Sunday, November 20, 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്ക്ളാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍, ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍, ഒരു മുണ്ടുരിയല്‍, ആരോരും അറിയാതെ, ഗുലുമാല്‍, തടിയൂരല്‍, രക്ഷപ്പെട്ടു, പിന്‍വാതില്‍, ഓടുന്ന മുഖ്യന്‍-ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍, നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ.
യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്-സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൌകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും. യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക്- ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും.

ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൌഖ്യപ്പെടുത്തുകയും കടലിനുനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം.

ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്-നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ട-സമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ. ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല.

ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും.

സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍-ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൌരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്.

കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍.

*

നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണം-പിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം.

ഖദറിട്ടു നടക്കണമെന്നേയുള്ളൂ-ദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല. തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല.

ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമ-രാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.

1 comment:

ശതമന്യു said...

ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്-നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ട-സമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ. ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല.