Sunday, January 15, 2012

കൊട്ടാരക്കര പെരും അച്ഛന്‍

കുഞ്ചന്‍ നമ്പ്യാര്‍ പണ്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കാന്‍ ന്യായമില്ല. പക്ഷേ, കലികാലം മൂക്കുമ്പോള്‍ കലി കേരള കോണ്‍ഗ്രസായി വരുമെന്ന് പുള്ളിക്കാരന് നല്ല നിശ്ചയമുണ്ടായിരുന്നു. "ധനമെന്നുള്ളതു മോഹിക്കുമ്പോള്‍ വിനയമൊരുത്തനുമില്ലിഹ നൂനം; തനയന്‍ ജനകനെ വഞ്ചനചെയ്യും ജനകന്‍ തനയനെ വധവും കൂട്ടും അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും" എന്നൊക്കെ എഴുതിയത് ഇപ്പോഴൊന്നെടുത്ത് വായിച്ചുനോക്കിയാല്‍ തലയില്‍ കൈവച്ചുപോകും. "ഭള്ളുപറഞ്ഞു നടക്കുന്നവരും കള്ളുകുടിച്ചു മുടിക്കുന്നവരും പൊള്ളുപറഞ്ഞു ഫലിപ്പിപ്പവരുംഉള്ളിലസൂയ മുഴുക്കുന്നവരും കള്ളന്‍മാരും കശ്മലജാതികള്‍" ഖദര്‍ കുപ്പായത്തില്‍ കയറി പലവക കേരള കോണ്‍ഗ്രസുകള്‍ ഉണ്ടാക്കും എന്നാണ് നമ്പ്യാര്‍ ദിവ്യദൃഷ്ടിയില്‍ കണ്ടത്. അങ്ങനെതന്നെ സംഭവിച്ചു. പതിനഞ്ച് എംഎല്‍എമാരെയുംകൊണ്ട് കോണ്‍ഗ്രസില്‍നിന്നിറങ്ങി കെ എം ജോര്‍ജ് അഖിലലോക മലയോരപ്പാര്‍ടിയുണ്ടാക്കിയതില്‍പിന്നെ അമീബപോലെ പെറ്റുപെരുകി വളരാനാണ് അതിന് യോഗമുണ്ടായത്. ഇതുവരെ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ടായി എന്ന് പിളര്‍പ്പുസൈദ്ധാന്തികനായ കെ എം മാണിക്കുപോലും പുസ്തകം നോക്കാതെ പറയാനാവില്ല. എല്ലാം ചേര്‍ത്തുവച്ച് ഒന്നാക്കി വിശാല കേ-കോ പരിവാരമുണ്ടാക്കണമെന്നാണ് മാണിസാര്‍ അടുത്തകാലത്തായി സ്വപ്നം കാണുന്നത്. ഏച്ചുകൂട്ടിയാല്‍ മുഴച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കിലും കരി, കരടി, കടുവ, പുലി, സിംഹം തുടങ്ങിയ ശാന്തശീലരായ നേതൃരൂപങ്ങള്‍ വേണ്ടതിലേറെയുള്ള പ്രസ്ഥാനമാണ്.

നോഹയുടെ പെട്ടകത്തില്‍ സകലമാന ജീവികളുടെയും ഓരോ ഇണയേ ഉണ്ടായിരുന്നുള്ളൂ. കേരള കോണ്‍ഗ്രസില്‍ മാണി, ജോസഫ്, പാമ്പ്, പഴുതാര, പിള്ള, ജേക്കബ്, തേള്‍ , സി എഫ്, കുതിര, കഴുത, പി സി ജോര്‍ജ് തുടങ്ങിയ ഇനങ്ങള്‍ ഡസന്‍ കണക്കിനാണ് തള്ളിക്കയറിയത്. ഇതുങ്ങളെയൊക്കെ തെളിച്ച് ഒരു തൊഴുത്തിലെത്തിക്കാനും അതിനു മുന്നില്‍ "വിശുദ്ധ മാണിച്ചന്‍ ഈ തൊഴുത്തിന്റെ രക്ഷകന്‍" എന്നെഴുതിവയ്ക്കാനും ആഗ്രഹിച്ചതാണ്. തൊഴുത്ത് വെടിപ്പാക്കി ഓരോരുത്തരെയായി വിളിച്ചുതുടങ്ങി. ആദ്യം കടന്നെത്തിയത് പി സി ജോര്‍ജാണ്. മാണി എന്റെ ശവമടക്കിനുപോലും വരേണ്ടെന്ന് പ്രഖ്യാപിച്ച ജോര്‍ജ് തലയില്‍ മുണ്ടിട്ട് കയറിച്ചെല്ലുകയും ചെന്നയുടനെ പുരപ്പുറം തൂക്കാന്‍ തുടങ്ങുകയുംചെയ്തു. പിന്നെ ജോസഫ് വന്നു. ജേക്കബ്ബും പിള്ളയും മാറി നിന്നു. ഒരുഭാഗത്ത് മാണിയുടെയും ജോസഫിന്റെയും ജോര്‍ജിന്റെയും കൂട്ടുസ്വത്തായി വിശാലപാര്‍ടി. മധ്യതിരുവിതാംകുറിന്റെ നാലതിരിനകത്താണ് അണികള്‍ അണിയണിയായി നില്‍പ്പതെങ്കിലും കേരള ഭരണം ആ വിശാലപാര്‍ടിയുടെ കൈവെള്ളയിലായി. മലബാര്‍ ലീഗിനും കോട്ടയം മാണിക്കും പതിച്ചുകൊടുക്കപ്പെട്ടു.

വിശാല പാര്‍ടിയുടെ ഉമ്മറപ്പടിയില്‍ കണ്ണേറുതട്ടാതിരിക്കാനെന്നപോലെ രണ്ട് കൊച്ചുകേരള കോണ്‍ഗ്രസുകള്‍ നിലനിന്നു. പിള്ളയുടെ പിള്ളപ്പാര്‍ടിയും ജേക്കബ്ബിന്റെ പിള്ളപ്പാര്‍ടിയും. യുഡിഎഫ് നൂല്‍പ്പാലത്തിലൂടെ സെക്രട്ടറിയറ്റിലെത്തിയപ്പോള്‍ ജേക്കബ് മന്ത്രിയായി. പിള്ള ജയിലിലായതുകൊണ്ട് പിള്ളയുടെ പിള്ള മന്ത്രിയായി. അച്ഛനും മകനും സംസ്കാരപഠനത്തില്‍ ഡോക്ടറേറ്റെടുത്തവരാണ്. നല്ല ശീലങ്ങളേയുള്ളൂ. നല്ലകാര്യങ്ങളേ പറയൂ. പാര കയറ്റാന്‍ മാത്രമല്ല, കയറ്റിയത് പാരയാണെന്ന് കണ്ടെത്തിയ വനിതാ ഡോക്ടറെ പൊതുയോഗം വച്ച് നല്ല വാക്കുകള്‍കൊണ്ടഭിഷേകം ചെയ്യാനും അച്ഛനു മടിയില്ല. അഹങ്കാരം, അശ്ലീലഭാഷണം, പരപുച്ഛം, കുതന്ത്രം എന്നീ സദ്ഗുണങ്ങളില്‍ അച്ഛനോ മകനോ മുമ്പന്‍ എന്നു ചോദിക്കാന്‍പോലും വകുപ്പില്ല. പാര കയറ്റാന്‍ മാത്രമല്ല, ആ പാര വലിച്ചൂരി പിന്നാലെ ഓടി തലയ്ക്കടിക്കുകയുംചെയ്യും മഹാരഥന്‍മാര്‍ . കേസ് ആവിയാക്കിമാറ്റും; പൊലീസിനെയും സിബിഐയെയും മൂലയ്ക്കിരുത്തും.

അങ്ങനെയുള്ള ചരിത്രപുരുഷന്‍മാരായ പിതാവും പുത്രനും വലിയ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് ഇതാ പരസ്യമായി പരസ്പരം പാരപ്രയോഗം നടത്തുന്നു. മകന് കസേര കൊടുക്കരുതെന്നും "അവന്‍"വന്നാല്‍ മുദ്രാവാക്യംവിളി പാടില്ലെന്നും അച്ഛന്‍ . പിതാവിനുവേണ്ടി പറഞ്ഞുപോയതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പുത്രന്‍ . മന്ത്രിയെക്കൊണ്ട് എന്തിനുകൊള്ളാം എന്ന് പാര്‍ടി ചെയര്‍മാന്‍ . എന്ത് ചെയര്‍മാന്‍ , മുഖ്യമന്ത്രി പറയുന്നതുപോലെ താന്‍ ചെയ്തുകൊള്ളാമെന്ന് മന്ത്രി. മന്ത്രിയോ മകനോ എന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിയോ അച്ഛനോ എന്നും ചോദ്യം വരും. തല്‍ക്കാലത്തേക്ക് അച്ഛനേക്കാള്‍ വലുത് മുഖ്യമന്ത്രിതന്നെ. ഇതൊക്കെ കണ്ട് സഹികെട്ട് ഈ നാണക്കേട് ചുമക്കാന്‍ എന്നെക്കിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി പറയുമോ? അതിന് വേറെ ആളെനോക്കണം. ഇനിയും നാലുപേരെ പരസ്യമായി പാരകയറ്റിയാലും അച്ഛനും മകനും പേടിക്കാനില്ല. എംഎല്‍എ സ്ഥാനമുള്ളിടത്തോളം സദ്പ്രവൃത്തി ഏതുമാകാം, എന്തുമാകാം. കയറിപ്പോകുന്ന ഏണി, ചവിട്ടിയാല്‍ കാലൊടിയും എന്നാണ് പിള്ള മകന് നല്‍കുന്ന ഉപദേശം.

