Sunday, June 26, 2011

പാണക്കാട്ടെ വാക്കും ചാക്കും

ലീഗിന്റെ ചെലവിലാണ് യുഡിഎഫ് ഭരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാം. കോണ്‍ഗ്രസ് സമ്മതിക്കില്ല. കഷ്ടപ്പെട്ട് 20 സീറ്റും വാങ്ങി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ച ലീഗിന്റെ പടനായകന്‍ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററില്‍ പച്ചപ്പട കരി ഓയില്‍ വാരിയൊഴിക്കുന്ന മധുരമനോജ്ഞ കാഴ്ചയാണ് മങ്കടയിലുണ്ടായത്. മങ്കടയിലെ മച്ചാന്‍ പെരിന്തല്‍മണ്ണയില്‍ ചെന്ന് ജയിച്ചു നിയമസഭയിലെത്തിയാല്‍ അവിടെ വിളമ്പിവച്ചിട്ടുണ്ടാകും മന്ത്രിസ്ഥാനമെന്നാണ് മോഹിപ്പിച്ചിരുന്നത്. അങ്ങനെയാണ് അലിയുടെ പട്ടാളം പച്ചക്കുപ്പായം ഇട്ടത്. കുപ്പായം മാറിയതു മിച്ചം. അലിക്കു മുന്നില്‍ കോണി കാണാനില്ല. ലീഗിന് ആകെ കിട്ടിയത് നാലു മന്ത്രിസ്ഥാനമാണ്. ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തിലാകെ പത്തു സീറ്റ് തികയ്ക്കില്ലായിരുന്നു. എന്നിട്ടും അഞ്ചാം മന്ത്രിപദവുമില്ല; ചീഫ്വീപ്പ് പദവിയുമില്ല-എന്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലുമില്ല. പണ്ട് 1960ല്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാത്ത കോണ്‍ഗ്രസുകാര്‍ ലീഗ് നേതാവിനെ സ്പീക്കറാക്കാന്‍ തൊപ്പി ഊരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയെ നെഹ്റു വിളിച്ചത് ചത്ത കുതിരയെന്നാണ്. ചത്ത കുതിരയായാലും കോവര്‍ കഴുതയായാലും ലീഗിനെ ഇന്നത്തെ കോണ്‍ഗ്രസ് വിടില്ല.

ലീഗിന് എന്നിട്ടും ഊണ് ഉമ്മറപ്പടിയില്‍ തന്നെ. കോണ്‍ഗ്രസ് ആപ്പ് വിദഗ്ധമായി ഊരിയിരിക്കുന്നു. ലീഗിന്റെ വാല് കുരുങ്ങിക്കിടപ്പാണ്. വലിയ കക്ഷിയെന്നൊക്കെ പറയാമെന്നേയുള്ളൂ. ലീഗ് വേണമെങ്കില്‍ കോണ്‍ഗ്രസിനെ സേവിച്ചുകൊള്ളുക; കിട്ടുന്നതു വാങ്ങി തൃപ്തിപ്പെട്ടുകൊള്ളുക. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിയായാല്‍ മതി. മുനീറിന് വകുപ്പില്ലെങ്കിലും സാരമില്ല-കൊടിവച്ച കാറുമതി. അതിനിടയില്‍ പാവപ്പെട്ട ലീഗുകാരന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെയും മഞ്ഞളാംകുഴി അലിയുടെയും ശബ്ദത്തിനെന്തു വില. നാണംകെട്ടത് പാണക്കാട്ടെ തങ്ങളാണ്. പണ്ട് വെള്ളിത്താലത്തിലാക്കി കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ മന്ത്രിസ്ഥാനം കൊണ്ടുകൊടുക്കുമായിരുന്നു. ഇക്കുറി തങ്ങള്‍ കോട്ടയത്ത് ചെല്ലേണ്ടിവന്നു. മലപ്പുറത്ത് തിരികെച്ചെന്ന് അഞ്ചു മന്ത്രിമാരെ സ്വയം പ്രഖ്യാപിച്ചു. തങ്ങളുടെ വാക്കാണ് വാക്കെന്ന് ലീഗുകാര്‍ പണ്ടൊക്കെ കരുതിയിരുന്നു. ഇപ്പോള്‍ ആ വാക്ക് പഴയ ചാക്കിനു സമം. യഥാര്‍ഥ ചാക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. പാണ്ടിക്കടവത്ത് തറവാട്ടിലാണ് തീരുമാനം വിരിയുന്നത്. അഞ്ചാംമന്ത്രി അലിയാണെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അഞ്ചാം മന്ത്രിയേ ഇല്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പാര കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് ഉറപ്പാക്കിയ ചെന്നിത്തല ചിക്കാഗോക്ക് പറന്നു.

