Sunday, January 27, 2013

പത്മ അവാര്‍ഡിന്റെ വിശ്വരൂപം

കേരളത്തിന്റെ ശുപാര്‍ശയില്ലാതെതന്നെ ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന ബഹുമതി പ്രഖ്യാപിക്കാനുള്ള വിവേകം ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് ഇല്ലാതെപോയി. പത്മശ്രീയുടെയും പത്മഭൂഷന്റെയും പത്മവിഭൂഷന്റെയും മേലെയാണ് ഭാരതരത്നം. ഇന്ത്യയുടെ ഏറ്റവും വലിയ ആ സിവിലിയന്‍ ബഹുമതിക്ക് ജീവിച്ചിരിപ്പുള്ളതില്‍ അര്‍ഹന്‍ ഉമന്‍ചാണ്ടിതന്നെ. എത്ര മനോഹരമായാണ് ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിഎയും സാംസ്കാരിക മന്ത്രിയുമായ കെ സി ജോസഫും ചേര്‍ന്ന് കൈകാര്യംചെയ്തത് എന്നുനോക്കുക. പാവപ്പെട്ട ബി ആര്‍ പി ഭാസ്കര്‍ രാവും പകലും കഷ്ടപ്പെട്ടതിന് ഫലം ലഭിച്ചില്ല എന്ന ഒറ്റക്കുറവേ ഉണ്ടായിട്ടുള്ളൂ. സി ആര്‍ നീലകണ്ഠന്‍, ഹരിഹരവര്‍മ, ആട്ആന്റണി, ബണ്ടിചോര്‍ എന്നീ പേരുകള്‍ ശുപാര്‍ശപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് പൊറുക്കാവുന്ന വീഴ്ചമാത്രം. അടുത്ത വര്‍ഷവും പട്ടിക അയക്കാമല്ലോ. മാനസമൈനയെ വിളിച്ച് കടാപ്പുറത്ത് പാടി നടക്കുകയും കോണ്‍ഗ്രസിനോട് എക്കാലത്തും അടുത്തു നില്‍ക്കുകയും ചെയ്ത നടന്‍ മധുവിന് പത്മഭൂഷണ്‍ ചോദിച്ച് വലിയൊരു പത്മശ്രീ വാങ്ങിക്കൊടുത്തതിലും വലിയ ഒരു പുണ്യപ്രവൃത്തി വേറെയേതുണ്ട്. രാഹുല്‍ഗാന്ധി ഏക വൈസ് പ്രസിഡന്റായതുകൊണ്ടാണ് മഹാനാകുന്നതെങ്കില്‍, ഇക്കൊല്ലത്തെ ഏക പത്മശ്രീക്കാരന്‍ ഭാരതരത്നത്തെക്കാള്‍ മുമ്പന്‍തന്നെ. അല്ലെങ്കിലും ആര്‍ക്കുവേണം രത്നവും ഭൂഷണും വിഭൂഷണവുമൊക്കെ.

ലിസ്റ്റൊക്കെ അയച്ചിട്ടുണ്ട്. അത് എങ്ങനെ ഉണ്ടാക്കി എന്ന് ചോദിക്കരുത്. പത്മ അവാര്‍ഡിന്റെ ലേലംവിളി അതിരുവിട്ടപ്പോള്‍, ഒരു സമിതി ഉണ്ടാക്കി ആളെ കണ്ടെത്തണം എന്ന് മേലാവില്‍നിന്ന് കുറിമാനം വന്നതാണ്. ഇവിടെ കമ്മിറ്റിയും മന്ത്രിസഭയും പൊലീസുമെല്ലാം ഉമ്മന്‍ചാണ്ടിതന്നെ. അതിനുമേല്‍ എന്തിന് പ്രത്യേകമൊരു കമ്മിറ്റി എന്ന് കെ സി ജോസഫ് ചിന്തിച്ചു. അങ്ങനെ ലേലത്തില്‍ മുന്നില്‍വന്നവരെ ഉള്‍പ്പെടുത്തിയും കണ്ണുതട്ടാതിരിക്കാന്‍ ഏതാനും അര്‍ഹരെ പെടുത്തിയും ലിസ്റ്റ് തട്ടിക്കൂട്ടി. പറഞ്ഞ സമയത്ത് അയച്ചില്ല എന്നേയുള്ളൂ. വൈകി എത്തിയ തട്ടിക്കൂട്ട് ലിസ്റ്റ് അപ്പാടെ രാഷ്ട്രപതി മടക്കി അയച്ച് പുതിയ ചരിത്രം കൂടി എഴുതിച്ചേര്‍ത്തു. ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ മാനസമൈനയ്ക്ക് മധുരം നുള്ളിക്കൊടുക്കാന്‍ ഒരു പത്മശ്രീ മാത്രം.

