Sunday, July 13, 2008

ആയാറാം ഗയാറാം

ചാക്കിനും ചാക്കില്‍കയറുന്നവനും നല്ല വിലയാണ്. ചാക്കില്‍ കാലെടുത്തുവച്ചാല്‍ ഇരുപത്തഞ്ചുകോടിവരെ കിട്ടുമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വര്‍ത്തമാനം. കര്‍ക്കടകമാസത്തില്‍ പാടത്തും തോട്ടിലും തവളയെപ്പിടിക്കാന്‍ പോകുന്നവരെപ്പോലെയാണത്രേ വിത്തല്‍ഭായ് പട്ടേല്‍ ഹൌസിലും പരിസരത്തെ എംപി ബംഗ്ലാവുകളിലും ഖാദിക്കുപ്പായക്കാര്‍ കയറിയിറങ്ങുന്നത്. വല്ലാതെ തഞ്ചവും താളവും പറഞ്ഞും കൊഞ്ചിയും കുഴഞ്ഞും പാട്ടിലാക്കി ആളെമയക്കാന്‍ അമര്‍സിങ് എന്നൊരു പഹയന്‍ നടപ്പുണ്ട്. 'അപ്പണിക്കെന്നെ കിട്ടൂലാ, പിന്നെന്തിനാണിക്കാക്ക എപ്പളും വന്നിട്ടുരയ്ക്കുന്നു ഹീലത്ത്' എന്ന് ചോദിച്ച് തിരിച്ചുനടന്നാലും വിടൂല്ല.

ഇരുപത്തിരണ്ടാംതീയതി എന്നൊരു നാളുണ്ടെങ്കില്‍, തലേക്കെട്ടുകാരനെ രക്ഷിച്ചുകൊള്ളാം എന്നാണ് അമര്‍സിങ് കൊടുത്ത വാക്ക്. പറഞ്ഞവാക്ക് തെറ്റിക്കുന്നയാളൊന്നുമല്ല ശിങ്കം. അനിയന്‍ അംബാനിജിയുടെ പാര്‍ടിയാണ് അമര്‍സിങ്. ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ജനിച്ച 'പാവപ്പെട്ട' ഒരു രാഷ്ട്രീയക്കാരന്‍. സമാജ്‌വാദി പാര്‍ടി എന്ന വലിയ പാര്‍ടിയുടെ സ്ഥാപകനേതാവ്. രാഷ്ട്രീയത്തിലുള്ളതിനേക്കാള്‍ സുഹൃത്തുക്കള്‍ പുറത്താണ്. ഏറ്റവുമടുത്തയാള്‍ അനില്‍ അംബാനി. രണ്ടാമന്‍ സഹാറാ ഗ്രൂപ്പിന്റെ ഉടമ സുബ്രതോ റോയി. പിന്നെ അമിതാഭ് ബച്ചന്‍, സീനത്ത് അമന്‍, ഐശ്വര്യാ റോയ് തുടങ്ങിയ ചില ചങ്ങാതിമാര്‍ വേറെയുമുണ്ട്.

രണ്ടുമൂന്നുകൊല്ലം മുമ്പ് കോണ്‍ഗ്രസുകാര്‍ അമര്‍സിങ്ജിയോട് ഒരു കടുംകൈ ചെയ്തിരുന്നു. ആശാന്‍ സ്വന്തം ടെലിഫോണില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ടേപ്പ്ചെയ്തുവച്ചു. മുംബൈയിലെ ചില നടിമാരോട് സ്വകാര്യം പറഞ്ഞതും അനില്‍ അംബാനിയോട് ഉച്ചയ്ക്കത്തെ ഊണിന്റെ വിവരം ചോദിച്ചതും ചില രാഷ്ട്രീയനേതാക്കളോട് അല്ലറചില്ലറ വീട്ടുകാര്യങ്ങള്‍ പറഞ്ഞെതുമൊക്കെയാണ് ചോര്‍ത്തി റെക്കോഡുചെയ്തുകളഞ്ഞത്. വല്ലാത്ത അടുപ്പമുള്ളതുകൊണ്ട് ചില നടികളോട് അവര്‍ അണിയുന്ന വസ്ത്രങ്ങളെക്കുറിച്ചെല്ലാം പറഞ്ഞതാണ്. അത് മഹാപാപമാണോ? ഒരു ചെറിയ കേസ് ഒതുക്കാന്‍ കോടതിയെ എങ്ങനെ കൈകാര്യംചെയ്യാം എന്ന് ടെലിഫോണിലൂടെ വേണ്ടപ്പെട്ടവരോട് അന്വേഷിക്കുന്നത് അത്രവലിയ കുറ്റമാണോ?

