ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂറ്റിയിരുപത് സീറ്റ് എല്‍ഡിഎഫിന് കിട്ടും. ഒരുമാസംകൊണ്ട് ഉമ്മന്‍ചാണ്ടി അത്രയും ദൂരം അതിവേഗത്തില്‍തന്നെ പോയ്ക്കഴിഞ്ഞു. വാര്‍ത്ത വരുത്താനുള്ള ചില പൊടിക്കൈകള്‍ ഉണ്ട്-അതിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വഘോഷണം പൊടിപൊടിക്കുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതിലും മിടുമിടുക്ക് തന്നെ. അതിനപ്പുറം ശുദ്ധ ശൂന്യമാണ് നേട്ടപ്പട്ടിക. നേട്ടങ്ങളുണ്ടായത് മന്ത്രിമാര്‍ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും അബ്കാരികള്‍ക്കുമാണ്. മൂന്നാറിലും വാഗമണിലും മലകള്‍തന്നെ വെട്ടിപ്പിടിക്കുകയാണ്് "വികസനവും കരുതലും" എന്നതാണ് മുദ്രാവാക്യം.
ഭൂമികൈയേറ്റക്കാരുടെ വികസനവും യുഡിഎഫിന്റെ "കരുതല്‍ധന" ശേഖരണവും. അത്തരമൊരു ദിശാബോധത്തിന്റെ മുപ്പതു ചുവടുകളേ ഉമ്മന്‍ചാണ്ടി പത്രപ്പരസ്യത്തില്‍ എണ്ണിപ്പറയുന്നുള്ളൂ. അതിവേഗം ചിലതെല്ലാം ചെയ്തുതീര്‍ത്തില്ലെങ്കില്‍ നൂറുദിവസം തികയ്ക്കാന്‍ വലിയ വിഷമമാകും. കേസുകള്‍ പലതും പത്തിനിവര്‍ത്തി നില്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും മുനീറും അടൂര്‍ പ്രകാശും ടി എം ജേക്കബ്ബുമെല്ലാം എപ്പോള്‍ പിടിക്കപ്പെടുമെന്ന് ഒരു തിട്ടവുമില്ല. അവരെയൊക്കെ രക്ഷിക്കണം-അതിനായി കേസുകള്‍ അട്ടിമറിക്കണം. സത്യസന്ധമായി അന്വേഷണം നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ എണ്ണപ്പന ഗവേഷണകേന്ദ്രത്തിലേക്കും സോപ്പുകമ്പനിയിലേക്കും വിടണം. സാധാരണ റബര്‍മരം മൂത്ത് പെരുത്താലാണ് കടുംവെട്ടിന് വിടുക. ഇവിടെ റബര്‍ തൈതന്നെ വെട്ടി ജ്യൂസെടുക്കുകയാണ്. നാളെ പുലരുമ്പോള്‍ മന്ത്രിക്കസേര ഉണ്ടാകുമോ എന്ന വ്യാധിയാണ് പുതുപ്പള്ളിയിലെ മോന്തായത്തിനുമുതല്‍ പിറവത്തെ കഴുക്കോലിനുവരെ.
