Sunday, June 26, 2011

പാണക്കാട്ടെ വാക്കും ചാക്കും

ലീഗിന്റെ ചെലവിലാണ് യുഡിഎഫ് ഭരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാം. കോണ്‍ഗ്രസ് സമ്മതിക്കില്ല. കഷ്ടപ്പെട്ട് 20 സീറ്റും വാങ്ങി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ച ലീഗിന്റെ പടനായകന്‍ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററില്‍ പച്ചപ്പട കരി ഓയില്‍ വാരിയൊഴിക്കുന്ന മധുരമനോജ്ഞ കാഴ്ചയാണ് മങ്കടയിലുണ്ടായത്. മങ്കടയിലെ മച്ചാന്‍ പെരിന്തല്‍മണ്ണയില്‍ ചെന്ന് ജയിച്ചു നിയമസഭയിലെത്തിയാല്‍ അവിടെ വിളമ്പിവച്ചിട്ടുണ്ടാകും മന്ത്രിസ്ഥാനമെന്നാണ് മോഹിപ്പിച്ചിരുന്നത്. അങ്ങനെയാണ് അലിയുടെ പട്ടാളം പച്ചക്കുപ്പായം ഇട്ടത്. കുപ്പായം മാറിയതു മിച്ചം. അലിക്കു മുന്നില്‍ കോണി കാണാനില്ല. ലീഗിന് ആകെ കിട്ടിയത് നാലു മന്ത്രിസ്ഥാനമാണ്. ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തിലാകെ പത്തു സീറ്റ് തികയ്ക്കില്ലായിരുന്നു. എന്നിട്ടും അഞ്ചാം മന്ത്രിപദവുമില്ല; ചീഫ്വീപ്പ് പദവിയുമില്ല-എന്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലുമില്ല. പണ്ട് 1960ല്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാത്ത കോണ്‍ഗ്രസുകാര്‍ ലീഗ് നേതാവിനെ സ്പീക്കറാക്കാന്‍ തൊപ്പി ഊരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയെ നെഹ്റു വിളിച്ചത് ചത്ത കുതിരയെന്നാണ്. ചത്ത കുതിരയായാലും കോവര്‍ കഴുതയായാലും ലീഗിനെ ഇന്നത്തെ കോണ്‍ഗ്രസ് വിടില്ല.

ലീഗിന് എന്നിട്ടും ഊണ് ഉമ്മറപ്പടിയില്‍ തന്നെ. കോണ്‍ഗ്രസ് ആപ്പ് വിദഗ്ധമായി ഊരിയിരിക്കുന്നു. ലീഗിന്റെ വാല് കുരുങ്ങിക്കിടപ്പാണ്. വലിയ കക്ഷിയെന്നൊക്കെ പറയാമെന്നേയുള്ളൂ. ലീഗ് വേണമെങ്കില്‍ കോണ്‍ഗ്രസിനെ സേവിച്ചുകൊള്ളുക; കിട്ടുന്നതു വാങ്ങി തൃപ്തിപ്പെട്ടുകൊള്ളുക. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിയായാല്‍ മതി. മുനീറിന് വകുപ്പില്ലെങ്കിലും സാരമില്ല-കൊടിവച്ച കാറുമതി. അതിനിടയില്‍ പാവപ്പെട്ട ലീഗുകാരന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെയും മഞ്ഞളാംകുഴി അലിയുടെയും ശബ്ദത്തിനെന്തു വില. നാണംകെട്ടത് പാണക്കാട്ടെ തങ്ങളാണ്. പണ്ട് വെള്ളിത്താലത്തിലാക്കി കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ മന്ത്രിസ്ഥാനം കൊണ്ടുകൊടുക്കുമായിരുന്നു. ഇക്കുറി തങ്ങള്‍ കോട്ടയത്ത് ചെല്ലേണ്ടിവന്നു. മലപ്പുറത്ത് തിരികെച്ചെന്ന് അഞ്ചു മന്ത്രിമാരെ സ്വയം പ്രഖ്യാപിച്ചു. തങ്ങളുടെ വാക്കാണ് വാക്കെന്ന് ലീഗുകാര്‍ പണ്ടൊക്കെ കരുതിയിരുന്നു. ഇപ്പോള്‍ ആ വാക്ക് പഴയ ചാക്കിനു സമം. യഥാര്‍ഥ ചാക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. പാണ്ടിക്കടവത്ത് തറവാട്ടിലാണ് തീരുമാനം വിരിയുന്നത്. അഞ്ചാംമന്ത്രി അലിയാണെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ അഞ്ചാം മന്ത്രിയേ ഇല്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പാര കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് ഉറപ്പാക്കിയ ചെന്നിത്തല ചിക്കാഗോക്ക് പറന്നു.

അധികാരം ഉമ്മന്‍ചാണ്ടിക്കെങ്കില്‍ അതു നിലനിര്‍ത്താനുള്ള പാടും ഉമ്മന്‍ചാണ്ടി തന്നെ ചുമക്കട്ടെയെന്ന് ചെന്നിത്തലയുടെ മതം. മഞ്ഞാളംകുഴി അലിയിപ്പോള്‍ മുന്‍ നിയുക്ത അഞ്ചാം മന്ത്രിയാണ്. ഇങ്ങനെയൊരു അവസ്ഥ പണ്ട് വീരേന്ദ്രകുമാറിനേ വന്നിട്ടുള്ളൂ. വീരന്‍ പക്ഷേ, ഒരു ദിവസമെങ്കിലും മന്ത്രിയായി. അലിക്ക് ഇനി എന്നുവരും ആ സുദിനം?

*

പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറങ്ങുകയാണ്. മന്ത്രി ആകാമെന്ന് മോഹിച്ചു; സ്പീക്കറാകാന്‍ കച്ചകെട്ടി; ഒടുവില്‍ കിട്ടിയത് ചീഫ്വിപ്പിന്റെ പണി. കാറുണ്ട്; ബംഗ്ലാവുണ്ട്. ഇപ്പോള്‍ ചെയ്യുന്ന പണിക്ക് അനുയോജ്യമായ പദവിതന്നെ. ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷം കളിക്കാം. പി ജെ ജോസഫിന് പാരവയ്ക്കാം. മാണിയെ നക്കിക്കൊല്ലാം. ശല്യം കുറയ്ക്കാനാണ് ജോര്‍ജിനെ അച്ചടക്കത്തിന്റെ വടിയും കൊടുത്ത് ഇരുത്തുന്നതത്രേ. ജോസഫിനെയും മാണിയെയും ഈരാറ്റുപേട്ട ചന്തയില്‍ വിലപറഞ്ഞു വിറ്റ പണം ജോര്‍ജിന്റെ പോക്കറ്റിലുണ്ട്. ചീഫ് വിപ്പിനെ ഒന്നു മനസ്സിരുത്തി ശ്രദ്ധിക്കുന്നതു നന്ന്. രണ്ടു സീറ്റില്‍ ഞാന്നുകിടക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ "കരുതല്‍" വകുപ്പ് ഇനി ജോര്‍ജിനാണ്. എല്‍ഡിഎഫ് വിട്ട് വലത്തോട്ടുപോയവരില്‍ അങ്ങനെ ജോസഫിനും ജോര്‍ജിനും കൂടുകിട്ടി. പാവം വീരന്‍ മൂലയ്ക്കായി. മകന്റെ സ്വത്തും പോയി മാനവും പോയി.

കൂടുവിട്ടു കൂടുമാറിയവരില്‍ അബ്ദുള്ളക്കുട്ടിയേ ശരിക്കും രക്ഷപ്പെട്ടിട്ടുള്ളൂ. കുട്ടിയുടെ മിടുക്കോ കുട്ടിയെ കിട്ടിയ കോണ്‍ഗ്രസിന്റെ മിടുമിടുക്കോ എന്നറിയില്ല. ഉംറയ്ക്കു പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്; വോട്ടുചെയ്തു ജയിപ്പിക്കണേ എന്ന കരച്ചില്‍കേട്ടാല്‍ സത്യവിശ്വാസിയുടെ മനസ്സ് അലിഞ്ഞുപോകും. ഒന്നുരണ്ടു തവണ അത്തരം കള്ളങ്ങള്‍ വേവിച്ചെടുക്കാന്‍ ഏതു സുധാകരനും കഴിയുമല്ലോ. അലിയുടെ കാര്യം അധോഗതിയായി. ഡോ. കെ എസ് മനോജിനെ കാണാനില്ല. സിന്ധുജോയി എവിടെ പോയെന്ന് മഷിയിട്ടുനോക്കണം. ഗൗരിയമ്മ സ്വന്തം പാര്‍ടിയോടൊപ്പം റിട്ടയര്‍ചെയ്തു. എം വി രാഘവന്റെ പാര്‍ടിയെവിടെ എന്ന് പത്രപ്പരസ്യം കൊടുത്താലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. സൂചി കുത്താന്‍ ഇടം തരില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞുകളഞ്ഞത്. ഇനിയിപ്പോള്‍ കോണ്‍ഗ്രസിന്റെ താണ്ഡവമാണ് നടക്കുക.

പലരും കരുതുന്നത് ചെന്നിത്തല വലിയ സംഭവമാണെന്നത്രേ. ഞാന്‍ ഈഴവനാണെന്ന് ഞാന്‍തന്നെ പറഞ്ഞാല്‍ ആര്‍ക്ക് എന്തു ചേതം എന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. അതുപോലെ ഒരു നായര്‍ കാര്‍ഡ് ചെന്നിത്തലയുടെ കൈയിലുമുണ്ട്. എന്നെ നായരാക്കിക്കളയല്ലേ എന്നാണ് പുള്ളി അമേരിക്കന്‍ പര്യടനത്തിനുമുമ്പ് വിലപിച്ചിരുന്നത്. എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെയുണ്ടോ എന്ന ചോദ്യത്തിന് ഭരണഘടനാപരമായ വിലക്കില്ല. ആ പറച്ചില്‍കൊണ്ട് സുകുമാരന്‍നായരുടെ ഒരു ശരിദൂരച്ചിരി കിട്ടിയതു മിച്ചം. ഉമ്മന്‍ചാണ്ടി ഹരിപ്പാട്ടേക്കയച്ച ഓര്‍ത്തഡോക്സ് മിസൈല്‍ സുകുമാരന്‍നായരുടെ പ്രതിരോധ-ശരിദൂര മിസൈലുപയോഗിച്ച് നിര്‍വീര്യമാക്കി. പക്ഷേ, സര്‍ക്കാരില്‍ ചെന്നിത്തലയ്ക്ക് കാര്യമൊന്നുമില്ല. ഒതുങ്ങിപ്പോയി പാവം. ഭരണം ഉമ്മന്‍ചാണ്ടിയുടെ കൈകളിലാണ്. പല്ലക്ക് ചുമക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയുമാണ്. തല്‍ക്കാലം ഒരു ശരിദൂരത്തില്‍ നിന്നാല്‍ ചെന്നിത്തലയ്ക്ക് പിഴച്ചുപോകാം. എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുകാരോട് പറഞ്ഞാല്‍ മതി. അവര്‍ വിചാരിക്കുന്നതെല്ലാം നടക്കും.

*

അഞ്ചാം എസ്റ്റേറ്റ് വന്നതുകൊണ്ടാകണം. നാലാം എസ്റ്റേറ്റ് അല്‍പ്പം ക്ഷീണത്തിലാണ്. ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പു നടത്തി. വോട്ടെണ്ണാന്‍ നോക്കുമ്പോള്‍ കെട്ടിവച്ച ബാലറ്റില്‍ ഇരുപത്തിയൊന്‍പതെണ്ണം കാണാനില്ല. വീണ്ടും പോളിങ്ങും എണ്ണല്‍ ആഘോഷവും നിശ്ചയിക്കേണ്ടിവന്നു. നാലാം എസ്റ്റേറ്റുകാരുടെ യൂണിയന്റെ ബാലറ്റ് പൊക്കിയത് അഞ്ചാം എസ്റ്റേറ്റുടമകളാണോ എന്ന സംശയം നിലനില്‍ക്കുന്നു. സംശയനിവൃത്തി വരുത്തേണ്ട ഉന്നതശീര്‍ഷര്‍ ശീര്‍ഷാസനത്തിലാണ്.

സര്‍വജ്ഞനാണെങ്കിലും അഞ്ചാം എസ്റ്റേറ്റിന്റെ ഗാഫര്‍ഖാന്‍ ബി ആര്‍ പി ഭാസ്കര്‍ അമളിപറ്റി കിടപ്പാണ്. എറണാകുളത്ത് സാമൂഹ്യവിരുദ്ധര്‍ കൈയേറ്റംചെയ്ത തസ്നിബാനുവിനെ കൊള്ളണോ തള്ളണോ എന്നതാണ് ബി ആര്‍ പിക്ക് മുന്നില്‍ അടുത്തകാലത്തുണ്ടായ ആഗോളപ്രതിസന്ധി. ആദ്യം ഒന്ന് തള്ളിനോക്കി.

"ഡിവൈഎഫ്ഐക്കും എന്‍ഡിഎഫിനും ശേഷം ഓട്ടോ ഡ്രൈവര്‍മാരും സദാചാര പൊലീസ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ കൈയോങ്ങുന്നവരെ സംരക്ഷിക്കാന്‍ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?"-ഇങ്ങനെയാണ് സവ്യസാചി ഫേസ്ബുക്കില്‍ അമ്പുതൊടുത്തത്.

