Sunday, January 25, 2009

രക്ഷകന്‍!

അരക്ഷിതാവസ്ഥ വരുമ്പോഴാണ് പലരും പടച്ചവനെ വിളിക്കുന്നത്. രക്ഷകന്‍ വരുമെന്നും എല്ലാ ദുരിതവും തീര്‍ക്കുമെന്നും അവര്‍ കരുതുന്നു. സിബിഐക്ക് അങ്ങനെയൊരു രക്ഷകന്റെ റോളുള്ളതായി മനസ്സിലാക്കാത്തവര്‍ ധാരാളമാണ്. മുറുക്കിച്ചുവപ്പിച്ച്, കൈ പുറകില്‍ വച്ച്, ഒരുവശം ചരിഞ്ഞു നടക്കുന്ന പാവം അപ്പാവിയാണ് സിബിഐ എന്നാണ് മലയാളീസിന്റെ വിചാരം. ആളെക്കൊന്ന കേസന്വേഷിക്കാന്‍ ഡമ്മിയുംകൊണ്ട് പോകുന്നവരായും കുന്നിടിച്ച് മണ്ണുമാറ്റാന്‍ ജെസിബിയുംകൊണ്ട് ഘോഷയാത്ര നടത്തുന്നവരായും സിബിഐക്കാരെ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു യഥാര്‍ഥ രക്ഷകന്റെ ഭാവത്തില്‍ സിബിഐ വന്നത് ഇപ്പോഴാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് സിബിഐ ഡയറക്ടര്‍ അശ്വിനികുമാറിന് ലഭിച്ച ഒരുസംഘഗാനം ഇങ്ങനെയായിരുന്നു:

"രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു
നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ
എന്നുള്ളമെന്നല്ല, എനിക്കുള്ളതൊക്കെയും
നിന്നില്‍ ഞാനര്‍പ്പണം ചെയ്തിടുന്നു

എന്‍ കൈകള്‍ കൊണ്ടുനീ അധ്വാനിച്ചീടുക
എന്‍പാദം കൊണ്ടുനീ സഞ്ചരിക്ക
എന്‍ നയനങ്ങള്‍ കൊണ്ടുനീ നോക്കേണം
എന്‍ ശ്രവണങ്ങളാല്‍ കേള്‍ക്കേണം നീ....''

ഈ പാട്ട് പാടിയവരെയും സംഗീതം നല്‍കിയവരെയും ശതമന്യുവിന് നന്നായറിയാം. രണ്ട് സുപ്രധാന വ്യക്തികള്‍ അടച്ചിട്ടമുറിയില്‍ നടത്തിയ ചര്‍ച്ച മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന് റിപ്പോര്‍ട്ടു ചെയ്യാമെങ്കില്‍, സിബിഐക്ക് സമര്‍പ്പിച്ച ഈ സംഘഗാനം ശതമന്യു കേട്ടതിലും ഒരു തെറ്റുമില്ലെന്ന് പ്രസ്താവിച്ചുകൊള്ളട്ടെ.