ഏതോ രസികന്‍ അതിന് മറുപടിയായി പറഞ്ഞത്, ഇത് പൊന്നച്ഛനല്ല, കൊട്ടാരക്കര പെരുംതച്ചനാണ് എന്നത്രെ. വീടിനകത്ത് പറഞ്ഞോ തല്ലിയോ തീര്‍ക്കേണ്ട പ്രശ്നം നാട്ടുകാരുടെ തലയിലിട്ടിരിക്കുന്നു. അടുത്ത പാരസംഭവത്തിനായി കേരളീയര്‍ ഏറെ കാത്തുനില്‍ക്കേണ്ടിവരില്ല. ഒപ്പിച്ചുനോക്കിയാല്‍ പിള്ളയുടെ പാര്‍ടി തീരെ ചെറിയ കേരള കോണ്‍ഗ്രസാണ്. അതിന് ഇത്രയും വലിയ ആനുകൂല്യം കിട്ടുമ്പോള്‍ യഥാര്‍ഥ പാര്‍ടിയായി മാണി കേരളയും അതിലും വലിയ ലീഗും എങ്ങനെയെല്ലാം കളിക്കണം? വലിയേട്ടനും കൊച്ചാട്ടനുമില്ലെന്നത് ശരിതന്നെ. എന്നാലും ആനയെയും ആടിനെയും ആരെങ്കിലും തൊഴുത്തില്‍ ഒന്നിച്ചു കെട്ടുമോ? അതുകൊണ്ട് ഇന്നത്തെ നിര്‍വികാരതയും അലസതയും വെടിഞ്ഞ് കുഞ്ഞാലിക്കുട്ടിയും മാണിയും സടകുടഞ്ഞെഴുന്നേല്‍ക്കണമെന്നാണ് ശതമന്യുവിന്റെ പക്ഷം. കോഴിക്കോട്ട് പത്രക്കാരെ തല്ലിയതുപോലെ നാട്ടിലെ സകലരെയും ലീഗുകാര്‍ തല്ലണം. അധ്യാപകരെ ചവിട്ടിക്കൊല്ലണം. പി സി ജോര്‍ജിനെ എല്ലാ കയറും ഊരി വാലില്‍ ഒരു കടിയും കൊടുത്ത് തള്ളി വിടണം. മുല്ലപ്പെരിയാറിലും ശബരിമലയിലും ദേവസ്വംമന്ത്രിയുടെ നെഞ്ചത്തും ചാടിക്കയറട്ടെ. പി ജെ ജോസഫിന് സര്‍ക്കാര്‍ ചെലവില്‍ ഓര്‍ക്കസ്ട്ര നല്‍കി നാടുമുഴുവന്‍ ഗാനമേള സംഘടിപ്പിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ പേരും പെരുമയും അങ്ങനെ ലോകം അറിയട്ടെ. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരുതവണയേ മകരവിളക്ക് ഉണ്ടായിരുന്നുള്ളൂ. ഇക്കൊല്ലം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ രണ്ടുവട്ടമാണ് മകരവിളക്ക് കത്തിയത്. അതുതന്നെ ഒരുഗ്രന്‍ നേട്ടമാണ്. എല്ലാ ജില്ലയിലും മകരവിളക്ക് കത്തിക്കുന്ന പരീക്ഷണം സംഘടിപ്പിച്ച് പത്രത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം വച്ച് പരസ്യം ചെയ്യാവുന്നതുമാണ്.

