Monday, June 16, 2008

സംഘടിക്കൂ, തമ്മിലടിക്കൂ

ആഹാര നിദ്രാ ഭയമൈഥുനാനി സാമാന്യമേതത് പശുഭിര്‍ നരാണാം എന്നാണ്. മൂക്കുമുട്ടെ ശാപ്പാട്, കൂര്‍ക്കംവലിച്ചുറക്കം, ഘടകകക്ഷിയെ പേടി, ഇണയെക്കാണുമ്പോഴുള്ള ഇളക്കം എന്നിവ നരനും നരിക്കും ഒരുപോലെയെന്ന് സാരം. മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ജ്ഞാനം എന്ന ഒറ്റക്കാര്യത്തിലാണ്. 'ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ' എന്ന് മനസ്സിലാവുന്ന ഭാഷയില്‍ പറയും. ജ്ഞാനമില്ലാത്ത നരന്‍ വാനരന്‍തന്നെ എന്നാണര്‍ഥം. 'വിവരംകെട്ടവന്‍ കൊരങ്ങന്‍' എന്ന് സംസ്കൃതത്തിലും പറയാം.

ജ്ഞാനമില്ലാത്തതുകൊണ്ടാവണം വാനരന്മാര്‍ സ്വന്തമായി മരംചാടി ഫെഡറേഷനും ഇളിയന്‍ അസോസിയേഷനും വാല്‍ചുരുട്ടിയൂണിയനുമുണ്ടാക്കാത്തത്. പഴയകാല നേതാക്കളായ ഹനുമാന്‍, ബാലി, സുഗ്രീവന്‍ തുടങ്ങിയവരുടെ സ്മരണകളിരമ്പുന്ന രണ്ടോ മൂന്നോ സംഘടനകള്‍ക്ക് സാധ്യതയുണ്ടെന്നും ചാനലുകളുടെ വിളയാട്ടകാലത്ത് നയാപൈസ ചെലവില്ലാതെ അഭിനയിച്ചുതകര്‍ക്കാമെന്നും ഒരൊറ്റ വാനരപ്രമുഖനും തോന്നിയില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. ഒരു സംഘടനയുണ്ടെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു. രണ്ടുമരം ഒന്നിച്ചു ചാടിക്കടക്കുന്നതിന് വിലക്കേര്‍പ്പെടുത്താം, കുഞ്ചിരാമന്റെ മരത്തില്‍ കോവാലന്‍ ചാടിയാല്‍ പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെടാം, മരംചാടുന്നതിനുമുമ്പ് അയ്യായിരം രൂപ ഒടുക്കി സംഘടനയുടെ മെമ്പര്‍ഷിപ്പെടുക്കണമെന്ന് ആവശ്യപ്പെടാം. ഇപ്പോള്‍ വല്ലതും നടക്കുന്നുണ്ടോ? അതാണ് പറഞ്ഞത്, കുരങ്ങനായാല്‍ പോരാ, വിവരവും വേണം എന്ന്. സിനിമാക്കാരുടെ സംഘടനകള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഏതു വാനരനും അസൂയ തോന്നേണ്ടതാണ്.

സംഘടിക്കൂ, ശക്തരാകൂ എന്നൊക്കെ കേട്ടിട്ടില്ലേ. ഇവിടെ അത്, സംഘടിക്കൂ തമ്മിലടിക്കൂ എന്നാണ്. സംഘടന എന്നാല്‍ അവകാശം സംരക്ഷിക്കാനോ കിട്ടിയില്ലെങ്കില്‍ പിടിച്ചുവാങ്ങാനോ ഉള്ളതാണെന്നാണ് ചില മണ്ടന്മാരുടെ വിചാരം. യഥാര്‍ഥ സംഘടനയുടെ മര്‍മപ്രധാന ധര്‍മം പലതരം വിലക്കുകള്‍ ഏര്‍പ്പെടുത്തലാണ്. സംവിധായകന്‍ താരത്തെനോക്കി പല്ലിറുമ്മിയാല്‍ മൂന്നുമാസം വിലക്ക്, താരം മൂക്കുവിറപ്പിച്ചാല്‍ ആജീവനാന്ത വിലക്ക്, ക്യാമറക്കാരന്‍ നടിയെ നോക്കി ചിരിച്ചാല്‍ ചിരിക്ക് വിലക്ക്, നടന്മാര്‍ക്ക് പാരപ്പേടി വന്നാല്‍ പത്രസമ്മേളനം നടത്തുന്നതിന് വിലക്ക്. സംഘടനാ നേതാക്കളാകുമ്പോള്‍ നല്ല ഭാഷയേ ഉപയോഗിക്കാവൂ. 'നിന്റെയൊക്കെ ഭാര്യമാരെ കൂട്ടിക്കൊടുക്കാറില്ലേ' എന്നമട്ടിലുള്ള സാത്വിക പ്രയോഗങ്ങളൊക്കെ ആകാം. മരുന്നു വില്‍പ്പനക്കാര്‍ സംഘടനയുണ്ടാക്കി ഗുണ്ടാപ്പണിയെടുത്ത് പണമുണ്ടാക്കിയ കഥ പുറത്തുവന്നത് ഏതാനും മാസംമുമ്പാണ്. അതുപോലെയൊന്നുമല്ല ഇത്. നല്ല തിരക്കുള്ള സിനിമാക്കാരെ കാണുമ്പോള്‍, ഈച്ചയാട്ടിയിരിക്കുന്നവര്‍ക്ക് അമിതമായ സ്നേഹം തോന്നും. ആ 'ഇഷ്ടം' കൊണ്ട് ഒന്നുകുത്തിനോവിക്കാന്‍ തോന്നും. അങ്ങനെയുള്ള ഇഷ്ടന്മാര്‍ക്ക് സംരക്ഷണം കൊടുക്കാനും അവര്‍ക്കുവേണ്ടി ഘോരഘോരം വാദിക്കാനുമാണ് ഈ സംഘടന. സിനിമക്കാരും സിനിമപിടിത്തം നിര്‍ത്തിയവരും സൂക്ഷിക്കുക. മണ്‍സൂണ്‍ കാലമാണ്. വരമ്പിലും വഴിയിലുമെല്ലാം മാക്, മാക് എന്നുവിളിച്ച് വലിയൊരു ജീവി പതുങ്ങിയിരിപ്പുണ്ടാകും. കാഴ്ചയില്‍ പാവമെന്നും വിനയമുള്ളവനെന്നുമെല്ലാം തോന്നും. അടുത്തേക്കു ചെല്ലരുത്. അപ്പാടെ വിഴുങ്ങിക്കളയും. പിന്നെ കരഞ്ഞിട്ട് കാര്യമില്ല.

******

സിനിമയിലാണ് കാര്യം. കമലഹാസന്റെ ദശാവതാരം എന്നൊരു സിനിമ വന്നിട്ടുണ്ട്. അത് പ്രദര്‍ശിപ്പിക്കുംമുമ്പ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത് സാധാരണ മനുഷ്യനല്ല, യഥാര്‍ഥ ദൈവംതന്നെയാണ്. ഗോവിന്ദ രാമാനുജ ദാസ് എന്ന ആള്‍ദൈവം. ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് ഇപ്പോള്‍ കോടതിയോടും പൊലീസിനോടുമാണ് കമ്പം. ചിലര്‍ക്ക് ലോക്കപ്പില്‍ നിന്നിറങ്ങാന്‍തന്നെ സമയമില്ല. ഏതായാലും ഗോവിന്ദസ്വാമിക്ക് സുപ്രീംകോടതിയില്‍നിന്ന് നീതികിട്ടിയില്ല. ദശാവതാരം എന്ന സിനിമ ശൈവ-വൈഷ്ണവ സംഘട്ടനം ചിത്രീകരിക്കുന്നുവെന്നും വൈഷ്ണവ വികാരത്തില്‍ നഞ്ചുകലക്കുന്നുവെന്നുമാണ് തിരുവുള്ളത്തിന്റെ പരാതി. അതങ്ങ് മദിരാശിയില്‍ചെന്ന് പറഞ്ഞാല്‍മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചിയില്‍ ചെല്ലാനാണ് പറഞ്ഞതെങ്കില്‍ സംഗതി എളുപ്പമായേനെ.

