Sunday, July 8, 2012

ആടിനറിയുമോ അങ്ങാടിവാണിഭം

കുറ്റം പറഞ്ഞു ചിരിക്കുന്നവരോട് ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാവപ്പെട്ട ലീഗിനെ കുറ്റം പറയുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നതില്‍ അമ്പരക്കേണ്ടതില്ല. ഒരു ദുര്‍ബലനിമിഷം മനുഷ്യന്റെയെന്നല്ല, ഒരു പാര്‍ടിയുടെ തന്നെ വിധി നിര്‍ണയിക്കുന്നതെങ്ങനെ എന്ന് തെളിയിച്ചത് മുനീര്‍ സാഹിബാണ്. നല്ല തങ്കപ്പെട്ട മനുഷ്യന്‍. സുന്ദര കളേബരന്‍. ആകെയുള്ള ദോഷം പഞ്ചാരയുടെ അസുഖം മാത്രം. ജന്മനാ ഡോക്ടറായതുകൊണ്ട് അതിന്റെ ചികിത്സ മുറയ്ക്ക് നടക്കുന്നുണ്ട്. പനിയും ജലദോഷവും എന്നപോലെ ഇടയ്ക്ക് സാഹിത്യ- ഫാസിസ്റ്റ് വിരോധ അസുഖം വരാറുണ്ട്. രണ്ടുമൂന്നുദിവസം പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ അതങ്ങ് മാറും. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല- വാരിപ്പിടിച്ചിട്ടേയുള്ളൂ. അതിലും കര്‍ക്കശക്കാരനാണ്. ശതമാനക്കണക്കില്‍ വിട്ടുവീഴ്ചയില്ല. കുറഞ്ഞുപോകാന്‍ പാടില്ല- എത്രകൂടിയാലും വിരോധമില്ല. ചാനലിന്റെ പെട്ടിയില്‍ വീണിരിക്കണമെന്നാണ് നിബന്ധന. വിജിലന്‍സ് കേസുകള്‍ പുല്ലാണ്. അല്ലെങ്കിലും നാലു പത്രക്കാരെ ചേട്ടാന്നും അനിയാന്നും വിളിച്ചുചിരിച്ചാല്‍ തീരാത്ത കേസ് ഏതുണ്ട്?

എനിക്കില്ലേലെന്താ, എനിക്കില്ലേലെന്താ എന്റെ വാപ്പച്ചി നേതാവല്ലേ എന്ന പാട്ട് കോഴിക്കോട്ടാണ് കോയാ ജനിച്ചത് എന്ന ദൈവകണത്തിന്റെ പരമരഹസ്യം കണ്ടുപിടിച്ചിട്ടുണ്ട്. പൈതൃകമാണ് സ്വത്ത്. ഏതോ അലിയാര്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അധ്യാപികമാരോട് പച്ച ബ്ലൗസിടാന്‍ പറഞ്ഞതിന്റെ കുറ്റം റബ്ബിന്റെ അടിമയായ അബ്ദുവിന്റെ തലയിലാണ് വീണത്. അവിടെ പൈതൃകം ദോഷമായി മാറുന്നു. അബ്ദുറബ്ബ് തൊട്ടതെല്ലാം കുറ്റമാണ്. കക്കാനും നിക്കാനും പഠിച്ചവരെ നാം യുഡിഎഫിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ എന്ന് വിളിക്കുന്നു.

എല്ലായിടത്തും ദുര്‍ബലനിമിഷമാണ് വില്ലന്‍. സ്വന്തമായുള്ള മൊഴിയും സ്വന്തം കുട്ടിയുമായി വന്ന പെണ്‍കുട്ടിയെ സ്വന്തം ചാനലില്‍ സ്വീകരിച്ചിരുത്തി സ്വന്തം നേതാവിനെതിരെ സാക്ഷിപറയിക്കാന്‍ തോന്നിയതും ഒരു ദുര്‍ബലനിമിഷത്തിലാണ്. അന്ന് പൊട്ടിയത് ലഡുവല്ല; അസ്സല്‍ പൈപ്പ് ബോംബാണ്. "പാലും ജലവും കലര്‍ത്തി വച്ചീടിനാല്‍ പാലേ കുടിപ്പൂ അരയന്നജാതികള്‍; ദുഷ്ടെന്നിയേ മറ്റതൊന്നും ഗ്രഹിക്കില്ല പൊട്ടക്കുളത്തില്‍ കളിച്ചീടുമട്ടകള്‍" എന്നാണ് പ്രമാണം. ഇര ചാനല്‍ വിളക്കിന്റെ പ്രഭയില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ പാലും ജലവും സമൃദ്ധമായൊഴുകി. അത്തരമൊരു വെളിപ്പെടുത്തല്‍ അതിനു മുമ്പുണ്ടായിട്ടില്ല. ഇരയുടെ മൊഴിയാണ് മൊഴി. അതില്‍ കേസില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഞെക്കിപ്പഴുപ്പിച്ചെടുത്ത് കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ കരയുന്നത്.