അധികാരം ഉമ്മന്‍ചാണ്ടിക്കെങ്കില്‍ അതു നിലനിര്‍ത്താനുള്ള പാടും ഉമ്മന്‍ചാണ്ടി തന്നെ ചുമക്കട്ടെയെന്ന് ചെന്നിത്തലയുടെ മതം. മഞ്ഞാളംകുഴി അലിയിപ്പോള്‍ മുന്‍ നിയുക്ത അഞ്ചാം മന്ത്രിയാണ്. ഇങ്ങനെയൊരു അവസ്ഥ പണ്ട് വീരേന്ദ്രകുമാറിനേ വന്നിട്ടുള്ളൂ. വീരന്‍ പക്ഷേ, ഒരു ദിവസമെങ്കിലും മന്ത്രിയായി. അലിക്ക് ഇനി എന്നുവരും ആ സുദിനം?

*

പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറങ്ങുകയാണ്. മന്ത്രി ആകാമെന്ന് മോഹിച്ചു; സ്പീക്കറാകാന്‍ കച്ചകെട്ടി; ഒടുവില്‍ കിട്ടിയത് ചീഫ്വിപ്പിന്റെ പണി. കാറുണ്ട്; ബംഗ്ലാവുണ്ട്. ഇപ്പോള്‍ ചെയ്യുന്ന പണിക്ക് അനുയോജ്യമായ പദവിതന്നെ. ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷം കളിക്കാം. പി ജെ ജോസഫിന് പാരവയ്ക്കാം. മാണിയെ നക്കിക്കൊല്ലാം. ശല്യം കുറയ്ക്കാനാണ് ജോര്‍ജിനെ അച്ചടക്കത്തിന്റെ വടിയും കൊടുത്ത് ഇരുത്തുന്നതത്രേ. ജോസഫിനെയും മാണിയെയും ഈരാറ്റുപേട്ട ചന്തയില്‍ വിലപറഞ്ഞു വിറ്റ പണം ജോര്‍ജിന്റെ പോക്കറ്റിലുണ്ട്. ചീഫ് വിപ്പിനെ ഒന്നു മനസ്സിരുത്തി ശ്രദ്ധിക്കുന്നതു നന്ന്. രണ്ടു സീറ്റില്‍ ഞാന്നുകിടക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ "കരുതല്‍" വകുപ്പ് ഇനി ജോര്‍ജിനാണ്. എല്‍ഡിഎഫ് വിട്ട് വലത്തോട്ടുപോയവരില്‍ അങ്ങനെ ജോസഫിനും ജോര്‍ജിനും കൂടുകിട്ടി. പാവം വീരന്‍ മൂലയ്ക്കായി. മകന്റെ സ്വത്തും പോയി മാനവും പോയി.

കൂടുവിട്ടു കൂടുമാറിയവരില്‍ അബ്ദുള്ളക്കുട്ടിയേ ശരിക്കും രക്ഷപ്പെട്ടിട്ടുള്ളൂ. കുട്ടിയുടെ മിടുക്കോ കുട്ടിയെ കിട്ടിയ കോണ്‍ഗ്രസിന്റെ മിടുമിടുക്കോ എന്നറിയില്ല. ഉംറയ്ക്കു പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്; വോട്ടുചെയ്തു ജയിപ്പിക്കണേ എന്ന കരച്ചില്‍കേട്ടാല്‍ സത്യവിശ്വാസിയുടെ മനസ്സ് അലിഞ്ഞുപോകും. ഒന്നുരണ്ടു തവണ അത്തരം കള്ളങ്ങള്‍ വേവിച്ചെടുക്കാന്‍ ഏതു സുധാകരനും കഴിയുമല്ലോ. അലിയുടെ കാര്യം അധോഗതിയായി. ഡോ. കെ എസ് മനോജിനെ കാണാനില്ല. സിന്ധുജോയി എവിടെ പോയെന്ന് മഷിയിട്ടുനോക്കണം. ഗൗരിയമ്മ സ്വന്തം പാര്‍ടിയോടൊപ്പം റിട്ടയര്‍ചെയ്തു. എം വി രാഘവന്റെ പാര്‍ടിയെവിടെ എന്ന് പത്രപ്പരസ്യം കൊടുത്താലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. സൂചി കുത്താന്‍ ഇടം തരില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞുകളഞ്ഞത്. ഇനിയിപ്പോള്‍ കോണ്‍ഗ്രസിന്റെ താണ്ഡവമാണ് നടക്കുക.

പലരും കരുതുന്നത് ചെന്നിത്തല വലിയ സംഭവമാണെന്നത്രേ. ഞാന്‍ ഈഴവനാണെന്ന് ഞാന്‍തന്നെ പറഞ്ഞാല്‍ ആര്‍ക്ക് എന്തു ചേതം എന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. അതുപോലെ ഒരു നായര്‍ കാര്‍ഡ് ചെന്നിത്തലയുടെ കൈയിലുമുണ്ട്. എന്നെ നായരാക്കിക്കളയല്ലേ എന്നാണ് പുള്ളി അമേരിക്കന്‍ പര്യടനത്തിനുമുമ്പ് വിലപിച്ചിരുന്നത്. എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെയുണ്ടോ എന്ന ചോദ്യത്തിന് ഭരണഘടനാപരമായ വിലക്കില്ല. ആ പറച്ചില്‍കൊണ്ട് സുകുമാരന്‍നായരുടെ ഒരു ശരിദൂരച്ചിരി കിട്ടിയതു മിച്ചം. ഉമ്മന്‍ചാണ്ടി ഹരിപ്പാട്ടേക്കയച്ച ഓര്‍ത്തഡോക്സ് മിസൈല്‍ സുകുമാരന്‍നായരുടെ പ്രതിരോധ-ശരിദൂര മിസൈലുപയോഗിച്ച് നിര്‍വീര്യമാക്കി. പക്ഷേ, സര്‍ക്കാരില്‍ ചെന്നിത്തലയ്ക്ക് കാര്യമൊന്നുമില്ല. ഒതുങ്ങിപ്പോയി പാവം. ഭരണം ഉമ്മന്‍ചാണ്ടിയുടെ കൈകളിലാണ്. പല്ലക്ക് ചുമക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയുമാണ്. തല്‍ക്കാലം ഒരു ശരിദൂരത്തില്‍ നിന്നാല്‍ ചെന്നിത്തലയ്ക്ക് പിഴച്ചുപോകാം. എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുകാരോട് പറഞ്ഞാല്‍ മതി. അവര്‍ വിചാരിക്കുന്നതെല്ലാം നടക്കും.

*

അഞ്ചാം എസ്റ്റേറ്റ് വന്നതുകൊണ്ടാകണം. നാലാം എസ്റ്റേറ്റ് അല്‍പ്പം ക്ഷീണത്തിലാണ്. ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പു നടത്തി. വോട്ടെണ്ണാന്‍ നോക്കുമ്പോള്‍ കെട്ടിവച്ച ബാലറ്റില്‍ ഇരുപത്തിയൊന്‍പതെണ്ണം കാണാനില്ല. വീണ്ടും പോളിങ്ങും എണ്ണല്‍ ആഘോഷവും നിശ്ചയിക്കേണ്ടിവന്നു. നാലാം എസ്റ്റേറ്റുകാരുടെ യൂണിയന്റെ ബാലറ്റ് പൊക്കിയത് അഞ്ചാം എസ്റ്റേറ്റുടമകളാണോ എന്ന സംശയം നിലനില്‍ക്കുന്നു. സംശയനിവൃത്തി വരുത്തേണ്ട ഉന്നതശീര്‍ഷര്‍ ശീര്‍ഷാസനത്തിലാണ്.

സര്‍വജ്ഞനാണെങ്കിലും അഞ്ചാം എസ്റ്റേറ്റിന്റെ ഗാഫര്‍ഖാന്‍ ബി ആര്‍ പി ഭാസ്കര്‍ അമളിപറ്റി കിടപ്പാണ്. എറണാകുളത്ത് സാമൂഹ്യവിരുദ്ധര്‍ കൈയേറ്റംചെയ്ത തസ്നിബാനുവിനെ കൊള്ളണോ തള്ളണോ എന്നതാണ് ബി ആര്‍ പിക്ക് മുന്നില്‍ അടുത്തകാലത്തുണ്ടായ ആഗോളപ്രതിസന്ധി. ആദ്യം ഒന്ന് തള്ളിനോക്കി.

"ഡിവൈഎഫ്ഐക്കും എന്‍ഡിഎഫിനും ശേഷം ഓട്ടോ ഡ്രൈവര്‍മാരും സദാചാര പൊലീസ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ കൈയോങ്ങുന്നവരെ സംരക്ഷിക്കാന്‍ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?"-ഇങ്ങനെയാണ് സവ്യസാചി ഫേസ്ബുക്കില്‍ അമ്പുതൊടുത്തത്.

