മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വരുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണം. എങ്ങനെ ഉറക്കം വരും എന്ന് സ്വന്തം നേതാവായ മാണിയോടെങ്കിലും ചോദിക്കണം. അതല്ലാതെ, പത്രസമ്മേളനം വിളിച്ച്, കണ്ണുരുട്ടിക്കാട്ടി, എനിക്ക് ഉറക്കം വരുന്നില്ലേയെന്ന് വിലപിക്കുന്നതും എത്തുന്നിടത്തെല്ലാം സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും പ്രഖ്യാപനങ്ങള്‍ തിരിച്ചുവിഴുങ്ങുന്നതും മന്ത്രിപ്പണിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നം പി ജെ ജോസഫിനും മാണിസാറിനും ഒരു നാടകവും നടത്താതെ പരിഹരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തില്‍ചെന്ന് മന്‍മോഹന്‍ സിങ്ങിന്റെയോ അലുമിനിയം പട്ടേലിന്റെയോ മുന്നില്‍ ഒന്നു നിവര്‍ന്നുനിന്നാല്‍ മതി. വെള്ളം തമിഴ്നാട്ടിലേക്കൊഴുകിയാല്‍ അത് ജനങ്ങളുടെ ജീവിതമാണ്. അതിന് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിലനിന്നേ തീരൂ. ഇന്നത്തെ അണക്കെട്ട് അഥവാ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്കുതന്നെയാണ് ഒഴുകുക. ആ ഒഴുക്ക് മരണത്തിന്റേതാണ്. തമിഴന് ജീവിതവും മലനാട്ടുകാരന് ജീവനും വേണം. അത് എക്കാലത്തേക്കുമുള്ള ഉറപ്പായിത്തന്നെ വേണം.
രണ്ട് സംസ്ഥാനങ്ങളെയും വിളിച്ച് കാര്യംപറഞ്ഞ് പ്രശ്നം തീര്‍ക്കാനുള്ള ചുമതല കേന്ദ്രത്തിന്റേതാണ്. കോടതിയിലും പുറത്തുമൊക്കെ പരന്നുകിടക്കുകയാണ് പ്രശ്നം. കേന്ദ്രം വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ. അതുകൊണ്ട് സോണിയ മാഡം കനിയണം; മന്‍മോഹന്‍ജി മിണ്ടണം. മിണ്ടിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം ആദ്യം ഒലിച്ചുപോകും-ഇത്രയും പറഞ്ഞാല്‍ മതി. ദക്ഷിണേന്ത്യയില്‍ വിത്തിനുവച്ചപോലെ ഉള്ള സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിസ്ഥാനവും സംരക്ഷിച്ചുകിട്ടാന്‍ സോണിയ മാഡം താനേ ഇളകിക്കൊള്ളും. മുല്ലപ്പെരിയാര്‍ അണക്കെട്ടാണോ മന്ത്രിസ്ഥാനമാണോ വലുത് എന്നാണ് ജോസഫും മാണിസാറും ആദ്യം പറയേണ്ടത്. ഇടുക്കിയിലെയും കോട്ടയത്തെയും എറണാകുളത്തെയും ആലപ്പുഴയിലെയും കുറെയേറെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ഞങ്ങള്‍ ഇതാ ത്യാഗത്തിന്റെ അവതാരപുരുഷന്മാരായി മാറാന്‍ പോകുന്നു; കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ അധികാരവും കാറും കൊട്ടാരവും ഉപേക്ഷിച്ച് ഗൗതമബുദ്ധനെപ്പോലെ ഇറങ്ങി ചപ്പാത്തില്‍ സമരംചെയ്യാന്‍ തയ്യാര്‍ എന്നാണ് ഔസേപ്പും മാണിസാറും പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു മിനിമം ഗമ ഉണ്ടാകുമായിരുന്നു. ഇതിപ്പോള്‍ മന്ത്രിതന്നെയാണ് ഭീതി പരത്തുന്നതിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ സമരംചെയ്ത എംപിമാരെവരെ പേടിപ്പിച്ചുകളഞ്ഞു-ഡാം പൊട്ടിയാല്‍ നിങ്ങളുടെ വീടിന്റെ അടുത്തും വെള്ളം എത്തുമെന്ന് സംസ്ഥാന മന്ത്രി വക പ്രവചനം. പ്രവചനങ്ങള്‍ക്ക് മാത്രമാണ് പഞ്ഞമില്ലാത്തത്. ചീഫ് വിപ്പ് ഭൂകമ്പം വരുമെന്ന് പ്രവചിച്ച് ഈരാറ്റുപേട്ടയിലെ സ്കൂള്‍കുട്ടികളെ മരച്ചുവട്ടിലിരുത്തിയശേഷം തിരുവനന്തപുരത്തേക്ക് മുങ്ങി. ജോസഫും മാണിയും പ്രവചിച്ച് കളിക്കുന്നു. മാണിയുടെ വകുപ്പില്‍ നിയമവുമുണ്ട്. ആ വകുപ്പിന്റെ പ്രതിനിധിയായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ചെന്ന് പറഞ്ഞത്, "ഒന്നും പേടിക്കേണ്ടെന്നേ; വെള്ളം കയറുന്നതും സുരക്ഷയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നേ" എന്നാണ്. അതും ഒരു പ്രവചനം. അത് സര്‍ക്കാരിന്റെ നിലപാടല്ലെങ്കില്‍ അങ്ങനെ പറഞ്ഞ എജിയെ ആ നിമിഷം പുറത്താക്കുമായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ പ്രിയങ്കരനും മനോരമയുടെ വിശ്വസ്ത വക്കീലുമായ ദണ്ഡപാണി ഏതായാലും അങ്ങനെ ചുമ്മാ പോകുന്ന പ്രകൃതക്കാരനല്ല. ഇനി പേരിനുവേണ്ടി ദണ്ഡപാണിയെ ദണ്ഡിച്ചാലും തിരുവഞ്ചൂരിനെ എങ്ങനെ ഊരിയെടുക്കാന്‍ പറ്റും. ദണ്ഡപാണിയെക്കൊണ്ട് പറയിച്ചത് തിരുവഞ്ചൂരാണല്ലോ. അണക്കെട്ട് തകരുന്നതോ വെള്ളം കുത്തിയൊഴുകി ജനപഥങ്ങള്‍ നശിക്കുന്നതോ അല്ല ഔസേപ്പച്ചായന്റെയും മാണിസാറിന്റെയും പ്രശ്നം. കോട്ടയം മുതല്‍ ഇടുക്കിവരെ പരന്നുകിടക്കുന്ന പാര്‍ടിയാണ്. മുല്ലപ്പെരിയാറെങ്കില്‍ മുല്ലപ്പെരിയാര്‍ . അതു പറഞ്ഞ് നാലു വോട്ട് കൂടുതല്‍ കിട്ടുമോ എന്നതാണ് പുതിയ നോട്ടം. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാല്‍ അണക്കെട്ടില്‍ പാലുംതേനും ചേര്‍ന്ന മിശ്രിതംനിറയും എന്നാണ് വാഗ്ദാനിച്ചിരുന്നത്. ഇപ്പോള്‍ ഭരണം അങ്ങനെയാണ്. എന്നിട്ടെന്തേ "ഇടപെട്ടള"യാത്തത്? തമിഴ്നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നില്ല എന്നതാണ് പ്രശ്നമെങ്കില്‍ അതിനുവേണ്ടത് കേന്ദ്രം ചെയ്യണ്ടേ? കോടതിയെ ബോധ്യപ്പെടുത്തേണ്ടേ? അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന് മന്ത്രിതന്നെ പ്രവചനം നടത്തി സമരം നയിക്കുകയാണോ അതോ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കുകയാണോ വേണ്ടത്?
