Sunday, July 19, 2009

പോരാളികള്‍ക്കൊരു ദീദിയെവേണം!

മമതാ ദീദി വരുന്നേ വഴിമാറിക്കോ എന്നാണ് ളാഹ ഗോപാലന്‍ പറയുന്നത്. നല്ല സെലക്ഷനാണ്. കിട്ടാവുന്ന എല്ലാറ്റിനെയും കൊണ്ടുവന്ന് പരീക്ഷിച്ചതല്ലേ. പശ്ചിമ ബംഗാളിലെ പണി ഏറെക്കുറെ പുരോഗമിക്കുന്നു എന്ന അനുഭവവും അഹന്തയും കൈയിലുണ്ട്. ഇനി കേരളത്തിലേക്കുതന്നെ ആയിക്കോട്ടെ എന്ന് ദീദിയും ദീദിയേ ശരണമെന്ന് ളാഹ ഗോപാലനും കരുതുന്നതില്‍ തെറ്റുകുറ്റമില്ല. ളാഹ ഗോപാലന്‍, ക്രൈംനന്ദകുമാര്‍, സി ആര്‍ നീലകണ്ഠന്‍,നെയ്യാറ്റിന്‍കര നാഗരാജ്, പി സി ജോര്‍ജ് തുടങ്ങിയവരാണ് ഇപ്പോള്‍ കേരളത്തിന്റെ വീരപോരാളികള്‍. അപ്പൂട്ടന്‍, ബര്‍ലിന്‍, മലമൂട്ടില്‍ ആസാദ്, കെ എസ് ഹരിഹരന്‍, മുളമൂട്ടില്‍ അടിമ, ഇത്തിക്കരപ്പക്കി തുടങ്ങിയ സഹപോരാളികള്‍ വേറെയുണ്ട്. പോരാട്ടത്തിനുള്ള ഇന്ധനവും പോരാളികള്‍ക്ക് വെട്ടിവിഴുങ്ങാനുള്ളതും എത്തുന്നത് പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയില്‍നിന്ന് താമരശ്ശേരി ചുരമിറങ്ങിയാണ്.

ളാഹ ഗോപാലന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്, സംവരണം എന്ന ഏര്‍പ്പാട് മതിയാക്കേണ്ട സമയമായെന്നാണ്. ചെങ്ങറയിലെ കുറെ പാവങ്ങളെ വ്യാമോഹിപ്പിച്ച് തോട്ടത്തില്‍കൊണ്ടുപോയി കുടിയിരുത്തി സമരം നയിക്കുന്നത് തല്‍ക്കാലത്തെ ഉപജീവനം. ക്രൈംനന്ദകുമാറാകട്ടെ, ഊരുചുറ്റി നാടുനീളെ പത്രസമ്മേളനം നടത്തിയും കോടതി കയറിയിറങ്ങിയും ഉല്‍കൃഷ്ടമായ സ്വന്തം പ്രസിദ്ധീകരണത്തിലൂടെയും ത്യാഗസമ്പന്നമായ വിപ്ളവ പ്രവര്‍ത്തനം നടത്തുന്ന ധീരനായകന്‍. പ്രിയപ്പെട്ടവര്‍ക്ക് നീലാണ്ടനാണ് ധീരശൂര പരാക്രമിയും പണ്ഡിതമ്മന്യനുമായ, പൂര്‍വാശ്രമത്തിലെ നീലകണ്ഠരര് സമ്പൂതിരിപ്പാടായിരുന്ന സി ആര്‍ നീലകണ്ഠന്‍. ചാനലുകളിലെ സാധകവും ലാവ്ലിന്‍ പുസ്തകരചനയും കഴിഞ്ഞ് ഒഴിവുകിട്ടുമ്പോള്‍ സ്വന്തം തൊഴില്‍സ്ഥലമായ കെല്‍ട്രോണ്‍ ഓഫീസിലും പോകാറുണ്ട്. തൊഴിലിന്റെ മഹത്വത്തിന് രാജ്യവ്യാപക പ്രശസ്തികിട്ടാന്‍ സ്വന്തം പുസ്തകം ഇംഗ്ളീഷിലാക്കി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് നേരിട്ടു കൊണ്ടുകൊടുക്കുക എന്ന മഹാത്യാഗവും അനുഷ്ഠിച്ചിട്ടുണ്ട്. പോരാട്ടവേദി കോടതികളാണെന്ന പ്രത്യയശാസ്ത്രമാണ് നെയ്യാറ്റിന്‍കര നാഗരാജിന്റെ ജീവിതംതന്നെ. പണ്ട് മലബാറുകാര്‍ നെയ്യാറ്റിന്‍കരയെക്കുറിച്ച് നിത്യേന കേട്ടത്, ആകാശവാണിയിലെ കമ്പോള നിലവാരം പരിപാടിയിലാണ്. ഇപ്പോള്‍ എല്ലാ ദിവസവും പത്രത്തില്‍ കാണാം-ഉജ്വലപോരാളി നാഗരാജിന്റെ ലീലാവിലാസങ്ങള്‍. വരദാചാരിയുടെ തല പൊട്ടിപ്പൊളിഞ്ഞാലും ടിയാന്റെ പോര്‍വീര്യം അണയില്ല. വരദാചാരിയുടെ തല ഉറങ്ങുന്ന ഇല്ലാത്ത ഫയല്‍ കോടിയേരിയും പിണറായിയും മുക്കിയെന്ന കേസ് തുടരുകയാണല്ലോ. പി സി ജോര്‍ജ് ഈ പോരാളിക്കൂട്ടത്തില്‍ പെടുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. അല്‍പ്പം കൂടിയ ഇനമാണ്. പുതിയ ഇടതുപക്ഷ തീവ്രതയുടെ അഭിമാന സ്തംഭമാണത്. പണ്ട് മാണിസാറിനെതിരെ ഇറക്കിയ പ്രസ്താവനകളിലൊന്ന് ഈരാറ്റുപേട്ട സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും അശ്ളീലപാഠം പിന്‍വലിക്കാന്‍ അവിടെ കെ.എസ്.യുക്കാര്‍ സമരത്തിലാണെന്നും ഒരു ചാനല്‍വാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നു.

ഇങ്ങനെ വിവിധ മേഖലകളില്‍ ഉന്നതങ്ങളില്‍ വിരാജിക്കുന്ന മഹാപോരാളികളുടെ ഐക്യം കേരളത്തിന്റെ സ്വപ്നമാണ്. ഐക്യം എന്നാല്‍ വെറും വാക്കുകൊണ്ട് വരുന്നതല്ല. അതിന് ഒരു നേതൃത്വം വേണം. അങ്ങനെ നേതൃത്വം നല്‍കാന്‍ കഴിവുള്ള മൂന്നു നാല് വനിതാരത്നങ്ങളേ ഉള്ളൂ. അക്കൂട്ടത്തില്‍ എന്തുകൊണ്ടും മിടുക്കി മമതാ ദീദിതന്നെ.

ളാഹ ഗോപാലന്‍ പറഞ്ഞ തമാശകള്‍ കേട്ടില്ലേ-ചെങ്ങറയില്‍ ഞങ്ങളുടെ ഗവമെന്റ് രൂപീകരിക്കും; കോടതി വിധി അംഗീകരിക്കുന്നു; പക്ഷേ, അത് നടപ്പാക്കാന്‍ വിടില്ല എന്ന്. മുത്തങ്ങയില്‍ ആദിവാസികള്‍ കാട്ടില്‍കയറിയപ്പോള്‍ നിറതോക്കുംകൊണ്ടുപോയ ആന്റണിയും മമതാ ദീദിയും ഒരേ ക്യാബിനറ്റിലാണിരിക്കുന്നത്. ചെങ്ങറയില്‍ 'സ്വന്തം ഗവമെന്റ്' രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ളാഹ ഗോപാലനെ നയിക്കാന്‍ മമതാ ദീദി കച്ചമുറുക്കി പുറപ്പെടുമ്പോള്‍ ആന്റണി ഡല്‍ഹിയില്‍ ഒരു യാത്രയയപ്പുചടങ്ങ് സംഘടിപ്പിക്കേണ്ടതാണ്. ചെങ്ങറ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തിനാണത്രേ ദീദി വരുന്നത്. ഉമ്മന്‍ചാണ്ടിയും സാറടീച്ചറുമൊക്കെ കൂടെയുണ്ടാകുമെന്നും കേള്‍ക്കുന്നു. (ഇ അഹമ്മദ് ആ വഴിക്കൊന്നും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീദി കോപപ്പെടുകിറാര്‍കള്‍) ചെങ്ങറ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കേരളത്തിലെ സിപിഎമ്മിനെയും ഞെട്ടിച്ചുകളയാനാണ് ദീദിയുടെ പുറപ്പാടെന്നും പാവങ്ങളുടെ ജിഹ്വയാണെന്ന സിപിഎമ്മിന്റെ അവകാശവാദം പൊളിച്ചടുക്കിയിട്ടേ ഇനി അഴിച്ചിട്ട മുടി കെട്ടുകയുള്ളൂവെന്നും പ്രഖ്യാപനമുണ്ടായിട്ടുണ്ട്. ബുദ്ധി അല്‍പ്പം കൂടുതലുള്ള ദീദി കേരളത്തിലെ ബുദ്ധിജീവികളെയും ഏകോപിപ്പിക്കുമത്രേ. ഇക്കണ്ടതൊന്നുമല്ല കളി-ഇനി വരാനിരിക്കുന്നതാണെന്ന്. ഇത്തരം ദീദിമാരിലാണ് ഇനിയുള്ള പ്രതീക്ഷ.

ഒരാള്‍ സ്വന്തം നാട്ടില്‍ പ്രതിമ, ആന, ബലാത്സംഗം തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളുടെ കുരുക്കിലാണ്. മറ്റൊരാള്‍ കര്‍സേവയോ കല്യാസിങ്ങോ മെച്ചമെന്ന് ചിന്തിച്ച് കാലംകഴിക്കുന്നു. ഇനിയൊരാളെ ഇടവുംവലവും തിരിയാന്‍ കലൈഞ്ജര്‍ വിടുന്നില്ല. കേരളക്കാര്യം നോക്കാനും ഇടതുപക്ഷത്തെ ഇടത്തോട്ട് തിരിക്കാനും തല്‍ക്കാലം സമയവും സൌകര്യവുമുള്ളത് ഡല്‍ഹിയില്‍ മുങ്ങിയാല്‍ കൊല്‍ക്കത്തയില്‍ പൊങ്ങുന്ന മമതാ ദീദിക്കുമാത്രമാണ്. അഹമ്മദ് സാഹിബിനെപ്പോലും നിലംതൊടാതെ നിര്‍ത്തുന്ന ഈ കന്യാരത്നത്തിന്റെ പാദസ്പര്‍ശമേ പുണ്യം. ഉയരട്ടെ കട്ടൌട്ടുകള്‍; നടക്കട്ടെ പ്രകടനങ്ങള്‍-മമതാ ദീദി നമ്മുടെ ദീദി; മാര്‍ക്സിസ്റ്റുകളേ മൂരാച്ചികളേ; കണ്ണുണ്ടെങ്കില്‍ കണ്ടോളൂ.....

