ക്വട്ടേഷന്‍സംഘങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. പ്രതിഫലം പറഞ്ഞുറപ്പിച്ച് കൈയും കാലും വെട്ടുന്നവരെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയതു മുതലുണ്ടായതാണ് ആ പൊല്ലാപ്പ്. ക്വട്ടേഷനെടുക്കുക എന്നത് നല്ല കാര്യമാണ്. ഇന്ന ജോലിക്ക് ഇത്ര ചെലവുവരും, ഇത്ര അധ്വാനം വേണ്ടിവരും എന്ന് മുന്‍കൂര്‍ കണക്കാക്കി അതിനനുസരിച്ച് സമയം നിശ്ചയിച്ച് കരാര്‍കൊടുക്കുന്ന ഏര്‍പ്പാടാണത്.
അതുകൊണ്ട് എ കെ ആന്റണി ഒരു ക്വട്ടേഷനെടുത്തതുകൊണ്ട് ആരുടെ നെറ്റിയും ചുളിയേണ്ടതില്ല. പതിനഞ്ചുദിവസത്തിനകം ചെയ്യാമെന്നേറ്റ് ഏറ്റെടുത്തത് ചില്ലറ ക്വട്ടേഷനല്ല. സാക്ഷാല്‍ ദൈവംതമ്പുരാന്‍തന്നെ നേരിട്ടു ക്വട്ടേഷന്‍ പിടിച്ചാലും നടത്താമെന്ന് ഉറപ്പുള്ള പണിയുമല്ല. രാജ്യത്തിന്റെ പ്രതിരോധം നോക്കിനടത്താനും ഹിമാലയത്തില്‍ കയറാനും കുഴഞ്ഞുവീഴാനും കേരളത്തില്‍വന്ന് ആര്യാടനെ ആശീര്‍വദിക്കാനും ആന്റണിക്ക് സമയം തികയുന്നില്ല. അതിനിടയിലാണ് ചാകാന്‍ പോകുന്ന ഒരു ജീവിക്ക് യൌവനം തിരിച്ചുനല്‍കാന്‍ ഏതൊക്കെ മരുന്നു കൊടുക്കണം എന്ന് നിര്‍ദേശിക്കാന്‍ രണ്ടാഴ്ച അനുവദിച്ച് മാഡം ഉത്തരവിട്ടത്. ശയ്യാവലംബിയായ രോഗിയെ കോണ്‍ഗ്രസെന്നും വിളിക്കാറുണ്ട്. ആ പേരുമായി ഇപ്പോള്‍ രോഗിക്ക് വലിയ ബന്ധമൊന്നുമില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും സോണിയഗാന്ധിയും തമ്മിലുള്ള ബന്ധത്തിന്റെ അടുത്തോളമേ വരൂ. തട്ടിക്കൂട്ടിയ ഒരു കേന്ദ്രഭരണമാണ് രോഗിയുടെ പേരില്‍ ഇപ്പോഴുള്ള സ്വത്ത്. നാട്ടിലാകെയുള്ള സംസ്ഥാനങ്ങളില്‍ അഞ്ചിലൊന്നേ കൈയിലുള്ളൂ. ഇടപെടുന്ന കച്ചവടത്തിലൊക്കെ പരാജയമാണ്. ഈയടുത്ത് കര്‍ണാടകത്തില്‍ ഒരുകൈ നോക്കി. തോറ്റു തുന്നംപാടി. അതുകഴിഞ്ഞ് വോട്ടുചെയ്യാത്തവരോട് പകതീര്‍ക്കാന്‍ എണ്ണയ്ക്കു വിലകൂട്ടി. അതോടെ ഇനിയുള്ള കച്ചവടങ്ങളും പൊളിയുമെന്നുറപ്പായി. ഇക്കൊല്ലം അവസാനം ആറ് സംസ്ഥാനങ്ങളില്‍ കച്ചവടം നടക്കാനുണ്ട്. അതുംകൂടികഴിയുമ്പോള്‍ എല്ലാ കടയും പൂട്ടും. പിന്നെ രോഗീലേപനം നല്‍കാന്‍ വടക്കന്റെ കെയറോഫില്‍ ആളെക്കൊണ്ടുവന്നാല്‍ മതിയാകും. മാഡം അത്യാവശ്യം ഇന്ത്യന്‍പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ വായിച്ചിട്ടുണ്ട്. പണ്ട്, യുദ്ധത്തില്‍ തോറ്റ പടയെ ജീവിപ്പിക്കാന്‍ മരുന്ന് കൊണ്ടുവരണമെന്ന് ആജ്ഞാപിച്ച് ശ്രീരാമന്‍ ആളെവിട്ടതും ക്വട്ടേഷനുമായി പോയ വിദ്വാന്‍ ഒരു മലതന്നെ പിഴുത് കൊണ്ടുവന്നതുമെല്ലാം കേട്ടിട്ടുണ്ട്. അതുപോലൊരു ക്വട്ടേഷനാണ് ഇപ്പോഴും കൊടുത്തിട്ടുള്ളത്. ആന്റണി ഇനി മലമറിക്കാന്‍ പോകണം. പതിനഞ്ചുദിവസത്തിനകം മലമറിക്കുകയും വേണം.
പണ്ട് ഇങ്ങനെ പാര്‍ടിക്ക് കായകല്‍പ്പചികിത്സ നടത്താന്‍ പി എ സങ്മ എന്നൊരു വിദ്വാന് കരാര്‍ നല്‍കിയിരുന്നു. പണി മുഴുമിപ്പിക്കുംമുമ്പ് സങ്മ കോണ്‍ഗ്രസില്‍നിന്നുതന്നെ പുറത്തുപോയി. പിന്നെ മൊയ്ലി എന്നൊരു വീരപ്പന് തുടര്‍കരാര്‍ കൊടുത്തു. സ്വന്തം നാട്ടില്‍ കോണ്‍ഗ്രസിനെ കുളിപ്പിച്ചുകിടത്തിയ വീരപ്പന് ഇപ്പോള്‍ മിണ്ടാട്ടമേയില്ല. ഇനി ആന്റണി കൊണ്ടുവരട്ടെ ആദര്‍ശത്തിന്റെ മരുന്ന്. രാഹുല്‍മോന് ചോക്ക്ലേറ്റും ഐസ്ക്രീമും പെരുത്തിഷ്ടമാകയാല്‍ അവ രണ്ടും മേമ്പൊടിയായി കഴിക്കാനുള്ള കുറിപ്പടി ഒപ്പംവയ്ക്കുന്നത് നന്നാകും. കാത്തിരിക്കുക. ഒരുപക്ഷേ പുലിപ്പുറത്തേറിയാകും വരവ്.
#
ആര്യാടന് ആദര്‍ശത്തിന്റെ അസുഖം പകര്‍ന്നുകിട്ടിയത് ആന്റണിയില്‍നിന്നാണോ അതോ മറിച്ചാണോ എന്നത് സംശയമാണ്. ആന്റണിയുടെ ആദര്‍ശത്തിന് ഒരു വെജിറ്റേറിയന്‍ ടച്ചുണ്ട്. ട്രിപ്പിള്‍ ഫൈവിന്റെ മണമില്ല. ആര്യാടന്‍ ആദര്‍ശം മൊത്തമായി അളന്നു വാങ്ങിവയ്ക്കാറാണ് പതിവ്. അതില്‍ ഒരു പങ്കെടുത്ത് ഐസിട്ട് തണുപ്പിച്ച് നിശ്ചിത അളവില്‍ സേവിക്കും. അങ്ങനെയാകുമ്പോള്‍ എല്ലാ ദിവസവും ആവശ്യത്തിന് ആദര്‍ശം തലയില്‍ കയറിക്കിട്ടും. ആദര്‍ശസേവ കൂടിപ്പോയദിവസം ഒരു കനത്ത പ്രസ്താവന കാച്ചും.