ചര്‍ച്ച കനത്തപ്പോള്‍ ബി ആര്‍ പിക്ക് തട്ടുകിട്ടി. അപ്പോള്‍ ഇങ്ങനെ അഭിപ്രായം മാറ്റി:

"ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരുഅന്വേഷണസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവയ്ക്കുന്നുണ്ട്" (ഹമ്മോ...ഇതാര് ജെപിസിയോ).

എന്ന് വെച്ചാല്‍ ആദ്യം പറഞ്ഞത് കേട്ടപാടുള്ള കോതപ്പാട്ടായിരുന്നെന്ന്.

തുടര്‍ന്ന് ഫിഫ്ത് എസ്റ്റേറ്റിന്റെ സൈറ്റില്‍ "ഇങ്ങനെ കാക്കനാട് സംഭവത്തില്‍ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാകരുത്" എന്ന ഉപദേശം വിളമ്പി-ബി ആര്‍ പി ഭാസ്കര്‍ , എന്‍ എം പിയേഴ്സണ്‍ , ജ്യോതിനാരായണന്‍ , കെ വേണു എന്നിവര്‍ സംയുക്തമായി.

ഇതാണ് കേരള ഹസാരെമാരുടെ രാജ്യഭാരം. അവര്‍ക്ക് ആക്രമിക്കപ്പെട്ട തസ്നിയും ആക്രമിച്ച "ജനങ്ങ"ളും തുല്യരാണ്. അടുത്ത ഘട്ടത്തില്‍ ആ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു എന്ന മറ്റൊരു പ്രസ്താവനയും കണ്ടു. അതില്‍ തസ്നി വീരനായികയെന്നായി.

സൂര്യന് താഴെ എന്തിനോടും പ്രതികരിക്കും ബി ആര്‍ പിയുടെ അഞ്ചാം എസ്റ്റേറ്റ്. കാളപെറ്റു എന്നുകേട്ടാല്‍ പ്രതിഷേധ പ്രസ്താവനയിറക്കും, പശുവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടും, ഉപവാസം കിടക്കും, കയറുംകൊണ്ട് പേറെടുക്കാന്‍ പോകുകയും ചെയ്യും.

അഞ്ചാം എസ്റ്റേറ്റിന്റെ ഉടമകള്‍ കാണാത്ത ഒരേയൊരു എസ്റ്റേറ്റ് വയനാട് കൃഷ്ണഗിരിയിലേതാണ്.

Sunday, June 19, 2011

കൂടുമാറിയ ആ നാലുപേര്‍

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു നടത്തിയാല്‍ കുറഞ്ഞത് നൂറ്റിയിരുപത് സീറ്റ് എല്‍ഡിഎഫിന് കിട്ടും. ഒരുമാസംകൊണ്ട് ഉമ്മന്‍ചാണ്ടി അത്രയും ദൂരം അതിവേഗത്തില്‍തന്നെ പോയ്ക്കഴിഞ്ഞു. വാര്‍ത്ത വരുത്താനുള്ള ചില പൊടിക്കൈകള്‍ ഉണ്ട്-അതിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വഘോഷണം പൊടിപൊടിക്കുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതിലും മിടുമിടുക്ക് തന്നെ. അതിനപ്പുറം ശുദ്ധ ശൂന്യമാണ് നേട്ടപ്പട്ടിക. നേട്ടങ്ങളുണ്ടായത് മന്ത്രിമാര്‍ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും അബ്കാരികള്‍ക്കുമാണ്. മൂന്നാറിലും വാഗമണിലും മലകള്‍തന്നെ വെട്ടിപ്പിടിക്കുകയാണ്് "വികസനവും കരുതലും" എന്നതാണ് മുദ്രാവാക്യം.

ഭൂമികൈയേറ്റക്കാരുടെ വികസനവും യുഡിഎഫിന്റെ "കരുതല്‍ധന" ശേഖരണവും. അത്തരമൊരു ദിശാബോധത്തിന്റെ മുപ്പതു ചുവടുകളേ ഉമ്മന്‍ചാണ്ടി പത്രപ്പരസ്യത്തില്‍ എണ്ണിപ്പറയുന്നുള്ളൂ. അതിവേഗം ചിലതെല്ലാം ചെയ്തുതീര്‍ത്തില്ലെങ്കില്‍ നൂറുദിവസം തികയ്ക്കാന്‍ വലിയ വിഷമമാകും. കേസുകള്‍ പലതും പത്തിനിവര്‍ത്തി നില്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും മുനീറും അടൂര്‍ പ്രകാശും ടി എം ജേക്കബ്ബുമെല്ലാം എപ്പോള്‍ പിടിക്കപ്പെടുമെന്ന് ഒരു തിട്ടവുമില്ല. അവരെയൊക്കെ രക്ഷിക്കണം-അതിനായി കേസുകള്‍ അട്ടിമറിക്കണം. സത്യസന്ധമായി അന്വേഷണം നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ എണ്ണപ്പന ഗവേഷണകേന്ദ്രത്തിലേക്കും സോപ്പുകമ്പനിയിലേക്കും വിടണം. സാധാരണ റബര്‍മരം മൂത്ത് പെരുത്താലാണ് കടുംവെട്ടിന് വിടുക. ഇവിടെ റബര്‍ തൈതന്നെ വെട്ടി ജ്യൂസെടുക്കുകയാണ്. നാളെ പുലരുമ്പോള്‍ മന്ത്രിക്കസേര ഉണ്ടാകുമോ എന്ന വ്യാധിയാണ് പുതുപ്പള്ളിയിലെ മോന്തായത്തിനുമുതല്‍ പിറവത്തെ കഴുക്കോലിനുവരെ.

കോണ്‍ഗ്രസ് ഇവിടെയൊന്നും നന്നാവാഞ്ഞിട്ട് രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പറന്നിരിക്കുന്നു. മുരളീധരന്‍ വിമാനം കയറുന്നത് പലരും കണ്ടു. പിന്നെ വിവരമില്ല. വല്ല വിമാനമുടക്കവും മൂലം രണ്ടുപേരും തിരിച്ചെത്താന്‍ വൈകിയാല്‍ നിയസഭയിലെ കാര്യം കഷ്ടമാകും. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ശ്രദ്ധിച്ചാല്‍ പോരാ-എംഎല്‍എമാര്‍ കൃത്യമായി എത്തുന്നുണ്ടോ എന്നുകൂടി നോക്കണം. വി ഡി സതീശന്റെ പിണക്കം തീര്‍ന്നിട്ടില്ല; അങ്ങനെയൊന്നും തീരുകയുമില്ല. പി സി ജോര്‍ജ് ഇനി പി ജെ ജോസഫിനെതിരെ ആരെക്കൊണ്ട് കേസുകൊടുപ്പിക്കും എന്ന് കണ്ടെത്തി റിപ്പോര്‍ട്ടുചെയ്യാന്‍ ചാരസംഘത്തെ അയക്കണം. സ്വന്തം പാര്‍ടിയില്‍പ്പെട്ടവരെ കുത്തിമറിച്ചിടുന്നതില്‍ ഡോക്ടറേറ്റെടുത്തയാളാണ് ഈരാറ്റുപേട്ടക്കാരന്‍ . അത്തരം ജോലിക്ക് ക്വട്ടേഷനും എടുക്കുന്നുണ്ട്. സ്വന്തം പാര്‍ടിക്കാര്‍ക്കെതിരെ കേസുകൊടുക്കണോ; അപമാനിക്കണോ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണോ; വക്കീലന്‍മാരെ ഏര്‍പ്പാടുചെയ്യണോ-എന്തിനായാലും ജോര്‍ജിനെ സമീപിച്ചാല്‍ മതി. മാണി കുറെ സഹിച്ചു. ഇപ്പോള്‍ ജോസഫിന്റെ ഊഴം. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലെന്ത്...മന്ത്രിയുടേതിനേക്കാള്‍ ജോലിയുണ്ട്. നിയുക്ത അഞ്ചാംമന്ത്രി മങ്കടയില്‍നിന്ന് പെരിന്തല്‍മണ്ണവഴി തിരുവനന്തപുരത്തെത്തിയെങ്കിലും അടുത്ത ബസിന് തിരിച്ചുപോകേണ്ടിവന്നു.

മന്ത്രിപദം എന്ന അത്തറുപൂശിയ മണിയറ കിനാക്കണ്ട് അത്തറുവിറ്റ പണം ഒരുപാട് വാരിയെറിഞ്ഞു. പണത്തിനുമീതെയും പറക്കുന്ന പരുന്ത് ലീഗിലുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. പാവം പാണക്കാട്ടെ തങ്ങളെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചിട്ടും വാശി പിടിപ്പിച്ചിട്ടും കാര്യം നടക്കുന്നില്ല. അലിഭായിക്ക് കുഞ്ഞീക്കയെ ശരിക്കും മനസിലായിട്ടില്ല. നാടകത്തിനൊടുവില്‍ പാണക്കാട് തങ്ങളുടെ മൂല്യത്തിന് ശോഷണം സംഭവിച്ചത് മിച്ചം. അലിക്കുവേണമെങ്കില്‍ ചീഫ് വിപ്പ് എന്ന അലുവക്കഷണവുംകൊണ്ട് പോകാം-അതും പി സി ജോര്‍ജ് കനിഞ്ഞാല്‍മാത്രം.
*
ആരോ പറയുന്നത് കേട്ടു ആ നാലുപേര്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയേനെ എന്ന്. നാലുപേര്‍ ആരൊക്കെയെന്നല്ലേ-പി സി ജോര്‍ജ്, മഞ്ഞളാംകുഴി അലി, കെ പി മോഹനന്‍ , ശ്രേയാംസ് കുമാര്‍ . ഇതില്‍ മോഹനനും ശ്രേയാംസും പോയത് വീരേന്ദ്രകുമാറിന്റെ പുറകെയാണെന്നതുകൊണ്ട് എണ്ണം മൂന്നാക്കി ചുരുക്കാം. ഈ മൂവരും എന്തിനു പോയി, എങ്ങനെയുള്ളവരാണ്, എല്‍ഡിഎഫിന് എന്തുചെയ്തു എന്നുമാത്രമല്ല; ആരെങ്കിലും ഇവരെ പറഞ്ഞുവിട്ടതാണോ എന്നുകൂടി അന്വേഷിച്ചുള്ള കൊട്ടിപ്പാട്ടല്ല ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലൊരാളെ കൂടെക്കൊണ്ടുനടന്ന് കിട്ടുന്ന ഭരണം ഉമ്മന്‍ചാണ്ടിക്കേ പാല്‍പ്പായസമാകൂ. രാഷ്ട്രീയം ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും മാഫിയാ പ്രവര്‍ത്തനത്തിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയുമാണെന്നു കരുതുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് ജോര്‍ജ് മഹായോഗ്യന്‍ . വീരേന്ദ്രകുമാര്‍ അതിലും മഹാന്‍ . ശ്രേയാംസ്കുമാറിനോട് ഹൈക്കോടതി പറഞ്ഞത് അല്‍പ്പം മാന്യതയുണ്ടെങ്കില്‍ വെട്ടിപ്പിടിച്ച് കൈവശം വയ്ക്കുന്ന പതിന്നാലേക്കര്‍ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോകണം എന്നാണ്. തര്‍ക്കമുണ്ട്, തീര്‍പ്പുണ്ടാക്കിത്തരണം എന്ന അപേക്ഷയുമായാണ് എംഎല്‍എകുമാര്‍ ഹൈക്കോടതിയിലെത്തിയത്.

ഇപ്പോഴിതാ തീര്‍പ്പു വന്നു-ഇനി ഭൂമിയില്‍ നിന്നിറങ്ങാന്‍ മുഹൂര്‍ത്തം നോക്കേണ്ടതുണ്ടോ? അതോ ഇനിയും കെട്ടിപ്പിടിത്തവും വെട്ടിപ്പിടിത്തവും തുടരുകയോ? രണ്ടായാലും ജൂണ്‍ മുപ്പത് എന്നൊരു തീയതിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് കൃഷ്ണഗിരിയിലേക്ക് പൊലീസിനെ അയക്കാം. ഇറക്കി വിടേണ്ടത് ചില്ലറക്കാരനെയല്ലല്ലോ. നിയമസഭയിലെ എഴുപത്തിരണ്ടില്‍ ഒന്ന് ഈ ഭൂമി കൈയേറ്റക്കാരനാണ്. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. കെ പി മോഹനനെക്കുറിച്ച് തല്‍ക്കാലം ഒന്നും പറയാന്‍ തോന്നുന്നില്ല. സ്വന്തം മനസിലുള്ളത് വീരേന്ദ്രകുമാറിന്റെ മുന്നില്‍ പറയാനുള്ള ധൈര്യം എന്നെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

ഏതായാലും ഇപ്പറഞ്ഞ നാലുപേര്‍മൂലമാണ് എല്‍ഡിഎഫ് തോറ്റുപോയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നന്നായിപ്പോയി എന്നേ ശതമന്യുവിന് പ്രതികരണമുള്ളൂ. ആ പ്രതികരണം പഴയ കോഴിയമ്മക്കഥയിലുള്ളതുപോലെയല്ല. കോഴിയമ്മയുടെ കഥ ഇങ്ങനെ ഓര്‍ക്കാം: ആരാണ് നെല്‍ക്കതിര്‍ കൊണ്ടു വന്നത്? കോഴിയമ്മ. ആരാണ് നെല്ല് &മലഹശഴ;കുത്തിയത്? കോഴിയമ്മ. ആരാണ് അപ്പം ചുട്ടത്? കോഴിയമ്മ. പക്ഷേ, ആ അപ്പം തിന്നാന്‍ എത്ര പേരാണ്. "എന്നാല്‍ കോഴിയമ്മ തന്നെ അപ്പം തിന്നോളാം, നിങ്ങള്‍ പോയി മുറ്റത്തെ മണ്ണ് തിന്നിന്‍" എന്ന് ആരും പറയാത്തതുകൊണ്ട് ചിലരെല്ലാം പിഴച്ചുപോകുന്നു. എന്നാലും കോഴിയമ്മയെ ഒന്നു കുത്താന്‍ എന്തൊരുത്സാഹമാണെന്നോ. കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിച്ച് സഭയിലെത്തി പദവി കിട്ടിയപ്പോള്‍ തനിക്ക് വോട്ട് കുറയാന്‍ കാരണം കോണ്‍ഗ്രസുകാരാണെന്ന് പറയുന്നയാള്‍ക്ക് പണ്ട് കോഴിയമ്മ കൊടുത്ത മറുപടിതന്നെ ഉചിതം.

*
ഉമ്മന്‍ചാണ്ടിയുടെ മുപ്പത് നേട്ടപ്പട്ടികയില്‍ സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും പിള്ളയെ വിട്ടയക്കാന്‍ ഫയല്‍ നീക്കിയതും ബിവറേജസ് കോര്‍പറേഷന്റെ 21 വില്‍പ്പനശാല വേണ്ടെന്നുവച്ച് അബ്കാരികളെ കെട്ടിപ്പുണര്‍ന്നതും കള്ള് സംഘങ്ങള്‍ക്ക് കൊലക്കയര്‍ മുറുക്കിയതും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതും ഇല്ലാതെ പോയത് കഷ്ടംതന്നെ. അവയൊക്കെയാണല്ലോ വലിയ നേട്ടങ്ങള്‍ . എംആര്‍എഫുകാരന്റെ കള്ളപ്പണത്തിന്റെയും പിഴയൊടുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെയും വാര്‍ത്ത വായിക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി.

*
നമ്മുടെ ഭൂസമര നായകരെയൊന്നും വയനാട്ടില്‍ കാണുന്നില്ല. കോടതി പറഞ്ഞത് മാന്യതയില്ലാത്ത കൈയേറ്റം എന്നാണ്. അത് ഏറ്റുപറയാന്‍ താടിയുള്ളവരും ഇല്ലാത്തവരും "മരമേ മനമേ മാനേ മയിലേ" കവിതക്കാരുമൊന്നും വയനാടന്‍ ചുരം കയറുന്നില്ല. പുളിയാര്‍ മലയിലേക്ക് ചെല്ലേണ്ടതില്ല-കുറഞ്ഞ പക്ഷം ഒരു കൂട്ട പ്രസ്താവനയെങ്കിലും മഹദ് പേനകളില്‍നിന്നുതിര്‍ന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ആശ മനസ്സില്‍ തന്നെ കിടക്കട്ടെ. പുറത്തുവന്നാല്‍ നാളെമുതല്‍ മാതൃഭൂമിയില്‍ പേരു വരില്ല; കഥയും കവിതയും വരില്ല. പോരാഞ്ഞ് നന്ദകുമാറിന്റെ ക്രിമിനല്‍ വാരികയില്‍ ആത്മകഥ അച്ചടിച്ചു വരികയുംചെയ്യും.

Sunday, June 5, 2011

അഴിമതിവിരുദ്ധ ദിവ്യാത്ഭുതം

പാതിരാവില്‍ രാംലീല മൈതാനിയില്‍ കയറി നാടകമാടാന്‍ ഡല്‍ഹിയിലെ പൊലീസ് കുഞ്ഞുങ്ങളെ വിട്ടത് കോണ്‍ഗ്രസിന്റെ മിടുക്കോ രാംദേവ് ബാബയുടെ മിടുക്കില്ലായ്മയോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. രണ്ടായാലും ബാബാ രാംദേവ് കടപൂട്ടി. ഇനി കച്ചവടം ആര്‍എസ്എസിന്റെ ഫ്രാഞ്ചൈസി വഴിയാണത്രെ. എയര്‍ കൂളറിന്റെയും ഫാനിന്റെയുംകീഴില്‍ പത്തുപന്ത്രണ്ട് മണിക്കൂര്‍ ഉണ്ണാവ്രതമിരുന്നപ്പോള്‍ത്തന്നെ സ്വാമിക്ക് മതിയായി. സ്റ്റേജില്‍നിന്ന് എടുത്തുചാടിയത് ശിഷ്യരത്നങ്ങളുടെ തിരുദേഹങ്ങള്‍ക്കുമുകളിലാണ്. യോഗാഭ്യാസം കുലത്തൊഴിലായതുകൊണ്ട് അപായമുണ്ടായില്ല. പണ്ടൊരു സോഷ്യലിസ്റ്റ് സമരനായകന്‍ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വിളിച്ച മുദ്രാവാക്യം "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ" എന്നായിരുന്നു.

സോഷ്യലിസത്തെ വലിച്ചുകീറി ദൂരെ കളഞ്ഞെങ്കിലും പാര്‍ടിക്കൊപ്പം സോഷ്യലിസ്റ്റ് എന്ന പേര് ഇന്നും കൊണ്ടുനടക്കുന്നുണ്ട് കണ്ണും മനസ്സും എരിഞ്ഞ് മിണ്ടാപ്രാണികളായ സഖാവ് അച്ഛനും സഖാവ് മകനും. രണ്ടുകൂട്ടരും ആരെയെങ്കിലും സഖാവെ എന്നോ മറ്റോ വിളിച്ചാല്‍ തൊട്ടുപുറകെ വരുന്നുണ്ട് ഒരു കൂറ്റന്‍ പണി എന്ന് കരുതിക്കൊള്ളണം. കെ പി മോഹനന് മന്ത്രിപ്പണി കിട്ടിയെങ്കില്‍ അതിലും വലിയ ഒന്ന് വഴിയില്‍ തങ്ങാതെ നേരെയിങ്ങ് വരും എന്നര്‍ഥം. മീശയില്ലാത്ത സോഷ്യലിസ്റ്റ് സ്വാമിയെപ്പോലെയല്ല താടിയും മീശയുമുണ്ടെങ്കിലും കുപ്പായമിടാത്ത രാംദേവ് സ്വാമി. കണ്ണെരിഞ്ഞാലും സമരം നയിക്കുമെന്നാണ് ആ സ്വാമി പറഞ്ഞുകളഞ്ഞത്. പൂച്ചസന്യാസിമാരുടെ കാലമാണ്. കണ്ടാല്‍ മഹാമാന്യനാകും. പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ. വാതുറന്നാല്‍ ആദര്‍ശമേ പറയൂ. ആദര്‍ശധീരന്‍ , അഴിമതിവിരുദ്ധന്‍ , കള്ളപ്പണവിദ്വേഷി, നിഷ്കാമ കര്‍മി, യോഗാചാര്യന്‍ തുടങ്ങിയ പേരുകളിലാണറിയപ്പെടുക. നാലാളെ കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകാത്ത ചിലതൊക്കെ പറയണം. മൈക്ക് കൈയിലെടുത്ത് അര്‍ഥമില്ലാത്ത വചനങ്ങള്‍ താളത്തില്‍ ചൊല്ലണം. സ്റ്റേജില്‍ കയറി നൃത്തംചെയ്യണം. സൈക്കിളിന് പഞ്ചറൊട്ടിക്കാന്‍ കാലണ കൈയിലില്ലാത്ത പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയേ അരുത്. ജനിച്ചതുതന്നെ വെള്ളിക്കരണ്ടി വായില്‍ വച്ചുകൊണ്ടാണെന്ന് ഇടയ്ക്കിടെ പറയണം. ക്യാന്‍സറിനും അസൂയക്കും അഴിമതിക്കും അപൂര്‍വ മരുന്നുകള്‍ താന്‍ കണ്ടുപിടിച്ചെന്നും വേണ്ടവര്‍ മടിച്ചുനില്‍ക്കാതെ കടന്നുവന്ന് വാങ്ങിക്കൊള്‍കയെന്നും പത്രദ്വാരങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ടേയിരിക്കണം. ഏതുകച്ചവടത്തിനും അല്‍പ്പസ്വല്‍പ്പം മുതല്‍മുടക്കുവേണം. ദിവ്യനാകാന്‍ ഒരു നയാപൈസ ചെലവിടേണ്ടതില്ല. തേങ്ങാമോഷണം പതിവാക്കിയ ആള്‍ ഇഹലോകത്തിന്റെ പരമാചാര്യനായി മാറുന്നത് കണ്ടവരാണ് കേരളീയര്‍ . ജീവിക്കാന്‍ ഗതിയില്ലാതെയോ കടക്കാരില്‍നിന്ന് രക്ഷപ്പെടാനോ ഹിസ്റ്റീരിയ എന്ന മനോരോഗത്തിന്റെ പിടിയില്‍പെട്ടോ ഒരു ദിവ്യസന്യാസിക്ക് ജനിക്കാം. ആദ്യം ചില അരുളപ്പാടുകള്‍ മതിയാകും. അടുത്ത ഘട്ടം അനുഗ്രഹവര്‍ഷം ചൊരിഞ്ഞാല്‍ മതി. പിന്നെ ദിവ്യത്വം താനേ വന്നുകൊള്ളും. കൈനോട്ടം, മഷിനോട്ടം, വെറ്റിലജ്യോത്സ്യം, ഉറുക്കെഴുത്ത്, വെള്ളം മന്ത്രിച്ചൂതല്‍ തുടങ്ങിയ കലകളില്‍ പ്രാവീണ്യമുണ്ടെങ്കില്‍ ചെറുകിട ദിവ്യനാകാം.

ഇടത്തരം ദിവ്യന്മാര്‍ക്ക് അല്‍പ്പമെങ്കിലും വേണം ശ്വസനകലയോ യോഗാഭ്യാസമോ. ഷേവ് ചെയ്യാത്ത മുഖവും ജടയും കാഷായവസ്ത്രവുമായി നാലഞ്ചാളെ ചുറ്റുമിരുത്തി ഭജന പാടിക്കാം. പറ്റുമെങ്കില്‍ കോവളത്ത് വിനോദസഞ്ചാരത്തിനുവന്ന് പണം തീര്‍ന്ന് കുടുങ്ങിപ്പോയ സായ്പിനെയും മദാമ്മയെയും പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് കൂടെയിരുത്തണം. ഭജന, ഭക്തജനദര്‍ശനം, വിഭൂതിദാനം, പൂജ, മന്ത്രാലാപം-ഇത്രയുമായാല്‍ ദിവ്യത്വമായി. പിന്നെ പണം വരും. ആശുപത്രികളും കോളേജുകളും ഉയരും. ദേശത്ത് ആശ്രമം, വിദേശത്ത് ദ്വീപ്. എവിടെ നിന്നുവരുന്നു പണവും പൊന്നുമെന്ന് ആരോടും പറയേണ്ടതില്ല. അങ്ങനെയങ്ങനെ ശിഷ്യഗണങ്ങളും സമൃദ്ധഭക്ഷണവുമായി സസുഖം വാഴുമ്പോഴാണ് അഴിമതിക്കെതിരെ ഒരു സമരം നടത്തിയാലെന്തെന്ന് തോന്നുക. നമ്മുടെ രാംദേവ സ്വാമിക്കും അതുതന്നെ തോന്നി. ഗാന്ധിത്തൊപ്പിയും വച്ച് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ സമരനായകനായപ്പോള്‍ വന്ന ജനക്കൂട്ടം ആരെയും അമ്പരപ്പിക്കുന്നതുതന്നെ. ആളുകള്‍ വന്നത് ഹസാരെയെ കണ്ടിട്ടല്ലെന്നും അഴിമതി കണ്ട് പൊറുതിമുട്ടിയിട്ടാണെന്നും രാമദേവ സ്വാമിക്ക് നന്നായറിയാം. എങ്കില്‍ ഹസാരെയെന്തിന്, താന്‍ തന്നെ ഒരു മുട്ടന്‍ ഹസാരെയല്ലേ എന്ന് തോന്നിപ്പോയതില്‍ അത്ഭുതമില്ല. അങ്ങനെയാണ് നാല് കോടി ചെലവിട്ട് പന്തലൊരുങ്ങിയതും ഹൈടെക് നിരാഹാരം തുടങ്ങിയതും.

അഴിമതി എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ കോണ്‍ഗ്രസിെന്‍റ മുട്ടിടിച്ചുതുടങ്ങും. അങ്ങനെ ആവാതെതരമില്ല. കനിമൊഴിയും രാജയും കല്‍മാഡിയും പോയ വഴിക്ക് ആരെല്ലാം പോകാനിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിലെ പേടി. അഴിമതിക്കെതിരെ ഏതു കള്ളന്‍ സമരം ചെയ്താലും ബസുമതി അരികൊണ്ട് കഞ്ഞിവച്ചുകൊടുക്കുക മാത്രമല്ല, ചമ്മന്തിയും അരച്ചുകൊടുക്കും കോണ്‍ഗ്രസ്. അങ്ങനെയാണ് രാംദേവിനെത്തേടി ഉമ്മന്‍ചാണ്ടിയുടെ നേതാക്കന്മാര്‍ അങ്ങോട്ടുപോയത്. എട്ടാം ക്ലാസും ഗുസ്തിയുംകൊണ്ട് യോഗാചാര്യപ്പട്ടം ചൂടിയ രാംദേവിനുണ്ടോ ശനിയും സംക്രാന്തിയും. ബാബ വിചാരിച്ചു, താന്‍ തന്നെ കേമന്‍ എന്ന്. കോണ്‍ഗ്രസ് പെട്ടു. അങ്ങനെ പാതിരാവില്‍ പൊലീസിനെ അയക്കേണ്ടിവന്നു. അഴിമതി തുടച്ചുനീക്കാന്‍ ഒരവതാരം. കള്ളപ്പണത്തെ പിടിച്ചുകെട്ടാന്‍ മറ്റൊരവതാരം. ധര്‍മസംസ്ഥാപനാര്‍ഥം ഇങ്ങനെ അവതരിക്കുന്ന ദിവ്യാത്മാക്കളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍ . ഈ അവതാരങ്ങളെ ചോദ്യംചെയ്യാന്‍ പാടില്ല. അവര്‍ പണം സമ്പാദിച്ചാല്‍ അത് തിരുസമ്പാദ്യം. അവര്‍ അഴിമതികാട്ടിയാല്‍ അത് ദിവ്യാഴിമതി.

നമ്മുടെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത് അത്തരം ദൈവികമായ "സദ്കര്‍മങ്ങ"ളെയാണ്. ഇനി രാഷ്ട്രീയ പാര്‍ടികള്‍ വേണ്ട; കോടതികള്‍ വേണ്ട; ലോക്സഭയും രാജ്യസഭയും വേണ്ട- ദിവ്യാവതാരങ്ങള്‍ മതി. അവര്‍ അരുളിച്ചെയ്യുന്നതിനനുസരിച്ച് ജനാധിപത്യം ചലിക്കും. ആര്‍എസ്എസിന് ഇത് കഷ്ടകാലമാണ്. 2014ല്‍ അധികാരത്തില്‍ വരാന്‍ ഒരു ഏണിപ്പടികിട്ടിയ സന്തോഷമാണ് ഗഡ്കരിയുടെ മുഖത്ത് കണ്ടിരുന്നത്. രാംദേവ് സ്റ്റേജില്‍ കയറി നൃത്തം ചവിട്ടിയപ്പോള്‍ അടുത്ത നൃത്തം ഗഡ്കരിയുടേതെങ്കില്‍ വേദി താങ്ങുമോ എന്നാണ് സംശയമുയര്‍ന്നത്. സ്വാമിയുടെ പാളിപ്പോയ നിരാഹാരത്തിനുപകരം ഗഡ്കരി സത്യഗ്രഹമിരിക്കുകയാണത്രെ. കുടവയര്‍ കുറയ്ക്കാന്‍ ഡല്‍ഹിയില്‍ മറ്റ് വ്യായാമങ്ങളൊന്നും പതിവില്ല. ചികിത്സ ഫലിക്കുകയാണെങ്കില്‍ നമ്മുടെ ടി എച്ച് മുസ്തഫയെ ഡല്‍ഹിയിലേക്കയക്കണം.

*
അഴിമതിക്കെതിരെ പറയുമ്പോള്‍ കോണ്‍ഗ്രസിന് രാപ്പനി തുടങ്ങും. ഇവിടെ കുഞ്ഞാലിക്കുട്ടിയെയും ടി എം ജേക്കബ്ബിനെയും അടൂര്‍ പ്രകാശിനെയും അരികത്തിരുത്തിയാണ് അഴിമതിവിരുദ്ധ സംശുദ്ധഭരണം നയിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതിജ്ഞ ചൊല്ലിയത്. ആ പ്രതിജ്ഞയ്ക്കിടെയാണത്രെ രണ്ടു മന്ത്രിമാര്‍ സ്വന്തം മക്കളെ സ്വാശ്രയകോളേജില്‍ തിരുകിക്കയറ്റിയത്. നാട്ടിലെ ബുദ്ധിമാന്മാരായ ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനം നടത്താന്‍ സര്‍ക്കാര്‍ കൊടുക്കേണ്ട സീറ്റുകള്‍ സംരക്ഷിക്കേണ്ട മന്ത്രിമാര്‍ സീറ്റ് വഴിവിട്ട് സ്വന്തമാക്കി മക്കള്‍ക്ക് കൊടുത്തു. അഴിമതിക്കെതിരെ ഇതിലും സംശുദ്ധമായ യുദ്ധം കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാത്രമാണ്.

കേരളം പക്ഷേ എല്ലാംകൊണ്ടും വ്യത്യസ്തമാണെന്ന് പറയാതെവയ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ലേലം വിളിച്ചുറപ്പിച്ച് ആളെ എടുക്കുന്ന അവസ്ഥ ഇവിടെയേ കാണൂ. രണ്ടുലക്ഷം കൊടുത്ത് ജോലി തരപ്പെടുത്തിയാല്‍ പല ലക്ഷം ഉണ്ടാക്കാം എന്നുണ്ടെങ്കില്‍ ആര്‍ക്കും ചേതമില്ല. ആര്‍ത്തിയില്‍ മുമ്പര്‍ ഖദറിട്ട് വരും എന്നാണ് കേട്ടിരുന്നത്. ഇപ്പോള്‍ ആര്‍ത്തിയുടെ മൊത്തക്കച്ചവടം ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. അവരുടെ ആര്‍ത്തിയും വെകിളിയും കണ്ടാല്‍ തോന്നും-കോണ്‍ഗ്രസുകാര്‍ എത്ര ഭേദം എന്ന്. പേഴ്സണല്‍ സ്റ്റാഫ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മുമ്പന്‍ മാധ്യമപ്രവര്‍ത്തകനത്രെ. ബര്‍ഖാ ദത്ത്, വീര്‍ സാംഘ്വി, പിന്നെ കേരളത്തിലെ ആര്‍ത്തി വീര്‍ . മഞ്ഞപ്പത്രക്കാരന്‍ അഴിമതി വിരുദ്ധ പോരാട്ടനായകനായി കൊണ്ടാടപ്പെടുന്ന നാട്ടില്‍ ഇതിലപ്പുറവും നടക്കും.

Sunday, May 29, 2011

വാരല്‍ വാരാചരണം

മൂത്ത് നശിക്കാറായ റബര്‍മരം കടുംവെട്ടിന് കൊടുക്കും. അവസാനത്തെ വെട്ടാണ് അങ്ങനെ നടക്കുക. പിന്നെ വെട്ടാന്‍ അവസരം കിട്ടില്ല എന്നതുകൊണ്ടാണത്. യുഡിഎഫിനും അങ്ങനെ ഒരാധിയുണ്ട് എന്ന് കരുതണം. എപ്പോഴും തകരാവുന്നതാണ് ഭരണം എന്ന് ഓരോ മന്ത്രിക്കും തോന്നുന്നു. കിട്ടിയ അവസരത്തില്‍ കടുംവെട്ട് വെട്ടാനുള്ള പരക്കംപാച്ചിലിലാണവര്‍ .

എക്സൈസ് മന്ത്രി ബാബു ആദ്യം ഒപ്പിട്ട ഫയല്‍ സര്‍ക്കാര്‍ വക പതിനഞ്ച് മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവയ്ക്കുന്നതാണ്. ഒറ്റനോട്ടത്തില്‍തോന്നും, ഹൊ, മദ്യത്തിനെതിരെ ഇതാ വരുന്നു ഗാന്ധിജിയുടെ ഇളമുറയിലെ തൃപ്പൂണിത്തുറക്കാരന്‍ എന്ന്. മദ്യത്തിന്റെ ലഭ്യത കുറച്ച് നാടുനന്നാക്കാന്‍ പോകുന്ന കോണ്‍ഗ്രസുകാരന്‍! വേണ്ടെന്നുവച്ച പതിനഞ്ചു ഷാപ്പുകളുടെ പരിസരത്തുള്ള ബാറുകളുടെ കണക്കെടുക്കുമ്പോഴാണ് മദ്യവിരോധത്തിന്റെ മൂത്താപ്പമാരെ കാണാനാവുക. ഒരു ബാര്‍ കെ എം മാണിയുടെ ബന്ധുവീട്ടുകാരുടെ. മറ്റൊരെണ്ണം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്റെ വകയില്‍പെട്ടത്. എല്ലാ ബാറിനും യുഡിഎഫ് ബന്ധം. ബാബു ഇന്നലെവരെ ചിരിക്കുന്നതും ചീറുന്നതും ഖദറില്‍ കഞ്ഞിമുക്കുന്നതുംവരെ എറണാകുളത്തെ പോളയുള്ളതോ ഇല്ലാത്തതോ എന്ന് മനസിലാകാത്ത ഏതോ കുളത്തിലായിരുന്നു. ആ കുളത്തിന്റെ ഉടമയ്ക്ക് ബാറുകള്‍ ഇരുപത്.

ബിവറേജസ് ഷാപ്പുകള്‍ വേണ്ടെന്നുവച്ചാല്‍ അതില്‍ പകുതി ബാറുകള്‍ക്കും കച്ചവടം ഇരട്ടിയാകും. ആ നിലയ്ക്ക് നാട്ടിലെ എല്ലാ ബാറുടമകളെയും സമീപിച്ച് സമീപത്തെ ബിവറേജസ് ഷാപ്പുകള്‍പൂട്ടിക്കാമെന്ന് പറയാവുന്നതാണ്. പിരിവെങ്ങാനും ക്ലച്ചുപിടിച്ചാല്‍ മന്ത്രിസഭ ഒരുമാസം നിന്നാല്‍മതി. ബാബു തിരിഞ്ഞുനോക്കേണ്ടിവരില്ല.

*
കുഞ്ഞാപ്പയ്ക്ക് വ്യവസായം നടത്തി മടുത്തതുകൊണ്ടാണ് നഗരഭരണത്തില്‍ പൂതി പെരുത്തത്. ഒരുവകുപ്പ് മൂന്നാക്കിമുറിച്ച് ഓരോ കഷണവുംകൊണ്ടോടുന്ന പരിപാടി മുമ്പെങ്ങും കണ്ടിട്ടില്ല. നെയ്യപ്പം തിന്നപോലെയാണ്. മുനീറിനെ ഒതുക്കുകയും ചെയ്യാം നഗര വികസനം എന്ന അക്ഷയഖനിയുടെ പട്ടയം കൈക്കലാക്കുകയുമാവാം. പണ്ട് അപ്പം ഓഹരിവച്ച കുരങ്ങന്റെ കഥപോലെയാണ്. മുനീറും കുഞ്ഞാപ്പയും അപ്പത്തിനുവേണ്ടി കടിപിടികൂടിയപ്പോള്‍ മധ്യസ്ഥനായി വന്ന ഉമ്മന്‍ചാണ്ടി വലിയ കഷണവുംകൊണ്ടുപോയി. അങ്ങനെ ഗ്രാമവികസനം കെ സി ജോസഫിന് സമ്മാനമായി കിട്ടി. കേന്ദ്രഫണ്ട് പലതും വരുന്നത് ഗ്രാമവികസന വകുപ്പുവഴിയാണ്. അതുനേരെ കെപിസിസി ആപ്പീസിലെത്തും. ആ നഷ്ടം നികത്തണമെങ്കില്‍ ലീഗ് അല്‍പ്പം പാടുപെടും-എന്നുവച്ചാല്‍ വ്യവസായം തകൃതിയായി നടക്കുമെന്നര്‍ഥം.

കെ ബാബു ആദ്യം ഒപ്പിട്ടത് ബാറുകാരുടെ ഫയലിലെങ്കില്‍ അടൂര്‍ പ്രകാശിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ മുന്നില്‍തെളിഞ്ഞ മുഖം പട്ടിണികിടന്ന് വലയുന്ന മെഡിക്കല്‍കോളേജ് അധ്യാപകരുടേതാണ്. മെഡിക്കല്‍കോളേജിലെ മാഷന്‍മാരെ മേടിക്കല്‍ സാറന്‍മാരാക്കിത്തരാം എന്നാണ് പുതിയ മന്ത്രിയുടെ വാഗ്ദാനം. സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആശുപത്രിയില്‍ ജോലി, വീട്ടില്‍ ചികിത്സ, പെട്ടിയില്‍ പണം എന്നതാണ് ഫോര്‍മുല. ദിവസം ഇരുപതും മുപ്പതും ആയിരം കിട്ടിയിരുന്ന ചില സാറന്‍മാരുണ്ട്. അവര്‍ക്കിപ്പോള്‍ ഒന്നേകാല്‍ലക്ഷം ശമ്പളം കിട്ടും. അതും വാങ്ങണം, വീട്ടിലെ മേടിക്കലും തുടരണം എന്നാണ് അവരുടെ ഇംഗിതം. ഇന്നലെവരെ അതൊന്നും നടന്നില്ല. ഇന്നിനി നമ്മുടെ സ്വന്തം അടൂര്‍ പ്രകാശല്ലേ. ഡോക്ടറൊന്നിന് പത്തുലക്ഷം വച്ചു കൊടുക്കണം എന്നത്രെ ദല്ലാള്‍മാരുടെ ആവശ്യം. അതല്‍പ്പം കൂടിപ്പോയെന്നും അഞ്ചാക്കണമെന്നും പിശുക്കുമൂത്ത സാറന്‍മാര്‍ കരഞ്ഞിട്ടുണ്ട്. എന്തായാലും കിട്ടിയതില്‍ പത്തുകോടി കാണിക്കവച്ചാല്‍ സ്വകാര്യ പ്രാക്ടീസ് കെങ്കേമമാക്കാം എന്നാണ് ഉറപ്പ്.

ഇനിയും പലതും എടുക്കാനുണ്ട്. അഞ്ചുകൊല്ലം മുമ്പ് വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ വ്യവസായം ഇന്ന് നല്ലനിലയില്‍ നടക്കുകയാണ്. സര്‍ക്കാരാപ്പീസുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും പൊതുമരാമത്തിന്റെയും ഭൂമി നാടാകെ പരന്നുകിടക്കുന്നു. വിറ്റ് പണം മാറാന്‍ സാദാ മണലും കരിമണലും ബോക്സൈറ്റ് മണ്ണും ഇഷ്ടംപോലെ. സ്മാര്‍ട്സിറ്റിയില്‍ സ്മാര്‍ട്ടായി ഇടപെടാം. ഏക് ദിന്‍ കാ സുല്‍ത്താന്‍ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ എത്ര ദിവസം ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. എപ്പോഴും വീഴാം. വീഴുന്നതിന് മുമ്പ് പുരയ്ക്ക് തീകൊളുത്താം; കഴുക്കോലൂരാം; വാഴ വെട്ടാം. യുഡിഎഫില്‍ ഒറ്റക്കാര്യത്തിലേ ഇപ്പോള്‍ ഐക്യമുള്ളൂ-കൈയിട്ടു വാരുന്നതില്‍ . വാരല്‍ വാരാചരണം കഴിഞ്ഞു. ഇനി രണ്ടാം വാരം. ഇങ്ങനെ കൂട്ടത്തോടെ വാരുന്നതുകണ്ട് സഹികെട്ട് രണ്ടു ജന്മങ്ങള്‍ പുറത്തുനില്‍പ്പുണ്ട്. കരുണ ശെയ്‌വാന്‍ എന്തു താമസം എന്നാലപിച്ച് പി സി ജോര്‍ജ്. ഗാനാലാപനത്തിനുള്ള ശേഷിപോലും നഷ്ടപ്പെട്ട് പുത്രനെ മാറോടടക്കി കേണുകൊണ്ട് വയനാടന്‍ തമ്പാന്‍!

*
സ്പീക്കര്‍സ്ഥാനവും ഇല്ല എന്നാണ് പി സി ജോര്‍ജ് കേട്ട അവസാനത്തെ വാര്‍ത്ത. ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം വേണ്ട. മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് മാണിയോ ജോസഫോ എന്ന സംശയം തീര്‍ന്നിട്ടില്ല. കുറെ വര്‍ഷം തെറിവിളിച്ചു നടന്ന തന്നെ എന്തുസ്നേഹത്തോടെയാണ് മാണിസാര്‍ വിളിച്ച് അകത്തുകയറ്റി ഇരുത്തിയത് എന്നുപറഞ്ഞാണ് ലയനസമ്മേളനത്തില്‍ കണ്ഠമിടറിപ്പോയത്. അന്നത്തെ ആ ചിരിയും സ്നേഹവും കെട്ടിപ്പിടിത്തവും കൊണ്ടുപോയി കുളത്തില്‍ ചാടിക്കാനാണെന്ന് സ്വപ്നേപി നിനച്ചതല്ല. ഇന്നിതാ കുളത്തില്‍ വീണുകഴിഞ്ഞു. മറ്റു രക്ഷയൊന്നുമില്ല. ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങിയാല്‍ അടിച്ചോടിക്കുമോ ആട്ടിയോടിക്കുമോ എന്ന് മുന്‍കൂട്ടി പറയാനാകില്ല. എന്തായാലും ഓടിക്കുമെന്ന് ഉറപ്പ്. അപ്പോള്‍പ്പിന്നെ മുന്നിലെ ഏക വഴി കുളം കലക്കല്‍തന്നെ. ഭരിക്കാന്‍ വിടില്ല ഞാന്‍ എന്ന പ്രഖ്യാപനം. ഒറ്റത്തുള്ളി കാക്കക്കാഷ്ഠം മതി വലിയ ടാങ്കിലെ കുടിവെള്ളം നശിപ്പിക്കാന്‍ .

നന്നാക്കാനാവില്ലെങ്കിലും നശിപ്പിക്കാനാവും എന്നാണ് ജോര്‍ജിന്റെ പ്രഖ്യാപനം. തനിക്കെതിരെ വല്ലതും പറഞ്ഞാല്‍ പി ജെ ജോസഫ് അനുഭവിക്കുമെന്ന്. സംഗതി ശരിയാണ്. ജോര്‍ജും നന്ദകുമാറും മറ്റുചില കുമാരന്‍മാരും ചേര്‍ന്നാല്‍ ഏത് നല്ലതിനെയും വെടക്കാക്കാനാവും. വെറുതെ വഴിപോകുന്നവര്‍ക്കുനേരെ ഒരുപിടി ചാണകം എറിയാന്‍ വല്ല പ്രയാസവുമുണ്ടോ.

പി ജെ ജോസഫ് അങ്ങനെ മന്ത്രിയായി ഞെളിയേണ്ട എന്നാണ് തീരുമാനമെന്ന് തോന്നുന്നു. ജോസഫിനെതിരെ പുതിയ സ്ത്രീ പീഡനക്കേസും അത് നടത്താനുള്ള വക്കീലും അതിന്റെ വാര്‍ത്തകളും വരുന്നത് ക്രൈം വഴിയാണ്. ക്രൈം കുമാരന്റെ "ലോകം" വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു-നമ്മുടെ മാധ്യമ ലോകം അത് ഉപ്പും മുളകും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പി ജെ ജോസഫ് മിണ്ടുന്നില്ല. ഒരിക്കല്‍ കട്ടയാള്‍ പിന്നെ എല്ലാ കാലത്തും കള്ളന്‍തന്നെ. ഹരിശ്ചന്ദ്രപ്പട്ടം ചൂടിയാലും അയാളെ നാട്ടുകാര്‍ കള്ളനെന്നു വിളിച്ചുകൊണ്ടേയിരിക്കും. പാവം ജോസഫ്. ഒരിക്കല്‍ ഒരബദ്ധം പറ്റിപ്പോയി. ഇപ്പോള്‍ തന്നെക്കുറിച്ച് ആര് എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കും എന്ന തോന്നലാണ്. ഇതിലും വലിയ പെരുന്നാളിനും പള്ളിയില്‍പോകാത്തവര്‍ മതത്തിന്റെ ചെലവില്‍ നേടിയ ഭൂരിപക്ഷത്തിന്റെയും സീറ്റിന്റെയും കണക്കുപറഞ്ഞ് നാട് വിറപ്പിക്കുന്നു.

ഒറ്റ സീറ്റുള്ള പിള്ളഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കാടിന്റെ വകുപ്പ് പിടിച്ചുവാങ്ങിയത്. ആശുപത്രിയില്‍ കിടക്കുന്ന ജേക്കബ്ബിന്റെ കൈയില്‍നിന്ന് തുറമുഖവകുപ്പ് പിടിച്ചുവലിച്ചു വാങ്ങാന്‍ തോന്നിച്ച ബുദ്ധിക്ക് പടച്ചോന്റെ കൃപകിട്ടും. ആ ഒറ്റയംഗകക്ഷിക്കുള്ള പരിഗണനപോലും കിട്ടാതെ പി സി ജോര്‍ജിന്റെ ജീവിതം പിന്നെയും ബാക്കി. ലയനം നിമിത്തം ബഹുകൃതവേഷം. ഇതൊന്നും പാടിനടക്കാനോ കേസ് കൊടുക്കാനോ നാട്ടില്‍ മറ്റാരും ഇല്ലാതായിപ്പോയല്ലോ എന്നതിലാണ് സങ്കടം. ജോര്‍ജിനാണെങ്കില്‍ സ്വന്തമായി ഒരു എംഎല്‍എ സ്ഥാനമെങ്കിലും ഉണ്ട് എന്നാശ്വസിക്കാം.

എന്നാല്‍ , വീരനോ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീരന്‍ കളിച്ച കളിക്ക് അന്നുതന്നെ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അതിപ്പോഴാണ് തരപ്പെട്ടത്. മകന്‍ മന്ത്രിയായിക്കാണുകയായിരുന്നു ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരാശ. പി ആര്‍ കുറുപ്പിനോട് പണ്ടുചെയ്തത് ഇപ്പോള്‍ മറ്റൊരുവഴിക്ക് കിട്ടുന്നു. കൃഷ്ണന്‍കുട്ടിയും പ്രേംനാഥുമൊകെ തല്‍ക്കാലം ഒതുങ്ങിയെങ്കിലും കെ പി മോഹനനെ മന്ത്രിയാക്കിയില്ലെങ്കില്‍ ഗവണ്‍മെന്റുതന്നെ ഉണ്ടാകില്ല എന്ന് വീരന് അറിയാം. അതുകൊണ്ടുമാത്രം മകനെ കൈവിടുക എന്ന മഹാത്യാഗം ചെയ്യേണ്ടിവന്നു. മന്ത്രിസഭാ പുനഃസംഘടന, മുഖ്യമന്ത്രി മാറ്റം തുടങ്ങിയ അജന്‍ഡകള്‍ ഇനി വീരന്റേതുകൂടിയാകും. ചെന്നിത്തലയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മാതൃഭൂമി, വീരേന്ദ്രകുമാര്‍ , ഇതര കുമാരന്‍മാര്‍ -ഉമ്മന്‍ചാണ്ടിയോട് ഒരു കളിക്കുള്ള കരുത്തൊക്കെയുണ്ട്. മുനീറിനെപ്പോലെ കുഞ്ഞാക്ക കണ്ണുരുട്ടുമ്പോള്‍ മിണ്ടാതിരിക്കുകയും ഉമ്മന്‍ചാണ്ടിയങ്കിളിനോട് സങ്കടം പറയുകയും എന്ന രീതിയല്ലല്ലോ കുമാരസംഭവങ്ങളില്‍ .

പിന്‍മൊഴി:

എ കെ ആന്റണി പറയുന്നത് വികസനത്തില്‍ എല്‍ഡിഎഫിന്റെ പാത യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരണമെന്ന്. അതുതന്നെയാണ് ഇപ്പോള്‍ വി ഡി സതീശനും മുരളീധരനും തേറമ്പിലിനും തോന്നുന്നത്. ഉമ്മന്‍ചാണ്ടിയെങ്ങാനും ആന്റണിയുടെ വാക്കുകേട്ടിളകിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യം എന്താകും എന്നോര്‍ത്തേ ശതമന്യുവിന് വിഷമമുള്ളൂ.

Sunday, May 22, 2011

കൊലച്ചതി അഥവാ ട്രപ്പീസ്

ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. കൊലച്ചതികളുടെ ഘോഷയാത്രയാണ്. ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട്, ലീഗ് മാണിയോട്, മാണി ജോര്‍ജിനോട്, ജോര്‍ജ് ജോസഫിനോട്, ചെന്നിത്തല ഗൗരിയമ്മയോട്, കോണ്‍ഗ്രസ് രാഘവനോട്, എല്ലാവരും ചേര്‍ന്ന് വീരനോട്. ചതിക്കപ്പെടുന്നവരും ചതിക്കുന്നവരും തമ്മില്‍ ഉച്ചനീചത്വങ്ങളില്ലാത്ത മുന്നണിയാണ് യുഡിഎഫ്. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആര്‍ എസ് ഗവായിയില്‍നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റ ചതിയന്മാരുടെ സര്‍ക്കാര്‍ എന്നും പറയാം. എല്ലാ ചതിയേക്കാളും വലിയ ചതി മാണിസാറിനോട് ചെയ്ത ചതിതന്നെ. ജനിക്കുംമുമ്പേ കുഞ്ഞിന്റെ ജാതകം എഴുതപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി എത്രനാള്‍ മുഖ്യമന്ത്രി ആകണമെന്ന് മാണിസാര്‍ തീരുമാനിക്കുമോ മറ്റാരെങ്കിലും നിശ്ചയിക്കുമോ എന്തോ. രണ്ടാംകക്ഷി ആകുമെന്നും ഉപമുഖ്യമന്ത്രിസ്ഥാനത്തിരിക്കാമെന്നും സ്വപ്നംകണ്ടാണ് ജോസഫിനെയും കൂട്ടി യുഗ്മഗാനം പാടി മാണിസാര്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. ഫലം വന്നപ്പോള്‍ മോഡറേഷന്‍ മാര്‍ക്കുവാങ്ങി കഷ്ടിച്ച് മൂന്നാംകക്ഷി ആയി. രണ്ട് മന്ത്രിപദമേ വേണ്ടതുള്ളൂവെന്ന് പറഞ്ഞത് പി സി ജോര്‍ജിനെ ഒതുക്കാനായിരുന്നു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുപറ്റിച്ചു. ഇവിടെ രണ്ടില്‍ ഒതുങ്ങിയാല്‍ പരിശുദ്ധ പാലാ പുത്രന് കേന്ദ്രത്തില്‍ സഹമന്ത്രിപദം കാണിക്കവയ്ക്കാമെന്ന ഉറപ്പില്‍ പുത്രവത്സലന്‍ വീണുപോയി. ലീഗിന് നാല് മാണിക്ക് രണ്ട് എന്ന ഫോര്‍മുല കണ്ടപ്പോള്‍ മാണിയുടെയും പുത്രന്റെയും മനസ്സില്‍ ലഡുപൊട്ടിയതാണ്. പാലം കടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി കൂരായണാ വിളിച്ചു. നാല് വാങ്ങിയവര്‍ അഞ്ച് പ്രഖ്യാപിച്ചു. ഘടകകക്ഷി തങ്ങള്‍ക്ക് ഇത്ര മന്ത്രിമാര്‍ വേണം എന്നാവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. ഇവിടെ സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കലാണ്.

ജയില്‍പ്പുള്ളിയായ പിള്ള വന്ന് തന്റെ പിള്ളയ്ക്ക് വനവാസം മതി എന്നു പറഞ്ഞപ്പോള്‍ അല്ലലും അലട്ടുമില്ലാതെ എടുത്തു കൊടുക്കേണ്ടിവന്നു ഉമ്മന്‍ചാണ്ടിക്ക്. അത്ര ശക്തമാണ് യുഡിഎഫിലെ ഓരോ കക്ഷിയും. യഥാര്‍ഥത്തില്‍ ലീഗിന് ഒരുമന്ത്രിയേ ഉള്ളൂ. ഒറ്റയ്ക്ക് നാലഞ്ചുപേരുടെ ശേഷിയുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് മാത്രം. മുനീറിന് മന്ത്രിസ്ഥാനം കൊടുത്തോ എന്നുചോദിച്ചാല്‍ കൊടുത്തു. വകുപ്പ് പാവപ്പെട്ട പഞ്ചായത്ത്. തദ്ദേശസ്വയംഭരണ വകുപ്പില്‍നിന്ന് ബാക്കിയെല്ലാം വലിച്ചു. കഷ്ടിച്ച് അരമന്ത്രി എന്നു പറയാം. അതിനു കൊടുക്കേണ്ടിവന്ന വില ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ്. ഈ സ്ഥാനം കാത്തുസൂക്ഷിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ കാലത്ത് മുനീര്‍ സാഹിബ് തലകുത്തിനിന്നതും കരാറുകാരുടെ സ്നേഹം അതിരുവിട്ട് ചോദിച്ചുവാങ്ങിയതും. അതിന്റെ പേരില്‍ കേസും കൂട്ടവും നടക്കുന്നു. ഇത്തവണ മന്ത്രിസ്ഥാനത്തിനുവേണ്ടി ചാനല്‍ ചെയര്‍മാന്‍സ്ഥാനം കൈവിടുന്നു. റെജീന, റൗഫ് വെളിപ്പെടുത്തലുകളുടെ ആശാന്മാരോട് മുനീര്‍ സാഹിബ് വിടപറയുകയാണ്. ഇത് എലിമിനേഷന്‍ റൗണ്ട്. ഇനി മഞ്ഞളാംകുഴി അലിയാണത്രേ അവതരണഗാനം ആലപിക്കുക. അലിക്ക് ആകെ സ്വത്ത് 14 കോടി. ഇന്ത്യാവിഷനുവേണ്ടി മുടക്കാന്‍പോകുന്നത് 15 കോടി. എല്ലാം കോടികളുടെ കളിയാണ്. കളി തീരുമ്പോള്‍ യുഡിഎഫിനെ കോടി പുതപ്പിക്കേണ്ടിവരുമോ എന്ന് കാത്തിരുന്നുകാണാം.

ദയാലു അമ്മാളിന് അറുപതുകോടി കൊടുത്താണ് ദയാനിധി മാരന്‍ മന്ത്രിയായതത്രെ. അക്കണക്കിന് പതിനഞ്ചുകോടി മുനീറിന് ചേര്‍ന്ന സംഖ്യതന്നെ. മഞ്ഞളാംകുഴി അലിയുടെ അത്തറുപുരട്ടിയ ചതി ഇനി ഇന്ത്യാവിഷനില്‍ ലൈവ് കാണാം.

*
മാണിസാറിന് പറ്റിയ ചതിയുടെ കഥ എളുപ്പം മറക്കാവുന്നതല്ല. മാണിസാറിനെ പഴിപറഞ്ഞുനടന്ന പി സി ജോര്‍ജ് നന്നാവുമെന്ന് കരുതിപ്പോയത് ഒരു ചതി. ജോര്‍ജ് ഇപ്പോള്‍ മാണി ഗ്രൂപ്പിലാണോ വീരന്‍ ദളിലാണോ അതോ അഴിമതി വിരുദ്ധ-മാഫിയാവിരുദ്ധ -ജനകീയ-ആദര്‍ശാത്മക പോരാട്ടത്തിന്റെ സര്‍വസൈന്യാധിപനോ? ഉത്തരം എളുപ്പമല്ല. എന്തായാലും ജോര്‍ജ് മനസ്സിലും മരത്തിലും കണ്ട പാര്‍ലമെന്ററികാര്യ മന്ത്രിക്കസേരയുംകൊണ്ട് മഞ്ഞക്കണ്ണടയിട്ട അലി പെരിന്തല്‍മണ്ണയ്ക്ക് പോവുകയാണ്. മോരില്ലെങ്കിലും ഊണാവാമെന്ന് പറയാനും പറ്റില്ല-ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എനിക്കുവേണ്ട എന്ന് ജോര്‍ജ് പണ്ടേ പറഞ്ഞുപോയി. ഇനിയിപ്പോള്‍ പി ജെ ജോസഫ് മന്ത്രിയായാല്‍ ജോര്‍ജ് എന്നന്നേക്കുമായി പുറത്താകും. ജോസഫ് മന്ത്രി ആയില്ലെങ്കിലോ? എങ്കില്‍ ഒരുകൈ ജോര്‍ജിനും കളിച്ചുനോക്കാം. അതുകൊണ്ട് ചത്തത് കീചകനെങ്കില്‍ കൊന്നത് പി സി ജോര്‍ജ്തന്നെ എന്ന ചൊല്ലിന്റെ ബലമുണ്ട് തൊടുപുഴയിലെ പുതിയ കേസിന്.

പി ജെ ജോസഫ് ഫോണില്‍വിളിച്ച് ശൃംഗരിച്ചുവെന്നാണ് ക്രൈം ലേഖകന്റെ ഭാര്യയുടെ പരാതി. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ , കേസ്, ബ്ലാക്ക്മെയിലിങ്- എല്ലാം തികഞ്ഞ ചേരുവയാണ്. മന്ത്രി ആയാല്‍ കേസ്, ആക്കാതിരിക്കാന്‍ കേസ്. യുഡിഎഫിന്റെ അവസ്ഥ അപാരം. ഇതിനെയാണ് വരുന്ന അഞ്ചുകൊല്ലം കേരളം സഹിക്കേണ്ടതെന്ന് ഓര്‍ക്കാനേ വയ്യ.
*
ലീഗിന് അഞ്ചു മന്ത്രിസ്ഥാനം ആരുകൊടുത്തുവെന്ന് ഉമ്മന്‍ചാണ്ടിയെങ്കിലും പറയേണ്ടതാണ്. മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തിന്റെ ചുമതല മുഖ്യമന്ത്രിക്ക് എന്നാണ് വയ്പ്. എന്നാല്‍ , അങ്ങനെയൊരു അധികാരം തനിക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടിപോലും വിശ്വസിക്കില്ല. പക്ഷേ, ഉപചാരത്തിന് മുഖ്യമന്ത്രിതന്നെയാണ് വകുപ്പുകള്‍ പ്രഖ്യാപിക്കുക. ഇവിടെ ആ അധികാരവും കുഞ്ഞാലിക്കുട്ടിക്കാണ്. ഏത് മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി തീരുമാനിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. വ്യവസായം, ഐടി, വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരഭരണം, പഞ്ചായത്ത്, സാമൂഹ്യക്ഷേമം- ഒരു മിനി മന്ത്രിസഭ നടത്തിക്കൊണ്ടുപോകാനുള്ള ചേരുവകളൊക്കെയുണ്ട്. വെറുതെ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം എന്തിന്. ഇതുതന്നെ ഒരു സൂപ്പര്‍മുഖ്യമന്ത്രിപദവിയല്ലേ? തെരഞ്ഞെടുപ്പില്‍ ഏറ്റവും ആക്ഷേപം കേട്ടതും വിമര്‍ശിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടി. ഫലംവന്നപ്പോള്‍ വന്‍ഭൂരിപക്ഷം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിസ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക്. വെറുതെയല്ല വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ലീഗും മാണികേരളയുമൊക്കെ അര്‍മാദിച്ചാടുന്നത്. വോട്ട് പാര്‍ടികള്‍ക്കല്ല-സമുദായത്തിനാണത്രെ. ഏതു മോശക്കാരനും ജയിക്കാം; ഭരിക്കാം-പിന്തുണയ്ക്കാന്‍ ഒരു ജാതി(മത)പ്പാര്‍ടിയും മലയാള മനോരമയും മതി. എല്ലാ കണക്കും ജാതി തിരിച്ചാണ്. ഇനിയിപ്പോള്‍ മനുഷ്യനില്ല-ജാതി മതി. ആളുകുറഞ്ഞ ജാതിയിലെങ്ങാനും പിറന്നുപോയാല്‍ പെട്ടതുതന്നെ. നമ്മുടെ ജനാധിപത്യം വളരുന്ന വഴിനോക്കണം.

*
വി ഡി സതീശന്‍ സാക്ഷാല്‍ തീപ്പൊരിതന്നെ. ഉമ്മന്‍ചാണ്ടി കയറിച്ചെല്ലാന്‍ മടിച്ചുനിന്നിടത്ത് ഓടിക്കയറി പൊരുതി മുന്നേറിയ വീരാളിവീരന്‍ . മന്ത്രിപദം വേണോ അധ്യക്ഷമഹോദയന്റെ കസേര വേണോ എന്നേ തീരുമാനിക്കാനുണ്ടായിരുന്നുള്ളൂ. ഹൈക്കമാന്‍ഡിന്റെ അന്തിമലിസ്റ്റ് വന്നപ്പോള്‍ സതീശന്റെ പേരിനുനേരെ "ഉപരിപഠനത്തിന് അര്‍ഹതയില്ല" എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. പറവൂരിലെ വോട്ടര്‍മാരെ സേവിച്ച് കഴിഞ്ഞുകൊള്ളുക. മന്ത്രിസ്ഥാനം വേറെ പോയി. ശിവകുമാറിനുവരെ കൊടുത്ത മന്ത്രിസ്ഥാനത്തിന് സതീശന് അര്‍ഹതയില്ലാതായതിന്റെ പൊരുള്‍തേടി ചെന്നപ്പോഴാണ് ചിദംബരം, സിങ്വി, മാര്‍ട്ടിന്‍ തുടങ്ങിയ അസുരഗണങ്ങളുടെ അപഹാരം കണ്ടെത്തിയത്. സതീശന്‍ കസേരയില്‍ കയറിയാല്‍ മാര്‍ട്ടിന്‍ അറസ്റ്റുചെയ്യപ്പെടുമത്രേ. അങ്ങനെവന്നാല്‍ ചിദംബരം സ്വാമിക്ക് നോവും. ആ നോവ് ഒഴിവാക്കാന്‍ സതീശന്‍ ശിഷ്ടകാലം എംഎല്‍എ ഹോസ്റ്റലില്‍തന്നെ കഴിയട്ടെയെന്ന് സ്വാമി കല്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി നടപ്പാക്കി. മുരളിയും അച്യുതനും കാര്‍ത്തികേയനും സതീശനും വാഹിദും കഹാറും മന്ത്രിസ്ഥാനത്തിന് യോഗ്യരല്ലെന്ന് കല്‍പ്പിച്ചത് ഹൈക്കമാന്‍ഡോ ലോക്കമാന്‍ഡോ എന്ന് ഉമ്മന്‍ചാണ്ടിയോടുതന്നെ ചോദിക്കണം. നാലാംവട്ടം ആര്യാടന് മന്ത്രിയാകാം. മുരളിയെയും കാര്‍ത്തികേയനെയും വഹിച്ച് ശിവകുമാറിന് മന്ത്രിപദം പൂകാം.

യുഡിഎഫ് ബെഞ്ചിലെ ഏക പെണ്‍തരിയും പട്ടികവര്‍ഗക്കാരിയുമായ ജയലക്ഷ്മിയുടെ പേര് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയിരുന്നില്ല. ജയലക്ഷ്മിക്കുവേണ്ടി അമ്പെയ്തത് രാഹുല്‍ഗാന്ധിയാണ്. അതിപ്പോള്‍ സ്വന്തം നേട്ടമായി പേറിനടക്കുന്നു ഉമ്മന്‍ചാണ്ടി. ചെന്നിത്തലയെ ആണെങ്കില്‍ കാണാനേയില്ല. അഥവാ പുറത്തു കണ്ടുപോയാല്‍ ചിരി വിടരുന്നില്ല. ആ നേതാവ് ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. ഞാന്‍ നായരാണ്, മമതയെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നവനാണ്, അര്‍ഹനാണ്, അവകാശപ്പോരാളിയാണ് എന്നെല്ലാം പറഞ്ഞുനോക്കിയിട്ടും ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലപോലും. പിന്നെങ്ങനെ ചിരി വരും?

