Sunday, October 3, 2010

ലോട്ടറി കോണ്‍ഗ്രസ്

കോടതിയില്‍ സിങ്വിയും ചാനലില്‍ വി ഡി സതീശനും അഭിഷേകം നടത്തിയതോടെ ലോട്ടറിക്കേസ് പൂത്തുലഞ്ഞു. നേപ്പാളില്‍നിന്ന് വേലിചാടിവന്ന മണികുമാര്‍ സുബ്ബയും വീരശൂര വക്താവ് അഭിഷേക് സിങ്വിയും ഗാന്ധികോണ്‍ഗ്രസിന്റെ പുതുപുത്തന്‍ മുഖം തന്നെ. സിങ്വിയെ കട്ടന്‍ചായ കുടിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് കൈപിടിച്ച് വിമാനത്തില്‍കയറ്റി കൊണ്ടുവന്നത് ലോട്ടറിവിരുദ്ധന്‍ ചെന്നിത്തലയും തൊടുപുഴയിലെ ഔസേപ്പച്ചായന്റെ സ്വന്തം പി ടി തോമസുമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കിങ്കരന്‍മാര്‍. ദേശാഭിമാനി ലോട്ടറിപ്പരസ്യക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ കുതിരകയറി നടന്നവര്‍ മാര്‍ട്ടിന്റെ വിശ്വസ്ത വിനീത ഭൃത്യന്മാരാണെന്നു വന്നപ്പോള്‍, തലേന്നുവരെ സംവാദം തിന്നും കുടിച്ചും ചാനലില്‍ ജീവിച്ച കുറെയെണ്ണത്തിന്റെ മിണ്ടാട്ടം മുട്ടി. സംവാദ സ്പെഷ്യലിസ്റ്റുകളും ലോട്ടറി വിരുദ്ധ പടനായകരും തലയില്‍ മുണ്ടിട്ട് ഇരുട്ടില്‍ കയറി.

സിങ്വിയെ കൂട്ടിക്കൊണ്ടുവന്നതും കോട്ടിടീച്ചതും കോടതിയില്‍ കയറ്റിയതും ചെന്നിത്തല. ഗോസായി രണ്ടു ദിവസം കേസ് വാദിച്ച് അനുകൂല വിധിയും വാങ്ങി വിമാനം കയറുമ്പോള്‍ പറഞ്ഞു, ഞാന്‍ ഇതാ പിന്മാറുകയാണെന്ന്. വികാരജീവിയായ വക്കീല്‍ 'പൊതുവികാരം' മാനിച്ച് വക്കാലത്തൊഴിഞ്ഞപ്പോള്‍ വി ഡി സതീശന്‍ വൈകാരികമായി ചാനലില്‍ തലകുനിച്ചു. യൂത്തിന്റെ കരിങ്കൊടിക്കും മൂത്തതിന്റെ ഭീഷണിക്കും നാട്ടില്‍ പുല്ലുവിലയാണ്. ഖദറിട്ടവരേക്കാള്‍ കോട്ടിട്ടവരാണ് കോണ്‍ഗ്രസിന്റെ സമ്പത്ത്. കോട്ടിട്ട മാര്‍ട്ടിനും സുബ്ബയും പറഞ്ഞാല്‍ വി ഡി സതീശനും പായും കോടതിയിലേക്ക്. വക്താവുസ്ഥാനത്തുനിന്ന് മാറ്റണം, നടപടിയെടുക്കണം, മൊട്ടയടിക്കണം എന്നെല്ലാം വെറുതെ പറയാം. മാഡത്തിന് മലയാളം അറിയില്ലല്ലോ. വക്കാലത്തൊഴിഞ്ഞത് ഹൈക്കമാന്‍ഡ് കണ്ണുരുട്ടിയിട്ടാണെന്ന് ചെന്നിത്തലയും പറഞ്ഞുറപ്പിച്ച കാശ് എണ്ണിവാങ്ങിയശേഷമെന്ന് സിങ്വിയും ആണയിടുന്നുണ്ട്. രണ്ടായാലും മാര്‍ട്ടിന്‍ ഹാപ്പി. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ എടുത്തിട്ടലക്കാമെന്നു കരുതി ചൂടാക്കിവച്ച ലോട്ടറിപ്പടക്കം നനഞ്ഞേപോയി. ആദര്‍ശശാലികള്‍ ഇപ്പോള്‍ കോടാലി ചിഹ്നത്തിലാണല്ലോ മത്സരിക്കുന്നത്. ചിദംബരം മാര്‍ട്ടിന്റെ ആഭ്യന്തരമന്ത്രിയുമാണ്.

