Sunday, June 5, 2011

അഴിമതിവിരുദ്ധ ദിവ്യാത്ഭുതം

പാതിരാവില്‍ രാംലീല മൈതാനിയില്‍ കയറി നാടകമാടാന്‍ ഡല്‍ഹിയിലെ പൊലീസ് കുഞ്ഞുങ്ങളെ വിട്ടത് കോണ്‍ഗ്രസിന്റെ മിടുക്കോ രാംദേവ് ബാബയുടെ മിടുക്കില്ലായ്മയോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. രണ്ടായാലും ബാബാ രാംദേവ് കടപൂട്ടി. ഇനി കച്ചവടം ആര്‍എസ്എസിന്റെ ഫ്രാഞ്ചൈസി വഴിയാണത്രെ. എയര്‍ കൂളറിന്റെയും ഫാനിന്റെയുംകീഴില്‍ പത്തുപന്ത്രണ്ട് മണിക്കൂര്‍ ഉണ്ണാവ്രതമിരുന്നപ്പോള്‍ത്തന്നെ സ്വാമിക്ക് മതിയായി. സ്റ്റേജില്‍നിന്ന് എടുത്തുചാടിയത് ശിഷ്യരത്നങ്ങളുടെ തിരുദേഹങ്ങള്‍ക്കുമുകളിലാണ്. യോഗാഭ്യാസം കുലത്തൊഴിലായതുകൊണ്ട് അപായമുണ്ടായില്ല. പണ്ടൊരു സോഷ്യലിസ്റ്റ് സമരനായകന്‍ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വിളിച്ച മുദ്രാവാക്യം "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ" എന്നായിരുന്നു.

സോഷ്യലിസത്തെ വലിച്ചുകീറി ദൂരെ കളഞ്ഞെങ്കിലും പാര്‍ടിക്കൊപ്പം സോഷ്യലിസ്റ്റ് എന്ന പേര് ഇന്നും കൊണ്ടുനടക്കുന്നുണ്ട് കണ്ണും മനസ്സും എരിഞ്ഞ് മിണ്ടാപ്രാണികളായ സഖാവ് അച്ഛനും സഖാവ് മകനും. രണ്ടുകൂട്ടരും ആരെയെങ്കിലും സഖാവെ എന്നോ മറ്റോ വിളിച്ചാല്‍ തൊട്ടുപുറകെ വരുന്നുണ്ട് ഒരു കൂറ്റന്‍ പണി എന്ന് കരുതിക്കൊള്ളണം. കെ പി മോഹനന് മന്ത്രിപ്പണി കിട്ടിയെങ്കില്‍ അതിലും വലിയ ഒന്ന് വഴിയില്‍ തങ്ങാതെ നേരെയിങ്ങ് വരും എന്നര്‍ഥം. മീശയില്ലാത്ത സോഷ്യലിസ്റ്റ് സ്വാമിയെപ്പോലെയല്ല താടിയും മീശയുമുണ്ടെങ്കിലും കുപ്പായമിടാത്ത രാംദേവ് സ്വാമി. കണ്ണെരിഞ്ഞാലും സമരം നയിക്കുമെന്നാണ് ആ സ്വാമി പറഞ്ഞുകളഞ്ഞത്. പൂച്ചസന്യാസിമാരുടെ കാലമാണ്. കണ്ടാല്‍ മഹാമാന്യനാകും. പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ. വാതുറന്നാല്‍ ആദര്‍ശമേ പറയൂ. ആദര്‍ശധീരന്‍ , അഴിമതിവിരുദ്ധന്‍ , കള്ളപ്പണവിദ്വേഷി, നിഷ്കാമ കര്‍മി, യോഗാചാര്യന്‍ തുടങ്ങിയ പേരുകളിലാണറിയപ്പെടുക. നാലാളെ കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകാത്ത ചിലതൊക്കെ പറയണം. മൈക്ക് കൈയിലെടുത്ത് അര്‍ഥമില്ലാത്ത വചനങ്ങള്‍ താളത്തില്‍ ചൊല്ലണം. സ്റ്റേജില്‍ കയറി നൃത്തംചെയ്യണം. സൈക്കിളിന് പഞ്ചറൊട്ടിക്കാന്‍ കാലണ കൈയിലില്ലാത്ത പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയേ അരുത്. ജനിച്ചതുതന്നെ വെള്ളിക്കരണ്ടി വായില്‍ വച്ചുകൊണ്ടാണെന്ന് ഇടയ്ക്കിടെ പറയണം. ക്യാന്‍സറിനും അസൂയക്കും അഴിമതിക്കും അപൂര്‍വ മരുന്നുകള്‍ താന്‍ കണ്ടുപിടിച്ചെന്നും വേണ്ടവര്‍ മടിച്ചുനില്‍ക്കാതെ കടന്നുവന്ന് വാങ്ങിക്കൊള്‍കയെന്നും പത്രദ്വാരങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ടേയിരിക്കണം. ഏതുകച്ചവടത്തിനും അല്‍പ്പസ്വല്‍പ്പം മുതല്‍മുടക്കുവേണം. ദിവ്യനാകാന്‍ ഒരു നയാപൈസ ചെലവിടേണ്ടതില്ല. തേങ്ങാമോഷണം പതിവാക്കിയ ആള്‍ ഇഹലോകത്തിന്റെ പരമാചാര്യനായി മാറുന്നത് കണ്ടവരാണ് കേരളീയര്‍ . ജീവിക്കാന്‍ ഗതിയില്ലാതെയോ കടക്കാരില്‍നിന്ന് രക്ഷപ്പെടാനോ ഹിസ്റ്റീരിയ എന്ന മനോരോഗത്തിന്റെ പിടിയില്‍പെട്ടോ ഒരു ദിവ്യസന്യാസിക്ക് ജനിക്കാം. ആദ്യം ചില അരുളപ്പാടുകള്‍ മതിയാകും. അടുത്ത ഘട്ടം അനുഗ്രഹവര്‍ഷം ചൊരിഞ്ഞാല്‍ മതി. പിന്നെ ദിവ്യത്വം താനേ വന്നുകൊള്ളും. കൈനോട്ടം, മഷിനോട്ടം, വെറ്റിലജ്യോത്സ്യം, ഉറുക്കെഴുത്ത്, വെള്ളം മന്ത്രിച്ചൂതല്‍ തുടങ്ങിയ കലകളില്‍ പ്രാവീണ്യമുണ്ടെങ്കില്‍ ചെറുകിട ദിവ്യനാകാം.

