Sunday, September 26, 2010

കല്‍മാഡിക്കുട്ടന്‍

നാണംകെട്ട് നാശമായി നില്‍ക്കുന്നവനോട് നാട്ടുമ്പുറത്തുകാര്‍ക്കൊരു ചോദ്യമുണ്ട്, 'നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂടേ' എന്ന്. അല്‍പ്പം ക്രൂരമാണ് ചോദ്യം. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു എസ്എംഎസ് ഇങ്ങനെയായിരുന്നു:

"ബ്രേക്കിങ് ന്യൂസ്-കോമണ്‍‌വെല്‍ത്ത് ഗെയിംസ് നായകന്‍ സുരേഷ് കല്‍മാഡി സ്റ്റേഡിയങ്ങളിലൊന്നില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; പക്ഷേ, മേല്‍ക്കൂര അടര്‍ന്നുവീണു.''

ഇതേ കഥ വിപുലപ്പെടുത്തി ചില ഇ മെയിലുകളും പ്രചരിക്കുന്നത് കണ്ടു. തൂങ്ങിച്ചത്തൂടേ ആശാനേ എന്ന ചോദ്യം കല്‍മാഡിസാര്‍ മാത്രം കേള്‍ക്കാനുള്ളതല്ല. നാടിനെയും നാട്ടുകാരെയും അപമാനിച്ച് പണം സമ്പാദിച്ച എല്ലാവര്‍ക്കും അതിന് ഒത്താശചെയ്ത മാന്യന്‍മാര്‍ക്കും ഉള്ളതാണ്. മേല്‍പ്പാലവും മേല്‍ക്കൂരയും പൊട്ടിത്തകര്‍ന്നപ്പോള്‍ അതാ കേള്‍ക്കുന്നു: 'അടിയന്‍ ലച്ചിപ്പോം.' പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് മുരള്‍ച്ച. ഗെയിംസ് അഴിമതിക്കഥകള്‍ വന്നുതുടങ്ങിയിട്ട് നാളേറെയായി. കണ്ടുകണ്ട് സഹികെട്ട് വീരന്റെ പത്രംപോലും വരച്ചു, അഴിമതിയുടെ ഭാരം ചുമന്നവശനായ മന്‍മോഹന്‍സിങ്ങിന്റെ നിക്കര്‍ അഴിഞ്ഞുവീഴുന്ന ദുരവസ്ഥ. എന്നിട്ടും രക്ഷകന് അവതരിക്കാന്‍ പതിനൊന്നാം മണിക്കൂര്‍ ആവേണ്ടിവന്നു.

രൂപാ ഒന്നും രണ്ടുമല്ല നാണക്കേടിന് നാട്ടുകാര്‍ ഒടുക്കേണ്ടത്. പതിമൂവായിരം കോടി. അതില്‍ കുറെ കോടി ആദ്യംതന്നെ കൈക്കൂലിയായി പോയത്രെ. ഗെയിംസ് കിട്ടാന്‍ മുപ്പത്തിമുക്കോടി. കിട്ടിയപ്പോള്‍ പലപല കോടി. ആദ്യം പുറത്തുവന്നത് ഉപകരണങ്ങള്‍ വാങ്ങിയതിലെ കളിയാണ്. മൊട്ടുസൂചിക്ക് രൂപാ നൂറ്. കക്കൂസില്‍ വയ്ക്കാനുള്ള വാഷ് ബേസിന് രൂപ തൊണ്ണൂറായിരം. ഫ്രിഡ്ജിന് ലക്ഷം. ട്രെഡ്മില്ലിന് പല ലക്ഷം. എല്ലാം ശരിയാക്കാം; ഒന്നും പേടിക്കേണ്ട എന്നാണ് അന്ന് മനോമോഹന്‍ പറഞ്ഞത്. ഒന്നും ശരിയായില്ല. കോണ്‍ഗ്രസ് മിണ്ടിയതുമില്ല.

എങ്ങനെ മിണ്ടാന്‍? ഒരുഭാഗത്ത് കല്‍മാഡിക്കുട്ടന്‍. തൊട്ടടുത്ത് ഡല്‍ഹിയിലെ ഷീലാമ്മ. പണംവീണത് സ്വന്തം പെട്ടിയിലാകുമ്പാള്‍ ഏത് വക്താവിനും വാക്ക് വിഴുങ്ങാം.

ഡല്‍ഹിയിലേക്കു ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടപ്പോഴാണ് കളി കാര്യമായത്. അപ്പോള്‍ വന്നു അന്ത്യശാസനം. എല്ലാ നിര്‍മാണവും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിക്കൊള്ളണമെന്ന്. കൊച്ചി നഗരത്തില്‍ കൊതുകുകള്‍ ഇനിമുതല്‍ മനുഷ്യരെ കടിക്കാന്‍ പാടില്ല എന്ന വിധിപോലെ. ആദ്യം പാലം പൊളിഞ്ഞു. പിന്നെ മേല്‍ക്കൂര പൊളിഞ്ഞു. ഒടുക്കം കോമണ്‍വെല്‍ത്ത് ഗെയിംസ് ഐക്യ ജനാധിപത്യമുന്നണിപോലെ ആയപ്പോഴാണ് എല്ലാം ഏച്ചുകെട്ടാനുള്ള അന്ത്യശാസനം.

കല്‍മാഡിക്കുട്ടനെ കാണാനേയില്ലായിരുന്നു. പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, താന്‍ സംഘാടകസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന്. സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ വൈകിയെന്നും ക്ഷമിക്കണമെന്നും. മാധ്യമങ്ങളെ കാണാഞ്ഞത് അക്ഷന്തവ്യമായ കുറ്റംതന്നെ.

അഴിമതിക്കാരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും ഇന്നുവരെ മന്‍മോഹന്‍ജി പറഞ്ഞുകേട്ടില്ല. സോണിയ മാഡത്തിന് ആന്റണിയുടെ അതേ അസുഖമാണ്-മൌനരോഗം. കോണ്‍ഗ്രസാകുമ്പോള്‍ എന്തും നടക്കും. എന്നാലും കോമണ്‍‌വെല്‍ത്ത് അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ചരിക്കാന്‍ പാടില്ല. ഒരു ചര്‍ച്ചയിലും അഴിമതിക്കാരെ പിടികൂടുന്നതിനെപ്പറ്റിയോ കല്‍മാഡിക്കുട്ടന്‍ കോണ്‍ഗ്രസുകാരനാണെന്നതോ മിണ്ടരുത്.

അങ്ങനെ മിണ്ടാതിരിക്കുന്നതാണല്ലോ സ്വദേശാഭിമാനി പഠിപ്പിച്ച നിര്‍ഭയ മാധ്യമ പ്രവര്‍ത്തനം. നാടുകടത്തി നൂറുകൊല്ലം കഴിഞ്ഞ ദിവസം രാമകൃഷ്ണപിള്ള പയ്യാമ്പലത്തുനിന്ന് എണീറ്റ് വന്നിരുന്നുവെങ്കില്‍ നമ്മളില്‍ എത്രപേരെ നാടുകടത്തുമായിരുന്നുവെന്ന് നിര്‍ഭയ മാധ്യമശിങ്കങ്ങള്‍ ദയവായി ആലോചിച്ചുനോക്കണം. പതിമൂവായിരം കോടി രൂപയുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനും വേണം ടാര്‍പോളിന്‍ തോല്‍ക്കുന്ന തൊലിക്കട്ടി.

*
ഡല്‍ഹിയില്‍ മേല്‍ക്കൂരയും മേല്‍പ്പാലവുമേ തകര്‍ന്നുവീണിട്ടുള്ളൂ. ഇവിടെ അടിത്തറയും ഇളകുന്നമട്ടാണ്. വല്യേട്ടന്‍ പാര്‍ടിയെന്ന് സിപിഐ എമ്മിനെ വിളിക്കാനാണ് യുഡിഎഫിലെ വല്യമ്മാവന്‍ പാര്‍ടിക്ക് എന്നും താല്‍പ്പര്യം. ഇപ്പോള്‍ അവിടെ വല്യമ്മാവനെതിരെ പൊരിഞ്ഞ പോരാണത്രെ. ഘടകാനന്തരവന്‍മാരെല്ലാം ലക്കും ലഗാനും ദറിദയുമില്ലാതെ കാരണവരെ ആക്രമിക്കുകയാണ്.

പ്രധാന താവഴിക്കാരായ മാണിക്കുഞ്ഞ് ആന്‍ഡ് ഫാമിലി ഇടയ്ക്കൊരു കച്ചവടത്തില്‍ കിട്ടിയ ലാഭത്തിന്റെ ഗമയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു. പിളര്‍ന്നും വളരും ലയിച്ചും വളരും. ലയിച്ചുവന്നവര്‍ക്കും ഓഹരി വേണം. കൂടുതല്‍ സീറ്റ് അളന്നുതന്നേ തീരൂ എന്ന് മാണിസാര്‍. വളര്‍ന്നതൊക്കെ അവിടെ നില്‍ക്കട്ടെ, ജോസഫ് മൂലയ്ക്കിരിക്കട്ടെ എന്ന് വല്യമ്മാവന്‍. കമലേടത്തിക്കുവണ്ടി ചെയ്ത ത്യാഗംപോലും മാണിസാറിനുവേണ്ടി ചെയ്യാനാവില്ലെന്ന് ഹസ്സന്‍ വക്കീല്‍. മാണി-ജോസഫ്-ജോര്‍ജ് പാര്‍ടിയെന്നാല്‍ പാണക്കാട്ടെ പെട്ടിക്കട വല്ലതുമാന്നോ. ഒടക്കിയാല്‍ ഒടച്ചുകളയുന്ന കൂട്ടമല്യോ. പി ടി തോമസിന്റെ പിടി വിട്ടാലും പി ജെ ജോസഫ് തൊടുപുഴയില്‍ നീന്തും. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ നടു ഒടിച്ചുകളയുമെന്നാണ് ഉഗ്രപ്രതിജ്ഞ. സൌഹൃദത്തില്‍ മത്സരിക്കാമെന്ന്. മാണിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തും പ്രതാപവുമുള്ള രാഘവകുടുംബം കേരളത്തിലാകെ കോണ്‍ഗ്രസിനെ തറ തൊടീക്കില്ലെന്ന ശപഥത്തിലാണ്. ലീഗ് പഞ്ചപാവമായി ഒതുങ്ങിക്കൂടുകയൊന്നുമല്ല. കുഞ്ഞാലിക്കുട്ടി എന്തും ഏറ്റെടുക്കും. വേണ്ടിവന്നാല്‍ മുരളീധരനുമായി സംബന്ധംകൂടും. കളിപ്പിക്കുന്നവരെ കളി പഠിപ്പിക്കും.

ഇടയ്ക്ക് കേട്ട ഒരു ചോദ്യം 'യുഡിഎഫ് എന്താ പബ്ളിക് ടോയ്ലറ്റോ' എന്നാണ്. അതായത് വെറുമൊരു പ്രൈവറ്റ് ടോയ്ലറ്റായ യുഡിഎഫിനെ പബ്ളിക്കാക്കുകയാണോ എന്ന്. ഒന്നുചിന്തിച്ചാല്‍ ഇതിലും എത്രയോ ഭേദം കല്‍മാഡിക്കുട്ടന്റെ ഡല്‍ഹി ഗെയിംസ്.

