദത്തില്‍ വന്ന ഒരു മുഖപ്രസംഗം..അങ്ങനെ...അങ്ങ്നെ..

അതിശയിക്കാനൊന്നുമില്ല. പൊത്തകം തുറക്കാത്തവന്മാര്‍ പുസ്തകം ഇറക്കാന്‍ പോയാല്‍ എങ്ങ്നെ ഇരിക്കും എന്ന് സാംസ്കാരിക കേരളത്തിനു മനസ്സിലാകട്ടേന്ന്..

Anonymous said...

അത്താഴവും വായ്ക്കരിയും

അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ അത്താഴകാലമാണ്. വിശ്വാസവോട്ടെടുപ്പില്‍ യു.പി.എക്കു ശക്തി കൂട്ടാനായി പിന്തുണ തേടി സോണിയാജി വിരുന്നു നടത്തിയതിനു പിറകെ മന്മോഹന്‍ സിംഗ്‌ജിയും എം.പി.മാര്‍ക്കായി അത്താഴവിരുന്നൊരുക്കുന്നുണ്ട്. തങ്ങളെ ( മറ്റേ തങ്ങള്‍ അല്ല) പിന്തുണക്കുന്ന എം.പി.മാര്‍ക്കായി അദ്വാനിജിയും അത്താഴവിരുന്നു കൊടുത്തെന്ന് കേള്‍ക്കുന്നു..

ഇങ്ങ് ദേവപ്രസ്ഥത്തില്‍, പാഠപുസ്തകസമരത്തിനു പിന്തുണയില്ലാതെ വന്നപ്പോള്‍, ശക്തികൂട്ടിയത് അദ്ധ്യാപകര്‍ക്ക് വായ്ക്കരി ഇടുന്ന നിലയിലെത്തി. ആദ്യം കോലം കത്തിച്ചു, അടുത്ത പടിയായി പാഠപുസ്തകങ്ങള്‍ വലിച്ചുകീറി, പിന്നെ അവ കത്തിക്കലായി, തുടര്‍ന്ന് അദ്ധ്യാപകരെ മര്‍ദ്ദിക്കലായി. അവസാനമിതാ കൊലപാതകവും.

Anonymous said...

ആരുമില്ലെഡെ ഇവിടെ..? നമ്മള്‍ സഖാക്കള്‍ നാട്ടിലങോളമിങ്ങോളമക്രമം നടത്തും , പൊതുമുതല്‍ നശിപ്പിക്കും, വിനീത കോട്ടായിപ്പൊലുള്ളവരെ വീട്ടിന്നിറങ്ങാന്‍ സമ്മതിക്കില്ല, അധ്യാപകനെ വെട്ടിക്കൊന്നതോ, തലശ്ശേറിയിലോ? അത് കുട്ടിസഖാക്കളുടെ സ്ഥിരം വിനോദമല്ലെ, അത് വെട്ടിനിരത്തല്‍ തലവെട്ടല്‍ ഇതൊക്കെയല്ലെ കുട്ടിക്കുരങ്ങന്മാരുടെ...സ്ഖാക്കളുടെ വിണോദം