Sunday, June 6, 2010

പതിമൂക്കന്മാരുടെ അടവുനയം

അമ്മയെ തല്ലുകയും അതിന് ന്യായം പറയുകയും ചെയ്യാമെന്നത് ഒരടവുനയമാണ്. വോട്ടു വിറ്റതിനും വില്‍ക്കാന്‍ പോകുന്നതിനും ന്യായം കണ്ടെത്തലും അടവുനയംതന്നെ. ശത്രുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍തന്നെ വോട്ട് വില്‍ക്കണമെന്നില്ല. ജയിക്കുന്നത് ശത്രുവായാലും മിത്രമായാലും വേണ്ടില്ല-കിട്ടുന്നത് പണമായാലും നെല്ലായാലും വേണ്ടില്ല-കച്ചവടം നടന്നാല്‍മതി.

കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു. രണ്ടിടത്തും സംയുക്ത സ്ഥാനാര്‍ഥികള്‍. മറ്റിടത്തെല്ലാം ബിജെപി വോട്ട് ലീഗിനും കോണ്‍ഗ്രസിനും. കാര്‍മികത്വം വഹിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് മൌദൂദി സംഘത്തിന്റെ ആലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനെ കെട്ടാന്‍ രഹസ്യചര്‍ച്ചയ്ക്കുപോയ അതേ കുഞ്ഞാലിക്കുട്ടി അന്ന് ചര്‍ച്ചിച്ചത് പി പി മുകന്ദനുമായി. മഞ്ചേശ്വരത്തുചെന്ന് മാരാര്‍ജിയെ ജയിപ്പിക്കാന്‍ പണവുംകൊണ്ടുപോയ മുകുന്ദന്‍ കോട്ടയ്ക്കല്‍വരെയേ എത്തിയുള്ളൂ. അവിടെ മുകുന്ദനും കുട്ടിയും കൂടിക്കണ്ടു. മുസ്ളിങ്ങളെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ കരാറെടുത്ത ആര്‍എസ്എസുമായി ലീഗുനേതാവിന്റെ അടവുനയം. പണമെത്ര മറിഞ്ഞെന്ന് മാരാര്‍ജിയും 'ധര്‍മം ശരണം ഗച്ഛാമി' എഴുതിയ രാമന്‍പിള്ളജിയും പറഞ്ഞിട്ടില്ല. എന്തായാലും വോട്ടും മറിഞ്ഞു; പണവും മറിഞ്ഞു.

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോഴിക്കോട്ട് ആര്‍എസ്എസുകാരനെ കെട്ടിപ്പിടിച്ച് മുത്തംകൊടുക്കാന്‍ ലീഗിന് മടിയില്ല. ആര്‍എസ്എസ് ബൈഠക് നടത്തിയാണ് അന്ന് ലീഗിനു വോട്ടുവിറ്റതെന്ന് രാമന്‍പിള്ള പറഞ്ഞതിന് മുകുന്ദന്റെ മറുപടി ഇനിയും വന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ പുകക്കുഴലില്ലാത്ത വ്യവസായം മതി. മുകുന്ദന്‍ ഷെഡ്ഡില്‍കയറിയാലും വോട്ടുകച്ചവടം വേണ്ടെന്നുവയ്ക്കാന്‍ ബിജെപിക്കു കഴിയുമോ? ഡല്‍ഹിയില്‍ നെഹ്റുയുവകേന്ദ്ര കളിച്ച് നാട്ടിലെത്തിയ മുരളീധരനും പോകണമല്ലോ മുകുന്ദേട്ടന്റെ വഴിയേ. അടവുനയത്തിന്റെ ഭാഗമായി വോട്ടുമറിക്കുന്നതില്‍ തെറ്റില്ലെന്നാണ് ടിയാന്റെ പുതിയ പ്രമാണം.

