ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന സ്ഥലമാണ് മലബാര്‍ എന്ന് 1879ല്‍ വാല്‍ഹസ് സായ്പ് എഴുതിയിട്ടുണ്ട്. ലോഗന്‍ സായ്പാകട്ടെ, നല്ലവരായ ആറും ദുര്‍മൂര്‍ത്തികളായ ആറും മന്ത്രവാദികളെക്കുറിച്ച് പറഞ്ഞു. പട്ടികടിച്ചാലും പാമ്പുകടിച്ചാലും ഭ്രാന്ത്പിടിച്ചാലും മന്ത്രവാദികളെയാണ് അന്നത്തെ കേരളീയര്‍ ആശ്രയിച്ചിരുന്നതത്രെ. വശീകരണത്തിനും കല്യാണം മുടക്കാനും ശത്രുക്കളെ അടിപ്പെടുത്താനും പരിശീലനം സിദ്ധിച്ച ഒടിയന്മാരും മന്ത്രവാദികളും ഉണ്ടായിരുന്നു. അത്തരം മന്ത്രവാദികളുടെ പുതുതലമുറയ്ക്ക് ഇന്ന് ശത്രുസംഹാരയന്ത്രവും ധനാകര്‍ഷണ കുബേരയന്ത്രവും നാഗമാണിക്യവും വില്‍ക്കുന്ന സെയില്‍സ് റപ്രസന്റേറ്റീവിന്റെ പണിയാണ്. ഒടിയന്മാരുടെ കുഞ്ഞുമക്കള്‍ അതേ വിദ്യ പ്രയോഗിച്ച് കുലമഹിമ കാത്തുസൂക്ഷിക്കുന്നു. ഒടിവിദ്യ ലളിതമാണ്. ഈര്‍ക്കിലിയെടുത്ത് ഒരാളുടെനേരെ കാണിച്ച് മന്ത്രം ജപിച്ച് ഒടിച്ചാല്‍ ഇര ഒടിഞ്ഞ് നിലത്തുവീണ്ണുമരിക്കും എന്നാണ് അന്നത്തെ വിശ്വാസം. ഒടിയന്മാര്‍ കാളയുടെയും കുതിരയുടെയും പട്ടിയുടെയും രൂപം ധരിച്ച് രാത്രികാലങ്ങളില്‍ വഴിയില്‍ നില്‍ക്കും. വിരോധികള്‍ ആ വഴി വന്നാല്‍ പേടിപ്പിക്കും; ഉപദ്രവിക്കും. ആ പരിപാടിയെ മാട്ടുക എന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇന്ന് ഒടിക്കലില്ല; മാട്ടല്‍ മാത്രമേ ഉള്ളൂ. ഒടിയന്മാര്‍ സ്വന്തം ദ്വൈവാരിക തുടങ്ങിയും പത്രസമ്മേളനം നടത്തിയും കോടതികളില്‍ മുന്തിയ വക്കീലിനെ വച്ചും കേസിന്‍മേല്‍ കേസുകൊടുത്തും ഇമെയില്‍ അയച്ചും എസ്എംഎസ് കേസുണ്ടാക്കിയുമാണ് എതിരാളികളെ 'മാട്ടു'ന്നത്.
ഒടിയന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന നാടാണിത്. ഒടിവിദ്യയെ പ്രോത്സാഹിപ്പിക്കാന്‍ ഈരാറ്റുപേട്ടയിലെ അഖിലലോക നേതാവ് ലക്ഷങ്ങള്‍ കൊടുത്തു. സ്വന്തം നേട്ടത്തിനും പാളയത്തില്‍ പടയുണ്ടാക്കാനും എതിരാളിയെ നാറ്റിച്ച് നാനാവിധമാക്കാനും ഒടിവിദ്യ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നു. കാണാന്‍ കൊള്ളാവുന്ന പരിപാടിയായതുകൊണ്ട് ഒടിയന്‍ ആരെ മാട്ടിയാലും അത് വാര്‍ത്തയാണ്-ഒടിയനെ ആരെങ്കിലും തല്ലിയോടിച്ചാല്‍ അത് വാര്‍ത്തയേ അല്ല. നമ്മുടെ സിബിഐക്കാര്‍ ഡമ്മി താഴേക്കെറിഞ്ഞും വേഷംമാറിനടന്നുമൊക്കെ കുറ്റം കണ്ടുപിടിക്കുന്നതായാണ് അറിവ്. അവര്‍ ഒടിയന്മാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നതായി മനസ്സിലായത് ഈയിടെയാണ്. നാട്ടിലെ കൊലക്കൊമ്പന്‍ സിന്‍ഡിക്കറ്റ് പത്രത്തമ്പുരാക്കന്മാര്‍ പോലും വാര്‍ത്തയുടെ ഉറവിടമാകുന്ന വിശുദ്ധപശു കരയുന്നത് വള്ളിപുള്ളി വിടാതെ പകര്‍ത്തുന്നവരാണ്. ഒടിവിദ്യയുടെ സമീപകാല പ്രയോഗചരിത്രം പത്രത്താളുകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമായത് അങ്ങനെയാണ്. അതുകണ്ട് അസൂയപൂണ്ടാകണം സിബിഐയും അതേ പാതയില്‍ പിച്ചവച്ചത്.
ഏതെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നോ ആത്മഹത്യചെയ്തു എന്നോ കേട്ടാല്‍ ഉടനെ വിവാദത്തിന്റെ കുന്തവും കൊണ്ട് ഒടിയസേവാസംഘം പാഞ്ഞെത്തും. കഥയില്‍ എവിടെയെങ്കിലും ഒരു വിഐപി ബന്ധം ചാര്‍ത്തും. സൂചനയിലൂടെയും ആംഗ്യത്തിലൂടെയും മാന്യന്മാരെ കഥയിലേക്ക് കൊണ്ടുവരും. അപവാദം ആദ്യം പറയും, പിന്നെ എഴുതും, അതും കഴിഞ്ഞ് കോടതിയിലെത്തിക്കും. ഒരു കോടതി തള്ളിയാല്‍ മറ്റൊരു തരത്തില്‍ വേറൊരു കോടതിയില്‍. അന്വേഷണം സിബിഐക്ക് കിട്ടിയാല്‍ തെളിവെന്ന മട്ടില്‍ കടലാസുംകൊണ്ട് സിബിഐ ആപ്പീസിലേക്ക്. പുറത്തുവന്ന് ഞാന്‍ ഇത്ര തെളിവുകൊടുത്തു, ഇന്നയിന്ന സാക്ഷികളെ കൊണ്ടുവന്നു എന്ന് വീമ്പടിക്കും. ഈ നിലയില്‍ വികസിച്ചതാണ് കിളിരൂര്‍, കവിയൂര്‍ കേസുകള്‍. നാട്ടുകാര്‍ ആകാംക്ഷാപൂര്‍വം നോക്കിയിരുന്ന രണ്ട് വിവാദകേസുകളും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് വച്ചു. പക്ഷേ, ഇന്നലെവരെ കൊണ്ടാടിയ മാധ്യമത്തമ്പുരാക്കന്മാര്‍ ആ റിപ്പോര്‍ട്ടുകള്‍ കണ്ണുതുറന്ന് കണ്ടതേയില്ല.
സിബിഐക്ക് യഥാര്‍ഥത്തില്‍ പറ്റിയ അമളി ഒടിയന്മാരെ വിശ്വസിച്ചുപോയതാണ്. ഇപ്പോള്‍ അവര്‍ പറയുന്നു, കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് വിഖ്യാത മാധ്യമപ്രവര്‍ത്തകനും അഴിമതിവിരുദ്ധപോരാളിയും സാംസ്കാരികനായകനുമായ ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്. അമ്പമ്പോ. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്ന് അത്ഭുതപ്പെടാം. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും അയാള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവുതന്നെയാകാമെന്നും സിബിഐ പറയുന്നു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പറയുന്നു. കിളിരൂര്‍ കേസില്‍ രാജു പുഴങ്കര എന്ന അഴിമതിവിരുദ്ധ പോരാട്ടനായകനാണ് നന്ദകുമാറിന്റെ പണി എടുത്തത്. അയാള്‍ തട്ടിപ്പുകേസില്‍ ജയിലിലാണ്. കള്ളത്തെളിവുണ്ടാക്കിയ ക്രിമിനല്‍ പണിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തവും സിബിഐക്കുണ്ടല്ലോ. അക്കാര്യമെന്തേ മിണ്ടാത്തത്?
