അടി കൊള്ളാന്‍ ചെണ്ടയും പണംവാങ്ങാന്‍ മാരാരും എന്ന ചൊല്ല് വളരെ പഴകിയതാണ്. ലീഗ് കേരളത്തിലെ ഇമ്മിണി വലിയ പ്രാദേശിക പാര്‍ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍പ്പോലും പൂജ്യത്തില്‍ എത്തില്ലെന്ന അഹങ്കാരമുണ്ട്. മുന്നണി രാഷ്ട്രീയത്തിലെ ഇടപെടലിലൂടെ കാല്‍നൂറ്റാണ്ടുകാലം അധികാരത്തിന്റെ ബിരിയാണി തിന്നിട്ടുണ്ട്. ഇടയ്ക്കൊന്ന് ദുര്‍ബലയായി എന്ന കുറവേയുള്ളൂ. കാവിക്കൊടിക്കാര്‍ പള്ളിപൊളിക്കുമ്പോള്‍ നോക്കിനിന്നതുകൊണ്ട് ഉണ്ടായതാണ് ആ അസ്ക്യത. അതിനുശേഷം പിന്നെ ഒന്ന് ഗര്‍ഭിണിയുമായി. ടി കെ ഹംസ എന്ന പഹയനാണ് പറ്റിച്ചത്. മഞ്ചേരിയില്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അതു പറ്റിപ്പോയശേഷം സ്വതേയുള്ള ദൌര്‍ബല്യം ഒന്നുകൂടി വര്‍ധിച്ചു. നിസ്സഹായമായ ആ അവസ്ഥയ്ക്കുമേല്‍ കയറിനിന്നാണ് ഇപ്പോള്‍ ആര്യാടന്‍ കളിക്കുന്നത്. വേലിക്കല്‍നിന്ന് തെറിവിളിയാണ്. പണ്ടേ ഈ സൂക്കേടുണ്ടായിരുന്നു. ഒന്ന് പൌഡറിടാന്‍ പാടില്ല, അണിഞ്ഞൊരുങ്ങാന്‍ പാടില്ല, എന്തിന് പച്ചക്കരയുള്ള വെളുവെളുത്ത കാച്ചിയുടുത്ത് പുറത്തിറങ്ങാന്‍കൂടി പാടില്ല. അപ്പോഴെല്ലാം പരിഹാസവുമായി പിറകെ വരും. ഒറ്റയ്ക്കു കിട്ടുമ്പോള്‍ മാത്രമാണ് പുന്നാരം പറച്ചിലും നിലമ്പൂര് കൂട്ടിക്കൊണ്ടുപോയി ചക്കരമുത്തംവയ്ക്കലും. നാലാള് കൂടുന്നിടത്ത് എത്തിയാല്‍ അപ്പോള്‍ തുടങ്ങും തെറിവിളി. ആര്യാടന്റെ കൂടിയ പുള്ളികളും ഇങ്ങനെയൊക്കെയാണെന്ന് കേട്ടിട്ടുണ്ട്. നെഹ്റു എന്നൊരു തൊപ്പിക്കാരന്‍ പാവാടപ്രായത്തില്‍ നില്‍ക്കുന്ന ലീഗിനെ നോക്കി പണ്ട് വിളിച്ചത് ചത്ത കുതിരയെന്നാണ്. പക്ഷേ, നെഹ്റുവിന്റെ പാര്‍ടിക്ക് അതു തിരുത്തേണ്ടിവന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പഹയന്മാരില്‍നിന്നു വിമോചിപ്പിച്ച ഭരണത്തെ രണ്ടാംകെട്ടുകെട്ടാന്‍ സാക്ഷിയായി ചെല്ലാന്‍ ലീഗേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കെട്ടുന്നതിനോട് പണ്ടുപണ്ടേ താല്‍പ്പര്യമാണ്. രണ്ടുംകെട്ടും നാലുംകെട്ടും ഇ എം എസിന്റെ മോളേം കെട്ടുമെന്ന് പില്‍ക്കാലത്ത് മുദ്രാവാക്യം തന്നെ സൃഷ്ടിച്ചത് ആ ഇഷ്ടംകൊണ്ടാണ്.
