Sunday, June 23, 2013

ആ പേരുമാത്രം പറയരുത്

ഉപമുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചര്‍ച്ച ഉപജാപക മുഖ്യമന്ത്രിയിലാണ് ചെന്നിടിച്ചത്. ഇടിയുടെ ശക്തി അപാരംതന്നെ. രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവാണ്. ഇങ്ങനെയൊരു വിരൂപാവസ്ഥയില്‍ രക്ഷപ്പെട്ടതുകൊണ്ടും വലിയ പ്രയോജനമില്ല. നാലുപേരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത പരുവമായി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള വിവാദം എന്ന് എല്ലാവരും പറയുന്നത് ഒന്നൊന്നര മാന്യതയുള്ളതുകൊണ്ടാണ്. പ്രതിഷ്ഠതന്നെയാണ് കേന്ദ്രസ്ഥാനത്ത്. ജോപ്പന്‍, ജിക്കു, സലിം, പയ്യന്‍-ഇങ്ങനെയെല്ലാം പല പേരുകളുണ്ടാവാം. കാലഭൈരവന്‍ രാവിലെ എണീറ്റപ്പോഴുണ്ടായ തോന്നലിലല്ല ദക്ഷനെ കൊല്ലാന്‍ പോകുന്നത്. പരമശിവന്‍ കല്‍പ്പിച്ച് അയക്കുന്നതാണ്. ഭൂതഗണങ്ങള്‍ തന്‍കാര്യം നോക്കികളായാല്‍ പരമേശ്വരന്റെ ഗതി അധോഗതിയാകും. നവ ലിബറല്‍ കാലമായതുകൊണ്ട് ഭൂതഗണങ്ങള്‍ക്ക് യജമാന സേവയ്ക്കൊപ്പം അല്‍പ്പം തന്‍കാര്യവും ആകാം എന്നുണ്ട്. അതുകൊണ്ടാണ് യജമാനനുവേണ്ടി നാലു വിളി തികയുമ്പോള്‍ ജോപ്പന്‍ സ്വന്തമായി സരിതയെ ഒരുവട്ടമെങ്കിലും വിളിച്ചത്.

മൂന്നുകൊല്ലംകൊണ്ട് തൊള്ളായിരം കോടി ഉണ്ടാക്കിയപ്പോള്‍ നീര റാഡിയയുടെ ഫോണ്‍ ചേര്‍ത്തണമെന്നാണ് കേന്ദ്രത്തിലെ പൊലീസിന് തോന്നിയത്. ഇവിടെ സരിതയുടെ ഫോണ്‍ മുക്കണമെന്നാണ് തിരുവഞ്ചൂരിന് തോന്നുന്നത്. സരിതയുടെ ആറു മൊബൈല്‍ഫോണില്‍ ഒരെണ്ണമേ പുറത്തുവന്നിട്ടുള്ളൂ. അതുതന്നെ ഇത്രയും മുഴുത്തതാണെങ്കില്‍, അന്വേഷിക്കാതെ വിട്ട നമ്പരുകളുടെ രഹസ്യം പുറത്തുവന്നാലത്തെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.

സരിത എന്തെല്ലാം തട്ടിപ്പു നടത്തി എന്നതിലല്ല തിരുവഞ്ചൂരിന്റെ കണ്ണ്. ഫോണ്‍വിവരം എങ്ങനെ കൈരളി ചാനലിന് കിട്ടി എന്നാണ് കൂലങ്കഷമായ അന്വേഷണം. പൊലീസില്‍ മനുഷ്യനുമുണ്ട്; പൊലീസ് നായയുമുണ്ട്. മൃഗങ്ങളാകുമ്പോള്‍ യജമാന സ്നേഹം അല്‍പ്പം കൂടും. സ്നേഹമുള്ള ഏതാനും പൊലീസ് നായ്ക്കള്‍ക്കാണത്രെ ,"ഫോണ്‍ ചോര്‍ച്ചയുടെ" അന്വേഷണച്ചുമതല. നന്നായി മണംപിടിച്ച് അവ കണ്ണൂരിലാണ് വട്ടം കറങ്ങുന്നത്. പാവപ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് വട്ടമിട്ടിരിക്കുന്നത്. അവര്‍ക്കുചുറ്റും മുക്രയിടുകയും കുരയ്ക്കുകയും കടിക്കാനോങ്ങുകയും ചെയ്യുകയാണ് അന്വേഷി ശ്വാനപ്പട.

