Sunday, February 3, 2013

ഉറുമ്പരിക്കുന്ന കനല്‍ക്കട്ടകള്‍

മഞ്ഞള്‍ വിഷഹാരിയാണ്. നല്ല വിഷം വമിപ്പിക്കുന്ന നാവില്‍ അല്‍പ്പം അരച്ചുതേച്ചാല്‍ നന്ന്. വിഷം കൂടിപ്പോയാല്‍ കുറഞ്ഞത് തൊണ്ണൂറ്റിയെട്ട് കിലോ മഞ്ഞള്‍പൊടിയെങ്കിലും വേണ്ടിവരും ചികിത്സ തുടങ്ങാന്‍. അങ്ങനെയൊരു ചികിത്സ കഴിഞ്ഞ ദിവസം മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ തുടങ്ങിയതായി വാര്‍ത്ത കാണുന്നു. അടിമുടി വിഷം ബാധിച്ച ഒരു സര്‍ക്കാരിനെ ചികിത്സിക്കാനാണ് മഞ്ഞള്‍ചാക്കുമായി അവിടെ ആള്‍ എത്തിയത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ്. അത് താരതമ്യേന വിഷം കുറഞ്ഞ ഇനം. നല്ല വിഷമുള്ള ഇനങ്ങളെയാണ് നാഗരാജക്ഷേത്രത്തില്‍ ആരാധിക്കുന്നത്. പ്രധാനമൂര്‍ത്തി പാതാളവാസിയും ശിവന്റെ ഹാരവുമായ വാസുകി എന്ന നാഗരാജാവ്. നാഗയക്ഷിയും സര്‍പ്പയക്ഷിയും കൂട്ടുമൂര്‍ത്തികള്‍. കാര്‍ക്കോടകനും തക്ഷകനുമൊന്നുമില്ലെങ്കിലും ആയിരം തലയും അത്രതന്നെ നാവുമുള്ള അനന്തനെ നിലവറയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്‍ ഉള്ളത് ആനന്ദംതന്നെ.

വിഷം ഇറക്കാന്‍ പല വഴികളുണ്ട്. കൊത്തിയ പാമ്പിനെക്കൊണ്ടു വിഷം ഇറക്കുന്ന വിദ്യ നടപ്പുണ്ടായിരുന്നത്രെ. ഇവിടെ പാമ്പാണ് മഞ്ഞള്‍ക്കെട്ടുമായി വന്നത് എന്ന് പറയുന്നത് പൂര്‍ണമായും ശരിയാകില്ല. ചീഫ് വിപ്പിനെ പാമ്പായാലും പാമ്പെന്നു വിളിച്ചുകൂടാ. സര്‍ക്കാരും കോണ്‍ഗ്രസും കഠിന പരീക്ഷണം നേരിടുന്ന ഘട്ടത്തില്‍ രക്ഷകനായി വരേണ്ടത് പി സി ജോര്‍ജുതന്നെ. തടസ്സങ്ങള്‍ മാറാനായി ത്രാസിന്റെ ഒരുതട്ടില്‍ ജോര്‍ജും മറുതട്ടില്‍ മഞ്ഞളും. വാസുകിക്കും അനന്തനും ആനന്ദമായിക്കാണും. യക്ഷികള്‍ പൂപ്പുഞ്ചിരി പൊഴിച്ചിട്ടുണ്ടാകും. സര്‍ക്കാരിനുവേണ്ടിയും രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയും ജോര്‍ജ് ത്രാസിലിരുന്ന് പ്രാര്‍ഥിച്ചു എന്നും വാര്‍ത്തകളില്‍ കാണുന്നു.

