പ്രതിപക്ഷത്തിന്റെ ഭരണഘടനാ ബാധ്യത എന്നാല്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ സംഘടിപ്പിക്കല്‍, അഡ്വക്കറ്റ് ജനറലിനെതിരെ ഉപരോധം നടത്തല്‍ എന്നിത്യാദി കലാപരിപാടികളാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ ഭരണഘടനവച്ചാണ് കളി. ഉമ്മന്‍ചാണ്ടി ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും ഭരണഘടനയില്‍ തൊട്ടുതൊഴുതാണ്. രാവിലെ വെള്ളകീറുന്നതിനുമുമ്പ് എണീറ്റ് കിടക്കയില്‍തന്നെ വടക്കോട്ട് തിരിഞ്ഞിരുന്ന് "ഓം ഭരണഘടനായ നമഃ'' എന്ന് നൂറ്റൊന്നുവട്ടം ഉരുവിടും. അതുകഴിഞ്ഞേ അടുക്കളയില്‍നിന്ന് കട്ടന്‍ചായ വരൂ.
അഡ്വക്കറ്റ് ജനറലിനോട് കലികയറുന്നതില്‍ കുറ്റംപറയാനാകില്ല. പണ്ട് സ്വന്തം ചൊല്പ്പടിയില് ഒരു കോലീബി അഡ്വക്കറ്റ് ജനറാളുണ്ടായിരുന്നു. ഒരുദിവസം കോടതിയില്‍ കയറി, ലാവ്ലിന് കേസന്വേഷണം തൃപ്തികരമാണെന്ന് പറയും. അടുത്ത ദിവസം നേരെ തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ ചരടിരിക്കുമ്പോള്‍ എന്ത് ഭരണഘടന; ഏതു ബാധ്യത. 'ഓസി ആജ്ഞാപിക്കുന്നു; എജി അനുസരിക്കുന്നു' എന്ന ആ അവസ്ഥയാണ് ആകെ നാല്‍പ്പതുസീറ്റും പരിവട്ടവുമായി കഴിയുന്ന ഈ കലികാലത്തെന്നും ഉമ്മന്‍ചാണ്ടിക്ക് ചിലപ്പോള്‍ തോന്നും.
ഒരു കേസില്‍ നിയമോപദേശം വേണമെന്നു പറഞ്ഞാല്‍ പറയുന്നവര്‍ എന്താണാഗ്രഹിക്കുന്നതെന്ന് ചോദിച്ചുമനസ്സിലാക്കി, അത് ലെറ്റര്‍ ഹെഡില്‍ ടൈപ്പുചെയ്യിച്ച് താഴെ ഒപ്പുവരച്ച് കൊടുത്തയക്കുന്ന പണിയാണ് അഡ്വക്കറ്റ് ജനറലിനുള്ളതെന്ന് ഉമ്മന്‍ചാണ്ടി വായിച്ച ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. ഇവിടെ, സുധാകരപ്രസാദ് എന്നൊരു വക്കീല്‍, എജിയുടെ കുപ്പായമിട്ട് വാശിപിടിച്ചത്, കേസ് മനസ്സിരുത്തി പഠിച്ചുമാത്രമേ ഉപദേശം കൊടുക്കാനാകൂ എന്നാണ്. ചില ഫയലൊന്നും തനിക്കു തന്ന പണ്ടാരക്കെട്ടുകളിലില്ല; അതുംകൂടി ഉടനെ തരണം എന്നാവശ്യപ്പെടാനുള്ള ധിക്കാരവും അഡ്വക്കറ്റ് ജനറല്‍ കാണിച്ചുകളഞ്ഞു. അവസാനം എഴുതിക്കൊടുത്ത നിയമോപദേശമോ? ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ നിയമവും വകുപ്പും നിരത്തി ഒരു എമണ്ടന്‍ സാധനം. വെറും രണ്ടുദിവസംകൊണ്ട് ഫയല്‍ നോക്കിയെന്നുവരുത്തി പിണറായി വിജയനെ നാളെത്തന്നെ തൂക്കിലേറ്റിക്കളയണം എന്ന് എഴുതി അയച്ചിരുന്നെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ ഭരണഘടനാ പദവി വാഴ്ത്തപ്പെട്ടേനെ. അങ്ങനെ സംഭവിച്ചുകിട്ടാനാണ് ഇക്കണ്ട നാളിലൊക്കെ വാര്‍ത്തയുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും നിവേദനംകൊടുത്തുമൊക്കെ ശ്രമിച്ചുനോക്കിയത്. അതൊന്നും കൂട്ടാക്കാത്ത അഡ്വക്കറ്റ് ജനറല്‍ നിയമത്തിന്റെ വഴിയിലാണ് പോകുന്നതുപോലും! കലി വരില്ലേ? നിയമവും ഭരണഘടനയുമൊന്നും നോക്കേണ്ടതില്ല, ഉമ്മന്‍ചാണ്ടി പറയുന്നതുപോലെയാണ് അഡ്വക്കറ്റ് ജനറല്‍ പെരുമാറേണ്ടതെന്ന് കോണ്‍ഗ്രസിന്റെ ഭരണഘടനയിലും എഴുതിവച്ചിട്ടുണ്ട്. അവിടെ ഒരു വീരനുണ്ട്- വീരപ്പമൊയ്ലി. യുവരാജാവ് പറഞ്ഞു, ബിഹാറിലെ നിധീഷ് കുമാര്‍ തങ്കമാന പയലെന്ന്. വീരപ്പന് മൊഴിഞ്ഞു-തങ്കംതന്നെ; പക്ഷേ, അല്‍പ്പം മാറ്റു കുറവാണെന്ന്. രായ്ക്കുരാമാനം വീരന് പുറത്ത്.
കോണ്‍ഗ്രസില്‍ തിരുവായ്ക്കുമാത്രമല്ല തിരുമോന്റെ വായ്ക്കും എതിര്‍വായില്ല. ആ കോണ്‍ഗ്രസിന്റെ സംസ്ഥാന തിരുവായ് ഉമ്മന്‍ചാണ്ടിയുടേതാണ്. അതിന് മറുവാക്ക് മൊഴിഞ്ഞ അഡ്വക്കറ്റ് ജനറല്‍ ഭരണഘടനാ വിരുദ്ധന്‍ തന്നെ...തന്നെ. ഭരണഘടന എന്നത് എഴുതിവച്ച സാധനമാണ്. അത് നോക്കി, വള്ളിപുള്ളി തെറ്റിക്കാതെ ഭരണം നടത്തുകയാണ് സര്‍ക്കാരിന്റെ ഏകജോലിയെങ്കില്‍ ഇനി നാട്ടില്‍ തെരഞ്ഞെടുപ്പു വേണോ, രാഷ്ട്രീയപാര്‍ടികളും പ്രകടനപത്രികയും പൊതുമിനിമം പരിപാടിയും വേണോ? ഒന്നും വേണ്ട. കുറെ ഉദ്യോഗസ്ഥരെ ഭരണം ഏല്‍പ്പിച്ചാല്‍ മാത്രംമതി. അവര്‍ ഭരണഘടനയനുസരിച്ച് ഭരിച്ചു തകര്‍ത്തുകൊള്ളും. കൊല്ലാകൊല്ലം ബജറ്റവതരിപ്പിച്ച് കഷ്ടപ്പെടുന്നതിനുപകരം തോമസ് ഐസക്കിന് റിസര്‍ച്ചിനുപോകാം. എ കെ ബാലന് വക്കീല്‍പണിക്കു പോകാം. അങ്ങനെ ഓരോരുത്തര്‍ക്കും പഴയ പണികളിലേക്ക് തിരിച്ചുപോകാം.