*

സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇനി സംസ്ഥാന സമ്മേളനമാണ്. ചിപ്പും മൈക്കുംപോലെയുള്ള ചെറുകിട പരിപാടികളേ ഇതുവരെ നടന്നുള്ളൂ. കാര്യമായി ഒന്നും കിട്ടിയില്ല. വിഭാഗീയത പൂത്തുലയും, അടിനടക്കും എന്നെല്ലാം പ്രവചിച്ചുനോക്കിയെങ്കിലും അത് പി സി ജോര്‍ജിന്റെ ഭൂകമ്പ പ്രവചനംപോലെയായി. ഇനി സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും വരാനിരിക്കുന്നു. പ്രവചനങ്ങള്‍ ഒട്ടും കുറയ്ക്കരുതേ എന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന. ചോര്‍ത്തിക്കിട്ടിയില്ലെങ്കിലും ചോര്‍ത്തിയതെന്ന് തോന്നുംവിധം പുതിയ വാര്‍ത്തകള്‍ കൊണ്ടുവരണം. അതിന്‍മേല്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. സ്റ്റുഡിയോയിലും വീട്ടിലും ഫോണിലുമായി ചര്‍ച്ചാംദേഹികള്‍ നിരക്കട്ടെ. ഇതൊന്നും നടന്നില്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമ പടുക്കള്‍ക്കും ഊശാന്‍താടിക്കാര്‍ക്കും പരസ്പരം കാണുമ്പോള്‍ "വൈകിട്ടെന്താ പരിപാടി" എന്ന് ചോദിക്കാനാവുമോ? മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ , ഗ്രാംഷി എന്നിങ്ങനെയുള്ള പേരുകള്‍ തുരുതുരാ പറഞ്ഞ് അവര്‍ നിരത്തുന്ന ഗഹനമായ ചര്‍ച്ചകളും ഉല്‍കൃഷ്ടമായ വാദങ്ങളും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ഉത്തരോത്തരം പുഷ്ടിപ്പെടുത്തുമാറാകട്ടെ. വാര്‍ത്ത ചോര്‍ത്തലില്‍ പിന്നോക്കംപോയാല്‍ നമ്മുടെ സാംസ്കാരിക നഭോമണ്ഡലം മുല്ലപ്പെരിയാര്‍കാലത്തെ കോട്ടയം-കുമളി റോഡുപോലെ ശൂന്യമായിപ്പോകും.

3 comments:

ശതമന്യു said...

സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇനി സംസ്ഥാന സമ്മേളനമാണ്. ചിപ്പും മൈക്കുംപോലെയുള്ള ചെറുകിട പരിപാടികളേ ഇതുവരെ നടന്നുള്ളൂ. കാര്യമായി ഒന്നും കിട്ടിയില്ല. വിഭാഗീയത പൂത്തുലയും, അടിനടക്കും എന്നെല്ലാം പ്രവചിച്ചുനോക്കിയെങ്കിലും അത് പി സി ജോര്‍ജിന്റെ ഭൂകമ്പ പ്രവചനംപോലെയായി. ഇനി സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും വരാനിരിക്കുന്നു. പ്രവചനങ്ങള്‍ ഒട്ടും കുറയ്ക്കരുതേ എന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന. ചോര്‍ത്തിക്കിട്ടിയില്ലെങ്കിലും ചോര്‍ത്തിയതെന്ന് തോന്നുംവിധം പുതിയ വാര്‍ത്തകള്‍ കൊണ്ടുവരണം. അതിന്‍മേല്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. സ്റ്റുഡിയോയിലും വീട്ടിലും ഫോണിലുമായി ചര്‍ച്ചാംദേഹികള്‍ നിരക്കട്ടെ. ഇതൊന്നും നടന്നില്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമ പടുക്കള്‍ക്കും ഊശാന്‍താടിക്കാര്‍ക്കും പരസ്പരം കാണുമ്പോള്‍ "വൈകിട്ടെന്താ പരിപാടി" എന്ന് ചോദിക്കാനാവുമോ? മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ , ഗ്രാംഷി എന്നിങ്ങനെയുള്ള പേരുകള്‍ തുരുതുരാ പറഞ്ഞ് അവര്‍ നിരത്തുന്ന ഗഹനമായ ചര്‍ച്ചകളും ഉല്‍കൃഷ്ടമായ വാദങ്ങളും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ഉത്തരോത്തരം പുഷ്ടിപ്പെടുത്തുമാറാകട്ടെ. വാര്‍ത്ത ചോര്‍ത്തലില്‍ പിന്നോക്കംപോയാല്‍ നമ്മുടെ സാംസ്കാരിക നഭോമണ്ഡലം മുല്ലപ്പെരിയാര്‍കാലത്തെ കോട്ടയം-കുമളി റോഡുപോലെ ശൂന്യമായിപ്പോകും.

Anonymous said...

