Sunday, February 10, 2013

രക്ഷകന്മാര്‍ വരുന്ന വിധം

രക്ഷകന്മാര്‍ മുന്നറിയിപ്പില്ലാതെ അവതരിക്കും. ചാക്കോ മുറുകുമ്പോള്‍ അയച്ചുവിടാന്‍ എവിടെനിന്ന് ഒരു രക്ഷകന്‍ വരും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വസന്തം വിരിയിച്ച് ബസന്ത് എത്തുന്നത്. മാധ്യമപ്രവര്‍ത്തനം എന്നാല്‍ ഒരുതരം മായാജാലമായി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പാവം വസന്തത്തിന് റിട്ടയര്‍മെന്റ് കഴിയേണ്ടിവന്നു. മനസ്സില്‍തോന്നുന്ന പലതും മനസ്സില്‍ത്തന്നെവയ്ക്കാനുള്ളതാണ്. കിടപ്പറയില്‍പോലും ഒളിക്യാമറയുമായി കടന്നുചെല്ലുന്ന മാധ്യമസിംഹങ്ങളുള്ള നാട്ടില്‍, ഒരു മാധ്യമപ്രവര്‍ത്തകയുടെ സാന്നിധ്യത്തില്‍ സ്വകാര്യസംഭാഷണത്തിലേര്‍പ്പെടാന്‍ പാടില്ല എന്ന് മനസ്സിലാക്കാന്‍ കറുത്ത ഗൗണൊന്നും ഇടേണ്ടതില്ല. പേനയായും വാച്ചായും കുപ്പായത്തിന്റെ ബട്ടണായും ഒളിക്യാമറ വരും. വല്ലതും പറഞ്ഞുപോയാലോ വേണ്ടാതീനം ആലോചിച്ചുപോയാലോ കുടുങ്ങിയതുതന്നെ. സാധാരണക്കാര്‍ വല്ലതുമാണെങ്കില്‍ പോട്ടെ എന്നു വയ്ക്കാം. ഇത് നിയമം കലക്കിക്കുടിച്ച വീരശൂര പരാക്രമിയാണ്. സ്വകാര്യത്തിലായാലും ഒച്ചത്തിലായാലും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതുമുഴുവന്‍. ഇനി ഖേദിച്ചിട്ട് കാര്യമില്ല. പരിഭവിച്ചിട്ടും കാര്യമില്ല. ഇതാണ് മനസ്സിലുള്ളതെങ്കില്‍, അത് നാലാള്‍ അറിയുന്നതുതന്നെയാണ് നല്ലത്. മേലാല്‍ അബദ്ധം ആര്‍ക്കും പറ്റേണ്ടതില്ലല്ലോ. ന്യായാധിപന്റെ ഈ മനസ്സിലിരിപ്പ് കുര്യനും ഉമ്മന്‍ചാണ്ടിയും നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഒഞ്ചിയത്തെ രമയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ്, വക്കാലത്തുംകൊടുത്ത് വസന്തത്തെ ഡല്‍ഹിക്ക് വിട്ടത്.

രണ്ടുകാര്യങ്ങളാണ് പച്ചവെള്ളംപോലെ തെളിഞ്ഞുകിടക്കുന്നത്. ഒന്നാമത്തേത്, വിധി പറഞ്ഞ ന്യായാധിപന്‍ നിയമത്തെ വകവയ്ക്കാന്‍ തയ്യാറല്ല എന്നത്. രണ്ടാമത്തേത്, മാധ്യമക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല എന്നത്. ചാനലുകളുടെ മത്സരം മുറുകുമ്പോള്‍ ഇനി എവിടെയൊക്കെ ഒളിക്യാമറ വരും എന്ന് എല്ലാവരും സൂക്ഷിക്കണം. നീര റാഡിയ, ദല്ലാള്‍ കുമാര്‍, ക്രൈംകുമാര്‍, സുബി മല്ലി തുടങ്ങിയ മഹതീമഹാന്മാരുടെ ലോകമാണ്. എസ്എംഎസായും മിസ് കോളായും അഭിമുഖമായും ശുപാര്‍ശയായുമൊക്കെ വമ്പന്‍ പാരകള്‍ കടന്നുവരും. പെട്ടാലാണറിയുക, പെട്ടുപോയല്ലോ എന്ന്.