കോണ്‍ഗ്രസ് ഇവിടെയൊന്നും നന്നാവാഞ്ഞിട്ട് രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പറന്നിരിക്കുന്നു. മുരളീധരന്‍ വിമാനം കയറുന്നത് പലരും കണ്ടു. പിന്നെ വിവരമില്ല. വല്ല വിമാനമുടക്കവും മൂലം രണ്ടുപേരും തിരിച്ചെത്താന്‍ വൈകിയാല്‍ നിയസഭയിലെ കാര്യം കഷ്ടമാകും. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ശ്രദ്ധിച്ചാല്‍ പോരാ-എംഎല്‍എമാര്‍ കൃത്യമായി എത്തുന്നുണ്ടോ എന്നുകൂടി നോക്കണം. വി ഡി സതീശന്റെ പിണക്കം തീര്‍ന്നിട്ടില്ല; അങ്ങനെയൊന്നും തീരുകയുമില്ല. പി സി ജോര്‍ജ് ഇനി പി ജെ ജോസഫിനെതിരെ ആരെക്കൊണ്ട് കേസുകൊടുപ്പിക്കും എന്ന് കണ്ടെത്തി റിപ്പോര്‍ട്ടുചെയ്യാന്‍ ചാരസംഘത്തെ അയക്കണം. സ്വന്തം പാര്‍ടിയില്‍പ്പെട്ടവരെ കുത്തിമറിച്ചിടുന്നതില്‍ ഡോക്ടറേറ്റെടുത്തയാളാണ് ഈരാറ്റുപേട്ടക്കാരന്‍ . അത്തരം ജോലിക്ക് ക്വട്ടേഷനും എടുക്കുന്നുണ്ട്. സ്വന്തം പാര്‍ടിക്കാര്‍ക്കെതിരെ കേസുകൊടുക്കണോ; അപമാനിക്കണോ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണോ; വക്കീലന്‍മാരെ ഏര്‍പ്പാടുചെയ്യണോ-എന്തിനായാലും ജോര്‍ജിനെ സമീപിച്ചാല്‍ മതി. മാണി കുറെ സഹിച്ചു. ഇപ്പോള്‍ ജോസഫിന്റെ ഊഴം. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലെന്ത്...മന്ത്രിയുടേതിനേക്കാള്‍ ജോലിയുണ്ട്. നിയുക്ത അഞ്ചാംമന്ത്രി മങ്കടയില്‍നിന്ന് പെരിന്തല്‍മണ്ണവഴി തിരുവനന്തപുരത്തെത്തിയെങ്കിലും അടുത്ത ബസിന് തിരിച്ചുപോകേണ്ടിവന്നു.
മന്ത്രിപദം എന്ന അത്തറുപൂശിയ മണിയറ കിനാക്കണ്ട് അത്തറുവിറ്റ പണം ഒരുപാട് വാരിയെറിഞ്ഞു. പണത്തിനുമീതെയും പറക്കുന്ന പരുന്ത് ലീഗിലുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. പാവം പാണക്കാട്ടെ തങ്ങളെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചിട്ടും വാശി പിടിപ്പിച്ചിട്ടും കാര്യം നടക്കുന്നില്ല. അലിഭായിക്ക് കുഞ്ഞീക്കയെ ശരിക്കും മനസിലായിട്ടില്ല. നാടകത്തിനൊടുവില്‍ പാണക്കാട് തങ്ങളുടെ മൂല്യത്തിന് ശോഷണം സംഭവിച്ചത് മിച്ചം. അലിക്കുവേണമെങ്കില്‍ ചീഫ് വിപ്പ് എന്ന അലുവക്കഷണവുംകൊണ്ട് പോകാം-അതും പി സി ജോര്‍ജ് കനിഞ്ഞാല്‍മാത്രം.
*
ആരോ പറയുന്നത് കേട്ടു ആ നാലുപേര്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയേനെ എന്ന്. നാലുപേര്‍ ആരൊക്കെയെന്നല്ലേ-പി സി ജോര്‍ജ്, മഞ്ഞളാംകുഴി അലി, കെ പി മോഹനന്‍ , ശ്രേയാംസ് കുമാര്‍ . ഇതില്‍ മോഹനനും ശ്രേയാംസും പോയത് വീരേന്ദ്രകുമാറിന്റെ പുറകെയാണെന്നതുകൊണ്ട് എണ്ണം മൂന്നാക്കി ചുരുക്കാം. ഈ മൂവരും എന്തിനു പോയി, എങ്ങനെയുള്ളവരാണ്, എല്‍ഡിഎഫിന് എന്തുചെയ്തു എന്നുമാത്രമല്ല; ആരെങ്കിലും ഇവരെ പറഞ്ഞുവിട്ടതാണോ എന്നുകൂടി അന്വേഷിച്ചുള്ള കൊട്ടിപ്പാട്ടല്ല ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലൊരാളെ കൂടെക്കൊണ്ടുനടന്ന് കിട്ടുന്ന ഭരണം ഉമ്മന്‍ചാണ്ടിക്കേ പാല്‍പ്പായസമാകൂ. രാഷ്ട്രീയം ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും മാഫിയാ പ്രവര്‍ത്തനത്തിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയുമാണെന്നു കരുതുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് ജോര്‍ജ് മഹായോഗ്യന്‍ . വീരേന്ദ്രകുമാര്‍ അതിലും മഹാന്‍ . ശ്രേയാംസ്കുമാറിനോട് ഹൈക്കോടതി പറഞ്ഞത് അല്‍പ്പം മാന്യതയുണ്ടെങ്കില്‍ വെട്ടിപ്പിടിച്ച് കൈവശം വയ്ക്കുന്ന പതിന്നാലേക്കര്‍ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോകണം എന്നാണ്. തര്‍ക്കമുണ്ട്, തീര്‍പ്പുണ്ടാക്കിത്തരണം എന്ന അപേക്ഷയുമായാണ് എംഎല്‍എകുമാര്‍ ഹൈക്കോടതിയിലെത്തിയത്.
ഇപ്പോഴിതാ തീര്‍പ്പു വന്നു-ഇനി ഭൂമിയില്‍ നിന്നിറങ്ങാന്‍ മുഹൂര്‍ത്തം നോക്കേണ്ടതുണ്ടോ? അതോ ഇനിയും കെട്ടിപ്പിടിത്തവും വെട്ടിപ്പിടിത്തവും തുടരുകയോ? രണ്ടായാലും ജൂണ്‍ മുപ്പത് എന്നൊരു തീയതിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് കൃഷ്ണഗിരിയിലേക്ക് പൊലീസിനെ അയക്കാം. ഇറക്കി വിടേണ്ടത് ചില്ലറക്കാരനെയല്ലല്ലോ. നിയമസഭയിലെ എഴുപത്തിരണ്ടില്‍ ഒന്ന് ഈ ഭൂമി കൈയേറ്റക്കാരനാണ്. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. കെ പി മോഹനനെക്കുറിച്ച് തല്‍ക്കാലം ഒന്നും പറയാന്‍ തോന്നുന്നില്ല. സ്വന്തം മനസിലുള്ളത് വീരേന്ദ്രകുമാറിന്റെ മുന്നില്‍ പറയാനുള്ള ധൈര്യം എന്നെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.
ഏതായാലും ഇപ്പറഞ്ഞ നാലുപേര്‍മൂലമാണ് എല്‍ഡിഎഫ് തോറ്റുപോയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നന്നായിപ്പോയി എന്നേ ശതമന്യുവിന് പ്രതികരണമുള്ളൂ. ആ പ്രതികരണം പഴയ കോഴിയമ്മക്കഥയിലുള്ളതുപോലെയല്ല. കോഴിയമ്മയുടെ കഥ ഇങ്ങനെ ഓര്‍ക്കാം: ആരാണ് നെല്‍ക്കതിര്‍ കൊണ്ടു വന്നത്? കോഴിയമ്മ. ആരാണ് നെല്ല് &മലഹശഴ;കുത്തിയത്? കോഴിയമ്മ. ആരാണ് അപ്പം ചുട്ടത്? കോഴിയമ്മ. പക്ഷേ, ആ അപ്പം തിന്നാന്‍ എത്ര പേരാണ്. "എന്നാല്‍ കോഴിയമ്മ തന്നെ അപ്പം തിന്നോളാം, നിങ്ങള്‍ പോയി മുറ്റത്തെ മണ്ണ് തിന്നിന്‍" എന്ന് ആരും പറയാത്തതുകൊണ്ട് ചിലരെല്ലാം പിഴച്ചുപോകുന്നു. എന്നാലും കോഴിയമ്മയെ ഒന്നു കുത്താന്‍ എന്തൊരുത്സാഹമാണെന്നോ. കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിച്ച് സഭയിലെത്തി പദവി കിട്ടിയപ്പോള്‍ തനിക്ക് വോട്ട് കുറയാന്‍ കാരണം കോണ്‍ഗ്രസുകാരാണെന്ന് പറയുന്നയാള്‍ക്ക് പണ്ട് കോഴിയമ്മ കൊടുത്ത മറുപടിതന്നെ ഉചിതം.