പ്രശ്നം അതീവ ഗുരുതരമാണ്. അണക്കെട്ട് പൊട്ടില്ല എന്നൊന്നും ആര്‍ക്കും ഉറപ്പിക്കാനാകില്ല. പൊട്ടിയാല്‍ എന്ത് സംഭവിക്കും; ഇടുക്കി താങ്ങുമോ; എങ്ങോട്ടൊക്കെ ഒഴുകും; എന്തെല്ലാം നശിക്കും എന്നൊന്നും ഇതുവരെ ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്നതെല്ലാം കൊട്ടക്കണക്കാണ്. ചിലര്‍ അന്‍പതടിയെന്ന്. മറ്റുചിലര്‍ അന്‍പതുമീറ്ററെന്ന്. ആര്‍ക്കും എന്തും പറയാം-എല്ലാം കേട്ടും വായിച്ചും തീതിന്നു ജീവിക്കാന്‍ കുറെ ജനങ്ങളുണ്ടല്ലോ. ജനങ്ങളെ ഭീതിയില്‍നിന്ന് രക്ഷിക്കാന്‍ നടപടിയാണ് വേണ്ടത്. അതിന് മാത്രം ജോസഫ് മന്ത്രിക്ക് സമയമില്ല. പകരം പാട്ടുപാടി വിമാനം കയറി ചുറ്റിയടിക്കുന്നു. ഇങ്ങനെയൊരു മന്ത്രിയും മലയോരപ്പാര്‍ടിയുമുള്ളതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും തല്‍ക്കാലം രക്ഷയാണ്. ചവിട്ടുനാടകം അവര്‍തന്നെ നടത്തിക്കൊളളുമല്ലോ. മലയോര കോണ്‍ഗ്രസിന് മലയ്ക്കുതാഴോട്ട് നോക്കേണ്ടതില്ല. വെള്ളമാണെങ്കില്‍ മലയ്ക്ക് മുകളിലോട്ട് കയറുകയുമില്ല. എസ്എംഎസ് വിവാദനായകനായി ശുദ്ധശൂന്യതയിലായിപ്പോയ ജോസഫിന് പറന്നുയരാന്‍ മുല്ലപ്പെരിയാര്‍ ഒരു നിമിത്തമായി. മലയോരത്ത് കോണ്‍ഗ്രസിനെ പേടിപ്പിച്ചുനിര്‍ത്താന്‍ മാണിസാറിന് ഒരു വടിയും കിട്ടി. അതല്ലെങ്കില്‍ എന്തുകൊണ്ട് സ്വതഃസിദ്ധമായ സമ്മര്‍ദതന്ത്രം മാണിസാര്‍ പുറത്തെടുക്കുന്നില്ല? ഉമ്മന്‍ചാണ്ടീ മുട്ടാളാ, ഇനിയും പ്രശ്നം തീര്‍ത്തില്ലെങ്കില്‍ , മന്ത്രിപ്പണിയത് മതിയാക്കൂ-എന്ന് മുദ്രാവാക്യം വിളിക്കാന്‍ മാണിസാറിന്റെ കണ്ഠം കൊതിക്കുന്നില്ലേ? ഒറ്റ സീറ്റിന്റെ ബലത്തില്‍ തൂങ്ങുന്ന മുഖ്യമന്ത്രിസ്ഥാനം കാക്കകൊത്തിപ്പോകാതെ കാത്തുസൂക്ഷിക്കാന്‍ ആ നിമിഷം പറക്കില്ലേ ഉമ്മന്‍ചാണ്ടി വീണ്ടും ഡല്‍ഹിക്ക്-കിടക്കില്ലേ മാഡത്തിന്റെ മുറ്റത്ത് നിരാഹാരം?
പിള്ളാരുടെ പില്‍ക്കാലജീവിതത്തിന് നാലു ചക്രമുണ്ടാക്കണമെന്ന് കരുതുന്ന മാധ്യമ മുതലാളിമാര്‍ മുല്ലപ്പെരിയാറിന്റെ സെന്റിമെന്റ്സ് വില്‍ക്കാന്‍ നല്ലപോലെ നോക്കും-ഉദ്വേഗജനകമായ വിവരണങ്ങള്‍ പത്രത്തിന്റെ മാര്‍ക്കറ്റ് കൂട്ടും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഉദ്വേഗം വാരിക്കൂട്ടി രാഷ്ട്രീയനേട്ടമാക്കാന്‍ മാണിയും ജോസഫും നോക്കുന്നതിലും പുതുമയില്ല. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ചിലരുടെ ജീവിതംതന്നെ ഇത്തരം സെന്‍റിമെന്റ്സിന്റെ മൊത്തക്കച്ചവടമാണ്.