*
വാര്‍ത്ത വായിച്ച് കുടുംബജീവിതം തകര്‍ന്നുപോയ പൊലീസുകാരന്‍ പത്രലേഖകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പിടിക്കപ്പെട്ടു. ആകെമൊത്തം ക്വട്ടേഷന്റെ കളിയാണ്. പി ജെ ജോസഫിനെതിരെ പി സി ജോര്‍ജിന്റെ ക്വട്ടേഷന്‍ , തന്‍പിള്ളയ്ക്കുവേണ്ടി പിള്ളയുടെ ക്വട്ടേഷന്‍ , ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ചെന്നിത്തലയുടെ ക്വട്ടേഷന്‍ . ഇനിയിപ്പോള്‍ യുഡിഎഫില്‍നിന്ന് ഇടയ്ക്കിടെ അട്ടഹാസവും രോദനവുമെല്ലാം ഉയര്‍ന്നുകേള്‍ക്കാം. അതാണല്ലോ നടപ്പുരീതി. തുടങ്ങുന്നതിനുമുമ്പ് ഇതുപോലെ നാറിയ മറ്റൊരു ഭരണം കേരളം കണ്ടിട്ടില്ല. ആദ്യം ഉമ്മന്‍ചാണ്ടിക്കുവേണ്ടി വിജിലന്‍സ്, പിന്നെ അടൂര്‍ പ്രകാശിനുവേണ്ടി ഉമ്മന്‍ചാണ്ടി. കേസുകള്‍ വലിക്കുന്നു. സ്ഥലംമാറ്റങ്ങള്‍ തകൃതിയായി നടക്കുന്നു. കഞ്ഞിമുക്കിയ ഖദറില്‍ അത്തറുപൂശുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം തലസ്ഥാന നഗരിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ശക്തന്‍നാടാര്‍ ഇപ്പോള്‍ ചാടും എന്നുപറഞ്ഞ് ഹസാരെമോഡല്‍ സമരത്തിനിറങ്ങുകയാണ്. നാടകം കണ്ട് കൈയടിക്കാറുള്ള സുധീരനും ആദര്‍ശം രാവിലെയും ഉച്ചയ്ക്കും രാത്രിയും പശുവിന്‍പാലില്‍ ചേര്‍ത്തുസേവിക്കുന്ന മഹത്വപ്പെട്ടവരും മൗനത്തിന്റെ മണ്‍പുറ്റിലൊളിച്ചിരിക്കുന്നു. നാടകംതന്നെ ഉലകം.

Sunday, May 15, 2011

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്

തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുദ്രാവാക്യംവിളിയും പടക്കം പൊട്ടിക്കലും ഓട്ടവും ചാട്ടവുമൊക്കെ പതിവുകാഴ്ചയാണ്. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരും ജയിച്ചില്ലേ? എവിടെയും കണ്ടില്ല ആഹ്ലാദപ്രകടനം. ജയിച്ച സ്ഥാനാര്‍ഥികളെ പൊക്കിയെടുത്ത് ഒന്ന് ഇളക്കി. അതോടെ കഴിഞ്ഞു ഒച്ചയും ബഹളവും. ഇതൊരു ജയമാണെന്ന് യുഡിഎഫിനും തോന്നുന്നില്ല. അല്ലെങ്കിലും ആരാണ് ജയിച്ചത്? ആരും ജയിച്ചതുമില്ല, തോറ്റതുമില്ല. ഭരണത്തിന് എതിരായ വികാരം എവിടെയും പൊട്ടിമുളച്ചതുകണ്ടില്ല. തരംഗവും കണ്ടില്ല. കേരളം പതിവു തെറ്റിച്ചു. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണക്കസേരയിലിരുന്നവരെ പ്രതിപക്ഷത്തേക്ക് അയക്കുന്ന പതിവ് ഇത്തവണ സാങ്കേതികമായിമാത്രമാണ് ശരിയായത്. മുള്‍മുനയില്‍ കസേരയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ കയറാന്‍ പോകുന്നത്. ഭരണബെഞ്ചിലെ രണ്ടു എംഎല്‍എമാര്‍ക്ക് പന്നിപ്പനിപിടിച്ചാല്‍ ഭരണം ഗോപിയാകും. ഇനി നിയമസഭയില്‍ ടോയ്ലറ്റുകള്‍പോലും അടച്ചിടേണ്ടിവരും. രണ്ടോ മൂന്നോ എംഎല്‍എമാര്‍ ഒരുമിച്ച് ടോയ്ലറ്റില്‍പോയാല്‍ ഭരണം തകര്‍ന്നുപോയാലോ. ഇതുപോലൊരു അവസ്ഥ പണ്ട് കാസ്റ്റിങ് മന്ത്രിസഭയുടെ കാലത്തുണ്ടായിരുന്നു. അന്ന് നമ്പാടന്‍മാസ്റ്റര്‍ കാസ്റ്റിങ് ഭരണത്തിന്റെ തലവര മാറ്റിക്കുറിച്ചു. ഇപ്പോള്‍ ചാടാന്‍ തയ്യാറായി പലരും നില്‍പ്പുണ്ട്. ഒന്ന് കണ്ണുകാണിച്ചാല്‍ മതി വേലിചാടി ഇങ്ങുപോരും. അതു വേണ്ടെന്ന് ഇടതുഭാഗത്തുള്ളവര്‍ തീരുമാനിക്കുന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാണിസാറിനും സ്വയം തല്ലിപ്പിരിയുംവരെ ഭരിക്കാം. ഇത് ഒരു ഇടവേളയാകുന്നു.

സിനിമയുടെ അല്‍പ്പഭാഗംപോലെയൊന്ന്. അതുകണ്ട് യുഡിഎഫിന്റെ പഴയകാലം ഓര്‍മിച്ചെടുക്കാമല്ലോ. പുതിയ അടിയും തകൃതിയായി തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടനം പാലായില്‍നിന്നാണ്. മാണിസാറിന്റെ മൂക്കിനുതുമ്പത്തുനിന്ന്. തക്കതായ കാരണങ്ങള്‍ ഇല്ലാതില്ല. വോട്ടെണ്ണുന്നതിനിടയില്‍ ഒന്നുരണ്ടുവട്ടം പാലായുടെ മാണിക്യം കരിപോലെ കറുത്തുപോയി. സ്വന്തം പാലാപട്ടണത്തില്‍ മാണിസാറിന് ഭൂരിപക്ഷം നൂറ്റിയെട്ട്. വീടിരിക്കുന്ന വാര്‍ഡില്‍ ഭൂരിപക്ഷം മഹത്തായ എട്ടു വോട്ട്. മറ്റൊരു മാണിവന്ന് മാണിസാറിന്റെ മാനവുംകൊണ്ട് പോകേണ്ടതായിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാലും അതിന്റെ കലി അടങ്ങിയിട്ടില്ല. ലയനത്തിന് കനത്ത വില താനാണ് നല്‍കേണ്ടിവന്നത് എന്നത്രേ മാണിസാറിന്റെ വിലാപം. ആ വില പലിശസഹിതം തിരിച്ചുകിട്ടണം. കുഞ്ഞുമാണിക്കുഞ്ഞിന് കേന്ദ്രത്തില്‍ ഒരു സഹമന്ത്രിപദം, ജയിച്ച ഒമ്പതില്‍ പാതിയും മന്ത്രിമാരാകണം, ബാക്കിയുള്ളവര്‍ക്ക് വല്ലതും തടയുന്ന പദവികളും വേണം. കോണ്‍ഗ്രസ് ശോഷിച്ച് ശോഷിച്ച് എടുക്കാനും വയ്ക്കാനും പറ്റാത്ത പരുവത്തിലാണ്. മലപ്പുറം, കോട്ടയം എന്നീ ജില്ലകള്‍ കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലെങ്കില്‍ എന്ത് കോണ്‍ഗ്രസ്; എന്ത് യുഡിഎഫ്. കോഴിക്കോട്ടും ഇടുക്കിയിലും കൊല്ലത്തും കാസര്‍കോട്ടും കോണ്‍ഗ്രസിന്റെ കൊടി പോയിട്ട് പൊടിപോലും കാണാനില്ല. ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും ചെലവിലാണ് ഊണും ഉറക്കവും. ഗണേഷ്കുമാര്‍ കണ്ണുരുട്ടിയാല്‍ ഉമ്മന്‍ചാണ്ടി പേടിക്കണം. പണ്ട് ഗറ്റൗട്ട് പറഞ്ഞ ടി എം ജേക്കബ്ബിന് ഇനി വെള്ളിത്തളികയില്‍ വിളമ്പണം പാല്‍ക്കഞ്ഞി. വെറുതെയല്ല ഉമ്മന്‍ചാണ്ടിക്ക് കസേരകൊടുത്ത് ചെന്നിത്തല പിന്മാറിയത്. സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ പലതും മണക്കുന്നുണ്ട്. ഭരണത്തില്‍ വരുമ്പോള്‍തന്നെ ഇതാണ് ഗതിയെങ്കില്‍ ഇനിയുള്ള നാളുകളില്‍ എങ്ങനെ ഗതിപിടിക്കും. ഇതുവരെ ചെന്നിത്തലയെ പേടിച്ചാല്‍ മതിയായിരുന്നു. ഇനി അബ്ദുള്ളക്കുട്ടിയെയും പി സി ജോര്‍ജിനെയും പേടിക്കണം. മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി ചുമക്കും. ബാക്കിയുള്ള 71 പേര്‍ നോക്കുകൂലി വാങ്ങും. ചരിത്രം തിരുത്തിക്കുറിക്കുന്ന ഭരണമാണ് വരാന്‍പോകുന്നത്.

കസേരയില്‍ കയറുംമുമ്പുതന്നെ വിജിലന്‍സിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഭരണം തുടങ്ങിയാല്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നടക്കുമെന്ന് ഈ നടപടിയിലൂടെ തെളിയിച്ചു. ചെന്നിത്തലയ്ക്ക് ക്ലിഫ്ഹൗസിലേക്ക് കയറാനുള്ള മുഹൂര്‍ത്തം പൊട്ടിവിടരുംവരെ ഉമ്മന്‍ചാണ്ടി ഇരിക്കും. മുരളി, അടൂര്‍ പ്രകാശ്, ആര്യാടന്‍ തുടങ്ങിയ കല്ലുമുള്ള് മൂര്‍ഖന്‍പാമ്പുകളുടെ സംസ്ഥാന സമ്മേളനം സെക്രട്ടറിയറ്റ് കെട്ടിടത്തിലേക്ക് മാറാന്‍പോകുന്നു.

*
അടി യുഡിഎഫിലാണെങ്കിലും നമ്മുടെ മാധ്യമസഖാക്കളുടെ നോട്ടം ഇടത്തേക്കാണ്. ഇടതുപക്ഷം തോറ്റുപോയി എന്ന് ഭാഗ്യവശാല്‍ ആരും എഴുതിക്കണ്ടില്ല. അവര്‍ക്കിപ്പോള്‍ പ്രതിപക്ഷനേതാവ് ആരാകുമെന്ന് തീരുമാനിക്കാനുള്ള തിരക്കാണ്. രണ്ടു സീറ്റിന് വിജയം നഷ്ടപ്പെട്ടുപോയെങ്കിലും കേരളത്തില്‍ ഏറ്റവും ജനസമ്മതിയുള്ള പാര്‍ടി സിപിഐ എമ്മാണെന്ന് ആര്‍ക്കും സംശയമില്ല. കിട്ടിയ വോട്ടിന്റെ കണക്കുനോക്കിയാല്‍ മുന്നണികള്‍ തമ്മില്‍ ഒരുലക്ഷത്തിന്റെ വ്യത്യാസമേ ഉള്ളൂ. അത്രയും സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാമെങ്കില്‍ , പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനാണോ പ്രയാസം. വെറും അഞ്ചുമിനിറ്റിന്റെ കാര്യംമാത്രം. ആരാവണമെന്നോ ആരാവേണ്ട എന്നോ ഇടതുപക്ഷത്തുനിന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, അതില്‍ തര്‍ക്കമുണ്ടെന്ന് മാതൃഭൂമി പറയുന്നു, മനോരമ പറയുന്നു, മറ്റു പലരും പറയുന്നു. യുഡിഎഫില്‍ കൂട്ടത്തല്ല് നടക്കുമ്പോഴാണ് സാങ്കല്‍പ്പികമായ ഈ വിവാദം കത്തിച്ചുവിടുന്നത് എന്നോര്‍ക്കണം.

100 സീറ്റ് കിട്ടുമെന്ന് യുഡിഎഫ് കട്ടായം പറഞ്ഞിടത്താണ് തോറ്റോ ജയിച്ചോ എന്നു പറയാനാവാത്ത സ്ഥിതിയിലെത്തിയത്. എല്‍ഡിഎഫിന് വിഷമിക്കാന്‍ ഏറെയൊന്നുമില്ല. ഈ നേട്ടത്തിന്റെ കാരണങ്ങളെക്കുറിച്ചും തര്‍ക്കിക്കേണ്ടതില്ല. എല്ലാവരും ഒത്തുനിന്ന് ജയിക്കാന്‍വേണ്ടി അശ്രാന്തം പരിശ്രമിച്ചു അതിന് പ്രതീക്ഷയ്ക്കടുത്ത ഫലംതന്നെ ലഭിക്കുകയുംചെയ്തു. ജാതിയുടെയും മതത്തിന്റെയും സംഘടിതശക്തികളുടെ കൂറ് വലത്തോട്ടായിരുന്നു. സമദൂരക്കാര്‍ ആരോരുമറിയാതെ ഒരുവശത്തേക്ക് ചാഞ്ഞുവെന്ന് പിന്നീട് അവര്‍തന്നെ പറഞ്ഞു. പോരാഞ്ഞ് മുഖ്യമന്ത്രിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങളും നടത്തി. മാധ്യമങ്ങള്‍ വലത്തുതന്നെയായിരുന്നു. മതം പറഞ്ഞാണ് മലപ്പുറം പിടിച്ചത്. മാണി- ജോസഫ് മധുവിധുവിന് മണിയറ ഒരുക്കിയത് പട്ടക്കാരാണെന്ന് ജോസഫ് പറഞ്ഞതാണ്. അക്കഥ പിന്നെയാരും മാറ്റിപറഞ്ഞിട്ടില്ല. നേമത്ത് രാജഗോപാലിന് കിട്ടിയ വോട്ടിന് നന്ദി പറയേണ്ടത് ഖദറിട്ട ചങ്ങാതിമാരോടാണ്.