അതെല്ലാം പൊക്കിപ്പിടിച്ച് തനിക്കെതിരെ വാളോങ്ങിവന്ന കോണ്‍ഗ്രസുകാര്‍, തന്റെ വരാന്തയില്‍ കൂനിക്കുനിഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. ജനാധിപത്യം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി നടക്കുന്ന ഒരു ദേശീയനേതാവിന്റെ പ്രയാസം വല്ലതും മദാമ്മയുടെ പാര്‍ടിക്കറിയാമോ. രാജ്യസഭയില്‍ വിജയ് മല്യയുടെയും അംബാനിയുടെയും നമ്മുടെ വഹാബ്‌ക്കാന്റെയും മേലെയാണ് അമര്‍സിങ്ങിന്റെ സീറ്റ്. നല്ല ഉശിരനൊരു ബംഗ്ലാവ് കിട്ടിയിട്ടുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍. അവിടെ അമര്‍ജിക്ക് ലളിതമായ ജീവിതം നയിക്കാന്‍ സൌകര്യം പോരാ. പൂന്തോട്ടത്തിന്റെ ചുമരുകളില്‍ വെളുവെളുത്ത മാര്‍ബിളില്‍ മാലാഖമാരുടെ ശില്‍പ്പങ്ങള്‍ വേണം. ഔട്ട് ഹൌസില്‍ വെറും നാലുകോടിയുടെ ജിംനേഷ്യം വേണം. എല്ലാ മുറിയിലും കുറഞ്ഞത് അറുപതിഞ്ച് പ്ലാസ്മാ ടിവി വേണം. ഡൈനിങ് റൂമില്‍ റിമോട്ട് സംവിധാനങ്ങള്‍ നിര്‍ബന്ധം. കാപ്പികുടിക്കുമ്പോള്‍ ആകാശക്കാഴ്ചകാണാന്‍ ഇറ്റലിയില്‍നിന്നുകൊണ്ടുവന്ന കണ്ണാടിക്കട്ടികളുടെ മാസ്മരികത ഒഴിവാക്കാനാവുമോ? ലോധി എസ്റ്റേറ്റിലെ ഇരുപത്തേഴാം നമ്പര്‍ ബംഗ്ലാവ് ചരിത്രസ്മാരക പദവിയിലുള്ളതാണെന്നും അനക്കാന്‍ പാടില്ലെന്നുമൊക്കെ അസൂയാലുക്കള്‍ പറയും. മുലായംസിങ്ങിനെ ഒക്കത്തെടുത്തു നടക്കുന്ന അമര്‍സിങ്ജിക്ക് പക്ഷേ അതിന്റെ പിന്നാലെ പോകാനാവുമോ.

ഇവിടെ ഇടതുപക്ഷം ആണവകരാറില്‍ തൊട്ട് മന്‍മോഹന്‍ജിയെ പേടിപ്പിക്കുമ്പോള്‍ അമര്‍സിങ്ജി അങ്ങ് അമേരിക്കയിലായിരുന്നു. തിരിച്ചുവന്നപ്പോഴല്ലേ പുകില്. മുലായത്തിന് ഇടയ്ക്ക് ഒരു ഇടതുപക്ഷസ്നേഹം വന്നതാണ്. ആ നേരത്ത് ആണവകരാറിനെതിരെ നാലു പറഞ്ഞതുമാണ്. അമര്‍ജി വന്നപ്പോള്‍ മുലായത്തിന്റെ സൂക്കേടുമാറി. ഇനി എല്ലാം അമരന്‍ നോക്കിക്കൊള്ളും. ചാക്കുമെടുത്ത് പിന്നാലെ ചെല്ലേണ്ട പണിയേ വയലാര്‍ രവിക്കുള്ളൂ. പണ്ട് ഇമ്മാതിരി പണി ചെയ്യുന്നതിന്റെ കുത്തക കോണ്‍ഗ്രസിന് ഉള്ളിലുള്ളവര്‍ക്കുതന്നെയായിരുന്നു. റാവുജി നേരിട്ടാണ് വയസ്സുകാലത്ത് പെട്ടി ചോദിച്ചുവാങ്ങിയതും അതുചുമന്ന് ഷിബു സോറന്റെ കുടിയിലെത്തിച്ചതും. ആ പാര്‍ടിക്ക് 123 വയസ്സായി. ഇപ്പോള്‍ അവര്‍ മൂക്കുകൊണ്ട് 123 എഴുതുകയാണ്. നട്ടെല്ലിന് ബലമില്ല. അതുകൊണ്ട് പണികള്‍ ക്വട്ടേഷന്‍ കൊടുക്കുകയാണ്. പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ അമരന്‍ ചെയ്തുകൊള്ളും. ആടി നില്‍ക്കുന്ന ഏകാംഗപാര്‍ടികളെയും സ്വതന്ത്രരെയും കൈകാര്യം ചെയ്യാന്‍ ഒരു ഓഫീസ് തന്നെ തുറന്നിട്ടുണ്ട്. ഇതുവരെ മനസ്സുതുറക്കാത്ത 12 എംപിമാരുണ്ട്. അവര്‍ക്ക് പെട്ടി രൊക്കം കൈപ്പറ്റാം, മന്ത്രിമാരുമാകാം. ചിലരെ പാര്‍ടിയോടെ, മറ്റുചിലരെ ഒറ്റയ്ക്കൊറ്റക്ക്-ഇങ്ങനെയാണ് കച്ചവടം. അമര്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍, സോണിയാജിയുടെയും മന്‍മോഹന്റെയും കലാപരിപാടി മുന്നേറുകയാണ്. ഇരുപത്തിരണ്ടാംതീയതി കാണാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 'വില'.