ഇടത്തരം ദിവ്യന്മാര്‍ക്ക് അല്‍പ്പമെങ്കിലും വേണം ശ്വസനകലയോ യോഗാഭ്യാസമോ. ഷേവ് ചെയ്യാത്ത മുഖവും ജടയും കാഷായവസ്ത്രവുമായി നാലഞ്ചാളെ ചുറ്റുമിരുത്തി ഭജന പാടിക്കാം. പറ്റുമെങ്കില്‍ കോവളത്ത് വിനോദസഞ്ചാരത്തിനുവന്ന് പണം തീര്‍ന്ന് കുടുങ്ങിപ്പോയ സായ്പിനെയും മദാമ്മയെയും പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് കൂടെയിരുത്തണം. ഭജന, ഭക്തജനദര്‍ശനം, വിഭൂതിദാനം, പൂജ, മന്ത്രാലാപം-ഇത്രയുമായാല്‍ ദിവ്യത്വമായി. പിന്നെ പണം വരും. ആശുപത്രികളും കോളേജുകളും ഉയരും. ദേശത്ത് ആശ്രമം, വിദേശത്ത് ദ്വീപ്. എവിടെ നിന്നുവരുന്നു പണവും പൊന്നുമെന്ന് ആരോടും പറയേണ്ടതില്ല. അങ്ങനെയങ്ങനെ ശിഷ്യഗണങ്ങളും സമൃദ്ധഭക്ഷണവുമായി സസുഖം വാഴുമ്പോഴാണ് അഴിമതിക്കെതിരെ ഒരു സമരം നടത്തിയാലെന്തെന്ന് തോന്നുക. നമ്മുടെ രാംദേവ സ്വാമിക്കും അതുതന്നെ തോന്നി. ഗാന്ധിത്തൊപ്പിയും വച്ച് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ സമരനായകനായപ്പോള്‍ വന്ന ജനക്കൂട്ടം ആരെയും അമ്പരപ്പിക്കുന്നതുതന്നെ. ആളുകള്‍ വന്നത് ഹസാരെയെ കണ്ടിട്ടല്ലെന്നും അഴിമതി കണ്ട് പൊറുതിമുട്ടിയിട്ടാണെന്നും രാമദേവ സ്വാമിക്ക് നന്നായറിയാം. എങ്കില്‍ ഹസാരെയെന്തിന്, താന്‍ തന്നെ ഒരു മുട്ടന്‍ ഹസാരെയല്ലേ എന്ന് തോന്നിപ്പോയതില്‍ അത്ഭുതമില്ല. അങ്ങനെയാണ് നാല് കോടി ചെലവിട്ട് പന്തലൊരുങ്ങിയതും ഹൈടെക് നിരാഹാരം തുടങ്ങിയതും.