നിഷ്പക്ഷ ഭരണമാണ്. പൊലീസ് ഒരു പക്ഷത്തേക്കും നോക്കില്ല. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അടുക്കളക്കാരനായ സലിം രാജ് എന്ന പൊലീസ് ഗുണ്ടയുടെ റിയല്‍എസ്റ്റേറ്റിന് പൊലീസ് കാവലുണ്ട്. ഒരു പൊലീസുകാരന്റെ ഫേസ് ബുക്കിലേക്ക് ആരോ സരിതാ ചരിതം ഷെയര്‍ചെയ്ത കുറ്റത്തിന് പാവത്തിന്റെ തൊപ്പി പോയി. സലിം രാജ് അല്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ്. മറ്റുള്ളവരുടെ മാന്യതയാണ് കുറ്റവാളികളുടെ ബലം. ഉമ്മന്‍ചാണ്ടിയുടെ അപരാധത്തിന് അരികിലെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ പുതുപ്പള്ളിയില്‍ എന്നേ ഒരു വിശ്രമജീവിതാശ്രമം ഉയര്‍ന്നേനെ. കാര്യശേഷിയില്ലാത്തവര്‍ കാറിത്തീരുമ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ നിഷ്കാസനപ്പട്ടികയില്‍ ചെന്നിത്തലയുടെ അടുത്ത തലമുറവരെ സ്ഥാനം പിടിക്കും.

സരിതയുടെയും ശാലുമേനോന്റെയുമൊക്കെ വീട്ടില്‍ ഇടയ്ക്കിടെ പൊലീസ് കയറി റെയ്ഡ് നടത്തുന്നത് തട്ടിപ്പ് പിടികൂടാന്‍തന്നെ. ഓരോ റെയ്ഡിലും കിട്ടുന്നത് വിലപ്പെട്ട തെളിവുകള്‍. മന്ത്രിയുടെ കോമഡി വീഡിയോ. മുഖ്യന്റെ കത്ത്. മീശയുള്ളതും ഇല്ലാത്തതുമായ പൊലീസേമാന്മാര്‍ അഭിനയിച്ച ഹ്രസ്വചിത്രങ്ങള്‍. സൗരോര്‍ജം ജ്വലിച്ചുയരുന്നതിന്റെയും പാനലുകള്‍ ചൂടേറ്റ് വിയര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍-ഇങ്ങനെ പലതും റെയ്ഡിലൂടെ പിടിച്ചെടുത്തുകഴിഞ്ഞു. ഇത്രയും മെച്ചപ്പെട്ട പൊലീസ് വേറെവിടെയുണ്ട്? സരിതയ്ക്ക് കോടതിയില്‍ പോകുമ്പോള്‍ മാറിമാറിയിടാന്‍ രണ്ടുഡസന്‍ സാരിയേ എത്തിച്ചുള്ളൂ എന്നതാണ്് ഒരു പാകപ്പിഴ. നൈറ്റ് ഡ്രസിന്റെയും പെര്‍ഫ്യൂമിന്റെയുമൊക്കെ എണ്ണം കൂട്ടി കസ്റ്റഡിവാസം കഷ്ടരഹിതമാക്കാനുള്ള സ്ത്രീപക്ഷ ചിന്താഗതി പൊലീസിനുണ്ടാകണം.