ഭരണഘടനയും അതനുസരിച്ച് കിട്ടുന്ന പദവിയും പരമകോടിയിലുള്ളതാണെങ്കില്‍ ആ ഭരണഘടന ഭേദഗതിചെയ്യാന്‍ പാടുണ്ടോ? സുപ്രീംകോടതിക്ക് ഒരു ഭരണഘടനാബെഞ്ച് വേണ്ടതുണ്ടോ? ഇതേ ഭരണഘടനവച്ചല്ലേ 1959ല്‍ ഇ എം എസ് ഗവമെന്റിനെ പിരിച്ചുവിട്ടത്. 1975ല്‍ പൌരാവകാശം തടഞ്ഞ് അര്‍ധഫാസിസ്റ്റ് അടിയന്തരാവസ്ഥ കൊണ്ടുവന്നതും ഇതേ ഭരണഘടനയുടെ വകുപ്പുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ്. ഈ ഭരണഘടനതന്നെയാണ് അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇന്ത്യാരാജ്യം ഭരിക്കാന്‍ ജനങ്ങള്‍ക്ക് പ്രതിനിധികളെ അയക്കാനുള്ള അവകാശവും നല്‍കുന്നത്. അതുകൊണ്ട്, ഉമ്മന്‍ചാണ്ടി ആശിക്കുന്നതുപോലെ വലിച്ചുനീട്ടാനും ചരുട്ടിക്കൂട്ടാനും പറ്റുന്ന ഒന്നാണ് ഇന്ത്യയുടെ ഭരണഘടന എന്ന് ശതമന്യുവിനും തോന്നുന്നുണ്ട്. അങ്ങനെ വല്ലാതെ വലിക്കുമ്പോള്‍ ഒന്നു ചവിട്ടിപ്പിടിക്കാനുള്ളവരാണ് ജനങ്ങള്‍. അവരുടെ പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയനേതാക്കള്‍. താവഴിയായി പകര്‍ന്നുകിട്ടുന്നതോ തറവാട്ടുമുതലോ അല്ല; രാഷ്ട്രീയപാര്‍ടികള്‍ നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍വച്ച് തെരഞ്ഞെടുപ്പില്‍ പ്രതിനിധികളെ മത്സരിപ്പിച്ച് ആര്‍ജിക്കുന്നതാണ് അധികാരം. ആ അധികാരം ജനങ്ങള്‍ക്കുവേണ്ടി, ഫലപ്രദമായി പ്രയോഗിക്കുന്നതാണ് ഭരണഘടനാ ബാധ്യത. അല്ലാതെ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നതുപോലെ തുള്ളലല്ല. ഭരണഘടനയെ വെറുതെ കുറ്റംപറയുന്നവരുടെ കൂട്ടത്തില്‍ ശതമന്യു ഇല്ല എന്നര്‍ഥം.
*
ഹര്‍ത്താല്‍ വിരോധ ഗാനങ്ങള്‍ ആലപിച്ച് ചരിത്രം സൃഷ്ടിച്ച ഹസ്സന്‍ഭാഗവതര്‍ എങ്ങോട്ടു പോയെന്നറിയില്ല. ചുരുങ്ങിയപക്ഷം ഒരു ട്രാന്‍സ്പോര്‍ട്ട് ബസിനെങ്കിലും എറിഞ്ഞ് ചില്ലുപൊട്ടിച്ച് വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം തെളിയിക്കണമായിരുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ സങ്കടംകൊണ്ട് ഹര്‍ത്താല്‍ നടത്തുന്നത് കാണാറുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും വന്‍ ദുരന്തങ്ങളുണ്ടായപ്പോഴും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ഒഴിച്ചുകൂടാനാകാത്ത ഘട്ടങ്ങളിലും ഹര്‍ത്താല്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി പിണറായി വിജയനെതിരെ തീരുമാനമെടുപ്പിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ടി ഹസ്സന്റേതല്ലാതെ മറ്റേതുണ്ടീ ലോകത്തില്‍? കണ്ണൂരിലെ ഒരു ചെറിയ കുട്ടി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസില്‍ പോയിരുന്നു. കുട്ടി ഹര്‍ത്താല്‍പേടിച്ച് കോണ്‍ഗ്രസില്‍ചെന്നപ്പോള്‍ അവിടെ ഹര്‍ത്താല്‍കൊളുത്തി ഹസ്സന് നില്ക്കുന്നു. ഇനി കുട്ടിക്ക് ധൈര്യമായി ബിജെപിയില്‍ പോകാം. അവിടെ മോഡിയങ്കിളുണ്ട്, അദ്വാനിയപ്പൂപ്പനുണ്ട്. സുര്‍ജിത്തും ജ്യോതിബസുവുമാണ് തന്നെ കോണ്‍ഗ്രസാക്കിയതെന്നു പറയുന്ന കുട്ടിക്ക്, ബിജെപിയില്‍ചേരാന്‍ ഗാന്ധിജിയുടെ പേരുതന്നെ പറയാം.
