Sunday, September 1, 2013

മുണ്ടിലൊളിപ്പിച്ച തല

തലയില്‍ മുണ്ടിട്ട് നാട്ടുമ്പുറത്തെ "മാന്യന്മാര്‍" പോകാറുള്ളത്, ആളറിയാതെ ചില കാര്യങ്ങള്‍ സാധിക്കാനാണ്. അത്തരക്കാരെ പകല്‍മാന്യന്മാര്‍ എന്ന് വിളിച്ചാദരിക്കുന്ന പതിവുണ്ട്. പ്രജകളുടെ ക്ഷേമം നേരിട്ടറിയാന്‍ പഴയകാല രാജാക്കന്മാര്‍ പ്രച്ഛന്നവേഷത്തില്‍ നാടുചുറ്റുമായിരുന്നു. ലോറി ക്ലീനറുടെയും ചുമട്ടുകാരന്റെയുമൊക്കെ വേഷംകെട്ടി സുരേഷ് ഗോപി കളിച്ച് വാര്‍ത്തയില്‍ കയറാന്‍ പാടുപെടുന്ന പൊലീസ് തലവന്മാര്‍ വംശനാശ ഭീഷണി നേരിടുന്ന ആ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ്. അതൊക്കെ നടപ്പുണ്ടെങ്കിലും ആധുനിക കാലത്തെ ഒരു സര്‍ക്കാരിന്റെ തലവന്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം എന്ന അവസ്ഥ വേറെങ്ങും കാണാനാവില്ല. ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനൊപ്പം ഉമ്മന്‍ചാണ്ടി ബഹ്റൈനില്‍നിന്ന് കൊണ്ടുവന്നത് അപൂര്‍വമായ ആ അവസ്ഥകൂടിയാണ്.

കേരളത്തില്‍ ഇന്ന് ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ശ്രദ്ധിക്കുന്നതും പൊലീസിന്റെ സഹായസഹകരണങ്ങള്‍ ആവോളം ആസ്വദിക്കുന്നതും രണ്ടുപേരാണ്. ഉമ്മന്‍ചാണ്ടിയും ആട് ആന്റണിയും. ഒരു പൊലീസുകാരനെ കുത്തിമലര്‍ത്തിയ ആട് ആന്റണി സസുഖം കേരളത്തില്‍നിന്ന് പുറത്തേക്കുകടന്നു. ഇരുപതാമത്തെയോ ഇരുപത്തിരണ്ടാമത്തെയോ ഭാര്യവീട്ടില്‍ സുഖജീവിതം. പൊലീസ് ആ വഴിക്ക് പോകില്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇനി അഥവാ കേരളത്തിലേക്ക് വരണമെന്ന് ആന്റണിക്ക് തോന്നിയാല്‍ അകമ്പടി സേവിക്കാന്‍ പൊലീസിന്റെ പടയിറങ്ങും. അതേപോലെ, ഉമ്മന്‍ചാണ്ടി പുറത്തിറങ്ങുമ്പോഴും കറുത്ത പൂച്ചയും ഡോഗ് സ്ക്വാഡും വെടിക്കെട്ടുപൊലീസും അകമ്പടി പോകും. ക്ലിഫ് ഹൗസിലാണ് ഇപ്പോള്‍ സുഖചികിത്സ. പുറത്തേക്കിറങ്ങിയാല്‍ കരിങ്കൊടിയുംകൊണ്ട് നാട്ടുകാര്‍ പാഞ്ഞടുക്കും. ഒരു വകുപ്പുകൂടി മുഖ്യമന്ത്രിക്ക് പുതുതായി കിട്ടിയിട്ടുണ്ട്- പരിപാടി റദ്ദാക്കല്‍ വകുപ്പ്.

പൊലീസുകാരനെ കുത്തിമലര്‍ത്തിയ പ്രതിക്കും ജനാധിപത്യത്തെയും നിയമസംഹിതയെയും കൊല്ലാന്‍ നോക്കുന്ന പ്രതിക്കും ഒരേ അനുഭവമുണ്ടാകുന്നത് സാമാന്യനീതിതന്നെ. അതാണ് ശരിയായ നീതിയെന്ന് ചെന്നിത്തലയ്ക്കും പി പി തങ്കച്ചനും മനസിലായിട്ടുണ്ട്. പി സി ജോര്‍ജും മുരളീധരനും വളരെ മുമ്പുതന്നെ അത് മനസിലാക്കിയതുമാണ്. തങ്കച്ചനെക്കുറിച്ച് പൊതുവെ പറയാറുള്ളത്, ഒരു പഞ്ചപാവം എന്നാണ്. ആ പാവത്തിനുപോലും ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ പത്തിവിടര്‍ത്താന്‍ തോന്നുകയാണ്. സഹിക്കുന്നതിനും ഉണ്ടല്ലോ പരിധി. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാനാവില്ല; കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ട് എന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇനി കോടതി പറയട്ടെ, അപ്പോള്‍ കാണാം. തങ്കച്ചനും പൊന്നച്ചനും രത്നപ്പനുമൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന ഇനമല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടല്ല കടിച്ചുതൂങ്ങുന്നത്. യുഡിഎഫിലെ കാര്യങ്ങള്‍ ഞാനറിയുന്നില്ല; എനിക്കൊന്നും ചെയ്യാനാകുന്നില്ല എന്ന തങ്കച്ചന്റെ പരിഭവം ഉമ്മന്‍ചാണ്ടിയെ ശരിക്കും അറിയാവുന്നതുകൊണ്ടുള്ള ഒരു മാനസികാവസ്ഥയാണ്.

ചെന്നിത്തലയ്ക്ക്, "വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍" മാത്രമല്ല, തങ്കച്ചനും കൂട്ടുണ്ട്. വേറെയാളെ കസേര ഏല്‍പ്പിച്ച് ഇറങ്ങിപ്പൊയ്ക്കൂടേ എന്നാണ് മനസിലാകുന്ന ഭാഷയില്‍ ഉമ്മന്‍ചാണ്ടിയോട് തങ്കച്ചന്‍ ചോദിച്ചത്. അധികം നെഗളിപ്പുവേണ്ട; കോടതി ഒരു വാക്ക് പറഞ്ഞാല്‍ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. രമേശ് ഭാഷ അല്‍പ്പം മയത്തിലാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കത്തെഴുതി അയച്ചു. കത്തെഴുത്ത് നടപ്പുള്ള രീതിയല്ല. എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയവയുടെ കാലമാണ്്. അതാകുമ്പോള്‍ അയക്കുന്നയാളും കിട്ടുന്നയാളുമേ അറിയൂ. രമേശിന്റെ ജീവിതംപോലെതന്നെ തുറന്നുപിടിച്ചാണ് കത്തും കൈകാര്യംചെയ്തത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെറുതെ ഇരിപ്പാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പാളയം മാര്‍ക്കറ്റില്‍നിന്ന് അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് പച്ചക്കറിയും വാങ്ങി നേരെ ക്ലിഫ് ഹൗസില്‍ കയറിച്ചെന്ന് ഉമ്മന്‍ചാണ്ടിക്ക് കൊടുത്താല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കൊടുക്കുമ്പോള്‍ അതിന്റെ വിലയും പറയണമെന്നുമാത്രം. വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല.

തലയില്‍ മുണ്ടിട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ തങ്കച്ചനുപോലും സഹിക്കാതായിട്ടും ആന്റണി അനങ്ങാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. തല്‍ക്കാലം പി സി ജോര്‍ജ് അടങ്ങിയിരിപ്പാണ്. അത് താന്‍ പേടിപ്പിച്ചിട്ടാണെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാലും വലിയ ഒച്ചയും അനക്കവുമൊന്നുമില്ല. കരിങ്കൊടി നാടാകെ പറന്നു കളിക്കുന്നതുമാത്രമാണ് പറയത്തക്ക വിശേഷം. എന്നിട്ടും തങ്കച്ചന് ഇങ്ങനെയൊരു ബുദ്ധി തോന്നണമെങ്കില്‍ അണിയറയില്‍ ഉമ്മന്‍ചാണ്ടിക്ക് അത്താഴം ഒരുങ്ങുന്നുണ്ട് എന്ന് കരുതണം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പരമപ്രധാനം എന്ന് തങ്കച്ചന്‍ പറഞ്ഞതിന്, ഉമ്മന്‍ചാണ്ടിയെയുംകൊണ്ട് പോയാല്‍ വട്ടപ്പൂജ്യമാകും എന്ന സൂചനയുണ്ട്. നാറി നാണംകെട്ട് പുതുപ്പള്ളിക്ക് വണ്ടി കയറണോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നാറിയാലും വേണ്ടില്ല, തലയില്‍ മുണ്ടിട്ടാലും വേണ്ടില്ല- ഒന്നാം നമ്പര്‍ കാറും ക്ലിഫ്ഹൗസും മതി എന്ന് ഒരാള്‍ വാശി പിടിച്ചാല്‍ പ്രശ്നപരിഹാരം പ്രയാസമാണ്. അതിനുള്ള ത്രാണി ചെന്നിത്തലയ്ക്കും തങ്കച്ചനുമില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയ വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കാം.

അഥവാ വിമാനം കയറിയോ ഊടുവഴിയിലൂടെയോ എത്തിയാല്‍ എന്തു സംഭവിക്കും എന്ന് മഞ്ചേരിയില്‍ കണ്ടു. ജനങ്ങളെ തല്ലി തലപൊളിച്ച് എത്രനാള്‍ ഈ കാപട്യം തുടരും? ലേ ഔട്ട് മാറ്റിയ മുടിയും ചിരിയും പൊലീസിന്റെ ആയുധങ്ങളുംകൊണ്ട് മൂടിവയ്ക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടി എന്ന ഉപജാപ ചക്രവര്‍ത്തിയെ എന്ന ചോദ്യമാണ് മഞ്ചേരിയില്‍ കേട്ടത്. അവിടെ തടയാന്‍ തീരുമാനിച്ചിരുന്നില്ല. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്നവരെയാണ് പൊലീസ് നേരിട്ടത്. ശരിക്കും തടയാന്‍ വരുന്നവര്‍ അണപൊട്ടിയെത്തിയാല്‍ എന്താവും അവസ്ഥ എന്ന് കോണ്‍ഗ്രസുകാര്‍തന്നെ ചിന്തിക്കട്ടെ.

*
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ അസ്ന എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കെ പന്താണെന്നു കരുതി ബോംബില്‍ ചവിട്ടിയാണ് കാല്‍പോയതെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞത്. അത് അതേപടി മനോരമയും മാതൃഭൂമിയും എഴുതി നിര്‍വൃതിയടയുകയുംചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാരെ സ്നേഹിക്കാന്‍ ബൂത്തിലെത്തിയ ആര്‍എസ്എസുകാര്‍ പന്താണെന്നു കരുതി അസ്നയ്ക്ക് തട്ടിക്കളിക്കാന്‍ ബോംബ് എറിഞ്ഞുകൊടുക്കുകയും ആ പന്ത് വെറുതെ പൊട്ടി കുട്ടിയുടെ കാല്‍ തകരുകയുംചെയ്തു എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസുകാരുമായി തലപ്പന്തുകളിക്കാനാണ് എത്തിയതെന്നും വിശദീകരിച്ചാല്‍ ചരിത്രം പൂര്‍ണമാകും. മെഡിക്കല്‍കോളേജാശുപത്രിയില്‍ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ച ലിഫ്റ്റ് "അസ്നയ്ക്കുവേണ്ടി" എന്ന് ആദ്യത്തെ "സത്യം". അസ്നയുടെ കാലും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ലെന്നത് രണ്ടാമത്തെ "സത്യം". ഉമ്മന്‍ചാണ്ടിക്ക് സത്യവാന്‍ ചാണ്ടി എന്ന പേരുകിട്ടുമ്പോള്‍ മനോരമ, മാതൃഭൂമി സഹോദരങ്ങള്‍ക്കും വല്ലതും കൊടുക്കണം.

*
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അപ്പോള്‍ കിട്ടും എന്നാണ് പറഞ്ഞിരുന്നത്. കിട്ടുന്നത് ജാമ്യമാകും എന്ന് കരുതിയവര്‍ക്ക് നൈരാശ്യമുണ്ടാകും. ബിജെപി എന്തുകൊടുത്തോ അതുതന്നെ തുടര്‍ന്നും കിട്ടും എന്ന സൗമനസ്യ മനോഭാവമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. തിരുവല്ലാക്കാരന്‍ മന്ത്രി ജോര്‍ജ് വളച്ചുകെട്ടില്ലാതെ അത് തുറന്നു പറഞ്ഞു- സര്‍ക്കാര്‍ മാറുമ്പോള്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തിലെ സമീപനം മാറില്ല എന്ന്. കര്‍ണാടകത്തിലെ മന്ത്രിയായതുകൊണ്ട് ജോര്‍ജിന് അതുപറയാം. അവിടെ കുഞ്ഞാലിക്കുട്ടിയും ലീഗുമൊന്നുമില്ല. ഇവിടെ മഅ്ദനിക്കുവേണ്ടി ഒഴുക്കാനുള്ള കണ്ണീരാണ് മുല്ലപ്പെരിയാറിലെന്നപോലെ അണകെട്ടി നിര്‍ത്തിയിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ അണക്കെട്ട് പൊട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ കാണാം പുകില്‍- പാണക്കാട്ടുനിന്ന് കൂലംകുത്തിയൊഴുകുന്ന കണ്ണീര്‍പ്പുഴ തൃശൂര്‍ കരുനാഗപ്പള്ളി വഴി പൂന്തുറയിലെത്തി കടലില്‍ ചേരും. അപ്പോഴേക്ക് തെരഞ്ഞെടുപ്പു കഴിയും- മഅ്ദനി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെലവില്‍ ബംഗളൂരുവില്‍ തുടരുകയുംചെയ്യും. ഇനി അഥവാ മഅ്ദനിക്ക് കോണ്‍ഗ്രസിനെതിരെ വല്ല വികാരവും തോന്നിയാലോ? വര്‍ഗീയവാദി, കൊടുംഭീകരന്‍, ദാവൂദിന്റെ അമ്മാവന്‍, ബിന്‍ ലാദന്റെ താടിയുള്ളവന്‍ എന്നൊക്കെ പറയാനും എഴുതാനും "മ" സഹോദരങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുകയല്ലേ.

*
ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. സംശയമുണ്ടെങ്കില്‍ എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞുതരും. തലയില്‍ മുടിയില്ലെങ്കിലും ഒരുവിധം മാന്യതയും കഴിവും നീതിബോധവും ഒക്കെ തനിക്കുണ്ട് എന്നായിരുന്നു ഇന്നലെവരെ ഹേമചന്ദ്രന്റെ ഭാവം. കൂടെയുള്ള പൊലീസുകാരും അത് സമ്മതിച്ചിരുന്നു. ആ ഹേമചന്ദ്രനെ ഒരൊറ്റ മാസംകൊണ്ട് സരിതയ്ക്ക് ഫോണ്‍കൊടുക്കാനും അകമ്പടി പോകാനും തെളിവു നശിപ്പിക്കാനും കംപ്യൂട്ടറും ചിത്രങ്ങളും കട്ടുകടത്തി നശിപ്പിക്കാനും കഴിവുള്ള ഉന്നതശീര്‍ഷനാക്കി മാറ്റിയില്ലേ? ചരിത്രത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്ര വലിയ നേട്ടം?

