Sunday, August 30, 2009

വണ്ടിച്ചെക്കിന്റെ ആത്മകഥ

ബിജെപി ഒരുവഴിക്കായി. ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. തല്‍ക്കാലം ഒരു നേതാവിനെ ചൂണ്ടിക്കാട്ടാനില്ല. മിതവാദമാണ് പ്രിയമെങ്കില്‍ അദ്വാന്‍ജി എന്നുപറയും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് ചോദ്യമെങ്കില്‍ രാജ്നാഥ് സിങ് എന്നും പറയും. കാരി സതീശന്റെ പരിപാടിയാണ് ചര്‍ച്ചാവിഷയമെങ്കില്‍ നരേന്ദ്ര മോഡിതന്നെ നേതാവ്.

ഗുജറാത്തില്‍ വടിവാളും കമ്പിപ്പാരയും ഗ്യാസ് സിലിണ്ടറുമാണ് പാര്‍ടിയുടെ ഔദ്യോഗിക അടയാളങ്ങള്‍. കേരളത്തില്‍ ഇംഗ്ളീഷിലെ 'എസ്' എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള കത്തി. ആര്‍എസ്എസിന്റെ അവസാനത്തെ രണ്ടക്ഷരങ്ങള്‍ ആ കത്തിയെയാണ് സൂചിപ്പിക്കുന്നതെന്ന ചരിത്രവിജ്ഞാനം പലര്‍ക്കുമില്ല. നാഗ്പൂരില്‍നിന്ന് തീരുമാനമെടുത്താല്‍ അക്ഷരംപ്രതി നടപ്പാക്കുന്ന പതിവ് ബിജെപി ഉപേക്ഷിച്ചത്രെ. അതായത്, പാളത്താറിനുള്ളില്‍ കാക്കി നിക്കറിട്ട് നടക്കാന്‍ ഇനി ഗോസായി നേതാക്കന്മാരെ കിട്ടില്ലെന്ന്. ക്വട്ടേഷന്‍പണി, കൊച്ചുപിള്ളേരെ കൃഷ്ണവേഷം കെട്ടിക്കല്‍, സ്വയം ശ്രീകൃഷ്ണനായി മേലേക്കാവിലെ അല്‍ഫോന്‍സാട്ടം കാണല്‍ തുടങ്ങിയ പതിവുപരിപാടികളുടെ പേറ്റന്റ് ആര്‍എസ്എസ് ഏറ്റെടുത്തതുകൊണ്ട് കേരളത്തിലും ചില തൊഴില്‍വിഭജനം നടക്കാന്‍ പോകുന്നു.

ഇന്നലെവരെ 'ഭാജപാ' നേതാക്കളായിരുന്ന ചിലര്‍ ജനപക്ഷത്തുനില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ട്, വളരെ കുറച്ചു നേതൃദേഹങ്ങളേ തൊഴിലില്ലാപ്പടയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയുള്ളൂ. അതില്‍ ഒരാള്‍ പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ നായകവേഷത്തില്‍ 'കുരുവിക്കൂട്' മുടിയും ചെഞ്ചുണ്ടിലെ ചിരിയുമായി ട്രെയിന്‍ യാത്രയുടെ സുഖം ആസ്വദിക്കുകയാണ്. പലവട്ടം മത്സരിച്ചിട്ടും ജയിക്കാത്ത സങ്കടം തീര്‍ക്കാന്‍ രാജേട്ടന്‍ കവടിയാറിലെ ഫ്ളാറ്റില്‍ രാമായണവും മഹാഭാരതവും മനഃപാഠമാക്കുന്നു. ഏതുബൈഠക്, എന്തു ചിന്തന്‍ എന്നെല്ലാം ആകാശത്തേക്കുനോക്കി പറയുകയും ഏതെങ്കിലും ചാനലുകാരന്‍ വൈകിട്ട് വിളിച്ചാല്‍ അന്നുതന്നെ ഓണമെന്ന് കരുതുകയും ചെയ്ത് പഴയ വക്കീല്‍നേതാവ് കാലം കഴിക്കുന്നു. തലസ്ഥാനജില്ലയെന്ന നെടുങ്കോട്ടയില്‍ മത്സരിച്ച് വീരോചിത പാരകള്‍ ഏറ്റുവാങ്ങിയ നേതാവ് 'മുള്‍ക്കിരീടമിതെന്തിനു തന്നു' എന്ന പാട്ട് ഓണപ്പരിപാടിക്കായി പ്രാക്ടീസുചെയ്യുകയാണ്. അല്‍പ്പം വട്ടും എങ്ങനെയും വളയുന്ന നാക്കുമാണ് ആധുനിക രാഷ്ട്രീയത്തിന്റെ മര്‍മമെന്ന് കണ്ടെത്തിയ യുവനേതാവിന് ചാനലിലെ കോമഡിപ്പരിപാടി എമ്പാടും തരപ്പെടുന്നതുകൊണ്ട് നിത്യവൃത്തിക്ക് മുട്ടില്ല.

