Sunday, December 15, 2013

ചൂലിനും വേണം ഹെല്‍മെറ്റ്

ഞായറാഴ്ച മനോരമയുടെ കുഞ്ഞമ്മാന്‍ പറയുന്നു: ""തെറ്റു തിരുത്താന്‍ വാഴ വെട്ടാം എന്നാണ് പ്ലീനത്തിന്റെ തീരുമാനം."" മാതൃഭൂമി കാകദൃഷ്ടിയിലൂടെ കാണിക്കുന്നത് ""ആനത്തലയോളം ബുദ്ധി തരാമെടാ"" എന്ന പരിഹാസമാണ്. സന്ധ്യയെയും വാഴയെയും മുന്‍നിര്‍ത്തി കേരളത്തില്‍ സമരങ്ങള്‍ക്ക് പതിനാറടിയന്തിരം നടത്തിക്കാന്‍ ഇറങ്ങിയവരില്‍ കുഞ്ഞമ്മാനും കൊച്ചൗസേപ്പും വല്യച്ചായനും വീരനും വികടനും മുതല്‍ ബിന്ദു കൃഷ്ണവരെ. കൂമ്പുചീയല്‍, കുളമ്പുരോഗം, മണ്ടരി, വാഴയുടെ വിരബാധ, വെട്ടിയ വാഴയുടെ ജാതകം എന്നിവ പരിശോധിക്കുന്നതിലാണ് ബിന്ദു കൃഷ്ണയുടെ പുതിയ താല്‍പ്പര്യം. അതു നല്ലതാണ്. മഹിളാ കോണ്‍ഗ്രസെന്നുപറഞ്ഞ് നാട്ടിലിറങ്ങാന്‍ പറ്റില്ല. തൂവെള്ള ഖദറില്‍ ചുറ്റി നടക്കുന്നു എന്നേയുള്ളൂ. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന വിളി, "സരിതേ.........കവിതേ..... ശാലൂ..." എന്നൊക്കെയാണ്. സ്വന്തം പാര്‍ടിയില്‍ സരിതയ്ക്കാണ് വില. ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാന്‍ മഹിളാ കോണ്‍ഗ്രസിന് വാഴക്കൃഷിയില്‍ ഗവേഷണം നടത്തേണ്ടിവരും. വാഴ വെട്ടിയാല്‍ എന്തുസംഭവിക്കും എന്നറിയാന്‍ ഗവേഷണമൊന്നും വേണ്ട. കുലയ്ക്കാത്ത വാഴയാണെങ്കില്‍ വീണ്ടും വളരും. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ വെട്ടിയ ഭാഗത്തുനിന്ന് ഇലനാമ്പുകള്‍ ഉയര്‍ന്നുപൊന്തും. സന്ധ്യയുടെ വെട്ടിയ പടുവാഴയുടെ ചിത്രം ചാനലിലും "മ"പത്രങ്ങളിലും കണ്ടു. സന്ധ്യ ബഹളംവച്ചതിനുശേഷമാണ് വെട്ടിയതെങ്കില്‍, നിമിഷവേഗത്തില്‍ വളരുന്ന അപൂര്‍വ വാഴയാണത്. മൂന്നുവാഴയിലും വെട്ടിനുശേഷം ചുരുങ്ങിയത് ഒരാഴ്ചയുടെ വളര്‍ച്ചയുണ്ട്. അതിനര്‍ഥം, ക്യാമറയും പൊക്കി വാഴക്കൃഷിക്ക് പോയ പുംഗവന്മാരും ബിന്ദു കൃഷ്ണയും വാഴവെട്ടലിനെ "പ്ലീനിത"മാക്കിയ കുഞ്ഞമ്മാനും സഹായം അര്‍ഹിക്കുന്നു എന്നുതന്നെ- കുതിരവട്ടത്ത് ചികിത്സ ലഭ്യമാക്കാനുള്ള സഹായം.