പൊലീസില്‍ ഇനിയാരെങ്കിലും ആത്മാഭിമാനവുംകൊണ്ട് നടക്കുകയാണെങ്കില്‍ അവരെയും കണ്ടെത്തി ഹേമചന്ദ്രനാക്കാനുള്ള ശേഷി തിരുവഞ്ചൂരിനുണ്ട്. ശാലുവിന്റെ വീട്ടിലെ കരിക്ക് ആവിയാക്കാമെങ്കില്‍, എറണാകുളം ഗസ്റ്റ് ഹൗസിലെ ക്യാമറക്കാഴ്ച ഒളിപ്പിക്കാമെങ്കില്‍, സരിതയുടെ മൊഴി ചുരുട്ടിക്കൂട്ടുകയും ശ്രീധരന്‍നായരുടെ മൊഴി ചവിട്ടിത്താഴ്ത്തുകയും ചെയ്യാമെങ്കില്‍ ഒരായിരം ഹേമചന്ദ്രന്മാരെ പാതാളത്തിലേക്കുള്ള വണ്ടിയില്‍ കയറ്റിവിടാനും തിരുവഞ്ചൂരിനറിയാം. എന്നിട്ടും മണിയാശാന്‍ കൊടുത്തത്, വെറുമൊരു നികൃഷ്ടജീവിപ്പട്ടമാണ്. ആനയെ ആരും ആലയില്‍ കെട്ടാറില്ല എന്നെങ്കിലും ആശാന്‍ അറിയേണ്ടതല്ലേ?

Monday, July 8, 2013

മൃഗങ്ങളും സൗരോര്‍ജവും

മൃഗങ്ങളും സൗരോര്‍ജവും തമ്മില്‍ വല്ല പ്രത്യേക ബന്ധവുമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അങ്ങനെ ഒന്നും കണ്ടെത്തുന്നില്ലെങ്കില്‍ സരിതാനായരും ഉമ്മന്‍ചാണ്ടിയും തമ്മില്‍ എന്ത് ബന്ധം എന്ന് അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. ഉമ്മന്‍ചാണ്ടി എവിടെയുണ്ടോ അവിടെയെല്ലാം സരിതയുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഗ്രീന്‍ചാനലിലൂടെ സരിതോര്‍ജം അങ്ങോട്ടൊഴുകുന്നു. തലസ്ഥാനത്ത് ഓഫീസിലിരിക്കുമ്പോള്‍ കെ സി ജോസഫിന്റെ വകുപ്പ് അയച്ചുകൊടുക്കുന്ന കാറിലാണ് സരിത ഉമ്മന്‍ചാണ്ടിയെ മുഖം കാണിക്കാനെത്തുന്നത്. പുതുപ്പള്ളിയില്‍ ഞായറാഴ്ച ദര്‍ബാര്‍ കൂടുംമുമ്പ് സരിതയോടൊപ്പം പ്രഭാതഭക്ഷണമായാല്‍ ഊര്‍ജം ഇരട്ടിക്കും. ക്ലിഫ് ഹൗസിലാണെങ്കില്‍ ഒരു കുടുംബംപോലെ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കാം. സ്വന്തമായി ഫോണില്ല എങ്കിലും സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്. ആ മനസ്സിനെ കരുതിയാകണം, ഇരുകൈയിലും ഓരോ ഫോണും പിടിച്ചുനില്‍ക്കുന്ന സരിതയെയാണ് തൃശൂരിലെ മൃഗശാല ഉദ്ഘാടനവേദിയില്‍ കാണുന്നത്. ജോപ്പന്‍ ചെയ്യുന്ന പണി സരിതയ്ക്കും ചെയ്യാവുന്നതേയുള്ളൂ.

യുഎന്‍ അവാര്‍ഡ് എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം എന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. നാടാകെ ഉയര്‍ന്ന ഫ്ളക്സുകള്‍ കണ്ടാല്‍ ആരും അങ്ങനെ ധരിച്ചുപോകും. യുഎന്‍ എന്നാല്‍ ഭൂലോക (യൂണിവേഴ്സല്‍) നുണയനെന്നും അര്‍ഥമുണ്ടെന്നാണ് ഒരു രസികന്റെ എസ്എംഎസ് വന്നത്. അതങ്ങനെ തള്ളിക്കളയാനാകില്ല. പറയുന്നതെല്ലാം അര്‍ധസത്യവും അസത്യവുമാണ്. ആദ്യം ശ്രീധരന്‍നായരെ കണ്ടില്ലെന്ന്; ഇപ്പോള്‍ കണ്ടുവെന്ന്. വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണപറയാനും മാത്രമെന്ന് പണ്ടൊരാളെക്കുറിച്ച് കഥ പരന്നിരുന്നു. ആ നേതാവിനെക്കൂടി നുണപറഞ്ഞ് തള്ളിത്താഴത്തിട്ട പാരമ്പര്യമുണ്ട്. നുണയുടെ ഗോദയില്‍ പുതുപ്പള്ളിക്കാരനോട് മുട്ടാന്‍ തൊട്ടടുത്ത തിരുവഞ്ചൂര്‍ മേഖലയില്‍നിന്നുള്ള ഫയല്‍വാനേയുള്ളൂ. പോയില്ല, ക്ഷണിച്ചില്ല, രണ്ടുമിനിറ്റ്, ടവര്‍ നോക്കൂ എന്നെല്ലാം പറഞ്ഞുപറഞ്ഞ് തളര്‍ന്നിരിപ്പാണ് ആ മത്സരാര്‍ഥി. എംസി റോഡിലൂടെ പോകുമ്പോള്‍ ആരോ കൈനീട്ടി, അലിവുതോന്നി കൂടെപ്പോയി, രണ്ടുമിനിറ്റ് മാത്രം ചെലവിട്ടു എന്ന പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു. നല്ല കരിക്ക് മൊത്തിക്കുടിക്കുന്ന ചിത്രം വന്നിട്ടും, വഴിക്കണ്ണുമായി കാത്തിരിക്കുന്ന സുന്ദരിക്കരികിലേക്ക് നിറചിരിയുമായി നടന്നടുക്കുന്ന ദൃശ്യം നാട്ടിലാകെ ചിരിപടര്‍ത്തിയിട്ടും ഫയല്‍വാന്റെ ആഭ്യന്തരം ഉലഞ്ഞിട്ടില്ല. രണ്ടുപേരും സദാ ഖദറാണുടുക്കുന്നത്. അതിന്റെ ഗതിയോര്‍ത്താണ് സങ്കടപ്പെടേണ്ടത്. ഇത്ര കൊടിയ കാപട്യവും കള്ളവും തട്ടിപ്പും വൃത്തികേടുമൊക്കെ പൊതിഞ്ഞുവയ്ക്കാനുള്ള തുണിയായിപ്പോയല്ലോ ഗാന്ധിജിയുടെ ഖാദി. നമ്മള്‍ നൂറ്റ നൂലുകൊണ്ട്, നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട് നിര്‍മിതമി,തനീതിക്കൊരന്ത്യാവരണം എന്നാണ് മഹാകവി മൂവര്‍ണക്കൊടിയെക്കുറിച്ച് പാടിയത്. അതേ തുണിയാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ധരിക്കുന്ന വസ്ത്രത്തിന്റേതും.

കന്റോണ്‍മെന്റ് ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ യുവതിയെ തല്ലിച്ചതയ്ക്കുമ്പോള്‍ തലയില്‍ കെട്ടിയിരുന്നതും അതേ തുണികൊണ്ടുള്ള കൊടി. അനീതിക്ക് അന്ത്യാവരണമല്ല; അപരാധത്തിനാവരണമാണിന്നത്. അഴിക്കുന്തോറും മുറുകുന്ന കുരുക്കാണ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന കരടിയെ കമ്പിളിക്കെട്ടാണെന്നുകരുതി പിടിച്ചവന്റെ അവസ്ഥ. സരിത വിടില്ല. ജയിലില്‍ കപ്പപ്പുഴുക്കും ചെറുപയറും കഞ്ഞിയും കുറെനാള്‍ കഴിക്കുമ്പോള്‍ ശാലുവിന്റെ നര്‍ത്തനവൈഭവം പൂത്തുലയും. ശാലു ആരെ വിളിച്ചു; ആരെല്ലാം അങ്ങോട്ട് വിളിച്ചു എന്നുള്ള വിവരങ്ങളൊന്നും ദൈവം വന്നാലും കിട്ടാത്തവണ്ണം നശിപ്പിച്ചശേഷമായിരുന്നു ചങ്ങനാശേരിയില്‍നിന്ന് അട്ടക്കുളങ്ങരയിലേക്കുള്ള എഴുന്നള്ളിപ്പ്്. വഴിയില്‍ ഒരു രഹസ്യവും ചോര്‍ന്നില്ല. അല്ലെങ്കിലും ശാലുവിന്റെ രഹസ്യങ്ങളെല്ലാം മണിച്ചിത്രത്താഴിട്ട് പൂട്ടിയതാണ്. ദുബായില്‍ പോയപ്പോള്‍ കണ്ടതും കൊണ്ടുപോയതും പുറത്തുവന്നാല്‍ എല്ലാം കീഴ്മേല്‍ മറിയും. സരിഗമപധനിസ, സനിധപമഗരിസ എന്നാകും. ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍ ആകുന്നതുപോലെ. ശാലുവിന്റെ കേസില്‍ വലിയ വകുപ്പൊന്നുമില്ല. രണ്ടുവട്ടം ജാമ്യം നിഷേധിക്കും, ഇടയ്ക്ക് പൊലീസ്കസ്റ്റഡിയില്‍ സുഖവാസത്തിന് പോകാം, അല്ലാത്തപ്പോള്‍ ഒരു കര്‍ക്കടകചികിത്സയുടെ സുഖം. പണമൊക്ക അവിടെ കിടക്കും. ആരുടെയും പേരുപറയാതിരുന്നാല്‍ ജാമ്യാനന്തരം പറുദീസയെന്നാണ് വാഗ്ദാനം. അല്ലെങ്കിലും കുടിപ്പിച്ച കരിക്കിനുള്ള പ്രതിഫലം കിട്ടേണ്ടതാണ്. ജനപ്രതിനിധികളായാല്‍ ശാലുവിന്റെ വീട്ടില്‍ പോകുകയും കരിക്കുകുടിക്കുകയും കട്ടിലില്‍ ഇരിക്കുകയും വേണം.

തിരുവഞ്ചൂര്‍ ചെയ്ത എല്ലാറ്റിന്റെയും ചിത്രം പുറത്തുവന്നിട്ടില്ല. ബിജു രാധാകൃഷ്ണന്റെ കൈപിടിക്കുന്നതടക്കമുള്ളവ പൊലീസ് മുക്കി. സരിതയുടെ ചില ചിത്രങ്ങള്‍ ബിജു എടുത്തിട്ടുണ്ടെന്നല്ലാതെ സരിത അറിഞ്ഞുകൊണ്ട് ആരുടെയും പടം പിടിച്ചിട്ടില്ല. സൗരോര്‍ജവ്യാപനമെന്ന മഹദ്സേവനത്തിന്റെ ചിത്രം അതുകൊണ്ടാണ് പുറത്തുവരാത്തത്. ജോപ്പന് കൊടുത്ത സന്തോഷത്തിന്റെ തോതുതന്നെ ആ നിഷ്കളങ്കതയെ സൂചിപ്പിക്കുന്നു. ജോപ്പനുള്ള സമ്മാനം അതാണെങ്കില്‍, മൂപ്പന്മാര്‍ക്ക് എന്തുമാത്രം കിട്ടിയിട്ടുണ്ടാകും എന്ന ചര്‍ച്ച ഐ ഗ്രൂപ്പ് നടത്തിയതുകൊണ്ട് കാര്യമൊന്നുമില്ല. മുരളി പറഞ്ഞപോലെ, പാതിരാത്രി ഭാഗവതം വായിക്കുന്നതിനേക്കാള്‍ നല്ലത് തിരമാലയില്‍നിന്ന് വൈദ്യുതി എടുക്കുന്ന പരിപാടിക്ക് വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. പൊലീസ് വേണോ സിബിഐ വേണോ എന്നാണിപ്പോഴത്തെ ചിന്ത. ചോറുവേണോ ബിരിയാണിവേണോ എന്ന് ചോദിക്കുന്നതുപോലെ. രണ്ടായാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രക്ഷപ്പെടും. പൊലീസാണെങ്കില്‍ നാറിനാറി രക്ഷപ്പെടും. സിബിഐയാണെങ്കില്‍ കേസ് വേണ്ടിവന്നാല്‍ ചെന്നിത്തലയിലിട്ട് രക്ഷപ്പെടുത്തും. തട്ടിപ്പുകള്‍ വരുന്ന വഴി എംസി റോഡാണെങ്കില്‍, രക്ഷാപ്രവര്‍ത്തനത്തിന് രണ്ടുവഴിയുണ്ടെന്നര്‍ഥം. അതുകൊണ്ടാണ്, പാവപ്പെട്ട ശാലുവിന് സെന്‍സര്‍ ബോര്‍ഡംഗത്വംപോലും നഷ്ടമാകുന്നത്. ശാലുവിനെ അങ്ങോട്ട് കൈപിടിച്ചുകയറ്റിയ കൊടിക്കുന്നില്‍ സുരേഷ് കൊടിവച്ച കാറില്‍ത്തന്നെ.

കലാകാരിക്ക് കാരാഗൃഹം- സാംസ്കാരികനായകര്‍ സടകുടഞ്ഞെണീക്കേണ്ടതാണ്. ശാലുവിന്റെയും സരിതയുടെയും പരിസ്ഥിതിക്ക് ഭംഗംവരുത്തുന്ന പ്രതിപക്ഷഗൂഢാലോചനയ്ക്കെതിരെ ഒരു മരമഹാസംഗമവും ഹരിതസരിതാതിജീവന മഹായജ്ഞവും നടത്താന്‍ നീലകണ്ഠനെങ്കിലും മുന്‍കൈയെടുക്കണം. പ്രതികരണ മഹാത്മാക്കള്‍ കര്‍ത്തവ്യബോധം കാട്ടണം. അല്ലെങ്കില്‍ പാവം എം ജി എസ് നാരായണന്‍ അതും ചെയ്യേണ്ടിവരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അപകടത്തെക്കുറിച്ച് അന്‍പത്തിയൊന്ന് കവിതയെഴുത്തുകാരെ ക്ഷണിക്കുന്ന പരസ്യം വീരഭൂമിയില്‍ അച്ചടിച്ചുകാണാനും മലയാളിക്ക് ഭാഗ്യംവരും.

*

ഫേസ്ബുക്കില്‍ കണ്ട ഒരു പ്രസ്താവന, എം ജി എസ് നാരായണന്‍ എന്ന തൂലികാനാമത്തില്‍ ലേഖനമെഴുതുന്നത് മാതൃഭൂമിയിലെ ശേഖരന്‍നായരാണ് എന്നാണ്. വയസ്സുകൂടുമ്പോള്‍ സര്‍ക്കാര്‍ സ്ഥാനങ്ങളോട് ആര്‍ത്തി കൂടുന്ന ഇനത്തിലല്ല എം ജി എസ്. ശരിക്കും ചരിത്രപണ്ഡിതനാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്ത്യം പ്രവചിച്ച ധീരാത്മാവാണ്. ആ മഹാമനീഷിയുടെ പേരുവച്ച്, ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും സ്തുതിഗീതമെഴുതിയ ആള്‍ എത് ശേഖരന്‍നായരായാലും സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെയായാലും യുഎന്‍ പുരസ്കാരത്തിനര്‍ഹരാണ്. അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആലംബഹീനര്‍ക്കും ഇതുപോലുള്ള സേവനം ചെയ്തുകൊടുക്കുന്നതില്‍പരം പുണ്യപ്രവൃത്തി എന്തുണ്ട്. എം ജി എസ് യഥേഷ്ടം എഴുതിക്കോട്ടെ. കെ എം റോയിയെപ്പോലുള്ളവര്‍ എഴുതുന്നില്ലേ. അവരെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ? അതുകൊണ്ട് ആര്‍ക്കും വിഷമമൊന്നുമില്ലല്ലോ. ശാലുമേനോന്‍ കപ്പപ്പുഴുക്ക് കഴിച്ച ത്യാഗത്തെക്കുറിച്ച് വാര്‍ത്തയെഴുതിയ മനോരമയെ സഹിക്കുന്നതിനേക്കാള്‍ വലുതല്ല അതൊന്നും. പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഒളിവിലായതിനാല്‍ മനോരമയുടെ ജോലിഭാരം വര്‍ധിക്കും. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ഒ ജോലി പരിപൂര്‍ണമായി തലയിലല്ലേ.

ബെന്നി ബഹനാന് ഇപ്പോള്‍ പണിയൊന്നുമില്ല. ചെന്നിത്തല ഒരു ദുര്‍ബലനിമിഷത്തില്‍ ധൈര്യം വന്നപ്പോള്‍ വീക്ഷണത്തില്‍നിന്ന് പുറത്താക്കിയതാണ്. മനോരമയില്‍ സബ് എഡിറ്ററായി വയ്ക്കാവുന്നതേയുള്ളൂ. തിരുവഞ്ചൂരിന്റെ ജാതകദോഷം കൊണ്ട് ആഭ്യന്തരം കളഞ്ഞുകിട്ടാന്‍ സാധ്യതയുണ്ടെന്ന് ഏതോ ആഴ്ചപ്പതിപ്പിലെ വാരഫലം വായിച്ച് പുളകംകൊള്ളുന്ന ചെന്നിത്തലയുടെ തലയില്‍ ഇനി ഒന്നും കയറില്ല. മുരളീധരന്റെ കൂട്ടുകൊണ്ട് നട്ടെല്ലിന്റെ വളവ് അല്‍പ്പം മാറിയിട്ടേയുള്ളൂ- നിവര്‍ന്നിട്ടില്ല. തിരുവഞ്ചൂര്‍ എടുത്തു കളിച്ച് നശിപ്പിച്ച് നാനാവിധമാക്കിയ പൊലീസ് വകുപ്പിനെ ചാടിപ്പിടിച്ച് സ്വന്തമാക്കിയാല്‍ ചെന്നിത്തല രക്ഷപ്പെടും എന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെങ്കില്‍ അത്രയുംനന്ന്. എന്തായാലും എംസി റോഡിലൂടെയുള്ള തട്ടിപ്പിന്റെ ഒഴുക്ക് അതോടെ ദേശീയപാതയിലേക്കും വികേന്ദ്രീകരിക്കപ്പെടും.

Sunday, June 30, 2013

ചേറില്‍ വിരിഞ്ഞ പൊന്‍താമര

ഉലകം ചുറ്റും വാലിബന്‍ എന്ന് പറയാനാകില്ല. അവാര്‍ഡുംകൊണ്ട് വന്നപ്പോള്‍ തിരുവനന്തപുരം നഗരമാണ് ചുറ്റിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത കുറെ ഇടവഴിയും ഊടുവഴിയും അവാര്‍ഡ് ഭാരവുംപേറി ചുറ്റിയ ഉമ്മന്‍ചാണ്ടി ഉമ്മന്‍താണ്ടിയായി. ഭരണത്തിലെ ഒന്നാമന് നേരെചൊവ്വേ റോഡിലൂടെ സഞ്ചരിക്കാനാകുന്നില്ല. എവിടെച്ചെന്നാലും കരിങ്കൊടി. ജോപ്പന് ജയിലില്‍ ശ്വാസം മുട്ടുമ്പോള്‍ മൂപ്പന് ഒന്നാംനമ്പര്‍ കാറില്‍പോലും ശ്വാസംകിട്ടുന്നില്ല. സ്വയംകൃതാനര്‍ഥം എന്ന് പഴമക്കാര്‍ വിളിക്കുന്നത് ഇതിനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ല. ഓഫീസില്‍ എല്ലാവര്‍ക്കും തട്ടിപ്പിലാണ് ബിരുദം. ചെന്നിത്തല പറയുന്നത്, ഇനി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പാര്‍ടി കൊടുക്കും എന്നാണ്. മുരളീധരന്റെ സാക്ഷ്യം ജോപ്പനെക്കാള്‍ വലിയ സ്രാവുകള്‍ വേറെയുണ്ടെന്ന്. ജോപ്പനും സമ്മതിക്കുന്നു: പങ്കുപറ്റിയ ഉന്നതര്‍ വേറെയുണ്ട്. മോന്തായം വളഞ്ഞതിന്റെ ലക്ഷണമാണ്. ഉമ്മന്‍ചാണ്ടി ചേറില്‍ വിരിഞ്ഞ പൊന്‍താമര അഥവാ നല്ലവരില്‍ നല്ലവനും ചുറ്റുമുള്ളതാകെ കൊള്ളരുതാത്തവരും തന്നെ.

ഭരണത്തില്‍ സരിതോര്‍ജോല്‍പ്പാദനമല്ലാതെ വിശേഷിച്ചൊന്നും നടന്നിട്ടില്ല. രണ്ടുകൊല്ലം കഴിഞ്ഞു. ജോപ്പനും ജിക്കുവുമെല്ലാം കൊട്ടാരം പണിത് അതിവേഗവികസനത്തില്‍ മാതൃകയായി. മേത്തറുടെ ബിസിനസ് കടല്‍കടന്ന് ബഹുദൂരം വികസിച്ചു. പൊതുജനങ്ങള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ധര്‍മക്കഞ്ഞി വിളമ്പി. എന്നിട്ടും "ഒരു ലുക്ക്" ഇല്ലെന്ന തോന്നലിലാണ്, ഐക്യരാഷ്ട്രസഭയെ ശരണം പ്രാപിച്ചത്. ഏഷ്യാ പസഫിക്ക്, ബാന്‍ കി മൂണ്‍, യുഎന്‍ അവാര്‍ഡ്, പൊതുജനസേവനം എന്നൊക്കെ കേട്ടാല്‍ കേരളീയന്‍ കോരിത്തരിക്കും. മുക്കിലും മൂലയിലും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് വച്ചു- ഇതാ കേരളത്തിന്റെ അഭിമാനം എന്ന്. ആ അഭിമാനം മന്ദംമന്ദം സ്വീകരണങ്ങളേറ്റുവാങ്ങി വരുമ്പോഴാണ് നാട്ടുകാര്‍ നിരന്നുനിന്ന് കൂവുകയും കരിങ്കൊടി വീശുകയും ചെയ്യുന്നത്.

പണ്ട് കരുണാകരനെ വേട്ടയാടിപ്പിടിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചുകിട്ടുമെന്ന് കരുതിയതല്ല. എക്കാലത്തും ഇങ്ങനെ പത്രക്കാരെ സുഖിപ്പിച്ചും നാട്ടുകാരെ പറ്റിച്ചും കഴിയാമെന്ന് വച്ചതാണ്. ഭീഷണിയാകുമെന്ന് തോന്നിയ ചെന്നിത്തലയെ അധികാരക്കൊതിയനും കഴിവുകെട്ടവനുമാക്കി മൂലയ്ക്കിരുത്തി. പ്രതിപക്ഷം സമരംചെയ്താല്‍ അടിച്ചൊതുക്കും, സരിതയെ കാട്ടി ഭീഷണി മുഴക്കിയാല്‍ തെറ്റയിലിനെ വച്ച് തിരിച്ചടിക്കും, വഴിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ മനോരമയെടുത്ത് നാണം മറയ്ക്കും- ഇതായിരുന്നു ധൈര്യം. ഒടുക്കം മനോരമയുടെ ചികിത്സയൊന്നും പോരാതെവന്നിരിക്കുന്നു. ഇന്ന് പൊലീസ് പത്തുപേരെ തല്ലിയാല്‍ നാളെ നൂറുപേരെ തല്ലേണ്ടുന്ന സ്ഥിതി. തെറ്റയില്‍ വിഷയം തെറ്റിപ്പോയി. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും മന്ത്രിമാരായി വിലസുന്ന നാട്ടില്‍, തെറ്റയിലിനെ തെറിപ്പിക്കാന്‍ നോക്കിയാല്‍ ആരത് ഗൗനിക്കും?

എല്ലാറ്റില്‍നിന്നുമൊരാശ്വാസമായി യുഎന്‍ അവാര്‍ഡിനെയാണ് കണ്ടത്. അത് തനിത്തട്ടിപ്പാണെന്ന് ഇനിയാരും തെളിയിക്കേണ്ടതില്ല. ചെന്നിത്തല പഴയ മട്ടിലല്ല. കഴിവുകെട്ടവന്‍ എന്ന് എന്‍എസ്എസ് വിളിച്ചപ്പോള്‍, അവര്‍ക്കങ്ങനെ വിളിക്കാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞ വിധേയനല്ല ഇന്ന് താനെന്ന് ചെന്നിത്തലയ്ക്കുതന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു. മുരളീധരന്‍ രംഗത്തുവന്നതോടെ സംഗതികള്‍ ഉഷാറായി. ചെന്നിത്തലയ്ക്ക് പുതിയ ഊര്‍ജം കിട്ടി.

ചെന്നിത്തല പറഞ്ഞതാണെങ്കിലും ഒരര്‍ഥത്തില്‍ ലീഗ് ജീവിക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇടതുപക്ഷത്ത് പോകാന്‍ പറ്റില്ല. സ്വന്തമായി നിന്നാല്‍ മലപ്പുറം ജില്ലയിലും മലബാറിന്റെ ചില ഭാഗങ്ങളിലും കഷ്ടിച്ച് പിടിച്ചുനില്‍ക്കാം. കേരളം അതിനു പുറത്തുമുണ്ട്. ഒരു മുന്നണിയെയും ചാരിയില്ലെങ്കില്‍ നിയമസഭയില്‍ സാന്നിധ്യം രണ്ടക്കം തൊടില്ല. ആ പാര്‍ടി ഇന്ന് നാടുഭരിക്കുന്നത് ആരെക്കൂട്ടുപിടിച്ചും ഭരണംകിട്ടണം എന്ന കോണ്‍ഗ്രസിന്റെ ആര്‍ത്തിമൂലമാണ്. പണ്ട് സി കെ ജി മുന്നില്‍കണ്ട അപകടം സംഭവിച്ചിരിക്കുന്നു. ലീഗ് കോണ്‍ഗ്രസിന്റെ മുതുകില്‍ കയറിയിരിക്കുന്നു. ലീഗ് കണ്ണുരുട്ടിയാല്‍ ഭരണം വെള്ളത്തിലാകുമെന്നറിയാവുന്ന ഉമ്മന്‍ചാണ്ടി കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുവീഴുന്നു. ഇപ്പോള്‍ ലോക്സഭയില്‍ രണ്ടുസീറ്റുള്ള ലീഗിന് ഇനി മൂന്നുവേണമെന്നാണാവശ്യം. ഉമ്മന്‍ചാണ്ടി അതും കൊടുക്കും; ചെന്നിത്തല അടിയൊപ്പിടും. ഇല്ലെങ്കില്‍ അലുമിനിയം പട്ടേല്‍ ഇടുവിക്കും. വേണ്ടിവന്നാല്‍ പിണക്കംതീര്‍ക്കാന്‍ ആറാംമന്ത്രിയെക്കൂടി കൊടുക്കും.

ചത്ത കുതിര എന്നേ പണ്ട് നെഹ്റു പറഞ്ഞുള്ളൂ. പുതുമുറ ലീഗ് ഭ്രാന്തന്‍ കുതിരയാണ്. വേണ്ടിവന്നാല്‍ നരേന്ദ്രമോഡിയെ പാണക്കാട്ട് ക്ഷണിച്ചുവരുത്തി ആദരിക്കും. റോഡ് പണി ഇടവിടാതെ നടക്കണം, സര്‍ക്കാര്‍ വക ഭൂമിയെല്ലാം പതിച്ചെടുക്കണം എന്നൊക്കെയുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേ ലീഗിനുള്ളൂ. വല്ലപ്പോഴും എട്ടാം ക്ലാസുകാരനെ വൈസ് ചാന്‍സലറാക്കണമെന്നും അറബി വാധ്യാരെ സര്‍വകലാശാലാ രജിസ്ട്രാറാക്കണമെന്നും തോന്നും. പതിനാറുവയസ്സില്‍ കല്യാണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. അതിനപ്പുറമുള്ള കാര്യങ്ങള്‍ എസ്ഡിപിഐക്കാരാണ് ചെയ്യുന്നത്. ലീഗ് ഹൗസിലേക്ക് ഒരുവിധപ്പെട്ടവരൊന്നും കടന്നുചെല്ലില്ല. പുറത്ത് യൂത്ത് ലീഗിന്റെ കാവലാണ്. വി എസ് അച്യുതാനന്ദനെ മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വിടില്ലെന്നാണ് കാവല്‍ യൂത്ത് പ്രഖ്യാപിച്ചുകളഞ്ഞത്. ഇപ്പോള്‍ ചെന്നിത്തലയ്ക്കെതിരെ മുരളുന്നുമില്ല; കുരയ്ക്കുന്നുമില്ല. മുരളീധരന്‍ പറഞ്ഞതാണ് ശരി. വേറെ എങ്ങോട്ട് പോകാനാണ്? ആത്മാഭിമാനം മലപ്പുറത്തൊന്നും കിട്ടാനില്ലാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ലീഗിന് കൊള്ളാം.

*

ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ശാലുമേനോനാണ് താരം. സര്‍വപ്രതാപിയായ ടെന്നി ജോപ്പനുപോലും അകത്തുകിടക്കേണ്ടിവരുമ്പോള്‍ ശാലുവിനെ തൊടാന്‍ ഒരു കൊലകൊമ്പനും ധൈര്യമില്ല. ചീഫ് വിപ്പിന്റെ വാക്കുകള്‍ക്ക് പണ്ടുകാലത്തൊക്കെ വിലയുണ്ടായിരുന്നു. എന്തുപറഞ്ഞാലും ഉമ്മന്‍ചാണ്ടി അനുസരിക്കുമായിരുന്നു. ശാലുമേനോന്റെ കാര്യം വന്നപ്പോള്‍ പി സി ജോര്‍ജ് പുറത്ത്. സ്ത്രീ ശാക്തീകരണം യുഡിഎഫിന്റെ മുഖ്യ അജന്‍ഡയാണെന്ന പ്രഖ്യാപനം വെറുതെയല്ല. ശാലുവിനെയും സരിതയെയും പോലെ ശക്തിയുള്ള സ്ത്രീകളെ സൃഷ്ടിക്കുന്നത് നിസ്സാരകാര്യവുമല്ല. സരിത തമിഴ്നാട്ടിലെ തലൈവി ശൈലിയില്‍ പട്ടുസാരിയില്‍ ചുറ്റിയാണ് പൊലീസ് പരിചാരകരോടൊപ്പം നടപ്പും കിടപ്പും. ദിവസവും ഓരോ സാരി. മേക്കപ്പ് സാമഗ്രികളും ഇഷ്ടഭോജ്യങ്ങളും ജനമൈത്രി പൊലീസ് യഥാസമയം എത്തിക്കുന്നു.

ശാലുവിന്റെ എല്ലാ ചിത്രങ്ങളും പൊലീസ് കൊണ്ടുപോയി. ഗൃഹപ്രവേശത്തിന് തിരുവഞ്ചൂരിനൊപ്പം പാല്‍പ്പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ചിത്രം ഒരു ഡിവൈഎസ്പി കൊണ്ടുപോയി ചുട്ടുകളയുകയായിരുന്നത്രെ. ശാലുവിന്റെ ശാലീനത തുളുമ്പുന്ന പലതും ഇന്റര്‍നെറ്റിലുണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല. ഒരര്‍ഥത്തില്‍ കലാകാരിയോട് കൊടുംക്രൂരതയാണ് പൊലീസ് ചെയ്യുന്നത്. അവരുടെ അഭിനയമികവ് വ്യക്തമാക്കുന്ന ഹ്രസ്വചിത്രങ്ങള്‍പോലും പിന്‍വലിച്ചുകളഞ്ഞു.

ഇന്നലെവരെ പൊലീസിനെയും മന്ത്രിമാരെയും ഉള്ളംകൈയിലിട്ട് കളിച്ച ജോപ്പന് പത്തനംതിട്ട ജയിലില്‍ ശ്വാസംമുട്ടുന്നത് സരിതയുടെ സുഖവാസമോ ശാലുമേനോന്റെ മൂന്നരക്കോടിയുടെ വീട്ടിലെ സുഖനിദ്രയോ ഓര്‍ത്തിട്ടല്ല. തനിക്കില്ലാത്ത എന്ത് സ്വാധീനമാണ് സരിതയ്ക്കും ശാലുവിനുമുള്ളത് എന്ന് ചിന്തിച്ചിട്ടുമല്ല. രാമനെ ഓര്‍ത്ത് തപിക്കുന്ന ഹനുമാന്റെ ഹൃദയമാണത്. തന്റെ "സ്വാമി"യുടെ നെഞ്ചിടിപ്പ് കൂടുന്നോ കുറയുന്നോ എന്നുള്ള ആധിയാണ് കാരാഗൃഹത്തില്‍ ജോപ്പന്‍ എന്ന വിശ്വസ്തവിധേയന് ശ്വാസതടസ്സം സൃഷ്ടിക്കുന്നത്. ഒരവസരം കിട്ടിയിരുന്നെങ്കില്‍, തിരുവഞ്ചൂരും കെ സി ജോസഫും കുഞ്ഞൂഞ്ഞിനെയും കൊണ്ട് പത്തനംതിട്ട ജയിലിലെത്തിയേനെ. ജോപ്പനാണല്ലോ രാപ്പനി കൃത്യമായി അറിയുക.

*

തിരുവഞ്ചൂരിന്റെ പൊലീസില്‍ മണത്തുപിടിക്കാന്‍ നല്ല പരിശീലനം കിട്ടിയ ഇനങ്ങള്‍ ഒട്ടേറെയുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസില്‍, കുഞ്ഞനന്തന്‍ പോയ വഴിയിലെ ആലയില്‍ കെട്ടിയ പശുപോലും പ്രതിയെ ഒളിപ്പിച്ച കേസില്‍ പ്രതിയാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഫേസ് ബുക്കില്‍ എഴുതിയാല്‍ സസ്പെന്‍ഷന്‍. തെറ്റയിലിന് ജാമ്യമില്ലാത്ത വകുപ്പ്. ശാലുമേനോന്‍ ആരെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചില്ല എന്നാണ് മണത്ത് തീരുമാനിച്ചത്. ചെയ്തതൊന്നും കുറ്റകൃത്യമല്ല എന്ന്. ജോപ്പനുപുറമെ ജിക്കുവും സലിം രാജും പിടിയിലായാലും ശാലുവിന് ഊനമുണ്ടാകില്ല. ആ സ്വാധീനത്തിന്റെ ശക്തി തിരുവഞ്ചൂരിനേ അറിയൂ.

Sunday, June 23, 2013

ആ പേരുമാത്രം പറയരുത്

ഉപമുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചര്‍ച്ച ഉപജാപക മുഖ്യമന്ത്രിയിലാണ് ചെന്നിടിച്ചത്. ഇടിയുടെ ശക്തി അപാരംതന്നെ. രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവാണ്. ഇങ്ങനെയൊരു വിരൂപാവസ്ഥയില്‍ രക്ഷപ്പെട്ടതുകൊണ്ടും വലിയ പ്രയോജനമില്ല. നാലുപേരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത പരുവമായി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള വിവാദം എന്ന് എല്ലാവരും പറയുന്നത് ഒന്നൊന്നര മാന്യതയുള്ളതുകൊണ്ടാണ്. പ്രതിഷ്ഠതന്നെയാണ് കേന്ദ്രസ്ഥാനത്ത്. ജോപ്പന്‍, ജിക്കു, സലിം, പയ്യന്‍-ഇങ്ങനെയെല്ലാം പല പേരുകളുണ്ടാവാം. കാലഭൈരവന്‍ രാവിലെ എണീറ്റപ്പോഴുണ്ടായ തോന്നലിലല്ല ദക്ഷനെ കൊല്ലാന്‍ പോകുന്നത്. പരമശിവന്‍ കല്‍പ്പിച്ച് അയക്കുന്നതാണ്. ഭൂതഗണങ്ങള്‍ തന്‍കാര്യം നോക്കികളായാല്‍ പരമേശ്വരന്റെ ഗതി അധോഗതിയാകും. നവ ലിബറല്‍ കാലമായതുകൊണ്ട് ഭൂതഗണങ്ങള്‍ക്ക് യജമാന സേവയ്ക്കൊപ്പം അല്‍പ്പം തന്‍കാര്യവും ആകാം എന്നുണ്ട്. അതുകൊണ്ടാണ് യജമാനനുവേണ്ടി നാലു വിളി തികയുമ്പോള്‍ ജോപ്പന്‍ സ്വന്തമായി സരിതയെ ഒരുവട്ടമെങ്കിലും വിളിച്ചത്.

മൂന്നുകൊല്ലംകൊണ്ട് തൊള്ളായിരം കോടി ഉണ്ടാക്കിയപ്പോള്‍ നീര റാഡിയയുടെ ഫോണ്‍ ചേര്‍ത്തണമെന്നാണ് കേന്ദ്രത്തിലെ പൊലീസിന് തോന്നിയത്. ഇവിടെ സരിതയുടെ ഫോണ്‍ മുക്കണമെന്നാണ് തിരുവഞ്ചൂരിന് തോന്നുന്നത്. സരിതയുടെ ആറു മൊബൈല്‍ഫോണില്‍ ഒരെണ്ണമേ പുറത്തുവന്നിട്ടുള്ളൂ. അതുതന്നെ ഇത്രയും മുഴുത്തതാണെങ്കില്‍, അന്വേഷിക്കാതെ വിട്ട നമ്പരുകളുടെ രഹസ്യം പുറത്തുവന്നാലത്തെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.

സരിത എന്തെല്ലാം തട്ടിപ്പു നടത്തി എന്നതിലല്ല തിരുവഞ്ചൂരിന്റെ കണ്ണ്. ഫോണ്‍വിവരം എങ്ങനെ കൈരളി ചാനലിന് കിട്ടി എന്നാണ് കൂലങ്കഷമായ അന്വേഷണം. പൊലീസില്‍ മനുഷ്യനുമുണ്ട്; പൊലീസ് നായയുമുണ്ട്. മൃഗങ്ങളാകുമ്പോള്‍ യജമാന സ്നേഹം അല്‍പ്പം കൂടും. സ്നേഹമുള്ള ഏതാനും പൊലീസ് നായ്ക്കള്‍ക്കാണത്രെ ,"ഫോണ്‍ ചോര്‍ച്ചയുടെ" അന്വേഷണച്ചുമതല. നന്നായി മണംപിടിച്ച് അവ കണ്ണൂരിലാണ് വട്ടം കറങ്ങുന്നത്. പാവപ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് വട്ടമിട്ടിരിക്കുന്നത്. അവര്‍ക്കുചുറ്റും മുക്രയിടുകയും കുരയ്ക്കുകയും കടിക്കാനോങ്ങുകയും ചെയ്യുകയാണ് അന്വേഷി ശ്വാനപ്പട.

നിഷ്പക്ഷ ഭരണമാണ്. പൊലീസ് ഒരു പക്ഷത്തേക്കും നോക്കില്ല. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അടുക്കളക്കാരനായ സലിം രാജ് എന്ന പൊലീസ് ഗുണ്ടയുടെ റിയല്‍എസ്റ്റേറ്റിന് പൊലീസ് കാവലുണ്ട്. ഒരു പൊലീസുകാരന്റെ ഫേസ് ബുക്കിലേക്ക് ആരോ സരിതാ ചരിതം ഷെയര്‍ചെയ്ത കുറ്റത്തിന് പാവത്തിന്റെ തൊപ്പി പോയി. സലിം രാജ് അല്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ്. മറ്റുള്ളവരുടെ മാന്യതയാണ് കുറ്റവാളികളുടെ ബലം. ഉമ്മന്‍ചാണ്ടിയുടെ അപരാധത്തിന് അരികിലെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ പുതുപ്പള്ളിയില്‍ എന്നേ ഒരു വിശ്രമജീവിതാശ്രമം ഉയര്‍ന്നേനെ. കാര്യശേഷിയില്ലാത്തവര്‍ കാറിത്തീരുമ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ നിഷ്കാസനപ്പട്ടികയില്‍ ചെന്നിത്തലയുടെ അടുത്ത തലമുറവരെ സ്ഥാനം പിടിക്കും.

സരിതയുടെയും ശാലുമേനോന്റെയുമൊക്കെ വീട്ടില്‍ ഇടയ്ക്കിടെ പൊലീസ് കയറി റെയ്ഡ് നടത്തുന്നത് തട്ടിപ്പ് പിടികൂടാന്‍തന്നെ. ഓരോ റെയ്ഡിലും കിട്ടുന്നത് വിലപ്പെട്ട തെളിവുകള്‍. മന്ത്രിയുടെ കോമഡി വീഡിയോ. മുഖ്യന്റെ കത്ത്. മീശയുള്ളതും ഇല്ലാത്തതുമായ പൊലീസേമാന്മാര്‍ അഭിനയിച്ച ഹ്രസ്വചിത്രങ്ങള്‍. സൗരോര്‍ജം ജ്വലിച്ചുയരുന്നതിന്റെയും പാനലുകള്‍ ചൂടേറ്റ് വിയര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍-ഇങ്ങനെ പലതും റെയ്ഡിലൂടെ പിടിച്ചെടുത്തുകഴിഞ്ഞു. ഇത്രയും മെച്ചപ്പെട്ട പൊലീസ് വേറെവിടെയുണ്ട്? സരിതയ്ക്ക് കോടതിയില്‍ പോകുമ്പോള്‍ മാറിമാറിയിടാന്‍ രണ്ടുഡസന്‍ സാരിയേ എത്തിച്ചുള്ളൂ എന്നതാണ്് ഒരു പാകപ്പിഴ. നൈറ്റ് ഡ്രസിന്റെയും പെര്‍ഫ്യൂമിന്റെയുമൊക്കെ എണ്ണം കൂട്ടി കസ്റ്റഡിവാസം കഷ്ടരഹിതമാക്കാനുള്ള സ്ത്രീപക്ഷ ചിന്താഗതി പൊലീസിനുണ്ടാകണം.

വാത്സ്യല്യവാരിധികളാകണം പൊലീസ്് എന്ന് തിരുവഞ്ചൂര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. അത് ശിരസ്സാവഹിച്ച ഒരു ഏമാന് സരിതയോട് ഒടുക്കത്തെ വാത്സല്യം. അത് തരളിതമായ നേരത്ത്, വത്സലയ്ക്ക് വേണ്ടത് ഏമാന്റെ കോമളവദനത്തില്‍ മാറിമറിയുന്ന നവരസങ്ങളുടെ തത്സമയ ചിത്രീകരണം. തകര്‍ത്തഭിനയിച്ച ആ വീഡിയോ ആദ്യം അപ്രത്യക്ഷമായ തെളിവുകളില്‍പെടുന്നു. ലാപ്ടോപ്, ക്യാമറ, ഫയലുകള്‍ എന്നിങ്ങനെ അത്തരം അനേക രംഗങ്ങള്‍ ഇന്ന് പൊലീസ് കസ്റ്റഡിയിലുണ്ട്. ആരും ആര്‍ക്കെതിരെയും ഉപയോഗിക്കില്ല. ഉപയോഗിച്ചാല്‍ ചാണ്ടിക്കെതിരെ തിരിയുന്ന തൊമ്മനും അകത്താകും. പൊലീസിന് തെളിവിനെ പേടി, മന്ത്രിക്ക് സരിതയെ പേടി, സരിതയ്ക്ക് ബിജുവിനെ പേടി, എല്ലാവര്‍ക്കും ശാലുവിനെ പേടി.

നാടാകെ നടന്നും പറന്നും തട്ടിപ്പുകാട്ടിയ പെമ്പ്രന്നോത്തിയുടെ കേസന്വേഷണം കണ്ടാല്‍ വല്ല നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുപോലെ തോന്നും. പാതിരാത്രിയിലും പുലര്‍ച്ചെയും ഫോണ്‍വിളിച്ച് സൊള്ളിയതിന്റെ സുഖത്തില്‍ സര്‍ക്കാരിന്റെ മുതല്‍ കാണിക്കവച്ച ഒന്നാംതരം മോഷ്ടാക്കളെ ചോദ്യംചെയ്യുന്നത് സംസ്ഥാനത്തിന്റെ പൊലീസ് തലവന്റെ പദവിയിലുള്ളയാളാണ്. ചോദ്യം ചെയ്യലിനായി ജിക്കുമോന്‍ ഇരുന്നു പ്രവേശിച്ചു; സലിം രാജ് ചിരിച്ച് മണ്ണുകപ്പിയെന്ന് മാധ്യമ വിവരണം.