ആര് ആരെ രക്ഷിക്കണം, എവിടെ എന്ത് പറയണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ ഏറ്റവും നന്നായി പ്രയോഗിക്കാവുന്ന പരിപാടി മാര്‍ക്സിസ്റ്റ് വിരോധം പ്രസംഗിക്കലാണെന്ന് ബിജെപിക്കും ആര്‍എസ്എസിനും അറിയാം. അത് പണ്ട് ലീഗുകാരും കോണ്‍ഗ്രസുകാരും പഠിപ്പിച്ചിട്ടുള്ളതാണ്.

മുസ്ളിംലീഗ് ഉന്നതാധികാരയോഗത്തില്‍ വിതരണം ചെയ്ത ബിരിയാണിയില്‍ ഉപ്പുകൂടിപ്പോയപ്പോള്‍ 'മാര്‍ക്സിസ്റ്റക്രമ'ത്തിനെതിരെ പ്രമേയം അവതരിപ്പിച്ച കുട്ടിമാരും അങ്കിള്‍മാരും ലീഗിലുണ്ട്. ആസിയന്‍ കരാര്‍ കര്‍ഷകന്റെ കഴുത്തില്‍ പിടിക്കുമ്പോള്‍ 'അതാ അങ്ങോട്ട് ചൈനയിലേക്ക് നോക്കൂ' എന്ന് കഥാപ്രസംഗം നടത്തുന്ന വയലാര്‍ രവിയെ കാണുന്നില്ലേ. അതുപോലെയാണ് ഇപ്പോള്‍ അവശിഷ്ട ബിജെപിയുടെ നേതാക്കള്‍. അതാ ഡല്‍ഹിയിലേക്ക് നോക്കൂ എന്ന് പാവങ്ങള്‍ക്ക് പറയാനാവില്ല. ആരെങ്കിലും നോക്കിപ്പോയാല്‍ അവിടെ മൂത്ത സ്റ്റണ്ട് താരങ്ങളുടെ ഫൈനല്‍ റൌണ്ടാണ്. നാഗ്പൂരിലേക്ക് നോക്കിയാല്‍ പുകമാത്രമേ കാണാനുള്ളൂ. കേരളത്തിലാണെങ്കില്‍ നോക്കാന്‍ ഒരാസ്ഥാനംപോലുമില്ല. അതുകൊണ്ട് അതാ, മാര്‍ക്സിസ്റ്റ് പാര്‍ടിയിലേക്ക് നോക്കൂ എന്നാണിപ്പോള്‍ പറയുന്നത്.

ഇതെല്ലാം കാണുമ്പോള്‍ ബിജെപിയോട് സത്യമായും ശതമന്യുവിന് സഹതാപമുണ്ട്. കാരി സതീശന്‍, പാട്ട ബാബു, പേട്ട ദിനേശന്‍ തുടങ്ങിയ ജനക്ഷേമതല്‍പരരായ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു അഡ്ഹോക് കമ്മിറ്റിയെ വച്ചെങ്കിലും ഹിന്ദുത്വ പാര്‍ടിയെ രക്ഷിക്കണേ എന്നാണ് ഒരേയൊരു പ്രാര്‍ഥന.