കഴിഞ്ഞ ദിവസം വീക്ഷണം പത്രത്തില്‍ (നവംബര്‍ 27) വന്ന പ്രധാന തലക്കെട്ട് "പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ ചണ്ടി" എന്നാണ്. അക്ഷരത്തെറ്റുകള്‍ പത്രങ്ങളുടെ കൂടപ്പിറപ്പാണ്. അബദ്ധത്തില്‍ തെറ്റു സംഭവിക്കാം. അറിവില്ലായ്മകൊണ്ടും വരാം. വീക്ഷണം പത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരിലെ ദീര്‍ഘം കളഞ്ഞത് ഇതില്‍ ഏതിനത്തില്‍പെടുത്തണമെന്ന് മനസ്സിലാകുന്നില്ല. ചണ്ടിയെ ചാണ്ടിയാക്കാന്‍ ഒരു ദീര്‍ഘം മതി. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുടിചൂടിയ നേതാവിനെ "ചണ്ടി" എന്ന് ഒന്നാംപേജില്‍ ഏറ്റവും വലിയ അക്ഷരംകൊണ്ട് വിളിക്കാന്‍ കോണ്‍ഗ്രസ് മുഖപത്രത്തിനും അനായാസം കഴിഞ്ഞിരിക്കുന്നു. ബെന്നി ബഹനാന്റെ രോഷമാണോ ഹസ്സന്റെ മനോഗതമാണോ വീക്ഷണം പത്രാധിപസമിതിയുടെ പ്രതിഷേധമാണോ സംഭവത്തിനുപിന്നില്‍ എന്നന്വേഷിക്കാന്‍ ചുരുങ്ങിയത് ഒരു തെന്നലക്കമ്മിറ്റിയെ എങ്കിലും നിയോഗിക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളി സഹിക്കാതെ വീക്ഷണത്തിലെ ഒരു പത്രാധിപരാണ് സംഗതി ഒപ്പിച്ചതെന്ന് വിവരമുണ്ട്. ആ പത്രാധിപര്‍ കാണിച്ച ശേഷിയെങ്കിലും പി ജെ ജോസഫിനും കെ എം മാണിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. കുഞ്ഞുണ്ണി മാഷ് പാടിയത് ഓര്‍മവരുന്നു. "കക്കുന്നവന്‍ വലുതായാല്‍ കാക്കുന്നവനാകും; കാക്കുന്നവന്‍ ചെറുതായാല്‍ കക്കുന്നവനാകും" എന്ന്. ദീര്‍ഘമാണ് പ്രശ്നം. എന്നാലും ചാണ്ടി ചെറുതായാല്‍ ചണ്ടി ആകുമെന്ന് വീക്ഷണംതന്നെ പറഞ്ഞുകളഞ്ഞല്ലോ.
*
പത്രക്കാര്‍ക്ക് മുല്ലപ്പെരിയാറിന്റെ തകര്‍ച്ച പ്രവചിക്കാനേ അറിയൂ. സ്വന്തം വീട്ടില്‍ നാളെ എങ്ങനെ കഞ്ഞിവയ്ക്കുമെന്ന് ചിന്തിക്കാന്‍ ഭൂരിപക്ഷത്തിനും സമയമില്ല. ചിന്തിച്ചാലൊട്ട് പ്രയോജനവുമില്ല. പന്ത്രണ്ടുകൊല്ലമായി ശമ്പളം പരിഷ്കരിച്ചിട്ട്. അവസാനത്തെ പരിഷ്കരണം വരുമ്പോള്‍ പത്തുരൂപയ്ക്ക് മലക്കറി വാങ്ങിയാല്‍ കുടുംബത്തിന് മൂന്നുദിവസം കറിവയ്ക്കാമായിരുന്നു. ഇന്ന് നൂറു രൂപയ്ക്ക് വാങ്ങിയാല്‍ കഷ്ടി രണ്ടുദിവസത്തേക്കാണ്. രണ്ടുരൂപയ്ക്ക് കിട്ടിയ ചായക്ക് ഇന്ന് മിനിമം ആറുരൂപ. അരിക്കും മുളകിനും ഉപ്പിനും പാലിനും മരുന്നിനുമെല്ലാം വില പലമടങ്ങായി. പത്രക്കാരന്റെ വില ഒരു പണത്തൂക്കംപോലും വര്‍ധിച്ചിട്ടില്ല. പണ്ട് കോളേജധ്യാപകനേക്കാള്‍ ശമ്പളം പത്രക്കാരനുണ്ടായിരുന്നു. ഇന്ന് നാല് പത്രക്കാര്‍ ചേര്‍ന്നാലും ഒരു കോളേജ് വാധ്യാരാകില്ല.