ഉമ്മന്‍ചാണ്ടിക്ക് കുടവയറും ചെവിയിലും പുറത്തും രോമവും കൊമ്പന്‍മീശയും വെടിക്കലയും വേണ്ടപോലെ ഇല്ല എന്നേയുള്ളൂ. അസ്സല്‍ പട്ടേലരുടെ ഭാവമുണ്ട്. തൊമ്മിമാരാണെങ്കില്‍ ഞാന്‍മുന്നേ ഞാന്‍മുന്നേ എന്ന മട്ടിലാണ്. തൊമ്മിത്തമാണ് ഇസങ്ങളില്‍ മുഖ്യം. അതില്ലാത്തവര്‍ മുരളിയെപ്പോലെ മാനസ മൈനേ പാടി കടപ്പുറത്ത് അലഞ്ഞുനടക്കും. വല്യതൊമ്മി വല്യമന്ത്രിയാകും. അതിലും വലിയ തൊമ്മിക്ക് എഡിജിപി പട്ടവും കാണുന്നിടത്തൊക്കെ കൈയിടാനുള്ള അധികാരവും കിട്ടും.

അങ്ങനെയൊരു ഐപിഎസ് തൊമ്മിത്തമാണ് മണ്‍സൂണിനുപകരം വടകരയില്‍ തിമിര്‍ത്തുപെയ്യുന്നത്. മേല്‍മുണ്ട് അരയില്‍ ചുറ്റി എസ് കത്തിപോലെ വളഞ്ഞുനില്‍ക്കാന്‍ പറ്റാത്ത പൊലീസിനെ വിമാനം കയറ്റി അമേരിക്കാവിലേക്ക് വിടും. കുനിയാന്‍ പറഞ്ഞാല്‍ കുമ്പിട്ടുവീഴുന്ന കോമാളിവേഷത്തിന് സര്‍വാധികാരം കൊടുക്കും. സാക്ഷി പറയാന്‍ കോടതിയില്‍ ചെല്ലുന്നവന്‍ പിന്നെ ജീവനോടെ തിരിച്ചുവരില്ലെന്ന് പ്രസംഗിച്ച എംഎല്‍എ ചിരിച്ചുകളിച്ച്, പൊലീസുകാരനെ മച്ചമ്പീ എന്ന് വിളിക്കും. അതില്‍ കേസുമില്ല; പുക്കാറുമില്ല. കണ്ണൂരിലെ കൊലപാതകത്തിന്റെ മൊത്തക്കച്ചവടം സുധാകരനാണെന്ന് വെളിപ്പെടുത്തിയ പ്രശാന്തനെ ശാന്തമായി വിരട്ടിനിര്‍ത്താനും തൊമ്മിപ്പൊലീസ് വേണം. അടുക്കളപ്പണിയും കുശുകുശുപ്പും കഴിഞ്ഞ് തുണിയലക്കാനും മുറ്റമടിക്കാനും ഇപ്പോള്‍ ഐഎഎസ് വേണമെന്നായിരിക്കുന്നു. രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ ഇനി എന്തെല്ലാം വരുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ വെളിപ്പെടുത്തേണ്ടിവരും.