വാത്സ്യല്യവാരിധികളാകണം പൊലീസ്് എന്ന് തിരുവഞ്ചൂര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. അത് ശിരസ്സാവഹിച്ച ഒരു ഏമാന് സരിതയോട് ഒടുക്കത്തെ വാത്സല്യം. അത് തരളിതമായ നേരത്ത്, വത്സലയ്ക്ക് വേണ്ടത് ഏമാന്റെ കോമളവദനത്തില്‍ മാറിമറിയുന്ന നവരസങ്ങളുടെ തത്സമയ ചിത്രീകരണം. തകര്‍ത്തഭിനയിച്ച ആ വീഡിയോ ആദ്യം അപ്രത്യക്ഷമായ തെളിവുകളില്‍പെടുന്നു. ലാപ്ടോപ്, ക്യാമറ, ഫയലുകള്‍ എന്നിങ്ങനെ അത്തരം അനേക രംഗങ്ങള്‍ ഇന്ന് പൊലീസ് കസ്റ്റഡിയിലുണ്ട്. ആരും ആര്‍ക്കെതിരെയും ഉപയോഗിക്കില്ല. ഉപയോഗിച്ചാല്‍ ചാണ്ടിക്കെതിരെ തിരിയുന്ന തൊമ്മനും അകത്താകും. പൊലീസിന് തെളിവിനെ പേടി, മന്ത്രിക്ക് സരിതയെ പേടി, സരിതയ്ക്ക് ബിജുവിനെ പേടി, എല്ലാവര്‍ക്കും ശാലുവിനെ പേടി.

നാടാകെ നടന്നും പറന്നും തട്ടിപ്പുകാട്ടിയ പെമ്പ്രന്നോത്തിയുടെ കേസന്വേഷണം കണ്ടാല്‍ വല്ല നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുപോലെ തോന്നും. പാതിരാത്രിയിലും പുലര്‍ച്ചെയും ഫോണ്‍വിളിച്ച് സൊള്ളിയതിന്റെ സുഖത്തില്‍ സര്‍ക്കാരിന്റെ മുതല്‍ കാണിക്കവച്ച ഒന്നാംതരം മോഷ്ടാക്കളെ ചോദ്യംചെയ്യുന്നത് സംസ്ഥാനത്തിന്റെ പൊലീസ് തലവന്റെ പദവിയിലുള്ളയാളാണ്. ചോദ്യം ചെയ്യലിനായി ജിക്കുമോന്‍ ഇരുന്നു പ്രവേശിച്ചു; സലിം രാജ് ചിരിച്ച് മണ്ണുകപ്പിയെന്ന് മാധ്യമ വിവരണം.

ശാരദ, ഷീല തുടങ്ങിയ പഴയകാല നടികള്‍ കോണ്‍ഗ്രസുകാരികളുമാണ്. ഷീല കോണ്‍ഗ്രസ് കൊടിയെടുത്ത് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ദാഹിച്ച് മോഹിച്ച് കഴിയുന്നു. പ്രതിഭ തെളിയിച്ച മലയാള നടികള്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് സിനിമ കണ്ടാല്‍ മനസിലാകും-കൊള്ളാവുന്നതോ അല്ലാത്തതോ എന്ന്. അവര്‍ക്കൊന്നുമില്ലാത്ത എന്താണ് ശാലുമേനോനില്‍ കൊടിക്കുന്നില്‍ സുരേഷ് കണ്ടതെന്നറിയില്ല. അംബികാ സോണി ഒരു പെണ്‍പേര് വേണമെന്ന് പറഞ്ഞു-അപ്പോള്‍തന്നെ സെന്‍സര്‍ ബോഡിലേക്ക് ഞാന്‍ ശാലുവിെന്‍റ പേര് കൊടുത്തു എന്നാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. ഇന്ത്യന്‍ സിനിമ പരിശോധിച്ച് അഡല്‍റ്റ്സ് ഒണ്‍ലിയാണോ അല്ലാത്തതാണോ എന്ന് തീരുമാനിക്കാന്‍ കഴയുന്ന മഹാപ്രതിഭയെയാണ് കൊടിക്കുന്നില്‍ ശാലുമേനോനില്‍ ദര്‍ശിച്ചത്. ഒരുപക്ഷേ, ശാലു അഭിനയിച്ച് യുട്യൂബില്‍ പ്രചരിക്കുന്ന ഏതെങ്കിലും ചിത്രം കണ്ടപ്പോള്‍ തോന്നിയതാകാം. കേന്ദ്രമന്ത്രിക്ക് സീരിയല്‍ കാണാനും തിയറ്ററില്‍ പോയിരിക്കാനും സമയം കിട്ടാനിടയില്ലല്ലോ.