എല്ലാം അറിയുന്ന പത്രക്കാരുടെ കാര്യം പത്രമുതലാളിമാര്‍ക്ക് മാത്രം അറിയില്ല. ആറ്റുനോറ്റ് വന്ന വേജ്ബോര്‍ഡ് ശുപാര്‍ശ മുക്കിമൂളി ക്യാബിനറ്റ് പാസാക്കി; സര്‍ക്കാരിന്റെ ഉത്തരവും വന്നു. എന്നിട്ടും മുതലാളി സംഘടന മിണ്ടുന്നില്ല. പത്രക്കുഞ്ഞുങ്ങള്‍ കരഞ്ഞാലും പാലുകൊടുക്കരുതെന്നാണ് ഒരു മുഖ്യമുതലാളി പത്രമാപ്പീസുകള്‍ കയറിയിറങ്ങി പറയുന്നതത്രെ. മക്കളെ ചേര്‍ത്ത് പാര്‍ടി നിലനിര്‍ത്തുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്-അതാണ് മക്കള്‍ പാര്‍ടികള്‍ . അതുപോലെ പത്രക്കാരുടെ കുലം നിലനിര്‍ത്താമെന്നൊന്നും ആരും കരുതേണ്ടതില്ല- മിനിമം കൂലിയെങ്കിലും കിട്ടാന്‍ മക്കള്‍ക്കും ആഗ്രഹം കാണുമല്ലോ.
3 comments:
മന്ത്രിയായാല്‍ മന്ത്രിയുടെ പണിയെടുക്കണം. ഉറക്കം വരുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണം. എങ്ങനെ ഉറക്കം വരും എന്ന് സ്വന്തം നേതാവായ മാണിയോടെങ്കിലും ചോദിക്കണം. അതല്ലാതെ, പത്രസമ്മേളനം വിളിച്ച്, കണ്ണുരുട്ടിക്കാട്ടി, എനിക്ക് ഉറക്കം വരുന്നില്ലേയെന്ന് വിലപിക്കുന്നതും എത്തുന്നിടത്തെല്ലാം സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും പ്രഖ്യാപനങ്ങള്‍ തിരിച്ചുവിഴുങ്ങുന്നതും മന്ത്രിപ്പണിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നം പി ജെ ജോസഫിനും മാണിസാറിനും ഒരു നാടകവും നടത്താതെ പരിഹരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തില്‍ചെന്ന് മന്‍മോഹന്‍ സിങ്ങിന്റെയോ അലുമിനിയം പട്ടേലിന്റെയോ മുന്നില്‍ ഒന്നു നിവര്‍ന്നുനിന്നാല്‍ മതി. വെള്ളം തമിഴ്നാട്ടിലേക്കൊഴുകിയാല്‍ അത് ജനങ്ങളുടെ ജീവിതമാണ്. അതിന് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിലനിന്നേ തീരൂ. ഇന്നത്തെ അണക്കെട്ട് അഥവാ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്കുതന്നെയാണ് ഒഴുകുക. ആ ഒഴുക്ക് മരണത്തിന്റേതാണ്. തമിഴന് ജീവിതവും മലനാട്ടുകാരന് ജീവനും വേണം. അത് എക്കാലത്തേക്കുമുള്ള ഉറപ്പായിത്തന്നെ വേണം.
മന്ത്രിക്കും നമ്മൾക്കും ഉറക്കം നേരേ കിട്ടണമെങ്കിൽ നട്ടെല്ലുള്ളവന്മാർ നാടുഭരിക്കണം..
ഒബാമയെ വിളിക്കൂ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കൂ...
കത്തിൽ ഒപ്പിടാൻ ഈ ലിങ്കിൽ വരൂ....
http://baijuvachanam.blogspot.com/2011/12/blog-post.html
ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജ: ബറാക് ഒബാമ വായിച്ചറിയാൻ, മുല്ലപ്പെരിയാർ വെള്ളത്തിൽ ഒലിച്ചുപോയേക്കാവുന്ന കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തിൽ പെടാത്ത ഒരുത്തൻ എഴുതുന്ന അപേക്ഷ
പ്രശ്നമുണ്ടാക്കാനല്ലേ ഒബാമയെ വിളിക്കേണ്ടത്?
Post a Comment