അഴിമതി എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ കോണ്‍ഗ്രസിെന്‍റ മുട്ടിടിച്ചുതുടങ്ങും. അങ്ങനെ ആവാതെതരമില്ല. കനിമൊഴിയും രാജയും കല്‍മാഡിയും പോയ വഴിക്ക് ആരെല്ലാം പോകാനിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിലെ പേടി. അഴിമതിക്കെതിരെ ഏതു കള്ളന്‍ സമരം ചെയ്താലും ബസുമതി അരികൊണ്ട് കഞ്ഞിവച്ചുകൊടുക്കുക മാത്രമല്ല, ചമ്മന്തിയും അരച്ചുകൊടുക്കും കോണ്‍ഗ്രസ്. അങ്ങനെയാണ് രാംദേവിനെത്തേടി ഉമ്മന്‍ചാണ്ടിയുടെ നേതാക്കന്മാര്‍ അങ്ങോട്ടുപോയത്. എട്ടാം ക്ലാസും ഗുസ്തിയുംകൊണ്ട് യോഗാചാര്യപ്പട്ടം ചൂടിയ രാംദേവിനുണ്ടോ ശനിയും സംക്രാന്തിയും. ബാബ വിചാരിച്ചു, താന്‍ തന്നെ കേമന്‍ എന്ന്. കോണ്‍ഗ്രസ് പെട്ടു. അങ്ങനെ പാതിരാവില്‍ പൊലീസിനെ അയക്കേണ്ടിവന്നു. അഴിമതി തുടച്ചുനീക്കാന്‍ ഒരവതാരം. കള്ളപ്പണത്തെ പിടിച്ചുകെട്ടാന്‍ മറ്റൊരവതാരം. ധര്‍മസംസ്ഥാപനാര്‍ഥം ഇങ്ങനെ അവതരിക്കുന്ന ദിവ്യാത്മാക്കളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍ . ഈ അവതാരങ്ങളെ ചോദ്യംചെയ്യാന്‍ പാടില്ല. അവര്‍ പണം സമ്പാദിച്ചാല്‍ അത് തിരുസമ്പാദ്യം. അവര്‍ അഴിമതികാട്ടിയാല്‍ അത് ദിവ്യാഴിമതി.

നമ്മുടെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത് അത്തരം ദൈവികമായ "സദ്കര്‍മങ്ങ"ളെയാണ്. ഇനി രാഷ്ട്രീയ പാര്‍ടികള്‍ വേണ്ട; കോടതികള്‍ വേണ്ട; ലോക്സഭയും രാജ്യസഭയും വേണ്ട- ദിവ്യാവതാരങ്ങള്‍ മതി. അവര്‍ അരുളിച്ചെയ്യുന്നതിനനുസരിച്ച് ജനാധിപത്യം ചലിക്കും. ആര്‍എസ്എസിന് ഇത് കഷ്ടകാലമാണ്. 2014ല്‍ അധികാരത്തില്‍ വരാന്‍ ഒരു ഏണിപ്പടികിട്ടിയ സന്തോഷമാണ് ഗഡ്കരിയുടെ മുഖത്ത് കണ്ടിരുന്നത്. രാംദേവ് സ്റ്റേജില്‍ കയറി നൃത്തം ചവിട്ടിയപ്പോള്‍ അടുത്ത നൃത്തം ഗഡ്കരിയുടേതെങ്കില്‍ വേദി താങ്ങുമോ എന്നാണ് സംശയമുയര്‍ന്നത്. സ്വാമിയുടെ പാളിപ്പോയ നിരാഹാരത്തിനുപകരം ഗഡ്കരി സത്യഗ്രഹമിരിക്കുകയാണത്രെ. കുടവയര്‍ കുറയ്ക്കാന്‍ ഡല്‍ഹിയില്‍ മറ്റ് വ്യായാമങ്ങളൊന്നും പതിവില്ല. ചികിത്സ ഫലിക്കുകയാണെങ്കില്‍ നമ്മുടെ ടി എച്ച് മുസ്തഫയെ ഡല്‍ഹിയിലേക്കയക്കണം.

