Sunday, November 27, 2011

അണക്കെട്ടോ അധികാരമോ

എവിടെച്ചെന്നാലും കോണി കയറണമെന്ന് ലീഗിന് ഒരേ വാശിയാണ്. കോണിക്ക് പകരം തോണിയില്‍ കയറിയ ഇ ടി മുഹമ്മദ് ബഷീര്‍ തോണിമുങ്ങി കോണി കയറിയ ചരിത്രം പത്താം ക്ലാസിലെ പുതിയ പുസ്തകത്തിലുണ്ട്. നാട്ടില്‍ പണിയില്ലാതെ നടക്കുന്നവരും കച്ചവടം പൊളിഞ്ഞ് വീട്ടിലിരിക്കുന്നവരുമായ ലീഗുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് കോണി വച്ചുകൊടുക്കുകയാണ്. കോഴിക്കച്ചവടക്കാരനെ ഉന്നത വിദ്യാഭ്യാസ സമിതിയിലെടുക്കും. കരിക്കുലം കമ്മിറ്റിയിലേക്കുള്ള കോണി കയറണമെങ്കില്‍ കോഴിക്കോടന്‍ ബിരിയാണിയുടെ പാകം അറിഞ്ഞാല്‍മതി. ഇങ്ങനെയൊക്കെയാണ് ലീഗ്.

ഖായിദേ മില്ലത്ത് സാഹിബ് പണ്ട് മഞ്ചേരി കാണാതെ ലോക്സഭയിലെത്തിയ നേതാവാണ്- ലീഗിന്റെ സ്ഥാപക പ്രസിഡന്റ്. ആ മില്ലത്തിന്റെ ചെറുമകനാണ് പുതിയ കാലത്ത് ഇതെന്തു ലീഗ് എന്ന് ചോദിക്കുന്നത്. ദാവൂദ് മിയാന്‍ഖാന്‍ എന്ന ആ പുള്ളിക്കാരന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയിന്‍മേലാണ് ലീഗിന്റെ പുന്നാരക്കോണിക്ക് ഇളക്കംതട്ടുന്നത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നൊരു പാര്‍ടി നിലവിലില്ല. അങ്ങനെയൊരു പേരേയുള്ളൂ. അതും ഒരു കോണിയാണ്. ഇ അഹമ്മദ് സാഹിബിന് പാര്‍ലമെന്റിലേക്ക് കയറാനുള്ള കോണി. കയറിയ കോണിയിലൂടെ തിരിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുപെട്ടത്. കേന്ദ്രത്തില്‍ ഒരു പാര്‍ടി; കേരളത്തില്‍ ഇമ്മിണി വലിയ മറ്റൊരു പാര്‍ടി, കേന്ദ്രനേതാവിന്റെ തലയ്ക്കുമേല്‍ സംസ്ഥാന പ്രസിഡന്റ്, അതുക്കുംമേലെ കുഞ്ഞാലി സാഹിബ് എന്നെല്ലാമുള്ള ഭരണഘടന ഇനി നടപ്പില്ലത്രെ. ലയിച്ചാല്‍ കോണി എന്ന ചിഹ്നം പോകും; ലയിച്ചില്ലെങ്കില്‍ അഹമ്മദ് സാഹിബിന്റെ സ്ഥാനം പോകും. ഇതിനെയാണ് രണ്ടുംകെട്ട അവസ്ഥ എന്നു പറയുന്നത്. കുതിര ചത്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് കുറഞ്ഞപക്ഷം അഹമ്മദ് സാഹിബിന്റെയെങ്കിലും ആവശ്യമാണ്.