ദശാവതാരത്തില്‍ ഒരെണ്ണം സിനിമയില്‍നിന്നിറങ്ങിവന്ന് ചില പ്രസ് ക്ലബുകള്‍ കയറിയിറങ്ങുന്നുണ്ട്. വലിയ വലിയ കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. ആഭ്യന്തരമന്ത്രിക്കെതിരെയായിരുന്നു ആദ്യത്തെ യുദ്ധം. ഹൈന്ദവരക്തം സിരകളില്‍ ത്രസിക്കുന്ന യുവകോമളനെന്നെല്ലാം സ്വയം വിശേഷിപ്പിച്ച് പത്രക്കാരെയും ചാനലുകാരെയും വിളിച്ചുകൂട്ടി വെളിച്ചപ്പെടുന്ന അവതാരം, കോടിയേരി ബാലകൃഷ്ണനും ഞാനും തമ്മിലാണ് കളി എന്നുവരെ പറഞ്ഞുകളഞ്ഞു. കുട്ടിയല്ലേ, വയറ്റിപ്പിഴപ്പല്ലേ, ചുമ്മാ പറഞ്ഞുകൊള്ളട്ടെ എന്നുകരുതി അത് ആരും അത്ര ഗൌനിച്ചില്ല. അവഗണന വളമാണെന്നു തോന്നിയ അവതാരപൂരുഷന്‍ പിന്നെയും കുലുക്കാന്‍ തുടങ്ങി. ഇത്തവണ എസ്എഫ്ഐക്കാരുടെ മേക്കിട്ടാണ് കയറിയത്. പാവപ്പെട്ട ഒരു പെകുട്ടി പഠിക്കാന്‍ പണമില്ലാഞ്ഞ് ആത്മഹത്യചെയ്ത കഥയില്‍ എസ്എഫ്ഐക്കാരെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു സിദ്ധാന്തം. പണ്ടൊരു ജഡ്ജി എഴുതിയ റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നുണ്ടെന്നും തട്ടിവിട്ടു. ജഡ്ജിതന്നെ രംഗത്തുവന്ന് പറഞ്ഞു, അപ്പറഞ്ഞത് പച്ചക്കള്ളമെന്ന്. ചാനലുകാര്‍ അവതാരക്കുട്ടനെ വിളിച്ചുവരുത്തി മുന്നിലിരുത്തി പച്ചയ്ക്ക് കൊന്നു. ആദ്യം പറഞ്ഞു തെളിവുണ്ടെന്ന്. എവിടെ തെളിവെന്നു ചോദിച്ചപ്പോള്‍ ഉത്തരം മൌനം. പണ്ടു കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലൊരു മണ്ടിക്കളി. നാക്കെടുത്താല്‍ പുളുവേ പറയൂ എന്ന് തെളിയാന്‍ ഏറെനേരമൊന്നും വേണ്ടിവന്നില്ല. അതിനുശേഷം പക്ഷേ, കണ്ടവരാരുമില്ല പുമാനെ. എങ്ങുപോയോ എന്തോ. സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലേക്ക് അഭിഭാഷക പരിഷത്തുകാര്‍ മാര്‍ച്ചു നടത്തുകയാണെന്ന് കേള്‍ക്കുന്നു. ആദ്യം മാര്‍ച്ചുചെയ്യേണ്ടത് ഈ യുവകോമള സുരേന്ദ്രാവതാരത്തിന്റെ വീട്ടിലേക്കല്ലേ? പണ്ടത്തെ പെട്രോള്‍പമ്പിന്റെ കഥ അഭിഭാഷക പരിഷത്തുകാരും കേട്ടുകാണുമല്ലോ.