*
പതിവുപോലെ അടുത്തത് മാധ്യമകാണ്ഡമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്കും ചര്‍ച്ചാംദേഹികള്‍ക്കും പൊതുവെ നല്ല ഫലങ്ങളും ഈശ്വരാധീനവും ലഭ്യമായ ഒരു വാരമാണ് കടന്നുപോയത് (തല്ലുകിട്ടിയതിന്റെ വാര്‍ത്തകള്‍ എവിടെനിന്നും വന്നതുകണ്ടില്ല). എല്ലാ വാരത്തിലെയും പോലെ മുഖ്യ ചര്‍ച്ചാവിഷയം മാര്‍ക്സിസ്റ്റ് പാര്‍ടി തന്നെയായിരുന്നു.

മുത്തൂറ്റ് പോള്‍ ജോര്‍ജിനെ ആലപ്പുഴയില്‍ കൊന്നപ്പോള്‍ നേരിട്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുത്താന്‍ ഒന്നും തടഞ്ഞില്ലെങ്കിലും മണിക്കൂറുവച്ച് പൊലീസ് കേസ് തെളിയിച്ചപ്പോള്‍ അത് സിപിഎം ഇടപെടലായി ചിത്രീകരിക്കാന്‍ ഒരുപരിധിവരെ കഴിയുകയുണ്ടായി. പോള്‍ മഹാനും മര്യാദക്കാരനുമായ വിശ്വാസിയാണെന്നും അയാളെ വഴിതെറ്റിച്ചത് ഏതാനും ഗുണ്ടകളും റോക് ആന്‍ഡ് റോള്‍ കളിക്കുന്ന ചില സുന്ദരിമാരും ചേര്‍ന്നാണെന്നുമുള്ള യാഥാര്‍ഥ്യം അതിശക്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെ സാധിച്ചിട്ടുണ്ട്. പോളിനൊപ്പം മലയായ മലയെല്ലാം കയറിയിറങ്ങി കുറെ നാളായി ത്യാഗം സഹിക്കുന്ന ഗുണ്ടകള്‍, സുഹൃത്തിന്റെ ശരീരത്തില്‍ കത്തി കയറിയപ്പോള്‍ സ്ഥലംവിട്ടതാണ് വാര്‍ത്തകളുടെ ഗതിമാറ്റിയത്. ആ ഗുണ്ടകളിലൊരാള്‍ പണ്ട് എസ്എഫ്ഐ ആയിരുന്നു (എം വി രാഘവന്‍, വി ബി ചെറിയാന്‍ തുടങ്ങിയവര്‍ പണ്ട് മാര്‍ക്സിസ്റ്റായിരുന്നു). അതുകൊണ്ട് കാരിയോ കൂരിയോ ചാളയോ ചൂരയോ വലയിലായാലും കേസിന്റെ മര്‍മം ഗുണ്ടയിലാണെന്നും അതിന്റെ ഒരറ്റം മാര്‍ക്സിസ്റ്റ് പാര്‍ടിയിലാണെന്നും പറഞ്ഞുഫലിപ്പിക്കാന്‍ ഏതാണ്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. കൊന്നവന്‍ ഞാനാണ് കുത്തിയതെന്ന് പറഞ്ഞപ്പോള്‍ അത് പൊലീസ് പറയിച്ചതാണെന്ന് സംശയം പരത്താന്‍ കൊലയാളിയുടെ മാതാശ്രീയെത്തന്നെ രംഗത്തിറക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി. കടലില്‍ കുളിച്ചെന്ന വിവരം കിട്ടിയപ്പോള്‍, കടലില്‍ മുക്കിക്കൊല്ലാന്‍ ആലോചന നടന്നതായി വാര്‍ത്തയെഴുതാന്‍ കഴിഞ്ഞത് പണ്ഡിതോചിത മാധ്യമപ്രവര്‍ത്തനമാണെന്ന് കാലം വിലയിരുത്തിക്കൊള്ളും. ഒരു നാല്‍പ്പതുലക്ഷത്തിന്റെ ബാഗ് വണ്ടിയിലുണ്ടായിരുന്നെന്ന് വാര്‍ത്ത നല്‍കിയതാണ്. അസൂയമൂത്ത ചില സഹജീവികള്‍ അത് ഏറ്റെടുക്കാത്തതുകൊണ്ട്, ആ നാല്‍പ്പതുലക്ഷത്തിന്റെ വാര്‍ത്ത ചീറ്റിയതുമാത്രമാണ് സംഭവിച്ച ഏക പരാജയം.