ശാരദ, ഷീല തുടങ്ങിയ പഴയകാല നടികള്‍ കോണ്‍ഗ്രസുകാരികളുമാണ്. ഷീല കോണ്‍ഗ്രസ് കൊടിയെടുത്ത് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ദാഹിച്ച് മോഹിച്ച് കഴിയുന്നു. പ്രതിഭ തെളിയിച്ച മലയാള നടികള്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് സിനിമ കണ്ടാല്‍ മനസിലാകും-കൊള്ളാവുന്നതോ അല്ലാത്തതോ എന്ന്. അവര്‍ക്കൊന്നുമില്ലാത്ത എന്താണ് ശാലുമേനോനില്‍ കൊടിക്കുന്നില്‍ സുരേഷ് കണ്ടതെന്നറിയില്ല. അംബികാ സോണി ഒരു പെണ്‍പേര് വേണമെന്ന് പറഞ്ഞു-അപ്പോള്‍തന്നെ സെന്‍സര്‍ ബോഡിലേക്ക് ഞാന്‍ ശാലുവിെന്‍റ പേര് കൊടുത്തു എന്നാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. ഇന്ത്യന്‍ സിനിമ പരിശോധിച്ച് അഡല്‍റ്റ്സ് ഒണ്‍ലിയാണോ അല്ലാത്തതാണോ എന്ന് തീരുമാനിക്കാന്‍ കഴയുന്ന മഹാപ്രതിഭയെയാണ് കൊടിക്കുന്നില്‍ ശാലുമേനോനില്‍ ദര്‍ശിച്ചത്. ഒരുപക്ഷേ, ശാലു അഭിനയിച്ച് യുട്യൂബില്‍ പ്രചരിക്കുന്ന ഏതെങ്കിലും ചിത്രം കണ്ടപ്പോള്‍ തോന്നിയതാകാം. കേന്ദ്രമന്ത്രിക്ക് സീരിയല്‍ കാണാനും തിയറ്ററില്‍ പോയിരിക്കാനും സമയം കിട്ടാനിടയില്ലല്ലോ.

ശാലുവിന്റെ കഴിവ് കണ്ടെത്തിയ മറ്റൊരാള്‍ സാക്ഷാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെയാണ്. എംസി റോഡിലൂടെ കോട്ടയത്തേക്ക് പോകുമ്പോള്‍ ഒരുദിവസം വെറുതെ അദ്ദേഹം ശാലുമേനോന്റെ വീട്ടില്‍ കയറി. അന്ന് അവിടെ ഗൃഹപ്രവേശമായിരുന്നു. ചെന്നയുടനെ കൈപിടിച്ച് അകത്തുകയറ്റാന്‍ ഒരാള്‍ വന്നു. സ്നേഹനിര്‍ഭരമായ സ്വീകരണം. സെന്‍സര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആദരിച്ച കലാകാരിയോടും കൂടെയുള്ളവരോടും കുശലം പറഞ്ഞ്, അവരുടെ ആതിഥ്യം നന്ദിപൂര്‍വം സ്വീകരിച്ച് മടങ്ങി. അന്ന് ചിലരൊക്കെ ചില ചിത്രങ്ങളും വീഡിയോയും എടുത്തിരുന്നു. സരിതോര്‍ജത്തിന്റെ അനിയന്ത്രിത പ്രവാഹത്തിനിടെ ആ ചിത്രങ്ങള്‍ തേടി ചിലര്‍ എത്തും എന്ന് മനസിലാക്കിയാണ്, പൊലീസിലെ കഴിവുള്ള ചിലരെ വിട്ട് ചിത്രവും വീഡിയോയും എടുത്തു മാറ്റിച്ചത്. അതൊരു കുറ്റമാണോ? പണ്ട്, ദല്ലാള്‍ നന്ദകുമാറിന്റെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് തിരുവഞ്ചൂരിന് ദല്ലാളുമായെന്ത് ബന്ധം എന്നു ചോദിച്ചത് മറന്നിട്ടില്ല. അതുപോലെ, ശാലു മേനോനും തിരുവഞ്ചൂരും തമ്മിലെന്ത് എന്ന ചോദ്യം വന്നാല്‍ സംഗതി കുഴയും. അതിനുള്ള തെളിവുകള്‍ സ്വന്തം കൈയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പൊലീസ് മന്ത്രി?

ശാലു എന്ന കലാകാരി, പഠിക്കുന്നകാലത്ത് മിടുമിടുക്കിയായിരുന്ന സരിത നായര്‍, കലാസ്നേഹികളായ ജിക്കുജോപ്പന്‍മാര്‍-ഇവരെയെല്ലാം വേട്ടയാടുന്നത് കഷ്ടംതന്നെ. സരിതയുടെ ഊര്‍ജ സംരക്ഷണത്തോടുള്ള ആത്മാര്‍ഥത കണ്ട് കേന്ദ്രമന്ത്രി വേണുഗോപാലിന്റെ മനസ്സില്‍ തീയോ തീപ്പൊരിയോ ഉണ്ടായി എന്ന് മറ്റൊരു കഥയുമുണ്ട്. ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് പറഞ്ഞതുപോലെയാണ്. ഒരു സരിതക്കഥ പറഞ്ഞുവേണം വേണുഗോപാലിനെ മലയാളി മനസിലാക്കാന്‍ എന്ന്. ആ മഹാനുഭാവനായ രാഷ്ട്രീയ നേതാവിനെ കടന്നപ്പള്ളി മുതല്‍ ദുബായ് വഴി അങ്ങ് ഡല്‍ഹിവരെയുള്ള ജനസാമാന്യം ഇത്രമാത്രം നിസ്സാരനായി കാണാന്‍ പാടില്ലതന്നെ. സരിത എന്ന ചാരസുന്ദരി കയറിച്ചെന്ന് വേണുഗോപാലിന്റെ ഊര്‍ജ രഹസ്യം ചോര്‍ത്തിയെടുത്തു എന്നൊന്നും പറയാന്‍ പാടില്ല. ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും തുറക്കാം; തുരക്കുകയുമാവാം.

സരിതയോടൊപ്പം വിവിധ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതിലും കുറ്റം പറയാന്‍ കഴിയില്ല. ഊര്‍ജസംരക്ഷണത്തിനും വികസനക്കുതിപ്പിനും ഉതകുന്ന സ്ഥാപനങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകതന്നെ വേണം. സരിതയെ കൊണ്ടുനടക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് പ്രത്യേക ഡ്യൂട്ടി കൊടുക്കണം. ഇരുപത്തിനാലുമണിക്കൂര്‍ കോള്‍സെന്ററില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഇരുത്തി സരിതകേരളത്തിെന്‍റ ഭാവി സുരഭിലമാക്കണം. ഈ ശുഷ്കാന്തി അതിവേഗ വികസനത്തിന്റെ ഭാഗമായി അഭിനന്ദിക്കപ്പെടണം.

ഉമ്മന്‍ചാണ്ടിക്ക് "എ"ഗൂപ്പ് നേതാവ് എന്നാണ് വിശേഷണം. എ യുടെ പൂര്‍ണരൂപം ഏത് എന്നതിലാണിപ്പോള്‍ സംശയം. അതേതായാലും ആന്റണിയല്ല. ആന്റണിയെ രാജിവയ്പിച്ച് കേന്ദ്രമന്ത്രിയാക്കിയതില്‍പിന്നെ, എ ഗ്രൂപ്പില്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന "ഉ" ഗ്രൂപ്പേയുള്ളൂ. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള സിനിമകളുടെ പോസ്റ്ററിലാണ് ഇപ്പോള്‍ എ കാണുന്നത്. അതുകൊണ്ടുതന്നെയാകാം, ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ "എ" എന്നുമാത്രം ഉപയോഗിക്കുന്നത്. അവിടെയാണ് ഔചിത്യം. ഭരണസിരാകേന്ദ്രത്തിന് പുതിയ മുഖം നല്‍കാനും സരിത പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഖജുരാഹോയിലോ മറ്റോ പോയി തൂണുകള്‍ക്ക് ശില്‍പ്പചാരുത ആവാഹിക്കാന്‍ ഫിറോസിനെ വിടാനിരുന്നതാണ്. വികസന വിരോധികള്‍ എല്ലാം തകര്‍ത്തു. ഇനിയിപ്പോള്‍ സരിതചാരുതയോ ശാലുചാരുതയോ മതി എന്നുവയ്ക്കാം. എന്തായാലും ശാലുവിന്റെ പേരുമാത്രം ഇനിയാരും പറയരുത്. അത് കൊടിക്കുന്നില്‍ പറഞ്ഞുപോയി. ഇനി പറയുന്നവന്‍ ക്രൈംകുമാര്‍ തൊട്ടാലത്തെ ഗതിയിലാവും-നാറി നാനാവിധമാക്കുമെന്ന്.

*
പ്രതിപക്ഷത്തിനെതിരായി വിവാദങ്ങള്‍ തേടിപ്പിടിക്കാന്‍ പയ്യന്‍സ് പുറപ്പെട്ടിട്ടുണ്ട്. എല്ലാം ഭംഗിയായി കലാശിച്ചാല്‍, മൂന്നാറിലെ റിസോര്‍ട്ടിലാണ് ജോപ്പന്റെ പാര്‍ടി. പൊലീസ് ശേഖരത്തിലുള്ള ചില സരിതോര്‍ജ വീഡിയോകളുടെ സൗജന്യ പ്രദര്‍ശനവുമുണ്ടാകും. പൊലീസ് യൂണിഫോമില്‍ തിരുമ്മുചികിത്സ പ്രാക്ടീസ് ചെയ്യുന്ന കൊമ്പന്മാരുടെ കുമ്മിയടി ഉല്ലാസം പകരും. പയ്യന്‍സിന് അത്രയും മതി-അടുത്ത അറ്റാക്കിന് ഊര്‍ജം തരാവും.

Sunday, June 16, 2013

"ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ"

ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം വാങ്ങിയ മുഖ്യമന്ത്രിയാണ്. ""കഷ്ടിച്ച് നാലുമണിക്കൂര്‍ ഉറക്കം. രാവിലെ ആറ് ആറരയോടെ ഉണരും. ചെറിയൊരു പ്രാര്‍ഥനയുണ്ട്. അതുകഴിഞ്ഞ് പത്രങ്ങളിലൂടെ കണ്ണോടിക്കും. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ തറയിലിരുന്നാണ് പത്രവായന. ചുറ്റും കടലാസുകൂമ്പാരം കാണും. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന രണ്ട് ഫോണും. ഫോണ്‍കോളുകളെല്ലാം നേരിട്ടെടുക്കും."" എഴുപതാംവയസ്സിലേക്ക് കടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞുകുഞ്ഞു കഥകള്‍ വിശ്വസ്ത അനുയായി പി ടി ചാക്കോ ഇങ്ങനെ എഴുതിയിട്ടുണ്ട്. എഴുതിയതാകെ പുസ്തകമായും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നാട്ടില്‍ രണ്ടുനേരം ലോഡ്ഷെഡിങ്ങുള്ളപ്പോഴും ഉമ്മന്‍ചാണ്ടിക്ക് ഊര്‍ജത്തിന് കുറവില്ല. സൗരോര്‍ജമാണോ സരിതോര്‍ജമാണോ ഈ കര്‍മകുശലതയ്ക്ക് കാരണമെന്ന് അടുത്ത പത്രക്കുറിപ്പിലെങ്കിലും രമേശ് ചെന്നിത്തല വ്യക്തമാക്കേണ്ടതുണ്ട്. ഒരു മുഖ്യമന്ത്രിക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകേസ് ഇന്നുവരെ കേരളം കേട്ടിട്ടില്ല. വെറുതെയല്ല ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുക്കാത്തത്. ഊര്‍ജസംരക്ഷണം തിരുവഞ്ചൂരിന്റെ പണിയാണ്. പൊലീസുകാരാണ് ഇപ്പോള്‍ സരിതാ എസ് നായരുടെ അംഗരക്ഷകര്‍.

ചെന്നിത്തലയുടെയും സുകുമാരന്‍നായരുടെയും ഫോണ്‍ ചോര്‍ത്തുന്ന പൊലീസുകാരന് സരിതാ എസ് നായരുടെ നായരെ കണ്ടാല്‍ മുട്ടുവിറയ്ക്കും. ഒരുമണിക്കൂര്‍ നേരമാണ് ആ നായര്‍ നിര്‍ഭയ നിഷ്പക്ഷ മാധ്യമത്തില്‍ ഫോണിലൂടെ ചാനലിലേക്ക് പ്രവേശിച്ചത്. എവിടെനിന്ന് ഏതു നമ്പരിലേക്ക് വിളിച്ചു എന്ന് ഏത് പൊലീസുകാരനും മനസ്സിലാക്കാനുള്ള സംവിധാനമെല്ലാം തിരുവഞ്ചൂരിന്റെ കൈയിലുണ്ട്. തട്ടിപ്പുകാരന്‍ നിര്‍ഭയം നിരന്തരം ചാനലിനോട് സംസാരിക്കുമ്പോള്‍ത്തന്നെ ചെന്നുപിടിക്കാമായിരുന്നു. അതല്ലെങ്കില്‍ കുറ്റവാളി എവിടെയുണ്ടെന്ന് രാജ്യസ്നേഹപരമായ ഒരു ചോദ്യം ചാനലുകാരോട് ചോദിച്ച്, നിയമവാഴ്ചയെ സ്നേഹിക്കുന്ന അവരില്‍നിന്ന് മറുപടി വാങ്ങാമായിരുന്നു.

സരിതയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ന്നത് പൊലീസില്‍നിന്ന് എന്നും അതേക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കും എന്നുമാണ് മാതൃഭൂമിയുടെ ആവേശവാര്‍ത്ത. വിവരം ചോര്‍ന്നതാണ് കുറ്റം- പാതിരാവിലും പുലര്‍ച്ചെയും ഉമ്മന്‍ചാണ്ടിയുടെ ചുറ്റുവട്ടത്തുനിന്ന് വിളി പോയതല്ല. ചെന്നിത്തലയ്ക്ക് ആശ്വാസത്തിന് വകയുണ്ട്. ഐ ഗ്രൂപ്പില്‍നിന്ന് ഒരു സുബ്രഹ്മണ്യന്റെ പേരേ പാപിപ്പട്ടികയില്‍ വന്നിട്ടുള്ളൂ. സരിതാ എസ് നായരെ രക്ഷിച്ചില്ലെങ്കില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ വനവാസത്തിന് പോകേണ്ടിവരും. വീട്ടിലും പറ്റില്ല; നാട്ടിലും പറ്റില്ല എന്ന സ്ഥിതിയുണ്ടാകും. ഇത്രയും വലിയ തട്ടിപ്പു നടത്തുന്ന സരിതയ്ക്ക് കൂട്ടാളികളെ കുടുക്കാനുള്ള വിദ്യയും വശമുണ്ട്. വിളിച്ചവരുടെയും കണ്ടവരുടെയും എല്ലാ തെളിവും നല്ല സൂര്യതാപത്തോടെതന്നെ സൂക്ഷിച്ചിട്ടുണ്ടത്രേ. തള്ളിപ്പറയുന്നവര്‍ കുടുങ്ങും.

