Sunday, February 12, 2012

ഇവന്റ് മാനേജ്മെന്റ്

മാന്യത എന്നത് ഇലയില്‍പൊതിഞ്ഞ് ചേര്‍ത്തലച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച ജൈവ ഉല്‍പ്പന്നമാകുന്നു. രാത്രി കിടക്കുമ്പോഴും വെളുപ്പിന് കോഴി കൂവുന്നതിന് മുമ്പും ഓരോ കഴഞ്ച് മാന്യത പച്ചവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ പഴയ സുറുമക്കഥപോലെ ഫലംകിട്ടും. പല്ലുപോയ കിഴവി കണ്ണില്‍ തെല്ലുസുറുമയെഴുതിയപ്പോള്‍ മധുരയൗവനം നേടി മാരനെ വീണ്ടും തേടിയതുപോലെ. വന്നുവന്ന് മാന്യതയുടെ അളവ് അല്‍പ്പം കൂടിയിരിക്കുന്നു. അല്‍പ്പം, അല്‍പ്പന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ശ്രദ്ധിച്ചേ ഉപയോഗിക്കാവൂ. എ കെ ജി എന്ന കേരളത്തിന്റെ മഹാനായ നേതാവിനെ മുന്‍കാലപ്രാബല്യത്തോടെ അവഹേളിക്കുകയും പാവപ്പെട്ടവന് കിടപ്പാടം നേടിക്കൊടുത്ത മിച്ചഭൂമിസമരത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത് അല്‍പ്പത്തമല്ല, അനല്‍പ്പത്തമാണ്.
സോവിയറ്റ് യൂണിയനില്‍ കോളറയായും വസൂരിയായും ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും വന്നപ്പോള്‍ ചേര്‍ത്തലയില്‍ ആഘോഷം നടന്നു. അന്ന് കേട്ട പ്രസംഗത്തില്‍ "ഗോര്‍ബച്ചേവേ, തളരേണ്ട, പതറേണ്ട, ഞങ്ങളുണ്ട് കൂടെ" എന്ന മാന്യമായ പ്രഖ്യാപനവും ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ എന്ന മഹാസ്തംഭത്തെ തകര്‍ക്കുന്ന ഉടന്‍കൊല്ലിപ്പരിപാടിക്ക് ഹല്ലേലുയ്യ പാടാന്‍ കുറച്ചൊന്നും മാന്യത പോരാ. പര്യായം നോക്കുമ്പോള്‍ മാന്യതയെ ഡാങ്കേയിസം, കോണ്‍ഗ്രസ് പ്രണയം എന്നെല്ലാം വിളിക്കാം എന്നത്രെ ദിവാകരപണ്ഡിതരുടെ ഭാഷാജ്ഞാനം. ഇനി എവിടെ കണ്ടാലും ആദരവോടെ മാന്യശ്രീപാദ് അമൃത് ഡാങ്കേ ദിവാകര്‍ജി എന്ന് ആര്‍ക്കും വിളിക്കാം. ആ വിളിയില്‍ ഒട്ടുമുണ്ടാകില്ല അഹന്തയും ധിക്കാരവും. അല്ലെങ്കിലും ആ രണ്ട് വാക്കുകളും ദിവാകര്‍ജിക്ക് ചതുര്‍ഥിയാണ്. മാന്യമായ ചിരി, മാന്യമായ വാക്ക്, മാന്യത തുള്ളിത്തുളുമ്പുന്ന പെരുമാറ്റം എന്നിവ സമംചേര്‍ത്ത് ആറ്റിക്കുറുക്കിയെടുത്താല്‍ കിട്ടുന്ന മരുന്നിന് ദിവാകരാദി കഷായം എന്ന് പേരിടാം.

ശത്രുക്കളായാലും വീട്ടില്‍വരുന്നവരെ അപമാനിക്കരുത് എന്നത് മാന്യതയുടെ പരിധിയില്‍പെടാത്ത പൊട്ടപ്രമാണമാകുന്നു. ശത്രു വീട്ടില്‍വന്നാലും ആശുപത്രിയില്‍ വന്നാലും ആട്ടിയിറക്കാം; അവഹേളിക്കാം. എ കെ ആന്റണി തൊണ്ണൂറ്റിയാറില്‍ നിയമസഭയിലേക്കാണ് മത്സരിച്ചത്. എതിരാളി ആന്റണിയേക്കാള്‍ മാന്യന്‍ . ആ ഒന്നര മാന്യന് ഒരപകടം പറ്റി ആശുപത്രിയിലായി. ആന്റണി സന്ദര്‍ശനത്തിന് ചെന്നു. വളരെ മാന്യമായി സ്വീകരിച്ചു-നാടകം വേണ്ട, എനിക്ക് കാണാന്‍ താല്‍പ്പര്യമില്ല എന്ന മഹദ്വചനത്തോടെ ഇറക്കിവിടുകയുംചെയ്തു. ഞാന്‍ വലിയവനാണ് എന്ന് കാണിക്കാന്‍ ചിലര്‍ മസില്‍ പെരുപ്പിക്കും. മറ്റുചിലര്‍ വലിയ വര്‍ത്തമാനം പറയും. എനിക്കും ആപ്പീസര്‍ക്കും കൂടി പന്തീരായിരം ശമ്പളമുണ്ടെന്ന് ലാസ്റ്റ്ഗ്രേഡുകാരന്‍ പറഞ്ഞാല്‍ നാം അതിലെ സമത്വമാണ് കാണേണ്ടത്. അല്ലാതെ, രണ്ടായിരം വാങ്ങുന്നയാളെ തരംതാഴ്ത്താന്‍ ഒരുമ്പെടരുത്. സമത്വസുന്ദരലോകമാണ് സ്വപ്നത്തില്‍ വിരിയുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. ആ ലോകത്ത് ആനയെയും ആടിനെയും ഒരേതൊഴുത്തിലാണ് കെട്ടുക. അവിടെ ആട്ടിന്‍കുട്ടി ആനക്കൊമ്പനെ അളിയാ എന്ന് വിളിക്കും. കഷണ്ടിയും കുശുമ്പുമൊന്നുമില്ലാത്തതാണ് ആ ലോകം. ഇവ്വക തത്ത്വങ്ങള്‍ മനസ്സിലാക്കാത്തവരാണ് എന്തുപറഞ്ഞാലും വിവാദം സൃഷ്ടിക്കുന്നത്.

എങ്ങനെയാണ് ഒരുകക്ഷിയുടെ വലുപ്പം അളക്കുക എന്നുപോലും സിന്‍ഡിക്കറ്റുകാര്‍ക്ക് നിശ്ചയമില്ല. എണ്‍പത്തഞ്ച് അംഗ സംസ്ഥാന കമ്മിറ്റിയുള്ള കക്ഷി എണ്‍പത്തൊന്‍പതംഗങ്ങളുള്ള കക്ഷിയെ കുഞ്ഞനിയാ എന്നല്ല, വലിയേട്ടാ എന്നാണ് വിളിക്കേണ്ടത്. അല്‍പ്പം വളര്‍ച്ച കുറഞ്ഞാലും വിളര്‍ച്ചയുണ്ടെങ്കിലും ഏട്ടന്‍ ഏട്ടന്‍തന്നെയാണ്. ഇടതുപക്ഷ ഐക്യം എന്ന കടമ അനിയന്‍ നിര്‍വഹിച്ചുകൊള്ളണം. വോട്ടുപിടിത്തവും ജയിപ്പിക്കലും കഷ്ടപ്പാടുമെല്ലാം അനിയന്റെ ഡിപ്പാര്‍ട്ടുമെന്റാണ്. ജയിച്ചാല്‍ ഏട്ടന്‍ വന്ന് വേണമെങ്കില്‍ കസേരയിലിരിക്കും. ഭരണത്തിന്റെ ഭാരം ചുമക്കുക എന്ന ത്യാഗം ആ കസേരയില്‍ നിര്‍വഹിക്കപ്പെടും. അഥവാ തോറ്റാല്‍ അനിയന്‍ തോല്‍പ്പിച്ചു എന്ന് പ്രഖ്യാപിക്കും.

മൂപ്പ് കൂടുതലുള്ളതുകൊണ്ട് ജനപിന്തുണയ്ക്ക് ഒട്ടും കുറവില്ല. പരമ്പരപരമ്പരയായുള്ള വളര്‍ച്ചയാണ്. യുവജനനേതാവിന്റെ പിതാവ് പാര്‍ടിയെ നയിക്കും. മാതാവ് മഹിളാമുന്നണിയെ, അനിയന്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തെ, അമ്മാവന്‍ തൊഴിലാളി സംഘടനയെ നയിക്കും. അളിയന് പത്രത്തിന്റെയും അമ്മായിഅപ്പന് കര്‍ഷകസംഘത്തിന്റെയും ചുമതല കൊടുക്കും. കുടുംബയോഗം ഒരുദിവസം ഉന്നതതല കമ്മിറ്റിയും മറ്റൊരു ദിവസം സമ്മേളനവുമാകും. ഏതെങ്കിലും സംഘടനയ്ക്ക് നേതാവില്ലെന്നുവന്നാല്‍ റോഡില്‍ചെന്ന് നില്‍ക്കും. അടുത്ത വീട്ടില്‍നിന്ന് പുറന്തള്ളുന്ന വെയിസ്റ്റിനെ നേതാവിന്റെ കുപ്പായമിടീക്കും. മാലിന്യപ്രശ്നം രൂക്ഷമായ കാലത്ത് ഇങ്ങനെ കിട്ടുന്നതിന്റെ അളവ് തുലോം കൂടുതലാണ്. സമരംചെയ്യാന്‍ ആളെക്കിട്ടാതെവന്നാല്‍ പത്രക്കാരെ വിളിച്ചുവരുത്തി മതിലുചാടിക്കടന്നും വലിയവായില്‍ കരഞ്ഞും നാലുപേരുടെ തീവ്രസമരം നടത്തി കരുത്ത് തെളിയിക്കും. നഞ്ചെന്തിന് നാനാഴി എന്നാണ്. ആളെക്കൂട്ടാന്‍ കഴിയുന്ന പാര്‍ടി, സെക്രട്ടറിയേറ്റ് വളയും. മാന്യതയുള്ള പാര്‍ടിക്കാര്‍ സെക്രട്ടറിയറ്റില്‍ കയറി സര്‍ക്കാര്‍ സെക്രട്ടറിയുടെ ചേംബര്‍ വളയും. രണ്ടും വളയല്‍തന്നെ.

*
ഇത്രയൊക്കെ ലോകകാര്യങ്ങള്‍ പറഞ്ഞിട്ടും യഥാര്‍ഥ സംഗതിയിലേക്ക് വന്നിട്ടില്ല. ഇവന്റ് മാനേജ്മെന്റാണ് വിഷയം. സ്വന്തമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പണംകൊടുത്ത് ചെയ്യിക്കുന്നതാണ് ഇവന്റ് മാനേജ്മെന്റ്. ജനസ്വാധീനമില്ലാത്ത, പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞ പാര്‍ടികള്‍ക്ക് സമ്മേളനം നടത്താനും പ്രകടനം നടത്താനുംവരെ ഇവന്റ് മാനേജ്മെന്റുകാരെ ആശ്രയിക്കേണ്ടിവരും. കേരളത്തില്‍ തൃശൂരും കൊല്ലത്തും മാത്രം കുറച്ച് പ്രവര്‍ത്തകരുള്ള ദുര്‍ബലമായ പാര്‍ടിയായതുകൊണ്ട് സിപിഐ എമ്മിന് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം നടത്തണമെങ്കില്‍ അങ്ങനെയുള്ളവരെ ആശ്രയിച്ചേ മതിയാകൂ. സിപിഐ എന്ന പാര്‍ടിക്ക് കൊടികുത്താനും ബോര്‍ഡുവയ്ക്കാനും പന്തലിടാനും തോരണവും കമാനവും ഉണ്ടാക്കാനും പ്രകടനം നടത്താനും ലക്ഷംലക്ഷം അണികളുള്ളതുകൊണ്ട് അങ്ങനെയൊരു പ്രശ്നമേ ഇല്ല.

തിരുവനന്തപുരത്ത് എല്ലാം ഇവന്റ് മാനേജമെന്റുകാരാണ് നടത്തിയതെന്ന് ചന്ദ്രപ്പന്‍ സഖാവിന് പിന്നാലെ ബിനോയ് വിശ്വം എന്ന അഖിലലോക നേതാവും പറഞ്ഞിരിക്കുന്നു. ഒരേസമയം പത്രാധിപരും പാര്‍ടി നേതാവും നല്ല തങ്കപ്പെട്ട പണക്കാരില്‍നിന്ന് മാത്രം ജനയുഗത്തിന് ഫണ്ട് പിരിച്ച യുവകോമളനും പോഴത്തം എന്തെന്നറിയാത്ത ഭരണനിപുണനുമായ ബിനോയ് വിശ്വത്തിന്റെ കഴിവിനെ ഇകഴ്ത്തിക്കണ്ടവര്‍ ലജ്ജിക്കട്ടെ. തിരുവനന്തപുരത്ത് കാല്‍ലക്ഷം റെഡ് വളന്റിയര്‍മാര്‍ വന്നതും രണ്ടുലക്ഷം ബഹുജനങ്ങള്‍ റാലി നടത്തിയതും നഗരം ചുവന്നതും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മിടുക്കുകൊണ്ടാണെന്ന കണ്ടെത്തലിന് ആ മഹാനായ നേതാവിനെ കുറ്റപ്പെടുത്താന്‍ പാടില്ല.

തിയറിയാണ് യഥാര്‍ഥരാഷ്ട്രീയം. നാദാപുരത്ത് ബിനോയ് വിശ്വം ജയിച്ചത് സിപിഐയുടെ വോട്ടുകൊണ്ട് മാത്രമായിരുന്നു എന്നതാണ് ശരിയായ തിയറി. ചരിത്രപരമായ ഇവന്റ്് മാനേജ്മെന്റ് കേരളത്തില്‍ സംഭവിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് യഥാര്‍ഥ ജനശക്തിയുടെ രാഷ്ട്രീയക്കാര്‍ ഭരണത്തിലും സിപിഐ എമ്മുകാര്‍ ജയിലിലുമായിരുന്നു. രാജനെ ഉരുട്ടിക്കൊന്ന പൊലീസ് മന്ത്രിയെ നയിച്ച മുഖ്യമന്ത്രി മുമ്പരില്‍ മുമ്പന്‍ . അടിയന്തരാവസ്ഥയുടെ മധുരമനോജ്ഞ കഥകള്‍ വലതുവശത്തെ അറകളില്‍ ചിതലരിക്കാതെ കിടക്കുന്നുണ്ടാകും. ഭട്ടിന്‍ഡയില്‍ ചെന്ന് തെറ്റുതിരുത്തിയതിനെപ്പോലും അംഗീകരിക്കാതെ ഡാങ്കേജി നമ്മുടെ ജി എന്ന് മുദ്രാവാക്യം മുഴക്കിയവര്‍ക്കുള്ളതാണ് പുതിയകാലത്തെ സംശുദ്ധരാഷ്ട്രീയത്തിന്റെ സര്‍ട്ടിഫിക്കറ്റ്.

*
സിപിഐ സമ്മേളനത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. അവര്‍ സമ്മേളനം നടത്തി ശക്തിതെളിയിച്ച് പോയാല്‍ ആര്‍ക്ക് എന്ത് ചേതം. പറഞ്ഞത് ചേര്‍ത്തല ഡാങ്കേയാണ്. അനന്തപുരി ചുവന്നു, സിപിഐ എം സമ്മേളനത്തിന് വന്‍ ഒരുക്കം എന്നെല്ലാം വാര്‍ത്ത വരുന്നതുകണ്ടപ്പോള്‍ തോന്നിയ അസ്ക്യത മാതൃഭൂമി പത്രത്തിന്റെ ലേഖകനെ വിളിച്ചുവരുത്തി വിളമ്പിക്കൊടുത്തു. മറ്റേച്ചെകിടും കാണിച്ചുകൊടുക്കുന്ന ഗാന്ധിജി സിപിഐ എമ്മിന്റെ നേതാവല്ലാത്തതുകൊണ്ട് മറുപടി ഉരുളയ്ക്കുപ്പേരിയായി വന്നു. അതാണ് പ്രശ്നം.

ഇടതുപക്ഷ ഐക്യം എന്തായാലും വേണം. പി ടി തോമസ് സ്വപ്നംകാണുന്നത് വലതുപക്ഷ ഐക്യമത്രെ. ബിനോയ് വിശ്വത്തിന്റെ കിനാവ് എന്താണാവോ. കെഎസ്യുവിന്റെ പിന്തുണയോടെ ബിനോയ് കോളജ് യൂണിയന്‍ ചെയര്‍മാനും ചന്ദ്രപ്പന്‍ കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി പാര്‍ലമെന്റംഗവുമായപ്പോള്‍ സിപിഐ എം നേതാക്കള്‍ കോണ്‍ഗ്രസുകാരന്റെയും പൊലീസിന്റെയും തല്ലുകൊള്ളുകയായിരുന്നു. ഒറ്റുകൊടുത്ത് തല്ലിച്ചവരെ ഒന്നിച്ചുകൂട്ടിയത് ഇടതുപക്ഷ ഐക്യത്തിന്റെ മഹത്വം. എന്നിട്ട് ഇപ്പോള്‍ എ കെ ജിയെവരെ ഭര്‍ത്സിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതുതന്നെ, മുന്നണിമര്യാദയും മാന്യതയും.

*
പിന്‍കുറിപ്പ്:

ചന്ദ്രപ്പളുങ്ക് മണിമാല എന്ന പാട്ട് വയലാര്‍ എഴുതിയതാണ്. ചിത്തിരത്തോണി തുഴഞ്ഞുവരുന്നൊരു ചിത്രപ്പണിക്കാരനെ ഉമ്മന്‍ചാണ്ടിയും പി ടി തോമസും സ്വപ്നംകാണുന്നുണ്ട്. ഇതിലും വലുതൊക്കെ എത്രയോ നടന്നിരിക്കുന്നു. "വെക്കെട വലതാ ചെങ്കൊടി താഴെ" എന്ന് പണ്ട് മുദ്രാവാക്യം ഉയര്‍ന്നിട്ടുണ്ട്. പകരമായി ചൈനാചാരന്മാരാക്കി മാര്‍ക്സിസ്റ്റുകാരെ ജയിലിലടപ്പിച്ചിട്ടുണ്ട്. ഈ ഒരു ഇവന്റ് മാനേജ്മെന്റ് കൊണ്ട് ചില്ലറ തീപ്പൊരികളുണ്ടാകുമെന്നല്ലാതെ അതിന്റെ ചൂടുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അടുപ്പിലെ പരിപ്പ് വേവൂല്ല.

4 comments:

ശതമന്യു said...

മാന്യത എന്നത് ഇലയില്‍പൊതിഞ്ഞ് ചേര്‍ത്തലച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച ജൈവ ഉല്‍പ്പന്നമാകുന്നു. രാത്രി കിടക്കുമ്പോഴും വെളുപ്പിന് കോഴി കൂവുന്നതിന് മുമ്പും ഓരോ കഴഞ്ച് മാന്യത പച്ചവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ പഴയ സുറുമക്കഥപോലെ ഫലംകിട്ടും. പല്ലുപോയ കിഴവി കണ്ണില്‍ തെല്ലുസുറുമയെഴുതിയപ്പോള്‍ മധുരയൗവനം നേടി മാരനെ വീണ്ടും തേടിയതുപോലെ. വന്നുവന്ന് മാന്യതയുടെ അളവ് അല്‍പ്പം കൂടിയിരിക്കുന്നു. അല്‍പ്പം, അല്‍പ്പന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ശ്രദ്ധിച്ചേ ഉപയോഗിക്കാവൂ. എ കെ ജി എന്ന കേരളത്തിന്റെ മഹാനായ നേതാവിനെ മുന്‍കാലപ്രാബല്യത്തോടെ അവഹേളിക്കുകയും പാവപ്പെട്ടവന് കിടപ്പാടം നേടിക്കൊടുത്ത മിച്ചഭൂമിസമരത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത് അല്‍പ്പത്തമല്ല, അനല്‍പ്പത്തമാണ്.

Unknown said...

ഉണല്‍ ചൊറിഞ്ഞു വൃണമാക്കേണ്ട. സിപിഐ ക്കുള്ള മറുപടി ഉത്തരവാദപ്പെട്ട നേതാക്കള്‍ നല്‍കും. ഇടത് പക്ഷ ഐക്യം തകര്‍ക്കുന്ന ഒരു നിലപാടും അണികളില്‍ നിന്ന് ഉണ്ടായിക്കൂടാ. സിപിഐ യെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ അണികളെ കൂടെ നിര്‍ത്താന്‍ ഞങ്ങളാണ് ശരി എന്ന് സ്ഥാപിക്കേണ്ടത് അവരുടെ കടമ. അല്ലെങ്കില്‍ അണികള്‍(അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍) സിപിഎം നോടൊപ്പം പോകും. അത് തടയേണ്ടത് അവരുടെ ഉത്തരവാദിത്വം. സിപിഐ ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷം വരും എന്നോ കൂടെ നിന്നാല്‍ ഗുണം ചെയ്യും എന്നോ അല്ല വിഷയം. അവര്‍ എല്‍.ഡി.ഫിന്റെ പങ്കാളിയാണ്. അതില്‍ വിള്ളല്‍ ഉണ്ടായിക്കൂടാ . അത് രാഷ്ട്രീയമായി യു.ഡി.എഫിനെ ഗുണം ചെയ്യു. ഇന്ന് തന്നെ മാതൃഭൂമിയുടെ തലക്കെട്ട്‌ എല്‍.ഡി.എഫു ഉലയുന്നു എന്നാണു. അങ്ങിനെ ഒരു ധാരണ ജനങ്ങളില്‍ ഉണ്ടായാല്‍ ഇടത് പക്ഷം എന്ന ആശയത്തിനാണ് പോറല്‍ ഏല്‍ക്കുന്നത്. അതിന്‍റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുക. അല്ലാതെ, സിപിഐ യുടെ വോട്ടുകള്‍ നോക്കി അവരെ തുലനം ചെയ്യരുത്. അങ്ങിനെയാണെങ്കില്‍ ഒരു സീറ്റിനു പോലും അവര്‍ക്ക് അര്‍ഹതയില്ല. ഒരു സഖ്യമാകുമ്പോള്‍ വിട്ടു വീഴ്ച വേണം. വിട്ടു വീഴ്ച ചെയ്യുമ്പോള്‍ നഷ്ടം സംഭവിക്കുക വലിയ പാര്‍ട്ടിക്കാണ്. എന്നിട്ടും പാര്‍ട്ടി ഈ ത്യാഗം ചെയ്യുന്നത് ഒരു ആശയത്തിന് വേണ്ടിയാണെന്ന് മനസിലാക്കുക. സിപിഐ. ഇടത് പക്ഷം വിട്ടു പോകുമ്പോള്‍ പറയേണ്ട വാക്കുകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കേണ്ട. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറുള്ള നിങ്ങളുടെ വികാരം എനിക്ക് മനസിലാകും. എന്നാല്‍ കേവലം ഒരു നിരീക്ഷകന്‍ മാത്രമായ എനിക്ക് ആരോ മനപൂര്‍വ്വം ഒരുക്കിയ കെണിയില്‍ നിങ്ങള്‍ വീഴുന്നത് കാണുമ്പോള്‍ ദുഖമുണ്ട്. സിപിഐ യിലെ ചില നേതാക്കള്‍ക്ക് ലീഗിനെ പോലെ അധികാരം ഇല്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ ഒരുക്കുന്ന കെണിയാണ് ഇതെന്നു തിരിച്ചറിയുക. വികാരത്തിനു മുകളില്‍ വിചാരം മേല്‍ക്കൈ നേടട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

dragon said...

Agree to Beekaran..dont let ur standard low, sathamanyu.

jayan said...

ശരിയാണ് ....എല്ലാം സഹിക്കുക ...പൊറുക്കുക .... ഒരക്ഷരം തിരച്ചു പറയരുത് ...എഴുതരുത് ..! നമ്മള്‍ കേള്‍ക്കാന്‍ മാത്രമായി ജനിച്ചവര്‍ ... മറ്റുള്ളവര്‍ വായിക്കു തോന്നിയത് പറയുവാനും ..! പിണറായി വിജയനും പാര്‍ട്ടിയും എല്ലാം സഹിക്കുക ... മിണ്ടരുത്, പറയരുത് ..കാരണം നാട് നന്നാക്കല്‍,ഇടതു ഐക്യം ഉണടക്കല്‍ തുടങ്ങിയ ഭരിച്ച ജോലികള്‍ അവര്‍ക്കുമാത്രം പറഞ്ഞിട്ടുല്ലതാണല്ലോ ! കൂട്ടില്‍ തൂറുന്ന അച്ചുതനന്തനെ സഹിക്കുക ,ചന്ദ്രപ്പനെ സഹിക്കുക ,സി പി ഐയെ സഹിക്കുക ,വീരെന്ദ്രനെ സഹിക്കുക ,മാതൃഭൂമി ,മനോരമ,മംഗളം എന്നിവയെ സഹിക്കുക , ചാനല്‍ ഭീകരന്മാരെ സഹിക്കുക ,ഉമേഷ്‌ ബാബു മുതല്‍ പി സി ജോര്‍ജ്ജു വരെ ഉള്ളവരെ സഹിക്കുക, ഇങ്ങനെ ലോകത്തുള്ള സകലമാന ഇനങ്ങളേയും സഹിക്കുക ...... സഹന ശക്തിക്കുള്ള ഭൂമി ദേവി പുരസ്ക്കാരം പിണറായി വിജയന്നു ലഭിക്കുമാറാകട്ടെ ..ഒപ്പം പാര്‍ട്ടി പത്രം ദേശാഭിമാനിക്കും ...
നാട്ടില്‍ കമ്മ്യൂണിസം വരാന്‍ ഈയോറ്റമാര്‍ഗ്ഗമേ ഉള്ളു ...............സഹിക്കുക പൊറുക്കുക ....മിണ്ടാതിരിക്കുക ....കിട്ടാനുള്ള ഒരു ലോകം നമ്മള്‍ ..നമ്മള്‍ ഭരിക്കും ലോകം .................