*
അഴിമതിക്കെതിരെ പറയുമ്പോള്‍ കോണ്‍ഗ്രസിന് രാപ്പനി തുടങ്ങും. ഇവിടെ കുഞ്ഞാലിക്കുട്ടിയെയും ടി എം ജേക്കബ്ബിനെയും അടൂര്‍ പ്രകാശിനെയും അരികത്തിരുത്തിയാണ് അഴിമതിവിരുദ്ധ സംശുദ്ധഭരണം നയിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതിജ്ഞ ചൊല്ലിയത്. ആ പ്രതിജ്ഞയ്ക്കിടെയാണത്രെ രണ്ടു മന്ത്രിമാര്‍ സ്വന്തം മക്കളെ സ്വാശ്രയകോളേജില്‍ തിരുകിക്കയറ്റിയത്. നാട്ടിലെ ബുദ്ധിമാന്മാരായ ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനം നടത്താന്‍ സര്‍ക്കാര്‍ കൊടുക്കേണ്ട സീറ്റുകള്‍ സംരക്ഷിക്കേണ്ട മന്ത്രിമാര്‍ സീറ്റ് വഴിവിട്ട് സ്വന്തമാക്കി മക്കള്‍ക്ക് കൊടുത്തു. അഴിമതിക്കെതിരെ ഇതിലും സംശുദ്ധമായ യുദ്ധം കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാത്രമാണ്.

കേരളം പക്ഷേ എല്ലാംകൊണ്ടും വ്യത്യസ്തമാണെന്ന് പറയാതെവയ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ലേലം വിളിച്ചുറപ്പിച്ച് ആളെ എടുക്കുന്ന അവസ്ഥ ഇവിടെയേ കാണൂ. രണ്ടുലക്ഷം കൊടുത്ത് ജോലി തരപ്പെടുത്തിയാല്‍ പല ലക്ഷം ഉണ്ടാക്കാം എന്നുണ്ടെങ്കില്‍ ആര്‍ക്കും ചേതമില്ല. ആര്‍ത്തിയില്‍ മുമ്പര്‍ ഖദറിട്ട് വരും എന്നാണ് കേട്ടിരുന്നത്. ഇപ്പോള്‍ ആര്‍ത്തിയുടെ മൊത്തക്കച്ചവടം ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. അവരുടെ ആര്‍ത്തിയും വെകിളിയും കണ്ടാല്‍ തോന്നും-കോണ്‍ഗ്രസുകാര്‍ എത്ര ഭേദം എന്ന്. പേഴ്സണല്‍ സ്റ്റാഫ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മുമ്പന്‍ മാധ്യമപ്രവര്‍ത്തകനത്രെ. ബര്‍ഖാ ദത്ത്, വീര്‍ സാംഘ്വി, പിന്നെ കേരളത്തിലെ ആര്‍ത്തി വീര്‍ . മഞ്ഞപ്പത്രക്കാരന്‍ അഴിമതി വിരുദ്ധ പോരാട്ടനായകനായി കൊണ്ടാടപ്പെടുന്ന നാട്ടില്‍ ഇതിലപ്പുറവും നടക്കും.

2 comments:

ശതമന്യു said...

പാതിരാവില്‍ രാംലീല മൈതാനിയില്‍ കയറി നാടകമാടാന്‍ ഡല്‍ഹിയിലെ പൊലീസ് കുഞ്ഞുങ്ങളെ വിട്ടത് കോണ്‍ഗ്രസിന്റെ മിടുക്കോ രാംദേവ് ബാബയുടെ മിടുക്കില്ലായ്മയോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. രണ്ടായാലും ബാബാ രാംദേവ് കടപൂട്ടി. ഇനി കച്ചവടം ആര്‍എസ്എസിന്റെ ഫ്രാഞ്ചൈസി വഴിയാണത്രെ. എയര്‍ കൂളറിന്റെയും ഫാനിന്റെയുംകീഴില്‍ പത്തുപന്ത്രണ്ട് മണിക്കൂര്‍ ഉണ്ണാവ്രതമിരുന്നപ്പോള്‍ത്തന്നെ സ്വാമിക്ക് മതിയായി. സ്റ്റേജില്‍നിന്ന് എടുത്തുചാടിയത് ശിഷ്യരത്നങ്ങളുടെ തിരുദേഹങ്ങള്‍ക്കുമുകളിലാണ്. യോഗാഭ്യാസം കുലത്തൊഴിലായതുകൊണ്ട് അപായമുണ്ടായില്ല. പണ്ടൊരു സോഷ്യലിസ്റ്റ് സമരനായകന്‍ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വിളിച്ച മുദ്രാവാക്യം "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ" എന്നായിരുന്നു.

ഒരു ദുബായിക്കാരന്‍ said...

മാഷെ കൊള്ളാം..ഇടയ്ക്ക് അവിടേം വരണേ..ആശംസകള്‍ ..വീണ്ടും കാണാം..