സരിതയുടെ ഓഫീസിലും മുറിയിലുമെല്ലാം ഒളിക്യാമറയുണ്ടെന്നാണ് പറയുന്നത്. ചിത്രസഹിതമാണത്രേ തെളിവ്്. അത് കിട്ടിയാല്‍ അതുപോലെ പുറത്തുപറയുന്ന പൊലീസാണ് തിരുവഞ്ചൂരിന്റേത്. അതുകൊണ്ട് ക്യാമറയൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പുകാരിക്ക് പൊലീസ് കസ്റ്റഡിയില്‍ സുഖവാസമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുഹൃത്തിനെ ദ്രോഹിക്കാന്‍ പാടില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കണം; ജീരകവെള്ളം ചൂടാറാതെ വേണം. ഊണുകഴിഞ്ഞാല്‍ ഐസ്ക്രീമുമാകാം. സരിത എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ കുടുങ്ങുന്നത് ചില്ലറക്കാരൊന്നുമല്ല. മലയാളമനോരമക്കാരന്‍ സ്വന്തം ലേഖകന്മാരെ വിളിച്ച് ആജ്ഞാപിച്ചത്, സരിതയെയും സിപിഐ എമ്മിലെ ആരെയെങ്കിലും ബന്ധപ്പെടുത്തി വാര്‍ത്ത തന്നിരിക്കണം എന്നാണ്. ബന്ധമോ തെളിവോ വേണമെന്നില്ല, വാര്‍ത്ത മതി. പണ്ടൊരിക്കല്‍, എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കാണാന്‍ സരിത സ്വപ്നം കണ്ടിരുന്നു എന്ന വാര്‍ത്ത കൊടുത്താണ് ഒരു ലേഖകന്‍ ആജ്ഞാനുവര്‍ത്തിയായത്്.

പൊലീസിന് കിട്ടിയ ഒളിക്യാമറ കത്തിച്ചുകളഞ്ഞാല്‍ അത്രയും നല്ലത്. ഒരു കൂട്ടദുരന്തം ഒഴിവാക്കാന്‍ തിരുവഞ്ചൂരിന് ബാധ്യതയുണ്ട്. ആ ക്യാമറ ഐ ഗ്രൂപ്പുകാരുടെ കൈയില്‍ കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് മറിയം റഷീദയെയും നമ്പി നാരായണനെയും വച്ച് കളിച്ചതിന്റെ ദുരന്തം അനുഭവിച്ചവരും അവരുടെ മക്കളുമെല്ലാം ജീവനോടെയുണ്ടെന്ന് തിരുവഞ്ചൂരിനെങ്കിലും ഓര്‍മയുണ്ടാകണം. ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇന്നലെ ചെന്നിത്തലയെ അധികാരത്തിന് ആര്‍ത്തിമൂത്ത നേതാവെന്ന് വരുത്തിത്തീര്‍ത്ത് തെരുവിലിട്ട് തട്ടിയ ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തിന് ദൈവമാണ് മറുപടി കൊടുത്തതുപോലും. കഷ്ടപ്പെട്ട് വാര്‍ത്ത കണ്ടെത്തി ഉമ്മന്‍ചാണ്ടിയുടെ ഉള്ളുകള്ളി പുറത്തുകൊണ്ടുവന്ന കൈരളി- പീപ്പിള്‍ ചാനലിനും പി വി കുട്ടന്‍ എന്ന ലേഖകനും ക്രെഡിറ്റില്ല; എല്ലാം ദൈവത്തിന് സമര്‍പ്പിതം. അങ്ങനെയെങ്കില്‍ അങ്ങനെ. ഉമ്മന്‍ചാണ്ടി വിശുദ്ധനാണെന്ന് ഇനി മലയാളമനോരമപോലും പറയില്ലല്ലോ എന്ന് സമാധാനിക്കാം.

ആപത്തുകാലത്ത് എന്തും സംഭവിക്കും എന്നാണ്. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ വരും. രക്ഷകര്‍ പാമ്പായി മാറും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് ഏഷ്യാനെറ്റ് ഇറങ്ങിയത്. മുഖ്യപ്രതിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവായി അത് മാറി. ഡല്‍ഹിയിലെ ജോപ്പനായ കുരുവിള ശ്രമിച്ചത് ഒരുവട്ടമേ ഉമ്മന്‍ചാണ്ടി സരിതയെ കണ്ടിട്ടുള്ളൂ എന്ന് സ്ഥാപിക്കാനാണ്. വിജ്ഞാന്‍ഭവനിലെ അതീവസുരക്ഷാ മേഖലയില്‍പ്പോലും സരിതയെ മുഖ്യമന്ത്രി കണ്ടു എന്ന പുലിവാല്‍ വെളിപ്പെടുത്തലായി അത് മാറി. പി സി ജോര്‍ജാണെങ്കില്‍, ഗണേശ്കുമാറിനെ വലിച്ചുകൊണ്ടുവന്ന് അരക്കൈ നോക്കി. ഒരര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് മുറുക്കിയത് ജോര്‍ജാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ജോപ്പന്റെ വിളി നടന്നതെന്നതിന് ജോര്‍ജിന്റെ മൊഴി ധാരാളമായി.

എങ്ങനെയാണ് ഈ തട്ടിപ്പുകാരൊക്കെ പി സി ജോര്‍ജിന്റെ സമക്ഷത്തിലെത്തുന്നത്? ഭൂമികൈയേറ്റക്കേസും വ്യഭിചാരക്കേസും അവിഹിതക്കേസും സോളാര്‍ തട്ടിപ്പുകേസുമൊക്കെ കൈകാര്യംചെയ്യുന്ന ഏജന്‍സി ഇപ്പോള്‍ ജോര്‍ജാണ്. ഗണേശിന്റെ അവിഹിതക്കേസില്‍ ജോര്‍ജ് ഒരു ഭാഗത്തുണ്ട്. സരിതയുടെ നായരെ ചാടിക്കുന്നതും പറയിക്കുന്നതും ജോര്‍ജാണത്രേ. സരിതയുടെ വിളിയില്‍ ചിലത് ജോര്‍ജിനും പോയിട്ടുണ്ട്. അത് പുറത്തുവരുന്നതിനുമുമ്പ്, ആ കുറ്റവും ഗണേശിന്റെ തലയില്‍ വച്ചുകൊടുത്തു.

ആപത്താകുന്ന രക്ഷകരില്‍ മനോരമയുടെ പേരുമുണ്ട്. ""മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്തുണ്ടെങ്കില്‍ മൊബൈല്‍ഫോണില്‍ കിട്ടണമെങ്കില്‍ പേഴ്സനല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ടെന്നി ജോപ്പന്റെയോ സ്റ്റാഫിലില്ലാത്ത തോമസ് കുരുവിളയെയോ വിളിക്കണം. സ്വന്തമായി ഒരു&ലരശൃര;മൊബൈല്‍ഫോണില്ലാതെ പോയതിന്റെ പൊല്ലാപ്പ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നന്നായി അനുഭവിക്കുന്നുണ്ട്. തട്ടിപ്പുകാരി സരിത എസ് നായര്‍ ഇക്കണ്ട ഫോണിലൊക്കെ വിളിച്ചതും അതില്‍നിന്നും തിരികെ വിളി പോയതും ജോപ്പന്റെയും സലിംരാജിന്റെയും കസേരകൂടിയാണ് കൊണ്ടുപോയത്. ഏത് സമയവും പുറത്തേക്ക് തെറിക്കാന്‍ തയ്യാറായി മറ്റു ചിലരും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ ഈ നമ്പറുകളാണ് ആശ്രയിക്കുന്നത്""എന്നാണ് മനോരമ ഒന്നാംപേജ് വാര്‍ത്ത. അതായത്, തട്ടിപ്പുകാരി സരിത വിളിച്ചതും ഉമ്മന്‍ചാണ്ടിയെത്തന്നെയാണെന്ന്. മുഖ്യമന്ത്രി ആരൊടൊപ്പമാണോ അവരിലേക്കാണ് സരിതയുടെ ഫോണ്‍വിളി എത്തിയതെന്ന്. ബാലജനസഖ്യംമുതല്‍ പരിലാളിക്കുന്ന; കണ്ടത്തില്‍ മാമ്മന്‍മാപ്പിളയ്ക്കുശേഷം ആരാധിക്കാനും സ്നേഹിക്കാനുമായി കണ്ടെത്തിയ ഉമ്മന്‍മാപ്പിളയ്ക്ക് ഏനക്കേടുവരുമ്പോള്‍ പരിഭ്രമം കാണും. അപ്പോള്‍ ചെയ്യുന്ന പണി വിപരീതഫലവും ചെയ്യും. സരിതോര്‍ജത്തിന്റെ കുത്തൊഴുക്കില്‍ ഇനി എന്തെല്ലാം സംഭവിക്കും; ആരുടെയെല്ലാം തലതെറിക്കും എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ചീട്ട് ജനങ്ങള്‍ കീറിക്കഴിഞ്ഞു. പുതുപ്പള്ളിയിലെ ഞായറാഴ്ച ദര്‍ബാര്‍പോലും മുടങ്ങുന്ന സ്ഥിതിയാണ്. മനോരമക്കാരന്‍ ഇതുവരെ "ശരീര ഭാഷയുടെ" തോത് അളക്കാത്തതു ഭാഗ്യം. നാട്ടുകാര്‍ അതും നന്നായി അളക്കുന്നുണ്ട്.

*

മഹര്‍ഷിമാര്‍ കുറെയുണ്ട്. ആ വേഷക്കാരുമുണ്ട്. താടിവച്ചവരെ മഹര്‍ഷിയെപ്പോലെ എന്നു വിശേഷിപ്പിക്കും- മഹര്‍ഷിക്ക് തുല്യന്‍ എന്നു പറയില്ല. നമ്മുടെ വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ കേരളത്തില്‍ ഒരു ഋഷിതുല്യനെ കണ്ടെത്തിയിരിക്കുന്നു. ആ ഋഷിതുല്യന്‍ തലസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നടത്തിയത് കാവ്യസദ്യയാണെന്നും വിധിയെഴുതിയിരിക്കുന്നു. സ്ത്രീകളുടെ മര്യാദകെട്ട വസ്ത്രധാരണമാണ് പീഡനങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും പെണ്‍കുട്ടികള്‍ ജീന്‍സ് ഇടാന്‍ പാടില്ലെന്നും ആണുങ്ങളെപ്പോലെ ഓടിച്ചാടി നടന്നാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നും പുരുഷന് 10 മിനിറ്റുകൊണ്ട് ഗര്‍ഭമുണ്ടാക്കാന്‍ കഴിയും; സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ 10 മാസം വേണമെന്നുമുള്ള സൂക്തങ്ങളാണ് കാവ്യസദ്യയില്‍ ഋഷിതുല്യന്‍ പാടിയത്. അതുകേട്ട് സഹികെട്ട് കൂവിപ്പോയ പെണ്‍കുട്ടിയെ "വകതിരിവില്ലാത്ത അപക്വമതി" എന്നും ബഹുമാനിച്ചു അബ്ദുറബ്ബിന്റെ വകുപ്പ്. നാളെ പി സി ജോര്‍ജിനെ ഋഷിതുല്യനെന്നും ഗണേശ്കുമാറിനെ ശ്രീരാമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെ പരിശുദ്ധാത്മാവെന്നും വിളിപ്പിക്കാന്‍ ഇങ്ങനെ ഏതെങ്കിലും അന്വേഷണം നടത്തിയാല്‍ മതിയാകും. ഋഷിതുല്യന്‍ "പോസിറ്റീവ് എനര്‍ജി" പ്രസരിപ്പിച്ച് സര്‍ക്കാരിന്റെ ടിഎയും ഡിഎയും വാങ്ങി കാവ്യസദ്യ തുടരട്ടെ. അതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാവ്യസദ്യാ സര്‍വകലാശാലയുണ്ടാക്കി ഏതെങ്കിലും എട്ടാംക്ലാസുകാരനെ നമുക്ക് വൈസ്ചാന്‍സലറാക്കാം.

*

ഒരിക്കല്‍ വിശുദ്ധ ജോണ്‍ വിയാനിയുടെ അടുക്കല്‍ ഒരു&ലരശൃര;മനുഷ്യന്‍ വന്നു പറഞ്ഞു. ""പാപത്തിന്റെ ഭാരത്തെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും അങ്ങ് പ്രസംഗിക്കുന്നത് കേട്ടു. ഇത്രയുംകാലം പാപംചെയ്തിട്ടും എനിക്ക് ഒരു&ലരശൃര;ഭാരവും തോന്നിയിട്ടില്ലല്ലോ."" ജോണ്‍ വിയാനി പറഞ്ഞു, ""പാപത്തിന് തീര്‍ച്ചയായും ഭാരമുണ്ട്. മൃതശരീരത്തിനുമുകളില്‍ എത്ര ടണ്‍ ഭാരം വച്ചാലും അത് അയാള്‍ക്ക് അനുഭവപ്പെടുമോ? ജീവിക്കുന്നവര്‍ക്കാണ് ഭാരം അനുഭവപ്പെടുക. ആത്മാവില്‍ പ്രസാദവരം നല്‍കുന്ന ജീവന്‍ കുടികൊള്ളുമ്പോള്‍ മാത്രമേ ചെയ്യുന്ന പാപങ്ങള്‍ നമ്മെ ഭാരപ്പെടുത്തൂ."" (വേദപുസ്തകത്തില്‍ വായിച്ചതാണ്. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിക്ക് പാപഭാരം തോന്നേണ്ടതില്ല; അതുകൊണ്ട് രാജിയും വേണ്ടതില്ല എന്ന് മനോരമയ്ക്ക് എഴുതാം)

Monday, June 10, 2013

വാര്‍ധക്യകാലേ വിമതബുദ്ധി

കോഴിയമ്മയുടെ കഥപോലെയാണ്. കാവിയുടുത്ത രണ്ടുപേര്‍മാത്രം പാര്‍ലമെന്റില്‍ അലഞ്ഞുതിരിഞ്ഞ കാലമുണ്ടായിരുന്നു. അദ്വാന്‍ജിയും വാജ്പേയിജിയും. ആകാരത്തിന്റെയും ആര്‍എസ്എസിന്റെയും ബലത്തില്‍ വാജ്പേയിജി പിന്നെ പ്രധാനമന്ത്രിയായി. വെള്ളം കോരിയും വിറകുവെട്ടിയും രഥം പായിച്ചും കല്ലുകൂട്ടിയും കര്‍സേവ നടത്തിച്ചും അധികാരപീഠത്തിലേക്ക് വഴിവെട്ടിയ അദ്വാന്‍ജി സ്ഥിരം രണ്ടാമനായി. ചെറിയൊരുദാഹരണമെടുത്താല്‍ നമ്മുടെ ചെന്നിത്തലയെപ്പോലെ. എട്ടുകൊല്ലമായി കെപിസിസി എന്ന ഭാരവുംപേറി തെക്കുവടക്ക് നടക്കുന്നു. കേരളയാത്ര പലവട്ടം നടത്തുന്നു. ചാത്തന്‍സേവമുതല്‍ കൂടോത്രംവരെയുള്ള പലപണിയും പയറ്റുന്നു. എന്നിട്ടും രണ്ടാമനാകാന്‍പോലുമില്ല യോഗം. ആ കണക്കില്‍ അദ്വാന്‍ജി ഭാഗ്യവാന്‍.

വാജ്പേയിയുടെ ഒഴിവിലെങ്കിലും ഒന്നാമനാകാമെന്നു കരുതിയപ്പോള്‍ അക്കുറി അത്തിക്കാ പഴുത്തില്ല. പ്രതിപക്ഷത്തിരുന്ന് മടുത്തു. കോണ്‍ഗ്രസിന്റെ ശക്തിക്ഷയം കാണുമ്പോള്‍ ഒരുവട്ടംകൂടി ആ കിണര്‍വെള്ളം കോരിക്കുടിക്കാന്‍ മോഹമുണ്ടാകുന്നതില്‍ തെറ്റില്ല. അങ്ങനെ മോഹിക്കുന്നതിനുപോലും വിലക്ക് വീണിരിക്കുന്നു. നാഗ്പുരിലെ കാക്കിനിക്കറുകാര്‍ക്ക് ഒരാളോട് എക്കാലത്തും മമതയൊന്നുമില്ല. പുകഞ്ഞകൊള്ളിയെ അപ്പോള്‍ വലിച്ച് പുറത്തിടും. ആയകാലത്ത് സേവനം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കൂലിയും കിട്ടിയിട്ടുണ്ടെന്നാണ് നിലപാട്. കയ്യൂക്കുള്ളവന്‍ കാര്യം കാണും. കയ്യൂക്കും മെയ്യൂക്കും ഗുജറാത്തിലാണ്. ഗാന്ധിനഗറില്‍നിന്ന് നാഗ്പൂരിലേക്ക് പവര്‍ ഹൈവേ വന്നിട്ടുണ്ട്. അദ്വാനിക്ക് താജ്മഹലിന്റെ കല്‍പ്പണിക്കാരുടെ ഗതിയാണ്. കഷ്ടപ്പെടാം; വിയര്‍പ്പൊഴുക്കാം- ഉടമസ്ഥതയും പകിട്ടും ഷാജഹാന് കിട്ടും. അല്ലെങ്കിലും യജമാനന്മാര്‍ക്കുവേണ്ടി ചോരയും നീരുമൊഴുക്കുന്നവരുടെയെല്ലാം ഗതി ഇതാണ്. അവസാനം ആരും തിരിഞ്ഞുനോക്കാനുണ്ടാകില്ല. യജമാനന്‍ അങ്ങോട്ട് നോക്കുകയേ ഇല്ല. ആര്‍എസ്എസ് ഇനി "ഏത് അദ്വാനി" എന്ന് ചോദിക്കുന്നതും കേള്‍ക്കാം.

പഴയ പുലികളും സിംഹങ്ങളുമെല്ലാം മടയിലാണ്. എല്ലാവര്‍ക്കും മോഡിയെയാണ് പേടി. കഥകളിയില്‍ വെളുത്ത താടിയുള്ളത് ഹനുമാനാണ്. മോഡിയുടെ സ്വഭാവക്കാര്‍ക്ക് ചുവന്ന താടിയാകും. ഇവിടെ നിറത്തില്‍ വ്യത്യാസമുണ്ടെന്നുമാത്രം. മോഡിയുടെ ചുവന്ന താടിയെ സകലര്‍ക്കും പേടിയാണ്. പഴയ പടക്കുതിര ഉമാഭാരതിയും യശ്വന്ത് സിന്‍ഹയും ജസ്വന്ത്സിങ്ങും രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയുമൊന്നും പുറത്തേക്ക് വരുന്നില്ല. എന്തിന്, രാഹുല്‍മാജിക്കിന്റെ ബദല്‍മാജിക്കുകാരനായ വരുണ്‍ ഗാന്ധിക്കുപോലും ഗോവയിലെ കടല്‍ക്കാറ്റ് അലര്‍ജിയാണത്രേ. ഗോവയില്‍ മോഡിയെ അരിയിട്ടുവാഴിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് അദ്വാനിസംഘം ഡല്‍ഹിയിലിരുന്ന് വിലപിക്കുന്നത്. സ്വസ്ഥമായി ഇരുന്നു കരയാനും വിടാതെ, കുറെ ശൂലക്കാരെ പ്രകടനത്തിനായി അദ്വാന്‍ജിയുടെ വീടിനുമുന്നിലേക്ക് പറഞ്ഞുവിടുകകൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് തീര്‍പ്പായിക്കിട്ടി.

ഇപ്പോള്‍ അദ്വാന്‍ജിയാണ് വിമതന്‍. മോഡി ഔദ്യോഗികന്‍. നാല് വ്യാജ ഏറ്റുമുട്ടല്‍, അഞ്ചാറിടത്ത് കലാപം, ആയിരം മുസ്ലിങ്ങളെ കൊന്നുതള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍കൂടി നടത്തിയാല്‍ നാഗ്പുരിലെ ആസ്ഥാനവുംകൂടി ആര്‍എസ്എസ് മോഡിക്ക് പോക്കുവരവ് നടത്തിക്കൊടുക്കും. നാളെ മോഡിയേക്കാള്‍ ചുവന്ന താടിയുമായി പ്രമോദ് മുത്തലിക്കാണ് വരുന്നതെങ്കില്‍ മോടി അങ്ങോട്ടുപോകും.

എണ്‍പത്തഞ്ച് വയസ്സായിട്ടും അടങ്ങിയൊതുങ്ങി വിശ്രമജീവിതം നയിക്കാത്തതെന്ത് എന്നാണ് അദ്വാന്‍ജിയോടുള്ള ആര്‍എസ്എസിന്റെ ചോദ്യം. അധികാരവും പ്രായവും തമ്മിലുള്ള ഇക്വേഷന്‍ ആര്‍എസ്എസിന് വലിയ വശമില്ല. ശാന്തമായും സമാധാനമായും മുന്നോട്ടുപോയ നാട്ടില്‍ കലാപത്തിന്റെ വിത്തെറിഞ്ഞ് വളവും വെള്ളവും കൊടുത്ത് വളര്‍ത്തി ഫലപ്രാപ്തിയായ അധികാരം പിടിക്കുമ്പോള്‍ അദ്വാന്‍ജി ഓര്‍ത്തുകാണില്ല- ഒടുക്കം ഇവ്വിധമാകുമെന്ന്. രഥയാത്ര നടത്തിയതും വാക്കുകളില്‍ വര്‍ഗീയതയുടെ വിഷംപുരട്ടിയതും ബാബരി പള്ളി പൊളിച്ചതുമെല്ലാം എന്തിനായിരുന്നുവെന്ന് ഇനി സ്വസ്ഥമായി ആലോചിക്കട്ടെ. മോഡിയുടെ കുട്ടികള്‍ വീട്ടിലേക്ക് കയറിവരാതെ നോക്കിയാല്‍ അത്രയും നല്ലത്. ഏറ്റുമുട്ടലും അപകടമരണവുമൊന്നും ആര്‍എസ്എസിന് പുതുമയല്ല. അത് അദ്വാന്‍ജിക്ക് നന്നായറിയാമെന്നതുകൊണ്ട്, മുതിര്‍ന്ന നേതാവായി പെന്‍ഷന്‍പറ്റി വിശ്രമജീവിതം നയിക്കാം. അതല്ലെങ്കില്‍ വിമതനായി കാലംകഴിക്കാം. രണ്ടായാലും മുന്നോട്ടുള്ള ഗതി അധോഗതിതന്നെ.

*
വിവരാവകാശനിയമം രാഷ്ട്രീയപാര്‍ടികള്‍ക്കും ബാധകമാണെന്ന് കമീഷന്‍ വിധിച്ചു- അതിനെതിരെ പ്രതികരണം വന്നപ്പോള്‍ ചില മാധ്യമകേസരിമാര്‍ക്ക് ഇളക്കം. എന്തിന് ഒളിച്ചുവയ്ക്കണമെന്നാണ് ഒരു ചോദ്യം. സര്‍ക്കാര്‍സഹായം പറ്റുന്നതല്ലേ, അകത്തുള്ളതെല്ലാം പുറത്തുപറയൂ എന്നാണ് അടുത്ത ഉപദേശം. സര്‍ക്കാര്‍സഹായം പറ്റുന്നവരെല്ലാം രഹസ്യം പുറത്തുവിടണമെന്നാണ് തത്വമെങ്കില്‍ നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഗതി എന്താകുമോ എന്തോ. മുട്ടുമ്പോള്‍ ടണ്‍കണക്കിന് പരസ്യം. സബ്സിഡി. എല്ലാ പന്തിയിലും മുന്നിരയില്‍ ഇരിപ്പിടം- സര്‍ക്കാരില്‍നിന്ന് മാധ്യമങ്ങള്‍ പറ്റാത്ത ആനുകൂല്യങ്ങള്‍ എന്തുണ്ട് എന്നേ ചോദിക്കാനുള്ളൂ. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ വീടെടുക്കാന്‍ സബ്സിഡി അമ്പതിനായിരം. ഫ്ളാറ്റ് തരപ്പെടുത്തിയാല്‍ വിലപോലും അടക്കില്ല. ഒച്ചപ്പാടുണ്ടായാല്‍, ഒത്തുതീര്‍പ്പായി തട്ടിപ്പുകാശ് കൊടുത്ത് ഫ്ളാറ്റ് സ്വന്തമാക്കും. തീവണ്ടിയില്‍ കൂലി പകുതിമതി. കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര. പ്രസ്ക്ലബുകള്‍ക്ക് ഓരോ ബജറ്റിലും ലക്ഷങ്ങള്‍. ഇടയ്ക്കിടെ വിനോദയാത്രകള്‍. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയം പകുതി സര്‍ക്കാര്‍വക- ഇത്രയും ആനുകൂല്യങ്ങള്‍ പറ്റുന്ന മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമങ്ങളുടെയും ഏത് ഇടപാടാണ് ഇനി രഹസ്യമാക്കി വയ്ക്കാന്‍ കഴിയുക? വീരേന്ദ്രകുമാറും മാമ്മന്‍ മാത്യൂവും ഒ അബ്ദുറഹിമാനുമൊക്കെ എഡിറ്റോറിയല്‍ യോഗത്തില്‍ സിപിഐ എമ്മിനെ നിലംപരിശാക്കണമെന്ന് പ്രസംഗിക്കുന്ന കാര്യം നാളെമുതല്‍ പത്തു രൂപായ്ക്ക് ആര്‍ക്കും കിട്ടുന്ന പരസ്യമാകില്ലേ? എത്ര കോപ്പി തൂക്കിവിറ്റു; എത്രയെണ്ണം ആടുതിന്നു എന്ന് വിവരാവകാശം വഴി നാട്ടുകാരെ അറിയിക്കേണ്ടിവരില്ലേ?

ഇതേന്യായംവച്ചാണെങ്കില്‍ നാളെ ഇന്ത്യന്‍ സൈന്യത്തിന് എത്ര തോക്കുണ്ട്; പീരങ്കിയില്‍ എത്ര ഉണ്ടയുണ്ട് എന്ന് പാകിസ്ഥാന്‍കാരന്‍ വന്ന് പത്തു രൂപാ അടച്ച് ചോദിച്ചാല്‍ കൊടുക്കേണ്ടിവരില്ലേ? സൈന്യത്തിന് ചെലവിന് കൊടുക്കുന്നതും സര്‍ക്കാരാണല്ലോ. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എന്തൊക്കെ അടവുപയറ്റുമെന്ന് ബിജെപിക്കാരന് അറിയാന്‍ പത്തു രൂപാ മതി എന്നുവന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ജഗപൊകതന്നെ. എ ഗ്രൂപ്പ് എങ്ങനെ ചെന്നിത്തലയെ വെട്ടുമെന്ന് തീരുമാനിക്കുന്ന യോഗത്തിന്റെ മിനുട്സ് അതേപടി കെ സുധാകരന് കിട്ടുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍കൂടി പറ്റുന്നില്ല.

*
വര്‍ഗീയത ഒരു മനോരോഗമാണെന്ന് പറയുന്നത് കേട്ടു. മനോരോഗങ്ങള്‍ മറ്റു പലതുമുണ്ട്. ഒരു ചാനല്‍ "മലയാളിഹൗസ്" എന്നപേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായം അത്തരത്തിലൊന്നാണ്. ഇങ്ങനെയാണ് ശരാശരി മലയാളി ജീവിക്കുന്നതെങ്കില്‍ മാന്യന്മാര്‍ തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ താമസമാക്കുന്നതാകും ഉചിതം. മലയാളിഹൗസില്‍ ആടിയും പാടിയും ചാഞ്ഞും ചരിഞ്ഞും തിമിര്‍ക്കുന്നവരില്‍ മലയാളികള്‍ക്ക് പരിചിതമായ പല മുഖങ്ങളുമുണ്ട്. അതിലൊരാള്‍ സിന്ധു ജോയിയാണ്. എസ്എഫ്ഐയില്‍നിന്ന് കരണംമറിഞ്ഞ് കോണ്‍ഗ്രസിലെത്തുകയും പള്ളിപ്പാട്ടുപാടി ജനമനസ്സുകള്‍ കീഴടക്കുകയും ഖദറിന്റെ പരിലാളനയില്‍ ഒന്നുമല്ലാതാവുകയും ചെയ്തപ്പോള്‍ ചെന്നുപെട്ടത് മലയാളിഹൗസില്‍. ശബരിമല തന്ത്രികുടുംബത്തിന്റെ യുവപ്രതിനിധിയും കൂട്ടിനുണ്ട്. അവരിരുവരും പങ്കെടുക്കുന്ന പരിപാടിയിലെ മൂല്യശോഷണവും കുഴപ്പവും എസ്എഫ്ഐയുടെയും ശബരിമലയുടെയും തലയില്‍വച്ച് സിപിഐ എമ്മിനെതിരെ ഒരു പത്രം കഴിഞ്ഞ ദിവസം വാളോങ്ങിക്കണ്ടു. മലയാളിഹൗസിലെ കാണാന്‍ പറ്റാത്ത കാഴ്ചകള്‍ക്ക് ഉത്തരവാദിത്തം സിപിഐ എമ്മിനാണുപോലും. സിന്ധു ജോയി പണ്ട് എസ്എഫ്ഐക്കാരിയായിരുന്നില്ലേ- അതുകൊണ്ട് കിടക്കട്ടെ സിപിഐ എമ്മിന് ഉത്തരവാദിത്തം എന്ന്. ഈ മാനസികാവസ്ഥയെ മനോരോഗമെന്ന് വിളിക്കാമോ എന്ന് ഉറപ്പില്ല. അങ്ങനെ വിളിച്ചാല്‍, ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തില്‍ മുഖപ്രസംഗമെഴുതുന്നവരെ മനോരോഗികളെന്ന് വിശേഷിപ്പിക്കേണ്ടിവരും. അത് മോശമല്ലേ. സിമിയുമായുള്ള ബന്ധം ഇരുപത് കൊല്ലംമുമ്പ് ഉപേക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ മഹാന്മാരാണെന്ന ജമാഅത്തെ ഇസ്ലാമിക്കാരന്റെ വാദം കൈയടിച്ച് അംഗീകരിക്കാം. സിന്ധു ജോയി എസ്എഫ്ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമിക്കാരന് പ്രഖ്യാപിക്കുകയും ചെയ്യാം. മാധ്യമത്തെ തൊട്ടുകളിക്കാന്‍ ആരുണ്ടിവിടെ?