പ്രാര്‍ഥനയുടെ കാലമാണിത്. ജോര്‍ജ് സര്‍ക്കാരിനുവേണ്ടി. ഉമ്മന്‍ചാണ്ടി പി ജെ കുര്യനുവേണ്ടി. കുര്യന്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി. പ്രാര്‍ഥനതന്നെ പ്രാര്‍ഥന. ""എന്നെ ആ പെണ്‍കുട്ടി ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണെങ്കില്‍ പെണ്‍കുട്ടിയോട് ക്ഷമിക്കേണമേ, അതല്ല, എന്നെ തെറ്റിദ്ധരിച്ചാണ് കേസില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ സത്യം വെളിവാക്കി കൊടുക്കേണമേ"" എന്ന് എല്ലാ ദിവസവും പത്തുമിനിറ്റ് പ്രാര്‍ഥിക്കാറുണ്ടെന്നാണ് കുര്യന്‍ പറയുന്നത്. സത്യത്തില്‍ കുര്യന്‍ പ്രാര്‍ഥിക്കേണ്ടത് ആ പെണ്‍കുട്ടിക്ക് നല്ല ബുദ്ധി തോന്നാനല്ല. പതിനേഴുവര്‍ഷം മുമ്പ് പറഞ്ഞ അതേ കാര്യമാണ് അവര്‍ ഇപ്പോഴും പറഞ്ഞത്. ഉമ്മന്‍ചാണ്ടി അതുപറഞ്ഞ് അവളെ പരിഹസിക്കുന്നു. മൊഴി മാറ്റിപ്പറയാത്തതിന് പാവപ്പെട്ട പെണ്‍കുട്ടിക്കുനേരെ ഭരണാധികാരിയുടെ പരിഹാസം. അതാണ് കോണ്‍ഗ്രസ്. "അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും ആരോപണം ഉയര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസിലുള്ളവര്‍ക്കും പങ്കുണ്ടെന്നും" കുര്യന്‍ വിലപിക്കുന്നു. അത് കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം. കള്ളക്കത്ത് നല്‍കി രാജ്യസഭാ സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെന്നത് കുര്യന്റെ മറ്റൊരു പരിദേവനം. ""കോണ്‍ഗ്രസിലെ ഭരണതലത്തിലുള്ളവര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് സൂര്യനെല്ലിക്കേസ് വീണ്ടും വീണ്ടും ഉയര്‍ന്ന് വരുന്നത്; ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസിന് പിന്നിലുണ്ടാകാം; എന്റെ വളര്‍ച്ച മറ്റാരുടെയെങ്കിലും വളര്‍ച്ചയ്ക്ക് തടസ്സമാണെങ്കില്‍ അവരില്‍ ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചിരിക്കാം""-ഇങ്ങനെ പോകുന്നു ആ വിലാപം. ഇതൊക്കെ "അറിയാവുന്" ഒരാള്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിച്ചാല്‍ പോരേ? അല്ലെങ്കില്‍ അതിന് എന്തിന് പ്രത്യേകമൊരു പ്രാര്‍ഥന? "ഭരണതലത്തിലുള്ള"വരെ ഡല്‍ഹിയില്‍ വിളിപ്പിച്ച് ഒന്നു കണ്ണുരുട്ടിയാല്‍ തീരില്ലേ?

*
എല്ലാവരും പ്രാര്‍ഥിക്കേണ്ട സമയമായെന്ന് തോന്നുന്നു. ചിലര്‍ക്ക് നേര്‍ബുദ്ധി തോന്നിക്കാന്‍. മറ്റു ചിലരുടെ ദുര്‍ബുദ്ധി ഇല്ലാതാക്കാന്‍. ആരുടെ പ്രാര്‍ഥനയുടെ ഫലമോ എന്തോ? കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നേര്‍ബുദ്ധി പ്രകടനം കേട്ടു. ഡീസല്‍ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത് കേന്ദ്രത്തിനു പറ്റിയ തെറ്റാണെന്നും കേരള സമ്പദ്വ്യവസ്ഥയെ തീരുമാനം ബാധിക്കുമെന്നും കേരള കോണ്‍ഗ്രസിന് ഇതിനോട് എതിര്‍പ്പാണെന്നും. പറഞ്ഞത് മാണിസാറാണ്. ആഗോളവല്‍ക്കരണനയത്തിന് ബദലായി അധ്വാനവര്‍ഗസിദ്ധാന്തം വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവ്. അധ്വാനിക്കുന്നവരോട് സ്നേഹമാണെന്നും കേന്ദ്രത്തിന്റെ നയം തെറ്റാണെന്നും മാണി പറയുമ്പോള്‍ അത് ശ്രദ്ധിക്കണം. ആരായാലും ചില സാഹചര്യങ്ങളില്‍ ഉള്ളിലുള്ളത് പുറത്തുചാടും. കര്‍ഷകരുടെയും റബറുവെട്ടുന്നവരുടെയും തോട്ടപ്പണിക്കാരുടെയുമൊക്കെ മുഖത്ത് നേരെ നിന്ന് നോക്കണം എന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും മാണിസാര്‍ പറഞ്ഞതേ പറയാനാവൂ. പറച്ചിലും പ്രവൃത്തിയും തമ്മില്‍ അന്തരം എത്ര എന്നതേ നോക്കേണ്ടതുള്ളൂ.

*
മലബാറിലേക്ക് പണ്ട് യാഗാശ്വത്തെ പറഞ്ഞുവിട്ട ഒരാളുണ്ട്. അത് തിരിച്ചുവന്നപ്പോള്‍ ചാവാലിക്കുതിരയായി. എന്നാലും വെട്ടിപ്പിടിക്കാനുള്ള ആശ കൈവിട്ടില്ല. ജാതി പറഞ്ഞും സംഘടിച്ചുമാണ് പലരും പലതും നേടിയതെന്ന് മലബാറിലെ ഈഴവരെയുംതിയ്യരെയും പഠിപ്പിക്കാനാണ് ഇത്തവണ പോയത്. പാലത്തിലും കലുങ്കിലും കൊടികെട്ടിയതുകൊണ്ട് സംഗമം നാലാള്‍ അറിഞ്ഞു. ഇനിയിപ്പോള്‍, മുസ്ലിംലീഗുപോലെ, കേരള കോണ്‍ഗ്രസുപോലെ ആയിക്കോളൂ എന്നാണ് ആഹ്വാനം. പണ്ട് വോട്ടിന് കാശുകൊടുക്കുന്ന കോണ്‍ഗ്രസിന്റെ ഏര്‍പ്പാടുകണ്ടപ്പോള്‍ എ കെ ജി ജനങ്ങളോട് പറഞ്ഞത്, കാശ് വാങ്ങിക്കോളൂ; കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തോളൂ എന്നാണ്. കൊടിയും വണ്ടിയും ആഘോഷവും കണ്ട് "സംഗമിച്ച" ജനത്തിന്റെ മനസ്സും കൂടെവന്നു എന്ന് കരുതുന്നവര്‍ക്ക് പഴയ എസ്ആര്‍പിയെക്കുറിച്ചും എന്‍ഡിപിയെക്കുറിച്ചുമൊന്നും ഓര്‍മയില്ലാത്ത പ്രശ്നമുണ്ട്. പതിയെ ഓര്‍മ വരും. എന്‍എസ്എസ് കോണ്‍ഗ്രസുകാരായ നായന്മാരുടെ സംഘടനയായി എന്ന് പിണറായി പറഞ്ഞപ്പോള്‍ സുകുമാരന്‍നായരുടെ മറുപടിയൊന്നും കേട്ടില്ല. പകരം ""കോണ്‍ഗ്രസുമായുള്ള ധാരണ അവസാനിപ്പിച്ചു""എന്ന പ്രഖ്യാപനമാണ് വന്നത്. അറിയാനുള്ളത്, ഡല്‍ഹിയില്‍നിന്ന് ദേശ്മുഖ് എന്ത് "ധാരണ"യുമായാണ് വന്നതെന്നാണ്. പരസ്യമായി പറയേണ്ട. രഹസ്യമായി വിവരം കണിച്ചുകുളങ്ങരയില്‍ എത്തിച്ചാല്‍ ജോസഫ് വടക്കനെയെങ്കിലും "ധാരണ"യുമായി വിടാനുള്ള കരുണ ഹൈക്കമാന്‍ഡ് കാണിക്കും. എല്ലാം ഒരു "ധാരണ"യുടെ പുറത്താകുന്നത് നല്ലത്.