ഒന്നാംപേജിലെ തുടര്‍സദ്യ ഒന്നാംവാരം പൂര്‍ത്തിയാകുമ്പോള്‍ അഭിമാനം തോന്നണം. മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം, അവിടെ പാര്‍ക്കുചെയ്ത പണം, ഹിമാലയത്തില്‍ കയറിയ ചെന്നിത്തല, പണമിടപാടുകാരും രാഷ്ട്രീയക്കാരും തമ്മിലെന്ത് എന്നിങ്ങനെയുള്ള വേണ്ടാത്ത പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പോകാതെ, കാരി കൂരി ലൈനില്‍ നിര്‍ത്താന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് നേട്ടം. സത്യമേവ ജയതേ...

*
അഴിമതി ആരോപണം, കോടതി വിധി, ശിക്ഷ എന്നതൊക്കെ യുഡിഎഫിനെതിരെ വന്നാല്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്നത് ഞങ്ങള്‍ കാലാകാലമായി കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അനിഷേധ്യ തത്വമാണ്. അഹമ്മദിന് ഹാജിമാരെയും ആകാന്‍ പോകുന്നവരെയും കൊള്ളയടിക്കാം, മുനീറിന് റോഡില്‍ കുഴി മാന്താം, ഉമ്മന്‍ചാണ്ടിക്ക് ഹൈവേയില്‍ ബോര്‍ഡുവയ്പിക്കാം- ഒന്നും വാര്‍ത്തയാകരുത്. അഥവാ അത്തരമൊരു വാര്‍ത്ത കെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ അതിന് സിപിഎമ്മിന്റെ ഔദ്യോഗികപക്ഷവുമായി ബന്ധമുണ്ടെന്ന് ഒരു ടിപ്പണി ചാര്‍ത്തണം എന്നും നിയമമുണ്ട്. സിപിഎമ്മിന്റെ അനുഭാവി വീട്ടില്‍കയറാന്‍ വഴിവെട്ടിയാല്‍ അത് അക്രമം, അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, പൊലീസിനെ സ്വാധീനിക്കല്‍ തുടങ്ങിയ തൂക്കിക്കൊല്ലേണ്ട കുറ്റകൃത്യമാണ്.

അഹമ്മദ് സാഹിബിനെതിരെ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്ത അഴിമതി വാര്‍ത്ത ഏറ്റെടുക്കാന്‍ ദേശാഭിമാനിയും കൈരളിയുമുണ്ട്. ഞങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കള്‍ തരുന്നത് ക്രൈം, ജനശക്തി തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ സ്റ്റാന്‍ഡേര്‍ഡുള്ള മാധ്യമങ്ങളാണ്. അല്ലെങ്കിലും ജനശക്തിക്കുമുന്നില്‍ എന്തോന്ന് ഐബിഎന്‍? ക്രൈം നന്ദകുമാറിനുമുന്നില്‍ ഏത് രാജ്ദീപ് സര്‍ദേശായ്! അഭിനവ വക്കം മൌലവിയെ കോടതി പിടിച്ച് ശിക്ഷയും പിഴയും വിധിച്ച വാര്‍ത്ത അഭിനവ സ്വദേശാഭിമാനി നികേഷിന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ ശതമന്യു കൊതിച്ചിരുന്നു. രാത്രി വൈദ്യുതി തകരാറായതുകൊണ്ടാകണം, അതിന് സാധിച്ചില്ല. ലാവ്ലിന്‍ രേഖകള്‍ എന്ന മഹത്തായ പുസ്തകം ഐഎന്‍എസ് വിരാടുകാരനുവേണ്ടി പ്രസിദ്ധീകരിച്ചുകൊടുത്തത് മുനീര്‍ മൌലവി സാഹിബിന്റെ എന്തരോ ഒരു പ്രസിദ്ധീകരണശാലയാണ്. ഇനി അവര്‍ റോഡുപണിയുടെ രേഖകള്‍, അഥവാ വണ്ടിച്ചെക്കിന്റെ ആത്മകഥ എന്ന ഹാസ്യനോവല്‍ പ്രസിദ്ധീകരിക്കട്ടെ.

