Sunday, February 19, 2012

കരണത്തടിയുടെ രാഷ്ട്രീയം

പിറവമെന്നത് കേവലമൊരു സ്ഥലനാമമല്ല. അതൊരു രാഷ്ട്രീയ സമസ്യയാകുന്നു. പിറവത്ത് എന്താണ് പിറക്കുക? മാര്‍ച്ച് പതിനേഴിനാണോ പതിനെട്ടിനാണോ ആ പിറവിയുണ്ടാകുക? ജനനസംഭവം നടന്നാല്‍ ആരു കരയും; ആര് ഉടന്തടിച്ചു വീണ് കാലഗതി പൂകുമെന്നതെല്ലാം ഇനിയും ചിന്തിക്കേണ്ട വിഷയങ്ങളാണ്. പണ്ട് തന്തക്കാലുമായി ഒരു പിറവിയുണ്ടാകുമെന്ന് പ്രവചനമുണ്ടായതും കുഞ്ഞിന്റെ കരച്ചിലും ആനക്കാരന്റെ അന്ത്യശ്വാസവും ഒന്നിച്ചുണ്ടായതും ഒരു കഥ. കൊള്ളുന്നത് കൊക്കിനോ ചക്കിനോ എന്ന് തിട്ടപ്പെടുത്താവുന്നതല്ല. പിറവത്തെ ഫലം യുഡിഎഫിന്റെ കൊക്കിനുതന്നെ കൊള്ളിക്കുമോ എന്നാണ് ചിന്തിക്കാനുള്ളത്. പിള്ളയ്ക്കു കൊടുക്കുമ്പോള്‍ പിള്ളയുടെ പിള്ളയ്ക്ക് കിട്ടുന്ന കാലമാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ കരണത്തടി കിട്ടുന്നത് സുഖമുള്ള കാര്യമല്ല. അന്താരാഷ്ട്ര സിനിമാ ഉത്സവത്തില്‍ നെറികേടുകളുടെ തിടമ്പേറ്റി ഉറഞ്ഞാടിയപ്പോള്‍ തിരുവനന്തപുരത്തുകാര്‍ ഗണേശന്‍ മന്ത്രിയെ നോക്കി പറഞ്ഞത്, "കൊള്ളാം- പാരമ്പര്യമുള്ളവന്‍" എന്നത്രേ. അപ്പനു പിറന്നാല്‍ അപ്പടിയിരിക്കണമെന്ന ചൊല്ല് ഗണേശന്റെ കാര്യത്തില്‍ അച്ചട്ടാണെന്ന്, വി എസിനെതിരെ വൃത്തികെട്ട ഭാഷ ഉപയോഗിച്ചപ്പോള്‍ കേരളവും ഒന്നടങ്കം മനസ്സിലാക്കി. സുന്ദരമായ നാവു ചുഴറ്റി സൗരഭമുള്ള വാചകമിടുക്കു കൊണ്ട് ചാനല്‍ ദൃശ്യങ്ങളിലും പത്രത്തലക്കെട്ടുകളിലും ഗണേശമന്ത്രി നിത്യസാന്നിധ്യമായപ്പോള്‍ ജനം സംശയലേശമെന്യേ പറഞ്ഞു- അപ്പനു പിറന്നാല്‍ ഇപ്പടിതാന്‍ ഇരിക്കണം.

ഈ പൊന്നുമോനോട് പക്ഷേ, അപ്പന്റെ ചെയ്തി കടുത്തുപോയി. സ്വന്തം മകനെ തന്തയില്ലാത്തവന്‍ എന്നാണ് പാര്‍ടി യോഗത്തില്‍ പരമകാരുണികനായ പിതാവ് വിശേഷിപ്പിച്ചത്. ഇതാണ് സത്യത്തില്‍ വൈരുധ്യാധിഷ്ഠിത ഭൗതികവാദം. മാണിസാര്‍ അധ്വാന വര്‍ഗസിദ്ധാതം രചിച്ചതുപോലെ ഉഗ്രന്‍ മറ്റൊന്ന്. ഗണേശന്‍ പിള്ളയുടെ സ്വന്തം പിള്ള തന്നെയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നുമില്ല. പക്ഷേ, പിള്ള തീര്‍ത്തു പറയുന്നത് കാര്യങ്ങള്‍ അങ്ങനയല്ല എന്ന്! ഈ ആശയക്കുഴപ്പത്തിനു മുന്നില്‍ സാക്ഷാല്‍ കുഞ്ചന്‍നമ്പ്യാര്‍ക്കുപോലും ഉപമയും ഉല്‍പ്രേക്ഷയും വറ്റിപ്പോകും.

വ്യക്തികേന്ദ്രിതമായ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാര്‍ടിയുടെയും അലമ്പു മുഴുവന്‍ ഈ അപ്പന്‍ - മകന്‍ പോരില്‍ കാണാം. കേരളാ കോണ്‍ഗ്രസുകള്‍ സ്ഥാപിച്ചതുതന്നെ മക്കള്‍ക്കുവേണ്ടിയാണെന്നാണ് പരിശുദ്ധ പാലാ ബാവാ കരിങ്ങോലക്കോസ് മാണിക്കോസ് പിതാവിന്റെ തിയറി. മാണിയുടെ കേരളാ കോണ്‍ഗ്രസ് മാണിയുടെ മകനാണ്. ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബിന്റെ മകന് എഴുതിക്കൊടുത്തു കഴിഞ്ഞു. ഇവര്‍ രണ്ടുപേര്‍ക്കും ഇതുവരെ മന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ല. പിള്ളയുടെ പിള്ള രണ്ടുവട്ടം മന്ത്രിയായി. ആദ്യത്തെ തവണ പരിശുദ്ധ പിതാവുതന്നെ മകന്റെ മന്ത്രിക്കാലനായി ഉളിയെറിഞ്ഞു. രണ്ടാംതവണ കുറേക്കൂടി കടുത്ത പ്രയോഗത്തിനാണ് നീക്കം. മന്ത്രിക്കുപ്പായം അഴിച്ചുവയ്പിക്കാന്‍ മാത്രമല്ല, വലിയൊരു വീതുളി എറിയാനുള്ള പഴുതുംകൂടി നോക്കി മകന്റെ പുരയ്ക്കു ചുറ്റും മണ്ടിനടക്കുകയാണ് കേരളത്തിന്റെ സ്വന്തം മാടമ്പി. മറ്റ് കേരള കോണ്‍ഗ്രസില്‍ മക്കത്തായമാണ് നിലനില്‍ക്കുന്നതെങ്കില്‍ പിള്ള കോണ്‍ഗ്രസില്‍ മരുമക്കത്തായമത്രേ. മകനെ ആട്ടിപ്പുറത്താക്കി, മരുമകനെ പാര്‍ടി ജനറല്‍ സെക്രട്ടറി പദമേല്‍പ്പിച്ചിരിക്കുകയാണ് പിള്ളേച്ചന്‍ . വില്‍പ്പത്രത്തില്‍ പാര്‍ടിയും ശരണ്യ ബസുകളും പാര്‍ടിയുടെ ഗുണ്ടകളും മരുമകന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്.

സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റിന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ച്, നീ സ്വാമിനാഥനല്ലെങ്കില്‍ തിരിച്ചടിക്കെടായെന്ന് എന്‍ എന്‍ പിള്ള ആക്രോശിക്കുന്ന രംഗമുണ്ട്. അപ്പനെ തിരിച്ചുതല്ലാനാകാത്തതുകൊണ്ട് ഭീമന്‍ രഘുവിന്റെ കരണക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുത്തിട്ടാണ് വിളിച്ചോണ്ടു പോടാ എന്ന് ഇന്നസെന്റ് പറയുന്നത്. അതുപോലൊരു രംഗം ആര്‍ ബി പിള്ളയും മകന്‍ കെ ബി ജി പിള്ളയും തമ്മിലും അരങ്ങേറി. മൊത്തം പ്രതീകാത്മകമാണ്. സീന്‍ ഒന്നില്‍ തന്തപ്പിള്ള മുണ്ടും മടക്കിക്കുത്തി മകന്റെ ആപ്പീസിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ചെന്നു കയറിയപാടെ, മകന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് കാച്ചുന്നു. മകന്റെ കാറിനിട്ട് ആഞ്ഞുതൊഴിക്കുന്നു. തിരിഞ്ഞുനടക്കുന്നു. അച്ചടിക്ക് വഴങ്ങുന്ന ഡയലോഗ് അല്ലാത്തതിനാല്‍ വായനക്കാര്‍ക്ക് മനോധര്‍മം പോലെ പൂരിപ്പിക്കാം. മകന്റെ പ്രതികരണവും പ്രതീകാത്മകമായിരുന്നു. അച്ഛന്റെ ബസുകള്‍ അഞ്ചെണ്ണം എറിഞ്ഞുതകര്‍ത്തു. തിരിച്ചൊന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളവര്‍ക്കുമേല്‍ അരിശം തീര്‍ക്കുന്നതില്‍ അച്ഛനും മകനും ഒറ്റക്കെട്ട്.

മകന്റെ ലോറിക്ക് ചെകുത്താന്‍ എന്നു പേരെഴുതുന്ന "സ്ഫടിക"ത്തിലെ ചാക്കോ മാഷിനെയും അപ്പന്റെ കുപ്പായത്തിന്റെ കൈവെട്ടി പകരം വീട്ടുന്ന ആടുതോമയെയും ഓര്‍ക്കാം. സിനിമാനടനല്ലേ മന്ത്രി. ആക്ഷനിലും റിയാക്ഷനിലും സിനിമാ സ്റ്റൈല്‍ മസ്റ്റ്. അഴിമതിക്കേസില്‍ അകത്തുകിടന്ന പിതാവിനെ വഴിവിട്ട മാര്‍ഗത്തില്‍ പുറത്തിറക്കാന്‍ ഈ മകന്‍പെട്ട പാട് നാട്ടുകാര്‍ മറന്നിട്ടില്ല. ഈ പിതാവിനു വേണ്ടിയാണ് വൃത്തികെട്ട ഭാഷയില്‍ എതിരാളികളെ ആക്ഷേപിച്ചത്; വേണ്ടാതീനം പുലമ്പിയത്; കാമാസക്തി പ്രയോഗം തൊടുത്തത്. അതിനൊക്കെയുള്ള കൂലി സ്വന്തം പിതാശ്രീയില്‍ നിന്നുതന്നെ മകന്‍ വാങ്ങുന്നു. നന്ദിയില്ലാത്ത അച്ഛന്‍ എന്ന മകന്റെ ശാപവുമായാണ് കൊട്ടാരക്കര കൊമ്പന്റെ ശിഷ്ടജീവിതം.

*
പിള്ളയും പുള്ളിയുടെ പിള്ളയും കരണത്തടി വ്യവസായം കൊണ്ട് സുരഭില ജീവിതം നയിക്കട്ടെ. യുഡിഎഫില്‍ വലിയ പണിയൊന്നുമില്ല. ആകെയുള്ളത് കമ്യൂണിസ്റ്റുകാരെ നേര്‍ക്കുനേര്‍ തെറിവിളിക്കാനുള്ള അവകാശപത്രത്തിന്റെ അവകാശത്തര്‍ക്കമാണ്. തെറിവിളി മുറയ്ക്ക് നടക്കുന്നുണ്ട്. അതിനപ്പുറം മൊത്തക്കച്ചവടമാണ്. ഓരോ വീട്ടിലും നടന്നുകയറി വോട്ടുചോദിക്കേണ്ട കാര്യമൊന്നുമില്ല. വോട്ടുകള്‍ മൊത്തമായി വിലയ്ക്കു വാങ്ങിയാല്‍ മതി. അതിനായി ചില കടകള്‍ തുറന്നുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ കഷ്ടപ്പെട്ട് കത്തും അഭ്യര്‍ഥനയുംകൊണ്ട് വീടുകയറിയാലേ വോട്ടുകിട്ടൂ. കോണ്‍ഗ്രസായാല്‍ മൊത്തവ്യാപാരികളെ കണ്ട് കച്ചവടം ഉറപ്പിച്ചാല്‍ മതി. പിറവത്ത് അങ്ങനെയുള്ള ചില കച്ചവടങ്ങള്‍ മുല്ലപ്പെരിയാറിലൂടെ ഒഴുകിവരുമെന്ന് ഉമ്മന്‍ചാണ്ടിക്കു കരുതാം. അതാണ് അധുനാധുന രാഷ്ട്രീയപ്രവര്‍ത്തനം.

*
ഒ അബ്ദുറഹ്മാന്‍ എന്ന മാധ്യമം പത്രാധിപര്‍ പച്ചക്കുതിരപ്പുറത്തേറി പറയുന്നത് നോക്കൂ:

"ഇപ്പോഴുള്ള മാതൃഭൂമിയുടെ നിലപാടുകള്‍ പലപ്പോഴും സംശയമാണ്. അതായത്, അതിന്റെ മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ കൂടെ നിന്നപ്പോള്‍ മാതൃഭൂമി പത്രത്തിന് ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം യുഡിഎഫിലേക്ക് പോയപ്പോള്‍ മാതൃഭൂമി പത്രത്തിന്റെ "സ്വഭാവം" യുഡിഎഫിന് അനുകൂലമായി. പല വാര്‍ത്തകളിലും അതു കാണാന്‍ കഴിയും. പിന്നെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ പത്രങ്ങളെ വിശകലനം ചെയ്യുന്നത് അത് ഏതു സമുദായത്തെ, ഏതു ജാതിയെ, ഏതു മതത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന പോയിന്റില്‍ നിന്നുകൊണ്ടായിരിക്കും. അങ്ങനെ പറയുമ്പോള്‍ സവര്‍ണ ഹിന്ദുക്കളുടെ പത്രമാണ് മാതൃഭൂമി. ക്രിസ്ത്യാനികളുടെ പത്രമാണ് "മനോരമ". ഈഴവരുടെ പത്രമാണ് "കേരളകൗമുദി". ഒരു മുസ്ലിം പത്രം എന്ന നിലയിലാണ് "മാധ്യമം" വിലയിരുത്തപ്പെടാറ്."

