Tuesday, December 10, 2013

ചൂല്‍പ്പാര്‍ടിയും ചൂല്‍ക്കളിയും



എങ്ങനെ തോറ്റു എന്ന ചോദ്യത്തിന്, "വോട്ടു കുറഞ്ഞതുകൊണ്ട്" എന്ന് ഉത്തരം പറഞ്ഞാല്‍ മതി. ഇറ്റലിയിലും ഇന്ത്യയിലും അതിന് ഒരേരീതി തന്നെ. പത്തുമാസംമുമ്പ് പിറന്നുവീണ ആം ആദ്മി പാര്‍ടി എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിന്റെ "നടു ഒടിഞ്ഞതുകൊണ്ട്" എന്നും പറയാം. സോണിയാജി സത്യമേ പറയാറുള്ളൂ. "ജനങ്ങള്‍ അസന്തുഷ്ടരാണ്; അതുകൊണ്ട് പരാജയമുണ്ടായി" എന്നാണ് നാലു സംസ്ഥാനത്ത് തോറ്റ് തുന്നംപാടിയതിനുള്ള വിശദീകരണം. അല്‍പ്പംകൂടി വിശദീകരിച്ച്, "പരമ്പരാഗത രാഷ്ട്രീയ പാര്‍ടികള്‍ക്ക് കഴിയാത്തരീതിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ടിക്കൊപ്പം ചേര്‍ന്നതിന്റെ ഫലമാണിതെ"ന്നാണ് യുവരാജാവിന്റെ പ്രതികരണം. അതല്ലാതെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതല്ല എന്ന്.

 /

മുരിക്കിലകൂട്ടി തീയിട്ട് തണുപ്പകറ്റുന്ന ഒരു പരിപാടിയുണ്ട്. തീ കത്തുമ്പോള്‍മാത്രം നല്ല ചൂടുണ്ടാകും. അണഞ്ഞയുടനെ തണുപ്പ് തിരിച്ചുവരികയുംചെയ്യും. അതുപോലെയാണ് കെജ്രിവാളിന്റെ പാര്‍ടി. അഴിമതിയും അഴിമതിക്കാരെയും കണ്ടുമടുത്ത ജനങ്ങള്‍ക്ക് തല്‍ക്കാലം ചൂടകറ്റാനുള്ള ആളിക്കത്തല്‍. അതിനപ്പുറം അരാഷ്ട്രീയതയുടെ കുളിരാണ്. കെജ്രിവാളിന്റെ ജയമല്ല; കോണ്‍ഗ്രസിന്റെ പരാജയമാണ് സംഭവിച്ചതെന്നര്‍ഥം. രാഷ്ട്രീയ പ്രതികരണത്തിനുപകരം വൈകാരിക പ്രതികരണത്തിലേക്ക് ഡല്‍ഹിക്കാരെ ആട്ടിത്തെളിച്ചതിന്റെ ഫലം. നേട്ടം മോഡിയുടെ പാര്‍ടിക്കാണ്. കെജ്രിവാളും കോണ്‍ഗ്രസും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ പങ്കിട്ടു- ചുളുവില്‍ ബിജെപി ഡല്‍ഹിയിലെ ഒന്നാംകക്ഷിയായി. മധ്യപ്രദേശും ഛത്തീസ്ഗഢും രാജസ്ഥാനും മോഡി കൊത്തിപ്പറന്നപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കയ്യാലപ്പുറത്തായി. തൊട്ടുകൂട്ടാന്‍ ഒരു ജയം വന്നത് മിസോറാമില്‍നിന്നാണ്. 

എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയാല്‍, യുവരാജാവിന്റെ അക്കൗണ്ടില്‍ ബാക്കിയിരിപ്പ് പൂജ്യമാണ്. മാജിക്കില്ല; മായയും മന്ത്രവുമില്ല- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ വെറും നോക്കുകുത്തി. രാഹുലിനെയുംകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനുപോയാല്‍ മന്‍മോഹനും വയലാര്‍ രവിക്കും തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവരും. കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചാനല്‍രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. തരൂരിന് പത്രക്കാരുടെ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പുപണി നല്‍കാവുന്നതാണ്. കുമ്പളങ്ങിയില്‍ തിരുതയ്ക്ക് ക്ഷാമമില്ലാത്തുകൊണ്ട് കെ വി തോമസ് രക്ഷപ്പെടും.

ആന്റണിക്ക് രാഷ്ട്രപതി ഭവനെ ഓര്‍ത്ത് "നഷ്ടവസന്തത്തിന്‍ തപ്ത നിശ്വാസമേ" പാടാം. മുല്ലപ്പള്ളിക്ക് ആര്‍എംപിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറലാകാം- അല്ലെങ്കില്‍ പരമ്പരാഗത തൊഴിലായ തട്ടിന്‍പുറ പരിശോധനയില്‍ പുനഃപ്രവേശിക്കാം. ഇ അഹമ്മദിന് എല്ലാ ജോലിയും ചെയ്യാനുള്ള ഊര്‍ജമുണ്ട്- തട്ടുകേട് വരില്ല. കലം പൊട്ടിയാല്‍ വെറും ഓടാണ് എന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് പൊടിപ്പൊളിഞ്ഞ് ഓടായി. ഇനി കലമാകില്ല. അത് ശരദ് പവാറിനും ആന്ധ്രാവിലുള്ള ഖദറുകാര്‍ക്കും മനസിലായിട്ടുണ്ട്. ഗാന്ധിപ്പേരും നെഹ്റുത്തൊപ്പിയും പഴഞ്ചനായി. ചെന്നിത്തലയുടെ ധൈര്യവും കെ സുധാകരന്റെ വിനയവും ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും ടെന്നിജോപ്പന്റെ നിഷ്കളങ്കതയും പീതാംബരക്കുറുപ്പിന്റെ പരിത്യാഗശീലവും ഉണ്ണിത്താന്റെ സന്യാസിഭാവവും പി ടി തോമസിന്റെ ബുദ്ധികൂര്‍മതയും തങ്കച്ചന്റെ പാണ്ഡിത്യവുമുള്ള പ്രസ്ഥാനമാണിന്ന് കോണ്‍ഗ്രസ്. തിരുവഞ്ചൂരും സരിതയും ടി എച്ച് മുസ്തഫയുമാണ് അതിന്റെ ഐശ്വര്യം. മധ്യവയസ്സിലെത്തിയിട്ടും യുവത്വംവിടാതെ കുടുംബസ്വത്ത് നോക്കി നടത്താന്‍ സ്വയംസമര്‍പ്പിച്ച രാഹുല്‍ജിയാണതിന്റെ നായകന്‍. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എട്ടുസീറ്റെങ്കിലും കിട്ടിയത്. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പ്രചാരണത്തിനുപോയിടത്തെല്ലാം കോണ്‍ഗ്രസ് പൊട്ടിയത് ഒരു കുറ്റമല്ല. ജനങ്ങളാണ് കുറ്റക്കാര്‍. അവിടെ ചെന്ന് അദ്ദേഹം ഹിന്ദിയില്‍ "ആം", "ആദ്മി" "വാള്‍" എന്നൊക്കെയാണ് പറഞ്ഞതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് കുഴപ്പം. മോഡി പ്രസംഗിച്ചിടത്ത് ബിജെപിയും ജയിച്ചില്ല, ഉമ്മന്‍ചാണ്ടി പോയിടത്ത് കോണ്‍ഗ്രസും ജയിച്ചില്ല. ആ നിലയ്ക്ക് രണ്ടുപേരും തുല്യര്‍തന്നെ. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏതു ചൊല്ലാണ് വേണ്ടത് എന്നതില്‍ ഒരു സംവാദം സംഘടിപ്പിക്കേണ്ടതുണ്ട്. മോങ്ങാനിരിക്കുമ്പോള്‍ തലയില്‍ തേങ്ങവീണതും കൂനിന്മേല്‍ കുരുവന്നതും ഇടിവെട്ടിയപ്പോള്‍ സര്‍പ്പദംശനമേറ്റതുമെല്ലാം മാറിമാറി പ്രയോഗിക്കപ്പെടുന്നുണ്ട്. എല്ലാംചേര്‍ത്ത് ഒരു ചൊല്ലുണ്ടാക്കിയാല്‍ അതാണ് ഇന്നത്തെ കോണ്‍ഗ്രസ്. 2 ജി സ്പെക്ട്രം വഴി തരംഗമായി വന്നതും ഖനികളില്‍നിന്ന് കല്‍ക്കരിയായി കുഴിച്ചെടുത്തതും കോമണ്‍വെല്‍ത്ത് ഗെയിംസ് കളിച്ചുനേടിയതും വിദേശത്തോക്ക്, പീരങ്കി, വിമാനക്കച്ചവടം വഴി വന്നതുമായ നോട്ടുകൂമ്പാരങ്ങളാകെ എടുത്ത് പ്രയോഗിച്ചാലും രക്ഷപ്പെടുന്ന മട്ടൊന്നുമില്ല.

നാലിടത്തെ ജയംകണ്ട് പടക്കംപൊട്ടിച്ചും യെദ്യൂരപ്പയോട് പോരപ്പാ എന്ന് കെഞ്ചിയും നില്‍ക്കുന്ന കാവിപ്പാര്‍ടിക്ക് ബമ്പര്‍ ലോട്ടറി അടിച്ച ഭാവമാണ്. അതിന്റെ അഹങ്കാരത്തില്‍ കണ്ണില്‍കണ്ടവരുടെയെല്ലാംമേല്‍ കുതിരകയറുന്നുണ്ട്. ബമ്പര്‍ പോയിട്ട്, ഒരു സമാശ്വാസ സമ്മാനത്തിനുള്ള വകപോലും മോഡിയുടെ നമ്പരിനില്ല. മധ്യപ്രദേശും ഛത്തീസ്ഗഢും ഗുജറാത്തും രാജസ്ഥാനും കര്‍ണാടകവും മഹാരാഷ്ട്രയും തൂത്തുവാരിയാല്‍ ബിജെപിക്ക് കിട്ടുന്നത് 167 സീറ്റാണ്. കര്‍ണാടകത്തില്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. മഹാരാഷ്ട്രയില്‍ ശിവസേന പ്രഭാവം ഏശുന്ന മട്ടില്ല. ഉത്തര്‍പ്രദേശില്‍ മുലായവും മായാവതിയുമൊക്കെ ജീവിച്ചിരിപ്പുണ്ട്. ഹിമാചലില്‍ ബിജെപിയുണ്ട്- പക്ഷേ, നാലു മണ്ഡലമേയുള്ളൂ. എങ്ങനെ കൂട്ടിയാലും നൂറ്റിയറുപതിനപ്പുറം ബിജെപി സീറ്റ് പോകാന്‍ സാധ്യത കാണാനില്ല. കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്യും. ബാക്കി സീറ്റുകള്‍ ഇടതുപക്ഷവും ജയലളിതയും നിതീഷും ജഗ്മോഹനും ശരദ്പവാറുമടക്കമുള്ളവര്‍ നേടും. മമതയുടെ പങ്ക് വേറെ. അങ്ങനെവന്നാല്‍, ബിജെപിയും കോണ്‍ഗ്രസും വലിയ കക്ഷികളാകും- മൂന്നാമതൊരു ശക്തി ഭരിക്കുകയുംചെയ്യും. മോഡി മോടിയില്‍ ഗുജറാത്ത് കൊണ്ട് തൃപ്തിപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സങ്കടത്തിലും ബിജെപിയുടെ സന്തോഷത്തിലുമല്ല, വര്‍ഗീയതയ്ക്കും ജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്നതിനുമെതിരായ ജനവികാരത്തിലാണ് കാര്യം. മോഡിയുടെ പടക്കത്തിന്റെ നനവ് മാറ്റാനുള്ള വെയിലൊന്നും ഇന്ത്യയിലില്ല എന്നര്‍ഥം.

