Sunday, June 27, 2010

പാതാളവല്‍ക്കരണം

'സമസ്തരും സമ്മതിയാതെ കണ്ടിസ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലും' എന്ന് ഏഴുത്തച്ഛനെ കുറിച്ച് പറയാം. ശതമന്യുവിന് അത്തരമൊരു നിര്‍ബന്ധമൊന്നുമില്ല. "ഋതുവായ പെണ്ണിനുമിരപ്പനും ദാഹകന്നും പതിതന്നുമഗ്നിയത്നം ചെയ്ത ഭൂസുരനു''മെല്ലാം വേണ്ടിയാണ് ഇവിടെ ഉള്ളതുപറയുന്നത്. ആര്‍ക്കും വായിക്കാം; വിമര്‍ശിക്കാം. എല്ലാവര്‍ക്കും വേണ്ട പറച്ചിലാകുമ്പാള്‍ കണ്ണിണകൊണ്ട് കടുകുവറുക്കുന്ന പെണ്ണിന്‍ കഥപോലെ ലളിതയും തരളവുമാകണമെന്നില്ല. യുവറോണര്‍ പൊറുക്കണം.

ആന്‍ഡേഴ്സണ്‍ എന്നൊരു പുള്ളിക്കാരനെ കാണാതായിട്ട് വര്‍ഷം ഇരുപത്തഞ്ചു കഴിഞ്ഞു. ഇരുപത്തയ്യായിരം ബ്ളഡി ഇന്ത്യന്‍സിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഭാരതത്തിന്റെ ജനസംഖ്യാപെരുപ്പം നിയന്ത്രിച്ച മഹാനെ ഭോപാലില്‍നിന്ന് ചുമന്ന് ആകാശത്തെത്തിച്ച് ഇന്ദ്രപ്രസ്ഥം വഴി കൊണ്ടുപോയത് ബൊഫോഴ്സ് താമരയും അര്‍ജുനനും മറ്റും ചേര്‍ന്നാണെന്ന് അന്നും ഇന്നും നാട്ടുകാര്‍ക്കറിയാം. ആന്‍ഡേഴ്സണ്‍ പോയതുപോയി. മന്‍മോഹന്‍ ഒബാമയെക്കണ്ടാല്‍ ആന്‍ഡേഴ്സണെ മറക്കുമെന്നാണ് പുതിയ കേള്‍വി. ബാക്കി കുറെയെണ്ണം നാട്ടിലുണ്ട്. പണ്ട് ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ആഫ്രിക്കന്‍ ഗോത്ര വര്‍ഗക്കാര്‍ ജര്‍മന്‍കാരുടെ ജഡം കണ്ട് ആര്‍ത്തുവിളിച്ചത്രെ. അവര്‍ക്ക് കൊന്നാല്‍ പാപം തിന്നാല്‍ തീരും. ബ്രിട്ടീഷ് കമാന്‍ഡര്‍ക്ക് അറപ്പും വെറുപ്പും തോന്നി. ഗോത്രവര്‍ഗക്കാരുടെ പ്രതികരണം "ഞങ്ങള്‍ കൊല്ലുന്നത് തിന്നാനാണ്; നിങ്ങളോ'' എന്ന മറുചോദ്യമായിരുന്നു.

ഭോപാലില്‍ ഇരുപത്തയ്യായിരത്തെ കൊന്നതിന് ഇരുപത്തയ്യായിരം രൂഭാ പിഴയാണ് യുവറോണര്‍ കനിഞ്ഞു നല്‍കിയ വരദാനം. ഭോപാലിലെ ഹിസ് ഹൈനസുമാര്‍ മരിച്ചവരെയും കണ്ടില്ല; കൊന്നവരെയും കണ്ടില്ല. കൊന്നവനെ തണ്ടേറ്റി കടലുകടത്തിയവരെ തീരെ കണ്ടില്ല.

കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില്‍ സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്‍വേസ്റേഷന്‍ മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.

ആളുകള്‍ പൊതുസ്ഥലത്ത് കൂടിനില്‍ക്കുന്നത് നിരോധിച്ചാല്‍ അത് നിരോധനാജ്ഞയാണ്. രാഷ്ട്രീയ പാര്‍ടികളുടെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നിരോധിച്ചാല്‍ അത് ഭരണഘടനയുടെ ലംഘനമാണ്. ഇതില്‍ ഏതാണ് നീതിപീഠം ചെയ്തത് എന്നു പറയാനുള്ള നിയമ പരിജ്ഞാനമൊന്നും ശതമന്യുവിനില്ല. കോസ്റിറ്റ്യുവന്റ് അസംബ്ളി, അംബേദ്കര്‍, പാര്‍ലമെന്റ് എന്നിങ്ങനെയുള്ള വല്യ വല്യ വാക്കുകളെല്ലാം വെറുതെ. നാം എന്തുചെയ്യണം; ചെയ്യാതിരിക്കണം; എങ്ങനെ ചിരിക്കണം; എന്തു ഭക്ഷിക്കണം എന്നെല്ലാം വിശദമായി പ്രതിപാദിക്കുന്ന വിധന്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. പ്രമേഹരോഗത്തിനുള്ള ഭക്ഷണക്രമവും ഒരു വിധിയായി പുറത്തുവന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിയുന്ന ന്യായാസനങ്ങള്‍ക്ക് അതിനും കഴിയും.

*
ചെങ്ങറയിലെ കൈയേറ്റം മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള കൊതിയുടെ മഹത്തായ ത്യാഗപര്‍വമായി വിശേഷിപ്പിച്ചവര്‍ക്ക് വയനാട്ടിലെ ആദിവാസികളെ പരമപുച്ഛമാകുന്നത് പ്രാദേശിക വികാരമോ വ്യത്യാസമോ കൊണ്ടാണെന്ന് കരുതാനാകില്ല. ചെങ്ങറയിലും വയനാട്ടിലും വേണം ആദിവാസികള്‍ക്ക് കിടക്കാനും കൃഷിയിറക്കാനും ഭൂമി. എല്ലാ കുഞ്ഞുങ്ങളും തൊട്ടിലില്‍തന്നെ കിടക്കട്ടെ. വയനാട്ടിലെ ആദിവാസിക്കുഞ്ഞുങ്ങളെ ചക്കിലിട്ടാട്ടാന്‍ നോക്കരുത്.

അച്ഛന്‍ ഭൂമി വെട്ടിപ്പിടിച്ച് മക്കള്‍ക്കുകൊടുത്താല്‍ മക്കള്‍ അത് പിതൃസ്വത്തായി കാണണം എന്നാണ് പുതിയ നിയമം. മോഷണമുതല്‍ തലമുറ കൈമാറിയാല്‍ കുടുംബസ്വത്താക്കാനുള്ള നിയമ നിര്‍മാണം സ്ത്രീ സംവരണബില്ലിനു മുമ്പേ പാസാക്കേണ്ടതാണ്. ഭൂമി വലിയതോതില്‍ കൈവശമുള്ളവനും വെട്ടിപ്പിടിച്ചവനും ഭൂസ്വാമിയാണ്. ഭൂസ്വാമിമാരില്‍ ആസാമിമാരുണ്ട്. തണ്ടപ്പേരല്ല സമാനതയുള്ള മറ്റു പലപേരും അവര്‍ തിരുത്തും; ഭൂമി പൊയ്പ്പോകാതിരിക്കാന്‍. തട്ടിപ്പുഭൂമിയെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കാനൊരുമ്പെട്ടാല്‍ അത് രാഷ്ട്രീയപ്രേരിതമായ; പ്രതികാരവാഞ്ഛയോടെയുള്ള; നീചമായ; നികൃഷ്ടമായ നടപടിയാകും.

സിബിഐയുടെ അന്വേഷണത്തെ സ്വാഗതംചെയ്യുമത്രെ. അതാകുമ്പോള്‍ സൌകര്യമുണ്ടല്ലോ. കറുത്തതിനെ വെളുപ്പിക്കാം; വെളുത്തതിനെ കറുപ്പിക്കാം. കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍തന്നെ അന്വേഷിക്കട്ടെ വയനാട്ടിലെ ഭൂമികൈയേറ്റം. ആറുമാസത്തിനകം ക്ളീന്‍ ചിറ്റ് കിട്ടും. സജ്ജന്‍ കുമാര്‍ എന്നൊരു കുമാരനെ ഡല്‍ഹിയില്‍ രക്ഷിച്ചപോലെ ഇവിടത്തെ കുമാരന്മാരെ രക്ഷിക്കാനും വേണം സിബിഐ. ഇനി അഥവാ സംഗതി കോടതിയിലെത്തിയാലോ? അവിടെയും രക്ഷയ്ക്ക് പാഞ്ഞെത്താന്‍ മറ്റൊരു കുമാരനുണ്ടല്ലോ. ഒരു ജഡ്ജി തെറിവിളിച്ച് ഇറക്കിവിട്ടതും മറ്റൊരു ജഡ്ജി ഇനി എന്റെ മുന്നില്‍ കണ്ടുപോകരുതെന്നുപറഞ്ഞ് അകറ്റിനിര്‍ത്തിയതുമായ ബ്രോക്കര്‍കുമാരന്‍ വിമാനസഞ്ചാരം നടത്തിയും അടഞ്ഞ വാതിലുകള്‍ മുട്ടിത്തുറപ്പിച്ചും രക്ഷപ്പെടുത്തിക്കോളും ആസാമി കുമാരനെ. കുമാരസംഭവമാണ് നടക്കുന്നത്; സര്‍വകുമാരന്മാരുടെയും നല്ല കാലം!

*
മാനായും മാരീചനായും മാധ്യമമായും വരുന്ന ഒന്നേയുള്ളൂ-യഥാര്‍ഥ ഇടതുപക്ഷം. അതിന്റെ കച്ചവടം ജമാ അത്തെ ഇസ്ളാമിക്കാണ്. കടയുടെ ക്യാഷ് കൌണ്ടറിനുമുകളില്‍ ചില്ലിട്ടു തൂക്കിയ ചിത്രം മൌലാനാ മൌദൂദിയുടേതാണ്. കടയുടെ സ്ഥാപകന്‍-മഹാന്‍. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പല രൂപങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മാധ്യമം പത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞുള്ള ചരക്കിനാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. പരിസ്ഥിതി ലേഹ്യം, ഭൂസമരരസായനം, അധിനിവേശ വിരുദ്ധഗുഡം, സാമ്രാജ്യ വിരോധക്കഷായം, കിനാലൂര്‍ തൈലം, അതിരപ്പിള്ളി നല്ലെണ്ണ തുടങ്ങിയവ ഇങ്ങനെ വിറ്റുപോരുന്നു. ഏതു ലേഹ്യം കഴിച്ചാലും കഷായം കുടിച്ചാലും കുഴമ്പുതേച്ചാലും ഊര്‍ജ്വസ്വലതയും ഉത്തേജനവും ഉറപ്പ്. അടുത്ത നാള്‍മുതല്‍ വിപ്ളവം ശരീരത്തിലും മനസ്സിലും തുടിക്കും. മൂന്നാം നാള്‍ കൊടി പിടിക്കും. നാലം നാള്‍ ഉറഞ്ഞു തുള്ളും-മതം ഒന്നുമതി, രാജ്യം ഒന്നുമതി, ദൈവം ഒന്നുമതി എന്ന് മതിയാവോളം അലറും. ശ്രീനാരായണന്‍ പറഞ്ഞത്, ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നാണല്ലോ. മൌദൂദിപ്പറച്ചിലിന് ചെറിയ മാറ്റമേ ഉള്ളു. അതുകൊണ്ട് വായിക്കുക; പ്രചരിപ്പിക്കുക-വിപ്ളവകാരികളുടെ സ്വന്തം മാധ്യമം. ഇനി വിപ്ളവം ജമാ അത്തെ ഇസ്ളാമിയിലൂടെ വരും. നാമതിന് സാഗതമോതിയാല്‍ മാത്രംമതി. ഓരോ സ്വാഗത വചനത്തിനും പെട്രോ ഡോളറില്‍ പ്രതിഫലം കിട്ടും. പണി തുച്ഛം; ഗുണം മെച്ചം.

*
മലമ്പുഴയിലെ യക്ഷിയെക്കണ്ടപോലെ ഒരു കവിത വായിച്ചപ്പോഴും ശതമന്യുവിന് സന്തോഷം. കവിത ഇങ്ങനെ: ആഗോളമൊരണുവില്‍ 'ഈഗോ' ഗോളമൊരു പിടിയില്‍ ഇഗോ വറ്റിയ അണുനാളം നാനാ നാനാ ടെക്നോ ഗോളം ഒരടിക്കൊരുഗോളം രണ്ടടിക്കിരുഗോളം മൂന്നടിക്കു പാതാളം ആഗോള വല്‍ക്കരണം പാതാളവല്‍ക്കരണം. ശില്‍പ്പി കവിയാകുമ്പോള്‍ കവിത ശില്‍പ്പമാകും. കാനായി, ബലേ ഭേഷ്.

5 comments:

ശതമന്യു said...

കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില്‍ സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്‍വേസ്റേഷന്‍ മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

"കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല."

നന്നായിട്ടുണ്ട്! ഇതൊക്കെ ബ്ലോഗിലിടുന്നതുകൊണ്ട് കമന്റിടാൻ പറ്റുന്നു. പക്ഷെ നമ്മൾ വാഇയിച്ച് കടിച്ചു പിടിച്ചിരുന്ന പല്ല് ഒന്നൂടെ കടിച്ച് പല്ലു പോകാമെന്നല്ലാതെ എന്ത് ചെയ്യാൻ. ഇതൊക്കെ ആ ജഡ്ജിമാരുടെ തലയിലോട്ട് വല്ല മന്ത്രശക്തിയും കൊണ്ട് കുത്തിയിറക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ രണ്ടക്ഷരം വായിച്ച് അതുങ്ങൾക്ക് വിവരമുണ്ടാകുമെന്നു തോന്നുന്നില്ല.

Umesh::ഉമേഷ് said...

സമസ്തരും സമ്മതിയാതെ കണ്ട-
സ്സമർത്ഥനോതില്ലൊരു വാക്കു പോലും


എന്നു പറഞ്ഞതു് എഴുത്തച്ഛനല്ല; കുഞ്ഞിക്കുട്ടൻ തമ്പുരാനാണു്.

നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-
ക്രമക്കണക്കേ ശരണം, ജനങ്ങൾ
സമസ്തരും സമ്മതിയാതെ കണ്ട-
സ്സമർത്ഥനോതില്ലൊരു വാക്കു പോലും.


എന്നാണു ശ്ലോകം.

ശതമന്യു said...

നന്ദി ഉമേഷ്

manoj pm said...

ഉമേഷ്‌ പറഞ്ഞത് ശരി. പോസ്റ്റില്‍ തന്നെ തിരുത്തി.