ദയനീയമാണ് ചിത്രം. രമേശ് ചെന്നിത്തല, വയലാര്‍ രവി, വീരപ്പമൊയ്ലി, ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി, രാഘവന്‍ തുടങ്ങിയ മുഖങ്ങളെല്ലാം കാണുന്നുണ്ട്. ആന്റണിയും കാര്‍ത്തികേയനും പിന്‍നിരയിലുണ്ട്. ചിലര്‍ തലയില്‍ മുണ്ടിട്ടും മറ്റുചിലര്‍ മറഞ്ഞുനിന്നും പാടുന്നു. സിബിഐയാണ് രക്ഷകന്‍. ഇന്നലെവരെ എല്ലാം ചെയ്തുതന്നു. ഇന്നിനി നാളെയെന്ത്? ലാവ്ലിന്‍ കേസില്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പിണറായി വിജയന്റെ മൂക്ക് ചെത്തി ഉപ്പിലിടാമെന്നും സിപിഐ എമ്മിനെ മടക്കിച്ചുരുട്ടി കീശയിലാക്കി 'ഇനിയാരുണ്ട് കാണട്ടെ'യെന്ന് വെല്ലുവിളിക്കാമെന്നുമായിരുന്നു മനസ്സിലെ മോഹം. അതിനായുള്ള സ്വപ്നമാണ് കുറെക്കൊല്ലമായി കൊണ്ടുനടക്കുന്നത്. ആറ്റുനോറ്റുള്ള റിപ്പോര്‍ട്ട് വന്നപ്പോള്‍ ഹാ കഷ്ടം! നാനാഭാഗത്തുനിന്നുമുള്ള സമ്മര്‍ദത്തിനു വഴങ്ങി സിബിഐ പിണറായി എന്ന പേര് പ്രതിപ്പട്ടികയില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ചെയ്ത കുറ്റമെന്ത്? ഒരു കുറ്റവും കാണുന്നില്ല. അതുകൊണ്ട്, ഇരിക്കട്ടെ ഒരു ഗൂഢാലോചനക്കുറ്റം എന്നുവച്ചു. ലാവ്ലിന്‍ കമ്പനിയെ കൊണ്ടുവന്നത് കാര്‍ത്തികേയനാണ്. ആ കാര്‍ത്തികേയന്‍ പ്രതിയല്ല! സത്യത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്. അവര്‍ക്ക് കിടക്കപ്പൊറുതി വേണ്ടേ?

സിവില്‍ സപ്ലൈസ് വെട്ടിപ്പില്‍ പ്രാഗത്ഭ്യം നേടിയ യുവവൃദ്ധനായ മലയോരനേതാവ് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കളിക്കുന്നത്? ലാവ്ലിന്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ പോവുകയാണോ എന്ന്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറുപടി നല്‍കി, അങ്ങനെ തേയാനും മായാനുമൊന്നും പോകുന്നില്ല; എല്ലാം വേണ്ടപോലെ നടക്കും; അതിനുള്ള ഏര്‍പ്പാട് ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന്.

ആ ഏര്‍പ്പാടാണിപ്പോള്‍ നടന്നത്.

പ്രതിപ്പട്ടിക വന്നയുടനെ പിണറായി കെട്ടും ഭാണ്ഡവുമായി വനവാസത്തിനു പോകുമെന്നും അതു കഴിഞ്ഞാല്‍ നാട്ടില്‍ അര്‍മാദിച്ചു കളയാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. റിപ്പോര്‍ട്ട് വന്നയുടന്‍ വിളിതുടങ്ങി-അഴിമതിക്കാരന്‍ പിണറായിയെന്ന്. എവിടെയാണ് അഴിമതി? സിബിഐയുടെ റിപ്പോര്‍ട്ടിലാകെ മുങ്ങിത്തപ്പിയിട്ടും പിണറായി ഒരുപൈസയുടെ അഴിമതി നടത്തി എന്നു കാണുന്നില്ല. എങ്ങനെയെങ്കിലും പേരു വരുത്തിച്ചാല്‍ അതു കേട്ടപാടെ, സെക്രട്ടറിയോട് പോയി വീട്ടിലിരിക്കാന്‍ പറയുമെന്ന് കരുതിയവര്‍ വീണത് വലിയൊരു ഗട്ടറിലാണ്.