വാര്‍ത്ത ചോര്‍ത്തികൊടുക്കുന്ന പ്രതിനിധികള്‍ ഉള്ളപ്പോള്‍ എന്തിന് മാധ്യമങ്ങളെ മാത്രം കുറ്റം പറയണം ? ഇത്രയ്ക്ക് കമ്മ്യൂണിസ്റ്റ് ബോധമില്ലാത്തവരെ ഒക്കെ എന്തിന് പ്രതിനിധികളാക്കണം ? ഞങ്ങളെപ്പോളത്തെ സാധാരണ പാര്‍ട്ടി അനുഭാവികള്‍ക്ക് ഇവരെക്കാള്‍ ബോധമുണ്ട്

ramachandran said...

'പാര്‍ട്ടി കൂറ് 'എന്ന മഹത്തായ സ്വഭാവ സവിശേഷത പാര്‍ട്ടിയുടെ ഗൌരവമാര്‍ന്ന സമ്മേളനങ്ങളില്‍ പ്രതിനിധികളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മിക്കവര്‍ക്കും ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു സമ്മേളനത്തില്‍ നിന്ന് പുറത്തു വന്നു കൊണ്ടിര്ക്കുന്ന വാര്‍ത്തകള്‍ . ജില്ല സമ്മേളനങ്ങള്‍ എന്നാല്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന സംഘടന രൂപവും പക്വതയും കമ്മ്യൂണിസ്റ്റ്‌ ബോധവും ഒത്തിണങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ് . എന്നാല്‍ പുണ്ണ് പിടിച്ചു അളിഞ്ഞു നാറുന്ന കേരളത്തിലെ കുത്തക മാധ്യമങ്ങളുടെ മുക്കിള ഒലിപ്പിച്ചു നടക്കുന്ന പയ്യന്മാര്‍ക്ക് അടിച്ചിട്ട സമ്മേളന മുറികളില്‍ നിന്ന് തത്സമയ വാര്‍ത്തകളും സംഘടന റിപ്പോര്‍ട്ടും ,ചര്‍ച്ച വിഷയങ്ങളും ചൂടോടെ എത്തിച്ചു കൊടുക്കുന്നവര്‍ ആരാണ് ?ഇത് കണ്ടുപിടിക്കേണ്ട ബാധ്യത നേതൃത്വത്തിന് ഇല്ലേ ? മൊബൈല്‍ ഫോണടക്കമുള്ളഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ട് രഹസ്യ വാര്‍ത്തകള്‍ കൃത്യമായി ചോര്‍ത്തുന്ന നേതാക്കളെ നാം ജില്ല സമ്മേളനങ്ങളില്‍ കണ്ടു കഴിഞ്ഞു . അതിസാഹസികമായി തന്റെ സംഘടനയുടെ പ്രവര്‍ത്തന റിപോര്‍ട്ട് കമ്മ്യൂണിസ്റ്റ്‌ വിരൂദ്ദ മാധ്യമപടക്ക് എത്തിച്ചു കൊടുക്കുന്ന ജില്ല സമ്മേളനപ്രതിനിധിയെ നമുക്ക് കാണേണ്ടി വന്നു! ഒടുവില്‍ മൈക്രോ ചിപ്പുമായി സമ്മേളന വാര്‍ത്ത‍ ഒപ്പിയെടുക്കാന്‍ വന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ തോണ്ടി സഹിതം പിടിച്ചു എന്ന് പത്ര സമ്മേളനം വിളിച്ചു പറയുന്ന നേതാക്കള്‍ക്ക് എന്തുകൊണ്ട് ഈ മാധ്യമങ്ങളുടെ പേരുകള്‍ ഈ മാധ്യമക്കാരുടെ പേരുകള്‍ ഈ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മന്സക്ഷിയോടെങ്കിലും വിളിച്ചു പറഞ്ഞു കൂടാ ? പൊതുജനസമക്ഷം തുറന്നു കാണിച്ചു കൊണ്ട് വലതുപക്ഷ മാധ്യമപ്പടയുടെ കഴുത്ത് അറുത്ത് കുടഞ്ഞെറിയാനുള്ള ഈ അവസരത്തെ തീര്‍ത്തും നിരുത്തരവാദപരമായ ഉപയോഗിച്ച നേത്രുതുവും പ്രതികൂട്ടില്‍ തന്നെയാണ് . കമ്മ്യൂണിസ്റ്റ്‌ വിരുട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിവേര് പിഴുതെറിയാന്‍ പറ്റിയ സുവര്‍ണ്ണവസരംകളഞ്ഞു കുളിച്ച നേതൃത്വം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌ ചെയ്തിരിക്കുന്നത് .