അഴിമതിവിരുദ്ധ പോരാട്ടനായകര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ ആവോ.

*
മുനീറിനെയും കൂട്ടാളികളെയും ശിക്ഷിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് (മനോരമ പോട്ടെ. അവര്‍ക്ക് അതിലപ്പുറം കഴിയില്ല) കണ്ടതോടെ ശതമന്യു ഒരു തീരുമാനമെടുത്തു. വീരേന്ദ്രകുമാറിന് ശിഷ്യപ്പെടുകതന്നെ. ടിയാന്റെ ചില സ്വഭാവങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉള്ള ആളെന്ന നിലയ്ക്ക് ഇനി ജീവിതം കുശാലാകും. രാഷ്ട്രീയ പത്രപ്രവര്‍ത്തനം അല്‍പ്പം പഠിക്കുകയുമാകാം.

ഏതെങ്കിലും ബീച്ച് റിസോര്‍ട്ടില്‍ സന്ധിക്കുംവരെ വണക്കം!

1 comment:

ശതമന്യു said...

ബിജെപി ഒരുവഴിക്കായി. ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. തല്‍ക്കാലം ഒരു നേതാവിനെ ചൂണ്ടിക്കാട്ടാനില്ല. മിതവാദമാണ് പ്രിയമെങ്കില്‍ അദ്വാന്‍ജി എന്നുപറയും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് ചോദ്യമെങ്കില്‍ രാജ്നാഥ് സിങ് എന്നും പറയും. കാരി സതീശന്റെ പരിപാടിയാണ് ചര്‍ച്ചാവിഷയമെങ്കില്‍ നരേന്ദ്ര മോഡിതന്നെ നേതാവ്.

ഗുജറാത്തില്‍ വടിവാളും കമ്പിപ്പാരയും ഗ്യാസ് സിലിണ്ടറുമാണ് പാര്‍ടിയുടെ ഔദ്യോഗിക അടയാളങ്ങള്‍. കേരളത്തില്‍ ഇംഗ്ളീഷിലെ 'എസ്' എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള കത്തി. ആര്‍എസ്എസിന്റെ അവസാനത്തെ രണ്ടക്ഷരങ്ങള്‍ ആ കത്തിയെയാണ് സൂചിപ്പിക്കുന്നതെന്ന ചരിത്രവിജ്ഞാനം പലര്‍ക്കുമില്ല. നാഗ്പൂരില്‍നിന്ന് തീരുമാനമെടുത്താല്‍ അക്ഷരംപ്രതി നടപ്പാക്കുന്ന പതിവ് ബിജെപി ഉപേക്ഷിച്ചത്രെ. അതായത്, പാളത്താറിനുള്ളില്‍ കാക്കി നിക്കറിട്ട് നടക്കാന്‍ ഇനി ഗോസായി നേതാക്കന്മാരെ കിട്ടില്ലെന്ന്. ക്വട്ടേഷന്‍പണി, കൊച്ചുപിള്ളേരെ കൃഷ്ണവേഷം കെട്ടിക്കല്‍, സ്വയം ശ്രീകൃഷ്ണനായി മേലേക്കാവിലെ അല്‍ഫോന്‍സാട്ടം കാണല്‍ തുടങ്ങിയ പതിവുപരിപാടികളുടെ പേറ്റന്റ് ആര്‍എസ്എസ് ഏറ്റെടുത്തതുകൊണ്ട് കേരളത്തിലും ചില തൊഴില്‍വിഭജനം നടക്കാന്‍ പോകുന്നു.