അല്ലെങ്കിലും ഒളിക്യാമറയെ കുറ്റംപറയാന്‍ വസന്തത്തിനുമുന്നില്‍ ന്യായത്തിന്റെ ഒരു വഴിയും തുറന്നുകിടപ്പില്ല. മനസ്സിലിരുപ്പ് മഹാ വഷളാണ്. പത്തുനാല്‍പ്പതു ദിവസം നാല്‍പ്പതിലേറെയാളുകള്‍ കൊണ്ടുനടന്ന് തടവിലിട്ടും ഒളിപ്പിച്ചും കശക്കിയെറിഞ്ഞ ഒരു പാവം കുട്ടിയെ ഇങ്ങനെ അധിക്ഷേപിക്കാന്‍ തയ്യാറാകുന്ന മനസ്സിലാണ് യഥാര്‍ഥ മഹത്വം. ആരും ചോദിച്ചുപോകും, ഈ മനുഷ്യന് ബന്ധുക്കളായി പെണ്‍കുട്ടികളൊന്നും ഇല്ലേ എന്ന്. അപരാധികളെ വെറുതെ വിട്ട അപരാധം സുപ്രീംകോടതിയില്‍ പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാന്‍ പിന്നെയും അപരാധം വാരിവിഴുങ്ങുമ്പോള്‍, ഒളിക്യാമറ തന്നെ ശരിയായ ആയുധം. മോശമായ പ്രവൃത്തികളും ചില ഘട്ടങ്ങളില്‍ ഇങ്ങനെ മാന്യത നേടും. അതുകൊണ്ട്, ഇത്തരം പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാമോ എന്ന ചോദ്യം ശതമന്യു തല്‍ക്കാലം ലോക്കറില്‍ വയ്ക്കുന്നു.

സൂര്യനെല്ലി എന്നുകേട്ടാല്‍ ബസന്തത്തിന്റെ വസന്തം മാത്രമല്ല മായുന്നത്. നാട്ടിലാകെ സൂര്യനെല്ലി പാട്ടായി മാറിയപ്പോള്‍ മനോരമ മാത്രം മിണ്ടുന്നില്ല. വെളിപ്പെടുത്തലും വെളിപ്പെടലും മൊഴിയും മൊഴിമാറ്റവുമൊന്നും മലയാളത്തിന്റെ "സുപ്രഭാത"ത്തിന് വിഷയമല്ല. അല്ലെങ്കിലും, സൂര്യനെല്ലി കത്തിക്കയറുന്ന കാലത്ത്, മനോരമ ആ പെണ്‍കുട്ടിയെ സഖാവാക്കിയതാണ്. പഴയൊരു സിനിമയുണ്ട്-അതില്‍ ""കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍, ഒരുനാള്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍, കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ് കാല്‍ക്കല്‍ വീണവള്‍ ഞാന്‍"" എന്ന് പാടുന്ന നായികയുണ്ട്. നടി ഷീല അവതരിപ്പിച്ച ആ ദേവദാസി കഥാപാത്രത്തെ അനുസ്മരിച്ച്, ആ സിനിമയുടെ പേരായ "അഗ്നിപുത്രി" എന്ന തലക്കെട്ടോടെ സൂര്യനെല്ലിപെണ്‍കുട്ടിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ കൊടുത്ത പത്രമാണ് മനോരമ. അവളെക്കൊണ്ട് കോണ്‍ഗ്രസുകാരുടെ പേര് പറയിക്കുകയാണ് എന്നായിരുന്നു അന്നത്തെ അധിക്ഷേപം. പി ജെ കുര്യന്റെയും ഡിസിസി പ്രസിഡന്റിന്റെയുമൊക്കെ പേര് ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ആ പെണ്‍കുട്ടിയെ മനോരമ "സഖാവാ"ക്കി. അവള്‍ക്കുമുന്നില്‍ ഒരുനാളും കണ്ണുതുറക്കാത്ത മനോരമയാണ് ബസന്തിന്റെ യഥാര്‍ഥ മുന്‍ഗാമി. "നടന്നത് മാനഭംഗമല്ലെന്ന് ജസ്റ്റിസ് ആര്‍ ബസന്ത്" എന്ന തലക്കെട്ട് അവരുടെ ആവശ്യത്തിനുതകും.