ശാലുവിന്റെ കഴിവ് കണ്ടെത്തിയ മറ്റൊരാള്‍ സാക്ഷാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെയാണ്. എംസി റോഡിലൂടെ കോട്ടയത്തേക്ക് പോകുമ്പോള്‍ ഒരുദിവസം വെറുതെ അദ്ദേഹം ശാലുമേനോന്റെ വീട്ടില്‍ കയറി. അന്ന് അവിടെ ഗൃഹപ്രവേശമായിരുന്നു. ചെന്നയുടനെ കൈപിടിച്ച് അകത്തുകയറ്റാന്‍ ഒരാള്‍ വന്നു. സ്നേഹനിര്‍ഭരമായ സ്വീകരണം. സെന്‍സര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആദരിച്ച കലാകാരിയോടും കൂടെയുള്ളവരോടും കുശലം പറഞ്ഞ്, അവരുടെ ആതിഥ്യം നന്ദിപൂര്‍വം സ്വീകരിച്ച് മടങ്ങി. അന്ന് ചിലരൊക്കെ ചില ചിത്രങ്ങളും വീഡിയോയും എടുത്തിരുന്നു. സരിതോര്‍ജത്തിന്റെ അനിയന്ത്രിത പ്രവാഹത്തിനിടെ ആ ചിത്രങ്ങള്‍ തേടി ചിലര്‍ എത്തും എന്ന് മനസിലാക്കിയാണ്, പൊലീസിലെ കഴിവുള്ള ചിലരെ വിട്ട് ചിത്രവും വീഡിയോയും എടുത്തു മാറ്റിച്ചത്. അതൊരു കുറ്റമാണോ? പണ്ട്, ദല്ലാള്‍ നന്ദകുമാറിന്റെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് തിരുവഞ്ചൂരിന് ദല്ലാളുമായെന്ത് ബന്ധം എന്നു ചോദിച്ചത് മറന്നിട്ടില്ല. അതുപോലെ, ശാലു മേനോനും തിരുവഞ്ചൂരും തമ്മിലെന്ത് എന്ന ചോദ്യം വന്നാല്‍ സംഗതി കുഴയും. അതിനുള്ള തെളിവുകള്‍ സ്വന്തം കൈയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പൊലീസ് മന്ത്രി?

ശാലു എന്ന കലാകാരി, പഠിക്കുന്നകാലത്ത് മിടുമിടുക്കിയായിരുന്ന സരിത നായര്‍, കലാസ്നേഹികളായ ജിക്കുജോപ്പന്‍മാര്‍-ഇവരെയെല്ലാം വേട്ടയാടുന്നത് കഷ്ടംതന്നെ. സരിതയുടെ ഊര്‍ജ സംരക്ഷണത്തോടുള്ള ആത്മാര്‍ഥത കണ്ട് കേന്ദ്രമന്ത്രി വേണുഗോപാലിന്റെ മനസ്സില്‍ തീയോ തീപ്പൊരിയോ ഉണ്ടായി എന്ന് മറ്റൊരു കഥയുമുണ്ട്. ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് പറഞ്ഞതുപോലെയാണ്. ഒരു സരിതക്കഥ പറഞ്ഞുവേണം വേണുഗോപാലിനെ മലയാളി മനസിലാക്കാന്‍ എന്ന്. ആ മഹാനുഭാവനായ രാഷ്ട്രീയ നേതാവിനെ കടന്നപ്പള്ളി മുതല്‍ ദുബായ് വഴി അങ്ങ് ഡല്‍ഹിവരെയുള്ള ജനസാമാന്യം ഇത്രമാത്രം നിസ്സാരനായി കാണാന്‍ പാടില്ലതന്നെ. സരിത എന്ന ചാരസുന്ദരി കയറിച്ചെന്ന് വേണുഗോപാലിന്റെ ഊര്‍ജ രഹസ്യം ചോര്‍ത്തിയെടുത്തു എന്നൊന്നും പറയാന്‍ പാടില്ല. ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും തുറക്കാം; തുരക്കുകയുമാവാം.