പാര്‍ടിക്ക് ലെവികൊടുത്തതിന്റെ കണക്കാണ് തീരെചെറിയ കുട്ടിയുടെ പുതിയ ആയുധം. വീടും പുരയിടവും പണയംവച്ച് കഷ്ടപ്പെട്ട് പഠിച്ച് കലക്ടറുദ്യോഗം നേടി സമ്പാദിച്ച പണം പ്രകാശ് കാരാട്ട് തട്ടിപ്പറിച്ചു എന്ന മട്ടിലാണ് പറച്ചില്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ പണം സ്വന്തമായുണ്ടാക്കണം. സീറ്റ് കിട്ടാന്‍ പണം; അനുയായികളെ സന്തോഷിപ്പിക്കാന്‍ പണം; ബൂത്തുകമ്മിറ്റി നടത്താന്‍ പണം; വിമതനെ പിന്മാറ്റാന് പണം-ഇങ്ങനെയൊക്കെയാണ് രമേശ് ചെന്നിത്തലയുടെ കണക്ക്. മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ ആ പരിപാടി നടപ്പില്ല. കണ്ണൂരിലെ ന്യൂസ്റ്റോറില്‍ അയച്ച് ഷര്‍ട്ടും മുണ്ടും അണ്ടര്‍വെയറും ബനിയനും വാങ്ങിക്കൊടുത്താണ് പത്തുകൊല്ലംമുമ്പ് അന്ന് സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറിയായിരുന്ന ഇ പി ജയരാജന് ഈ കുട്ടിയെ തെരഞ്ഞെടുപ്പിനിറക്കിയത്. സ്ഥാനാര്‍ഥിയെ പാര്‍ടി തീരുമാനിക്കും; ജയിപ്പിക്കാനുള്ള പണി പാര്‍ടി പ്രവര്‍ത്തകര്‍ എടുത്തുകൊള്ളും. സ്ഥാനാര്‍ഥി കുട്ടിയായാലും കുഞ്ഞായാലും ചിരിച്ചുപിടിച്ചുകൊടുത്താല്‍ മതി. അങ്ങനെയാണ് കുട്ടി രണ്ടുവട്ടം ഡല്‍ഹിയിലെത്തിയത്. പാര്‍ടി നിയോഗിച്ച പണി എടുത്ത കുട്ടിക്ക് പാര്‍ടി തന്നെ നിശ്ചയിച്ച ലെവി കൊടുത്തതില്‍ സങ്കടംപോലും! ടി കെ ഹംസയ്ക്ക് 'തരികിട കമ്യൂണിസ്റ്റ്' ഹംസ എന്ന പേരുനല്കിയ കുട്ടിയുടെ സ്വന്തം 'എ പി' എന്ന ഇനിഷ്യലിന്റെ അര്‍ഥം ഇപ്പോഴാണ് ശതമന്യുവിന് പിടികിട്ടുന്നത്.