സത്യത്തില്‍ ലീഗ് കേരളത്തില്‍ ഒതുങ്ങേണ്ട ഒരു പാര്‍ടിയല്ല. ജനനം 1906ല്‍ ബംഗ്ലാദേശിലാണ്. ഇന്‍റര്‍നാഷനല്‍ ചരിത്രം. അത് പിന്നെ വളര്‍ന്നുവളര്‍ന്ന് മലപ്പുറത്താകെ പടര്‍ന്നു. അവിഭക്തഭാരതത്തിലെ മുസ്ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുക എന്നെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പ് പറഞ്ഞു. പിന്നെപ്പിന്നെ ആ മുദ്രാവാക്യം സാര്‍ഥകമാക്കാന്‍ മുസ്ലിം ജനതയെ കൂട്ടിയിണക്കി വോട്ട് സമാഹരിച്ച് അധികാരം നേടുക; അതുകൊണ്ട് പ്രമാണിമാരെ ബിരിയാണിയൂട്ടുക എന്നായി. ഇപ്പോഴത്തെ പണി മറ്റുപലതുമാണ്. ഐസ്ക്രീം കഴിക്കണം; കോടതികയറണം; മുറുക്കാന്‍ കടക്കാരനെ വൈസ്ചാന്‍സലറാക്കണം; ജഡ്ജിക്ക് പെട്ടി കൊടുക്കണം; വിദ്യാഭ്യാസവകുപ്പില്‍ പച്ചച്ചെങ്കൊടി നാട്ടണം; കാസര്‍കോട്ട് പോയി പ്രസംഗിച്ച് വെടിവയ്പിക്കണം; നാദാപുരത്ത് ബോംബുണ്ടാക്കണം-അങ്ങനെ എന്തെല്ലാം പണി. ഇതെല്ലാം സഹിച്ച് എല്ലാ കാലവും ലീഗില്‍ നിന്ന ത്യാഗധനന്‍മാര്‍ കുറച്ചേയുള്ളൂ. ഖായിദേ മില്ലത്ത് സാഹിബ് അങ്ങനെ നിന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരമകന്‍ കേസുകൊടുക്കാന്‍ പോകുന്നു.

സുലൈമാന്‍ സേട്ട് ഒരുകാലത്ത് ലീഗിന്റെ പുലിയായിരുന്നു. പുതിയ പുപ്പുലി വന്നപ്പോള്‍ ആ പുലി പുറത്തായി. ശിങ്കമായിരുന്ന ബനാത്ത് വാലയെ അവസാനകാലത്ത് ആരാരും കാണാതായി. പണ്ട് വിവരമുള്ളവര്‍ ലീഗ് പിരിച്ചുവിടണമെന്ന് പറഞ്ഞതാണ്. മൗലാനാ ആസാദ്, സഹീദ് ഹുസൈന്‍ , എ കെ ഹാഫിസ്ക, എല്‍ എം അന്‍വര്‍ , എസ് എ എം മജീദ്, പി കെ മൊയ്തീന്‍കുട്ടി സാഹിബ്, എ കെ കാദര്‍കുട്ടി സാഹിബ്, അഡ്വ. സി വി ഹൈദ്രോസ്, കെ കെ അബു, പി പി ഹസന്‍കോയ, എസ് എ ജിഫ്രി, ഹസ്രത്ത് മോഹാനി, സത്താര്‍സേട്ട്-ഇങ്ങനെ പലരും പാതിവഴിക്ക് ലീഗിനെ വിട്ട് മറ്റു പാര്‍ടികളിലേക്കോ സ്വതന്ത്രനിലപാടിലേക്കോ പോയി. കാലാന്തരത്തില്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ വന്നു.

ഡല്‍ഹിയിലെ ലയനക്കമ്മിറ്റിയില്‍ പച്ചക്കൊടിക്കുപിന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും അടുത്തടുത്താണിരുന്നത്. അതാണ് ഇപ്പോഴത്തെ ഐക്യം. എന്‍ഡിഎഫാണോ ലീഗാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാകാത്ത അണികളും ലക്ഷണയുക്തരായ നേതാക്കളും. പിടിച്ചുകയറാന്‍ ഒരു കോണിയെങ്കിലുമില്ലെങ്കില്‍ സംഗതി വിഷമത്തിലാകും. എംഎല്‍എമാരുടെ എണ്ണം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി നിര്‍ത്താനൊക്കെ പറ്റുന്നുണ്ട്. അത് എത്ര കാലം എന്നതാണ് ഇനിയത്തെ ചോദ്യം. പിറവത്ത് വരള്‍ച്ചയുണ്ടായാലും പുഴ വറ്റും. പൂഞ്ഞാറില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എപ്പോഴും ഭരണം പോയേക്കും. കോണിയും കൂടി നഷ്ടപ്പെട്ടാല്‍ ലീഗിന്റെ ഗതി അധോഗതി തന്നെ. താഴോട്ടിറങ്ങാനും വേണമല്ലോ ഒരു കോണി.

*
അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന് ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഇവിടെ തകര്‍ത്താടിയ മലയാള സിനിമകള്‍ പലതും ഹോളിവുഡില്‍നിന്ന് അപ്പാടെ കോപ്പിയടിച്ചതാണ് എന്ന് "കട്ട്-കോപ്പി" ഗവേഷകര്‍ പറയുന്നു. അക്കണക്കിന് നമ്മുടെ പല വമ്പന്‍ സിനിമാക്കാരേക്കാളും മുമ്പന്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. അയാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് തെറിവിളിയെങ്കിലും വാരിക്കൂട്ടുന്നുണ്ടല്ലോ.

രാഷ്ട്രീയത്തിലുമുണ്ട് സന്തോഷ് പണ്ഡിറ്റുമാര്‍ . ഒരാള്‍ കഴിഞ്ഞ ദിവസം താനിപ്പോള്‍ ഉറങ്ങാറേയില്ലെന്ന് ദിഗന്തം നടുക്കുമാറ് പറയുന്നത് കേട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങനെ ഒരുപകാരവും ചെയ്തു. ഒന്നും മിണ്ടാതെ മൂളിപ്പാട്ടുപാടി നടന്ന മന്ത്രിയുടെ ഉറക്കം നഷ്ടപ്പെടുത്തി; ടിയാനെ വാര്‍ത്താ പുരുഷനാക്കി. ഉറക്കം വരാത്തതിന് വേറെ വല്ല കാരണവും കാണും-അത് പി സി ജോര്‍ജ് പറയട്ടെ.

എന്തായാലും അങ്കമാലിയിലെ പ്രധാനമന്ത്രിയെന്നപോലെ പൂഞ്ഞാറിന് ഒരു നാടുവാഴിയുണ്ട്. അവിടെ എംഎല്‍എ എന്നും വിളിക്കും. ആ പ്രദേശത്ത് പ്രത്യേക നിയമമാണ്. വൈദ്യുതി പോയാല്‍ നാടുവാഴി നേരെ കറണ്ടാപ്പീസില്‍ കയറിച്ചെന്ന് മലയാളത്തിലെ ചില അപൂര്‍വ പ്രയോഗങ്ങള്‍കൊണ്ട് ശിക്ഷ നടപ്പാക്കും. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വാഴുന്നോര്‍ കല്‍പ്പിച്ചത്, നാളെ രാവിലെ ഭൂമി കുലുങ്ങും; അതുകൊണ്ട് സ്കൂള്‍ പൂട്ടിക്കോളൂ എന്നാണ്. രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് ഈരാറ്റുപേട്ട മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്ന് ബേപ്പൂരുകാരന്‍ പുളിശേരി ശിവനുണ്ണി എന്ന പണ്ഡിതന്‍ പ്രവചിച്ചു. കേട്ടപാടെ നാടുവാഴി വിപ്പിറക്കി. ഉച്ചവരെ സ്കൂളുകള്‍ക്ക് അവധി; ഉച്ചയ്ക്കുശേഷം ഭൂമി കുലുങ്ങിയില്ലെങ്കില്‍ ക്ലാസ് മരച്ചുവട്ടില്‍ . നാടുവാഴിയുടെ കല്‍പ്പന അതേപടി വിദ്യാഭ്യാസ വകുപ്പ് അനുസരിച്ചു. അല്ലെങ്കില്‍ കേള്‍ക്കാനുള്ള സാഹിത്യത്തെ പടച്ചോനായാലും പേടിക്കുമല്ലോ. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ ഭരണവും പൂഞ്ഞാര്‍ വാഴുന്നോര്‍ ഏറ്റെടുത്തു. നാളെ എംഎല്‍എ കല്‍പ്പിക്കും-ഈരാറ്റുപേട്ടയില്‍ ഇനിമുതല്‍ കാക്ക പറക്കരുത് എന്ന്. അത് നടപ്പാക്കാന്‍ പണിയില്ലാതെ നടക്കുന്ന കുറെ കോണ്‍ഗ്രസുകാരെ വിട്ടുകൊടുക്കാന്‍ ചെന്നിത്തല ദയ കാണിക്കണം.

പവാറിന്റെ കരണത്തടിച്ചവന് മാത്രമാണ് ഭ്രാന്ത് എന്ന് ഇപ്പോഴും കരുതുന്നവരെ സമ്മതിക്കണം. സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കുന്നവരെ ചാട്ടവാറിനടിക്കണം. അവരൊന്നും ഈരാറ്റുപേട്ടയുടെ വ്യത്യസ്തനായ പുത്രനെ കാണുന്നില്ലല്ലോ. പൂഞ്ഞാറിന്റെ അതിര്‍ത്തികടന്നും ഭരണമുണ്ട്. പരവന്‍ സമുദായത്തെ പട്ടിക വിഭാഗത്തില്‍നിന്ന് പുറത്താക്കണമെന്നാണ് കല്ലേപ്പിളര്‍ക്കുന്ന ഒരാജ്ഞ. ഇത്തരം സംശയങ്ങള്‍ പുതിയതൊന്നുമല്ല. ഒ ലൂക്കോസിന്റെ മൂക്കും കെ എം മാണിയുടെ കണ്ണുമുള്ള കുട്ടി എങ്ങനെ എന്റേതാകും എന്ന് പണ്ട് നിയമസഭയില്‍ ചോദിച്ച പാരമ്പര്യമുണ്ട്. ഓരോരുത്തരും അര്‍ഹിക്കുന്നത് ലഭിക്കും എന്ന് ഏതോ ദൈവവചനമുണ്ട്. ഉമ്മന്‍ചാണ്ടി അര്‍ഹിക്കുന്നത് തന്നെയാണ് ലഭിക്കുന്നത്. പക്ഷേ, പൂഞ്ഞാറുകാര്‍ ഇത്രയും വലിയ ഒന്നിനെ അര്‍ഹിക്കുന്നുണ്ടോ?

*
മുല്ലപ്പെരിയാര്‍ നിറഞ്ഞുകവിയുമ്പോള്‍ കേന്ദ്ര മന്ത്രിമാരുടെ മൗനജാഥയാണ്. ഭൂമി ഇടയ്ക്കിടെ കുലുങ്ങുന്നു. ഏതുനിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെ ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ജനജീവിതം സ്തംഭിക്കുന്നു. സമചിത്തതയോടെ ചടുലമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തില്‍ പോയി പാടുകിടന്നിട്ടും ആശ്വാസം പകരുന്ന മറുപടിയില്ല. ഇതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി പത്രസമ്മേളനം വിളിച്ച് ജനങ്ങളെ പേടിപ്പിക്കുന്നു. എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ ഭരണവും അവര്‍ക്കുതന്നെ. ജനങ്ങളെ പേടിപ്പിച്ച് കൊല്ലാതെ; അപകട ഭീഷണി ഒഴിവാക്കുന്ന അടിയന്തര നടപടി എടുക്കാന്‍ എന്തേ കേന്ദ്രത്തിന് മടി?

മലയോരപ്പാര്‍ടി ചില മുതലെടുപ്പ് കളികള്‍ക്കൊക്കെ ഇറങ്ങിയിട്ടുണ്ട്. പത്രസമ്മേളനം വിളിച്ച് വായിട്ടലയ്ക്കുന്ന മാണിക്കും ഔസേപ്പിനും പാട്ട് ഡല്‍ഹിയില്‍ചെന്ന് പാടാന്‍ എന്താണിത്ര മടി? ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തരുതോ? ഉമ്മന്‍ചാണ്ടിയും പരിവാരങ്ങളും ഡല്‍ഹിക്കു പായുന്നതും ആരുടെ കാലില്‍വീണും കാര്യം സാധിക്കുന്നതും അപ്പോള്‍ കാണാമല്ലോ. അണക്കെട്ടോ അധികാരമോ എന്ന ചോദ്യം മാണിയും ഔസേപ്പും ആദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ. എന്നിട്ടാവാം മലയോരപ്പാര്‍ടിയുടെ ഡിഎംകെക്കളി.

1 comment:

ശതമന്യു said...

എന്തായാലും അങ്കമാലിയിലെ പ്രധാനമന്ത്രിയെന്നപോലെ പൂഞ്ഞാറിന് ഒരു നാടുവാഴിയുണ്ട്. അവിടെ എംഎല്‍എ എന്നും വിളിക്കും. ആ പ്രദേശത്ത് പ്രത്യേക നിയമമാണ്. വൈദ്യുതി പോയാല്‍ നാടുവാഴി നേരെ കറണ്ടാപ്പീസില്‍ കയറിച്ചെന്ന് മലയാളത്തിലെ ചില അപൂര്‍വ പ്രയോഗങ്ങള്‍കൊണ്ട് ശിക്ഷ നടപ്പാക്കും. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വാഴുന്നോര്‍ കല്‍പ്പിച്ചത്, നാളെ രാവിലെ ഭൂമി കുലുങ്ങും; അതുകൊണ്ട് സ്കൂള്‍ പൂട്ടിക്കോളൂ എന്നാണ്. രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് ഈരാറ്റുപേട്ട മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്ന് ബേപ്പൂരുകാരന്‍ പുളിശേരി ശിവനുണ്ണി എന്ന പണ്ഡിതന്‍ പ്രവചിച്ചു. കേട്ടപാടെ നാടുവാഴി വിപ്പിറക്കി. ഉച്ചവരെ സ്കൂളുകള്‍ക്ക് അവധി; ഉച്ചയ്ക്കുശേഷം ഭൂമി കുലുങ്ങിയില്ലെങ്കില്‍ ക്ലാസ് മരച്ചുവട്ടില്‍ . നാടുവാഴിയുടെ കല്‍പ്പന അതേപടി വിദ്യാഭ്യാസ വകുപ്പ് അനുസരിച്ചു. അല്ലെങ്കില്‍ കേള്‍ക്കാനുള്ള സാഹിത്യത്തെ പടച്ചോനായാലും പേടിക്കുമല്ലോ. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ ഭരണവും പൂഞ്ഞാര്‍ വാഴുന്നോര്‍ ഏറ്റെടുത്തു. നാളെ എംഎല്‍എ കല്‍പ്പിക്കും-ഈരാറ്റുപേട്ടയില്‍ ഇനിമുതല്‍ കാക്ക പറക്കരുത് എന്ന്. അത് നടപ്പാക്കാന്‍ പണിയില്ലാതെ നടക്കുന്ന കുറെ കോണ്‍ഗ്രസുകാരെ വിട്ടുകൊടുക്കാന്‍ ചെന്നിത്തല ദയ കാണിക്കണം.