ഡല്‍ഹിയില്‍ ആം ആദ്മിക്കാര്‍ ചൂലെടുത്തത് ഗാന്ധിപ്പാര്‍ടിയുടെ അഴിമതി കണ്ട് സഹിക്കാന്‍ കഴിയാതെയാണ്. ഇവിടെ ഉമ്മന്‍ചാണ്ടിക്ക് ചൂലുകൊണ്ട് ആലവട്ടവും വെഞ്ചാമരവുമുണ്ടാക്കി വീശിക്കൊടുക്കുകയാണ്. ആം ആദ്മി എന്നാല്‍ സാധാരണ മനുഷ്യനെന്നാണര്‍ഥം. ക്ലിഫ് ഹൗസ് ഉപരോധസ്ഥലത്ത് ഹെല്‍മെറ്റിടാതെ സ്കൂട്ടറോടിച്ച് ചെന്ന ബഹളക്കാരിയെ ആ അര്‍ഥത്തില്‍ ആം ആദ്മിയായി കാണാന്‍ കഴിയില്ല. നല്ല പ്രകടനക്കാരി എന്നു പറയാം. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ പ്രകടനം ഇത്ര മനോഹരമാകില്ലായിരുന്നു. ഇടവഴിയിലും മരച്ചോട്ടിലും പാത്തിരുന്ന്, ബൈക്കുകാര്‍ക്കുമുന്നില്‍ ചാടിവീണ് ഹെല്‍മെറ്റ് വേട്ട നടത്തുന്ന മീശക്കാരും മീശയില്ലാത്തവരും സ്വസ്ഥരായിരിക്കട്ടെ. കാക്കിക്കുള്ളില്‍ കയറിയ പുമാന്മാര്‍ നോക്കിനില്‍ക്കെയാണ് ഹെല്‍മെറ്റില്ലാപ്രകടനം അരങ്ങുതകര്‍ത്തത്. ആ വരവിനുവേണ്ടി ക്യാമറകള്‍ കണ്ണുചിമ്മാതെ കാത്തിരിക്കയായിരുന്നു. സമരം തുടങ്ങിയിരുന്നില്ല; വളന്റിയര്‍മാര്‍ എത്തിയിരുന്നില്ല- പൊലീസ് പടയ്ക്കുപുറമെ ഏതാനും നേതാക്കള്‍ മാത്രമേ രംഗത്തുള്ളൂ. ഉപരോധസമരത്തെ ആദ്യദിനത്തില്‍ത്തന്നെ ഉപേക്ഷിച്ച് സ്ഥലംവിട്ട മാധ്യമക്യാമറകള്‍ അന്നുപക്ഷേ, കാലേകൂട്ടി ഹാജരുണ്ടായിരുന്നു.

കറുത്ത കുപ്പായമിട്ട് സ്കൂട്ടറില്‍ ആഗതയായ മഹതി നേരെ ചൊവ്വേ പൊലീസിനോട് വഴി വിട്ടുതരാന്‍ പറയുകയല്ല ചെയ്തത്. ബാരിക്കേഡിനുമുന്നില്‍ അലറുകയും മുരളുകയും ചെയ്യുന്നതാണ് കണ്ടത്. പൊലീസ് റോഡ് തടഞ്ഞതിന് കമ്യൂണിസ്റ്റുകാരോടെന്തിന് കയര്‍ക്കണം എന്നുചോദിച്ചാല്‍ ഉത്തരത്തിന് ട്യൂഷന്‍ മാസ്റ്റര്‍ വേറെ പണിയെടുക്കണം. മുഖ്യനടിക്ക് പറഞ്ഞുറപ്പിച്ചപോലെ അഞ്ചുലക്ഷം കിട്ടി. സഹനടന്മാരായ മാധ്യമക്കാര്‍ക്ക് എന്തുകിട്ടിയോ ആവോ? വീഗാലാന്‍ഡിലേക്ക് സൗജന്യ കുടുംബയാത്ര തരപ്പെടുത്തിയാല്‍ നന്ന്. വീണ് നടുവൊടിഞ്ഞാല്‍ അന്‍പതിനായിരം കൊടുക്കാവുന്നതുമാണ്. നായിക ഇടയ്ക്ക് കമ്യൂണിസ്റ്റുകാരോട് ചോദ്യമെറിഞ്ഞു- പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ സമരംചെയ്യാത്തതെന്ത് എന്നോ മറ്റോ. അതിനാണ് അവര്‍ക്ക് അരാഷ്ട്രീയക്കാരുടെ ബിഗ് സല്യൂട്ടും അഞ്ചുലക്ഷത്തിന്റെ കിഴിയും. അഞ്ചുലക്ഷത്തിനുപുറമെ ഒരു ചൂല്‍ കൂടി സമ്മാനിച്ചിരുന്നെങ്കില്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പ് വലിയൗസേപ്പാകുമായിരുന്നു. ശരിക്കും തൂത്തു വെടിപ്പാക്കേണ്ടത് ക്ലിഫ്ഹൗസാണ്. അവിടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. സമീപവാസിയായ മഹതിക്ക് ഇനി വെളിച്ചപ്പെടാന്‍ തോന്നുമ്പോള്‍ അങ്ങോട്ടു പോകാവുന്നതാണ്. ആ യാത്ര പൊലീസ് ഉപരോധിക്കാതിരുന്നാല്‍ മതി.