ലീഗിന് മന്ത്രച്ചരടു കെട്ടിയാലും മന്ത്രിച്ചൂതിയ വെള്ളത്തില്‍ കുളിച്ചാലും മാറാത്ത പ്രേതപ്പേടിയാണ്. മലപ്പുറത്ത് തോറ്റുതൊപ്പിയിട്ടത് ആര്യാടന്റെ കൂടോത്രംമൂലമാണെന്ന് പുറത്തുപറയുന്നുണ്ടെങ്കിലും നാട്ടിലാകെ ലീഗിനെപ്പിടിക്കുന്ന പ്രേതങ്ങളിറങ്ങിയിട്ടുണ്ടെന്ന് പരപ്പനങ്ങാടിയിലെ പണിക്കര്‍ അച്ചട്ടായി പറഞ്ഞിട്ടുണ്ട്. മഞ്ചേരിയിലെയും കുറ്റിപ്പുറത്തെയും മങ്കടയിലെയുമെല്ലാം തോല്‍വിക്കുകാരണം അത്തരം പ്രേതങ്ങളാണത്രേ. പല പ്രേതങ്ങള്‍ക്കും വോട്ടര്‍മാരുടെ രൂപവും ഭാവവുമാണ്.
പള്ളി പൊളിക്കുമ്പോഴും ഗുജറാത്തില്‍ പച്ചയോടെ കത്തിക്കുമ്പോഴും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുമ്പോഴും മിണ്ടാത്ത ലീഗിനെ പാഠം പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരെല്ലാംചേര്‍ന്ന് ഒപ്പിക്കുന്ന കുണ്ടാമണ്ടികള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ആര്യാടന്റെ കുട്ടിച്ചാത്തനേറ്. തല്‍ക്കാലം കുറ്റമെല്ലാം ആര്യാടന്റെ തലയില്‍വയ്ക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സന്ധി പ്രഖ്യാപിച്ച് ഭായിഭായി വിളിച്ച് വോട്ടുതേടുകയും ചെയ്യാമെന്നാണ് കുഞ്ഞാലിക്കുട്ടിസാഹിബിന്റെ കാഞ്ഞ ബുദ്ധി. ലീഗിന് ഇമ്മാതിരി തറപ്പണി നന്നായറിയാം. മലപ്പുറത്തുകാരുടെ ലീഗ് വിരോധം ആര്യാടനോടുള്ള സ്നേഹത്തില്‍ കിളിര്‍ത്തു വളര്‍ന്നതല്ലെന്ന് ഇതുവരെ പുള്ളിക്കാരന് മനസ്സിലായിട്ടില്ല.
ആര്യാടന്റെ ആദര്‍ശവും കുഞ്ഞാലിക്കുട്ടീന്റെ ജനസേവയും സമാസമംചേര്‍ത്ത് ഉണക്കിപ്പൊടിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സേവിച്ചാല്‍ ലീഗിന്റെ സൂക്കേട് മാറുമെന്ന് പറക്കുംസ്വാമിയുടെ ഉപദേശം മലപ്പുറത്തിന്റെ ഹരിതാകാശത്തില്‍ പറന്നുകളിക്കുന്നുണ്ട്. കണ്ണൂരില്‍നിന്ന് പൊന്നാനിവഴി കരിപ്പൂരിലെത്തിയ പറക്കുംസ്വാമി ഈയിടെ ഉഗാണ്ടയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറക്കുന്ന വഴിയില്‍ വിമാനത്തില്‍നിന്ന് പറത്തിവിട്ടതാണത്രേ ഉപദേശഭസ്മം. സ്വന്തം പാര്‍ടിക്കും നാടിനുംവേണ്ടി എത്രവലിയ ത്യാഗമാണ് ആ മഹാന്‍ ചെയ്യുന്നത് എന്നോര്‍ത്ത് ലീഗ്കുട്ടികള്‍ കോള്‍മയിര്‍ കൊള്ളുകയാണ്. വിദേശയാത്ര കുറയ്ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞ വാര്‍ത്ത പറക്കുംമന്ത്രി വായിച്ചത് പാരീസില്‍വച്ചും അതിനോട് പ്രതികരിച്ചത് സിങ്കപ്പൂരില്‍വച്ചുമാണത്രേ.
