Sunday, October 17, 2010

എണ്ണേണ്ട തലകള്‍

തലയെണ്ണല്‍ എല്ലായിടത്തും പ്രശ്നമാണ്. കര്‍ണാടകത്തില്‍ എങ്ങനെ എണ്ണിയിട്ടും ഒരുവഴിക്ക് എത്താഞ്ഞപ്പോള്‍ പതിനാറു തല എണ്ണി വെട്ടിമാറ്റിയാണ് യെദ്യൂരപ്പ തടിയൂരിയത്. സ്കൂളില്‍ വിദ്യാഭ്യാസവകുപ്പ് തലയെണ്ണിയാല്‍ ശരിയാകില്ലെന്നാണ് ഇപ്പോള്‍ കോടതി പറയുന്നത്. നന്നായി എണ്ണാനറിയാവുന്നവര്‍ പൊലീസുകാരാണ്. മഴക്കാലത്ത് ഇനി പൊലീസിന്റെ ഡ്യൂട്ടി സ്കൂളുകളില്‍ എത്ര കുട്ടികള്‍ വന്നു; എത്രയാള്‍ ഒറിജിനല്‍, ഡ്യൂപ്ളിക്കേറ്റുണ്ടോ എന്നെല്ലാം പരിശോധിക്കലാണ്. ആ സമയത്ത് കള്ളനെപ്പിടിക്കല്‍, റോന്തുചുറ്റല്‍, ലോക്കപ്പ് മര്‍ദനം തുടങ്ങിയ പണി എഇഒ മാരെയും ഡിഇഒ മാരെയും ഏല്‍പ്പിക്കാവുന്നതാണ്. അവര്‍ക്കും വേണമല്ലോ എന്തെങ്കിലും പണി.

വന്നുവന്ന് ഭക്ഷണക്രമംവരെ നിശ്ചയിക്കുന്ന ജോലിവരെ ജുഡീഷ്യറിക്കായി. എക്സിക്യൂട്ടീവ്, ലജിസ്ളേച്ചര്‍ എന്നെല്ലാം അറിയപ്പെടുന്ന കടകള്‍ അടച്ചുപൂട്ടുന്നതാണിനി നല്ലത്.

യുഡിഎഫുകാര്‍ ഘടകകക്ഷികളുടെ തലയാണ് എണ്ണിക്കൊണ്ടേയിരിക്കുന്നത്. എത്ര കക്ഷികളുണ്ട് ആ മുന്നണിയില്‍ എന്ന് രാവിലെ ചോദിച്ചാല്‍പോലും തങ്കച്ചന് പറയാന്‍ കഴിയില്ല. എഴുതിക്കൂട്ടേണ്ടിവരും. ജില്ലാടിസ്ഥാനത്തില്‍ തലയെണ്ണാന്‍ പ്രത്യേകം ഏര്‍പ്പാടും വേണം. ചില ജില്ലകളില്‍ കോണ്‍ഗ്രസിനുതന്നെ പല തലകള്‍. ചിലേടത്ത് ലീഗില്ല; മാണി കേരള ഉണ്ട്. മാണി ഇല്ലാതെ കുഞ്ഞാലിക്കുട്ടിയുള്ളിടങ്ങള്‍ വേറെ. ഗൌരിയമ്മ അകത്തോ പുറത്തോ എന്ന് അവര്‍ക്കുമറിയില്ല, ദൈവത്തിനുമറിയില്ല. ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടിക്ക് സീറ്റുകൊടുക്കുമെന്ന കണ്ടീഷന്‍ അച്യുതന്‍ തെറ്റിച്ചു. വീരന്‍ വിതുമ്പുന്നു. വീരന്റെ പാര്‍ടി വരമ്പത്താണ്. ഐഎന്‍എല്‍ അമ്മാത്തുനിന്ന് പുറപ്പെട്ടതാണ്. ഇല്ലത്തിന്റെ അടുത്തെങ്ങും ഇതുവരെ എത്തിയിട്ടില്ല. ഇടതില്‍നിന്ന് പുറപ്പെട്ടുപോയ ജോസഫിന്റെ പാട്ടുപോലുമില്ല കോണ്‍ഗ്രസിനുവേണ്ടി. എസ്ഡിപിഐയുമായി സംബന്ധം ലീഗിനുമുണ്ട്; കോണ്‍ഗ്രസിനുമുണ്ട്. അത് ബിജെപിയുടെ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ കൊള്ളുമോ. ചുരുക്കത്തില്‍ പൊലീസല്ല; സാക്ഷാല്‍ സിബിഐ തന്നെ വന്ന് എണ്ണിനോക്കിയാലും യുഡിഎഫില്‍ എത്രയുണ്ട് ഘടകങ്ങള്‍ എന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല.