കാത്തുസൂക്ഷിച്ച ലോട്ടറി മാമ്പഴം സിങ്വി കൊത്തിപ്പോയതിന്റെ സങ്കടം മനോരമയ്ക്കുമുണ്ട്; ഉമ്മന്‍ചാണ്ടിക്കുമുണ്ട്. സിങ്വിക്ക് പരുന്തിനേക്കാള്‍ മേലെ പണമാണെന്നത്രെ മനോരമയുടെ കണ്ടെത്തല്‍. കോട്ടയത്തൊക്കെ ഇപ്പോള്‍ പണത്തിന് റബറിന്റെ വിലപോലുമില്ല. ന്യായം പലവിധമുണ്ട്. തോമസ് ഐസക് ഗൂഢാലോചന നടത്തിയാണ് സിങ്വിയെ ഹാജരാക്കിയതെന്ന ന്യായം പറയാന്‍ ചെന്നിത്തലയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ചെന്നിത്തല മനസ്സില്‍ കാണുന്നതിനു മുന്നേ ഈ അത്ഭുതാശയം സഖ്യകക്ഷി നേതാവിന്റെ ദേശീയ പത്രത്തിന്റെ അഭൌമലേഖകന്റെ തൂലികയിലാണ് ജനിച്ചത്.

തോമസ് ഐസക് ചില്ലറക്കാരനല്ല എന്നുറപ്പായി. കോണ്‍ഗ്രസ് വക്താവിനെ വിളിച്ച് കോടതിയില്‍കൊണ്ടുവരാന്‍ കഴിവുള്ള മിടുമിടുക്കന്‍തന്നെ. യുഡിഎഫ് ഭരിക്കുമ്പോള്‍ ഉണ്ടാക്കിയ ലോട്ടറി നിയമത്തിനെതിരെ ചിദംബരത്തെ കോടതിയില്‍ കൊണ്ടുവന്നതും ആഭ്യന്തരമന്ത്രിയായ ചിദംബരത്തെക്കൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയെ മഹത്വവല്‍ക്കരിപ്പിച്ചതുമൊക്കെ തോമസ് ഐസക്കിന്റെ കളിതന്നെ. എന്നാല്‍ പിന്നെ നേരറിയാന്‍ ഒരു സിബിഐ അന്വേഷണം വേണം എന്ന് ചിദംബരത്തോട് പറയാന്‍ പാടില്ലേ ചെന്നിത്തലയ്ക്ക്? കൈരളി ടിവിയെ തകര്‍ക്കാന്‍ അംബികാ സോണിയെ കാണാന്‍ പോയവര്‍ക്ക്, ചിദംബരത്തെ പോയിക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയാത്തതും ഐസക്കിന്റെ കളിയുടെ കള്ളിയില്‍ പെടുത്തിക്കളയാം. വാദിച്ച് വഴിയാധാരമായ സതീശന്‍ വക്കീലും കൂട്ടരും തോമസ് ഐസക്കിന്റെ കുടുംബത്തെപ്പറ്റിയും വി എസിന്റെ തെരഞ്ഞെടുപ്പ് കേസ് വാദിച്ചതും സിങ്വിതന്നെയെന്നും പറയുന്നു; കരയുന്നു. നാളെ സിങ്വി സിപിഎം ചാരനായ കോണ്‍ഗ്രസുകാരനാണെന്നും പറയും. കാത്തിരുന്ന് കാണാം.

*
നെത്തോലിയും മീന്‍തന്നെ; തിമിംഗലവും മീന്‍തന്നെ. കോണ്‍ഗ്രസ് വക്താക്കളാണ് മനു അഭിഷേക് സിങ്വി എന്ന കൊലകൊമ്പന്‍ വക്കീലും ഹസ്സന്‍ എന്ന കേസില്ലാവക്കീലും. രാഷ്ടീയത്തിലായതിനാല്‍ ഹസ്സന്‍ കോടതിയില്‍ പോയിട്ടില്ല. എല്‍എല്‍ബി ബിരുദം ഒരു ആര്‍ഭാടമല്ലേ. നിയമവശങ്ങളില്‍ കാര്യമായ അവഗാഹമില്ലെങ്കിലും അതിന്റെ അഹങ്കാരമില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ പട്ടിണി കിടക്കാന്‍ ഉള്‍വിളി ഉണ്ടാവുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഹസ്സന്‍ജി ഹര്‍ത്താലിനെതിരെ ഒരുദിവസം പട്ടിണി കിടന്നു. പക്ഷേ, തുടര്‍ന്ന് ഹസ്സന്റെ പാര്‍ടിക്കാര്‍ സ്പോസര്‍ ചെയ്തത് 86 ഹര്‍ത്താല്‍. ഇനി 14 എണ്ണം കൂടി നടത്തി സെഞ്ച്വറി അടിക്കണം.