പാര്‍ടി നേരത്തെ പറഞ്ഞിരുന്നു-ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന്. ഉമ്മന്‍ചാണ്ടിയുടെ വിജിലന്‍സ് അന്വേഷിച്ചു പൂര്‍ത്തിയാക്കിയ കേസിനോടൊപ്പം പിണറായിയുടെയും അക്കാലത്ത് സര്‍ക്കാരില്‍ സെക്രട്ടറിയായിരുന്ന ഫ്രാന്‍സിസിന്റെയും പേര് കൂട്ടിച്ചേര്‍ത്തുവെന്ന് മാത്രമാണ് സിബിഐയുടെ സംഭാവന. അതിനുവേണ്ടി മാത്രമാണ് കഷ്ടപ്പെട്ട് സിബിഐയെ കൊണ്ടുവന്നതെന്നും അതിനുപിന്നില്‍ എത്രയെത്ര പണവും അധ്വാനവും വഴിവിട്ട കളികളുമുണ്ടെന്നുമുള്ള കഥ ചെന്നിത്തലയ്ക്കെങ്കിലും അറിയാതിരിക്കില്ല.

ഗൂഢാലോചനയില്‍ പങ്കാളിത്തം വഹിച്ചവരും നെറികേടിന് കൂട്ടുനിന്നവരും ഇപ്പോള്‍ പതുക്കെ സത്യം തുറന്നുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കേസ് ചമയ്ക്കുന്നു, അത് വിജിലന്‍സിനെക്കൊണ്ട് സാധിക്കാതെ വന്നപ്പോള്‍ സിബിഐയെ ഉപയോഗിക്കുന്നു, സിബിഐയില്‍ നിരന്തര സമ്മര്‍ദം ചെലുത്തി പ്രതിചേര്‍പ്പിക്കുന്നു. അതു സാധിച്ചയുടനെ വിളിച്ചുപറയുന്നു-അതാ അഴിമതിക്കാരന്‍, രാജിവയ്ക്കൂ, പുറത്തു പോകൂ എന്ന്. ആ വ്യാമോഹം നടപ്പില്ലെന്ന് പെട്ടെന്നുതന്നെ തെളിഞ്ഞു. പിന്നെ വെപ്രാളമായി. ഇത്തരം ആക്രമണങ്ങളെ സുധീരം നേരിടുമെന്ന് സിപിഐ എം പ്രഖ്യാപിച്ചതോടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ച മട്ടായി. അതോടെ ഇറങ്ങിയത് പുതിയ കഥകളുമായാണ്. പാര്‍ടിയുടെ ഇന്നത്തെ നിലപാട് പിന്നീട് മാറുമെന്നും അതോടെ പിണറായി സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുമെന്നും ചിലര്‍. നവകേരളയാത്ര മാറ്റിവയ്ക്കുമെന്ന് മറ്റുചിലര്‍. സിബിഐ ഇനിയും പലതും പറയുമെന്ന് വേറെ ചിലര്‍. എല്ലാം കല്ലുവച്ച കിനാവുകള്‍.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഐ എം ജനറല്‍സെക്രട്ടറിയും തമ്മില്‍ നടന്ന ആശയവിനിമയംവരെ ഗണിച്ചെടുത്ത് നേരില്‍ കേട്ടപോലെ പ്രസിദ്ധീകരിച്ചുകളഞ്ഞു ഒരു കുലംകുത്തിപ്പത്രക്കാരന്‍. എല്ലാം ആഗ്രഹങ്ങളാണ്-സിപിഐ എമ്മിനെ ലാവ്ലിനില്‍ മുക്കിക്കളയാമെന്ന കടന്ന ആഗ്രഹം. പാര്‍ടിയും ജനങ്ങളും ആ ദുരാഗ്രഹക്കാര്‍ക്കൊപ്പമല്ലെന്ന് ജനലക്ഷങ്ങള്‍ അണിചേര്‍ന്ന പ്രതിഷേധ പ്രകടനങ്ങളിലൂടെ കേരളം തെളിയിച്ചു. എന്നാല്‍, രക്ഷകന്റെ കനിവിനായുള്ള രോദനങ്ങള്‍ അടങ്ങിയിട്ടില്ല. സിബിഐ കുറ്റപത്രം വരുമ്പോഴെങ്കിലും ചിലതൊക്കെ സംഭവിക്കണേ എന്നാണ് പുതിയ പ്രാര്‍ഥന.

ഇതെന്തൊരു നാടാണ്? ലാവ്ലിന്‍ കേസിനോടനുബന്ധിച്ച് മുമ്പ് എഴുതിയതും പ്രചരിപ്പിച്ചതുമെല്ലാം നാട്ടിലെ ജനങ്ങള്‍ മറന്നുവെന്നാണോ ഇവര്‍ കരുതുന്നത്? പിണറായി വിജയന്‍ ബാങ്ക് ലോണെടുത്ത് പഴയവീട് അല്‍പ്പം മാറ്റിയപ്പോള്‍ അത് വിവാദമാക്കിയവരല്ലേ നിങ്ങള്‍? അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തെക്കുറിച്ച് എന്തെല്ലാം പറഞ്ഞു? പിണറായിയുടെ ഭാര്യയുടെ പേര് കമല എന്നായതിനാല്‍, ആ പേരില്‍ അദ്ദേഹത്തിന് സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ടെന്ന് പറഞ്ഞുനടന്നില്ലേ? അങ്ങനെ എന്തെല്ലാം കഥകള്‍. അതെല്ലാം കെട്ടിച്ചമച്ച പരാതികളായും വാര്‍ത്തകളായും കൊണ്ടാടിയില്ലേ? എന്നിട്ടെന്തായി? ഏതെങ്കിലുമൊരു വഴിവിട്ട നടപടി കണ്ടുപിടിക്കാനായോ ആര്‍ക്കെങ്കിലും? ഒരു മനുഷ്യന്‍ രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിലിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അദ്ദേഹത്തെ നശിപ്പിച്ചുകളയാനുള്ള നാണംകെട്ട കളികള്‍ എത്ര നടന്നു ഈ കേരളത്തില്‍? അതിനെയെല്ലാം അതിജീവിച്ച്, സംശുദ്ധമായ പൊതുജീവിതത്തില്‍ നേരിയ കളങ്കംപോലും വീഴ്ത്താതെ നിവര്‍ന്നുനില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനെ കാണുമ്പോള്‍ ഏതെങ്കിലും ഒരു രക്ഷകനെ കൊണ്ടുവന്ന് സംഹാരകൃത്യം നടത്തിച്ചുകളയാമെന്ന് ശത്രുക്കള്‍ക്കു തോന്നുന്നത് സ്വാഭാവികംമാത്രമാണ്.
ആ മോഹം പക്ഷേ ഈ കേരളത്തില്‍ നടത്തിക്കളയാമെന്നു കരുതുന്നത് പമ്പര വിഡ്ഢിത്തവും.

*

വലതുപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ അടുത്ത (മുന്‍) ബന്ധുക്കള്‍ ഒരുദിവസം തലസ്ഥാനത്തെ പ്രസ്ക്ളബ്ബില്‍ പത്ര സമ്മേളനത്തിനെത്തി. നേതാവിന്റെ അടുക്കളക്കാര്യങ്ങളടങ്ങിയ പത്രക്കുറിപ്പ് വിതരണം ചെയ്തു. പത്രലേഖകര്‍ ഒന്നടങ്കം പ്രതികരിച്ചു- ഇത്തരം പ്രചാരണങ്ങള്‍ക്ക് തങ്ങളെ കിട്ടില്ല എന്ന്. ദേശാഭിമാനിയിലും സവിസ്തരം ആ വാര്‍ത്തയെത്തി. പക്ഷേ, ഒരു വ്യക്തിയെ ബാധിക്കുന്നതും കുടുംബത്തിന് ദുഷ്പ്പേരുണ്ടാക്കുന്നതുമായ പ്രശ്നമെന്ന നിലയില്‍ അത് പ്രസിദ്ധീകരിക്കേണ്ടെന്നായിരുന്നു തീരുമാനം. അത് ദേശാഭിമാനിയുടെ മാന്യത. എന്നാല്‍, ആ നേതാവില്‍നിന്നോ, അദ്ദേഹത്തെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിനെത്തിയവരെ തിരിച്ചയച്ചവരില്‍നിന്നോ തിരിച്ച് അത്തരമൊന്ന് പ്രതീക്ഷിക്കാമോ? ഇല്ലേയില്ല. അവര്‍ക്ക് അല്‍പ്പമെങ്കിലും മാന്യതയും ധാര്‍മികതയുമുണ്ടെങ്കില്‍ ലാവ്ലിന്‍ കേസിലെ ഇമ്മാതിരി ഹീനമായ കളികള്‍ കേരളം കാണേണ്ടിവരില്ലായിരുന്നു.

മാന്യത വിലകൊടുത്ത് വാങ്ങാന്‍ പറ്റുന്നതല്ല. രമേശ് ചെന്നിത്തലയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതുമല്ല. അവര്‍ക്കറിയാവുന്നത് നീചമായ രാഷ്ട്രീയം മാത്രമാണ്. സിപിഐ എമ്മില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന തുരപ്പന് സിപിഐ എം വാര്‍ത്തകളെഴുതാന്‍ സ്ഥിരം ആസ്ഥാനകരാര്‍ നല്‍കിയ നിഷ്പക്ഷ പത്രത്തിന്റെ ധാര്‍മികതയും അതുപോലൊന്നുതന്നെ.

13 comments:

ശതമന്യു said...

ദയനീയമാണ് ചിത്രം. രമേശ് ചെന്നിത്തല, വയലാര്‍ രവി, വീരപ്പമൊയ്ലി, ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി, രാഘവന്‍ തുടങ്ങിയ മുഖങ്ങളെല്ലാം കാണുന്നുണ്ട്. ആന്റണിയും കാര്‍ത്തികേയനും പിന്‍നിരയിലുണ്ട്. ചിലര്‍ തലയില്‍ മുണ്ടിട്ടും മറ്റുചിലര്‍ മറഞ്ഞുനിന്നും പാടുന്നു. സിബിഐയാണ് രക്ഷകന്‍. ഇന്നലെവരെ എല്ലാം ചെയ്തുതന്നു. ഇന്നിനി നാളെയെന്ത്? ലാവ്ലിന്‍ കേസില്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പിണറായി വിജയന്റെ മൂക്ക് ചെത്തി ഉപ്പിലിടാമെന്നും സിപിഐ എമ്മിനെ മടക്കിച്ചുരുട്ടി കീശയിലാക്കി 'ഇനിയാരുണ്ട് കാണട്ടെ'യെന്ന് വെല്ലുവിളിക്കാമെന്നുമായിരുന്നു മനസ്സിലെ മോഹം. അതിനായുള്ള സ്വപ്നമാണ് കുറെക്കൊല്ലമായി കൊണ്ടുനടക്കുന്നത്. ആറ്റുനോറ്റുള്ള റിപ്പോര്‍ട്ട് വന്നപ്പോള്‍ ഹാ കഷ്ടം! നാനാഭാഗത്തുനിന്നുമുള്ള സമ്മര്‍ദത്തിനു വഴങ്ങി സിബിഐ പിണറായി എന്ന പേര് പ്രതിപ്പട്ടികയില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ചെയ്ത കുറ്റമെന്ത്? ഒരു കുറ്റവും കാണുന്നില്ല. അതുകൊണ്ട്, ഇരിക്കട്ടെ ഒരു ഗൂഢാലോചനക്കുറ്റം എന്നുവച്ചു. ലാവ്ലിന്‍ കമ്പനിയെ കൊണ്ടുവന്നത് കാര്‍ത്തികേയനാണ്. ആ കാര്‍ത്തികേയന്‍ പ്രതിയല്ല! സത്യത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്. അവര്‍ക്ക് കിടക്കപ്പൊറുതി വേണ്ടേ?