*
വാര്‍ത്ത ചോര്‍ത്തല്‍ ഒരു കലതന്നെ. മാധ്യമചരിത്രത്തിലെ ആദ്യത്തേതെന്ന് പറയാവുന്ന ഇനത്തില്‍പെട്ട ഒരു ചോര്‍ത്തല്‍ കഴിഞ്ഞ ദിവസം സംഭവിച്ചു. മാതൃഭൂമിയെ മാതൃഭൂമി അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:

വി എസുമായുള്ള അഭിമുഖം: പരാതിപ്പെട്ടെന്ന വാര്‍ത്ത വാസ്തവവിരുദ്ധം തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ "മാതൃഭൂമി ന്യൂസി"ന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷനേതാവിന് "മാതൃഭൂമി" പരാതി നല്‍കിയതായി ഒരു ചാനലിലും ബ്ലോഗിലും വന്ന വാര്‍ത്ത അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്ന് "മാതൃഭൂമി" മാനേജ്മെന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായുള്ള പരാമര്‍ശങ്ങള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും "മാതൃഭൂമി" അറിയിച്ചു.

ഒരു ചാനല്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ച അഭിമുഖം സംപ്രേഷണം ചെയ്യുംമുമ്പ് മറ്റൊരു ചാനലില്‍ വന്നു എന്നതാണ് പ്രശ്നം. മാതൃഭൂമി ചാനലില്‍ വി എസ് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇന്ത്യാവിഷനാണ് എടുത്തലക്കിയത്. അത് മറ്റു ചാനലുകള്‍ ഏറ്റുപിടിച്ചു. ചെക്കെഴുതുന്ന കുട്ടി, വിടുവായത്തം പറയുന്ന ജയശങ്കരന്‍ തുടങ്ങിയ ചര്‍ച്ചാംദേഹികള്‍ നിമിഷവേഗത്തില്‍ രംഗത്തെത്തി. വി എസ് കൊടുത്തോ എന്നുറപ്പില്ലാത്ത, ഏതു ചാനലില്‍ എപ്പോള്‍ വരും എന്നറിയാത്ത അഭിമുഖത്തെക്കുറിച്ച് ചര്‍ച്ചയും തര്‍ക്കവും വിശകലന വിരേചനവും. മാതൃഭൂമി കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കട്ടെടുത്ത് ഇന്ത്യാവിഷന്‍ കൊണ്ടുപോയി. പാര്‍ടി കമ്മിറ്റിയില്‍ നടക്കാത്ത ചര്‍ച്ച, പറയാത്ത വാക്ക്, ഇല്ലാത്ത തര്‍ക്കം എന്നിവ ദൃക്സാക്ഷിവിവരണമായി കൊണ്ടാടുമ്പോള്‍, ഇങ്ങനെയൊരു പണി കിട്ടുന്ന കാര്യം ചിന്തിച്ചിട്ടുണ്ടാകില്ല. അഭിമുഖം ചോര്‍ത്തിയതാരാണെന്നൊന്നും ശതമന്യുവിനറിയില്ല. തിരക്കുന്നുമില്ല. അത് ആരാണോ, അയാള്‍ക്ക് നിശ്ചയമായും മെഡല്‍ കൊടുക്കണം. എത്രയെത്ര പുരസ്കാരങ്ങള്‍ ഏതൊക്കെയാളുകള്‍ക്ക് പടുവിലയ്ക്ക് വില്‍ക്കുന്നു! ഭാവനാസമ്പന്നമായ ഈ വാര്‍ത്ത ചോര്‍ത്തലിന് പറ്റിയ പുരസ്കാരത്തിന് പിശുക്കെന്തിന്?

*
സൂര്യനെല്ലി കേസില്‍ അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടുമെന്ന് തിരുവഞ്ചൂര്‍. സൂര്യനെല്ലി പ്രതിയുടെ വക്കാലത്ത് എടുത്ത ദണ്ഡപാണിതന്നെ കൊടുക്കും ഉചിതമായ ഉപദേശം. ആശിച്ചതും കിട്ടുന്നതും പാലാകുമ്പോള്‍ ദണ്ഡായുധപാണിയെ നോക്കി പ്രതികള്‍ക്ക് "ഹരഹരോ ഹര" വിളിക്കാം. പ്രാര്‍ഥനയുടെ ആവശ്യം വരില്ല.

2 comments:

ajith said...

ഉള്ളത് പറഞ്ഞു

മനോജ് ഹരിഗീതപുരം said...

കഷ്ടം....ഓരോ ജന്മങ്ങള്‍