*
കോടതിയലക്ഷ്യമെന്നാല്‍ അലക്ഷ്യമായി കോടതിയില്‍ പോക്കാണോ എന്ന് ഒരു ചങ്ങാതി ചോദിക്കുന്നു. കൊച്ചിയില്‍നിന്നുള്ള ഒരു വാര്‍ത്ത കണ്ടിട്ടാണ്. സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഒരു വിദ്വാന്‍ സിബിഐയുടെ കോടതിയെ സമീപിച്ചിരിക്കുന്നുവത്രേ. അങ്ങനെ വെറുംവെറുതെ ഒരു വിദ്വാനല്ല. സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. വീരപോരാളി വിടുന്ന ലക്ഷണമില്ല. പോരാട്ടം പൂര്‍വാധികം ശക്തിയായി തുടരുകയാണ്. ഇത്തവണ സിപിഐ എം കേന്ദ്ര കമ്മിറ്റിക്കെതിരെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയിറക്കിയത് മഹാഅപരാധമാണെന്നും കോടതിയലക്ഷ്യമാണെന്നുമാണ് വാദം. അത് കോടതി തീരുമാനിക്കേണ്ട കാര്യം. എന്നാല്‍, ഇതേ നന്ദകുമാര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ച് പറഞ്ഞത് മാതൃഭൂമി(ആ പത്രമാണ് നന്ദകുമാറിന്റെ വാര്‍ത്ത സാധാരണ സുദീര്‍ഘമായി കൊടുക്കാറുള്ളത്) റിപ്പോര്‍ട്ടുചെയ്തത് നോക്കുക:

"സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു താമസിക്കാനായി എ.കെ.ജി. സെന്ററിന്റെ എതിര്‍ഭാഗത്ത് ഫ്ളാറ്റ് സമുച്ചയം പടുത്തുയര്‍ത്തിയത് ലാവലിന്‍ അഴിമതിയുടെ ഭാഗമായി ലഭിച്ച എട്ടു കോടി രൂപയുപയോഗിച്ചാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. എ.കെ.ജി. സെന്റര്‍ നവീകരിക്കാനും ഈ തുക വിനിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചു. മുന്‍ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഒരു മകനും ചില പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും പണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ കത്തുകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി അയയ്ക്കാത്തത്. പിണറായി വിജയനെ സംരക്ഷിച്ചില്ലെങ്കില്‍ പണം കൈപ്പറ്റിയവരുടെ പേരുകള്‍ വിളിച്ചുപറയുമെന്ന ഭയം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാക്കുന്നതായി നന്ദകുമാര്‍ കത്തില്‍ പറയുന്നു. തോമസ് ഐസക്കിനും എം.എ.ബേബിക്കും പിണറായി വിജയനുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ കോപ്പിയും പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്തിനൊപ്പം വെച്ചിട്ടുണ്ട്.''

അതായത്, അഴിമതി നടത്തി എന്ന് എനിക്ക് പറയാം; അത് നിയമ വിധേയം; എന്റെ ആരോപണങ്ങള്‍ സിപിഎം നിഷേധിക്കാനോ പാര്‍ടിയുടെ അഭിപ്രായം പറയാനോ പാടില്ല; അത് കോടതിയലക്ഷ്യം എന്ന്. ഇതേ നന്ദകുമാര്‍ സിബിഐക്കുമുമ്പാകെ ലാവ്ലിന്‍ കേസില്‍ സുദീര്‍ഘമായി രണ്ടുതവണ മൊഴി നല്‍കിയിട്ടുണ്ട്. കനപ്പടിയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. സിബിഐ ചോദിച്ചു: ഇതെല്ലാം നിങ്ങള്‍ എങ്ങനെ അറിഞ്ഞു? ഉത്തരമില്ല. പിന്നെയും ചോദ്യം-നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടോ? ഉത്തരം: ഇല്ല. സിബിഐക്കു വേണ്ടതോ തെളിവ്. മേലാവില്‍നിന്ന് പറഞ്ഞു; കീഴാവില്‍ അനുസരിക്കപ്പെടുന്നു. ഇപ്പോള്‍ കേസായി, കുറ്റപത്രമായി, ഉദ്ദേശിച്ചവരെ പ്രതികളുമാക്കി. എന്നാല്‍, ആഗ്രഹിച്ച മട്ടില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇനിയും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കണ്ടേ. അതിന് സിബിഐ കോടതിയെയും വേദിയാക്കുന്നു. ഇതിന്റെയെല്ലാം അര്‍ഥം മനസ്സിലാകാന്‍ കോടതിവിധി വേണ്ടതുണ്ടോ? ഏതായാലും കോടതിയലക്ഷ്യം എന്നൊരു സംഗതിയുള്ളത് നാട്ടുകാരെ ഓര്‍മിപ്പിച്ചതിന് നന്ദകുമാറിനോടും നന്ദി പറയാം.