**********

ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മലയാളത്തില്‍ വായിച്ചപ്പോള്‍ അതില്‍ പുട്ടോ പുട്ടുകുറ്റിയോ ഉള്ളത് എന്ന് ലീഗ്‌നേതാക്കന്മാര്‍ക്ക് തിരിഞ്ഞ മട്ടില്ല. നേതാക്കന്മാര്‍ പാണക്കാട്ട് കുത്തിയിരുന്ന് പാഠപുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ തോന്നിയത് ശങ്കയോ ആശങ്കയോ എന്നും തിട്ടമില്ല. മൂക്കറ്റം ബിരിയാണി തിന്നാല്‍ തോന്നുന്ന ഒരിത്. അത്രതന്നെ. പണ്ട് ലീഗിന്റെ ഒരു മന്ത്രി രവിവര്‍മചിത്രം കാണാന്‍ പോയി. ഏതു ചിത്രമാണ് ഇഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോള്‍ "ആ പെണ്ണുങ്ങളും പിടക്കോഴിയും കൂടിനില്‍ക്കുന്ന ചിത്രം'' എന്നായിരുന്നു മറുപടി. നളനെക്കുറിച്ച് ഹംസത്തോട് പ്രിയത്തോടെ സംസാരിക്കുന്ന ദമയന്തി അതുകേട്ട് ചിത്രത്തിലിരുന്നു ചിരിച്ചുപോയി. അതുപോലെയാണ് പാണക്കാട്ടെ പാഠപുസ്തക വായന. അവിടത്തെ മല എലിയെ മാത്രമേ ഇതുവരെ പെറ്റിട്ടുള്ളൂ. ഏഴാംക്ലാസിലെ പുസ്തകം വായിച്ച് മനസ്സിലാകാത്തവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഒന്നാണ് സായിപ്പ് എഴുതിത്തയ്യാറാക്കിയ ആണവകരാര്‍. അത് വായിച്ച് പാണക്കാട്ട് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആ'ശങ്ക'യുണ്ടായി എന്നാണ് വാര്‍ത്ത. ഇവിടെയൊന്നും സൌകര്യമില്ലാത്തതുകൊണ്ട് പറന്ന് ഡല്‍ഹിയില്‍ചെന്നാണ് ഇ അഹമ്മദ് സാഹിബ് ആ'ശങ്ക'തീര്‍ത്തത്. ഇന്ത്യാ മഹാരാജ്യത്ത് ലീഗിന് ഒരൊറ്റ മന്ത്രിയേ ഉള്ളൂ. ആ മന്ത്രിസ്ഥാനം കളഞ്ഞുള്ള ഒരു കളിക്കും അഹമ്മദിനെ കിട്ടൂല്ല. കുഞ്ഞാലിക്കുട്ടിക്ക് പലതും പറയാം. അത് പാഴായ കേസാണ്. 'ബരണ്ടുള്ള പൊഴവക്കില് ഒണങ്ങിയ മരത്തില് കരഞ്ഞുംകൊണ്ടിരിക്കണ' ആ കുരുവിപ്പക്ഷിയുടെ ചിലപ്പുകേട്ട് തുള്ളിയാല്‍ ഉള്ളതും പോകും. മന്ത്രിസ്ഥാനം രാജിവച്ചാല്‍ കോണ്‍ഗ്രസുമായി തെറ്റും. ഇവിടെ യുഡിഎഫുമായി പിണങ്ങും. യുഡിഎഫില്ലെങ്കില്‍ പിന്നെന്ത് ലീഗ്. നാലുസീറ്റ് തികച്ചുകിട്ടാന്‍ സാധ്യത നന്നേ കുറവ്. ഇനി രാജിവച്ചില്ലെങ്കിലോ. കാലാവധി തീരുംവരെ മന്ത്രിയായി പറക്കാം. അപ്പോഴേക്കും അണികള്‍ സലാംചൊല്ലി പിരിയുന്ന പ്രശ്നമല്ലേ. അത് അപ്പോള്‍ കാണാം. ശങ്ക തുടരട്ടെ. ഭരണം നടക്കട്ടെ. ഹലാക്കിന്റെ അണികള്‍ പോയിത്തുലയട്ടെ. അഹമ്മദ് സാഹിബ് നേതാവേ, ലക്ഷംലക്ഷം പിന്നാലെ.

**********

കെഎസ്‌യൂക്കാരന്‍ ഉണ്ണാവ്രതം കിടന്നപ്പോള്‍ അങ്ങ് അബുദുബായീന്ന് ലക്ഷം ഉറുപ്യയുടെ ചെക്കാണ് വന്നത്. സമരം നീണാള്‍ വാഴാന്‍ ചെക്കുകൊണ്ട് ഐക്യദാര്‍ഢ്യം. നെല്ലായും പണമായും സമരസഹായം എമ്പാടും വരുന്നതും കെഎസ്‌യൂ ക്കുട്ടന്മാര്‍ സുഖിച്ചുശാപ്പിടുന്നതും കണ്ടാല്‍ യൂത്തിന് ദഹിക്കുമോ? കെ സുരേന്ദ്രന്‍ എന്ന കാവിയൂത്തിന്റെ അത്രയ്ക്കില്ലെങ്കിലും സാമാന്യം കലശലായ അസുഖം തനിക്കുമുണ്ടെന്ന് പലകുറി തെളിയിച്ച ദേഹമാണ് സിദ്ദിക്കവര്‍കള്‍. നാവിന്റെ നീളത്തില്‍ ഏതാനും മീറ്ററിന്റെ കുറവേ ഉള്ളൂ. അടിക്കാന്‍ കുറുവടി ധാരാളം. എന്തൊക്കെ അഭ്യാസം നടത്തിയിട്ടും പക്ഷേ സംഗതി ക്ലച്ചുപിടിക്കുന്നില്ല. ആ സമയത്താണ് തനിക്കും ഒന്ന് ഉണ്ണാവ്രതിച്ചൂടേ എന്ന് തോന്നിയത്. തെരഞ്ഞെടുപ്പ് വരികയാണ്. തൊണ്ണൂറുകഴിഞ്ഞിട്ടും പല്ലുപോകാത്ത ലീഡര്‍ സീറ്റുതട്ടാന്‍ കാത്തിരിപ്പുണ്ട്. ഇപ്പോള്‍ ഒരു പ്രകടനം നടത്തിയാല്‍ ഏതെങ്കിലുമൊരു സീറ്റ് തരപ്പെടാതിരിക്കില്ല. പോരാഞ്ഞ് സമരസഹായം കൈനിറച്ചുകിട്ടിയാല്‍ വട്ടച്ചെലവു നടക്കുകയുംചെയ്യും. അങ്ങനെയാണ് സെക്രട്ടറിയറ്റിനുമുന്നില്‍ കൊതുകുകടി കൊള്ളാന്‍ തീരുമാനിച്ചത്. പണ്ടത്തെ നിശാ സമരക്കാര്‍ കിടന്ന സ്ഥലമാണ്. കണ്ണടച്ചാലുടനെ മധുരമനോഹര സ്വപ്നങ്ങള്‍ ഓടിയെത്തും. ശീല്‍ക്കാരങ്ങള്‍, ശൃംഗാര പദങ്ങള്‍, ആലിംഗനം, ആനന്ദ നിര്‍വൃതി... ഹൊ. സുഖംതന്നെ. ഇതിനിടയ്ക്ക് തന്നെ ആരെങ്കിലും ശ്രദ്ധിക്കണ്ടേ. അതിന് നാടുമുഴുവന്‍ മാലയിട്ട സ്വന്തം ചിത്രം സഹിതം ഫ്ലക്സ് ബോര്‍ഡ് കെട്ടിവയ്ക്കാം. അതുംപോരെങ്കില്‍, പന്തലിനുമുന്നിലിട്ട് അനുയായികളെ ശട്ടംകെട്ടി പെണ്‍കുട്ടികളെ അപമാനിക്കാം. എങ്ങനെയായാലും വാര്‍ത്ത വന്നാല്‍ മതി. വണ്ടിച്ചെക്കുകേസില്‍ പ്രതിയായി പിടിക്കപ്പെടുന്നതിന്റെയും സമരത്തിനിടെ സഹപ്രവര്‍ത്തകര്‍ ഞോണ്ടുന്നതിന്റെയും ചിത്രം അച്ചടിച്ചുവന്നതിന് പത്രം ഓഫീസില്‍ വിളിച്ച് നന്ദി രേഖപ്പെടുത്തിയ പുള്ളിക്കാരത്തിയാണല്ലോ അഖിലേന്ത്യാ നേതാവ്. എന്തായാലും സമരരീതിയില്‍ ഒരു പുതുമ വേണം. പാഠപുസ്തക സമരം ചീറ്റിപ്പോയിട്ട് നാളുകുറെയായി. ഇനി കള്ളുഷാപ്പില്‍ കണ്‍സെഷന്‍ വേണമെന്നോ മറ്റോ ആവശ്യമുന്നയിച്ചാകാം സമരത്തുടര്‍ച്ച.