*
ഉമ്മന്‍ചാണ്ടിയുടെ മുപ്പത് നേട്ടപ്പട്ടികയില്‍ സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും പിള്ളയെ വിട്ടയക്കാന്‍ ഫയല്‍ നീക്കിയതും ബിവറേജസ് കോര്‍പറേഷന്റെ 21 വില്‍പ്പനശാല വേണ്ടെന്നുവച്ച് അബ്കാരികളെ കെട്ടിപ്പുണര്‍ന്നതും കള്ള് സംഘങ്ങള്‍ക്ക് കൊലക്കയര്‍ മുറുക്കിയതും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതും ഇല്ലാതെ പോയത് കഷ്ടംതന്നെ. അവയൊക്കെയാണല്ലോ വലിയ നേട്ടങ്ങള്‍ . എംആര്‍എഫുകാരന്റെ കള്ളപ്പണത്തിന്റെയും പിഴയൊടുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെയും വാര്‍ത്ത വായിക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി.
*
നമ്മുടെ ഭൂസമര നായകരെയൊന്നും വയനാട്ടില്‍ കാണുന്നില്ല. കോടതി പറഞ്ഞത് മാന്യതയില്ലാത്ത കൈയേറ്റം എന്നാണ്. അത് ഏറ്റുപറയാന്‍ താടിയുള്ളവരും ഇല്ലാത്തവരും "മരമേ മനമേ മാനേ മയിലേ" കവിതക്കാരുമൊന്നും വയനാടന്‍ ചുരം കയറുന്നില്ല. പുളിയാര്‍ മലയിലേക്ക് ചെല്ലേണ്ടതില്ല-കുറഞ്ഞ പക്ഷം ഒരു കൂട്ട പ്രസ്താവനയെങ്കിലും മഹദ് പേനകളില്‍നിന്നുതിര്‍ന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ആശ മനസ്സില്‍ തന്നെ കിടക്കട്ടെ. പുറത്തുവന്നാല്‍ നാളെമുതല്‍ മാതൃഭൂമിയില്‍ പേരു വരില്ല; കഥയും കവിതയും വരില്ല. പോരാഞ്ഞ് നന്ദകുമാറിന്റെ ക്രിമിനല്‍ വാരികയില്‍ ആത്മകഥ അച്ചടിച്ചു വരികയുംചെയ്യും.
3 comments:
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂറ്റിയിരുപത് സീറ്റ് എല്‍ഡിഎഫിന് കിട്ടും. ഒരുമാസംകൊണ്ട് ഉമ്മന്‍ചാണ്ടി അത്രയും ദൂരം അതിവേഗത്തില്‍തന്നെ പോയ്ക്കഴിഞ്ഞു. വാര്‍ത്ത വരുത്താനുള്ള ചില പൊടിക്കൈകള്‍ ഉണ്ട്-അതിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വഘോഷണം പൊടിപൊടിക്കുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതിലും മിടുമിടുക്ക് തന്നെ. അതിനപ്പുറം ശുദ്ധ ശൂന്യമാണ് നേട്ടപ്പട്ടിക. നേട്ടങ്ങളുണ്ടായത് മന്ത്രിമാര്‍ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും അബ്കാരികള്‍ക്കുമാണ്. മൂന്നാറിലും വാഗമണിലും മലകള്‍തന്നെ വെട്ടിപ്പിടിക്കുകയാണ്് "വികസനവും കരുതലും" എന്നതാണ് മുദ്രാവാക്യം.
അലി മെലിഞ്ഞാലും കക്കൂസില്‍ കെട്ടരുത് എന്ന് പറയാന്‍ തോന്നുന്നു ചാണ്ടിയുടെ പാണക്കാട് യാത്ര കാണുമ്പോള്‍...
നന്നായി പറഞ്ഞിരിക്കുന്നു, മാഷേ.
ഇനി എന്തെല്ലാം കാണാനിരിക്കുന്നു, വിചാരിച്ച പരിപ്പുകള്‍ വേവുന്നില്ല എന്ന് കാണുമ്പോള്‍ പലരും പലതും കാട്ടും, പറയും.
Post a Comment