1960ല്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെ ചെന്നെങ്കിലും പച്ചക്കൊടിയോടൊപ്പം മൂവര്‍ണക്കൊടി കെട്ടാന്‍ പറ്റില്ലെന്നാണ് അന്ന് ഖദറുകാര്‍ പറഞ്ഞത്. കൊടി കെട്ടിയില്ലെങ്കിലെന്ത്, സദ്യ ഉണ്ണാമല്ലോ എന്നുകരുതി. കെട്ടുകഴിഞ്ഞ് ഊണുവിളമ്പിയപ്പോള്‍, ലീഗിനെ പന്തിയില്‍ ഇരുത്തില്ലെന്നായി. അങ്ങനെ പന്തലിനുപുറത്ത് ഇലയിട്ട് 'സ്പീക്കര്‍ പദം' എന്ന സ്പെഷ്യല്‍ ഊണ് വിളമ്പിക്കൊടുത്തു. ആദ്യം സീതീസാഹിബും പിന്നെ സിഎച്ച് സാഹിബും ആ ഇലയില്‍നിന്ന് ഉണ്ടു. ആ ഊണിനെച്ചൊല്ലിയായി പിന്നെ കോണ്‍ഗ്രസിന്റെ കുതിരകയറ്റം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സലാംചൊല്ലാതെ പിരിയേണ്ടിവന്നു. അങ്ങനെ ഒട്ടേറെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ലീഗിന് ആരോടും ശത്രുതയില്ല. ഇടയ്ക്കുപറയും കമ്യൂണിസ്റ്റുകാര്‍ ദുഷ്ടന്‍മാരാണെന്ന്. കോണ്‍ഗ്രസുകാരുമായി പിണങ്ങുമ്പോള്‍ കമ്യൂണിസ്റ്റുകാരെ തേനേ, ചക്കരേ എന്നെല്ലാം വിളിച്ചിട്ടുമുണ്ട്. ഇ അഹമ്മദ് നിയമസഭയില്‍ ലീഗ് ആന്റി മാര്‍ക്സിസ്റ്റല്ല, നോ മാര്‍ക്സിസ്റ്റാണ് എന്നു പ്രസംഗിച്ചിട്ടുണ്ട് ഒരിക്കല്‍. ഒന്നും നിഷിദ്ധമല്ല.
1977ല്‍ സി എച്ച് പറഞ്ഞത് ആര്‍എസ്എസ്, ജനതാ പാര്‍ടി എന്നെല്ലാം കേള്‍ക്കുന്നതുതന്നെ ഹറാമാണ് എന്നത്രേ. ആര്‍എസ്എസിനെ തൊടുന്നത് പന്നിയിറച്ചി തിന്നുംപോലെയാണെന്നും പറഞ്ഞു. ഹറാം ഹലാലാകാന്‍ ഏറെ സമയമെടുത്തില്ല. കെ ജി മാരാര്‍ എന്ന ആര്‍എസ്എസുകാരനുവേണ്ടി പച്ചക്കൊടിയുമായി പോയി രുചിയോടെ 'പന്നിയിറച്ചി തിന്നൂ'. അതിനുശേഷം ആര്‍എസ്എസുമായി എത്രയെത്ര കൂടിച്ചേരലുകള്‍. എങ്ങനെയെങ്കിലും അധികാരത്തിന്റെ അന്തഃപുരത്തില്‍ എത്തിയാല്‍ മതി. അവിടെ നല്ല എയര്‍കണ്ടീഷനും തണുപ്പിച്ച സര്‍ബത്തും കിട്ടും. ചില്ലറ കച്ചവടമൊപ്പിക്കാം; തോട്ടം വാങ്ങാം. പോക്കുവരവിന് പരന്നുനീണ്ട കാറുകിട്ടും. ഇടയ്ക്കിടയ്ക്ക് ഉന്നതാധികാര സമിതികൂടി ബിരിയാണി തിന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനമാകും. ബാക്കി വരുന്ന സമയത്ത്, നാട്ടിലെ പ്രമാണിമാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടേയിരിക്കാം. ആരെങ്കിലും നോക്കി വേണ്ടാതീനം പറയുമ്പോള്‍, സമുദായ സ്നേഹത്തെക്കുറിച്ചും കമ്യൂണിസമെന്ന മഹാവിപത്തിനെക്കുറിച്ചും നീണ്ടൊരു പ്രസ്താവന കാച്ചിയാല്‍ മതി. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റുതൊപ്പിയിട്ടത് ആര്യാടനാണ് ശ്ശി സന്തോഷമുണ്ടാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. ലീഗ് ഇല്ലെങ്കിലെന്ത്, കോണ്‍ഗ്രസിന് സ്വന്തമായി നിന്നുകൂടേ എന്നതാണ് ടിയാന്റെ ചോദ്യം. തിരുവമ്പാടി തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയ നൊസ്സുപറച്ചിലാണ്. അന്ന് ആര്യാടനെ അങ്ങോട്ട് അടുപ്പിച്ചില്ല. അതുകൊണ്ടെന്ത്, അവിടെയും ഭംഗിയായി തോറ്റു. മലബാര്‍ മഹാദേശത്ത് ലീഗ് ഇല്ലാതെ കോണ്‍ഗ്രസിനെന്ത് ആഘോഷം. ഒരൊറ്റ സീറ്റുകിട്ടുമോ. എന്നിട്ടും കണ്ടില്ലേ ആര്യാടന്റെ തിമിറ്. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും ആന്റണിയോടുമെല്ലാം പരാതി പറഞ്ഞതാണ്. വരട്ടെ, നോക്കാം എന്നെല്ലാം പറഞ്ഞുമടക്കി. സോണിയാ മാഡത്തോട് നേരിട്ട് സങ്കടം പറഞ്ഞപ്പോഴും പാര്‍ക്കലാം എന്നായിരുന്നു മറുപടി. ഇപ്പോള്‍ ആര്യാടനും പുന്നാരപ്പൊന്നുമോനും ചേര്‍ന്നാണ് ആക്രമണം.
ബാപ്പയേക്കാള്‍ വമ്പനായ മോന്‍ പറയുന്നത്, നാട്ടിലെ കള്ളസ്വാമിമാരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, മലപ്പുറത്തെ തങ്ങള്‍മാരെക്കുറിച്ചും അന്വേഷണം വേണമെന്നാണ്. അതു കേട്ടപാതി, ബാപ്പ ഒരുമുഴം കടത്തിയെറിഞ്ഞു. പാണക്കാട് തങ്ങളുടെയും കുടുംബത്തിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും അഹമ്മദിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നായി ആര്യാടന്‍. ഇതിനാണ് വിധി എന്നു പറയുന്നത്. ഈ പറഞ്ഞ കാര്യം ഒരു മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍നിന്നാണ് വന്നിരുന്നതെങ്കില്‍ 'പച്ചച്ചെമ്പട'ഇളകിവരില്ലായിരുന്നോ. ഇതിപ്പോള്‍ ആര്യാടനാണ്, കോണ്‍ഗ്രസാണ്. ലീഗിന് സഹിക്കുകയേ മാര്‍ഗമുള്ളൂ. പാവം ഗര്‍ഭിണിയായ ദുര്‍ബല! മണ്ഡലവിഭജനം നടന്ന കാലമാണ്. മലപ്പുറത്ത് മൂന്നു സീറ്റ് കൂടിയിട്ടുണ്ട്. അത് ലീഗ് കൈയടക്കരുത്. നിലമ്പൂര്‍ ഇനി വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. ആര്യാടന് ദില്ലിയിലെ തണുപ്പത്ത് കുറച്ചുകാലം കഴിയണമെന്നുണ്ട്. അതിന് വയനാട്ടില്‍ മത്സരിക്കണം. ഉപതെരഞ്ഞെടുപ്പു വരുന്ന നിലമ്പൂരിലെ കട്ടിലില്‍ മകനെ കിടത്തുകയും വേണം. അതിനുള്ള കുറുക്കുവഴി ലീഗിനെ കുത്തലാണത്രേ. ലീഗ് എത്ര ചാടിയാലും പിന്നെ വീഴുന്നത് ചട്ടിയില്‍ത്തന്നെയാകുമെന്ന് ആര്യാടന് നന്നായറിയാം. ലീഗിന്റെ ചെലവിലേ കോണ്‍ഗ്രസുള്ളൂ. ലീഗ് കൊള്ളുന്ന അടിക്ക് കോണ്‍ഗ്രസ് പണം വാങ്ങും. നാദാപുരത്തെ ആപ്പീസുകത്തിക്കലെല്ലാം അണികളെ സോപ്പിടാനുള്ള അടവുമാത്രം. നാളെത്തന്നെ ആര്യാടന്റെ മുതുകില്‍ കൈവച്ച് കുഞ്ഞാലിക്കുട്ടി വെളുക്കെ ചിരിക്കും. പാണക്കാട് തങ്ങള്‍ പത്രസമ്മേളനം വിളിച്ച് ഏതാനും വാക്കുകള്‍ പറയുകയും കുഞ്ഞാലിക്കുട്ടി അത് സ്വതന്ത്രമായും വിശദമായും പരിഭാഷപ്പെടുത്തുകയും ചെയ്യും. ഒന്ന് മന്ത്രിച്ചൂതിയാല്‍ മാറുന്ന പ്രശ്നമേ ഉള്ളൂവെന്നേ. അതല്ലെങ്കില്‍ മന്ത്രിച്ചൂതിയ ഒരു കന്നാസ് വെള്ളം ആര്യാടന്റെ തലയിലൂടെ ഒഴിച്ചാലും മതി, നാണക്കേടാ വെള്ളം തീര്‍ത്തുകൊള്ളും. സ്വത്തിനെക്കുറിച്ച് ആരും അന്വേഷിക്കുകയുമില്ല. ആസനത്തിലെ തണല്‍മരത്തിന്റെ മൂട്ടിലും ഒഴിക്കാം ഒരുകന്നാസ് ദിവ്യവെള്ളം.
*
കോണ്‍ഗ്രസിനു വേണ്ടാത്ത യുഡിഎഫ് സംവിധാനം തങ്ങള്‍ക്കുവേണ്ടെന്ന് ലീഗ്. കോണ്‍ഗ്രസിന്റെ പിന്നാലെ ലീഗ് വരുമെന്ന് ആര്യാടന്‍. ആന്റണി, ചെന്നിത്തല, ഉമ്മന്‍ചാണ്ടിമാര്‍ക്കു മുന്നില്‍ ആര്യാടന്റെ ലീഗുവിരുദ്ധ ചവിട്ടുനാടകം. ചുരുക്കത്തില്‍ യുഡിഎഫിനെ ആര്‍ക്കും വേണ്ടാ. മലപ്പുറത്ത് മുന്നണി ഇല്ലാതായിട്ട് മാസങ്ങളായി. ഇനി തെരഞ്ഞെടുപ്പു വരുമ്പോള്‍ ഒന്നു തട്ടിക്കൂട്ടിയാല്‍ മതിയാകും. എല്‍ഡിഎഫ് യോഗത്തില്‍ നടക്കാത്ത ചര്‍ച്ച സചിത്രം ആഘോഷിച്ച് ഭിന്നതയെന്നു വരുത്തുന്ന മനോരമ ഇതൊന്നും കാണുന്നില്ല. എതിരാളിയില്ലാത്ത ഒന്നാമന്‍ ഇപ്പോള്‍ വായനക്കാരെ വിളിക്കുകയാണ്-ശ്രീശ്രീ രവിശങ്കറിന്റെ സന്നിധിയിലേക്ക്. ഇനി ശ്വാസംപിടിച്ച് യുഡിഎഫിനെ ജീവിപ്പിക്കാം.
*
ജി സുധാകരന്റെ ചോരയ്ക്കുവേണ്ടി ആര്‍ത്തിപൂണ്ട് നടക്കുന്നവരുടെ കൂട്ടത്തില്‍ കഥാപാത്രങ്ങള്‍ കൂടിക്കൂടിവരുന്നു. നെഞ്ചുവിരിച്ച് ഉള്ളകാര്യം ഉള്ളതുപോലെ പറയുമ്പോള്‍ ഇങ്ങനെ തുള്ളുന്നവരെ കാണേണ്ടിയും വരും. ആശ്രമത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മന്ത്രിയെ കള്ളസന്യാസിയുടെ കൂട്ടുകാരനാക്കി കോലംകത്തിക്കാനും സത്യം വിളിച്ചുപറഞ്ഞ മന്ത്രിയെ ബഹിഷ്കരിക്കാനും ആളുണ്ടാകുന്നു. എല്ലാം നല്ലതിനെന്ന ഗീതാവാക്യം എന്‍എസ്എസുകാര്‍ മനസ്സിലാക്കിയിട്ടുണ്ടോ ആവോ. ജി സുധാകരന്റെ ജനസമ്മതി വര്‍ധിപ്പിക്കാന്‍ യുവമോര്‍ച്ചയും എന്‍എസ്എസും യുഡിഎഫും ഇങ്ങനെ മത്സരിക്കുന്നതു കാണുമ്പോള്‍ ശതമന്യുവിന് ഒരു സംശയം. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുംപോലെ യുഡിഎഫിലെ ചിലര്‍ക്കും ഉള്ളിന്റെയുള്ളില്‍ സുധാകരനോട് ആരാധനയുണ്ടോ?
3 comments:
അടി കൊള്ളാന്‍ ചെണ്ടയും പണംവാങ്ങാന്‍ മാരാരും എന്ന ചൊല്ല് വളരെ പഴകിയതാണ്. ലീഗ് കേരളത്തിലെ ഇമ്മിണി വലിയ പ്രാദേശിക പാര്‍ടിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍പ്പോലും പൂജ്യത്തില്‍ എത്തില്ലെന്ന അഹങ്കാരമുണ്ട്. മുന്നണി രാഷ്ട്രീയത്തിലെ ഇടപെടലിലൂടെ കാല്‍നൂറ്റാണ്ടുകാലം അധികാരത്തിന്റെ ബിരിയാണി തിന്നിട്ടുണ്ട്. ഇടയ്ക്കൊന്ന് ദുര്‍ബലയായി എന്ന കുറവേയുള്ളൂ. കാവിക്കൊടിക്കാര്‍ പള്ളിപൊളിക്കുമ്പോള്‍ നോക്കിനിന്നതുകൊണ്ട് ഉണ്ടായതാണ് ആ അസ്ക്യത. അതിനുശേഷം പിന്നെ ഒന്ന് ഗര്‍ഭിണിയുമായി. ടി കെ ഹംസ എന്ന പഹയനാണ് പറ്റിച്ചത്. മഞ്ചേരിയില്‍ ഒരു ദുര്‍ബലനിമിഷത്തില്‍ അതു പറ്റിപ്പോയശേഷം സ്വതേയുള്ള ദൌര്‍ബല്യം ഒന്നുകൂടി വര്‍ധിച്ചു. നിസ്സഹായമായ ആ അവസ്ഥയ്ക്കുമേല്‍ കയറിനിന്നാണ് ഇപ്പോള്‍ ആര്യാടന്‍ കളിക്കുന്നത്.
aaSamsakaL mashe..
political satire is really good..keep going
സ്വാഗതം. എഴുതി തഴക്കവും പഴക്കവും ഉള്ള ആളാണെന്ന് മനസ്സിലായി.
Post a Comment