ഇതിലും വലുത് മറ്റെന്തുവേണം? ഈ സാധനങ്ങളാണല്ലോ പടച്ചോനെ നിഷ്പക്ഷ മഹാപക്ഷമെന്ന ലേബലൊട്ടിച്ച് മലയാളികള്‍ വെറുംവയറ്റില്‍ സേവിക്കുന്നത്.

ഒ അബ്ദുറഹ്മാന്‍ നിര്‍ത്തിക്കളയുന്നില്ല. "എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളിലും വലിയ മൂല്യശോഷണങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഒരുസോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രതിഫലനം മാതൃഭൂമി പത്രത്തിനുണ്ടാകണമെന്ന് എം പി വീരേന്ദ്രകുമാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും സംശയാസ്പദമാണ്."

ഇതാണ് ശരിയായ കഥ. വീരന് സോഷ്യലിസം വേണ്ടാതായതുപോലെ മാതൃഭൂമിക്ക് സത്യസന്ധതയും വേണ്ട.

*
വാല്‍ക്കഷണം:

ആശുപത്രികളിലെ അത്യാഹിത വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസി, വെന്റിലേറ്റര്‍ എന്നീ തീവ്രപരിചരണ വിഭാഗങ്ങളുടെ സേവനം മുടക്കി സമരം നടത്തിയാല്‍ അതിനു ജീവന്റെ വില നല്‍കേണ്ടിവരും. അത്യാഹിത യൂണിറ്റുകളുടെ പ്രവര്‍ത്തനം മുടക്കിയുള്ള സമരങ്ങളെ ഐഎംഎ അനുകൂലിക്കുന്നില്ല. ജനാധിപത്യരീതിയില്‍ ഒട്ടേറെ സമരമാര്‍ഗങ്ങളുണ്ട്. വ്യവസ്ഥാപിത മാര്‍ഗങ്ങളായ നിവേദനങ്ങള്‍ , ജാഥകള്‍ , ധര്‍ണകള്‍ , ചര്‍ച്ചകള്‍ എന്നിവയാണു പ്രാരംഭമുറകള്‍ . ഇവ വിജയിക്കാതെ വന്നാല്‍ മാത്രമേ പണിമുടക്കാവൂ- ഡോ. ജെ രാജഗോപാലന്‍നായര്‍ , പ്രസിഡന്റ്, ഐഎംഎ.

ഇത് നേഴ്സുമാര്‍ക്ക് മാത്രം ബാധകം. ഡോക്ടര്‍മാര്‍ക്ക് അടുപ്പിലും ആകാം. അതാണ് മെഡിക്കല്‍ എത്തിക്സ്.

2 comments:

ശതമന്യു said...

സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റിന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ച്, നീ സ്വാമിനാഥനല്ലെങ്കില്‍ തിരിച്ചടിക്കെടായെന്ന് എന്‍ എന്‍ പിള്ള ആക്രോശിക്കുന്ന രംഗമുണ്ട്. അപ്പനെ തിരിച്ചുതല്ലാനാകാത്തതുകൊണ്ട് ഭീമന്‍ രഘുവിന്റെ കരണക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുത്തിട്ടാണ് വിളിച്ചോണ്ടു പോടാ എന്ന് ഇന്നസെന്റ് പറയുന്നത്. അതുപോലൊരു രംഗം ആര്‍ ബി പിള്ളയും മകന്‍ കെ ബി ജി പിള്ളയും തമ്മിലും അരങ്ങേറി. മൊത്തം പ്രതീകാത്മകമാണ്. സീന്‍ ഒന്നില്‍ തന്തപ്പിള്ള മുണ്ടും മടക്കിക്കുത്തി മകന്റെ ആപ്പീസിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ചെന്നു കയറിയപാടെ, മകന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് കാച്ചുന്നു. മകന്റെ കാറിനിട്ട് ആഞ്ഞുതൊഴിക്കുന്നു. തിരിഞ്ഞുനടക്കുന്നു. അച്ചടിക്ക് വഴങ്ങുന്ന ഡയലോഗ് അല്ലാത്തതിനാല്‍ വായനക്കാര്‍ക്ക് മനോധര്‍മം പോലെ പൂരിപ്പിക്കാം. മകന്റെ പ്രതികരണവും പ്രതീകാത്മകമായിരുന്നു. അച്ഛന്റെ ബസുകള്‍ അഞ്ചെണ്ണം എറിഞ്ഞുതകര്‍ത്തു. തിരിച്ചൊന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളവര്‍ക്കുമേല്‍ അരിശം തീര്‍ക്കുന്നതില്‍ അച്ഛനും മകനും ഒറ്റക്കെട്ട്.

kanakkoor said...

വളരെ നല്ല വിശകലനം .
അതുമതി.
അധികം പറഞ്ഞ് കുളമാക്കുന്നില്ല.