*

ക്ലിഫ് ഹൗസിന് മുന്നിലെ അമര്‍ച്ചയ്ക്ക് അഞ്ചുലക്ഷം കൊടുത്തെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ അലറുന്നവര്‍ക്ക് സമാശ്വാസസമ്മാനമോ അവശപെന്‍ഷനോ കൊടുക്കണം. ഉണ്ണിത്താനെയും ജയശങ്കറിനെയുമൊന്നും അവഗണിക്കരുത്. മോഡിക്കുപ്പായമിട്ട് യഥാര്‍ഥ യുഡിഎഫ് മുഖം വെളിപ്പെടുത്തിയ ചീഫ് വിപ്പിനെയും മറക്കരുത്. ഒരഞ്ചുലക്ഷത്തിന് അഞ്ചുകോടിയുടെ പരസ്യം കിട്ടുമെങ്കില്‍ പണം എറിയാന്‍ മടിക്കരുത്; പവര്‍ വരട്ടെ. പണംകൊണ്ട് കാര്യം നടക്കുന്നില്ലെങ്കില്‍, വാര്‍ത്തയില്‍ കയറാന്‍ മറ്റു ചില മാര്‍ഗങ്ങളുണ്ട്. അതിനാകുമ്പോള്‍ തുണിക്കടയില്‍പോലും പണം മുടക്കേണ്ടതില്ല.

കടം കയറിയ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍, ജനസമ്പര്‍ക്കത്തില്‍ തിരസ്കരിക്കപ്പെടുന്നവരുടെ ആത്മാഹുതിയും വന്നു. ഉമ്മന്‍ചാണ്ടി ഇന്നലെവരെ ജനസമ്പര്‍ക്കത്തിനുപോയി സമരക്കാര്‍ക്ക് തല്ലാണ് കൊടുത്തത്. കഴക്കൂട്ടത്തെ ചെറുപ്പക്കാരന്റെ ജനനേന്ദ്രിയവും ഉടച്ചു. ആളുകളെ വിളിച്ചുവരുത്തി സര്‍വാണി സദ്യ നടത്തുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍മികരാക്കുന്നു. പ്രതീക്ഷയോടെ പരിദേവനവുമായി ചെല്ലുന്നവരെ നിരാശരാക്കി തിരിച്ചയക്കുന്നു- അവരിലൊരാള്‍ ആത്മഹത്യചെയ്തിരിക്കുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് സ്കൂട്ടറുകാരിയും കൊച്ചൗസേപ്പും ചൂലെടുക്കുന്നത്. നടുറോഡില്‍ വഴിതടഞ്ഞ് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സമരവീര്യം തെരുവില്‍ വീഴ്ത്തിയ മാധ്യമ ആക്ടിവിസ്റ്റുകളും സന്ധ്യാചര്‍ച്ചയില്‍ ഉപരോധ സമരത്തിനെതിരെ ചൂലെടുത്തുകണ്ടപ്പോള്‍ ശതമന്യുവിന് സമാധാനമായി. ഉമ്മന്‍ചാണ്ടിയേക്കാള്‍ കാപട്യമുള്ളവരും നാട്ടിലുണ്ടല്ലോ. അതിനുമുന്നില്‍ സന്ധ്യയുടെ നാടകം എത്ര നിസ്സാരം. ഉമ്മന്‍ചാണ്ടിതന്നെ താരം. കേരളത്തില്‍ ഇനി സമരമേ വേണ്ട, സോളാറില്‍ അന്വേഷണവും വേണ്ട എന്നതാണ് ഈ ചൂല്‍ പരിപാടിയുടെ അടുത്ത ഘട്ടം.