******

ലീഗിനുപിന്നാലെ മാണികേരളയും കൊമ്പുകോര്‍ക്കുകയാണ്. കോട്ടയം സീറ്റ് മാണിക്ക് വേണംപോലും. കോത്താഴം സീറ്റ് പിള്ള കോണ്‍ഗ്രസിനും വേണ്ടിവരും. സിഎംപിക്ക് കണ്ണൂരോ കാസര്‍കോടോ കൊടുത്താല്‍ മതിയാകും. ജെഎസ്എസ് ആലപ്പുഴകൊണ്ടും ഷിബു ബേബിജോണിന്റെ വിപ്ലവപ്പാര്‍ടി കൊല്ലംകൊണ്ടും തൃപ്തിപ്പെട്ടേക്കും. ജനാധിപത്യപ്പോരാളിയായ ജേക്കബിന് എറണാകുളംകൊണ്ട് മതിയാകില്ലെങ്കിലും അഡ്‌ജസ്റ്റ് ചെയ്യാം. ബാക്കി കിട്ടുന്നത് കരുണാകരനുവേണം. കോണ്‍ഗ്രസിന് ശംഖുമുഖം മതിയാകും. അവിടെച്ചെന്നിരുന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും തിരയെണ്ണി മത്സരിക്കാം. സിഎംപിയും ജെഎസ്എസും ജേക്കബ് പാര്‍ടിയും വരയ്ക്കുന്ന വരയ്ക്കകത്തു മതി കോഗ്രസിന്റെ കളി. മുന്നണിയില്‍ വലിയേട്ടനുമില്ല, ചെറിയേട്ടനുമില്ല. എല്ലാവരുടെയും ജനനസമയം ഒരേ നിമിഷമാണ്. നക്ഷത്രവും ഒന്ന്. അതുകൊണ്ട്, നിങ്ങളുടെ വോട്ട്, ഞങ്ങളുടെ സീറ്റ് എന്നാണ് സിദ്ധാന്തം. കോണ്‍ഗ്രസുകാര്‍ വോട്ട്ചെയ്ത് സിഎംപിക്കാരനെ ജയിപ്പിക്കുക-പിന്നെ സിഎംപി ഭരിച്ചുകൊള്ളും. കോട്ടയം സീറ്റ് മാണിക്കുകൊടുത്തില്ലെങ്കില്‍ പിടിച്ചുവാങ്ങും കട്ടായം.

2 comments:

ശതമന്യു said...

മലഹാസന്റെ ദശാവതാരം എന്നൊരു സിനിമ വന്നിട്ടുണ്ട്. അത് പ്രദര്‍ശിപ്പിക്കുംമുമ്പ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത് സാധാരണ മനുഷ്യനല്ല, യഥാര്‍ഥ ദൈവംതന്നെയാണ്. ഗോവിന്ദ രാമാനുജ ദാസ് എന്ന ആള്‍ദൈവം. ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് ഇപ്പോള്‍ കോടതിയോടും പൊലീസിനോടുമാണ് കമ്പം. ചിലര്‍ക്ക് ലോക്കപ്പില്‍ നിന്നിറങ്ങാന്‍തന്നെ സമയമില്ല. ഏതായാലും ഗോവിന്ദസ്വാമിക്ക് സുപ്രീംകോടതിയില്‍നിന്ന് നീതികിട്ടിയില്ല. ദശാവതാരം എന്ന സിനിമ ശൈവ-വൈഷ്ണവ സംഘട്ടനം ചിത്രീകരിക്കുന്നുവെന്നും വൈഷ്ണവ വികാരത്തില്‍ നഞ്ചുകലക്കുന്നുവെന്നുമാണ് തിരുവുള്ളത്തിന്റെ പരാതി. അതങ്ങ് മദിരാശിയില്‍ചെന്ന് പറഞ്ഞാല്‍മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചിയില്‍ ചെല്ലാനാണ് പറഞ്ഞതെങ്കില്‍ സംഗതി എളുപ്പമായേനെ.

Kaithamullu said...

ശതാ,
നല്ല കഴമ്പുള്ള ചിന്തകള്‍..
നന്നായി, ഇഷ്ടായി, രസിച്ചു, ചിന്തിച്ചൂ എന്നൊക്കെ ഒന്നിച്ച് പറയുന്നു.

അഭിനന്ദനങ്ങള്‍!