നാല്‍പ്പത്തിരണ്ടുപേര്‍ ആ പെണ്‍കുട്ടിക്കുമേല്‍ ചെയ്തത് മാനഭംഗമല്ല, മനോരമ മലയാളത്തോട് ചെയ്യുന്നത് നെറികേടുമല്ല എന്ന് നമുക്ക് വെറുതെ വിശ്വസിക്കാം. ശ്രീനാരായണഗുരു ദൈവമാണെന്ന് സ്ഥാപിക്കാന്‍ മുദ്രാവാക്യം വിളിയും വെല്ലുവിളിയും മുഴങ്ങുന്ന നാട്ടില്‍, അങ്ങനെ എന്താണ് വിശ്വസിച്ചുകൂടാത്തത്. ആയതിനാല്‍, അന്ന് കുര്യനെ കണ്ടു എന്ന് സുകുമാരന്‍നായര്‍ പറയുന്നതും ഉറപ്പിച്ച് വിശ്വസിക്കാം. ഇനി സുകുമാരന്‍നായരുടെ കണക്കില്‍ ഏതൊക്കെ ദൈവങ്ങള്‍ അവതരിക്കും എന്ന് കാണാന്‍ കാത്തിരിക്കാം. ഒരുപക്ഷേ, നാളെ ഹൈറേഞ്ചില്‍ പി ജെ കുര്യന്റെ തിരുസ്വരൂപം പ്രത്യക്ഷപ്പെടുകയും അവിടെ ആരാധനാലയം തുറക്കുകയും ചെയ്താലും അത്ഭുതം വേണ്ട. ഇങ്ങനെയൊക്കെയാണ് മൂര്‍ത്തികള്‍ ഉണ്ടാകുന്നത്. ദണ്ഡായുധപാണിക്ക് കറപ്പന്‍ സ്വാമിയെന്ന പോലെ, തൊട്ടടുത്ത് ഒരു രൂപക്കൂട് തീര്‍ത്ത് അതില്‍ നമുക്ക് വസന്തത്തിന്റെ ന്യായമായ ചിത്രവും സ്ഥാപിക്കാം. വഴിപോക്കരോട്, നിങ്ങള്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ നാണയത്തുട്ടെറിയൂ എന്ന് പറഞ്ഞാല്‍, ഭാവിയിലേക്ക് വരുമാനവും തരപ്പെടും.

*

"അസത്യം നാടുവാഴുന്ന കാലത്ത് സത്യം പറയുക എന്നത് വിപ്ലവ പ്രവര്‍ത്തനമാണ്" എന്ന് ജോര്‍ജ് ഓര്‍വെല്‍ പറയുമ്പോള്‍ ആരും നെറ്റിചുളിച്ചതായി ചരിത്രമില്ല. എന്നാല്‍, ആ വാചകം കടംകൊണ്ട് വീരഭൂമി അതിന്റെ നെറ്റിത്തടം അലങ്കരിച്ചതുകണ്ടപ്പോള്‍ ശരിക്കും ആഹ്ലാദിച്ചുപോയി. നിഷ്പക്ഷത, നിര്‍ഭയത്വം, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങള്‍ വീരഭൂമിയില്‍ കരിഞ്ചന്തയില്‍പോലും കിട്ടാനില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയ മറുപടി എന്തുണ്ട്? ഇത്രയും നിര്‍ഭയമായ ആത്മാവിഷ്കാവരം മറ്റേതുണ്ട്? മാതൃഭൂമിയില്‍ വിപ്ലവപ്രവര്‍ത്തനം നടത്തിവരുന്നവരെ അഭിനന്ദിക്കാതെയും അഭിമാനിക്കാതെയും ഒരു ചുവട് മുന്നോട്ടുപോകുന്നതെങ്ങനെ?

എല്ലാ യൂണിറ്റിലും പന്തല്‍കെട്ടി മൈക്കുവച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ സങ്കേതം പഠിപ്പിക്കുകയാണത്രെ സോഷ്യലിസ്റ്റ് വിശാരദന്‍. മിണ്ടിയാല്‍ കഴുത്ത് കണ്ടിക്കുമെന്നാണ് ഒരു പാഠത്തിന്റെ ശീര്‍ഷകം. തനിക്ക് ഒരു ശത്രുവേ ഉള്ളൂ, ആ ശത്രുവിനെ നശിപ്പിക്കാനാണ് ചാനല്‍ തുടങ്ങുന്നത് എന്നായിരുന്നു മുമ്പ് അവകാശവാദം. ചാനല്‍ തുടങ്ങുന്ന ദിവസം എന്തൊക്കെയോ ദുര്‍നിമിത്തം സംഭവിക്കുമെന്ന് ഏതോ കൈനോട്ടക്കാരന്‍ പ്രവചിച്ചതുകൊണ്ട് കുറച്ചുനാള്‍ വിശ്രമത്തിലായിരുന്നു. വീണ്ടും സജീവമായിട്ടുണ്ട്. യുദ്ധം പലവഴിക്കാണ്. ആയുധങ്ങളും പലതാണ്. നാവുതന്നെയാണ് വലിയ ആയുധവും വലിയ ശത്രുവും. വേജ്ബോര്‍ഡ് നടപ്പാക്കില്ല, കിട്ടുന്നത് വാങ്ങി അടങ്ങിയൊതുങ്ങിക്കഴിഞ്ഞോളൂ എന്നൊക്കെയാണ് സോഷ്യലിസ്റ്റിന്റെ പുത്തന്‍ ആപ്തവാക്യങ്ങള്‍. ശാസ്ത്രീയമായി ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചാല്‍ ഉടനെ ദൈവമായി മാറാനുള്ള ചാന്‍സുണ്ട്.