ജനങ്ങള്‍ക്ക് ചെയ്യാന്‍ ഒരു ദൗത്യം കൂടി. വൃക്ക ദാനത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് സമ്മാനിച്ച അഞ്ചുലക്ഷം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച ഇരിട്ടിക്കാരന്‍ ജോര്‍ജിന് ഹൃദയത്തില്‍നിന്ന് ഒരു മെഗാ സല്യൂട്ട്. കേരളം സമരംചെയ്ത് നേടിയതാണ് ഇക്കാണുന്ന പുരോഗതിയും വളര്‍ച്ചയുമെന്ന് തിരിച്ചറിഞ്ഞ മഹാമനസ്സില്‍ നിന്നാണ് ആ ത്യാഗമുണ്ടായത്. അത്തരമൊരു മനസ്സ് അഞ്ചു കോടി കൊടുത്താലും കിട്ടില്ല കൊച്ചൗസേപ്പിന്.

*

ചൂലുകൊണ്ടുള്ള ഉപയോഗങ്ങള്‍ ദിനേന വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ അരുക്കാക്കിയ ആം ആദ്മി ചൂല്‍ അതിന്റെ തൂപ്പു തുടരുന്നുണ്ട്. കാവിപ്പാര്‍ടിയും ഖാദിപ്പാര്‍ടിയും ചൂലെടുക്കാന്‍ മത്സരിക്കുന്നതും കാണുന്നു. ചൂലാണോ ആപ്പാണോ മികച്ച ആയുധം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിരുപാധികപിന്തുണ അറിയിച്ച് കോണ്‍ഗ്രസും ബിജെപിയും ആപ്പുവച്ചപ്പോള്‍ പതിനെട്ട് ഉപാധികൊണ്ട് കെജ്രിവാള്‍ തിരിച്ച് ആപ്പുവച്ചു. വെള്ളം അളന്നുകൊടുക്കാനും കറന്റ് മീറ്റര്‍ നോക്കാനും പുതിയ സ്കൂള്‍ തുറക്കാനും ചേരിനിവാസികള്‍ക്ക് വീടുവച്ചുകൊടുക്കാനും ഉപാധി വേണ്ട- ഭരണത്തില്‍ കയറിയാല്‍ ചെയ്യാവുന്നതേയുള്ളൂ. അതിന് ആരും ആപ്പുവയ്ക്കാതിരുന്നാല്‍ മതി. വീണ്ടും തെരഞ്ഞെടുപ്പു നടത്തി കെജ്രിവാള്‍ സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കിയാലേ ഡല്‍ഹിയില്‍ ഭരണമുണ്ടാകൂ എന്ന് ശഠിച്ചാല്‍, പാവപ്പെട്ടവനുവേണ്ടി ചെലവാക്കേണ്ട അനേക കോടികള്‍ പിന്നെയും ചോരും. അതും ഒരു ജനദ്രോഹംതന്നെ. ജയിക്കാനായി ജനിച്ചവനെങ്കില്‍, ജയം ഉറപ്പാക്കാതെ എന്തിന് മത്സരിച്ചു എന്ന് തിരിച്ചുചോദിക്കാം.