ഇത് ഇന്ന് തുടങ്ങിയ പരിപാടി അല്ല. തിരുവനന്തപുരത്തെ ഒരു കരാറുകാരന്‍ പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മാണവും നടത്തുന്നതായി ക്രൈംവാരികയില്‍ വാര്‍ത്ത കൊടുത്തതിനെതിരെയുള്ള കേസില്‍ രക്ഷപ്പെടാന്‍ മറ്റൊരു 'ക്രൈം' അച്ചടിച്ച് വ്യാജ രേഖയുണ്ടാക്കി ഹാജരാക്കിയപ്പോള്‍ കോടതി ഈ നന്ദകുമാരനെ ശിക്ഷിച്ചു. മറ്റൊരു കോടതി കുടിലബുദ്ധിയെന്ന് വിളിച്ചു. കോഴിക്കോട്ടെ ഒരു ആശുപത്രിയുടമ നല്‍കിയ കേസില്‍ ശിക്ഷ കിട്ടി. കുമാരന്‍ ആയിടയ്ക്ക് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്, ക്രൈമില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയാണ് താന്‍ എന്നാണ്. ഇതൊന്നും സിബിഐ അന്ന് കണ്ടില്ല. പുള്ളി പറഞ്ഞത് വിശ്വസിച്ച് പലതും ചെയ്തുവച്ചു. പൂര്‍വകാല പ്രാബല്യത്തോടെ ഒന്നു പരിശോധിച്ചാല്‍ ഈ കുമാരന്‍ തെളിച്ച വഴിയേ പോയതില്‍ എത്രയെത്ര അമളികള്‍ പറ്റിയിട്ടുണ്ട് എന്ന് തെളിയും. ആ നിലയ്ക്ക് അമളികളുടെ ഒരു തുടര്‍ക്കഥ പ്രസിദ്ധീകരിക്കുകയുമാകാം.
സംഗതി ക്വട്ടേഷന്‍ പണിയാണ്. കാശു വാങ്ങി തലയോ കൈയോ കാലോ വെട്ടുന്നതുപോലെ പണത്തിനുവേണ്ടി മാന്യന്മാരെ അപമാനിക്കും; കേസുകൊടുക്കും; എഴുതിനാറ്റിക്കും. കോടതികളെയും അന്വേഷണ ഏജന്‍സികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ഈ പരിപാടിക്ക് കവിയൂര്‍ കേസില്‍ മാത്രമല്ല തിരിച്ചടികിട്ടുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ലാവലിന്‍ കേസ് അന്വേഷിച്ചിരുന്ന അശോക്കുമാര്‍ എന്ന ഉദ്യോഗസ്ഥനെ മറ്റേതോ കേസ് ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുമാരന്‍ കോടതിയിലെത്തി. ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി പറഞ്ഞ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ".... മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് ടി പി നന്ദകുമാറിന്റെ പെറ്റീഷന്‍ തളളിക്കളഞ്ഞ് നീതി നടപ്പാക്കണം'' എന്നാണ്. പിറ്റേന്നിറങ്ങിയ മാതൃഭൂമി 'പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു - സിബിഐ' എന്നാണ് വാര്‍ത്ത കൊടുത്തത്. മനോരമ കുറേക്കൂടി മനോധര്‍മം പുലര്‍ത്തി. 'ലാവലിന്‍ തുടരന്വേഷണം - പിണറായിയുടെ ഹര്‍ജി തടസ്സമല്ലെന്ന് സിബിഐ' എന്നായിരുന്നു അവരുടെ തലവാചകം. നന്ദകുമാറിന്റെ ഹര്‍ജി തളളണമെന്ന് സിബിഐ എന്നു തലക്കെട്ടെഴുതിയാല്‍ നന്ദകുമാറിന്റെ പിന്നില്‍ കളിക്കുന്നവരുടെ മറ്റേലക്ഷ്യം നടക്കുകയില്ലല്ലോ. കവിയൂര്‍ കേസിലും അത് സംഭവിച്ചു. തള്ളിയത് നന്ദകുമാറിന്റെ ഹര്‍ജിയാണ്. ആ പേരുമാത്രം മനോരമയിലുമില്ല; മാതൃഭൂമിയിലുമില്ല. നന്ദകുമാറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?
സിപിഐ എം സമ്മേളനം വരുമ്പോള്‍ നന്ദകുമാര്‍ ഒടിവിദ്യ കനപ്പിക്കും. പിണറായി വിജയന്റെ 'പണമിടപാടുകളെ'ക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതുസംബന്ധിച്ച് 2010 ഏപ്രില്‍ 17ന് സിബിഐ സത്യവാങ്മൂലം കോടതിയില്‍ നല്‍കി. പിണറായിക്കെതിരെ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏതെങ്കിലും പ്രസക്തമായ സൂചനകൊണ്ടുപോലും ന്യായീകരിക്കപ്പെടുന്നതല്ല എന്നാണ് അതില്‍ പറയുന്നത്.
ലാവലിന്‍ കേസിന്റെ സ്വയം പ്രഖ്യാപിത പിതാവാണ് ഈ നന്ദകുമാര്‍. അന്വേഷണസംഘത്തിനു മുമ്പാകെ ആ 'പിതാവ്' 2008 ഡിസംബര്‍ അഞ്ചിന് മൊഴി നല്‍കി. അവിടെ മൈതാനപ്രസംഗം ആവര്‍ത്തിച്ചു. സിബിഐ രേഖപ്പെടുത്തിയത്, പ്രത്യേകമായി ചോദിച്ചപ്പോള്‍ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള ഒരു കാര്യവും തന്റെ പക്കല്‍ ഇല്ല എന്ന് നന്ദകുമാര്‍ പറഞ്ഞു എന്നാണ്. ഒരു തെളിവും തന്റെ പക്കലില്ല എന്ന് ആരോപണകര്‍ത്താവുതന്നെ തുറന്നുപറയുന്നു. എന്നിട്ടും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പല ഹര്‍ജികളുമായി കോടതിയിലെത്തുന്നു. ഒരിക്കല്‍പ്പോലും തെളിവുകള്‍ ഹാജരാക്കാതെ, ഒരു ഹര്‍ജി തളളുമ്പോള്‍ മറ്റൊരു ഹര്‍ജിയുമായി രംഗപ്രവേശം ചെയ്യുന്നു. അയാളുടെ ഹര്‍ജികള്‍ വാര്‍ത്തയാകുന്നു. ഹര്‍ജി തള്ളണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യംപോലും വളച്ചൊടിച്ച് ഹര്‍ജിക്കാരന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്നു.
പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയെന്നും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് 2008ല്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയുടെ ഗതിയും ഇതുതന്നെ. ടെക്നിക്കാലിയ എന്ന കമ്പനി പിണറായി വിജയന്റെ ബിനാമി സ്ഥാപനമാണ്, പിണറായി കൊട്ടാരം പോലൊരു വീടു നിര്‍മിച്ചു, സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു സ്ഥാപനം പിണറായി നടത്തുന്നു എന്നൊക്കെയായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങള്‍. അതാണ് മാതൃഭൂമിയും മനോരമയും അഴിമതിവിരുദ്ധ പോരാട്ട നായകരും പാടിയത്. എവിടെ തെളിവ്? അവര്‍ക്ക് ഉത്തരമില്ല. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ 2008 ജനുവരി ഒന്നിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍നായര്‍ കേന്ദ്ര ആദായനികുതി വകുപ്പിനുവേണ്ടി സത്യവാങ്മൂലം നല്‍കി; ഹര്‍ജി കോടതി തളളി. എന്നിട്ടും ഒടിയന്മാര്‍ പാടിനടക്കുന്നു.
സിബിഐക്ക് സംഗതി മനസ്സിലായി. ഇന്നലെവരെ ഇത്തരം ഒടിയന്മാരെയാണല്ലോ കൂടെക്കൊണ്ടുനടന്നത് എന്നൊരു വീണ്ടുവിചാരംകൂടി വന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇതില്‍ നന്ദകുമാറിനെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം. സാധാരണനിലയില്‍ നാട്ടുമ്പുറത്ത് ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ട. തൊട്ടാല്‍ കൈ നാറുമെന്നതുകൊണ്ട് ആരും അത്തരം സാഹസത്തിന് മുതിരുന്നില്ല എന്നത് ആശ്വാസകരം തന്നെ. പക്ഷേ നമ്മുടെ മാധ്യമങ്ങളുടെ സ്ഥിതി അതാണോ? ഈ നാറ്റക്കെട്ട് കൊണ്ടുനടന്ന് കുങ്കുമക്കെട്ടാണെന്ന് പറയാന്‍ നാണമാകുന്നില്ലേ ഇവര്‍ക്ക്? സിബിഐക്ക് പറ്റിയത് അമളിയാണെന്നെങ്കിലും ആശ്വസിക്കാം. ഇങ്ങനെ കള്ളക്കഥകളുണ്ടാക്കി ആളെപ്പറ്റിക്കുന്ന പലരെയും അവര്‍ മുമ്പും കണ്ടുകാണുമല്ലോ.
*
ചിലര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കള്ളം പറയുന്നു; കള്ളക്കേസുണ്ടാക്കുന്നു. മറ്റു ചിലര്‍ സ്വന്തം സമ്മേളനം വാര്‍ത്തയാക്കാന്‍ മറ്റേപ്പാര്‍ടിയെ തെറിവിളിക്കുന്നു. എനിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറ്റേയാള്‍ കുടുതല്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നത് രസമുള്ള വിമര്‍ശനംതന്നെ. അവിടെയും രക്ഷ മാധ്യമങ്ങള്‍ തന്നെ. കേരളം ഇന്നും ഏറ്റവുമധികം ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന നാടാണെന്ന് എഴുതിത്തെളിയിക്കാന്‍ ഒരു സായ്പും ഇല്ലാതെപോയല്ലോ.
8 comments:
സിബിഐക്ക് യഥാര്‍ഥത്തില്‍ പറ്റിയ അമളി ഒടിയന്മാരെ വിശ്വസിച്ചുപോയതാണ്. ഇപ്പോള്‍ അവര്‍ പറയുന്നു, കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് വിഖ്യാത മാധ്യമപ്രവര്‍ത്തകനും അഴിമതിവിരുദ്ധപോരാളിയും സാംസ്കാരികനായകനുമായ ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്. അമ്പമ്പോ. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്ന് അത്ഭുതപ്പെടാം. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും അയാള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവുതന്നെയാകാമെന്നും സിബിഐ പറയുന്നു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പറയുന്നു. കിളിരൂര്‍ കേസില്‍ രാജു പുഴങ്കര എന്ന അഴിമതിവിരുദ്ധ പോരാട്ടനായകനാണ് നന്ദകുമാറിന്റെ പണി എടുത്തത്. അയാള്‍ തട്ടിപ്പുകേസില്‍ ജയിലിലാണ്. കള്ളത്തെളിവുണ്ടാക്കിയ ക്രിമിനല്‍ പണിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തവും സിബിഐക്കുണ്ടല്ലോ. അക്കാര്യമെന്തേ മിണ്ടാത്തത്?
ഇതുപോലൊരു നാറിയ പണി.
മാതൃഭൂമിയും നന്ദകുമാറും തമ്മില്‍ എന്ത് വ്യത്യാസം?
മാതൃഭൂമി ഇന്ന് കൊടുത്ത വാര്‍ത്ത നോക്കുക:
http://www.mathrubhumi.com/online/malayalam/news/story/1344021/2011-12-19/kerala
ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും
Posted on: 19 Dec 20
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി.ലാവലിന്‍ കേസ് സി.ബി.ഐ. കോടതി ജഡ്ജി ടി.എസ്.പി. മൂസത് തിങ്കളാഴ്ച പരിഗണിക്കും. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജല വൈദ്യുതിനിലയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ 374.50 കോടിയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്നാണ് കേസ്. 2001-ല്‍ സി.പി.എം. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട നിയമസഭ സബ്ജക്ട് കമ്മിറ്റിയാണ് കരാര്‍ പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്ന് ആദ്യം കണ്ടെത്തിയത്.
ഈ വാര്‍ത്താ ശൈലിയെ എന്തുപേരിട്ടു വിളിക്കും? എഡിറ്റര്‍മാര്‍ക്കും ഉളുപ്പില്ലാതായാലോ? കവിയൂര്‍ കേസില്‍ ടി പി നന്ദകുമാറിന്റെ ഹര്‍ജി സി ബി ഐ വലിച്ച്ചെരിഞ്ഞപ്പോള്‍ അയാളുടെ പേര് പോലും ഈ മഹാ പത്രം കൊടുത്തില്ല. ഇപ്പോള്‍ പറയുന്നു ലാവലിന്‍ കേസ് തുടങ്ങിയത് കോടിയേരി എന്ന്. ഇതിനെ മാധ്യമ പ്രവത്തനം എന്ന് തന്നെ വിളിക്കാമോ കേശവ മേനോന്‍ സാറേ?