സകലകലാവല്ലഭന്‍ വടകരക്കേസ് അന്വേഷിച്ചന്വേഷിച്ച് കേസുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ദിനംപ്രതി നറുക്കെടുപ്പാണത്രേ. ഓരോ ദിവസവും ആലോചിച്ച് ഒരു നറുക്കെടുക്കും. ഇന്ന് ഒരു ലോക്കല്‍ കമ്മിറ്റി അംഗം. നാളെ ഏരിയ കമ്മിറ്റി അംഗത്തിന് നറുക്കുവീഴാന്‍ സാധ്യത. എല്ലാ ദിവസവും വാര്‍ത്ത വേണം. അങ്ങനെ രണ്ടുമാസം തികച്ചു. എത്ര ദിവസം കഴിയുന്നുവോ അതിനേക്കാള്‍ കൂടുതല്‍ പ്രതികളുടെ എണ്ണം വേണമെന്ന് നിര്‍ബന്ധമാണ്. 70 എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചതെന്ന് തൊമ്മിപ്പൊലീസിന്റെ വെബ്സൈറ്റില്‍ കാണുന്നു. ആ നിലയ്ക്ക് 69-ാം ദിവസം അന്വേഷണം അവസാനിക്കുമെന്ന് കരുതാം. മുല്ലപ്പള്ളിയും ആര്‍എംപിയും കനിഞ്ഞാല്‍ അത് സാധിക്കും. ഇനിയുള്ള നാളുകളില്‍ കാള്‍ മാര്‍ക്സിനെയും ഏംഗല്‍സിനെയും പ്രതിയാക്കണമെന്ന് രമയ്ക്ക് തോന്നിയാല്‍ പട്ടികയില്‍ 72 പേര്‍ വരും. കേസ് തെളിയുകയൊന്നും വേണ്ട. തല്‍ക്കാലം സിപിഐ എമ്മിനെ കുത്തിയാല്‍ മതി. കുഞ്ഞനന്തന്‍ പോയ വഴിയിലെ തെങ്ങിനെയും മാവിനെയും പശുവിനെയും ആടിനെയുമെല്ലാം പ്രതിയാക്കിക്കഴിഞ്ഞു. എവിടെനിന്നോ കുറെ വാളും കത്തിയും എടുത്ത് കൊലയ്ക്ക് ഉപയോഗിച്ച ആയുധമെന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. രക്ത സാമ്പിള്‍ കൈയിലുള്ളപ്പോള്‍ ഏതായുധത്തെയും വസ്ത്രത്തെയും എസ് കത്തിയാക്കാം. വിചാരണയില്‍ കേസ് പൊളിഞ്ഞാലും വേണ്ടില്ല, കൊല നടന്ന സ്ഥലത്തേക്ക് ചന്ദ്രശേഖരനെ എത്തിച്ച ഫോണ്‍കോള്‍ ആരുടേതെന്ന് തെളിഞ്ഞില്ലെങ്കിലും പ്രശ്നമില്ല- മാര്‍ക്സിസ്റ്റുകാരെ കൂട്ടില്‍ കയറ്റിയാല്‍ മതി.

സി എച്ച് അശോകന് ജാമ്യം കൊടുത്തപ്പോള്‍ കോടതിക്ക് ജാഗ്രത വേണമെന്നാണ് ആര്‍എംപി പറഞ്ഞുകളഞ്ഞത്. പി മോഹനനെ പിഴിഞ്ഞിട്ടും ഞെക്കിയിട്ടും ഒന്നും കിട്ടിയില്ലത്രേ. ഇനിയും ഞെക്കണം പോലും. എന്നിട്ടുവേണം കഥ പൂര്‍ത്തിയാക്കാന്‍. ഉന്നതബന്ധം തെളിയിക്കണം പോലും. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരെയും നേതാക്കളെയും ഭ്രാന്തമായ പകയോടെ പൊലീസ് വേഷക്കാര്‍ കൊത്തിവലിക്കുകയാണ്. കേസ് എവിടെ എത്തിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. അവിടെ എത്തിക്കുന്നതിന് എന്തും ചെയ്യുമെന്ന് തെളിയിക്കുന്നു. വടകരയിലെ ഉടന്‍ വിപ്ലവപ്പാര്‍ടിയുടെ നേതാവിനെ ഇന്റലിജന്‍സ് എഡിജിപിയാക്കി അന്വേഷണച്ചുമതല കൊടുത്താല്‍പോലും ഇത്ര വലിയ നെറികേട് നാടിനു കാണേണ്ടിവരില്ല.