ആം ആദ്മി പറയുന്നതെല്ലാം കാര്യം. ചെയ്യാനാണ് കെല്‍പ്പില്ലാത്തത്. ആ കെല്‍പ്പിന് രാഷ്ട്രീയം വേണം. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ജനവികാരം സ്വന്തമാക്കിയാല്‍ പോരാ. അങ്ങനെ കൂടെവരുന്ന ജനങ്ങളോട് നീതിയും ചെയ്യണം. അതിനുള്ള രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ത്താതെ ചൂലുംകൊണ്ട് സോഷ്യല്‍ മീഡിയ കളിച്ചാല്‍, അനുഭവിക്കേണ്ടത് ജനങ്ങള്‍ തന്നെ- രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും രാഷ്ട്രപതിഭരണത്തിന്റെയും വീണ്ടും തെരഞ്ഞെടുപ്പിന്റെയും രൂപത്തില്‍.

തൂമ്പാകൊണ്ട് കിളയ്ക്കേണ്ടിടത്ത് ചൂലുകൊണ്ട് തൂത്തിട്ട് കാര്യമില്ല. കിളച്ചുമറിച്ചശേഷം തൂക്കണം. ഭൂപരിഷ്കരണം, അഴിമതി നിര്‍മാര്‍ജനം, സബ്സിഡി പുനഃസ്ഥാപനം, മതനിരപേക്ഷത, ക്ഷേമപദ്ധതികള്‍, സാമ്രാജ്യ അധിനിവേശവിരോധം, ഉദാരവല്‍ക്കരണവര്‍ജനം തുടങ്ങിയ കുറെ പദങ്ങള്‍ നാട്ടില്‍ പറന്നുനടപ്പുണ്ട്. ഇടതുപക്ഷത്തുള്ള കൂട്ടരാണ് അതെല്ലാം ആവര്‍ത്തിച്ചുപറയുന്നത്. കോണ്‍ഗ്രസുകാര്‍ കോടീശ്വരനെ ശതകോടീശ്വരനും ദരിദ്രനെ പരമദരിദ്രനുമാക്കുന്ന അനീതിഭരണമാണ് നടത്തുന്നത് എന്ന് ഇടതുപക്ഷം പറയുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയും ജന്‍ലോക്പാല്‍ വന്നാല്‍ ലോകാ സമസ്താ സുഖിനോ ഭവന്തു ആകുമെന്ന് വിശ്വസിക്കുകയും ചെയ്തതുകൊണ്ടുണ്ടായ തകരാറാണ് ഇക്കാണുന്നത്.



കെജ്രിവാള്‍ നല്ല മനുഷ്യന്‍ തന്നെ. ചൂലിന്റെ ഒരുപയോഗമേ അറിയൂ. രോഗമറിഞ്ഞ് ചികിത്സിക്കുന്ന ശാസ്ത്രം കൂടി പഠിച്ചില്ലെങ്കില്‍ ഉപാധിവയ്ക്കലും സ്വീകരിക്കലും തിരസ്കരിക്കലും തുടരും- അപ്പോഴേക്കും ജനം പുതിയ ചൂലിനു പിന്നാലെ പോകും. അതാണ് കാവിക്കും ഖാദിക്കും വേണ്ടത്. അതുകൊണ്ടാണ് കേരളത്തിലെ ചൂല് അവര്‍ ഇടതുപക്ഷത്തിനുനേരെ തിരിച്ചുവയ്ക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ജിയും ഷീലാദീക്ഷിതും മോഡിജിയും ചൂല്‍പ്പേടിയില്‍ വിറച്ചുപനിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചൂലുയര്‍ത്തി കോക്രി കാട്ടുന്ന മിടുക്ക്് റബറുപോലെ വില കുറഞ്ഞ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കെജ്രിവാളിനും വീണ്ടുവിചാരം വരും. സര്‍വീസില്‍ ഒരിക്കലും ദുഷ്പേരു കേള്‍പ്പിക്കാത്ത പണ്ഡിത ഡിജിപിയെ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മഹാവെടക്കാക്കി വാധ്യാരുപണിക്കു വിട്ട മാധ്യമ മിടുക്ക് കണ്ടുപഠിക്കാതെ ചൂല്‍പ്രയോഗം തുടര്‍ന്നാല്‍, കെജ്രിവാളിനെ വെറും ചൂലാക്കി മാറ്റുന്ന മാധ്യമ മാന്ത്രികവും സംഭവിക്കും. ആഴ്ചമുമ്പ് വെട്ടിമാറ്റിയ പടുവാഴ "വെട്ടിനിരത്തപ്പെട്ട കൃഷി വാഴ"യാക്കിയവര്‍ക്ക് കെജ്രിവാളിനെ കൊടുവാളാക്കുന്ന ജോലി എത്ര നിസ്സാരം

*

പൂജപ്പുര ജയിലിനുമുന്നില്‍ ഇരുകാലും തളര്‍ന്ന വൃദ്ധ കണ്ണീരുമായെത്തിയപ്പോള്‍, മുഖ്യ ഹരിത എംഎല്‍എ ചോദിച്ചത്, ""ഇവരെ ആരാണ് കടത്തിവിട്ടത്"" എന്നത്രെ. മറ്റൊരു ഹരിത എംഎല്‍എ കഴിഞ്ഞ ദിവസം സങ്കടപ്പെട്ടത്, തന്റെ മണ്ഡലത്തിലെ ചെറുവയല്‍ രാമനെക്കുറിച്ച് താന്‍ അറിഞ്ഞത്, ആലപ്പുഴയില്‍നിന്നു വന്ന തോമസ് ഐസക് പറഞ്ഞിട്ടാണ് എന്നു സമ്മതിച്ചുകൊണ്ടാണ്. കുറ്റം പറയരുത്. ഹരിത എംഎല്‍എ എന്നാല്‍ മരവും മലയുമേ കാണാവൂ- മണ്ണിലെ മനുഷ്യനെ നോക്കരുത്, കാണരുത്, കണ്ടാല്‍ മിണ്ടരുത്.

4 comments:

ajith said...

ഹെല്‍മറ്റ് വച്ചിരുന്നെങ്കില്‍ എല്ലാം ശരിയായേനെ

manoj pm said...

വൃക്ക ദാനത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് സമ്മാനിച്ച അഞ്ചുലക്ഷം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച ഇരിട്ടിക്കാരന്‍ ജോര്‍ജിന് ഹൃദയത്തില്‍നിന്ന് ഒരു മെഗാ സല്യൂട്ട്. കേരളം സമരംചെയ്ത് നേടിയതാണ് ഇക്കാണുന്ന പുരോഗതിയും വളര്‍ച്ചയുമെന്ന് തിരിച്ചറിഞ്ഞ മഹാമനസ്സില്‍ നിന്നാണ് ആ ത്യാഗമുണ്ടായത്. അത്തരമൊരു മനസ്സ് അഞ്ചു കോടി കൊടുത്താലും കിട്ടില്ല കൊച്ചൗസേപ്പിന്.

Siya said...

Ayal adhwanichu undakkiya kashu, ayalkishtamullorkku kodukkunnathinu thangalude anuvadam veno?... chakku radhakrishnanum, sandiago martinum, malabal gold muthalaliyum anekam lakshangal partikku sambhavana thannappol uluppillathe kai neetti vangiyappo..athinu kochouseppu kuttam kandu pidikkan vannillallo...pinnne anger aarkenkilum paisa kodukkunnathinu ningalkkentha.. ithu valare cheep aayi poyi

Shaheem Ayikar said...

ഇടത്തോട്ടും വലത്തോട്ടും നോക്കുവാൻ ഭയമാണ്.
ഇനിയുള്ളത് എന്നെങ്കിലും നേരെ നോക്കുവാൻ കഴിയുമെന്ന പ്രതീക്ഷയാണ്. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത മനോഹരമായ ഒരു സ്വപ്നം !