അമ്മോ.......ലീഗിന്റെയൊരു പവറ് നോക്കണം. ഞമ്മക്ക് അമ്മാതിരി പവറ് നെയ്യൊഴിച്ച് വേവിച്ച് അതിന്മേല്‍ പുഴുങ്ങിയ മുട്ടയുംവച്ച് മൂന്നുനേരം അടിച്ചുമാറിയാല്‍ മതിയെന്നേ. അതിലപ്പുറം എന്തര് സമുദായം? എന്തോന്നാദര്‍ശം? ആര്യാടനും മകനും ചേര്‍ന്ന് പാണക്കാട്ടെ നടുമുറ്റത്തുവന്നുനിന്ന് ഭരണിപ്പാട്ടു പാടിയാലെന്ത്, കോണ്‍ഗ്രസുകാര്‍ കാര്‍ക്കിച്ചുതുപ്പിയാലെന്ത്. തനിക്കു താന്‍താന്‍ തുണ എന്നാണ്. ചിലപ്പോള്‍ മകനും തുണയാകും. അതുകൊണ്ട് ആര്യാടന്റെ ആദര്‍ശധീരതയ്ക്ക് ഷൌക്കത്തിന്റെ തിണ്ണമിടുക്ക് തുണ. കോണ്‍ഗ്രസായിപ്പിറന്ന ഒരാളുമുണ്ടായില്ല ബാപ്പാന്റെയും മോന്റെയും പക്ഷംപിടിക്കാന്‍. അതാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് വയസ്സുകാലത്ത് ലീഡര്‍ പെട്ടിയും കിടക്കയുമെടുത്ത് തറവാട്ടിലേക്ക് വന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടാമല്ലോ.
#
വടക്കോട്ടു പോകുന്നുവെന്ന് കേട്ടപ്പോള്‍ പലരും ധരിച്ചത് കാശിക്കു പോകുന്നുവെന്നാണ്. അല്ലെങ്കിലും ലീഡറെ കാവിയുമുടുപ്പിച്ച് ഭാണ്ഡംകെട്ടിച്ച് കാശിക്കു പറഞ്ഞയക്കാന്‍ കുറെപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ ആസാമിമാര്‍ കരുതിവച്ചിരിക്കുന്നത് തങ്ങളാണ് യഥാര്‍ഥ സിദ്ധന്മാരെന്നാണ്. ലീഡറോടാണോ കളി? പത്ത് കള്ളസ്വാമിമാരെ ഒറ്റയ്ക്കുനിന്ന് തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്നുമുണ്ട് കരുണാകരസ്വാമി തൃപ്പടികള്‍ക്ക്. കണ്ടില്ലേ, ഇന്ദ്രപ്രസ്ഥത്തില്‍ ശിഷ്യയായ മകളെയുംകൂട്ടി വിലസിയ വിലസല്‍. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മൂന്നുമണിക്കൂര്‍ കാത്തുനിന്നാല്‍ പത്തുമിനിറ്റാണ് ദര്‍ശനഭാഗ്യം കിട്ടുക. ഇവിടെ വലിയ സ്വാമി ആശ്രമകന്യകയെയുംകൂട്ടി ചെല്ലുമ്പോള്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ താനേ തുറക്കുന്നു. വെചാമരവുമായി പരിചാരകരെത്തുന്നു. ദര്‍ശനം ക്ഷിപ്രസാധ്യമാകുന്നു. പോരുമ്പോള്‍ കുറുപ്പിന്റെ ഉറപ്പും കൊടുത്തുവിടുന്നു. ചെന്നിത്തല വെറുതെ കല്ലില്‍കടിച്ച് പല്ലുകളയുകയാണ്. ലീഡര്‍ കുറുപ്പിന്റെ ഉറപ്പുവച്ച് ഇനി കളിക്കും. കുറുപ്പിനെ ഡിസിസി പ്രസിഡന്റാക്കും. ആശ്രമകന്യകയ്ക്ക് സീറ്റൊപ്പിച്ചുകൊടുക്കും. ചെന്നിത്തലയെ വിലപറഞ്ഞുവിറ്റ് തിരികെപ്പോകുമ്പോള്‍ കൈയുംപിടിച്ച് കൂടെക്കൂട്ടുകയുംചെയ്യും. ഇപ്പോള്‍ ജംബോ ലിസ്റ്റേ വന്നുള്ളൂ. ഇനി വരുന്നതാണ് ജംബോ പാര. ഓം തത് സത്....
#
വാര്‍ത്ത: ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന്.
പ്രതികരണം: യജമാനനും എനിക്കും ചേര്‍ത്ത് പതിനായിരത്തി ഒരുനൂറ് ശമ്പളമെന്ന്. യജമാനന് പതിനായിരവും എനിക്ക് നൂറും. സിഎംപിക്കും തോന്നുന്നുണ്ടാകണം തങ്ങളില്ലെങ്കില്‍ യുഡിഎഫില്ലെന്ന്. നാലും മൂന്നും ഏഴ് അനുയായികളെ തികച്ചെടുക്കാനില്ലാത്തവര്‍ വലിയ പാര്‍ടിയുടെ വാലില്‍തൂങ്ങി കോപ്രായം കാട്ടും. അതും കാണാന്‍ ചേലുതന്നെ. എന്നാലും ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ച പിടിക്കില്ലെന്നതു നേര്. ലീഗുണ്ടായിട്ടും പച്ച പിടിക്കുന്നില്ലല്ലോ.
2 comments:
എ കെ ആന്റണി ഒരു ക്വട്ടേഷനെടുത്തതുകൊണ്ട് ആരുടെ നെറ്റിയും ചുളിയേണ്ടതില്ല. പതിനഞ്ചുദിവസത്തിനകം ചെയ്യാമെന്നേറ്റ് ഏറ്റെടുത്തത് ചില്ലറ ക്വട്ടേഷനല്ല. സാക്ഷാല്‍ ദൈവംതമ്പുരാന്‍തന്നെ നേരിട്ടു ക്വട്ടേഷന്‍ പിടിച്ചാലും നടത്താമെന്ന് ഉറപ്പുള്ള പണിയുമല്ല. രാജ്യത്തിന്റെ പ്രതിരോധം നോക്കിനടത്താനും ഹിമാലയത്തില്‍ കയറാനും കുഴഞ്ഞുവീഴാനും കേരളത്തില്‍വന്ന് ആര്യാടനെ ആശീര്‍വദിക്കാനും ആന്റണിക്ക് സമയം തികയുന്നില്ല. അതിനിടയിലാണ് ചാകാന്‍ പോകുന്ന ഒരു ജീവിക്ക് യൌവനം തിരിച്ചുനല്‍കാന്‍ ഏതൊക്കെ മരുന്നു കൊടുക്കണം എന്ന് നിര്‍ദേശിക്കാന്‍ രണ്ടാഴ്ച അനുവദിച്ച് മാഡം ഉത്തരവിട്ടത്.
"ഉള്ളത് പറഞ്ഞാല്‍"
അണ്ണാ ഒള്ളതന്നെ യെതൊക്കെ............?
Post a Comment