കുഞ്ഞാലിക്കുട്ടി കാത്തിരിക്കുന്നു-ചര്‍ച്ച ഇപ്പോഴേ തുടങ്ങിയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പേ കച്ചവടം ഉറപ്പിക്കാം. യുഡിഎഫ് എന്നത് ഐക്യ ജനാധിപത്യമുന്നണിയോ ഐക്യ വര്‍ഗീയ മുന്നണിയോ? പട്ടക്കാര്‍ ഒപ്പിച്ച ഐക്യം മാണിയുടെ മീശയും ജോസഫിന്റെ ശാരീരവുമായി ഒരുഭാഗത്ത്. ജമാ അത്തെ ഇസ്ളാമിയുമായി സംബന്ധവും ഐഎന്‍എല്ലുമായി താല്‍ക്കാലിക ഇടപാടും എന്‍ഡിഎഫുമായി സ്ഥിരം ഇടപാടും ഉറപ്പിച്ച കുഞ്ഞാലിക്കുട്ടിയുടെ ലീഗ് വേറൊരു വശത്ത്. മുനീര്‍ തിന്നുകയും ചെയ്യും തീറ്റിക്കുകയും ചെയ്യും-രണ്ടിനും ആദര്‍ശത്തിന്റെ കളര്‍ഷര്‍ട്ടിടീച്ചാല്‍ മതി. കിനാലൂരില്‍ വിസര്‍ജ്യം തെറിപ്പിച്ച് സമരം നടത്തിയ മഹാവീരന്മാര്‍ മറ്റൊരുവശത്തുണ്ട്. എല്ലാറ്റിനും പുറമെ വോട്ട് മറിക്കുന്ന അടവുനയവുമായി ബിജെപിയുടെ ഒരുകൈ സഹായം. അതിനെയും തുണയ്ക്കാന്‍ ഇടതുതീവ്രതയുടെ ഊശാന്‍താടികള്‍. എല്ലാ ചേരുവയും ചേര്‍ന്നുകഴിഞ്ഞു. ഇനി വെടിപൊട്ടിയാല്‍മതി. ഓട്ടം തുടങ്ങാം. ചേരേണ്ടത് ചേരേണ്ടിടത്തുതന്നെ ചേരുന്നുണ്ട്.

*
ബംഗാളിലെ മമതയ്ക്ക് നാലുസീറ്റുകിട്ടുമ്പോള്‍ കോട്ടയത്തെ റബര്‍മരത്തില്‍ പാലുല്‍പ്പാദനം കൂടുന്നുണ്ട്. പുളിയാര്‍മലയിലെ കാപ്പി പൂക്കുന്നുമുണ്ട്. ശ്രീശ്രീ രവിശങ്കറിനെ കൊല്ലാന്‍ വെടിവെച്ചു എന്ന വാര്‍ത്ത ഇപ്പോള്‍ പട്ടിയെ വെടിവച്ചു എന്നായി മാറിയിരിക്കുന്നു. ബംഗാളില്‍ ഇടതിനെ അടിമുടി തീര്‍ത്തുകളഞ്ഞു എന്ന വാദവും അതുപോലെ പൊളിഞ്ഞുവോ എന്ന് നോക്കണം.

മമത കാറ്റായടിക്കാനും മഴയായി പെയ്യാനും തുടങ്ങിയിട്ട് കാലംകുറെ ആയി. ബംഗാള്‍ ഇതാ അട്ടിമറിക്കപ്പെട്ടു എന്ന പ്രവചനവും കുറെക്കാലമായി കേള്‍ക്കുന്നുണ്ട്. ഇന്നിതാ പതിനേഴു ശതമാനം വോട്ടര്‍മാര്‍ വിധിയെഴുതിയ നഗരസഭാ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് അല്‍പ്പം നേട്ടമുണ്ടായിരിക്കുന്നു. അതിനര്‍ഥം ഇടതിന്റെ തകര്‍ച്ചയാണെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയും ആശ്വസിക്കാം. ഇടതിനെ തകര്‍ത്ത് മമതയെ വാഴിച്ചാല്‍ അവരുടെ വിരശല്യം തീരുമല്ലോ. നക്സലുകള്‍ തീവണ്ടി മറിച്ചപ്പോള്‍പോലും കുളംകലക്കാന്‍ നോക്കിയ മമതയെ ആരാധിക്കട്ടെ മഹാന്മാര്‍.

*
ദീപിക എന്ന പത്രത്തെക്കുറിച്ച് വലതുപക്ഷത്തുള്ളവര്‍ക്ക് സംശയത്തിനു വകയുണ്ടാകില്ല. കറതീര്‍ന്ന ഇടതുപക്ഷ വിരോധ പത്രം. ആ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത നോക്കുക. കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിക്കപ്പെടുന്നവര്‍ വീടുനിര്‍മ്മാണം തുടങ്ങി എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ :

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്തുസെന്റ് ഭൂമിയില്‍ വീടുനിര്‍മ്മിക്കാനുള്ള തിരക്കിലാണ്. വീടുനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഏതാനുംപേര്‍ ആരംഭിച്ചുകഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മ്മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്. കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിന്റെ സമീപത്തുതന്നെ പത്തുസെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ലഭൂമി കിട്ടിയത് ആശ്വാസമായിട്ടുണ്ട്. കല്ലേലിക്കര, കുമ്മാനം, ആനക്കുഴി, കാരപേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്ക് ഭൂമി നല്‍കിയത്. പുതിയ വീടിന് വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.“

ദേശാഭിമാനിയില്‍ വന്നതാണെങ്കില്‍ സര്‍ക്കാര്‍ വിലാസം വാര്‍ത്ത എന്ന് അവഗണിച്ച് തള്ളാന്‍ എളുപ്പമായേനെ. ഇത് സാക്ഷാല്‍ ദീപികയാണ്.

വികസന പ്രവര്‍ത്തനത്തിന് ഭൂമി വേണ്ടിവരുമ്പോള്‍, ഇങ്ങനെ ജനങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പുനരധിവാസം നടക്കുന്നുണ്ട്. കിനാലൂരില്‍ വിസര്‍ജ്യ സമരത്തിനിറങ്ങിയവര്‍ ഈ വാര്‍ത്ത കണ്ടിട്ടുണ്ടാവില്ല. പുകക്കുഴലില്ലാത്ത വ്യവസായമേ ഇനി താന്‍ കൊണ്ടുവരൂ എന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിക്കും ദീപിക വായിച്ച് ഒന്നും മനസിലായിട്ടുണ്ടാകില്ല. കുഞ്ഞാലിക്കുട്ടി ഇതുവരെ പുകക്കുഴലുള്ള എത്ര വ്യവസായം കേരളത്തില്‍ കൊണ്ടുവന്നു എന്നറിയാനും ശതമന്യുവിന് കൊതിയാകുന്നുണ്ട്.

റോഡ് വീതികൂട്ടുന്നതിനെതിരെ സമരംനടത്തിയാല്‍ എളുപ്പത്തില്‍ കുറെയാളുകളെ കിട്ടും എന്ന് സോളിഡാരിറ്റിക്കും അറിയാം; ഇടതു തീവ്രന്മാര്‍ക്കും അറിയാം. പറയാന്‍ പരിസ്ഥിതി, കുടിയൊഴിപ്പിക്കല്‍, വികസനഭ്രാന്ത്, അധിനിവേശം, മൂലധനത്തിന്റെ വഴി എന്നിങ്ങനെ കുറെ വാക്കുകളും കിട്ടും. രാഷ്ട്രീയം പറഞ്ഞ് ആളെക്കൂട്ടാന്‍ കഴിയില്ലെങ്കില്‍ പാലേരിയില്‍ ചെന്ന് സഖാക്കളെ, സുഹൃത്തുക്കളെ എന്നുമാത്രം പറഞ്ഞാല്‍മതി. പരിസ്ഥിതി സംരക്ഷിക്കപ്പെടും. സ്മാര്‍ട്സിറ്റി നല്ലതും ചീത്തയും പിന്നെയും നല്ലതും വീണ്ടും ചീത്തയുമാക്കാനുള്ള സിദ്ധാന്തവിരേചനം നീലകണ്ഠനറിയാം. ചാണകം എന്ന വിസര്‍ജ്യവസ്തു ചൂലില്‍മുക്കി മനുഷ്യനുനേരെ പ്രയോഗിക്കുന്ന സമരത്തെ ഉല്‍കൃഷ്ടമെന്നു പറയാനും ഇവിടെ ആളുണ്ടായല്ലോ. എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത്? കിനാലൂരിനെ നന്ദിഗ്രാമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ സ്വത്വം ഒരു ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കേണ്ടതുണ്ട്. യഥാര്‍ഥ പിതൃത്വം പെട്രോ ഡോളറിനാണോ സാദാ ഡോളറിനാണോ എന്നെങ്കിലും അറിയണമല്ലോ.

*
കൊമ്പനാനയും പതിമൂക്കന്‍ നായയും എന്നൊരു റഷ്യന്‍ സാരോപദേശ കഥയുണ്ട്. ഈ കഥ ലെനിന്‍ പലവട്ടം ഉദ്ധരിച്ചതാണ്.

കൊമ്പനാന നിരത്തിലൂടെ ചന്തത്തില്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ ആദരവോടെ നോക്കിനിന്നു. എന്നാല്‍, ഒരു പതിമൂക്കന്‍ നായ താന്‍ 'ശക്തനാ'ണെന്ന് കാണിക്കാന്‍ കഠോരശബ്ദത്തില്‍ ആനയെ നോക്കി കുരച്ചു. ആന ഒരുകുലുക്കവുമില്ലാതെ നടത്തം തുടര്‍ന്നു. നായ കുരച്ചുതളര്‍ന്നു മൂക്കുകത്തി. ഈ കഥയ്ക്ക് അനുബന്ധമായി ലെനിന്‍ എഴുതി:

"ബൂര്‍ഷ്വാ സമുദായത്തിന്റെ വളര്‍ത്തുനായ്ക്കള്‍ പടുകൂറ്റന്‍ മരത്തടിയില്‍നിന്ന് വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ ചീളും കാണുമ്പോള്‍ ആര്‍ക്കുകയും കുരയ്ക്കുകയും ചെയ്യട്ടെ. തൊഴിലാളിവര്‍ഗമാകുന്ന ആനയെ കണ്ടു കുരയ്ക്കുവാനല്ലെങ്കില്‍ ഈ വളര്‍ത്തുനായ്ക്കളെക്കൊണ്ട് എന്താണ് കാര്യം. അവ കുരയ്ക്കട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോവുക.''

6 comments:

ശതമന്യു said...

കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു. രണ്ടിടത്തും സംയുക്ത സ്ഥാനാര്‍ഥികള്‍. മറ്റിടത്തെല്ലാം ബിജെപി വോട്ട് ലീഗിനും കോണ്‍ഗ്രസിനും. കാര്‍മികത്വം വഹിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് മൌദൂദി സംഘത്തിന്റെ ആലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനെ കെട്ടാന്‍ രഹസ്യചര്‍ച്ചയ്ക്കുപോയ അതേ കുഞ്ഞാലിക്കുട്ടി അന്ന് ചര്‍ച്ചിച്ചത് പി പി മുകന്ദനുമായി. മഞ്ചേശ്വരത്തുചെന്ന് മാരാര്‍ജിയെ ജയിപ്പിക്കാന്‍ പണവുംകൊണ്ടുപോയ മുകുന്ദന്‍ കോട്ടയ്ക്കല്‍വരെയേ എത്തിയുള്ളൂ. അവിടെ മുകുന്ദനും കുട്ടിയും കൂടിക്കണ്ടു. മുസ്ളിങ്ങളെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ കരാറെടുത്ത ആര്‍എസ്എസുമായി ലീഗുനേതാവിന്റെ അടവുനയം. പണമെത്ര മറിഞ്ഞെന്ന് മാരാര്‍ജിയും 'ധര്‍മം ശരണം ഗച്ഛാമി' എഴുതിയ രാമന്‍പിള്ളജിയും പറഞ്ഞിട്ടില്ല. എന്തായാലും വോട്ടും മറിഞ്ഞു; പണവും മറിഞ്ഞു.

ജനശക്തി said...

വോട്ട് വില്പന വാര്‍ത്തക്ക് മിക്കവാറും പത്രങ്ങള്‍ അത് സൂചിപ്പിക്കുന്ന തലക്കെട്ട് നല്‍കിയപ്പോള്‍ അതിലും സി.പി.എം വിരുദ്ധത കേറ്റി മനോരമ വ്യത്യസ്തത പുലര്‍ത്തി.

ജനശക്തി said...

ഒരു കാര്യം പറയാന്‍ വിട്ടു. വീക്ഷണവും വാര്‍ത്ത നല്‍കിയിട്ടുണ്ട്. വാങ്ങിയത് അവരല്ല എന്ന് തോന്നിപ്പിക്കാനായിരിക്കും.:) ജന്മഭൂമി ഒരു പാര്‍ട്ടി പത്രത്തിനു യോജിച്ച മട്ടില്‍ വാര്‍ത്ത നല്‍കി.

Suraj said...

കുഞ്ഞാലിക്കുട്ടിയുടെ കുഴലിലൂടെ വന്ന പുകയുടെ കണക്കാണ് പണ്ട് ഇന്‍ഡ്യാവിഷന്‍ ഒരു ദിവസം മുഴുവന്‍ വിളമ്പിയതും മുനീര്‍ സാഹിബ് ഇപ്പം മാതൃഭൂമിയാദി വാരികകള്‍ വഴി ഓടി നടന്ന് ന്യായീകരിക്കുന്നതും ;)

ramachandran said...

oru manglam varthakoodi vayikko...

'കിനാലൂര്‍: ഭൂമിക്ക്‌ സെന്റിന്‌ ഒരു ലക്ഷം രൂപ വില'

Text Size:

കോഴിക്കോട്‌: കിനാലൂര്‍ നാലുവരി പാതയ്‌ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക്‌ സെന്റിന്‌ ഒരു ലക്ഷം രൂപ വരെ വില നല്‍കുമെനന്‌ പനങ്ങാട്‌ പഞ്ചായത്ത്‌ ഭരണസമിതി. സര്‍ക്കാര്‍ നിശ്‌ചയിച്ച പ്രകാരം ഇവിടെ സെന്റിന്‌ 60,000 രൂപയാണ്‌ വില. വടേളടാളി മുതല്‍ കിനാലൂര്‍ വരെ നാലുവരിപാതയ്‌ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്കാണ്‌ ഈ അധിക വില നല്‍കുക. നാലുവരി പാത വികസനത്തിന്‌ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരുടെ പേര്‌ പഞ്ചായത്ത്‌ പ്രസിഡന്റ പ്രസിദ്ധീകരിച്ചു.

ഷൈജൻ കാക്കര said...

”കറ തീർന്ന ഇടതുപക്ഷവിരോധം“ പുലർത്തുമ്പോഴും ദീപികയിൽ സത്യസന്ധമായ വാർത്ത വന്നു...