Sunday, September 12, 2010

ഒരുപദേശിയും കള്ളും

ഉപദേശത്തെ ഒട്ടും വിലയില്ലാത്ത ഒന്നായാണ് കണക്കുകൂട്ടിപ്പോരുന്നത്. ആര്‍ക്കും ഒരു ചേതവുമില്ലാതെ കൊടുക്കാവുന്ന ഒന്നാണത്. ആര്‍ക്കും ഏതുസമയത്തും കൊടുക്കാം. നന്നായി പഠിക്കുന്ന കുട്ടിയോട്, 'മോനേ, നീ പുസ്തകം വായിച്ചാല്‍ മാത്രം പോരാ ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി നടക്കണം' എന്നുപദേശിക്കാം. സ്നേഹത്തില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ, 'വല്ലപ്പോഴും ഒന്ന് പിണങ്ങിയില്ലെങ്കില്‍ എന്തോന്ന് ജീവിതം' എന്ന കലഹോപദേശത്താല്‍ അനുഗ്രഹിക്കാം. ഇത്തരം ഉപദേശങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാട്ടിലുള്ള സകലമാന മാന്യന്‍മാരും ഉപദേശികള്‍കൂടിയാണെന്ന് കാണാം.

ഉപദേഷ്ടാവ്, ഗുരു, നിര്‍ദേശകന്‍, ആചാര്യന്‍ എന്നെല്ലാമുള്ള പര്യായങ്ങളാണ് ഉപദേശിക്ക് നിഘണ്ടുവിലുള്ളത്. ക്രൈസ്തവ മത തത്വങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവൈദികനെയാണ് പൊതുവെ ഉപദേശി എന്നു വിളിക്കുക. വേദപുസ്തകവുമായി കവലകളില്‍ നീട്ടിയും കുറുക്കിയും ഉപദേശ പ്രസംഗം നടത്തുകയും വിശ്വാസികളില്‍നിന്ന് അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തുകയും ചെയ്യുന്ന ഉപദേശികള്‍ ഏറെക്കുറെ അന്യം നിന്നുപോയെങ്കിലും മധ്യതിരുവിതാംകൂര്‍ ഭാഗത്ത് അങ്ങിങ്ങ് കാണാം. അവരെ നാട്ടുകാര്‍ക്ക് പൊതുവെ ബഹുമാനമാണ്. അല്ലെങ്കിലും നല്ലതു മാത്രം പറയുന്നവരെ വെറുക്കേണ്ട കാര്യമില്ലല്ലോ.

ഇത്തരം ഉപദേശികള്‍ രാഷ്ട്രീയത്തില്‍ വന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിന്തിച്ചുവശായിരിക്കുമ്പോഴാണ് 'ആറ്റിലേക്കച്യുതാ ചാടല്ലേ' എന്ന ഗാനവുമായി വയലാറില്‍നിന്ന് ഒരുപദേശി രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സൂര്യന്റെ ശോഭയുമായി ഉദിച്ചുയര്‍ന്നത്. അഴിമതി, സ്വജനപക്ഷപാതം, ഗുണ്ടായിസം, അഹന്ത, കള്ളുകച്ചവടം, ഗ്രൂപ്പിസം, ഉണ്ണിത്താനിസം-ഇത്യാദി വേണ്ടാതീനങ്ങളുടെ ഹെഡ്ഡാപ്പീസാണ് ഇന്നത്തെ ഗാന്ധിപ്പാര്‍ടി എന്നറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന വേദനിക്കുന്ന കോടീശ്വരനാണ് വയലാര്‍ജി. ഇതൊക്കെ വികേന്ദ്രീകരിക്കാനോ വിട്ടുകൊടുക്കാനോ ഉള്ള ഗുണഗണങ്ങളല്ല എന്നാണദ്ദേഹത്തിന്റെ ആഗോളവല്‍ക്കരണ വിരുദ്ധ സിദ്ധാന്തം.

കള്ളുകച്ചവടം തൊഴിലാക്കിയ അച്യുതനോട് അത് നിര്‍ത്താനുള്ള ഉപദേശം നല്‍കാന്‍ ആ മഹാമനസ്സിനെ പ്രേരിപ്പിച്ചത് വിശാലമായ പാര്‍ടി താല്‍പ്പര്യമാണ്. നാലുകാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ അങ്ങനെയങ്ങ് ജില്ലാ തലത്തില്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ കെപിസിസിയും ഹൈക്കമാന്‍ഡും എങ്ങനെ ജീവിക്കും? ലോട്ടറിക്കാര്യത്തില്‍ സുബ്ബയുടെ മുഖമാണ് കോണ്‍ഗ്രസിനെങ്കില്‍ മദ്യക്കച്ചവടത്തില്‍ ചുരുങ്ങിയത് മല്ലയ്യയുടെ പവറെങ്കിലും വേണം.

മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.

അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?

*
കുറ്റബോധം മനസ്സില്‍ നിറയുമ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം യാന്ത്രികമായിരിക്കും‘ എന്നത് ഏതോ സിനിമയിലെ ഡയലോഗാണ്. അങ്ങനെയൊരു ഡയലോഗിലേക്ക് അച്യുതനെ നയിച്ചത് ടി എന്‍ പ്രതാപനാണോ വയലാര്‍ജിയാണോ എന്ന് കവടി നിരത്തി കണ്ടെത്തേണ്ടിയിരിക്കുന്നു.

ചിറ്റൂരില്‍നിന്ന് വരുന്ന വിഷക്കള്ളിന്റെ കാര്യം ആദ്യം പറഞ്ഞത് പ്രതാപനാണ്. അതുകേട്ട് മിണ്ടാതിരുന്ന അച്യുതന്‍ വയലാര്‍ജിയുടെ ഉപദേശം കേട്ടപ്പോള്‍ തലയില്‍ തപ്പി. ഒറ്റ നിമിഷംകൊണ്ട് താന്‍ ഗാന്ധിയനാവുകയാണ്; മന്മഥനാവുകയാണ് എന്നങ്ങ് പ്രഖ്യാപിച്ചു. അച്യുതന്റെ കള്ള് നല്ല കള്ളെങ്കില്‍ പിന്നെന്തിന് കച്ചവടം നിര്‍ത്തണം? മലപ്പുറത്ത്; അതും കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്ത് വിഷക്കള്ളൊഴുകുമ്പോള്‍ ചിറ്റൂരിലെ അച്യുതന്റെ കാല് എങ്ങനെയാണ് നനയുന്നത്? കുറ്റിപ്പുറത്ത് വെള്ളത്തില്‍ കള്ളും മറ്റവനും ചേര്‍ത്ത് വിറ്റ് ബംഗ്ളാവുപണിതവന്റെ പേര് ദ്രവ്യനെന്നാണുപോലും. മാതാപിതാക്കള്‍ അന്നേ കണക്കുകൂട്ടിയിരുന്നു മകന്‍ മഹാ ദ്രാവക നിപുണനാകുമെന്ന്. ദ്രാവകം വിറ്റ് ദ്രവ്യമുണ്ടാക്കുന്നവന്റെ പേര് ദ്രവ്യനെന്നാകില്‍ കള്ളുവിറ്റ് കാശുമാറുന്നവന്‍ കള്ളനോ? പേരിലുമുണ്ട് പലതരം കളികള്‍.

കേരളത്തില്‍ ഒരു വിഷമദ്യക്കേസിലും ഒരു പ്രതി മുന്‍കൂര്‍ കുറ്റം സമ്മതിച്ച് 'ഞാന്‍ ഈ കച്ചവടം നിര്‍ത്തുകയാണ്' എന്ന് പ്രഖാപിച്ചിട്ടില്ല. അക്കണക്കില്‍ കൊടുക്കണം അച്യുതന് നുറില്‍ നൂറ് മാര്‍ക്ക്. ഇനി ചോദ്യം ചെയ്യുകപോലും വേണ്ട. ആര്‍ക്കൊക്കെ, എത്ര, ഏതുതരത്തിലുള്ള കള്ള് വിറ്റു എന്ന് അച്യുതന്‍ മണിമണിപോലെ പറഞ്ഞുകൊള്ളും. വയലാര്‍ജിയുടെ സഹായംകൂടി ഉള്ളപ്പോള്‍ അന്വേഷണം സുഖം; സുഖകരം.

*
അച്യുതനെ ഒഴിവാക്കി കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂര്‍ സീറ്റ് കൊടുക്കാനുള്ള എളുപ്പവഴി വീരേന്ദ്രകുമാര്‍ വയലാര്‍ജിക്കു പറഞ്ഞുകൊടുത്തതോ അതോ വയലാര്‍ജിയുടെ വിളഞ്ഞ പുത്തിയില്‍ വിരിഞ്ഞതോ എന്ന് കണ്ടെത്താന്‍ ഒരന്വേഷണ കമീഷനെത്തന്നെ വയ്ക്കേണ്ടിവരും. സ്വന്തം ഗ്രൂപ്പിലുള്ളവരെ തുണയ്ക്കാനും തള്ളാനും വയലാര്‍ജിക്കുള്ള വിരുത് പണ്ടുപണ്ടേ പുകള്‍പെറ്റതാണ്. ലീഡറും ഡീലറും തമ്മിലുള്ള വ്യത്യാസവും സാമ്യവും പഠിക്കട്ടെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍.