ലോട്ടറിയെന്നും കള്ളെന്നും ഹസ്സന്‍ വക്കീല്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഉടന്‍ തീരുമാനിച്ചു പട്ടിണി കിടക്കാന്‍. കെ മുരളീധരന്‍ വെറുതെ പട്ടിണികിടക്കുന്നു; ഹസ്സന്‍ വെറുംവെറുതെ ഭക്ഷണം ഉപേക്ഷിക്കുന്നു. ആരും ഗൌനിക്കുന്നില്ലെന്നു തോന്നുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ എന്തെല്ലാമുണ്ട് മാര്‍ഗങ്ങള്‍. ഹസ്സന് പണ്ടേ അതറിയാം. ഒരു ദിവസം മദ്യവിരുദ്ധ സമരം നയിച്ചാല്‍ എന്തുകിട്ടും എന്ന ചോദ്യത്തിന്, വൈകുന്നേരം മിനുങ്ങാനുള്ള വകകിട്ടും എന്നു മറുപടിപറയുന്ന ഒരുചലച്ചിത്ര രംഗമുണ്ട്. ഒരു നിരാഹാരം കിടന്നാല്‍ പത്രത്തില്‍ ചിത്രം അച്ചടിച്ചുവരും.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉത്രാടം തിരുനാളിന്റെ കൊച്ചുചിത്രത്തിനുമുന്നില്‍ ഹസ്സന്‍ വക്കീലിന്റെ വലിയ ചിത്രംവച്ചുള്ള പോസ്റ്റര്‍ തിര്വോന്തപുരത്ത് സുലഭമാണിന്ന്. സിങ്വിയും അച്യുതനും (ലോട്ടറിയും കള്ളും) ഒന്ന് അറിഞ്ഞാടിയപ്പോള്‍ ഹസ്സന്റെ പട്ടിണിസമരം പൊളിഞ്ഞു. ഇതും പോരാഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ ഒരു കടന്ന കൈ ചെയ്തു. കഴുതയെയുംകൊണ്ട് പ്രതീകാത്മക ഉപവാസം നടത്തി. എന്തെല്ലാം കാണണം ഈ പാവം മലയാളികള്‍.

7 comments:

ശതമന്യു said...

കോടതിയില്‍ സിങ്വിയും ചാനലില്‍ വി ഡി സതീശനും അഭിഷേകം നടത്തിയതോടെ ലോട്ടറിക്കേസ് പൂത്തുലഞ്ഞു. നേപ്പാളില്‍നിന്ന് വേലിചാടിവന്ന മണികുമാര്‍ സുബ്ബയും വീരശൂര വക്താവ് അഭിഷേക് സിങ്വിയും ഗാന്ധികോണ്‍ഗ്രസിന്റെ പുതുപുത്തന്‍ മുഖം തന്നെ. സിങ്വിയെ കട്ടന്‍ചായ കുടിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് കൈപിടിച്ച് വിമാനത്തില്‍കയറ്റി കൊണ്ടുവന്നത് ലോട്ടറിവിരുദ്ധന്‍ ചെന്നിത്തലയും തൊടുപുഴയിലെ ഔസേപ്പച്ചായന്റെ സ്വന്തം പി ടി തോമസുമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കിങ്കരന്‍മാര്‍. ദേശാഭിമാനി ലോട്ടറിപ്പരസ്യക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ കുതിരകയറി നടന്നവര്‍ മാര്‍ട്ടിന്റെ വിശ്വസ്ത വിനീത ഭൃത്യന്മാരാണെന്നു വന്നപ്പോള്‍, തലേന്നുവരെ സംവാദം തിന്നും കുടിച്ചും ചാനലില്‍ ജീവിച്ച കുറെയെണ്ണത്തിന്റെ മിണ്ടാട്ടം മുട്ടി. സംവാദ സ്പെഷ്യലിസ്റ്റുകളും ലോട്ടറി വിരുദ്ധ പടനായകരും തലയില്‍ മുണ്ടിട്ട് ഇരുട്ടില്‍ കയറി.

ജനശക്തി said...

ശത്രുക്കള്‍ക്ക് പോലും സതീശന്റെയും ചെന്നിത്തലയുടെയും ഒക്കെ ഗതിവരരുത്.

ramachandran said...

kandavarundo.... Kandavarundo...
VD Satheeshane kandavrundo....