*
മാളത്തിലുള്ളത് ആകെ പുറത്തുവരുമ്പോള്‍ കേരളത്തിന്റെ ഗോപുമോന്‍ ഒരു പച്ചപ്പാവംതന്നെ. അമ്പലം വിഴുങ്ങികളുടെ കൂട്ടത്തിലെ ഒരു പൂട്ടുപൊളിപ്പന്‍മാത്രം. ചെന്നിത്തലയെ വെടക്കാക്കി തിരുവഞ്ചൂര്‍ രക്ഷപ്പെട്ടതുപോലെ ഒരു രക്ഷപ്പെടലിന് വകുപ്പുണ്ട്.

Monday, May 27, 2013

നാഴിയരി വേണ്ട; നാലടി മതി

ഒരു സര്‍ക്കാരാകുമ്പോള്‍ പലതും നടക്കും. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരുമുണ്ടാകും; ദ്രോഹിക്കുന്ന സര്‍ക്കാരുമുണ്ടാകും. ചിലകൂട്ടര്‍ അധികാരത്തിലേറിയ നിമിഷംമുതല്‍ മുന്‍പിന്‍ നോക്കാതെ ദ്രോഹം തുടങ്ങും. ചിലര്‍ക്ക് മൂടിക്കുടിക്കാനാണിഷ്ടം. സേവനംമാത്രം മനസ്സിലും പ്രവൃത്തിയിലുമുള്ളവരാണെങ്കില്‍ അവര്‍ക്ക് ശത്രുക്കള്‍ കൂടും. തൊട്ടതും തൊടാന്‍ പോകുന്നതുമെല്ലാം കുറ്റമാണെന്ന് പറയാനും കുറ്റപ്പെടുത്താനും കോട്ടയത്തുനിന്ന് കങ്കാണിമാര്‍ വരും. കോട്ടയമാണ് ശരിക്കും കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രം. കുഞ്ഞാലിക്കുട്ടിയുടെ വിചാരം മലപ്പുറം എന്നത്രെ. മാണിക്ക് പാലായില്‍ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനം സ്ഥാപിക്കാന്‍ മോഹമുണ്ട്- പക്ഷേ, നടപ്പുള്ള കാര്യമല്ല. കോട്ടയത്തെ കോണ്‍ഗ്രസ് ത്രിമൂര്‍ത്തികളുണ്ട്. അവര്‍ എന്ത് വിചാരിക്കുന്നുവോ അതേ ഭരണത്തിലും കോണ്‍ഗ്രസിലും നടക്കൂ. കോട്ടയത്തുനിന്ന് ലോക്സഭയിലെത്തിയ പാരമ്പര്യമുള്ളതുകൊണ്ടൊന്നും രമേശ് ചെന്നിത്തല ആ സംഘത്തില്‍ പെടുന്നില്ല.

ആജീവനാന്ത അംഗത്വമേ അതിലുള്ളൂ. "ഉ, രാ, ജോ" എന്ന് ചുരുട്ടി വിളിക്കാം. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവര്‍. നേതാവ് ഉമ്മന്‍ചാണ്ടിതന്നെ. ഈ മൂവര്‍ സംഘം അറിയാതെ ചെന്നിത്തല മന്ത്രിയുമാകില്ല; മുരളീധരന് പരിഗണനയും കിട്ടില്ല. കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനെയും ആര് നയിക്കണമെന്നും ആര്‍ക്ക്, ഏത് വകുപ്പു കൊടുക്കണമെന്നും യാമിനി തങ്കച്ചി പരാതി എഴുതണോ വേണ്ടയോ എന്നും മൂവര്‍ സംഘത്തിന്റെ വട്ടമേശയില്‍ തീരുമാനമുണ്ടാകും. അത് അനുസരിക്കലാണ് ബാക്കി സകലമാന കോണ്‍ഗ്രസ്- യുഡിഎഫ് പ്രമാണിമാരുടെയും ജോലി.

ജോസ് കെ മാണി സോണിയ മാഡത്തിനും മന്‍മോഹന്‍ജിക്കുമൊപ്പം യുപിഎ സര്‍ക്കാരിന് മാര്‍ക്കിടും; പടത്തില്‍ പോസ് ചെയ്യും. മന്ത്രിസ്ഥാനംമാത്രം നല്‍കില്ല. കേന്ദ്രത്തില്‍ പിന്തുണ നല്‍കുന്ന കക്ഷി ഏതു ഞാഞ്ഞൂലായാലും എംപിസ്ഥാനമുണ്ടോ രാജയോഗമാണ്. പണത്തിനും പദവിക്കുമൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല. മന്ത്രിയാകാന്‍ തയ്യാറായി അങ്ങോട്ടു ചെന്നാല്‍ മാത്രംമതി. നമ്മുടെ മാണിസാറിന്റെ പുത്രനുമാത്രം അതിന് യോഗമില്ല. സൗന്ദര്യത്തിനും കഴിവിനും കുറവുണ്ടായിട്ടല്ല; റബര്‍പോലെ ശക്തമായ പിന്തുണയും നിലപാടുമില്ലാഞ്ഞിട്ടുമല്ല. മന്ത്രിപദം ചുണ്ടിനടുത്തുവരെ എത്തി എന്നു തോന്നും; അവസാന നിമിഷം തെറിച്ചുപോകും. ഇതെന്തുകൊണ്ട് എന്നന്വേഷിച്ചുചെല്ലുന്നവര്‍ കോട്ടയത്തെ മൂന്നു കുഞ്ഞച്ചന്മാരിലാണെത്തുക. മൂവര്‍സംഘത്തിനുപുറത്ത് കോട്ടയത്തുനിന്ന് ഒരു ദിവ്യനും വേണ്ട എന്നാണ് അവരുടെ തീരുമാനം.

മാണി സാറിനെ സഹിക്കുന്നതും സാറേയെന്നു വിളിക്കുന്നതും നിവൃത്തികേടുകൊണ്ടാണ്. മാണിയേക്കാള്‍ വിശ്വസ്തന്‍ പി സി ജോര്‍ജുതന്നെ. അതാകുമ്പോള്‍ കോടാലിക്കും മതി; പാഷാണത്തിനും മതി. എവിടെച്ചെന്നും പോത്തിനെയോ കുതിരയെയോ കച്ചവടംചെയ്ത് പിന്തുണ ഉറപ്പിക്കാന്‍ ഏല്‍പ്പിക്കാം. കാരി സതീഷ്, പുത്തന്‍പാലം രാജേഷ് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുമായി താരതമ്യംചെയ്യാന്‍ പാകത്തിലാകയാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ വലിയ വേവലാതിയില്ല; മാനഹാനിയേ ഉള്ളൂ.

തിരുവഞ്ചൂരും പൂവവും പുതുപ്പള്ളിയും അകലെയല്ല. തിരുവഞ്ചൂരില്‍ രാധാകൃഷ്ണനും പൂവത്ത് ജോസഫും പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞും പിറവികൊണ്ടത് ഏതാണ്ട് ഒരേ കാലത്ത്. പിച്ചവച്ചത് ബാലജനസഖ്യത്തിലൂടെ കെഎസ്യുവിലേക്ക്. സൂത്രത്തില്‍ മുമ്പന്‍ കൂട്ടത്തില്‍ മുമ്പനായി. ഉമ്മന്‍ചാണ്ടി മൂവര്‍ സംഘത്തിന്റെ ഓസി എന്ന തലവന്‍. ഓസി കല്‍പ്പിക്കും, അനുചരര്‍ അനുസരിക്കും. എക്കാലത്തും അനുചരര്‍ എംഎല്‍എമാര്‍. കോട്ടയം ഡിസിസി പ്രസിഡന്റും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍നിന്നുള്ള നിയമസഭാംഗവുമായി ഒരേസമയം കെ സി ജോസഫ് അവതരിച്ചത് ഓസിയുടെ കാരുണ്യംകൊണ്ടാണ്.

ആഭ്യന്തരം ഒഴിഞ്ഞ് സാമുദായിക സന്തുലനമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ഒട്ടും മടിക്കാതിരുന്നത് തന്നേക്കാള്‍ തന്നോട് സ്നേഹം രാധാകൃഷ്ണനുണ്ട് എന്നതുകൊണ്ടത്രെ. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കെ സി ജോസഫിന്. ഓസിയുടെ ഓഫീസില്‍ തീരുമാനമെടുക്കും; അത് കെ സി നടപ്പാക്കും. അത്രയേ ഉള്ളൂ അവിടെ ജോലി.

ഇങ്ങനെയൊരു മൂന്നംഗ സഖ്യത്തിനെ ചെറുതായിക്കണ്ടതാണ് രമേശ് ചെന്നിത്തലയുടെ യഥാര്‍ഥ പരാജയം. പെരുന്നയില്‍നിന്നുള്ള പിന്തുണയും രാഹുല്‍ ഗാന്ധിയുടെ സൗജന്യവുംകൊണ്ട് ഓണമുണ്ടുകളയാം എന്നാണ് ചെന്നിത്തല കരുതിയത്. ചെറുപ്പത്തിലേ പഠനം ഹിന്ദി ആയതുകൊണ്ട് കോട്ടയത്തെ രീതികളൊന്നും പുള്ളിക്കാരന് വലിയ നിശ്ചയം പോരാ. ചങ്ങനാശേരിമുതല്‍ മാവേലിക്കരവരെയുള്ള റൂട്ടിലേ രമേശിന്റെ വണ്ടി ഓടൂ. കോട്ടയത്ത് കുന്നും മലയും കുണ്ടും കുഴിയും വളവും തിരിവുമുള്ള എല്ലാ റോഡിലും അനായാസേന സഞ്ചരിക്കുന്ന മൂവര്‍ സംഘത്തോടേറ്റുമുട്ടാന്‍ ആ വിജ്ഞാനം പോരാ. സുകുമാരന്‍നായര്‍ മൈതാന പ്രസംഗത്തില്‍ കര്‍ണകഠോര പ്രഖ്യാപനങ്ങള്‍ നടത്തും. മൂവര്‍ സംഘത്തിനെ ഞെട്ടിക്കാന്‍ ആ കഠോരത പോരാ. എങ്ങനെ ചാടിയാലും ഒടുവില്‍ ചട്ടിയില്‍ വീഴാനേയുള്ളൂ നായരുടെ കഠോരതയെന്നാണ് മൂവര്‍സംഘത്തിന്റെ ഉള്ളിലിരിപ്പ്. അതുകൊണ്ടാണ് മലപോലെ വന്ന ചെന്നിത്തലയുടെ മന്ത്രിസ്ഥാനം എലിപോലെ പോയത്.

കാര്യസിദ്ധിക്കായി മൂവര്‍സംഘം എതുവഴിയും നോക്കും. വേണ്ടിവന്നാല്‍ അപരന്റെ കിടപ്പറയില്‍ ഒളിക്യാമറ വയ്ക്കും. ഇതിപ്പോള്‍ ഫോണ്‍ ചോര്‍ത്തിയിട്ടേയുള്ളൂ. ചെന്നിത്തല പെരുന്നയിലേക്കു വിളിക്കുന്നതും സുകുമാരന്‍നായര്‍ തിരിച്ചുവിളിക്കുന്നതും മാത്രമേ തിരുവഞ്ചൂരിന്റെ ചെവിയിലെത്തിയിട്ടുള്ളൂ എന്നത് അവരുടെ വിശ്വാസം. ആ വിശ്വാസം പക്ഷേ, ആരെയും രക്ഷിക്കാന്‍ സാധ്യതയില്ല. ഇനിവരും ഒന്നൊന്നായി പുതിയ കഥകള്‍. ആരെയൊക്കെ വിളിച്ചു, എന്തെല്ലാം പറഞ്ഞു എന്ന് തിരുവഞ്ചൂര്‍ പുറത്തുവിടുംമുമ്പ് ആഭ്യന്തരം കൈയില്‍ കിട്ടിയാല്‍ ചെന്നിത്തല രക്ഷപ്പെട്ടു എന്നു കരുതാം.

അല്ലെങ്കിലും തിരുവഞ്ചൂരിന്റെ കാലിലെ ആഭ്യന്തരമന്ത് രമേശിന്റെ കാലിലേക്ക് മാറിയതുകൊണ്ട് കേരളീയര്‍ക്ക് വിശേഷിച്ചൊന്നും കിട്ടാനില്ല. ഇന്ന് "എ"ക്കാരന്‍ ഭരിക്കുന്ന പൊലീസ് സ്റ്റേഷനില്‍ നാളെ "ഐ"ക്കാരന്‍ കയറിയിരിക്കുമെന്നല്ലാതെ.

ആഭ്യന്തര വകുപ്പിനുവേണ്ടിയാണ് മത്സരം. ഭക്ഷ്യവകുപ്പാണെങ്കില്‍ കേരളീയര്‍ക്ക് അല്ലലും അലട്ടുമില്ലാതെ ഭക്ഷണം എത്തിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടാം. റവന്യൂ വകുപ്പാണെങ്കില്‍ നേരെ ചൊവ്വേ ഭരണം നടത്താം; അവശര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമാകാം. ആരോഗ്യവകുപ്പാണെങ്കില്‍ പൊള്ളുന്ന പനി ശമിപ്പിക്കാന്‍ നാലു പാരസിറ്റാമോളെങ്കിലും നല്‍കാം. കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തുനിന്നിറക്കാന്‍ ഗതാഗത വകുപ്പ് നേരെചൊവ്വേ ഭരിച്ചാല്‍ കഴിയും. പവര്‍ക്കട്ടിനോടും ലോഡ്ഷെഡിങ്ങിനോടും യുദ്ധംചെയ്ത് ജനങ്ങളെ രക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ ആര്യാടന്റെ വയ്യാത്ത തലയില്‍നിന്ന് ഭരണഭാരം എടുത്തുമാറ്റാം. അങ്ങനെയൊക്കെയുള്ള പരിപാടികളിലൊന്നും ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും താല്‍പ്പര്യമില്ല. അവര്‍ക്ക് പൊലീസിനെത്തന്നെ ഭരിക്കണം. നാട്ടുകാര്‍ക്ക് നാഴിയരി കൊടുത്തില്ലെങ്കിലും നാലടി കൊടുക്കണം. ഇതാണ് കോണ്‍ഗ്രസിന്റെ ജനോപകാര രാഷ്ട്രീയ പ്രവര്‍ത്തനം.

പൊലീസ് കൈയിലുണ്ടെങ്കില്‍ പാര്‍ടി കൈയിലുണ്ടെന്നാണ് വയ്പ്. ചെന്നിത്തല പൊലീസിനെ കൊണ്ടുപോയാല്‍ പാര്‍ടിയും കൂടെ പോകും. കോട്ടയം കുഞ്ഞച്ചന്മാര്‍ക്കു പിന്നെ ആര്‍ത്തലയ്ക്കാന്‍ വകുപ്പുണ്ടാകില്ല. ആഭ്യന്തരം കൈവിട്ടാല്‍ ഉമ്മന്‍ചാണ്ടിയും കട്ടപ്പുറത്താകും. അതുകൊണ്ട് ഇനി എല്ലാ വകുപ്പും ചേര്‍ത്ത് വലിയൊരാഭ്യന്തരവകുപ്പുണ്ടാക്കുന്നതാണ് നല്ലത്. ജനത്തെ രക്ഷിക്കുകയല്ലല്ലോ; ശിക്ഷിക്കുകയാണല്ലോ കോണ്‍ഗ്രസിന്റെ അവതാരലക്ഷ്യം.