സരിതയോടൊപ്പം വിവിധ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതിലും കുറ്റം പറയാന്‍ കഴിയില്ല. ഊര്‍ജസംരക്ഷണത്തിനും വികസനക്കുതിപ്പിനും ഉതകുന്ന സ്ഥാപനങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകതന്നെ വേണം. സരിതയെ കൊണ്ടുനടക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് പ്രത്യേക ഡ്യൂട്ടി കൊടുക്കണം. ഇരുപത്തിനാലുമണിക്കൂര്‍ കോള്‍സെന്ററില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഇരുത്തി സരിതകേരളത്തിെന്‍റ ഭാവി സുരഭിലമാക്കണം. ഈ ശുഷ്കാന്തി അതിവേഗ വികസനത്തിന്റെ ഭാഗമായി അഭിനന്ദിക്കപ്പെടണം.

ഉമ്മന്‍ചാണ്ടിക്ക് "എ"ഗൂപ്പ് നേതാവ് എന്നാണ് വിശേഷണം. എ യുടെ പൂര്‍ണരൂപം ഏത് എന്നതിലാണിപ്പോള്‍ സംശയം. അതേതായാലും ആന്റണിയല്ല. ആന്റണിയെ രാജിവയ്പിച്ച് കേന്ദ്രമന്ത്രിയാക്കിയതില്‍പിന്നെ, എ ഗ്രൂപ്പില്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന "ഉ" ഗ്രൂപ്പേയുള്ളൂ. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള സിനിമകളുടെ പോസ്റ്ററിലാണ് ഇപ്പോള്‍ എ കാണുന്നത്. അതുകൊണ്ടുതന്നെയാകാം, ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ "എ" എന്നുമാത്രം ഉപയോഗിക്കുന്നത്. അവിടെയാണ് ഔചിത്യം. ഭരണസിരാകേന്ദ്രത്തിന് പുതിയ മുഖം നല്‍കാനും സരിത പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഖജുരാഹോയിലോ മറ്റോ പോയി തൂണുകള്‍ക്ക് ശില്‍പ്പചാരുത ആവാഹിക്കാന്‍ ഫിറോസിനെ വിടാനിരുന്നതാണ്. വികസന വിരോധികള്‍ എല്ലാം തകര്‍ത്തു. ഇനിയിപ്പോള്‍ സരിതചാരുതയോ ശാലുചാരുതയോ മതി എന്നുവയ്ക്കാം. എന്തായാലും ശാലുവിന്റെ പേരുമാത്രം ഇനിയാരും പറയരുത്. അത് കൊടിക്കുന്നില്‍ പറഞ്ഞുപോയി. ഇനി പറയുന്നവന്‍ ക്രൈംകുമാര്‍ തൊട്ടാലത്തെ ഗതിയിലാവും-നാറി നാനാവിധമാക്കുമെന്ന്.

*
പ്രതിപക്ഷത്തിനെതിരായി വിവാദങ്ങള്‍ തേടിപ്പിടിക്കാന്‍ പയ്യന്‍സ് പുറപ്പെട്ടിട്ടുണ്ട്. എല്ലാം ഭംഗിയായി കലാശിച്ചാല്‍, മൂന്നാറിലെ റിസോര്‍ട്ടിലാണ് ജോപ്പന്റെ പാര്‍ടി. പൊലീസ് ശേഖരത്തിലുള്ള ചില സരിതോര്‍ജ വീഡിയോകളുടെ സൗജന്യ പ്രദര്‍ശനവുമുണ്ടാകും. പൊലീസ് യൂണിഫോമില്‍ തിരുമ്മുചികിത്സ പ്രാക്ടീസ് ചെയ്യുന്ന കൊമ്പന്മാരുടെ കുമ്മിയടി ഉല്ലാസം പകരും. പയ്യന്‍സിന് അത്രയും മതി-അടുത്ത അറ്റാക്കിന് ഊര്‍ജം തരാവും.

1 comment:

ajith said...

നാണമില്ല ഇത്രയൊക്കെയായിട്ടും