ചര്‍ച്ച കനത്തപ്പോള്‍ ബി ആര്‍ പിക്ക് തട്ടുകിട്ടി. അപ്പോള്‍ ഇങ്ങനെ അഭിപ്രായം മാറ്റി:

"ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരുഅന്വേഷണസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവയ്ക്കുന്നുണ്ട്" (ഹമ്മോ...ഇതാര് ജെപിസിയോ).

എന്ന് വെച്ചാല്‍ ആദ്യം പറഞ്ഞത് കേട്ടപാടുള്ള കോതപ്പാട്ടായിരുന്നെന്ന്.

തുടര്‍ന്ന് ഫിഫ്ത് എസ്റ്റേറ്റിന്റെ സൈറ്റില്‍ "ഇങ്ങനെ കാക്കനാട് സംഭവത്തില്‍ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാകരുത്" എന്ന ഉപദേശം വിളമ്പി-ബി ആര്‍ പി ഭാസ്കര്‍ , എന്‍ എം പിയേഴ്സണ്‍ , ജ്യോതിനാരായണന്‍ , കെ വേണു എന്നിവര്‍ സംയുക്തമായി.

ഇതാണ് കേരള ഹസാരെമാരുടെ രാജ്യഭാരം. അവര്‍ക്ക് ആക്രമിക്കപ്പെട്ട തസ്നിയും ആക്രമിച്ച "ജനങ്ങ"ളും തുല്യരാണ്. അടുത്ത ഘട്ടത്തില്‍ ആ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു എന്ന മറ്റൊരു പ്രസ്താവനയും കണ്ടു. അതില്‍ തസ്നി വീരനായികയെന്നായി.

സൂര്യന് താഴെ എന്തിനോടും പ്രതികരിക്കും ബി ആര്‍ പിയുടെ അഞ്ചാം എസ്റ്റേറ്റ്. കാളപെറ്റു എന്നുകേട്ടാല്‍ പ്രതിഷേധ പ്രസ്താവനയിറക്കും, പശുവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടും, ഉപവാസം കിടക്കും, കയറുംകൊണ്ട് പേറെടുക്കാന്‍ പോകുകയും ചെയ്യും.

അഞ്ചാം എസ്റ്റേറ്റിന്റെ ഉടമകള്‍ കാണാത്ത ഒരേയൊരു എസ്റ്റേറ്റ് വയനാട് കൃഷ്ണഗിരിയിലേതാണ്.

4 comments:

ശതമന്യു said...

സൂര്യന് താഴെ എന്തിനോടും പ്രതികരിക്കും ബി ആര്‍ പിയുടെ അഞ്ചാം എസ്റ്റേറ്റ്. കാളപെറ്റു എന്നുകേട്ടാല്‍ പ്രതിഷേധ പ്രസ്താവനയിറക്കും, പശുവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടും, ഉപവാസം കിടക്കും, കയറുംകൊണ്ട് പേറെടുക്കാന്‍ പോകുകയും ചെയ്യും.

അഞ്ചാം എസ്റ്റേറ്റിന്റെ ഉടമകള്‍ കാണാത്ത ഒരേയൊരു എസ്റ്റേറ്റ് വയനാട് കൃഷ്ണഗിരിയിലേതാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

നല്ല ലേഖനം.. അഭിവാദ്യങ്ങള്‍..

dileep kumar said...

അഞ്ചാം എസ്റ്റേറ്റിന്റെ ഉടമകള്‍ കാണാത്ത ഒരേയൊരു എസ്റ്റേറ്റ് വയനാട് കൃഷ്ണഗിരിയിലേതാണ്.

വീരേന്ദ്ര കുമാറിനെ കുറിച്ച് പറയുമ്പോള്‍ ബെജാരവുന്ന ബീ ആര്‍ പീ ഭാസ്ക്കാരനെ കുറിച്ചറിയാന്‍ ഇതാ ഫേസ് ബൂകിലെ ഒരു നോട്ടും അതിലെ കമന്റുകളും വായിക്കൂ ..

http://www.facebook.com/notes/geedha-fyodor/സുഗതകുമാരി-വിവരങ്ങള്-നല്കുക/225777234101145

ഒരു ദുബായിക്കാരന്‍ said...

നല്ല ലേഖനം..ആശംസകള്‍!!