ഇവിടെ സി ബി ഐ ആയാലും കോടതി ആയാലും പത്ര മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പലതവണ സഖാവ് പിണറായി വിജയനെ പ്രതിയാക്കി വാദങ്ങള്‍ മാധ്യമങ്ങള്‍ നടത്തി, കൂടാതെ മറ്റു കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ താങ്കള്‍ പറഞ്ഞത് പോലെ അവിടെയും ഇവിടെയും തൊടാതെ എന്നാല്‍ എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയില്‍ കുറ്റപ്പെടുത്തുകയുണ്ടായി. പക്ഷെ ഇതുകൊണ്ടൊന്നും ആരെയും തകര്‍ക്കുവാന്‍ പറ്റുകയില്ലായെന്ന്‍ സി ബി ഐ ക്കും അതിനു ചുക്കാന്‍ പിടിച്ചവര്‍ക്കും മനസ്സിലായി. ശ്രീ നന്ദകുമാറിന് വേണ്ട ശിക്ഷ കൊടുക്കുവാന്‍ ഇവിടെ കോടതിക്കോ മറ്റുള്ളവര്‍ക്കോ ധൈര്യമില്ല, കാരണം നാളെ അവരെകുറിച്ച് എഴുതിയാല്‍ എന്ത് ചെയ്യും? അതുകൊണ്ട് നമ്മള്‍ ഈ വക ദുഷ്പ്രചരണങ്ങളില്‍ വീഴാതെ ശ്രദ്ധിക്കുക എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളു. എന്ന്‍ ശേഖര്‍ ചെന്ത്രാപ്പിന്നി.
ബൂര്‍ഷ്വാസികള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്തരം പ്രചരണ തന്ത്രങ്ങള്‍. ഗീബല്സിന്റെ കാലത്തോളമോ അതിനു മുന്‍പോ അതിന്‍റെ ചരിത്രമുണ്ട്.പത്രമാധ്യമങ്ങളും, റേഡിയോ മുതലായവയായിരുന്നു ആധുനിക കാലത്തെ പ്രചാരണോപാധികള്‍.അതിനു മുന്‍പേ രാജഭരണകാലങ്ങളില്‍ പ്രത്യേക വ്യക്തികളെയും, വര്‍ഗങ്ങളെയും നിയോഗിച്ചിരിന്നു.കത്തുകള്‍, സന്ദേശങ്ങള്‍,വാറോലകള്‍, വിളംപരങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തി. പിന്നീട് ടി.വി., ഇന്റര്‍നെറ്റ് മുതലായവ കടന്നു വന്നപ്പോള്‍ അവര്‍ക്ക് കൊയ്ത്തായി. ഇടത് പക്ഷത്തെ ചെറുക്കുന്നതിനു നീക്കി വെക്കുന്ന ബഡ്ജറ്റ് അങ്ങിനെ ഉപയോഗിക്കപ്പെട്ടു. അതിലൊരു കൂട്ടരാണ് വിസര്‍ജന വീരന്മാര്‍. നാടിന്‍ പുറത്ത്, ഒരു കഴിവുമില്ലെങ്കില്‍ തൂറി തോല്‍പ്പിക്കുക എന്നൊരു ചൊല്ലുണ്ട്. അവരുടെ മാന്യമായ പേരാണ് വിസര്‍ജന വീരന്മാര്‍ എന്നത്. കാല്പ്പണം വീണു കിട്ടിയാല്‍ ആരുടെ മുഖത്തും ഇവര്‍ അമേധ്യം വലിച്ചെറിയും. അതെ നാണയത്തില്‍ പ്രതികരിക്കാന്‍ കഴിയാത്തതിനാല്‍, ആരോപിതന്‍ നാണം കെടും. എന്നാല്‍, മറുപടി അര്‍ഹിക്കുന്നില്ല എന്ന വികലമായ ന്യായത്തില്‍ ഇടതുപക്ഷം ഇത്തരം പ്രവണതകളെ ചെറുക്കുന്നതില്‍ ഇന്നേവരെ പരാജയപ്പെട്ടിട്ടെയുളളു. ഈ നയം ശരിയല്ല. വര്‍ഗ ശത്രുവിനെ നേരിട്ട് തോല്‍പ്പിക്കുന്ന അതെ ശക്തിയിലോ അതില്‍ കൂടുതലോ വീര്യത്തോടെ ഇത്തരം വിഷ ജന്തുക്കളെ നേരിടണം. എന്തെന്നാല്‍, വര്‍ഗ ശത്രു അവരുടെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. അതിനു രാഷ്ട്രീയം കൊണ്ട് മറുപടി പറഞ്ഞാല്‍ ആളുകള്‍ക്ക് മനസിലാകും. പക്ഷെ, ഇത്തരം വിഷജീവികള്‍ വിസര്‍ജിക്കുന്നത്തിന്റെ നാറ്റം സമൂഹത്തില്‍ പടരുമ്പോള്‍ ചിലരെങ്കിലും, എന്തോ ചീഞ്ഞു നാറുന്നു എന്ന് സംശയിക്കും. അതിനു പ്രേരണയും, പിന്‍ബലവും നല്‍കാന്‍ വലതു പക്ഷ പത്രങ്ങള്‍ മത്സരിക്കും. അത് ഈ ന്യൂപക്ഷത്തിനെ തെറ്റിദ്ധാരണക്ക് കൂടുതല്‍ കരുത്തേകും. അത് നാം വിചാരിക്കുന്നതില്‍ കൂടുതല്‍ സാംക്രമിക രോഗങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തു. അതിനാല്‍, കേവലം പുചിച്ചു തള്ളുക എന്ന സാമാന്യ പ്രയോഗത്തില്‍ നിന്നും ഇടതുപക്ഷം ശക്തമായ ചെറുത്തു നില്‍പ്പും പ്രചരണ പരിപാടികളും ആസൂത്രണം ചെയ്തില്ലെങ്കില്‍ നാം പ്രതീക്ഷിക്കാത്ത മുറിവുകള്‍ ഈ രോഗാണുക്കള് വരുത്തും. അതാണ്, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും, തന്ത്രവും. അതുകൊണ്ട് തന്നെ ഇടതുപക്ഷം, തങ്ങളുടെ കൈവശമുള്ള പ്രചരണോപാധികളായ പത്രം, ടി.വി. എന്നിവയ്ക്ക് പുറമേ കരുത്തുറ്റ ഒരു പ്രചരണ വിഭാഗം തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.സാധാരണ, സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പാര്‍ട്ടിക്ക് ഒരു പ്രചരണ കമ്മററയുണ്ടാകുന്നത്. അത് കഴിഞ്ഞാല്‍ അതിന്‍റെ പ്രവര്‍ത്തനം നിലച്ചു. പകരം സ്ഥിരമായ ഒരു സംവിധാനത്തിന്‍റെ ആവശ്യകതയാണ് ഇത്തരം സമസ്യകള്‍ ആവശ്യപ്പെടുന്നത്.
എന്തിനാണ് നമ്മള്‍ പത്രങ്ങളെ മാതരം കുറ്റം പറയുന്നത്?
ഈ പത്രങ്ങള്‍ക്ക് എല്ലാം അവരുടെ ഭാവനാ വിലാസങ്ങള്‍ക്ക് അനുസരിച്ച് എഴുതി പിടിപ്പിക്കാന്‍ വേണ്ട എല്ലാ വകകളും ഒപ്പിച്ചു കൊടുത്തത് വി.എസ് അല്ലെ?
ഇപ്പോള്‍ അങ്ങേര്‍ക്കു എന്ത് സമാധാനം പറയാന്‍ ഉണ്ട്?
പാര്‍ട്ടിയില്‍ , എതിരാളികളെ തകര്‍ക്കുവാന്‍ ഏത് അറ്റം വരെയും പോകും വി.എസ്.
അതിഉനു നീലകണ്ഠന്‍,ആസാദ്,ഉമേഷ് ബാബു,തുടങ്ങി ഏത് കപട ബുദ്ധി ജീവികളെയും അങ്ങേര്‍ നമ്പും.
ഞാന്‍ ഇപ്പോള്‍ ആത്മാര്‍ഥമായി നന്ദി പറയുന്നത് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗങ്ങളോട് ആണ്.
ഇത്ര മാത്രം വിരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും ,സ്വന്തം പാര്‍ട്ടി സെക്രട്ടറിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ .....
പിണറായിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി.
രാഷ്ട്രീയ രംഗത്ത് അവരുടെ പെരുപോലും കേള്‍ക്കാന്‍ ഉണ്ടാകുമായിരുന്നില്ല.
രാഷ്ട്രീയമായി തകര്‍ന്നു നാമവശേഷം ആയേനെ.
കമല ഇന്റര്‍ നാഷണല്‍ ,സിങ്ങപ്പൂര്‍ യാത്ര, ടെക്നിക്കാലിയ എന്ന ബിനാമി കമ്പനി,മൂന്നു കോടിയുടെ വീട്,മകന്റെ വിദേശ വിദ്യാഭ്യാസം ....ഒലക്കേടെ മൂട്..
ഇപ്പോഴോ,വിജിലന്‍സ് അന്വേഷണം നേരിടുന്നത് ആരാണ്,സ്വന്തം പ്രിയ പുത്രന്‍!!!!!!!!! !!!൧൧!!!!!!
എന്താ കേസ്?സന്ത്ഷ് മാധവന്റെ കയ്യില്‍ നിന്നും കാശ് വാങ്ങി.
അളിയന് കാസര്‍കോട് ഭൂമി പതിച്ചു കൊടുത്തത് ആരാണ്?
