Sunday, May 17, 2009

ആഘോഷച്ചിരി

പ്രധാനമന്ത്രിക്കുപ്പായം ആദ്യമിട്ട അദ്വാനിക്ക് ഇപ്പോള്‍ പ്രതിപക്ഷനേതാവിന്റെ കുപ്പായം വേണ്ടപോലും! ഇനി മോഡിക്കാലമാണെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസിന് ഇനിയും നല്ലകാലം തുടരുമെന്നാണ് ശതമന്യു പഠിച്ച ജ്യോതിഷത്തില്‍ തെളിയുന്നത്. ഇപ്പോള്‍തന്നെ മോഡിയുടെ മുഖം കണ്ടാണ് കോണ്‍ഗ്രസ് എന്ന മുഷിഞ്ഞ മാറാപ്പ് പേറാന്‍ ഇന്ത്യക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നത്. കൊല്ലുന്ന മോഡിയേക്കാള്‍ എന്തുകൊണ്ടും നല്ലത് മിണ്ടാത്ത മന്‍മോഹനാണല്ലോ. തലേക്കെട്ടുമായി ഒരിടത്ത് മിണ്ടാതെ ഇരുന്നുകൊള്ളും. ബുഷിനെയും ഒബാമയെയും കാണുമ്പോഴേ ചിരിവരുള്ളൂ. അനങ്ങണമെങ്കില്‍ മാഡം പറയണം. ഇനിയിപ്പോള്‍ മാഡം മാത്രമല്ല, രാഹുല്‍ജികൂടി പറഞ്ഞാലേ മന്‍മോഹന്‍ജി അനങ്ങൂ. യുപിയില്‍ കോണ്‍ഗ്രസിന് ഓക്സിജന്‍ പകര്‍ന്നത് രാഹുല്‍ജിയാണത്രേ. അനന്തരാവകാശം കൊളംബിയയിലോ മറ്റോ ആണ്. ഇന്ത്യ ആഗോളവല്‍ക്കരിക്കപ്പെടുന്നു. ചെന്നിത്തലയ്ക്ക് ഖദറുമാറ്റി ത്രീപീസ് സ്യൂട്ടണിയാനുള്ള സമയമായി. ഇന്നലെ കയറിവന്ന ചെറുപ്പക്കാരന്‍ രാജകുമാരന് കസേരയും കുപ്പിവെള്ളവുമായി സ്റ്റേജില്‍ ഖദറിട്ട് പരക്കംപായുകയും വെപ്രാളപ്പെടുകയുംചെയ്യുന്ന കോണ്‍ഗ്രസപ്പൂപ്പന്‍മാരുള്ളിടത്തോളം രാജ്യത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. മോഡിയെയും തൊഗാഡിയയെയും പേടിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും. വോട്ടുകിട്ടിയാല്‍ അമേരിക്കയില്‍ നയങ്ങള്‍ രൂപീകരിക്കും. മാഡത്തിനും മന്‍മോഹനും ചിദംബരത്തിനുമെല്ലാം വെറുതെ ഇരുന്നുകൊടുക്കുന്ന ജോലി മാത്രമേയുള്ളൂ. പ്യൂണിന്റെ പണിയെടുക്കാന്‍കൂടി അമേരിക്കന്‍ അംബാസഡര്‍ വന്നുകൊള്ളും-അതാണ് ഇന്ത്യയുടെ മഹത്തായ ജനാധിപത്യം(അമേരിക്കന്‍ സ്പോണ്‍സേര്‍ഡ്).

വിജയം കോണ്‍ഗ്രസിന്റെയോ അമേരിക്കയുടെയോ എന്നുചോദിച്ചാല്‍ ഉത്തരം പറയാന്‍ ചെറിയ വിഷമമുണ്ട്. ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്. അത് നടന്നു. ബംഗാളില്‍ മഹാസഖ്യം. കേരളത്തില്‍ കാളികൂളിസഖ്യം. രണ്ടിനും ജയിക്കാനായി. ഇടതന്മാര്‍ ഭരണത്തണലില്‍ മാത്രം ജീവിച്ചവരാണെന്ന് കരുതിയവര്‍ക്കും ഭരണമാണ് മഹാകാര്യമെന്ന് തലയില്‍കയറ്റിയവര്‍ക്കും ചിരിക്കാനുള്ള വകതന്നെ. അഞ്ചുവര്‍ഷത്തേക്ക് നാല് എംപിമാര്‍ ഇല്ലാതായിപ്പോയതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ കാശിക്കുപോകുമെന്ന് നിനച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും സമാധാനമുണ്ടാകട്ടെ. കേന്ദ്രത്തില്‍ പ്രധാനമന്ത്രിസ്ഥാനവും മന്ത്രിപദങ്ങളും വച്ചു നീട്ടിയപ്പോള്‍ നിഷ്കരുണം തട്ടിമാറ്റിയ പാര്‍ടിക്ക് ഏതാനും മണ്ഡലത്തിലെ തോല്‍വി കനത്ത ആഘാതമാണെന്ന് കരുതുന്നവരെ തിരുത്തി സമയം മെനക്കെടുത്തേണ്ടതില്ല. അവരങ്ങനെ ചിരിക്കട്ടെ!

*
ഇടതിന്റെ രണ്ട് അത്താണിയും പോയി എന്നാണ് അച്ചായന്റെ പത്രം പൊട്ടിച്ചിരിച്ചത്. ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായതിന്റെ ആഘോഷമാണ് ആ ചിരി. കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍വന്നാല്‍ വിഷംകുടിച്ചുമരിക്കുമെന്ന് വീരവാദംമുഴക്കിയവര്‍ക്ക് കമ്യൂണിസ്റ്റുകാര്‍ തോറ്റുകാണുമ്പോള്‍ ഒന്ന് ചിരിക്കാനെങ്കിലും അവകാശമുണ്ട്. ഒരു ചാനലില്‍ ചോദ്യം വന്നത് എല്‍ഡിഎഫ് തകര്‍ന്നോ; തകരുമോ എന്നായിരുന്നു. തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് തല്‍ക്കാലത്തേക്ക് വേലിയില്‍നിന്ന് ചില കമ്പുകള്‍ വലിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് നേരുതന്നെ. അതിന്റെ ചിരി അവരുടെ മുഖത്ത് തെളിഞ്ഞുകാണുന്നുണ്ട്-ഒരുതരം ഒടുക്കത്തെ ചിരി. ഇരുപതില്‍ പത്തൊന്‍പതു സീറ്റിലും തോറ്റ യുഡിഎഫിന് അഞ്ചുകൊല്ലംകൊണ്ട് പതിനാറുസീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, എല്‍ഡിഎഫിന് ഇപ്പോഴുണ്ടായ പരാജയം പരിഹരിക്കാനാവാത്ത പ്രശ്നം വല്ലതുമാണോ? എല്‍ഡിഎഫ് ശരിക്കും ഇതില്‍കൂടുതല്‍ സീറ്റുകളാണ് പ്രതീക്ഷിച്ചത്. രാജ്യത്താകെ കോണ്‍ഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായപ്പോള്‍ കേരളത്തിലും അത് പ്രതിഫലിച്ചു. അതോടൊപ്പം നാനാഭാഗത്തുനിന്നും ഒറ്റക്കെട്ടായി വന്ന ആക്രമണങ്ങള്‍; ദുഷ്പ്രചാരണങ്ങള്‍, യുഡിഎഫ് മുന്നേറ്റം പ്രവചിച്ചുകൊണ്ടുള്ള മാധ്യമ അഴിഞ്ഞാട്ടം; അകത്തും പുറത്തും പുകഞ്ഞ അസ്വാരസ്യങ്ങള്‍-ഇവയെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പൊട്ടിച്ചിരിക്കുന്നു. ചിരി ആരോഗ്യത്തിന് നല്ലതാണ്. ചിരിക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ.

പതിനെട്ടുസീറ്റില്‍നിന്ന് നാലിലേക്കുള്ള ഇറക്കം പരാജയംതന്നെ.അത് എന്തുകൊണ്ടുണ്ടായി എന്ന് പരിശോധിച്ച് തിരുത്തുമെന്ന് സിപിഐ എം പറഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിയ വോട്ടില്‍ അങ്ങിങ്ങ് ചോര്‍ച്ചയുണ്ടായി എന്നാണ് പാര്‍ട്ടി സെക്രട്ടറിയറ്റ് കണ്ടെത്തിയ ഒരുകാര്യം. അതുവായിച്ചപ്പോള്‍ ശതമന്യുവിന് ഒരു അതിവിപ്ളവകാരിയുടെ പ്രവചനം ഓര്‍മവന്നു. കേരളത്തില്‍ ആകെ മൂന്നു സീറ്റിലേ സിപിഐ എം ജയിക്കാന്‍ പോകുന്നുള്ളൂ എന്നായിരുന്നു വോട്ടെടുപ്പിന്റെ മൂന്നാം നാള്‍ ആ അതിവിപ്ളവന്‍ കട്ടായം പറഞ്ഞത്. എന്തേ അങ്ങനെ ഉറപ്പിച്ചു പറയാന്‍ എന്ന ചോദ്യത്തിന് 'അത് അങ്ങനെയേ സംഭവിക്കൂ' എന്ന പ്രവചനാത്മകമായ ഉത്തരം. ജയിക്കുന്ന മണ്ഡലങ്ങളുടെ പേരും പറഞ്ഞു: കാസര്‍കോട്, ആലത്തൂര്‍, ആറ്റിങ്ങല്‍. ബാക്കി പതിനേഴിടത്ത് തോല്‍പ്പിക്കാനുള്ള എന്തെങ്കിലും വിദ്യ നിങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി അതിവിപ്ളവച്ചിരിയായിരുന്നു. ഫലം വന്നപ്പോള്‍ പ്രവചനം ശരിതന്നെ. നാലാമതൊരു സീറ്റ് വിജയക്കണക്കില്‍ വന്നത് കഷ്ടിച്ചാണ്-പാലക്കാട്. ചിലര്‍ മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തിരുന്നു. അങ്ങനെയാണ്, സ്ഥിരമായി കിട്ടുന്ന കുറച്ചു വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ വീണത്. ഒരുമാതിരി ചുമലിലിരുന്ന് ചെവിതിന്നുന്ന പണി നടന്നിട്ടുണ്ട്. അതിന് സാധൂകരണമായി പലപല നുണകളും പാവപ്പെട്ട ജനങ്ങളുടെ മനസ്സില്‍ അടിച്ചുകയറ്റിയിട്ടുമുണ്ട്.

യുഡിഎഫിന് ലോട്ടറിയടിച്ചതിന്റെ ഗുണമാണുണ്ടായത്. ഒരുഭാഗത്ത് മാധ്യമങ്ങളുടെ സമ്പൂര്‍ണ സേവനം. മറുവശത്ത് അതിവിപ്ളവന്‍മാരുടെ അകമഴിഞ്ഞ അധ്വാനം. അവര്‍ പിടിച്ചിട്ടും പിടി കിട്ടാതെ പോയതുകൊണ്ടാണ് എല്‍ഡിഎഫ് നാലുസീറ്റില്‍ ജയിച്ചത്. ളോഹയിട്ടും തലയില്‍കെട്ടിയും കുറെ ഇടയന്മാര്‍ കുഞ്ഞാടുകളെ കോണ്‍ഗ്രസിന്റെ ഉമ്മറപ്പടിയിലേക്ക് നയിച്ചു. ബിജെപിക്ക് നഷ്ടപ്പെടാന്‍ ഇനി നാണവുമില്ല; മാനവുമില്ല-കാസര്‍കോട്ടെ കുറച്ചു വോട്ടുകളേ ഉള്ളൂ. കണ്ണൂരില്‍ കഴിഞ്ഞ തവണ നേടിയതിന്റെ നേര്‍പകുതി വോട്ട് സുധാകരന്റെ ഹോമകുണ്ഡത്തില്‍ സ്വാഹ. വടകരയില്‍ വിറ്റു കാശുമാറിയത് നാല്‍പ്പത്തോരായിരം വോട്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് നാലാം സ്ഥാനത്തേക്ക് മൂക്കുകുത്തി വീണ് അടിയറവച്ചത് ഒന്നരലക്ഷത്തോളം വോട്ടാണ്. അഞ്ചുകൊല്ലം മുമ്പ് രാജഗോപാല്‍ നേടിയ 2.3 ലക്ഷം വോട്ടിലെ എണ്‍പത്തിനാലായിരമേ ഇക്കുറി കൃഷ്ണദാസിന് കിട്ടിയുള്ളൂ. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കല്‍ സിപിഐ എമ്മിന്റെ മുഖ്യ അജന്‍ഡയാണ്. അതുകൊണ്ടുതന്നെ യുപിഎയുടെ വിജയത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ആശ്വാസമുണ്ട്. എന്നാല്‍, കേരളത്തിലെ യുഡിഎഫിന്റെ വിജയത്തില്‍ ബിജെപിക്കാരും ആഹ്ളാദിക്കുന്നു. കാരണം കാസര്‍കോടൊഴികെ എല്ലാ മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു. ബിജെപിയുടെ വോട്ട് വിലകൊടുത്ത് വാങ്ങിയാണ് ഇവിടെനിന്ന് പതിനാറ് യുഡിഎഫ് എംപിമാര്‍ ഡല്‍ഹിക്ക് വിമാനം കയറുന്നത് എന്നര്‍ഥം.

*
ഉദ്ദേശിച്ച സീറ്റ് മത്സരിക്കാന്‍ കിട്ടാഞ്ഞപ്പോള്‍ ഒരാള്‍ അത്തുംപിത്തും പറഞ്ഞു നടന്നിരുന്നു. ഇരുപത് ആംബുലന്‍സ് ശരിയാക്കിവച്ച ടിയാനും ഇപ്പോള്‍ ചിരിക്കുന്നുണ്ട്. വടകരയില്‍ ഒന്ന് ഇളകിക്കളിക്കാനും കോഴിക്കോട്ട് ഒന്നു കുത്തിനോവിക്കാനും കഴിഞ്ഞതല്ലാതെ വലിയ കളിയൊന്നും കളിക്കാന്‍ കഴിഞ്ഞിട്ടില്ല വീരകട്ടബൊമ്മന്. എന്നാല്‍, ഇടതുപക്ഷം പിന്നോട്ടടിച്ചതുകണ്ടപ്പോള്‍ സന്തോഷം അടക്കാന്‍ കഴിയുന്നുമില്ല. ഇമ്മാതിരി ചരക്കുകളാണ് യഥാര്‍ഥ പ്രശ്നം. ഒന്നിച്ചിരിക്കുന്നു എന്ന് തോന്നിച്ച് പാരവയ്ക്കുന്നവര്‍. ജനതാദള്‍ ഇടതുമുന്നണിക്കകത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് വീരന്‍ പാരകള്‍ പലതായി പണിതത്. മിത്രവേഷത്തില്‍ അകത്തുനില്‍ക്കുന്ന ശത്രുവിനെ അടിച്ചോടിക്കല്‍ എളുപ്പമല്ലല്ലോ. നേര്‍ക്കുനേരാകുമ്പോള്‍ പൊരുതിജയിക്കാം; തോല്‍ക്കാം. ഒറ്റുകാരോടാകുമ്പോള്‍ പൊരുതാതെ തോല്‍ക്കേണ്ടിവരും!

*
എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍തന്നെ വിലയിരുത്തിത്തകര്‍ക്കുന്നുണ്ട്. കാരണങ്ങള്‍ പരിശോധിച്ചു കണ്ടെത്തേണ്ടതും തിരുത്തേണ്ടതും തന്നെ. അത് അഖിലേന്ത്യാതലത്തില്‍ നടത്തുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും പാര്‍ടി നേതൃത്വംതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ കണ്ടെത്താനാണ് ചില മിടുമിടുക്കന്മാരുടെ ഉത്സാഹം. ഒരു ചാനലില്‍ കയറിയിരുന്ന മഹാന്‍ പറയുന്നതുകേട്ടു, മഅ്ദനി ബന്ധമാണ് വില്ലനായതെന്ന്. മുരത്ത വര്‍ഗീയഭീകര സംഘടനയായ എന്‍ഡിഎഫുമായി പരസ്യസഖ്യമുണ്ടാക്കി മത്സരിച്ച യുഡിഎഫിന് വിജയം-ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പുമുതല്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇക്കുറിയും അതാവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം! മഅ്ദനിയുടേത് വര്‍ഗീയത; എന്‍ഡിഎഫിന്റേത് മതസൌഹാര്‍ദസമാധാനപാത! ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. ഒരു ചങ്ങാതി ലാവ്ലിനില്‍ കയറിപ്പിടിക്കുന്നതുകണ്ടു. ലാവ്ലിന്‍ തലയില്‍വച്ച് തുള്ളിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും സംഘവും കൂത്താടിയത്. അന്നെല്ലാം ജയം എല്‍ഡിഎഫിന്.

തികഞ്ഞ ഒരു രാഷ്ട്രീയക്കളിയില്‍ ജനിച്ച കള്ളക്കേസാണെന്ന് തെളിഞ്ഞുകഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ലാവ്ലിനില്‍ പിടിച്ചുകളിക്കുന്നതിന്റെ ഉദ്ദേശ്യം നാട്ടുകാര്‍ക്ക് അറിവുള്ളതുതന്നെ. സിപിഐ എമ്മിന്റെ മര്യാദയില്ലാത്ത പെരുമാറ്റമാണ് തെരഞ്ഞെടുപ്പുപരാജയത്തിന് കാരണമെന്ന് സിഎംപി നേതാവ് വിലയിരുത്തിക്കണ്ടു. കേരളരാഷ്ട്രീയത്തിലെ മര്യാദരാഘവന്‍ നയിക്കുന്ന പാര്‍ടിയാണ് സിഎംപി. ആക്രോശ രാഷ്ട്രീയത്തിന്റെ പേറ്റന്റ് എടുത്ത മര്യാദരാഘവന്റെ പാര്‍ടിയില്‍നിന്നുള്ള രണ്ടാംനേതാവിന് സിപിഎമ്മിന്റെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്തുന്നതിനുള്ള അര്‍ഹത തള്ളിക്കളയാനാകില്ല.

14 comments:

ശതമന്യു said...

എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍തന്നെ വിലയിരുത്തിത്തകര്‍ക്കുന്നുണ്ട്. കാരണങ്ങള്‍ പരിശോധിച്ചു കണ്ടെത്തേണ്ടതും തിരുത്തേണ്ടതും തന്നെ. അത് അഖിലേന്ത്യാതലത്തില്‍ നടത്തുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും പാര്‍ടി നേതൃത്വംതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ കണ്ടെത്താനാണ് ചില മിടുമിടുക്കന്മാരുടെ ഉത്സാഹം. ഒരു ചാനലില്‍ കയറിയിരുന്ന മഹാന്‍ പറയുന്നതുകേട്ടു, മഅ്ദനി ബന്ധമാണ് വില്ലനായതെന്ന്. മുരത്ത വര്‍ഗീയഭീകര സംഘടനയായ എന്‍ഡിഎഫുമായി പരസ്യസഖ്യമുണ്ടാക്കി മത്സരിച്ച യുഡിഎഫിന് വിജയം-ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പുമുതല്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇക്കുറിയും അതാവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം! മഅ്ദനിയുടേത് വര്‍ഗീയത; എന്‍ഡിഎഫിന്റേത് മതസൌഹാര്‍ദസമാധാനപാത! ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. ഒരു ചങ്ങാതി ലാവ്ലിനില്‍ കയറിപ്പിടിക്കുന്നതുകണ്ടു. ലാവ്ലിന്‍ തലയില്‍വച്ച് തുള്ളിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും സംഘവും കൂത്താടിയത്. അന്നെല്ലാം ജയം എല്‍ഡിഎഫിന്.

പാഞ്ഞിരപാടം............ said...

"ആഘോഷച്ചിരി" എന്നതു എനിക്കിഷ്ടപ്പെട്ടു... നമ്മുടെ മുഖ്യന്റെ ചിരിയെയാണു ഇതു ഉദ്ധേശിച്ചതെന്നും മനസ്സിലായി :)

നടക്കട്ടെ... കിട്ടിയതൊന്നും മതിയായില്ല അല്ലെ പിണറായി സഖാവിനു.....ഇനിയും വെറുതെ വിട്ടുകൂടെ അങ്ങേരെ? അല്ലെല്‍ ജനം കഴുതകള്‍ അല്ലന്ന് വീണ്ടും തെളിയും !!!

ചൊറിഞ്ഞു ചൊറിഞ്ഞു പിണറായിയുടെ പുറം വേണ്ടതിലധികം മുറിഞ്ഞിട്ടുണ്ടു, ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ശതമന്യു.... ബാ ജാ പ്പാ യുടെ വോട്ട് 6 ശതമാനവും നമ്മുടെ വൊട്ടില്‍ 5.5 ശതമാനവും കുറവുണ്ട്. അതും സഖാക്കള്‍ നല്ല വില കിട്ടിയപ്പൊള്‍ വിറ്റതാണൊ? നാണമില്ലെ സഖാവേ, ഇനിയും !!!!!!

ഗ്രഹനില said...

>> ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്. അത് നടന്നു.

ഹ ! ഹ ! ഹ ! ചുമ്മാതല്ല ഏപ്രിൽ 15 മുതൽ മെയ് 16 വരെ ഇന്ത്യയിൽ ഉടനീളം അമേരിക്കൻ ചാരന്മാർ കറങ്ങി നടന്നതു്. പ്രത്യേകിച്ച് കേരളത്തിലും ബംഗാളിലുംഅവരുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. രണ്ടിടത്തും ബൂത്തായ ബൂത്തിലെല്ലാം കയറിയിറങ്ങി അമേരിക്കക്കാർ കള്ളവോട്ട്‌ ചെയ്തു്, ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കി. കൊള്ളാം കൊള്ളാം !!!

കണ്ണടച്ചു ഇരുട്ടാക്കരുതു സാർ. കേരളത്തിലെ ഇടതുപക്ഷത്തിനു ഇത്തവണ ദയനീയ പരാജയം ഏറ്റെങ്കിൽ അതിന്റെ പ്രധാന കാരണങ്ങൾ പകൽ പോലെ വ്യക്തമല്ലേ? മുന്നണിമര്യാദകളുടെ പച്ചയായ ലംഘനം, എന്നും പാർട്ടിയുടെ മുഖമുദ്രയായിരുന്ന അഴിമതിവിരുദ്ധ പ്രതിശ്ചായയ്ക്കേറ്റ മങ്ങൽ, പിണറായി സഖാവിന്റെ പാർട്ടിയെക്കാൾ വലുതായ വ്യക്തിത്വവും ധാർഷ്ട്യവും, പി. ഡി. പി. ബന്ധം, അതിനെല്ലാമൊപ്പം ഭരിക്കുന്ന പാർട്ടിയോടുള്ള നമ്മുടെ ജനങ്ങളുടെ സ്നേഹം.. ഇവ ചിലതു മാത്രം. അതോ ഇതു മുഴുവൻ ആമേരിക്കയുടെ ഇടപെടൽ തന്നെയൊ?

ഇടിമുഴക്കം said...

ബി ജെ പി തോറ്റതിൽ ഇവർക്കാർക്കും ഒന്നും പറയാനില്ല. ഇവരെ ഒക്കെ സംബന്ധിച്ചിടത്തോളം ബി ജെ പി ആയാലും കോൺഗ്രസ്സ് ആയാലും ഒന്നു പോലെ തന്നെയാണല്ലൊ,താൽ‌പ്പര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ

അരുണ്‍ കരിമുട്ടം said...

സറ്റയര്‍ എന്ന രീതിയില്‍ വായിക്കാന്‍ രസകരമായിരിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...

ആ മഅദനിയെ കൂട്ടേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ...?
ഒരു മൂന്നു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയേനെ...അത് ചെയ്തില്ലായിരുന്നേല്‍ ‍...

thomma said...

innu indyaionil okke kettu shathamanyuvinekkurichu

Sudeep said...

ഒരു കുട്ടി കടല്‍തീരത്തു നിന്നു കളിക്കുന്നു. കുട്ടിയുടെ കാലിലേക്ക്‌ തിരയടിക്കുന്നുണ്ട്‌. ഇതിനിടയില്‍ കുട്ടിയുടെ ശ്രദ്ധ അതുവഴി വന്ന ബോംബെ മിഠായി കച്ചവടക്കാരനിലേക്കു മാറി. ഹായ്‌.. കുട്ടിക്ക്‌ ഹരായി. മിഠായി ഇങ്ങനെ നോക്കി വെള്ളമിറക്കുന്നതിനിടയില്‍ തിരയടിച്ചു കാല്‍ക്കീഴിലെ മണ്ണ് പോയതു കുട്ടി അറിഞ്ഞില്ല. ബാലന്‍സ്‌ തെറ്റി.. താഴെ വീണു...

അല്ലയോ കുട്ടീ, തിര എണ്ണുമ്പോള്‍ തിരയില്‍ ശ്രദ്ധിക്കുക, അല്ലാതെ ബോംബെ മിഠായിയില്‍ അല്ല..

forefinger said...

"ആഘോഷച്ചിരി " വി . എസ് ന്റെ ചിരിയെ ഉദ്ദേശിച്ചുള്ളതാണെന്ന്
മനോരമയും ഇന്നു ഗണിച്ചു പറയുന്നത് കേട്ടു. ശതമന്യു സൂക്ഷിച്ചോ...
പേനയുന്തും മുമ്പു താങ്കളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മുഴുവന്‍
ഗണിച്ചു പരസ്യപ്പെടുത്താന്‍ കഴിവുള്ള ചാനലുകാരും ബ്ലോഗര്‍മാരും
ഇവിടുണ്ടേ....!!!

പാഞ്ഞിരപാടം............ said...

ഇനി ഞാന്‍ മനൊരമയുടെയൊ മാത്രുഭൂമിയുടെയൊ ആളാണെന്നു മാത്രം പറയരുതു.
അച്ചുമാമന്റെ ചിരിയും,ശതമന്യുവിന്റെ "ആഘോഷചിരിയും" കണ്ടാല്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആണെന്നു പറയാന്‍ കഴിയില്ലാ, അതു തന്നെആയിരുന്നല്ലൊ നിങ്ങടെം ആഗ്രഹം !!
അല്ലാ, അതുതന്നെയാണല്ലോ ദേശാഭമാനിയുടെ പിണറായിക്കൂറും !!

ലാല്‍സലാം

http://www.mathrubhumi.com/php/newFrm.php?news_id=1227755&n_type=NE&category_id=3&Farc=

Unknown said...

മദനിക്ക് തീവ്രത പോരാത്തത് കൊണ്ടാണ് ഇക്കുറി തോറ്റത്. അടുത്ത തവണ സിമിയും ലഷ്കര്‍-എ-തോയ്ബയും ബിന്‍ ലാദനും തന്നെ ആയിക്കോട്ടെ പ്രചാരണ സ്റ്റേജില്‍ കൂട്ടിന്. അമേരിക്കയെ നമ്മള്‍ക്ക് തോല്‍പ്പിയ്ക്കണ്ടേ?

ശ്യാം‌‌‌‌‌‌‌‌‌‌‌‌ said...

എന്നാലും അമേരിക്കയുടെ ചെയ്ത്ത് ഇത്തിരി കട്ടിയായിപ്പോയി. സിഐഎ യുടെ കള്ളവോട്ട് കാരണമാണ്‍‌‌‌‌ ഇത്തവണ ഇടതുപക്ഷം തോറ്റതെന്നാ കേ‌‌ള്‍‌‌‌‌ക്കണേ.

Sarath said...

യു പി എ വികാരം അലതല്ലി പോലും.... കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ യു പി എ വികാരം തന്നെ അലതല്ലിയത്... അത് നമ്മുടെ പാര്‍ടി ജയിച്ചു കയറിയില്ലേ .... അപ്പോള്‍ അത് കേരത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രുപ്പ് കളി മൂലം.... നമ്മള്‍ തോറ്റപ്പോള്‍ അത് മാധ്യമ സിന്‍ഡികേറ്റ് ദുഷ് പ്രചരണം....

എവിടെയാണ് സാറേ ഈ ദുഷ് പ്രചരണം.... ലാവലിന്‍ കേസില്‍ സി ബി ഐ പിണറായിയെ കുടുക്കിയതെങ്കില്‍ , അത് തിരുത്തി തന്‍ തെറ്റ്കാരന്‍ അല്ലാന്നു വരുത്തണ്ട ബാധ്യത ടിയാണ് തന്നെ യല്ലേ. അതിനു പകരം എന്താ കാണിച്ചത്‌..... ജനങ്ങളെയും പാര്‍ടി പ്രവര്‍ത്തകരെയും നോക്കി കൊഞ്ഞനം കുത്തി... കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ട്‌ ജാഥ നയച്ചത് കൊണ്ടൊന്നും ജയിക്കതില്ല... അങ്ങനെ എങ്കില്‍ മുരളീധരന്‍ ഒക്കെ എന്നീ ജയിച്ചേനെ...
പിണറായിക്ക്‌ ഓശാന പാടാത്ത പ്രവര്‍ത്തകര്‍ മൂരാച്ചികള്‍,അങ്ങനെ എത്ര പേരാണ് ഇപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്തുള്ളത്... ഈ ദര്ഷ്ട്ട്യം ഒന്നും പാര്‍ടി പ്രവര്‍ത്തകരും ജനങളും വെച്ച് പൊറുപ്പിക്കില്ല.... അഴുമതിക്കും അക്രമത്തിനും എതിരെ പോരാടുന്ന വി എസിന് ജനമനസുകളില്‍ ഉള്ള സ്ഥാനം, പാര്‍ടി പ്രവര്‍ത്തകരുടെ ഉള്ളിലുള്ള വികാരം ഇതൊക്കെ യാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്‌... അല്ലാതെ യു പി എ വികാരം കേരത്തില്‍ അലതല്ലിയത് കൊണ്ട് മാത്രമല്ല. കൊറേ യു ഡി എഫ്‌ കൊഞ്ഞാണന്‍മാര്‍ ജയിച്ചത്‌.

എന്ന് വിലയിരുത്തു സഖാവെ .... അത് പാടില്ല കാരണം അപ്പോള്‍ വി എസ് വലിയവനാകും, പിണറായി ചെറിയവനും...
ബി ജെ പി വോട്ടു മരിച്ചു വിറ്റത്രെ... എന്നാല്‍ പിന്നെ എല്ലാ തിരഞ്ഞെടുപ്പിലും നമ്മള്‍ ത്തന്നെ യല്ലേ പറയുനത്..മറിച്ച് നോക്കിയാല്‍ സി പി ഐ എം വിമതര്‍ അല്ലെ ഏറ്റവും കൂടുതല്‍ വോട്ടു മറിച്ചത്... അതല്ലേ കണ്ണൂരില്‍ സംഭവിച്ചത്‌.... ഇതു സമ്മതിച്ചാല്‍ പാര്‍ടി ഔദ്യോകിക പക്ഷംത്തെക്കാള്‍(യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌) കൂടുതല്‍ വിമതരെന്നു മറ്റുള്ളവര്‍ വിലയിരുത്തും.... അപ്പോള്‍ അതും പറ്റില്ല

എന്നാല്‍ പിന്നെ എങ്ങനെ അങ്ങ് എഴുതാം, വെറുതെ ഇരിക്കുന്ന അമേരിക്കയുടെ പുറത്തു കേറാം..
>> ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്.അത് നടന്നു. <<<<
അമേരിക്കന്‍ ചാരന്മാര്‍ ഓടിനടന്നു കള്ളാ വോട്ടു ചയ്തു, വ്യാപകമായി ബൂത്ത്‌ പിടിച്ചു... എന്നുകൂടെ എഴുതി ചേര്‍ക്കു സഖാവെ....
ഒന്ന് പോ സഖാവെ കേരളത്തിലെയും ബംഗാളിലെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തോല്പ്പിച്ചിട്ടു വേണം ഒബാമ സര്‍ക്കാരിനു നിലനില്‍ക്കാന്‍.....

മരത്തലയന്‍ പട്ടേട്ടന്‍ said...

ചിരിക്ക് പുതുപുത്തന്‍ വകഭേദങ്ങള്‍ വരുന്നു,ആഘോഷച്ചിരി പിന്നെ സദാചാരവിരുദ്ധച്ചിരി അങ്ങനെയങ്ങനെ.....

ഇന്നലെ സുധാകരന്‍മന്ത്രിയുടെ പ്രസംഗം ടിവിയില്‍ കേട്ടു: “ഏത് ചെകുത്താനും ഒരു നല്ല ദിവസം വരും,മെയ് 16ന് ഇവിടെ രാഷ്ട്രീയച്ചെകുത്താന്മാര്‍ക്ക് നല്ല ദിവസം വന്നു” എന്നൊക്കെ... ഇ.പി.ജയരാജന്‍സഖാവ് കണ്ണൂരില്‍ പ്രസംഗിക്കുന്നു “ഈ ക്രിമിനലുകള്‍ വിജയിക്കാന്‍ പാടില്ലായിരുന്നു” എന്നും മറ്റും..

ഇതൊക്കെ കേട്ടുനില്‍ക്കുന്ന മാര്‍ക്സിസ്റ്റ് അനുഭാവികള്‍ക്ക് പോലും ഉള്ളില്‍ ചിരി വരുന്നുണ്ടാവും.