 ---------------------------

കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കലം ഉടഞ്ഞുതുടങ്ങിയപ്പോള്‍ കേരളത്തിലാണ് വലിയ വെപ്രാളം. ലീഗ് ശാപം ചൊരിയുന്നു; മാണി കേരള മുഖംതിരിക്കുന്നു. ചെറുകക്ഷികള്‍ കോണ്‍ഗ്രസിന്റെ മുഖംപോലും കാണാന്‍ തയ്യാറല്ല. സോളാര്‍ ചൂടില്‍ കരിഞ്ഞ ഉമ്മന്‍ചാണ്ടിയും കരിക്കുകുടിച്ച് ലക്കുകെട്ട തിരുവഞ്ചൂരും മോഹഭംഗംകൊണ്ട് മനസ്സിന്റെ ചരടുപൊട്ടിയ ചെന്നിത്തലയും ഗതികിട്ടാതലയുന്ന സുധീരനും ആരെക്കണ്ടാലും "ആരെടാ മര്‍ക്കടാ" പാടി ഗദചുഴറ്റുന്ന സുധാകരനുമെല്ലാം ചേര്‍ന്ന് ശോഭനമായ ചിത്രം വരച്ചുവച്ചിട്ടുണ്ട്. സരിതയുടെ തിരുവാതിരയും സലിംരാജിന്റെ ചാക്യാര്‍കൂത്തും അരങ്ങുതകര്‍ക്കുന്നു. ആന്റണിയെ കണ്ടവരില്ല. ആ നിലയ്ക്ക് ചൂലുംകൊണ്ട് കോണ്‍ഗ്രസിന് ചുറ്റും നടക്കുകയാണ് ഘടകകക്ഷികള്‍. ചൂലാണ് പുതിയ ആയുധം. അത് തൂത്തുവെടിപ്പാക്കാനും കൊള്ളാം, ചെകിട്ടത്തടിക്കാനും കൊള്ളാം. വൃത്തികേട് മുഖത്തുതന്നെയാകുമ്പോള്‍ ശുദ്ധീകരണത്തിന് ചൂലുതന്നെ മഹായുധം. യുഡിഎഫിലെ ചൂല്‍ക്കളി തുടങ്ങിയിട്ടേയുള്ളൂ. ആംആദ്മി പാര്‍ടി അഴിമതി തുടച്ചുനീക്കാനാണ് ചൂലെടുത്തതെങ്കില്‍ ഇവിടെ അഴിമതിയില്‍ മുക്കിയ ചൂലുകൊണ്ടാണ് കളി എന്ന വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ചൂല്‍പ്പാര്‍ടിയാകുമ്പോള്‍ ചൂല്‍ക്കളി അതിനനുയോജ്യംതന്നെ. 
---------------------

ആര്‍എംപി സംസ്ഥാന പാര്‍ടിയായി. ഘടകകക്ഷിയാകാനുള്ള യോഗ്യത വന്ന സ്ഥിതിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ആ വഴിയില്‍ ഒന്ന് സഹായിക്കാവുന്നതാണ്. മുല്ലപ്പള്ളി സഹായിച്ചില്ലെങ്കിലും ആര്‍എംപി നശിച്ചുപോകയൊന്നുമില്ല. അല്‍പ്പസ്വല്‍പ്പം വിഭാഗീയതയും തൊഴുത്തില്‍കുത്തും ഹരിഹരന്‍ശല്യവും അവര്‍ക്കൊരു വിഷയമല്ല. തുറന്ന് പിന്തുണയ്ക്കാന്‍ മഹാനേതാക്കളില്ലെങ്കിലും പ്രശ്നമില്ല. മാധ്യമപ്പടയാളികള്‍ ആര്‍എംപിയെ ജീവന്‍കൊടുത്ത് കാത്തുസൂക്ഷിക്കാന്‍ ജാഗരൂകരായി നിരന്നുനില്‍പ്പുണ്ട്. കെ കെ രമയാണ് എന്ന് ധരിച്ച് കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ കെ ലതികയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം നോക്കുക:

സ്ഥലം കോഴിക്കോട് നഗരം. ഓടുന്ന കാര്‍. മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്നു.
"ഹലോ..........." "ഹലോ ......................."
"സഖാവേ, ഇത് (----------)ചാനലില്‍ നിന്ന് (----------) ആണ്".
"എന്താ -------ശേ, എന്തുണ്ട് വിശേഷം?"
"സഖാവേ, ആ കെ കെ ലതിക ജയിലില്‍ പോയത് വല്യ വാര്‍ത്തയാണല്ലോ. "
"അതേ ..അതിന്?"
"സഖാവേ, അവരുടെ വീട് റെയ്ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൂടേ? അത് ചെയ്യേണ്ടതല്ലേ? സഖാവ് അതില്‍ ശക്തമായി പ്രതികരിക്കേണ്ടതല്ലേ?"
"ഏതു സമയത്തും ചെയ്യാവുന്നതാണ്. വയസ്സായ അച്ഛന്‍മാത്രമേ അവിടെ ഉള്ളൂ. ഞാന്‍ ഇങ്ങു കോഴിക്കോട്ടാണ്. സാരമില്ല. അത് നടക്കട്ടെ..."
"ഹലോ..ഇത് രമ സഖാവല്ലേ? ഹലോ....ഹലോ.... ഇതാരാണ്?"
"ഇത് കെ കെ ലതിക" "ഹലോ................ഹലോ................ഹലോ................കേള്‍ക്കുന്നില്ല....(കമ്പിളിപ്പുതപ്പ് കഥ സ്മരണീയം)

ഫോണ്‍ കട്ടായി. കെ കെ ലതികയുടെ വീട് റെയ്ഡ് ചെയ്യണം: കെ കെ രമ എന്ന ബ്രേക്കിങ് ന്യൂസ് അങ്ങനെ അലസിപ്പോയി. എന്തായാലും, കേരളത്തിലെ പിതൃസമ്പന്ന മാധ്യമപ്രവര്‍ത്തനത്തിന് ഭാസുരഭാവിയുണ്ട്.

4 comments:

manoj pm said...

ആന്റണിക്ക് രാഷ്ട്രപതി ഭവനെ ഓര്‍ത്ത് "നഷ്ടവസന്തത്തിന്‍ തപ്ത നിശ്വാസമേ" പാടാം. മുല്ലപ്പള്ളിക്ക് ആര്‍എംപിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറലാകാം- അല്ലെങ്കില്‍ പരമ്പരാഗത തൊഴിലായ തട്ടിന്‍പുറ പരിശോധനയില്‍ പുനഃപ്രവേശിക്കാം.

Rosenau said...

ithe arajaka vaadikal anedo, thante partiye 5 kollam koodumbol bharanathil kettunnathum irakki vidunnathum... last time thante oke aajanma shatru V S achithanandan nayichathukondu 68 seat kittiyenno ullu...

ajith said...

എല്ലാം തികഞ്ഞ ഒരാള്‍ ബാക്കിയുണ്ട്!

Unknown said...

murikkila kathikunnathum araashtreeya vadavum anaavasyam maathramalla adhika prasngavum aanu. thinnuem illa theettikkem illa ennano.. endu veruppikkalaanu sakhaveee...