*
യൂത്ത് കോണ്‍ഗ്രസുകാര്‍ വിവരദോഷികളാണെന്ന് ചെന്നിത്തല പറയുന്നതില്‍ കഴമ്പില്ലാതില്ല. അമ്പതുശതമാനം സീറ്റുവേണമെന്നൊക്കെ വിവരമുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ. അല്ലെങ്കിലും എന്താണ് യുവത്വം? ചെന്നിത്തലയെക്കണ്ടാല്‍ യുവാവല്ലെന്ന് ആരെങ്കിലും പറയുമോ? ലീഡര്‍ പറയുന്നതുപോലെ യുവത്വം തുളുമ്പുന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ ഷഷി തരൂരും സുനന്ദാ പുഷ്കറും ചേര്‍ന്നുനിന്നാല്‍ കഴിയുമോ? റോസക്കുട്ടിടീച്ചര്‍, ശോഭനാ ജോര്‍ജ്, എം കമലം, ദീപ്തി മേരി വര്‍ഗീസ്, ഷാഹിദാ കമാല്‍ എന്നിങ്ങനെയുള്ള യുവതീരത്നങ്ങളെ യൂത്ത് ഗണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? നാല്‍പ്പതുകൊല്ലം നിയമസഭയെ സ്നേഹിച്ച കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്ക് വയസ്സ് കൂട്ടിപ്പറയാന്‍ പറ്റുമോ? വയലാര്‍ രവി ഇന്നും യുവകോമളനല്ലിയോ? കെ വി തോമസ് മാഷിന്റെ ഒറ്റത്തലമുടി നരച്ചിട്ടുണ്ടോ? ഇവര്‍ക്കൊക്കെ സീറ്റുകൊടുക്കാന്‍ പാര്‍ടി എന്നെങ്കിലും മടിച്ചിട്ടുണ്ടോ? എന്നിട്ടും യൂത്തിനെ അവഗണിക്കുന്നു എന്ന പരാതിയെന്തിന്?

യൂത്തുകാര്‍ക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സീറ്റ്കൊടുക്കാതിരിക്കുന്നത് അവഗണനകൊണ്ടാണെന്ന് കരുതിയവര്‍ക്ക് തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അവിടെ നൂറ്റി നാല്‍പ്പത് സീറ്റുണ്ട്. അതില്‍ പാതിയിലെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാനാകും. അതുമുഴുവന്‍ യൂത്തിനാണ്. യുവത്വം അളക്കേണ്ടത് പ്രായംകൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്.

*
എന്‍ഡിഎഫുകാര്‍ കൈവെട്ടുന്നു; മറ്റൊരുകൂട്ടര്‍ കൈപോയവന്റെ ജീവിതം വെട്ടുന്നു. വെട്ടിയ കൈ തുന്നിച്ചേര്‍ക്കാം. വെട്ടിമുറിക്കപ്പെട്ട ജീവിതമോ? അയല്‍ക്കാരനെ സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ കര്‍ത്താവ് എന്നാണോ? താലിബാനിസം കത്തികൊണ്ടുമാത്രമല്ല, കുത്തുകൊണ്ടും നടപ്പാക്കാം. സഭ ഒരുമാതിരി തെരഞ്ഞെടുപ്പു കമീഷനെപ്പോലെ പെരുമാറിയാല്‍ കുഞ്ഞാടുകളുടെ കാര്യം കഷ്ടത്തിലാകുമേ...

ഇതിനൊക്കെ ചില രീതികളില്ലേ? കസേരയിലിരിക്കുമ്പോള്‍ ഞാന്‍ ശേഷനാണെന്ന് തോന്നും. ഞങ്ങള്‍ ചെയ്യുന്നു, വേണമെങ്കില്‍ അപ്പീല്‍കൊടുത്ത് തിരുത്തിക്കോളൂ എന്ന് പറയും. എന്നാല്‍പ്പിന്നെ അതങ്ങ് ചെയ്യാതിരുന്നുകൂട? കൈയും മനസ്സും മുറിഞ്ഞ് വേദനതിന്നുന്ന മനുഷ്യനെ പിടിച്ചുകൊണ്ടുപോയി കൂട്ടില്‍കയറ്റി ഇതാ നിന്റെ ശിക്ഷ എന്നുവിളിച്ചുപറഞ്ഞ് ചാട്ടയടിക്കുന്ന നിയമം ഏതു പുസ്തകത്തിലുള്ളതാണാവോ?

1 comment:

ശതമന്യു said...

ഇടയ്ക്ക് കേട്ട ഒരു ചോദ്യം 'യുഡിഎഫ് എന്താ പബ്ളിക് ടോയ്ലറ്റോ' എന്നാണ്. അതായത് വെറുമൊരു പ്രൈവറ്റ് ടോയ്ലറ്റായ യുഡിഎഫിനെ പബ്ളിക്കാക്കുകയാണോ എന്ന്. ഒന്നുചിന്തിച്ചാല്‍ ഇതിലും എത്രയോ ഭേദം കല്‍മാഡിക്കുട്ടന്റെ ഡല്‍ഹി ഗെയിംസ്.