എല്ലാവരോടും പറഞ്ഞത് നാല്‍പ്പത്തിരണ്ടംഗ ലിസ്റ്റ് എന്നാണ്. ശരിക്കും അയച്ചത് പതിനഞ്ചു പേരുകള്‍ മാത്രവും. ആരാണ് ഈ പതിനഞ്ചിനെ തെരഞ്ഞെടുത്തത് എന്ന് കെ സി ജോസഫിനോട് ചോദിച്ചാല്‍ പുതുപ്പള്ളിയിലേക്കൊന്ന് കണ്ണെറിയും. പ്രശ്നം ഗുരുതരമാകാന്‍ പോകുന്നതേയുള്ളൂ. പത്തുകോടി വരെയാണ് പത്മ ഒന്നിന് നടപ്പു നിരക്ക്. വാങ്ങിയവരാര്, കൊടുത്തവരാര് എന്ന് താമസിയാതെ തെളിയും. പലിശ സഹിതം മടക്കിക്കൊടുത്തില്ലെങ്കില്‍ പല കഴുത്തിലും പിടിവീഴും. അതല്ലെങ്കില്‍ വല്ല പുതിയ സംസ്ഥാന പുരസ്കാരവും ഏര്‍പ്പെടുത്തുകയോ മീനച്ചിലാറും ഭാരതപ്പുഴയും പതിച്ചുകൊടുക്കുകയോ ചെയ്യണം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് ഭാരത രത്ന കിട്ടാനുള്ള വകുപ്പുതന്നെ. അടുത്തവട്ടം പ്രണബ് മുഖര്‍ജി മടക്കി അയയ്ക്കാത്ത ലിസ്റ്റുണ്ടാക്കി അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഒന്നാമതായി കൊടുത്താല്‍ കെ വി തോമസ് പാരവച്ചില്ലെങ്കില്‍ എല്ലാം മംഗളകരമായേക്കും. എന്തായാലും ഇക്കാര്യത്തില്‍ എ കെ ആന്റണിക്ക് ഒരു താല്‍പ്പര്യവുമില്ല. കേരളം ഇപ്പോള്‍ പുതുപ്പള്ളി തറവാട്ടു വകയാണ്. കാര്യസ്ഥരായ തിരുവഞ്ചൂര്‍, കെ സി ജോസഫ് സംഘം വിചാരിച്ചാല്‍ ഒരു പത്മശ്രീയൊക്കെ തരപ്പെടുത്തി കൊടുക്കാനും ആവും.

*

ഭക്തകുചേല സിനിമകണ്ട് ഏതെങ്കിലും നിരീശ്വരവാദി സിനിമാ കൊട്ടകയിലേക്ക് ജാഥ നടത്തിയതായി ചരിത്രത്തിലെവിടെയും കാണുന്നില്ല. പള്ളിവികാരി കൊലപാതകവും കൊള്ളരുതായ്മയും നടത്തുന്ന ചിത്രം കണ്ട് ഇടവകക്കാര്‍ കൊടിയുംപിടിച്ച് സമരംനയിച്ച കഥയും കേട്ടിട്ടില്ല. ഒരുജാതി, ഒരു മതം, ഒരുദൈവം മനുഷ്യനെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെതിരെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആളാണ് ഞങ്ങള്‍ എന്ന അവകാശവാദവുമായി പ്രകടനം നടന്നിട്ടുണ്ടോ? മുംബൈയില്‍ കൂട്ടക്കൊല നടത്തി പിടിയിലായ അജ്മല്‍ കസബ് ശിക്ഷിക്കപ്പെട്ടത് മുസല്‍മാനായതുകൊണ്ടല്ല; കൊലയാളിയായതുകൊണ്ടാണ്. കസബിനെ തൂക്കിക്കൊന്നതിന്റെ പേരില്‍ ആരെങ്കിലും മതവും പറഞ്ഞു വന്നാല്‍ എന്താകും സ്ഥിതി എന്നാലോചിക്കാന്‍തന്നെ വയ്യ. കല കലയുടെ വഴിക്ക് നടക്കും; മതം മതത്തിന്റെയും; രാഷ്ട്രീയം അതിന്റെയും. ഇതിനെല്ലാമിടയില്‍ച്ചെന്ന് കോലിട്ടിളക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നല്ല തണ്ടും തടിയുമുള്ള, പോത്തിന്റെ ഉശിരും കുറുക്കന്റെ ഒച്ചയുമുള്ള കുറെയെണ്ണം കേരളത്തിലെ സിനിമാ തിയറ്ററുകള്‍ക്കുമുന്നില്‍ മുരളുന്നതും അമറുന്നതും കാണുമ്പോള്‍ ശരിക്കും സഹതാപമാണു വരുന്നത്. വിശ്വരൂപമാണുപോലും പ്രശ്നം.

ഇവരുടെ വിശ്വരൂപം ഇങ്ങനെയാണോ എന്ന് സംശയം വരാം. ഇതിനേക്കാള്‍ അബദ്ധമാണ് ഇതിപ്പോള്‍ സിനിമയോട്. ഇതിന് മുമ്പ് പട്ടികളോടായിരുന്നു. പഞ്ചായത്തുകളില്‍ പട്ടിപിടിത്തക്കാരെ കിട്ടാനില്ലാത്തതുകൊണ്ടാകണം തെരുവിലെ പട്ടിയുടെ കഴുത്ത് കണ്ടിക്കാന്‍ കുറെയെണ്ണം ഇറങ്ങി. കൈവെട്ട്, കാല്‍വെട്ട്, പട്ടിവധം തുടങ്ങിയ കലാപരിപാടികളില്‍ മിടുക്കന്‍മാരായവര്‍ ഇപ്പോള്‍ കമല്‍ഹാസനെ പിടിക്കാനാണിറങ്ങിയിരിക്കുന്നത്. "വിശ്വരൂപം" സിനിമ കണ്ടപ്പോള്‍ അത് ഭീകരതയ്ക്കെതിരായ ഒന്ന് എന്നേ തോന്നിയുള്ളൂ. അങ്ങനെയാണ് കമല്‍ പറയുന്നതും. ഭീകരതയ്ക്കെതിരായ സിനിമയ്ക്കെതിരെ സമരം നയിക്കുന്നവര്‍ ഭീകരതയുടെ ആളാകും എന്നതില്‍ തര്‍ക്കമില്ല. പ്രസംഗിച്ച എം എം മണിയെ ജയിലിടച്ച തിരുവഞ്ചൂരിന്റെ പൊലീസിന് കേസുകളുടെ ചാകരയാണ് വന്നിരിക്കുന്നത്.

വിശ്വരൂപം തീവ്രാദത്തിന്റെ വിശ്വരൂപമാണ്. ഇസ്ലാം മതത്തെയോ പ്രവാചകനെയോ മത വിശ്വാസങ്ങളെയോ വിമര്‍ശിക്കുന്നുമില്ല; തെറ്റായി ചിത്രീകരിക്കുന്നുമില്ല. മതമാണ് പ്രശ്നമെങ്കില്‍, ഇസ്ലാം വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതാണ് പ്രശ്നമെങ്കില്‍ പ്രകടനം നടത്തേണ്ടത് സിനിമാ തിയറ്ററിലേക്കല്ല; ബംഗ്ലൂരുവിലേക്കാണ്. അബ്ദുല്‍ നാസര്‍ മഅ്ദനി എന്നൊരാള്‍ അവിടെ ദുരിതം തിന്ന് ജീവിക്കുന്നുണ്ട്. ഒരു കാലേയുള്ളൂ; ഒന്നര മനുഷ്യന്റെ രോഗങ്ങളുമുണ്ട്. ഉസ്താദ്വേട്ട നടത്തിയത് കര്‍ണാടക പൊലീസാണെങ്കിലും അതിന് പശ്ചാത്തലമൊരുക്കിയത് വിശ്വരൂപ സമരക്കാരുടെ കൂട്ടാളികളാണ്. യുഡിഎഫും ചങ്ങാതിപ്പത്രങ്ങളും മഅ്ദനിമാത്രമല്ല, ഭാര്യയും കുടുംബമാകെയും തീവ്രവാദികളാണെന്നുവരെ പറഞ്ഞുകളഞ്ഞു.

നമ്മുടെ വിഖ്യാത മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത കവറിലാക്കി ഓഫീസില്‍ കിട്ടും. അല്ലാത്തവര്‍ വാര്‍ത്ത തേടിപ്പിടിക്കാന്‍ പുറത്തിറങ്ങും. കെ കെ ഷാഹിന എന്ന ഒരു മാധ്യമ പ്രവര്‍ത്തക വിഖ്യാതയല്ലാത്തുകൊണ്ട്, മഅ്ദനിയുടെ കേസിനെക്കുറിച്ചറിയാന്‍ പുറത്തേക്കിറങ്ങി. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ മഅ്ദനി തടിയന്റവിട നസീറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബംഗളൂര്‍ സ്ഫോടനം ആസൂത്രണം ചെയ്തുവെന്നും കര്‍ണാടക പൊലീസ് കുറ്റപത്രത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതിന്റെയെല്ലാം സാക്ഷികളെ ഷാഹിന ചെന്ന് കണ്ടു. ചിലര്‍ മൊഴി കൊടുത്തിട്ടില്ല. ചിലര്‍ക്ക് ഒന്നും അറിയില്ല. മറ്റു ചിലര്‍ എന്തോ പറഞ്ഞു; മറ്റെന്തോ രേഖപ്പെടുത്തി. ആകെ മൊത്തം ദല്ലാള്‍ നന്ദകുമാറിനെപ്പോലെ ദുരൂഹം; ക്രൈം നന്ദകുമാറിനെപ്പോലെ ജുഗുപ്സാവഹം. മഅ്ദനിയെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതുമാത്രമാണ് തെളിവുള്ള ഏക കുറ്റകൃത്യം.