തലയെണ്ണിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ ഇടതുമഹാ വിമതന്മാരുടെ കഥ കഷ്ടമാണ്. നാലാളില്‍ ഒരുവനായി അലി മങ്കടയില്‍നിന്ന് പാണക്കാട്ടേക്കുള്ള ബസില്‍ കയറിയിട്ടുണ്ട്. ആ അലിക്കുവേണ്ടി സുപ്രസിദ്ധ തീവ്ര ഇടതന്‍കാഥികന്‍ കച്ചേരി നടത്തുന്നു. മൃദംഗം വായിക്കുന്നത് വീരേന്ദ്രശാസ്ത്രികളാണ്. ഒഞ്ചിയത്തും ഷൊര്‍ണൂരിലും തളിക്കുളത്തുമൊക്കെ വായിച്ച് ക്ഷീണിച്ചവരുടെ തലകള്‍ വിരല്‍കൊണ്ട് തൊട്ട് എണ്ണിക്കണക്കാക്കാം. അവരേതായാലും എത്തേണ്ടിടത്തുതന്നെ എത്തിയിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് രക്ഷിച്ചുകൊള്ളും.

അലിക്ക് മന്ത്രിപ്പണി കിട്ടാത്തതുകൊണ്ടാണത്രെ വലതുപക്ഷത്ത് ഇടതുകരിമ്പൂച്ചയെ തപ്പാന്‍ പോയത്. ചുവപ്പന്മാരുടെ ആട്ടും തുപ്പും മതിയായപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും തല്ലും വാങ്ങാന്‍ ഒരു തീര്‍ഥയാത്ര. താന്‍ കച്ചവടക്കാരനാണെന്ന് ഇപ്പോഴെങ്കിലും അലി പറഞ്ഞുവല്ലോ. കച്ചവടമാണ് രാഷ്ട്രീയം എന്നു കരുതുമ്പോള്‍ ഇതിനപ്പുറവും സംഭവിക്കും. കച്ചവടക്കാര്‍ക്ക് പറ്റുന്ന പണിതന്നെ ഇപ്പോഴത്തേത്. ഒരുമാതിരി മലയാള മനോരമ പോലെ. സര്‍വതന്ത്ര സ്വതന്ത്രന്‍ എന്ന ലേബല്‍ മനോഹരം. മരപ്പാമ്പിന്റെ തലയില്‍ രാജവെമ്പാല എന്നും എഴുതിവയ്ക്കാം. ഞാന്‍ ഒരു സംഭവമാണ്; ഞാന്‍ മാത്രമാണ് സംഭവം എന്ന് കരുതുന്ന എല്ലാ അതിബുദ്ധിമാന്മാര്‍ക്കും അലിയുടെ ഗതിവരും. അത്തരക്കാരുടെ തല എണ്ണിയാല്‍ മാത്രം പോരാ, വെയിലും മഴയും കൊള്ളാതെ കാത്തുസൂക്ഷിക്കുകയുംവേണം.

*
പുതിയ മുദ്രാവാക്യങ്ങള്‍ക്കുവേണ്ടി യുഡിഎഫ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു മുദ്രാവാക്യവുമില്ലാതെ ഈ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞുകിട്ടി. ഇനി അവസാന നിമിഷം സംഭവിക്കാനുള്ള അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം. അങ്ങനെ ചില പണികള്‍ എല്ലാകാലത്തുമുള്ളതാണ്. വാര്‍ത്ത ഉണ്ടാക്കാന്‍ വലിയ പ്രയാസമില്ല. ഒരു കടലാസും കൊണ്ട് ചെന്നാല്‍ 'പരാമര്‍ശങ്ങള്‍' നടത്തിക്കൊടുക്കുന്ന മഹദ്‌വ്യക്തിത്വങ്ങള്‍ നാട്ടിലുണ്ടല്ലോ. പൊലീസ് മോശം, ഇവിടെ ഭരണമുണ്ടോ, ഇത് നാടോ കാടോ, എന്തതിശയം; എന്തക്രമം എന്നെല്ലാം ചോദിച്ചാല്‍ വാര്‍ത്തയാകും. ചെന്നിത്തലയുടെ വയറും നിറയും. വിധിക്കുവേണ്ടിയല്ലാതെ പരാമര്‍ശത്തിനുവേണ്ടിയും കേസ് കൊടുക്കാം. പരാമര്‍ശം വന്നാല്‍ വന്നതുതന്നെ. പിന്നെ മുകളില്‍ചെന്ന് നീക്കിക്കിട്ടിയതുകൊണ്ടൊന്നും വലിയ കാര്യമില്ല. രാഷ്ട്രീയപ്രചാരണത്തിന് പ്രസംഗം, പാട്ട്, പത്രസമ്മേളനം തുടങ്ങിയ സാമ്പ്രദായിക പരിപാടികള്‍ക്കൊപ്പം 'പരാമര്‍ശം' എന്ന സവിശേഷ ഇനം കൂടി ഉപയോഗിക്കാവുന്നതാണ്. പണംകൊടുത്ത് വാര്‍ത്തയെഴുതിക്കാം. ചാനല്‍ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യിക്കാം. 'പരാമര്‍ശം' കൊണ്ട് അത്ഭുതം സംഭവിക്കുമെങ്കില്‍ ആ അവസരം ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റ്? പരാമര്‍ശം ചിലപ്പോള്‍ പരാമറിന്റെ ഗുണംചെയ്യും-എതിരാളിക്ക്.

*
മാര്‍ട്ടിനെപ്പിടിക്കാന്‍ ഭൂട്ടാനില്‍ പോയവരൊക്കെ മടങ്ങിവന്നു. സതീശനെ കാണാനില്ല. ഉമ്മന്‍ചാണ്ടിക്ക് പറച്ചിലേയുള്ളൂ. അരുത്തില്ല. മാര്‍ട്ടിന്‍ വകയില്‍ ഉമ്മന്‍ചാണ്ടിയുടെയും നേതാവാണ്. കേസ് സംസ്ഥാന ഗവര്‍മെന്റ് തോറ്റു എന്ന് പറയാം. ആരാണ് തോല്‍പ്പിച്ചത് എന്ന് സതീശന്‍ വിശദീകരിക്കേണ്ടിവരും. കേന്ദ്രം ഒരു നിയമമുണ്ടാക്കുന്നു. അത് എന്തുകൊണ്ട് കേരളം ലംഘിക്കുന്നില്ല എന്നാണ് സതീശന് അറിയേണ്ടത്. സംശയങ്ങള്‍ ഇപ്പോള്‍ കോടതി തന്നെ തീര്‍ത്തു. കോടതിക്കും അങ്ങനെയേ വിധിക്കാനാകൂ. മാര്‍ട്ടിനുവേണ്ടിയാണ് നിയമവും നീതിയും. അതിന് കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല-നിയമം ഉണ്ടാക്കിയ സതീശന്റെ മേലാളന്മാരെ പറയണം. ചിദംബരത്തെയും സിങ്വിയെയും തൊട്ട് കാട്ടണം. ചൈനയില്‍ പൊലീസുകാരെ കൊന്ന് കെട്ടിത്തൂക്കിയ വീരനുവരെ നോബല്‍ സമ്മാനം കിട്ടി. നുണ പറയുന്ന കാര്യത്തില്‍ നമ്മുടെ സതീശനെ ഒന്ന് പരിഗണിക്കേണ്ടതല്ലേ?

എന്തായാലും ലോട്ടറി വിവാദംകൊണ്ട് പ്രയോജനമുണ്ടാക്കിയ ഏക വ്യക്തി സതീശനാണ്. രമേശ് ചെന്നിത്തലയുടെ മുകളിലാണത്രെ ഇപ്പോള്‍ റേറ്റിങ്ങ്. പണ്ടൊക്കെ നാക്കെടുത്താല്‍ നുണ പറയുന്നയാള്‍ എന്ന വിശേഷണം മറ്റുചിലര്‍ക്കായിരുന്നു. അന്ന് സതീശന് അതിന്റെ പക്വത വന്നിട്ടുണ്ടായിരുന്നില്ല. ലോട്ടറിയെക്കുറിച്ച് പുസ്തകമെഴുതിയ തോമസ് ഐസക്, സതീശന്റെ നുണകളെക്കുറിച്ച് ഒരു ലേഖനമെങ്കിലും എഴുതാത്തത് കഷ്ടമായിപ്പോയി. തന്റെ ടിവി പ്രകടനങ്ങളും പത്രസമ്മേളനങ്ങളും ശേഖരിച്ച് വയ്ക്കാന്‍ സതീശന്‍ പ്രത്യേകം ആളെ നിര്‍ത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പലതും ഉറപ്പിക്കാന്‍ അതുതന്നെ ആയുധമാണത്രെ. ഡല്‍ഹിയില്‍ സിങ്വി പാരവയ്ക്കുമോ എന്നേ നോക്കേണ്ടതുളളൂ. ചെന്നിത്തല കരുതിയിരിക്കട്ടെ.

1 comment:

ശതമന്യു said...