4 comments:

ശതമന്യു said...

ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മലയാളത്തില്‍ വായിച്ചപ്പോള്‍ അതില്‍ പുട്ടോ പുട്ടുകുറ്റിയോ ഉള്ളത് എന്ന് ലീഗ്‌നേതാക്കന്മാര്‍ക്ക് തിരിഞ്ഞ മട്ടില്ല. നേതാക്കന്മാര്‍ പാണക്കാട്ട് കുത്തിയിരുന്ന് പാഠപുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ തോന്നിയത് ശങ്കയോ ആശങ്കയോ എന്നും തിട്ടമില്ല. മൂക്കറ്റം ബിരിയാണി തിന്നാല്‍ തോന്നുന്ന ഒരിത്. അത്രതന്നെ. പണ്ട് ലീഗിന്റെ ഒരു മന്ത്രി രവിവര്‍മചിത്രം കാണാന്‍ പോയി. ഏതു ചിത്രമാണ് ഇഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോള്‍ "ആ പെണ്ണുങ്ങളും പിടക്കോഴിയും കൂടിനില്‍ക്കുന്ന ചിത്രം'' എന്നായിരുന്നു മറുപടി. നളനെക്കുറിച്ച് ഹംസത്തോട് പ്രിയത്തോടെ സംസാരിക്കുന്ന ദമയന്തി അതുകേട്ട് ചിത്രത്തിലിരുന്നു ചിരിച്ചുപോയി. അതുപോലെയാണ് പാണക്കാട്ടെ പാഠപുസ്തക വായന.

Anonymous said...

ഇത്തവണ അശ്വങ്ങള്‍ക്ക് പാരിതോഷികം ഡോളറിലായിരിക്കുമെന്നു കേട്ടു..യാങ്കി അണ്ണന്മാര്‍ സൂട്ട്കേസുമായി ഇന്ദ്രപ്രസ്ഥത്തില്‍ തമ്പടിച്ചിട്ടുണ്ടത്രെ..റിലയബിള്‍ കാരന്റെ ആണവനിലയങ്ങള്‍ വരാന്‍ പോകുകയല്ലേ..അവനും കൊടുക്കും വല്ലോം..

ഇതെല്ലാം കണ്ടിട്ടും സര്‍ദാര്‍ജിക്ക് ജെയ് വിളിക്കാന്‍ ആളുണ്ട് എന്നതാണ് സംഗതീലെ കോള്‍മ...കൊള്ളിക്കുന്ന അംശം..

NITHYAN said...

ഹാസ്യത്തിന്റെ ചിറകേറിയ വിമര്‍ശനത്തിന്റെ വജ്രായുധങ്ങളായി വാക്കുകള്‍ മാറുന്നു. അഭിവാദ്യങ്ങള്‍

പാമരന്‍ said...

കുറിക്കുകൊള്ളുന്ന എഴുത്തുതന്നെ മാഷെ.