എന്റെ പത്രം എന്തും എഴുതും. എന്റെ ചാനലിന് പ്രസിദ്ധി കൂട്ടാന്‍ ഏതുതരത്തിലുള്ള റിയാലിറ്റി ഷോയും സംഘടിപ്പിക്കും. എന്റെ മുന്നില്‍ നിവര്‍ന്നുനിന്നവനെ ഏതു മലമുകളിലേക്കും അയക്കും എന്ന സിദ്ധാന്തമടങ്ങുന്ന ഒരു ബൃഹദ്ഗ്രന്ഥം തയ്യാറായിട്ടുണ്ട്. ഉടനെ പ്രീ പബ്ലിക്കേഷന്‍ ഓഫര്‍ വരും. പത്തുകോപ്പി വിറ്റുകൊടുക്കുന്നയാള്‍ക്ക് ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികവരെയാണ് ഓഫര്‍. അല്ലാത്തവനെതിരെ ഐടി ആക്ട് പ്രകാരം കേസ് കൊടുക്കും. പൊലീസിലെ സില്‍ബന്ദികളെ വിട്ട്, പാവങ്ങളെ ഭീഷണിപ്പെടുത്തി മിണ്ടാട്ടം മുട്ടിക്കുന്നത് ഒരു സോഷ്യലിസ്റ്റ് കലാപരിപാടി തന്നെയാണ്.

ഈയിടെ ഇറങ്ങിയ ഒരു ലേഖനം വീരഭൂമി എന്ന ഉദാത്ത മാധ്യമസ്ഥാപനത്തെ എത്രമാത്രം അപമാനിക്കുന്നു എന്ന് കണ്ട് ശതമന്യു ഞെട്ടിപ്പോയതാണ്. "മനോവാഗ്കര്‍മങ്ങള്‍ക്ക് കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത വിശുദ്ധപശുക്കളാണത്രെ വീര-പുത്രന്മാര്‍. അവരെ കല്ലെറിയാന്‍ സമയം കഴിഞ്ഞിരിക്കുന്നത്രെ. ധര്‍ണയില്‍ പങ്കെടുത്തവരെ സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കശ്മലരത്രെ അവര്‍. താന്‍ ഒരു കച്ചവടക്കാരനാണെന്നും അതിന്റെ ന്യായമാണ് തന്റെ നീതിശാസ്ത്രമെന്നും അന്തസ്സോടെ തുറന്ന് പറഞ്ഞില്ലെങ്കില്‍ പൊയ്മുഖങ്ങള്‍ ജനം വലിച്ചുകീറുമത്രെ. ഏറ്റവുമധികം പുരസ്കാരങ്ങള്‍ നേടിയ, മഹദ്ഗ്രന്ഥങ്ങള്‍ വിരചിച്ച, മഹാന്മാരായ എഴുത്തുകാരുടെ അക്ഷരങ്ങള്‍ അച്ചടിക്കാനുള്ള സകലതും സ്വന്തമായുള്ള ഒരു മഹാമേരുവിനെതിരെ ഇത്തരം ലേഖനംകൊണ്ട് കല്ലെറിയുന്നവരെ ശിക്ഷിക്കുകതന്നെ വേണം. തിരുവഞ്ചൂരിന്റെ സൈബര്‍ പൊലീസ് സേനയാണ് പറ്റിയ കക്ഷികള്‍. ഇപ്പോള്‍ ടെലിഫോണ്‍ ചോര്‍ത്തുന്ന പണിയൊന്നുമില്ലാത്തതുകൊണ്ട്, വീരഭൂമിക്കെതിരെ ലേഖനം എഴുതിയവര്‍, അത് ഇന്റര്‍നെറ്റിലേക്ക് കയറ്റിയവര്‍, അതിനെ ലൈക്ക് ചെയ്തവര്‍, ഷെയര്‍ ചെയ്തവര്‍ എന്നിവരെയെല്ലാം പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കട്ടെ. ഈ ലൈക്ക് അണ്‍ലൈക്കായില്ലെങ്കില്‍ നിന്നെ മൊത്തത്തില്‍ ഡിലീറ്റ് ചെയ്തുകളയുമെന്നായിരുന്നത്രെ ഒരു പൊലീസ് സിംഹത്തിന്റെ ഭീഷണി. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നതിനു പകരം പുതിയ മുദ്രാവാക്യമായി സൈബര്‍ നിയമം രക്ഷതു എന്ന് എഴുതിവച്ചാല്‍ തീരുന്നതേയുള്ളൂ പ്രശ്നങ്ങള്‍. അതിനെ വാഴ്ത്തി വിശേഷാല്‍പ്രതികള്‍ വന്നുകൊള്ളും.

1 comment:

mattoraal said...

കുര്യന്‍ ഇപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട് ,പെണ്‍കുട്ടിക്ക് 'വേണ്ടി '.