ബോധമാണ് പ്രശ്നം. കാക്കിയിടുന്നവന്റെ ശമ്പളം ഖദറിടുന്നവന്റെ തറവാട്ടില്‍ നിന്നാണെന്ന് ബോധിച്ചുപോയാല്‍ പിന്നെ രക്ഷയില്ല. ആര്‍എംപിക്കാരനും മുല്ലപ്പള്ളിയും പറയും- തിരുവഞ്ചൂര്‍ അനുസരിക്കും, കാക്കിയിട്ട സേവകര്‍ ആ ആജ്ഞ ശിരസാവഹിക്കും. വന്നുവന്ന്, സുധാകരനെ വെള്ളപൂശല്‍ മാത്രമല്ല, പുള്ളിക്കാരന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ ചവിട്ടിപ്പൊട്ടിച്ച് നശിപ്പിക്കല്‍ കൂടി കണ്ണൂരിലെ പൊലീസിന്റെ പണിയായിരിക്കുന്നു എന്നാണ് കേള്‍വി. അവിടെ പൊലീസ് മേധാവിക്ക് സുധാകരന്റെ കോല്‍ക്കാരന്റെ പണിയാണ്. സുധാകര സില്‍ബന്ധിയായ കെഎസ്യുക്കാരന്‍ വഴിനടക്കുമ്പോള്‍ ഒരു ബോര്‍ഡ് കാണുന്നു- ഒരു കൈയില്‍ വാളും മറുകൈയിലും അരയിലും തോക്കുമായി മുണ്ട് മടക്കിക്കുത്തിനില്‍ക്കുന്ന സ്വന്തം നേതാവ് ഫ്ളക്സ് ബോര്‍ഡില്‍! തനിസ്വരൂപത്തിന്റെ ചിത്രത്തിന്, ഈ കാട്ടാളനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന അടിക്കുറിപ്പ്. കുട്ടിനേതാവ് നേരെ കാക്കിച്ചട്ടമ്പിമാരെ വിളിക്കുന്നു. കേട്ടപാതി ജീപ്പും തോക്കുമായി കാക്കിപ്പട ബോര്‍ഡ് വേട്ടയ്ക്കിറങ്ങുന്നു. ഒരു ബോര്‍ഡ് ചവിട്ടിപ്പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കൂടി. കാക്കിക്കുള്ളില്‍ പൊലീസാണോ അതോ മറ്റുവല്ലതുമാണോ എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ ആളുണ്ടായപ്പോള്‍ കൊണ്ടുവന്ന ശൗര്യം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ട് ഏമാന്മാര്‍ വലിഞ്ഞു.

ഇനിയിപ്പോള്‍, കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്ന് അയലവാങ്ങാനുള്ള ചുമതലയും ജില്ലാ പൊലീസ് മേധാവിയെ ഏല്‍പ്പിക്കാന്‍ സുധാകരനേതാവ് ആലോചിക്കുന്നു എന്നാണ് വാര്‍ത്ത. കേരള പൊലീസിന്റെ സ്ഥിതി അസൂയാവഹം തന്നെ. ആട് ആന്റണിയെ വടകരക്കേസിന്റെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ആടാണ് താരമെന്ന് പത്തുദിവസം ചാനല്‍ചര്‍ച്ച നടത്തിയാല്‍ മതിയല്ലോ. ആടിനറിയുമോ അങ്ങാടിവാണിഭം?

2 comments:

ശതമന്യു said...

ബോധമാണ് പ്രശ്നം. കാക്കിയിടുന്നവന്റെ ശമ്പളം ഖദറിടുന്നവന്റെ തറവാട്ടില്‍ നിന്നാണെന്ന് ബോധിച്ചുപോയാല്‍ പിന്നെ രക്ഷയില്ല. ആര്‍എംപിക്കാരനും മുല്ലപ്പള്ളിയും പറയും- തിരുവഞ്ചൂര്‍ അനുസരിക്കും, കാക്കിയിട്ട സേവകര്‍ ആ ആജ്ഞ ശിരസാവഹിക്കും.

Rajith said...

ബോധമാണ് പ്രശ്നം.. അതില്ലാത്ത രാധ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു