Monday, June 23, 2008

ഏത് കെഎസ് യു?

സംഗതി കൂടാതുള്ള ഒരു സംഗീതം കേള്‍ക്കുന്നുണ്ട്. വിദ്യാര്‍ഥികളില്ലാതുള്ള ഒരു വിദ്യാര്‍ഥിസമരവും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സെക്രട്ടറിയറ്റ് മതില്‍ ചാടിക്കടന്ന കൂട്ടത്തില്‍ അറുപതുകഴിഞ്ഞ ഒരാള്‍ നീലക്കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. കള്ളനെങ്കിലും കാടനെങ്കിലും മുള്ളനെങ്കിലും മൂഢനെങ്കിലും ചാരനെങ്കിലും ചപലനെങ്കിലും ക്രൂരനെങ്കിലും കുപിതനെങ്കിലും എല്ലാവരും സമരസേനാനികളാണ്. കേരളത്തെ വിഎസ് അച്യുതാനന്ദന്റെ കരാളഹസ്തങ്ങളില്‍നിന്നും എം എ ബേബിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നും കോടിയേരിയുടെ റിപ്പര്‍ചുറ്റികയില്‍നിന്നും മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത വീരകേസരികള്‍. അവരുടെ കൊടിക്കും ചിന്തയ്ക്കും ചിരിക്കും നീല നിറമാണ്. പണ്ട് ഒരണസമരക്കാലം മുതല്‍ കാടുവെട്ടി തോടുവെട്ടി പാളമിട്ട് പാലമിട്ട് മുന്നേറിയവര്‍ ഇന്നും കെഎസ്‌യു തന്നെ. മൂക്കില്‍ പല്ലുമുളച്ചവനും വായില്‍ പല്ലില്ലാത്തവനും നീലക്കൊടിപിടിച്ചാല്‍ കെഎസ്‌യു ആകാം.

ആണിതറച്ച വടി, കമ്പിപ്പാര, ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകം എന്നിവയാണ് ആധുനിക കാലത്തെ ആയുധങ്ങള്‍. പുസ്തകമോ പത്രമോ വായിക്കരുത്. പുസ്തകം കൈയിലെടുക്കുന്നത് കത്തിച്ചുകളയാനോ വലിച്ചുകീറാനോ ആകണം. പത്രംനോക്കുന്നത് സ്വന്തം പടം അച്ചടിച്ചതുകാണാന്‍ മാത്രമായിരിക്കണം.പൊലീസുകാരന്റെ തൊപ്പി തട്ടിയെടുക്കുന്നതും ഇരുമ്പുവടിയുമായി തല്ലാനോങ്ങുന്നതും ബാരിക്കേഡ് വലിച്ചുപറിക്കുന്നതുംപോലുള്ള പടങ്ങളില്‍ തലകാണിക്കാനായാല്‍, നാളെ ബയോഡാറ്റയോടൊപ്പം ഹൈക്കമാന്‍ഡിന് അയച്ചുകൊടുക്കാം. ഇങ്ങനെയൊക്കെയാണ് നേതാക്കളുണ്ടായത്.

"രമേശ് ചെന്നിത്തല എന്റെ ശിഷ്യന്‍തന്നെ, മിടുക്കനാണ്, പക്ഷേ ഗുരുത്വമില്ല'' എന്ന് കരുണാകരന്‍ പറഞ്ഞതുകേട്ടില്ലേ. കെപിസിസി പ്രസിഡന്റാകാനുള്ള മിനിമംയോഗ്യത ഗുരുത്വമില്ലായ്മയാണ്.

'വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം' എന്നാണ് പണ്ട് കെഎസ്‌യു മുദ്രാവാക്യം വിളിച്ചിരുന്നത്. 'വിക്കന്‍' എന്ന് വിളിച്ചത് കെപിസിസിയുടെ ആദ്യസെക്രട്ടറിയായ ഇ എം എസിനെയാണ്. 'ഞൊണ്ടി' എന്നും'ഒന്നരക്കോടി കട്ട ഒന്നരക്കാലനെന്നും'വിളിച്ചത് സ്വാതന്ത്ര്യസമരസേനാനിയും പരമസാത്വികനായ നേതാവുമായിരുന്ന കെ സി ജോര്‍ജിനെ. അതാണ് ഗുരുത്വത്തിന്റെ പാരമ്പര്യം. ഗുരുക്കന്മാരെ വിളിക്കാന്‍ ഇതില്‍പ്പരം ഗുരുത്വമുള്ള വാക്കുകള്‍ കെഎസ്‌യുവിന്റെ നിഘണ്ടുവിലില്ല.

കെഎസ്‌യുവിന്റെ ജനനം ഒരണ സമരക്കാലത്താണ്. അന്ന് വിദ്യാര്‍ഥി കോണ്‍ഗ്രസുണ്ടായിരുന്നു. വിമോചനസമരം വന്നപ്പോള്‍ കെഎസ്‌യു മുകളില്‍ കയറി. എം എ ജോ, എ കെ ആന്റണി, ജോര്‍ജ് തരകന്‍, എ സി ജോസ് തുടങ്ങിയ പൈതങ്ങള്‍ കൊടിയേന്തി മുന്നില്‍ നടന്നു. അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്തത് മനോരമ ബാലജന സഖ്യമാണ്. കഞ്ഞി അനത്തിയത് പള്ളികളിലാണ്. പള്ളിയില്‍നിന്ന് പള്ളിക്കൂടം തകര്‍ക്കാന്‍ പോയവര്‍ക്കൊപ്പം ഖദറുമിട്ട് വയലാര്‍ രവിയും നടന്നു. അങ്ങനെ കെഎസ്‌യു കോണ്‍ഗ്രസിന്റെ സ്വന്തമായി. കെഎസ്‌യു എന്നുപറയുമ്പോള്‍തന്നെ സത്യസന്ധരുടെ കൂട്ടം എന്ന് കണക്കാക്കിക്കൊള്ളണം.

എം എന്‍ സത്യവ്രതന്‍ എന്ന പഴയൊരു പത്രക്കാരന്‍ ആ സത്യസന്ധതയെക്കുറിച്ച് ഉപന്യസിച്ചിട്ടുണ്ട്. അതിങ്ങനെ:

"ഉദ്വേഗജനകമായ ഒരു ആള്‍മാറാട്ടക്കഥ. ഞാനത് ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 1968ല്‍ ഉമ്മന്‍ചാണ്ടി നയിച്ച വിദ്യാര്‍ഥിസമരത്തിന്റെയും തുടര്‍ന്നുനടന്ന ലാത്തിച്ചാര്‍ജിന്റെയും കഥയ്ക്കു പിന്നിലാണ് ആ ആള്‍മാറാട്ടക്കഥ നടക്കുന്നത്. മുള്‍ജി എന്ന ഗുജറാത്തി വിദ്യാര്‍ഥി മുരളി എന്ന മലയാളിവിദ്യാര്‍ഥിയായി കെഎസ്‌യുവിന്റെ ആദ്യത്തെ രക്തസാക്ഷിയായി മാറിയ ആള്‍മാറാട്ടക്കഥയാണത്. "

കെഎസ്‌യുവിന്റെ വിദ്യാര്‍ഥിസമരത്തെത്തുടര്‍ന്ന് എറണാകുളത്തെ തേവര കവലയില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നു. സംഭവസ്ഥലത്തിനടുത്ത് ഒരു കവലയില്‍ ഒഴിഞ്ഞ കോണില്‍നിന്ന് കാണുകയായിരുന്നു ഞാന്‍. ലാത്തിയടിക്കിടയില്‍ കാനയില്‍ വീണ ഗുജറാത്തി വിദ്യാര്‍ഥി മുള്‍ജിക്കും കിട്ടി നല്ല അടി. വിശദമായിത്തന്നെ ഞാന്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് പത്തുമണിയായിക്കാണും ഒരു കോണ്‍ഗ്രസ് വിദ്യാര്‍ഥിനേതാവ് എന്നെ ഫോണ്‍ ചെയ്ത് സന്തോഷത്തോടെ പറഞ്ഞു.

"അടിയേറ്റ് കാനയില്‍ വീണ വിദ്യാര്‍ഥി മരിച്ചു''.

"ഏതു വിദ്യാര്‍ഥി?'' ഞാന്‍ ചോദിച്ചു.

"മുരളി, ഫോര്‍ട്ട് കൊച്ചിക്കാരനാണ്. രാത്രി മരിച്ചു''.

ഞാന്‍ ഞെട്ടി. പത്രം എടുത്ത് കൃത്യമായി വായിച്ചു. കണ്ണുതള്ളി. പത്രത്തില്‍ മുള്‍ജി മുരളിയായിരിക്കുന്നു. സംഭവത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചില്‍ എന്നെ ആകുലപ്പെടുത്തി. പ്രസില്‍നിന്ന് മാറ്ററെടുത്ത് പരിശോധിപ്പിച്ചു. കാര്യം പിടികിട്ടി. മുള്‍ജി എന്ന പേര് കേട്ടുകേള്‍വിപോലുമില്ലാത്ത പ്രൂഫ്റീഡര്‍ മുള്‍ജിയെ മുരളിയാക്കിയിരിക്കുന്നു.

"അമ്പരന്നുനിന്നുപോയി. അപ്പോഴേക്കും കരിങ്കൊടികളുമായി വിദ്യാര്‍ഥികളുടെ മൌനജാഥ പുറപ്പെട്ടുകഴിഞ്ഞിരുന്നു. നഗരത്തിലെ കോളേജുകളില്‍ പഠിപ്പുമുടക്കം തുടങ്ങി. നേതാക്കളില്‍ ചിലര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് പാഞ്ഞു. അവര്‍ മുരളിയുടെ വീട് കണ്ടുപിടിച്ച് അവിടെ കണ്ണീര്‍വീഴ്ത്തി. രാത്രിതന്നെ മൃതദേഹം സംസ്കരിച്ചുകഴിഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് ഞെട്ടിത്തരിച്ച് ഞാന്‍ നിന്നു. "അശുവായ സാധു കുട്ടിയായിരുന്നു മുരളി. രാഷ്ട്രീയം തൊട്ടുതെറിച്ചിട്ടില്ല. സമരത്തിന്റെ അരികില്‍ക്കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കുണ്ടായപ്പോള്‍ കുട്ടി നേരെ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി. പെട്ടെന്ന് മരിച്ചു. കഠിനമായ വിദ്യാര്‍ഥിസമരത്തിന്റെയും അതിലും കഠിനമായ പൊലീസ് മര്‍ദനത്തിന്റെയും ദിവസങ്ങള്‍ പിന്നിട്ടശേഷം പൌരപ്രമാണികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. എം കെ കെ നായരും കേരളകൌമുദി പത്രാധിപര്‍ കെ സുകുമാരനും അതില്‍ മുഖ്യപങ്കു വഹിച്ചു. ഏതായാലും കോണ്‍ഗ്രസ് നേതാവായി ഉമ്മന്‍ചാണ്ടിയെ വളര്‍ത്തുന്നതില്‍ മുള്‍ജി-മുരളി രക്തസാക്ഷിപ്രശ്നം വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ''

കണ്ടില്ലേ കെഎസ്‌യുവിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന്. നേതാക്കള്‍ വളരുന്നത് എങ്ങനെയെന്ന്. ഇതൊക്കെ പണ്ടത്തെ കഥ. ഇപ്പോള്‍ കെഎസ്‌യു എന്നൊന്നില്ല. ഉള്ള കെഎസ്‌യുവില്‍ വിദ്യാര്‍ഥികളുമില്ല. വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംസാരിച്ചുതുടങ്ങിയതുതന്നെ കെഎസ്‌യുവിന്റെ ദയനീയാവസ്ഥ കണ്ടിട്ടാണ്. ആളില്ലാത്ത വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റപ്പെട്ട അക്രമം കാട്ടിയാണ് വാര്‍ത്ത സൃഷ്ടിക്കാറുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ പാഞ്ഞുകയറി മേശയും കസേരയും ടെലിഫോണും തല്ലിപ്പൊട്ടിക്കും. ക്യാമറയ്ക്കുമുന്നില്‍ അത് പരമാവധി അഭിനയിച്ചു കാണിക്കും. പൊലീസ് വന്നാല്‍ മസിലുപിടിച്ചും അലറിവിളിച്ചും ഗോഷ്ടികാട്ടിയും അഭിനയിക്കും. പിള്ളാരല്ലേ, പിഴച്ചുപൊയ്ക്കോട്ടെ എന്ന് ഏതെങ്കിലും പൊലീസുകാരന്‍ കരുതിയാല്‍ അവന്റെ തലയ്ക്കിട്ടുതന്നെ കിഴുക്കും. അത്രമതി. പിറ്റേന്ന് പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്‍ത്തയും ചിത്രവും വരും. അതുതന്നെ ഇപ്പോഴത്തെ കെഎസ്‌യുവിന്റെയും നില. നാട്ടില്‍ എത്ര സമരം നടന്നു. സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടന്ന സമരം ആദ്യമല്ലേ. അതും കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റ്. സമരം കലക്കുന്നുണ്ട്.

കോഴിക്കോട്ട് പെണ്‍കുട്ടികളെയാണ് ആക്രമിച്ചത്. വിദ്യാഭ്യാസബന്ദ് നടത്തിയത് യൂത്ത് കോണ്‍ഗ്രസുകാരും ഗുണ്ടാസംഘങ്ങളുമാണ്. അവര്‍ കല്ലേറും അക്രമവും നടത്തിയപ്പോള്‍ ക്ളാസ് വിട്ടു. ആലപ്പുഴ കലക്ടറേറ്റിലേക്ക് ആണിതറച്ച വടികളുമായാണ് സമരസേനാനികള്‍ എത്തിയത്. സെക്രട്ടറിയറ്റിനുമുമ്പില്‍ പൊലീസിന്റെ ഷീല്‍ഡുകള്‍ പിടിച്ചുവാങ്ങി എറിഞ്ഞു. പൊലീസിനെ തിരിച്ചടിക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. തൃശൂരില്‍ പൊലീസിന്റെ ഷീല്‍ഡ് പിടിച്ചുവാങ്ങാന്‍ എത്തിയത് എംഎല്‍എ പ്രതാപനാണ്. ഇരുമ്പുവടിയുമായി സമരസേനാനികള്‍ അഴിഞ്ഞാടിയ കഥ മലയാള മനോരമതന്നെ പറയേണ്ടിവന്നു. പത്തനംതിട്ട മിനി സിവില്‍സ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ അമ്പതോളം 'വിദ്യാര്‍ഥി'കളില്‍ സേവാദള്‍ ജില്ലാ ചെയര്‍മാനടക്കം നാല്‍പ്പതുകഴിഞ്ഞ 40 പേരാണുണ്ടായത്. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മാര്‍ച്ചിന് പൂവാര്‍, കോവളം, വേളി, വലിയതുറ ഭാഗങ്ങളിലെ ഗുണ്ടകളാണു വന്നത്. കെഎസ്‌യുവിന്റെ സമരം കണ്ടാല്‍ ആര്‍ക്കും ധൈര്യമായി ചോദിക്കാം"എതു കെഎസ്‌യു'' എന്ന്. കാരണം സമരം നടത്തുന്നത് വിദ്യാര്‍ഥികളല്ല. ഉമ്മന്‍ചാണ്ടി-ചെന്നിത്തല നേതൃത്വമാണ്. അവര്‍ക്ക് ഇതേ ശീലമുള്ളൂ. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നാരായണ നാരായണ.....

------------

മാണിയും മോശമാകരുതല്ലോ. കോണ്‍ഗ്രസില്‍നിന്ന് 'ഒരു ഇത്' കൂടുതല്‍ വേണ്ടതുകൊണ്ടാണ് കേരളാ കോണ്‍ഗ്രസുണ്ടാക്കിയത്. അതിന്റെ സ്ഥാപകനേതാവുതന്നെയാണ് ചെറുപ്പക്കാരനായ കുഞ്ഞുമാണി. ഏഴാംക്ളാസിലെ സാമൂഹ്യപാഠപുസ്തകം പിന്‍വലിക്കണമെന്ന് മാണിക്കും വാശിയാണ്. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ അയച്ചത് റോഷി അഗസ്റ്റിന്‍ എംഎല്‍എയെ. അനുയായികള്‍ മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറുന്നതും ബാരിക്കേഡ് തകര്‍ക്കുന്നതും പൊലീസുകാരെ കല്ലെറിയുന്നതും കണ്ട് ആവേശഭരിതനായ മാണി ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകം വലിച്ചുകീറിയെറിഞ്ഞുകൊണ്ടാണ് ആഘോഷം നടത്തിയത്. കൂട്ടത്തില്‍ ആരുടെയും മക്കള്‍ മലയാളം പള്ളിക്കൂടത്തില്‍ ഇല്ലാത്തതുകൊണ്ട് മാണിക്കത് ധൈര്യമായി കീറാം. അല്ലെങ്കിലും നെഹ്റുവിന്റെ വില്‍പത്രവും ഗാന്ധിജിയുടെ ചിത്രവുമുള്ള പുസ്തകം കീറാന്‍ മാണിക്ക് അവകാശമുണ്ടല്ലോ.

'ഞങ്ങളുടെ നെഹ്റുനെ കുഞ്ഞുമാണി കീറിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ' എന്നു ചോദിക്കട്ടെ ചെന്നിത്തല.

-----------------

ഇ അഹമ്മദിന്റെ മകന്റെ ഭാര്യ ക്രൈസ്തവ വിശ്വാസിയായ വിദേശ വനിതയാണെന്നത് താനറിഞ്ഞിട്ടില്ലെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍. അഹമ്മദിന്റെ ചെറുമക്കളുടെ മതമേതാവുമെന്ന് അറിഞ്ഞിട്ടുണ്ടാകുമോ ആവോ. ഏഴാം ക്ളാസില്‍ അഹമ്മദിന്റെ കുടുംബ കഥ പഠിപ്പിക്കാനും അച്ചാരുപറമ്പിലിന്റെ അച്ചാരം വേണ്ടിവരുമോ?

6 comments:

ശതമന്യു said...

കെഎസ്‌യുവിന്റെ ജനനം ഒരണ സമരക്കാലത്താണ്. അന്ന് വിദ്യാര്‍ഥി കോണ്‍ഗ്രസുണ്ടായിരുന്നു. വിമോചനസമരം വന്നപ്പോള്‍ കെഎസ്‌യു മുകളില്‍ കയറി. എം എ ജോ, എ കെ ആന്റണി, ജോര്‍ജ് തരകന്‍, എ സി ജോസ് തുടങ്ങിയ പൈതങ്ങള്‍ കൊടിയേന്തി മുന്നില്‍ നടന്നു. അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്തത് മനോരമ ബാലജന സഖ്യമാണ്. കഞ്ഞി അനത്തിയത് പള്ളികളിലാണ്. പള്ളിയില്‍നിന്ന് പള്ളിക്കൂടം തകര്‍ക്കാന്‍ പോയവര്‍ക്കൊപ്പം ഖദറുമിട്ട് വയലാര്‍ രവിയും നടന്നു. അങ്ങനെ കെഎസ്‌യു കോണ്‍ഗ്രസിന്റെ സ്വന്തമായി. കെഎസ്‌യു എന്നുപറയുമ്പോള്‍തന്നെ സത്യസന്ധരുടെ കൂട്ടം എന്ന് കണക്കാക്കിക്കൊള്ളണം.

കടത്തുകാരന്‍/kadathukaaran said...

കെ എസ് യു വിനായാലും എസ് എഫ് ഐക്കായാലും അനുയായികള്‍ കുറഞ്ഞു വരികയാണ്, എസ് എഫ് ഐയേക്കാള്‍ കുറവ് കെ എസ് യു വിനാണ്‍ എന്നത് വാസ്തവം. പക്ഷ് സമര രംഗത്ത് കെ എസ് യു വിന്‍ ആളു കുറഞ്ഞതിനു കാരണം നിക്ഷ്പക്ഷമായി നോക്കുകയാണെങ്കില്‍ രണ്ടാണ്. ഒന്ന്, സ്ക്കൂളുകളില്‍ രാഷ്ട്രീയം ഇപ്പോള്‍ ഇല്ല, സ്ക്കൂള്‍പുസ്തകത്തിനെ സംബന്ധിച്ചാണിപ്പോളത്തെ സമരം. രണ്ട്, കെ എസ് യു ക്കാര്‍ സാധാരണയായി സമരങ്ങള്‍ക്കും അക്രമത്തിനും വിമുഖരാണ്, ഭയമാണ്‍ എന്ന് പറയുന്നതും ശരിതന്നെ. ഈയൊരു അഭിപ്രായത്തിന്‍ സാധുത നല്‍കുന്ന കാര്യങ്ങള്‍ നമുക്ക് കാണാം ഈ സമരത്തിലുടനീളം, അതായത്, പൊസ്തുമുതലുകള്‍ നശിപ്പിക്കപ്പെടുന്നില്ല, രണ്ട് പോലിസ്സുകാര്‍ക്കെതിരെ അക്രമം തുലോം കുറവാണ്. ഈ സമരം എസ്.എഫ്.ഐക്കാരാണ്‍ നടത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്ന് കേരളത്തിന്‍റെ അവസ്ഥ എന്നത് തമാശക്കെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.
മറ്റൊരു കാര്യം...
വിസ്മൃതിയിലേക്കാണ്ട് പോയിരുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനക്കു പുതു ജീവന്‍ പകരുന്ന അത്ഭുത പ്രവര്‍ത്തനം നടത്തിയ കടമറ്റത്ത് ബേബി കത്തനാരോട് കെ എസ് യു ക്കാര്‍ കടപ്പെട്ടിരിക്കുന്നു.

ഫസല്‍ ബിനാലി.. said...

ചത്താവനെ പൊക്കിയെടുത്ത് രക്ത സാക്ഷിയാക്കുന്നതിനേക്കാള്‍ ഭീകരമാണ്
അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്നിരുന്നവനെ വാഗ്ദാനങ്ങളുടെ പെരുമഴയില്‍ കുളിപ്പിച്ച് അക്രമത്തിലേക്ക് തള്ളിയ്ട്ട് വെള്ല പുതപ്പിച്ച് കിടത്തിയിട്ട് അവന്‍റെ പേരില്‍ പിരിവ് നടത്തുന്ന കുട്ടി വിപ്ലവങ്ങള്‍..

Anonymous said...

ഒരാളുടെ പേരു പറയാമോ ഫസ്സലേ

mohamed musthafa said...

കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും തരികിട സമരത്തിന്റെ ഉപജ്ഞാതാവ് സത്യത്തില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണെന്നതാണ് ഏറെ രസകരം. സംഭവം നടക്കുന്നത് 1968 കാലത്താണ്. അന്ന് ഉമ്മന്‍ചാണ്ടി കെഎസ്യു പ്രസിഡന്റാണ്. എ കെ ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും. കെ എസ്യുക്കാര്‍ തേവര സേക്രഡ് ഹാര്‍ട്സ് കോളേജില്‍ നടത്തിയ പഠിപ്പുമുടക്കുസമരത്തിലാണ് കൌതുകകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ സമരത്തില്‍ മുരളി എന്ന കെഎസ്യു പ്രവര്‍ത്തകന്‍ രക്തസാക്ഷിയായി എന്നു പ്രചരിപ്പിച്ചാണ് കെഎസ്യു പിന്നീട് കേരളത്തില്‍ പ്രവര്‍ത്തിച്ചത്. നാലു പതിറ്റാണ്ടിനുശേഷം ഈ രക്തസാക്ഷിത്വത്തിനുപിന്നില്‍ അരങ്ങേറിയ കള്ളക്കളികള്‍ വെളിച്ചത്താക്കിയത് അന്തരിച്ച പത്രപ്രവര്‍ത്തകന്‍ എന്‍ എന്‍ സത്യവ്രതനായിരുന്നു. മാതൃഭൂമി ലേഖകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം എഴുതി 2007ല്‍ പ്രസിദ്ധീകരിച്ച 'വാര്‍ത്ത വന്ന വഴി'എന്ന ഗ്രന്ഥത്തിലാണ് കെഎസ്യുക്കാര്‍ അവതരിപ്പിച്ച രക്തസാക്ഷി വാടകയ്ക്ക് എടുത്തതാണെന്ന വസ്തുത തുറന്നുകാട്ടപ്പെട്ടതും മാലോകര്‍ അറിയുന്നതും.

സത്യവ്രതന്‍ അക്കാര്യങ്ങള്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. മുരളിയുടെ പേര് കെഎസ്യുവിന്റെ ആദ്യ രക്തസാക്ഷി എന്നുപറഞ്ഞാണ് കൊണ്ടുനടന്നിരുന്നത്. ഈ മുരളിയുടെ 'രക്തസാക്ഷിത്വ'മാണ് സത്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പില്‍ക്കാല രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്.

എന്നാല്‍, യഥാര്‍ഥത്തില്‍ അങ്ങനെയൊരു രക്തസാക്ഷി ഉണ്ടായിട്ടേയില്ല. അന്ന് വിദ്യാര്‍ഥിനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും വ്യാജമായി ഇങ്ങനെയൊരു രക്തസാക്ഷിയെ സൃഷ്ടിക്കുകയായിരുന്നു. തേവര കോളേജില്‍ അന്നു പഠിപ്പുമുടക്ക് നടക്കുമ്പോള്‍ മാതൃഭൂമി ലേഖകനായിരുന്ന സത്യവ്രതന്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനായി അവിടെ ഉണ്ടായിരുന്നു. സമരത്തില്‍ ഫോര്‍ട്ട്കൊച്ചിയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി പൊലീസിന്റെ അടിയേറ്റ് കാനയില്‍വീണു. പേടിച്ച് വീട്ടിലേക്ക് ഓടിപ്പോയ ഈ വിദ്യാര്‍ഥി രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മരിച്ചു. ഇക്കാര്യമൊന്നും കെഎസ്യു നേതാക്കളോ പ്രവര്‍ത്തകരോ ആരും അറിഞ്ഞിരുന്നില്ല. പിറ്റേദിവസത്തെ പത്രത്തില്‍നിന്നാണ് മുരളി എന്നപേരുള്ള ഒരു വിദ്യാര്‍ഥി മരിച്ച കാര്യം കെഎസ്യുക്കാര്‍ അറിയുന്നത്. ഉടന്‍ ഇക്കൂട്ടര്‍ പ്രചാരണം അഴിച്ചുവിട്ടു, മുരളി കെഎസ്യു പ്രവര്‍ത്തകനാണെന്നും ഇയാള്‍ മരിച്ചത് പൊലീസിന്റെ ലാത്തിച്ചാര്‍ജിലാണെന്നും. അങ്ങനെ മുരളിയെ രക്തസാക്ഷിയാക്കി.

എന്നാല്‍, സംഭവം റിപ്പോര്‍ട്ട് ചെയ്ത സത്യവ്രതന്‍ പറയുന്നതു നോക്കുക: യഥാര്‍ഥത്തില്‍ അന്നു കാനയില്‍ വീണതും രാത്രി മരിക്കാനിടയായതും മുള്‍ജി എന്ന പേരുള്ള വിദ്യാര്‍ഥിയായിരുന്നു. വടക്കേ ഇന്ത്യക്കാരനായ ഇയാളുടെ മുള്‍ജി എന്ന പേര് കേരളത്തിലുള്ളവര്‍ക്ക് പരിചിതമായിരുന്നില്ല. സത്യവ്രതന്‍ വാര്‍ത്തയില്‍ എഴുതിയിരുന്നത് മുള്‍ജി എന്നായിരുന്നുവെങ്കിലും ഇത് തെറ്റി എഴുതിയതായിരിക്കും എന്ന ധാരണയില്‍ പ്രൂഫ് വായിച്ചയാള്‍ 'മുള്‍ജി' എന്ന പേര് തിരുത്തി 'മുരളി' എന്നാക്കി. ഇതേ തുടര്‍ന്ന് മുള്‍ജിയുടെ മരണം മുരളിയുടെ മരണമായി മാറി.

സത്യവ്രതന്‍ പറയുന്നു, ഈ മുള്‍ജിക്ക് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. 'കാറ്റാടി പോലെ അശുവായ ഒരു സാധു കുട്ടിയായിരുന്നു മുരളി. രാഷ്ട്രീയം തൊട്ടുതെറിച്ചിട്ടില്ല. സമരത്തിന്റെ അരികില്‍ക്കൂടി പോയിട്ടുമില്ല. ഇയാള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചതാണ്.'എന്നു പറഞ്ഞാല്‍, കെഎസ്യുക്കാര്‍ കൊട്ടിഘോഷിച്ച 'ആദ്യ രക്തസാക്ഷി' വ്യാജസൃഷ്ടിയായിരുന്നു എന്നതാണ്സത്യം. വാടകയ്ക്കെടുത്ത രക്തസാക്ഷി.reshma13vishnu.blogspot.com said...

നിങ്ങളുടെ കുറെയധികം ലേഖനങ്ങൾ വായിച്ചു. മുക്കാൽ ശതമാനവും ഒരു പക്ഷെ മുഴുവനും അന്ധമായ കോണ്ഗ്രസ് വിരോധം ആണുള്ളത്. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുന്ന ആ പഴയ വിദ്യ പുതിയ കുപ്പിയിൽ അത്ര തന്നെ