Kandavrundo...Kandavurundo.....
Chanel Chettakale Kandavarundo.

Uluppillatha Chettakal....Thfoo............

ramachandran said...

kandavarundo.... Kandavarundo...
VD Satheeshane kandavrundo....

Kandavrundo...Kandavurundo.....
Chanel Chettakale Kandavarundo.

Uluppillatha Chettakal....Thfoo............

മുക്കുവന്‍ said...

ഒരു വക്കീല്‍ ഒരു കൊലപാതകിയുടെ കേസ് വാദിച്ചാല്‍ വക്കീലു കൊലപാതകി ആവോ? അല്ലാ വേണ്ടാ ഒരു ഭീകരവാദിയ്കുവേണ്ടി വാദിച്ചാലോ? ഇതു പോലെ അല്ലേ സിങുവിയും ചെയ്തൊള്ളൂ... ലോട്ടറിനടത്തുന്നവരുടെ ഭാഗം പറയാന്‍ സിങ്വിക്ക് കോടി കൊടുത്തു.. അയാള്‍ കേസ് വാദിക്കും അത് അദ്ദേഹത്തിന്റെ തൊഴിലല്ലേ മാഷെ.. ഇതില്‍ സതീശനെതിരെ ജയ്‌വിളി എന്തിനെന്ന്റ്റ് പിടികിട്ടിയില്ലാ‍ാ.. ജയ്‌വിളിക്കേണ്ടത് ലോട്ടറിമാഹിയായോടാണു.. അതിനു കഴിവില്ലേല്‍ ചുമ്മാ‍ാകിടന്ന് കൂവാതെ...

Siya said...

ആരും അത്ര വികാരം കൊള്ളേണ്ട..രണ്ടു മുന്നണികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം ആണ്. ലോട്ടറി എടുത്തു സമ്പത്ത് നശിപ്പിക്കുനവരോട് ടണ്‍ കണക്കിന് സഹാനുഭൂതി വിളിച്ചു കൂവുന്ന സി പി എം നേതാക്കള്‍ക്ക് കൈരളി ടി വി യിലെ ലോട്ടറി നറുക്കെടുപ്പ് നിര്‍ത്താന്‍ എന്തെ ഇത്ര മടി ?..അതിനു കേന്ദ്രത്തിന്റെ തിട്ടൂരം വല്ലതും വേണോ ?. മനോരമ പത്രം വരെ , ലോട്ടറി പരസ്യം എടുക്കുന്നത് നിര്‍ത്തി. എന്തിനു കോണ്‍ഗ്രസ്‌ അനുഭാവി ആയ ( അഭിനയം തൊഴിലാക്കിയ) ജഗതി വരെ ലോട്ടറി പരസ്യത്തിനുള്ള വരുമാനം വേണ്ടാന്ന് വച്ചു. എന്നിട്ടം പാവപ്പെട്ടവരുടെ പടതലവന്മാരുടെ ചാനലിനു നറുക്കെടുപ്പ് ലൈവ് കാണിക്കാതിരിക്കാന്‍ വയ്യ. കഷ്ടം ... ഇത് ഒരുമാതിരി സന്മാര്‍ഗ ഉപദേശവും വ്യഭിചാരവും ഒന്നിച്ചു നടത്തുന്ന പോലുണ്ട്. റിസള്‍ട്ട്‌ അറിയാന്‍ വഴി ഇല്ലെങ്കില്‍ പിന്നെ ആരാടോ ലോട്ടറി എടുക്കുന്നത് ?. പിന്നെ കോണ്‍ഗ്രസ്‌ കാട്ടികൂട്ടുന്ന പ്രഹസനങ്ങള്‍ ഡോക്ടര്‍ തോമസ്‌ ഐസക് പൊളിച്ചു കാട്ടിയതും ആണ്...അതിനും മുന്‍പേ ലോട്ടറിക്കെതിരെ ശക്തമായ നടപടി എടുത്ത സുരേഷ് കുമാറിനെ , വക്കം പുരുഷോത്തമന്‍ മന്ത്രി ആയപ്പോള്‍ മാറ്റിയതും എല്ലാവര്ക്കും അറിയാം...പിന്നെ എന്തിനാ ഈ വേശ്യയുടെ ചരിത്ര പ്രസംഗം ? ( രണ്ടു മുന്നണികള്‍ക്കും)

മുക്കുവന്‍ said...

siya you said it.. ദീപസ്പംപം മഹാശ്ചര്യം അല്ലേ!