'കച്ചികെട്ടാന്‍ കച്ചിനാരുതന്നെ വേണമെന്ന് മുരളീധരനും പിതാവിനും നന്നായറിയാം. തങ്ങള്‍ക്കു പറ്റിയ സ്ഥലം കോൺഗ്രസും യുഡിഎഫുമാണെന്ന് നന്നായുറപ്പിച്ചുകൊണ്ടാണ് അങ്ങോട്ടു തിരിച്ചുകയറാന്‍ ഇരുപ്രതിഭകളും തയ്യാറെടുത്തത്. പിതാവ് നേരിട്ടു കയറിയങ്ങു ചെന്നു. പുത്രനാണെങ്കില്‍ ഇല്ലത്തുനിന്ന് വിട്ടെങ്കിലും അമ്മാത്തെത്തിയില്ല. ഉമ്മറപ്പടിയില്പ്പോലും കയറ്റില്ലെന്നാണ് അമ്മാത്തുള്ളവര് പറയുന്നത്. ഇതെന്തു ന്യായം; ഇതെന്തു നീതി എന്ന് മുദ്രാവാക്യം വിളിച്ച് നാവുകുഴഞ്ഞു. പിതാവിനെപ്പോലെ വെറും കൈയോടെയല്ല പോകുന്നത്. എന്‍സിപി എന്ന രണ്ടാംമുണ്ട് അരയില്‍ കെട്ടിയിട്ടുണ്ട്. ആ മുണ്ടുതന്നെയാണ് തലസ്ഥാനത്തുള്ള മന്മോഹന്ജി തലപ്പാവുകെട്ടാന്‍ ഉപയോഗിക്കുന്നത്. ശരത് പവര്‍ എന്നു കേട്ടിട്ടിട്ടില്ലേ. തൊട്ടാല്‍ ഷോക്കടിക്കും. ആ പവറുമായി കളിചിരിപുന്നാരത്തിന് മന്മോഹന്ജിക്ക് മടിയില്ലെങ്കില്‍ ഇവിടെ ഉമ്മന്‍ കോൺഗ്രസിനും അതിനെ തല്‍ക്കാലത്തേക്ക് പാട്ടത്തിനെടുത്ത ചെന്നിത്തലയ്ക്കും എന്താണ് മടി?
എരിവുകേറ്റുന്നവനും കൊള്ളുന്നവനും തെരുവും തിണ്ണയും എന്നു പറഞ്ഞത് വെറുതെയല്ല. തന്നെ അകത്താക്കിയില്ലെങ്കില്‍ യുഡിഎഫ് എന്തിനുകൊള്ളാം. താന്‍ അകത്തുള്ളപ്പോള്‍ പത്തൊന്‍പതിലും വടക്കാഞ്ചേരിയിലുമല്ലേ പൊട്ടിയുള്ളൂ. പുറത്തുനിര്‍ത്തിയാല്‍ ബാക്കിയുള്ള ഒന്നെങ്കിലും സംരക്ഷിച്ചെടുക്കാന്‍ പറ്റുമോ ചെന്നിത്തലയ്ക്ക്? തന്നെ കണ്ടിട്ടാണ് 'വില തുച്ഛം; ഗുണം മെച്ചം' എന്ന പരസ്യവാചകം ഉണ്ടാക്കിയതുതന്നെ. കുറഞ്ഞ വിലയേ വേണ്ടൂ എന്ന് മനസ്സിലാക്കാന്‍ കുട്ടനാട്ടെ തോമസ് ചാണ്ടിയെ നോക്കിയാല്‍ മതി. ചാണ്ടിക്കു കിട്ടിയ ഗുണം ചില്ലറയാണോ? പിന്നെയും സംശയമുണ്ടെങ്കില്‍ രാജ്മോഹന്‍ ഉണ്ണിത്താനോട് ചോദിക്കാം.
അമ്മാത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയാല്‍ മതി. അച്ഛനെപ്പോലെയൊന്നുമാവില്ല പ്രകടനം. നില്‍ക്കുന്നേടത്ത് കടുപ്പിച്ചുതന്നെ നില്ക്കും. പാലംവലി എന്ന സ്വഭാവം പണ്ടുതൊട്ടേയില്ല. ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലില്‍ ചെന്നുചേരുമെന്നത് തങ്ങളുടെ കുടുംബ മുദ്രാവാക്യമാണ്. എവിടെ ചെന്നു കുഴപ്പമുണ്ടാക്കിയാലും ഒടുവില്‍ കോൺഗ്രസാകുന്ന കടലില്‍ ചെന്നുചേരും. അവിടെ അയല, മത്തി, കണവ, കൊമ്പന്‍സ്രാവ്, തിമിംഗലം, ചൊറിയന്‍ ചെമ്മീന്‍, ചൂര, പാര, കടല്‍ക്കുതിര, കടലാമ, പാമ്പ്-പുഴു-പരല്‍ ഇത്യാദി ജീവികള്‍ക്കിടയിലേക്കു കടന്നുചെല്ലാനുള്ള സുഖം ഒന്നു വേറെതന്നെയാണ്. ചെന്നിത്തലയില്‍ കടലില്ല. പുതുപ്പള്ളിയിലാണെങ്കില്‍ കടലില്ലെങ്കിലും സുനാമിയുടെ ദുരിതാശ്വാസമെത്തിയ ബന്ധമുണ്ട്. കോൺഗ്രസാകുന്ന കടലില്‍ നീന്തിത്തുടിച്ചാണ് വളര്‍ന്നു വലുതായത്. ആ തനിക്ക് പങ്കായം തരാന്‍ ചെന്നിത്തല മടിക്കുന്നത് അസൂയകൊണ്ടാവാനേ തരമുള്ളൂ. വെളുപ്പും തുടുപ്പും നാക്കും വാക്കുമാണ് ഗുരുവായൂരപ്പന് സഹായിച്ച് തനിക്കും ചെന്നിത്തലയ്ക്കുമുള്ള മൂലധനം. അസൂയക്കും ഗംഗാധരന്റെ കഷണ്ടിക്കുമുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്‍സിപി എന്ന രണ്ടാംമുണ്ടുംകൊണ്ട് എങ്ങോട്ടു പോകാനാണ്? കാവിമുക്കി കാശിക്കു പോകാനൊക്കുമോ? എന്‍സിപിയുടെ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമെന്ന് ചെന്നിത്തലയും ഇക്കാര്യം അജന്ഡയിലേയില്ലെന്ന് തങ്കച്ചനും പറഞ്ഞതുകൊണ്ട് സന്യാസത്തിനൊന്നും പോകാനുദ്ദേശമില്ല. വേണ്ടിവന്നാല്‍ രണ്ടോ മൂന്നോ തവണകൂടി ചില പ്രസ്താവനകള്‍ കാച്ചും. എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു പറയും. അത്രയൊക്കെയാകുമ്പോള് താനേ കടലിലേക്ക് പ്രവേശനം കിട്ടും. ഇതിലും വലുതൊക്കെ കണ്ടിട്ടുതന്നെയാണ് ഈ പണിക്കിറങ്ങിയത്. പറഞ്ഞ വാക്കല്ലാതെ മറ്റെന്തെങ്കിലും മാറ്റാന്‍ നമ്മളെക്കൊണ്ടാവുമോ?
*****
അച്ഛനാരാ മോന് എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല. കരുണാകരന് എവിടെച്ചെന്നാലും അതിനൊരു ഗമയുണ്ട്. ആശുപത്രിയില്‍ ദീര്‍ഘനാള്‍ വിഷമാവസ്ഥയില്‍ കിടന്നശേഷം മടങ്ങിവന്ന് പൊട്ടിച്ച വെടിയല്ലേ വെടി. "യുഡിഎഫിന്റെ പ്രവര്‍ത്തനം പരാജയം; കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനം നിരാശാജനകം; പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തുന്നതില്‍ സംഘടനാസംവിധാനം പാടേ പരാജയം; കെപിസിസിയില്‍ ജനാധിപത്യമുണ്ടെന്നു പറയാന്‍ ധൈര്യമില്ല.....''
യുവത്വത്തിന്റെ തിളപ്പും പുളപ്പുമുള്ള വാക്കുകള്‍. പാവം ചെന്നിത്തല ഞെട്ടിപ്പോയി. ഉമ്മന്‍ചാണ്ടി ഇരുന്നുപോയി. ഉമ്മന്‍ ചാണ്ടിയുടെ പണി നിയമസഭയില്‍ വാക്കൌട്ടുനടത്തല് മാത്രമായി ചുരുങ്ങിയെന്നാണ് മുതിര്‍ന്ന നാവിന്റെ വിമര്‍ശനം. പ്രതിപക്ഷനേതാവാണോ പരാജയത്തിന് ഉത്തരവാദിയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പാര്ടിക്കാരന്കൂടിയായതുകൊണ്ട് ഒന്നും പറയുന്നില്ലെന്ന് പ്രതികരണം. പ്രതിപക്ഷം നന്നായി പ്രവര്‍ത്തിക്കുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അവകാശവാദം മാത്രമാണെന്ന് ! മാണി, കുഞ്ഞാലിക്കുട്ടിമാര്‍ കരുണാകരനോടൊപ്പം കൂടിയിട്ടുണ്ട്. കരുണാകരന് പറഞ്ഞത് ജനങ്ങളുടെ വികാരമാണെന്ന് കുഞ്ഞാലിക്കുട്ടി. അതില്‍ ശരികേടില്ലെന്ന് മാണിയുടെ അരസമ്മതം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒച്ചയനക്കമാണ്. എല്ലാവര്ക്കും സീറ്റുവേണം. അതിനു ചില നടപടിക്രമങ്ങളൊക്കെയുണ്ട്. അതിന്റെ മുന്നോടിയാണ് കരുണാകരന്റെ വെടിയും മാണി-കുഞ്ഞാലിക്കുട്ടിമാരുടെ മത്താപ്പും. മുരളീധരനും കൂടിയിങ്ങ് വന്നോട്ടെ. അപ്പോഴല്ലേ യഥാര്‍ഥ പൂരം!
*****
ഷൊര്‍ണൂരാണ് താരം. കോഴിക്കോട്ടുനിന്ന് കെപിസിസിയുടെ ആസ്ഥാനം ഷൊര്‍ണൂരിലേക്ക് മാറ്റിയതുകൊണ്ടും പ്രഭാതം പത്രം അവിടെ അച്ചടിച്ചതുകൊണ്ടും ഷൊര്‍ണൂരില്‍ സിപിഐ എം തോറ്റത് അപ്പുക്കുട്ടന് സഹിക്കാനാവുന്നില്ല. ഷൊര്‍ണൂരില്‍ കാളികൂളി സഖ്യമുണ്ടാക്കി നാലു സീറ്റുപിടിച്ച മാന്യന് നാടുനീളെ സ്വീകരണമാണ്. ടിവി ചാനലുകളില്‍ അഭിമുഖ പരമ്പരയാണ്. ഷൊര്‍ണൂരില്‍ നിന്നുയര്‍ന്ന തീ നാടാകെ പടരുമെന്നാണ് കോട്ടയത്തെ മുത്തശ്ശിക്കഥ. ഇതൊക്കെ കാണുമ്പോള്‍ ശതമന്യുവിന് മോഹന്‍ദാസ് എന്നൊരു മനുഷ്യനെ ഓര്മ വരുന്നു. ഗുജറാത്തിലെ പോര്‍ബന്ദറിലാണ് 1869 ഒൿടോബര് രണ്ടിന് പുള്ളിക്കാരന് ജനിച്ചത്. ഇംഗ്ളണ്ടില്‍ പോയി നിയമം പഠിച്ച മോഹന്‍ദാസ് ദക്ഷിണാഫ്രിക്കയില്‍ അല്‍പ്പകാലം ചെലവിട്ട് തിരിച്ച് മുംബൈയില്‍ കപ്പലിറങ്ങിയശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചു. മഹാത്മാഗാന്ധിയായി മാറിയ ആ മോഹന്‍ദാസിന്റെ ശിഷ്യരാണ് ഇന്നത്തെ കോൺഗ്രസുകാര്‍. അവര്‍ക്ക് ഇന്ന് ഗാന്ധിയെന്നാല്‍ സോണിയ മാഡമാണ്. കോൺഗ്രസിന്റെ മനസ്സില്‍ ഗാന്ധിയില്ല; ഗാന്ധി പിറന്നിടത്ത് കോൺഗ്രസുമില്ല. പോര്‍ബന്ദറില്‍ പാറുന്നത് ബിജെപിയുടെ കാവിക്കൊടിയാണ്. ഗാന്ധി പിറന്ന മണ്ണില്‍ രണ്ടുവട്ടം മോഡി ശൂലം നാട്ടിയതുകൊണ്ട് ഇന്ത്യയില്‍ കോൺഗ്രസ് തകര്‍ന്നുപോയെന്ന് ആരും വിലപിക്കുന്നത് ശതമന്യു കേട്ടിട്ടില്ല. ഗുജറാത്തില്‍ ആളെക്കൊന്നും വര്ഗീയവെറുപ്പിന് തീകൊടുത്തും മോഡി വോട്ടു നേടി പോര്‍ബന്ദറില്‍ കൊടികുത്തി-ഗാന്ധി ഘാതകരുടെ കൊടി.
ഷൊര്‍ണൂരില്‍ ഗാന്ധിയുടെ ശിഷ്യരും ഘാതകരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവരുമെല്ലാം കൂട്ടുചേര്‍ന്നപ്പോള്‍ ഒരു ഓളമുണ്ടാക്കാനായി. ഷൊര്‍ണൂരിന്റെ ചരിത്രമാഹാത്മ്യം കൊണ്ടല്ല, ഏതാനും വര്‍ഗവഞ്ചകരുടെ കുതികാല്വെട്ടുകൊണ്ടാണ് മുനിസിപ്പല്‍ വാർഡുകളില്‍ കുറെ വോട്ടു മറിഞ്ഞതെന്ന് മനസ്സിലാക്കാന്‍ നാഡീജോത്സ്യത്തിന്റെ ആവശ്യമില്ല. അതുകണ്ട് അപ്പുക്കുട്ടന് തുള്ളുന്നതെന്തിന്? നാടാകെ പടരുന്ന കുലംകുത്തിക്കൊടിയും അവസരവാദിപ്പാര്ടിയിലെ പിബി മെമ്പര്‍സ്ഥാനവും സ്വപ്നം കാണുന്നതിനുള്ള അപ്പുക്കുട്ടന്റെ സ്വാതന്ത്ര്യം തടയാന്‍ ഒരു കൺട്രോള് കമീഷനും വരില്ല. ഷോ നടക്കട്ടെ. പേവാക്കിനു പൊട്ടച്ചെവി. പ്രതികരണം അനാവശ്യം.
*****
പണ്ടൊരു നാട്ടില്‍ ദരിദ്രയായ മുക്കുവയുവതിയെ കണ്ട് രാജാവിന് മോഹമുദിച്ചു. സുന്ദരി ഒരു സുപ്രഭാതത്തില്‍ കടപ്പുറം വിട്ട് രാജകൊട്ടാരത്തിലെത്തി; രാജാവിന്റെ പട്ടമഹിഷിയായി സുഖജീവിതം തുടങ്ങി. പഴയ കൂട്ടുകാരിയെ കാണാന്‍ ഒരുനാള്‍ കുറെ മുക്കുവ യുവതികള്‍ കൊട്ടാരത്തില്‍ ചെന്നു. അതിലൊരാള്‍ മടിയില്‍ കുറെ ഉണക്കച്ചെമ്മീന്‍ കരുതിയിരുന്നു. അത് കൈയില്‍ കിട്ടിയപ്പോള്‍ രാജ്ഞിക്ക് എന്താണ് സാധനമെന്ന് 'മനസ്സിലായില്ല'. ഒരു ചെമ്മീന്‍ കൈയിലെടുത്ത് അവള് കൂട്ടുകാരികളോട് ചോദിച്ചു:"ഇത് തന്നേവളഞ്ഞതോ വളച്ചു വളഞ്ഞതോ'' എന്ന്. അതുപോലെയാണ് ഇന്ന് കേന്ദ്രത്തിലെത്തിയ ചില മന്ത്രിപുംഗവന്മാരുടെ സ്ഥിതി. കേരളം എന്താണെന്നും എങ്ങനെയാണെന്നും അവര്‍ക്കറിയില്ല പോലും. കേരളത്തിന് എന്തെങ്കിലും കിട്ടുന്നത് അവരുടെ ദാക്ഷിണ്യം കൊണ്ടാണുപോലും. കഷ്ടം!
*****
സമദൂരമെന്നാല്‍ പെരുന്നയില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള ദൂരമെന്നര്‍ത്ഥം. പിള്ളയും പുള്ളയുമാണ് സമദൂരക്കാരുടെ പോസ്റ്ററില്‍ നിറഞ്ഞുനില്ക്കുന്നത്. താടിയുള്ള പണിക്കര്ക്കുപകരം ആനയുള്ള പിള്ള വരാന്‍ പോകുന്നതിന്റെ കാറ്റും കോളുമാണ് കാണുന്നത്. കോടതി പറഞ്ഞാലും കേന്ദ്രം പറഞ്ഞാലും മാര്‍ക്സിസ്റ്റുകാരെ പഴിക്കണമെന്നതാണ് പുതിയ സമദൂര സിദ്ധാന്തം. ജാതിസംഘടനകള്‍ ഭരിക്കാന്‍ വരേണ്ടെന്ന് പിണറായി പറഞ്ഞാല്‍ പണിക്കര്‍ ചോദിക്കുന്നത് എന്നെക്കണ്ടാല്‍ 'അങ്ങനെ' തോന്നുമോ എന്നാണ്. പാവപ്പെട്ട മുന്നോക്കക്കാര്‍ക്കും പത്തുശമാനം സംവരണം വേണമെന്നു വാദിച്ച മാർക്ൿസിസ്റ്റ് പാര്‍ട്ടിക്ക് സംസ്കൃതത്തിലാണ് സമദൂര സമ്മാനം. ലക്ഷണം കണ്ട് സുഖക്കേട് മനസ്സിലാക്കാം. ഇത് പെട്ടെന്ന് ഭേദമാകുന്നതല്ല. അവിടെയും പ്രശ്നം സീറ്റുതന്നെ. ചെന്നിത്തല കാണാനാണ് ആട്ടം. മണ്ണും ചാരിനില്ക്കുന്ന പിള്ളയെ ശ്രദ്ധിച്ചാല്‍മതി.
3 comments:
അമ്മാത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയാല്‍ മതി. അച്ഛനെപ്പോലെയൊന്നുമാവില്ല പ്രകടനം. നില്‍ക്കുന്നേടത്ത് കടുപ്പിച്ചുതന്നെ നില്ക്കും. പാലംവലി എന്ന സ്വഭാവം പണ്ടുതൊട്ടേയില്ല. ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലില്‍ ചെന്നുചേരുമെന്നത് തങ്ങളുടെ കുടുംബ മുദ്രാവാക്യമാണ്. എവിടെ ചെന്നു കുഴപ്പമുണ്ടാക്കിയാലും ഒടുവില്‍ കോൺഗ്രസാകുന്ന കടലില്‍ ചെന്നുചേരും. അവിടെ അയല, മത്തി, കണവ, കൊമ്പന്‍സ്രാവ്, തിമിംഗലം, ചൊറിയന്‍ ചെമ്മീന്‍, ചൂര, പാര, കടല്‍ക്കുതിര, കടലാമ, പാമ്പ്-പുഴു-പരല്‍ ഇത്യാദി ജീവികള്‍ക്കിടയിലേക്കു കടന്നുചെല്ലാനുള്ള സുഖം ഒന്നു വേറെതന്നെയാണ്. ചെന്നിത്തലയില്‍ കടലില്ല. പുതുപ്പള്ളിയിലാണെങ്കില്‍ കടലില്ലെങ്കിലും സുനാമിയുടെ ദുരിതാശ്വാസമെത്തിയ ബന്ധമുണ്ട്. കോൺഗ്രസാകുന്ന കടലില്‍ നീന്തിത്തുടിച്ചാണ് വളര്‍ന്നു വലുതായത്. ആ തനിക്ക് പങ്കായം തരാന്‍ ചെന്നിത്തല മടിക്കുന്നത് അസൂയകൊണ്ടാവാനേ തരമുള്ളൂ. വെളുപ്പും തുടുപ്പും നാക്കും വാക്കുമാണ് ഗുരുവായൂരപ്പന് സഹായിച്ച് തനിക്കും ചെന്നിത്തലയ്ക്കുമുള്ള മൂലധനം. അസൂയക്കും ഗംഗാധരന്റെ കഷണ്ടിക്കുമുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെള്ളാപ്പള്ളി അനിയന് താടിയുള്ള പണിക്കരെ വെല്ലുവിളിച്ചിട്ടുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സ്വന്തം വോട്ട് കൊണ്ട് ജയിച്ചു കാണിക്കാന്‍. പണിക്കരദ്ദേം വെല്ലുവിളി സ്വീകരിക്കുമോ കരിക്കാതിരിക്കുമോ?
നാരായണപ്പണിക്കരുടെ സമദൂരം........ത്ഫൂ...........
Post a Comment