നാണം ഉണ്ടെങ്കില്‍ വി.എസ്.കേരളത്തിലെ ജനങ്ങളോട് തനിക്കു അബദ്ധം പറ്റി എന്ന് ഏറ്റുപറയട്ടെ,എന്നിട്ടാകാം മുല്ലപ്പെരിയാറിന്റെ പേരിലുള്ള പി.ബി.യെ തള്ളി പറഞ്ഞു കൊണ്ടുള്ള മുതല കണ്ണീര്‍.......
മാധ്യമ സിന്‍ഡിക്കേറ്റ് എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്.....കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കേരളത്തില്‍ നിന്നും ഉന്മൂലനാശനം ചെയ്യാന്‍ മാത്യഭൂമിയും,മനോരമയടക്കമുള്ള സാമ്രാജ്യത്ത പിന്നണി യാളുകളുട ശ്രമം സഖാക്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും,,,, ഇവര്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,,,,
സി പി എമ്മിന്റെ ജില്ല സമ്മേളനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍ . നാളിതുവരെ അതീവ അച്ചടക്കത്തോടും കൃത്യതയോടും കൂടിയാണ് സമ്മേളനങ്ങള്‍ നടക്കുക എന്നതാണ് അറിവ് . സജീവ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആണ് സമ്മേളന പ്രതിനിധികള്‍ .മറ്റൊരു സംഘടനക്കും ഇല്ലാത്ത അടുക്കും ചിട്ടയും ഉണ്ടാവും അവിടെ എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ് ?
സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന ചര്‍ച്ചയും മറ്റു വിഷയങ്ങളും തത്സമയം ചാനല്‍ കുഞ്ഞുങ്ങള്‍ ചൂടോടെ അങ്ങാടി പാട്ടക്കുന്നു! സമ്മേളനങ്ങളില്‍ നടക്കുന്നതെല്ലാം ഉടന്‍ പുറത്താകുന്നു !
എന്താണ് ഈ പാര്‍ട്ടിക്ക് സംഭവിക്കുന്നത് ? കുത്തക മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ കയ് മാറി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന 'തന്തയില്ലാത്ത 'ചെറ്റ' ആരാണു? ഇത്രയും വലിയ സംഘടന സംവിധാനമുള്ള ഒരു പാര്‍ട്ടിക്ക് എന്ത് കൊണ്ട് ഇങ്ങനെയുള്ളവരെ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല:?വാര്‍ത്തകള്‍ ഇങ്ങനെ ചോരുകയാണെങ്കില്‍ സമ്മേളനം ഏതെങ്കിലും റോഡ്‌വക്കിലോ ബസ് സ്റ്ന്ടിലോ നടത്തിയാല്‍ മതിയല്ലോ ? ലജ്ജാകരം എന്നെ പറയേണ്ടു .....നേതാക്കളുടെ പാര്‍ട്ടി കൂറ് ചാനലുകാരന്റെ നക്കാപിച്ചക്ക് മുന്നില്‍ അടിയറവു വെക്കുന്നത്, പാര്‍ട്ടിരഹസ്യങ്ങള്‍ കണ്ണിലെ കൃഷണ മണി പോലെ കാത്തു സൂക്ഷിച്ച പ്രവര്ത്തകരുടെ ഒരു കാലത്ത് നിന്ന് മുപ്പത് വെള്ളി കാശിനു ഇതല്ലാം വിറ്റു പുട്ടടിക്കുന്ന പ്രോഫോഷനലിസ്ടുകളുടെ അഭിശപ്ത കാലത്താണ് നാം ജീവിക്കുന്നത്.,ഒന്നും നേടാതെ നമുക്ക് വേണ്ടി ഇല്ലാതായ രക്തസാക്ഷികള്‍ പൊറുക്കില്ല .....ഓര്‍ക്കുക
അതേ മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അശ്ലീല കുമാറിനും മറ്റും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത് നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ആളുകളല്ലെ, മനോരമയുടെ റേഞ്ചി കുര്യാക്കോസിന് വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരുന്നത് എവിടെ നിന്നാണെന്ന് വികിലീക്സ് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാവും ഒപ്പം ഒന്‍പത് മണിക്ക് ചാനലുകളില്‍ ഇരുന്ന് പാര്‍ട്ടി വിരോധം കരഞ്ഞു തീര്‍ക്കുന്ന ചില "യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ" സഹായവും ഇവര്‍ക്കുണ്ട്
Post a Comment