കുടകിലെ തണുപ്പില്‍ കയറിച്ചെന്ന് കര്‍ണാടക പൊലീസിന്റെ തട്ടിപ്പുകള്‍ പൊളിച്ചടുക്കിയപ്പോള്‍, ഷാഹിനയ്ക്കും കിട്ടി ഭീകരപ്പട്ടം. ഇപ്പോള്‍ രാജ്യേദ്രോഹക്കേസിലെ പ്രതി. മഅ്ദനി അഞ്ചുനേരവും നിസ്കരിക്കുന്ന, ദൈവത്തിനുമാത്രമായി സര്‍വം സമര്‍പ്പിച്ച ഇസ്ലാമാണ്. ആ മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നു എന്നാണ് ഷാഹിന കണ്ടെത്തിയത്. അതിനാണ് അവരെ രാജ്യദ്രോഹിപ്പട്ടം നല്‍കി "ആദരിച്ച"ത്. മനുഷ്യവകാശ ലംഘനത്തിന്റെയും ഭരണകൂട ഭീകരതയുടെയും വര്‍ഗീയതയുടെയും ഈ വിശ്വരൂപം നമ്മുടെ പട്ടിവെട്ടുകാര്‍ക്ക് വിഷയമല്ല. നിഷ്പക്ഷത, നിര്‍ഭയത്വം, വാസ്തവം എന്നൊക്കെ തിരിച്ചും മറിച്ചും പറഞ്ഞ് ചവച്ചു നടക്കുന്ന മാധ്യമങ്ങള്‍ക്ക് ഷാഹിനയ്ക്കുവേണ്ടി ഒഴുക്കാന്‍ ഒരിറ്റു കണ്ണീരില്ല. അവസരം കിട്ടിയാല്‍, ഷാഹിനയെ പിടിച്ച് കര്‍ണാടക പൊലീസില്‍ ഏല്‍പ്പിക്കാനുള്ള മാനസികാവസ്ഥയിലാണവര്‍. പത്രക്കാര്‍ ഇത്ര വലിയ കള്ളന്‍മാരോ എന്ന് ആ "വിശ്വരൂപം" കണ്ട് ഷാഹിന തന്നെ ചോദിക്കുന്നു.

മഅ്ദനിക്കും ഷാഹിനയ്ക്കും വേണ്ടി ഉയരാത്ത മോങ്ങല്‍ വിശ്വരൂപത്തിനെതിരെ ഉയര്‍ത്തുന്നവരെ സൂക്ഷിക്കണം. അവര്‍ക്ക് ഇസ്ലാമും സത്യവിശ്വാസവും സാക്ഷ്യവചനങ്ങളുമൊന്നുമല്ല- മറ്റുചിലതാണ് പ്രധാനം. അതുകൊണ്ടുതന്നെ നിര്‍ദോഷമായ, മതവിരുദ്ധമല്ലാത്ത കലാസൃഷ്ടിയുടെ പേരില്‍ അവര്‍ കുഴപ്പമുണ്ടാക്കുന്നു. തെരുവിലെ പട്ടികളെ വെട്ടിക്കൊല്ലുന്നു. എല്ലാം കഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തണലില്‍ ഒളിക്കുകയും ചെയ്യുന്നു.

*

ഷാഹിനയ്ക്കെതിരെ കള്ളക്കേസെടുത്താലും മഅ്ദനിയെ പീഡിപ്പിച്ചാലും വിശ്വരൂപത്തിനെതിരെ അക്രമസമരം നടന്നാലും പ്രതിഷേധമുയര്‍ത്താന്‍ ഒരു കൂട്ടര്‍മാത്രം. എന്നാലും മാര്‍ക്സിസ്റ്റുകാരെക്കുറിച്ച് ഏതെങ്കിലും തല്ലിപ്പൊളി ദല്ലാള്‍മാര്‍ പറയുന്നതാണ് അന്നത്തെ പ്രധാന വാര്‍ത്ത!.