3 comments:
പ്രതിപക്ഷത്തിന്റെ ഭരണഘടനാ ബാധ്യത എന്നാല്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ സംഘടിപ്പിക്കല്‍, അഡ്വക്കറ്റ് ജനറലിനെതിരെ ഉപരോധം നടത്തല്‍ എന്നിത്യാദി കലാപരിപാടികളാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ ഭരണഘടനവച്ചാണ് കളി. ഉമ്മന്‍ചാണ്ടി ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും ഭരണഘടനയില്‍ തൊട്ടുതൊഴുതാണ്. രാവിലെ വെള്ളകീറുന്നതിനുമുമ്പ് എണീറ്റ് കിടക്കയില്‍തന്നെ വടക്കോട്ട് തിരിഞ്ഞിരുന്ന് "ഓം ഭരണഘടനായ നമഃ'' എന്ന് നൂറ്റൊന്നുവട്ടം ഉരുവിടും. അതുകഴിഞ്ഞേ അടുക്കളയില്‍നിന്ന് കട്ടന്‍ചായ വരൂ.
ലാവലിന്‍ കേസില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരം സര്‍ക്കാരില്‍നിന്നും പ്രോസിക്യൂഷന് അനുമതി തേടുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനത്തില്‍ തെറ്റായി ഒന്നും കാണുന്നില്ല. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ ഏജന്‍സിയായ സിബിഐതന്നെ പ്രോസിക്യൂഷന് അനുമതി തേടിയിട്ടുള്ള സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇക്കാര്യത്തില്‍ എന്ത് താല്പര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.
ഇത് ദേശാഭിമാനി വാര്‍ത്ത. ഈ വാര്‍ത്ത മാതൃഭൂമിയില്‍ വന്നപ്പോള്‍ നന്ദകുമാര്‍ ഹര്‍ജി പിന്‍വലിച്ചതിനായി പ്രാധാന്യം. നിരസിക്കപ്പെട്ടതിനു രണ്ടാംസ്ഥാനം.
ബിനാമിയെ സുപ്രീംകോടതി ഓടിച്ചു; വാര്‍ത്ത മുക്കി മാധ്യമങ്ങള്‍
തിരു: ലാവ്ലിന് കേസില്‍ പ്രോസിക്യൂഷന് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ഉത്തരവിടണമെന്ന ആവശ്യവുമായെത്തിയ അശ്ളീലവാരിക പത്രാധിപരെ രാജ്യത്തെ പരമോന്നതനീതിപീഠം ഓടിച്ച വാര്‍ത്ത മുക്കി മാധ്യമങ്ങളുടെ പാദസേവ വീണ്ടും. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന മട്ടിലാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ സുപ്രധാനമായ കോടതിവിധി പ്രസിദ്ധീകരിച്ചത്. അശ്ളീലവാരികനടത്തിപ്പുകാരനെ മുന്നില്‍നിര്‍ത്തി ഒളിയുദ്ധം നടത്തുന്ന സിപിഐ എം വിരുദ്ധശക്തികള്‍ക്ക് തിങ്കളാഴ്ചത്തെ സുപ്രീംകോടതി ഉത്തരവും നിരീക്ഷണവും മുഖമടച്ചുള്ള പ്രഹരമാണ്. രാഷ്ട്രീയ നെറികേടുകള്‍ക്കുള്ള താക്കീതാണ്. ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളുമെന്നുറപ്പായപ്പോള് ബിനാമി വ്യവഹാരി പിന്‍വലിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇയാളോട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചെന്ന വാര്‍ത്ത ചമച്ച് മാധ്യമങ്ങള്‍ ഒരുവട്ടംകൂടി ലാവ്ലിന് ഗൂഢാലോചനാസംഘത്തോടുള്ള കൂറ് തെളിയിച്ചു. ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളതിനാല്‍ സുപ്രീംകോടതി കുറ്റകൃത്യപത്രാധിപരുടെ ഹര്‍ജി പരിഗണിച്ചില്ലെന്ന നിര്‍ദോഷമായ വാര്‍ത്തയേ മനോരമയിലുള്ളൂ. അശ്ളീലവാരികയുടെ സ്പോസര്‍ഷിപ്പ് കുത്തകയാക്കിയ മാതൃഭൂമിയും സുപ്രീംകോടതി ഇയാളെ ഹൈക്കോടതിയിലേക്കു പറഞ്ഞുവിട്ടു എന്ന മട്ടിലാണ് വാര്‍ത്ത കൊടുത്തത്. ഇന്ത്യന്‍ എക്സ്പ്രസില്‍ ഹര്‍ജി പിന്‍വലിച്ചെന്നു മാത്രം. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന ബിനാമിയുടെ വാദം സുപ്രീംകോടതി തള്ളിയിട്ടും പല പത്രങ്ങള്‍ക്കും ഇങ്ങനെയൊരുകാര്യം അറിഞ്ഞഭാവമില്ല. അനുമതി വേണമെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ ആവശ്യപ്പെട്ടതും അക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നതും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. മാത്രമല്ല, അനുമതി വേണ്ടെന്നു പറയാന്‍ നിങ്ങള്‍ ആരാണെന്നും സ്വകാര്യവ്യക്തിക്ക് എന്താണ് ഇതില്‍ താല്‍പ്പര്യമെന്നും ചീഫ് ജസ്റിസ് കെ ജി ബാലകൃഷ്ണന്, ജസ്റിസ് പി സദാശിവം, ജസ്റിസ് ബി എസ് ചൌഹാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചു. ഇതിനു മറുപടി പറയാനാകാതെ ഹര്‍ജി പിന്‍വലിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു 'പത്രാധിപര്‍'. ഇന്ത്യന്‍ ശിക്ഷാനിയമം 420, 120 വകുപ്പു പ്രകാരം സര്‍ക്കാര്‍ അനുമതി വേണ്ടെന്നാണ് മഞ്ഞവാരികക്കാരനെക്കൊണ്ട് കോടതിയില്‍ പറയിപ്പിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടന്ന കാര്യങ്ങളാണ് ആരോപണവിധേയമായിരിക്കുന്നതെന്നും നഷ്ടം വന്നിട്ടില്ലെന്നുമുള്ള നിലപാടാണല്ലോ സര്‍ക്കാരിനുള്ളതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. പ്രോസിക്യൂഷന് അനുമതി നല്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ മൂന്നുമാസത്തെ സമയം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അന്നത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി. എന്നാല്‍, പിന്‍വലിച്ചത് മറച്ചുവയ്ക്കാന്‍ വലിയശ്രമംതന്നെ നടത്തി. ലോക്സഭാതെരഞ്ഞെടുപ്പു ഘട്ടത്തില്‍ എല്‍ഡിഎഫിനെ അധിക്ഷേപിക്കാന്‍ അശ്ളീലവാരിക പത്രാധിപരെ ഹര്‍ജിയുമായി ഇറക്കിവിട്ടതാണ്. ഇയാളുടെ മഞ്ഞപ്പുസ്തകങ്ങളും എല്‍ഡിഎഫിനെതിരെ പ്രചാരണായുധമാക്കി. ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നറിഞ്ഞിട്ടും ഇയാള്‍ക്ക് ഡല്‍ഹിയില്‍ ആതിഥ്യമൊരുക്കുന്ന മാതൃഭൂമിയും മനോരമ അടക്കമുള്ള എല്‍ഡിഎഫ് വിരുദ്ധമാധ്യമങ്ങളും ഉറഞ്ഞുതുള്ളി. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഹര്‍ജി ഉപയോഗപ്പെടുമെന്നാണ് യുഡിഎഫും പണം മുടക്കി മഞ്ഞവാരികക്കാരനെ പോറ്റുന്നവരും കരുതിയത്.
Post a Comment