തിരുവനന്തപുരത്തെ കോടതി 'ക്രുക്കഡ്' എന്നാണ് വിശേഷിപ്പിച്ചതെങ്കിലും മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന ഒരു ഇമേജ് ഇന്ന് ഈ വ്യവഹാരതല്‍പ്പരനുണ്ട്. താന്‍ എത്ര വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടു, തനിക്കെതിരെ വന്ന കേസുകളെത്ര, എങ്ങനെയുള്ളവ, എത്ര കേസുകളില്‍ ശിക്ഷിക്കപ്പെട്ടു, എത്രയെണ്ണത്തില്‍ മറുകക്ഷിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി, അങ്ങനെ ഒത്തുതിര്‍പ്പാക്കി ക്ഷമിച്ചവര്‍ ആരൊക്കെ, ഇപ്പോള്‍ എത്ര കേസുകള്‍ നടക്കുന്നു; അവയില്‍ മാനനഷ്ടക്കേസുകളെത്ര എന്നിങ്ങനെയുള്ള വിശദാംശമുള്‍പ്പെടുത്തി ക്രൈമിന്റെ ഒരു പ്രത്യേക ലക്കംകൂടി ഉടനെ പുറത്തിറക്കേണ്ടതുണ്ട്. സ്വന്തം ചരിത്രം രേഖപ്പെടുത്തിയ ദ്വൈവാരിക സ്വന്തം വീട്ടിലേക്ക് മടിയില്ലാതെ കൊണ്ടുപോകാനുള്ള ധൈര്യം പുമാന് ജഗദീശ്വരന്‍ നല്‍കട്ടെ!

2 comments:

ശതമന്യു said...

മമതാ ദീദി വരുന്നേ വഴിമാറിക്കോ എന്നാണ് ളാഹ ഗോപാലന്‍ പറയുന്നത്. നല്ല സെലക്ഷനാണ്. കിട്ടാവുന്ന എല്ലാറ്റിനെയും കൊണ്ടുവന്ന് പരീക്ഷിച്ചതല്ലേ. പശ്ചിമ ബംഗാളിലെ പണി ഏറെക്കുറെ പുരോഗമിക്കുന്നു എന്ന അനുഭവവും അഹന്തയും കൈയിലുണ്ട്. ഇനി കേരളത്തിലേക്കുതന്നെ ആയിക്കോട്ടെ എന്ന് ദീദിയും ദീദിയേ ശരണമെന്ന് ളാഹ ഗോപാലനും കരുതുന്നതില്‍ തെറ്റുകുറ്റമില്ല. ളാഹ ഗോപാലന്‍, ക്രൈംനന്ദകുമാര്‍, സി ആര്‍ നീലകണ്ഠന്‍,നെയ്യാറ്റിന്‍കര നാഗരാജ്, പി സി ജോര്‍ജ് തുടങ്ങിയവരാണ് ഇപ്പോള്‍ കേരളത്തിന്റെ വീരപോരാളികള്‍. അപ്പൂട്ടന്‍, ബര്‍ലിന്‍, മലമൂട്ടില്‍ ആസാദ്, കെ എസ് ഹരിഹരന്‍, മുളമൂട്ടില്‍ അടിമ, ഇത്തിക്കരപ്പക്കി തുടങ്ങിയ സഹപോരാളികള്‍ വേറെയുണ്ട്. പോരാട്ടത്തിനുള്ള ഇന്ധനവും പോരാളികള്‍ക്ക് വെട്ടിവിഴുങ്ങാനുള്ളതും എത്തുന്നത് പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയില്‍നിന്ന് താമരശ്ശേരി ചുരമിറങ്ങിയാണ്.....

ജനശക്തി said...

ക്രൈം വിജയിച്ചില്ല