പടിപ്പുരയ്ക്ക് പുറത്തുനിന്ന് ഒരാള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും അവസരം കിട്ടിയാല്‍ അകത്തുകടന്ന് ചറപറാ ഉപദേശം ചൊരിയുമെന്നും എല്ലാവരും ഓര്‍ക്കുന്നത് നന്ന്. അതിന്റെയൊരു കുറവേ ഉള്ളൂ ഇന്ന് കോണ്‍ഗ്രസിന്.

3 comments:

ശതമന്യു said...

മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.

അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?

Unknown said...

കഷ്ട കാലത്തിനു ശ്രീ ശ്രീ അച്യുതന്‍ സീ-- പാര്‍ടിക്കാരന്‍ ആയിരുന്നെങ്കില് (സീ പി എം വരെ ഒന്നും എത്തണ്ടാ),ഏതൊക്കെ ടൈപ് വെടിക്കെട്ട് ചര്‍ച്ചയും 'കഥാ' വതരണവും കാണാമായിരുന്നു, കേള്‍ക്കാമായിരുന്നു മാഫ്യങ്ങളില്‍. അച്ചുതന്റെ മോന്റെ മാഫിയ ബന്ധം, മരുമകന്റെ അഹിത ബന്ധം,സ്പിരിട്ടില് നിന്ന് ഒഴുകുന്ന കോടികള്‍ അച്ചുതന്റെ അടുക്കളയിലേക്ക് ഒഴുകുന്ന റൂട്ട് മാപ്പ്...ഓ അങ്ങനെ ആലോചിച്ചാ തന്നെ രോമം മുരിങ്ങാകോല് പോലെ എണീറ്റ്‌ നില്‍ക്കുന്നു.എല്ലാം പോയി. ചിപ്പിയും ക്രൈമും പോലുള്ള കമ്പിപുസ്തക അപസര്പക ലവലിലേക്ക്‌
മാത്തു,വീരഭൂമി മുനീര്‍വിഷന്‍ മര്‍ഡോക് നെറ്റ ഒക്കെ വിളയാടുമായിരുന്നു. നശിപ്പിച്ചു സഹാക്കന്മാര്‍. നാണമാവുന്നില്ലേ സഹാക്കന്മാരെ നിങ്ങള്ക്ക്. ഇതുപോലുള്ള എപ്പിഡോസ് ഉണ്ടാകുംബോഴെങ്കിലും കാമ്പുള്ള
കതമെനയാന്‍ അവസരം കൊടുക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല.വീരഭോമി ഇത്ര നാളായിട്ടും എക്സൈസ് മാസപ്പടി വരെ മാത്രേ എത്തിയുള്ളൂ.മാത്തു പത്രമാകട്ടെ എക്സൈസ് മാസപ്പടിയുടെ കൂടെ സീ.ഐ ടി.യു ബന്ധം "ചില കേന്ദ്രങ്ങള്‍" വെളിപ്പെടുത്തുന്നത്രം വരെ ഉന്തി തള്ളി കേറ്റീട്ടുണ്ട്.ഭരണപാര്‍ടി എം.എല്‍.എ അല്ലേല്‍ മന്ത്രി കോടികള്‍ ഗോസായി നാട്ടിലെ പോലെ ഈ ടൈപ് മാഫിയയില്‍ നിന്ന് നേരിട്ട് വാങ്ങുന്നത് ഏതെങ്കിലും മാധ്യമങ്ങള് ‍ലൈവ് കാണിക്കും എന്ന്നാ ഞാന്ക്കെ നിരീച്ചത്.(നാഷണലൈസ്ട് - കേന്ദ്ര സര്‍ക്കാര്‍ ബാങ്കില്‍ വന്ന പണത്തിന്റെ പോട്ടോ കോപ്പി അല്ല കേട്ടാ.ചെലെ ബടക്കൂസുകള്‍ അങ്ങനാ, ഒന്നും കിട്ടീല്ലേല്‍,ജാള്യം മൂത്ത് തൂറി തോപ്പിക്കും).സാക്കന്മ്മാരെ നിങ്ങള്‍ നാറ്റിച്ചു.ഇത് ഫാരതമാ, ഫാരതം. ഇങ്ങനെയൊന്നും പോരാ.

vijayan kalikkadavu said...

very good articles, by vijayan kalikkadavu