സിവില്‍ സപ്ലൈസ് വെട്ടിപ്പില്‍ പ്രാഗത്ഭ്യം നേടിയ യുവവൃദ്ധനായ മലയോരനേതാവ് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കളിക്കുന്നത്? ലാവ്ലിന്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ പോവുകയാണോ എന്ന്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറുപടി നല്‍കി, അങ്ങനെ തേയാനും മായാനുമൊന്നും പോകുന്നില്ല; എല്ലാം വേണ്ടപോലെ നടക്കും; അതിനുള്ള ഏര്‍പ്പാട് ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന്.

ആ ഏര്‍പ്പാടാണിപ്പോള്‍ നടന്നത്.

Anonymous said...

സി.വി.പത്മരാജനെന്നോ ജി.കാര്‍ത്തികേയനെന്നോ ഈ ദിവസങ്ങളില്‍ ആരെങ്കിലും കേട്ടാരുന്നോ? മാധ്യമങ്ങള്‍ അവരെ അവഗണിക്കുന്നത് മൃഗീയവും പൈശാചികവും ആയിപ്പോയി. അവര്‍ ഒപ്പിട്ട കരാറിനു കീറക്കടലാസുകളുടെ വിലപോലും കല്‍പ്പിക്കുന്നില്ല രക്ഷകര്‍. ഇന്നത്ത മാ,മ,മാ,മം പത്രങ്ങളിലൊന്നും വലിയ ആഘോഷം കാണുന്നില്ല. സി.ബി.ഐ. റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്ന് പതുക്കെ വെളിവാക കൊണ്ട് വിഷാദരോഗം ബാധിച്ച് വല്ല കടുംകൈയും ചെയ്യുമോ എന്റെ ബദരീങ്ങളെ. പണ്ട് വിഷമടിച്ച് ചത്തുകളയുമെന്നൊക്കെ പറഞ്ഞിട്ടുള്ള ആള്‍ക്കാരാ. ആ നിലവിളി ശബ്ദമുള്ള വണ്ടി തയാറാക്കി നിര്‍ത്താന്‍ പറയണെ ആരെങ്കിലും.

Anonymous said...

ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ലെങ്കിലെന്ത്? ഇതാണോ ആ വാർത്ത
http://anagathasmasru.blogspot.com/2009/01/blog-post_21.html

Anonymous said...

ലിങ്ക് വര്‍ക്കണില്ല കേട്ടാ.

ജിവി/JiVi said...

“പാര്‍ടിയുടെ ഇന്നത്തെ നിലപാട് പിന്നീട് മാറുമെന്നും അതോടെ പിണറായി സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുമെന്നും ചിലര്‍. നവകേരളയാത്ര മാറ്റിവയ്ക്കുമെന്ന് മറ്റുചിലര്‍. സിബിഐ ഇനിയും പലതും പറയുമെന്ന് വേറെ ചിലര്‍. എല്ലാം കല്ലുവച്ച കിനാവുകള്‍.“

ദുബായില്‍ ഹിറ്റ് എഫ് എം എന്ന പന്ന റേഡിയോയുടെ ദല്‍ഹി റിപ്പോര്‍ട്ടര്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികളിലെ സര്‍വ്വ രഹസ്യങ്ങളും അറിയാവുന്ന പത്രപ്രവര്‍ത്തക പ്രതിഭ സാക്ഷാല്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ് നല്‍കിയ അവലോകനം ഇങ്ങനെ:

“തല്‍ക്കാലം പിണറായിയെ പ്രതിരോധിക്കാന്‍ സി പി എം കേന്ദ്രനേതൃത്വം തയ്യാറാവുമെങ്കിലും ഏറെക്കാലം അവരത് തുടരാന്‍ സാധ്യതയില്ല. യു പി എക്ക് സി പി എം പിന്തുണ നല്‍കിയിരുന്ന സമയത്ത് ഈ കേസ് ഒതുക്കുന്നതിനായി പരമാവധി ശ്രമിച്ച സീതാറാം യെച്ചൂരിക്ക് ഇനിയും അതിന് കഴിയില്ല”

Anonymous said...

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഉപ്പ് തിന്നവര്‍ ഇനിയുമുണ്ടെന്നും അവരും വെള്ളം കുടിക്കണമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍. ലാവലിന്‍ ഇടപാടില്‍ 95 മുതല്‍ 2005 വരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്നും അതിലൂടെ മാത്രമേ വാദിയും പ്രതിയും ആരൊക്കെയെന്ന് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.പി ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. പിണറായി വിജയനെ താന്‍ പിന്തുണക്കുന്നില്ല. എന്നാല്‍ അവസാനം കാര്യങ്ങള്‍ തിരിഞ്ഞു വരാം. വാദി പ്രതിയാകും. പദ്ധതിക്ക് ലാവലിന്‍ കമ്പനിയെ കണ്ടു പിടിച്ചത് 95ലാണ്. അന്ന് ആരാണ് ഭരണത്തിലെന്ന് പറയുന്നില്ല. ലാവലിന്‍ കമ്പനിയുടെ വിശദാംശങ്ങള്‍ ആ ഘട്ടത്തില്‍ പരിശോധിച്ചോ എന്ന് വ്യക്തമാകേണ്ടതുണ്ട്. 97ല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി തരാമെന്ന കരാര്‍ കൂടിയാണ് പുതുതായി ഉണ്ടായത്. അതില്‍ 12 കോടി അന്ന് കിട്ടുകയും ചെയ്തു. 88 കോടി എന്തുകൊണ്ട് വാങ്ങിയില്ലെന്നും കരാര്‍ പുതുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ഇപ്പോഴത്തെ ചാര്‍ജ്ഷീറ്റില്‍ വ്യക്തമല്ല.

Anonymous said...

ചെന്നിത്തല രാജ്യസഭ വേണ്ടെന്നു പറഞ്ഞു. പ്രായമായില്ല പോലും. 90കാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പയ്യന്മാര്‍ ഇടിച്ച് കേറുന്നത് ശരിയല്ലത്രെ. പാര്‍ട്ടിയെ സേവിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്താല്‍ ശൂന്യതയില്‍ നിന്ന് മാധ്യമങ്ങളില്‍ നിറയുന്ന സുധീരനും രംഗത്തുണ്ട്. രാജ്യസഭക്കുവേണ്ടിയുള്ള മത്സരത്തില്‍ തോറ്റാലും, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പൊള്‍ ഒരു ‘ലീന്‍’ ആകട്ടെ എന്നു കരുതിയാവും ആ പയ്യന്‍ ലീഡറുമായി അങ്കം കുറിച്ചിരിക്കുന്നത്. പയ്യന്മാര്‍ക്കും കൂടുതല്‍ അവസരം വേണം എന്ന് യൂത്ത് പ്രമേയം വന്ന സ്ഥിതിക്ക് 90കാരെ ഒഴിവാക്കി സുധീരനെയും ചെന്നിത്തലയെയും പോലുള്ള പയ്യന്മാര്‍ക്ക് പാര്‍ലിമെന്റിലേക്ക് അവസരം ലഭിക്കും എന്ന് കരുതാം.

Anonymous said...

സിബിഐ താളത്തിനൊത്ത് തുള്ളുമെന്ന് ബിജെപി

ന്യൂഡല്‍ഹി: സിബിഐ കേന്ദ്രസര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന ഏജന്‍സിയായി അധഃപതിച്ചെന്ന് ബിജെപി ആരോപിച്ചു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വക്താവ് പ്രകാശ് ജാവദേക്കറാണ് സിബിഐയെ നിശിതമായി വിമര്‍ശിച്ചത്. വിശ്വാസവോട്ടിന്റെ സമയത്ത് ബിജെപി എംപിമാര്‍ക്കു ലഭിച്ച കോഴപ്പണം സംബന്ധിച്ച അന്വേഷണം ഡല്‍ഹി പൊലീസിനു വിടാനുള്ള കേന്ദ്രതീരുമാനത്തോട് പ്രതികരിക്കവെയാണ് സിബിഐയെ ജാവദേക്കര്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മായാവതി യുപിഎക്കൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരായ കേസുകള്‍ സിബിഐ മരവിപ്പിക്കും. മായാവതി യുപിഎയില്‍നിന്ന് അകലുമ്പോള്‍ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കും. മുലായം ശത്രുപാളയത്തിലാണെങ്കില്‍ സിബിഐയെ ഉപയോഗിച്ച് വേട്ടയാടും. മുലായം മിത്രമായി എത്തുമ്പോള്‍ കേസുകള്‍ പരണത്തുവയ്ക്കും. കോണ്‍ഗ്രസ് നേതൃത്വം പറയുന്നതനുസരിച്ചാണ് സിബിഐ കേസുകള്‍ എടുക്കുന്നതും തള്ളുന്നതും. ആരെയെങ്കിലും കുടുക്കണമെന്ന് കോണ്‍ഗ്രസ് വിചാരിച്ചാല്‍ സിബിഐ അത് ഭംഗിയായി നിര്‍വഹിച്ചോളും. സിബിഐയുടെ അവസ്ഥ ഇതാണെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. വോട്ട് കോഴ അന്വേഷണം ഡല്‍ഹി ക്രൈംബ്രാഞ്ചിന് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത് വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണ്. അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം- ജാവദേക്കര്‍ പറഞ്ഞു.

Anonymous said...

If he is innocent why they opposed CBI enquiry in HC and brought top advocates from Supreme Court on public's expense. Remember at that time UPA & CPIM were united at central. Left burn the effigy of the Judge when judgment came. Please do not justify people with respect to party membership, that usually CPIM does.

Anonymous said...

"If he is innocent why they opposed CBI enquiry in HC and brought top advocates ..."

Answer is simple.Why UDF government said -NO CBI ENQUIRY REQUIRED in the court in FEB 7th 2006,...that is the same reason here also..Again due to political reason within 3 weeks UDF changed their stance and decided for CBI enquiry the 'the same day election declared' and SACKED THE VIGILENCE DIRECTOR Upendra Varma.(But Election commision diluted that action-ie sacking of Upendra Varma).

Anonymous said...

when you answer, answer should have credibility. High Court ordered CBI enquiry. Retired Vigilance director said they did not give clean certificate to Pinarayi. I dont want to justify UDF or LDF. politician are friends inside. that is why still Kunhalikutty did not say a word against Pinarayi, since he helped him at the time Ice cream parlour case. But whoever looted money should prosecuted, since it is our tax money.

Anonymous said...

എല്‍.ഡി.എഫ്ഫിനെയും യു.ഡി.എഫ്ഫിനെയും പിന്തുണക്കുന്നില്ല്യ. എന്നാല്‍ ഐസ്ക്ര്രീം കേസിലെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ആവര്‍ത്തിക്കും. ഈ സ്വതന്ത്രന്മാരുടെ ബുദ്ധിമുട്ട് കണ്ടിട്ട് സഹിക്കുന്നില്ല.

Anonymous said...

"High Court ordered CBI enquiry. Retired Vigilance director said they did not give clean certificate to Pinarayi..."

Anonee, Vigilance SP Prathapan who enquired Vigilance case for Chandi said they could not see any evidence. he also said giving 'clean chit' to anybody or not giving it, is not the duty of investigation.Only to probe whether any curruption/ mis appropriation happend or not, is the duty of investigation.This is the reason Ummen chandy sacked Upendra varma.