ഇതൊക്കെയായിട്ടും രാഷ്ട്രീയം പറഞ്ഞ് ഇടതുപക്ഷം വോട്ടു ചോദിച്ചു, നേടുകയുംചെയ്തു. പ്രചാരണം നയിച്ച വി എസിനും ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കാകെയും അവകാശപ്പെടാവുന്ന നേട്ടം. അതിന്റെ അളവ് തിട്ടപ്പെടുത്തി തമ്മിലടിപ്പിക്കാനാണ് പുതിയ അഭ്യാസം. വി എസിന്റെ നേതൃത്വത്തെക്കുറിച്ചോ അതു മുന്നണിക്കുണ്ടാക്കിയ നേട്ടത്തെക്കുറിച്ചോ ഇവിടെ ആരും തര്‍ക്കം പറഞ്ഞിട്ടില്ല. എന്നിട്ടും എന്തേ ഇപ്പോള്‍ വിവാദമുയര്‍ത്താന്‍ ?

നാട്ടില്‍ വര്‍ഗീയ വികാരങ്ങളെ വോട്ട് നേട്ടത്തിനായി പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു എന്ന പച്ചപ്പരമാര്‍ഥം മറച്ചുപിടിക്കേണ്ടത് യുഡിഎഫിന്റെ അമാലന്മാരുടെ കടമതന്നെ. അത് അവര്‍ നടത്തട്ടെ. പാര്‍ടിയിലെയും മുന്നണിയിലെയും ഐക്യമാണ് തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നത്. അതു കൂടുതല്‍ ദീപ്തമായി തുടരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് തകര്‍ക്കാനാണ് വലതുപക്ഷം കൊതിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വിവാദങ്ങള്‍ നെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ എന്നോ വരാനിരിക്കുന്ന പാര്‍ടി സമ്മേളനങ്ങളെക്കുറിച്ച് പ്രബന്ധം രചിക്കാന്‍ മാധ്യമ പടുക്കള്‍ തയ്യാറായപ്പോള്‍ അസുഖം വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇനിയും വിവാദങ്ങള്‍ പൂവിടും. അതു അവഗണിച്ച് സാര്‍ഥവാഹകസംഘം മുന്നോട്ടു പോകുകയുംചെയ്യും.

*
ചില നുറുങ്ങുകള്‍ :

എം വി രാഘവന്റെയും ഗൗരിയമ്മയുടെയും പാര്‍ടികള്‍ക്ക് അകാലചരമം. ഗൗരിയമ്മ തോറ്റപ്പോള്‍ കെപിസിസി ഓഫീസില്‍ കൂട്ട കൈയടിയായിരുന്നു. വോട്ടണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഗൗരിയമ്മ ഇറങ്ങിവരുമ്പോള്‍ പക്ഷേ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആദരവോടെ മാറിനിന്നു. ആര്‍ക്ക് ആരോടാണ് ആദരവും കൂറുമെന്ന് ഗൗരിയമ്മയ്ക്കുമാത്രം മനസ്സിലായിട്ടുണ്ടാകില്ല. കണ്ണുകാണാത്തവരെയും നടക്കാന്‍വയ്യാത്തവരെയും ജനങ്ങള്‍ വീട്ടിലിരുത്തിയെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. ആ ജോര്‍ജ് മുന്നണിക്ക് അകത്ത്. ഗൗരിയമ്മ പടിക്ക് പുറത്ത്. നല്ല ന്യായംതന്നെ.

ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. ആ ഒരു രൂപപോലും കൊടുക്കാന്‍ ജനങ്ങളുടെ കൈയില്‍ ഉണ്ടാകില്ല എന്ന അവസ്ഥയാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ വന്നിരിക്കുന്നത്. ഇനിയാരും ഓട്ടോയില്‍ കയറേണ്ട, ബൈക്കും കാറും ഓടിക്കേണ്ട. വോട്ടു ചെയ്തവര്‍ക്ക് ഇങ്ങനെയല്ലാതെ നന്ദി പറയാന്‍ കഴിയുമോ. -കണ്ണൂരില്‍ എല്‍ഡിഎഫ് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കില്‍ ഭരണം കൈയിലാകുമായിരുന്നുവെന്ന് ഒരു പറച്ചില്‍ . അവിടെ ആകെ പതിനൊന്ന് മണ്ഡലം. എല്‍ഡിഎഫ് ജയിച്ചത് ആറിടത്ത്. യുഡിഎഫ് അഞ്ചിടത്ത്. യുഡിഎഫിന്റെ അഞ്ചുപേര്‍ക്കുംകൂടി കിട്ടിയ ഭൂരിപക്ഷം 25,346. എല്‍ഡിഎഫ് ജയിച്ച ആറിടത്ത് കിട്ടിയ ഭൂരിപക്ഷം 1,62,114. അതായത്, എല്‍ഡിഎഫിന്റെ ഒരു മണ്ഡലത്തിലെ ശരാശരി ഭൂരിപക്ഷത്തിന്റെ അടുത്തെത്തില്ല യുഡിഎഫിന്റെ ആകെ ഭൂരിപക്ഷം എന്നര്‍ഥം. മണ്ഡലം വെട്ടിമുറിച്ചപ്പോഴുണ്ടായ കുഴപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 1,40,678 വോട്ട് കൂടുതല്‍ കിട്ടി എല്‍ഡിഎഫിന് കണ്ണൂരില്‍ . പഴി വേറെ, സത്യം വേറെ. കണ്ണൂരിനെ ഒന്ന് കൊട്ടിയാലും ചിലരുടെ അസ്ക്യത മാറും.

Sunday, May 8, 2011

ജനാധിപത്യത്തിന്റെ അഞ്ചാംകാല്‍

നാലുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന ജനാധിപത്യത്തിന് ഒരു ഊന്നുവടി അത്യാവശ്യമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവര്‍ ഒത്തുപിടിച്ച് ജനാധിപത്യത്തിന്റെ ഊന്നുവടിയോ അഞ്ചാം കാലോ ആയി മാറുക എന്നതിനേക്കാള്‍ മഹത്തായ ത്യാഗമെന്തുണ്ട്? കേരളത്തിന്റെ സാംസ്കാരിക നായകരും നായികമാരുമായ ബി ആര്‍ പി ഭാസ്കറും സാറാ ജോസഫും ടി പി രാജീവനും ജെ ദേവികയും എം ജി എസും സക്കറിയയും പിയേഴ്സണും വേണുവും ജഗദീശനും കരുണാകരനും മാനുവലും ചേര്‍ന്നതാണ് അഞ്ചാംതൂണ്‍ . അതില്‍നിന്ന് അജിതച്ചേച്ചിയെ വിലക്കിയിരിക്കയാണത്രേ. സുഗതകുമാരിയുടെ അംഗത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പായിട്ടില്ലത്രേ. "അഴിമതിവിരുദ്ധ പോരാട്ടനായകന്‍" എന്ന നിലയില്‍ ക്രൈം നന്ദകുമാറിന് വിശിഷ്ടാംഗത്വം നല്‍കും.

ബാബു ഭാസ്കറിന്റെ നേതൃത്വത്തില്‍ അഴിമതിക്കാരെ പിടികൂടാന്‍ പ്രത്യേക കമാന്‍ഡോ സ്ക്വാഡ് രൂപീകരിക്കും. കാരി സതീശന്‍ , ഗുണ്ടുകാട് സാബു, വാക്കത്തി വര്‍ഗീസ് തുടങ്ങിയ സമരവളന്റിയര്‍മാര്‍ അതില്‍ അംഗങ്ങളാകും. രാവിലെ മുതല്‍ വൈകുവോളം മദ്യവിരുദ്ധ സത്യഗ്രഹമിരുന്നാല്‍ എന്തു തടയുമെന്ന ചോദ്യത്തിന് മൂന്നു ലാര്‍ജടിക്കാനുള്ള കാശ് കിട്ടുമെന്ന് മറുപടി പറയുന്ന ഒരു സിനിമാരംഗമുണ്ട്. അതുപോലെയാണ് നമ്മുടെ പുതിയ എസ്റ്റേറ്റു കച്ചവടക്കാര്‍ . അവര്‍ പറയുന്നത്, "പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നിയമനിര്‍മാണസഭകള്‍ , നിര്‍വഹണവിഭാഗം, നീതിന്യായവ്യവസ്ഥ, മാധ്യമലോകം എന്നീ നാലു നെടുംതൂണുകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുകയും തിരുത്തുകയും അങ്ങനെ വ്യവസ്ഥ മൊത്തത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതിയിരുന്നത്, ആ സ്വപ്നം തകര്‍ന്നിരിക്കുന്നു, അതുകൊണ്ട് രക്ഷകരിതാ ഞങ്ങള്‍ എഴുന്നള്ളുന്നേ"എന്നാകുന്നു.

അങ്ങ് ഹസാരെ തൊപ്പിയും പാളത്താറുമിട്ട് ഉണ്ണാവ്രതമിരുന്നപ്പോള്‍ കൊട്ടിപ്പാട്ടു നടന്നതു കണ്ടുണ്ടായ ഇളക്കമാണ്. വേറെ പണിയൊന്നുമില്ലാത്തതിന്റെ അസ്ക്യത. എല്ലാ അഴിമതിയെയും സംരക്ഷിക്കും; കണ്‍മുന്നില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ മിണ്ടില്ല-നിങ്ങള്‍ സിപിഐ എം ആകാതിരുന്നാല്‍ മതിയെന്നതാണ് നമ്മുടെ അഞ്ചാംകാല്‍ മാന്യന്മാരുടെ നിബന്ധന. അവരുടെ പോരാട്ടം മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ മാത്രമായിരുന്നു ഇന്നലെവരെ. 2ജി സ്പെക്ട്രമെന്നും കോമണ്‍വെല്‍ത്ത് കളിയെന്നും ആദര്‍ശ് ഫ്ളാറ്റെന്നും മറ്റും നാടാകെ പറഞ്ഞപ്പോള്‍ അഞ്ചാം കാലുകാരന്റെ നാവ് പൊന്തിയിരുന്നില്ല. ഇപ്പോള്‍ ഒരുവിധം പരിപ്പൊന്നും വേവാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും പത്രത്തില്‍ പേര് അച്ചടിച്ചു വരേണമല്ലോ. അതിനായി കിടക്കട്ടെ പാവപ്പെട്ട ജനാധിപത്യത്തിന് ഒരു കാലുകൂടി. എന്തായാലും പുതിയ കാല്‍ അരാജകത്വത്തിന്റെ കാല്‍ ആകാതിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. മേലെതമ്പാനൂരിലെ തമിഴ്നാടന്‍ ഖാദിക്കടയില്‍ ബീയാര്‍പിക്കായി ജൂബയും തൊപ്പിയും തയ്യാറായിട്ടുണ്ട്. നാളെ കാണാം, തൊപ്പിവച്ച് വടികുത്തി "ഹേ റാം" വിളിയുമായി ബീയാര്‍പിയുടെ സത്യഗ്രഹം. പന്തലില്‍ സുഗതകുമാരിയെ കൊണ്ടുവരണമെന്നും വേണ്ടെന്നും രണ്ടുണ്ട് അഭിപ്രായം.

ഏതായാലും സക്കറിയയും കെ എം റോയിയും ഉണ്ടാകും. ജനകീയവികസന സമിതി, ഇടത് ഏകോപനസമിതി, ജനകീയവികസന മുന്നണി, അധിനിവേശ പ്രതിരോധ സമിതി- ഇത്യാദി മഹാപ്രസ്ഥാനങ്ങളുടെ ഉത്തരാധുനിക രൂപമത്രേ അഞ്ചാം കാല്‍ . ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവിടെ നമ്മുടെ സി ആര്‍ നീലകണ്ഠനെ കാണുന്നില്ല. പുള്ളിക്കാരന്‍ സ്വന്തം ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകും. അഞ്ചാം എസ്റ്റേറ്റുകാര്‍ സാക്ഷാല്‍ വീരന്റെ എസ്റ്റേറ്റിലേക്ക് മാര്‍ച്ചുചെയ്യുന്നത് കാണാന്‍ കൊതിയാകുന്നു.

*
കൈരളി ടിവിയുടെ എംഡിസ്ഥാനത്തു നിന്ന് മര്‍ഡോക്ക് ചാനലിന്റെ ഉദ്യോഗസ്ഥാനത്തേക്കുള്ള ചാട്ടം പെട്ടെന്ന് ആര്‍ക്കും പ്രതീക്ഷിക്കാവുന്നതല്ല. ജോണ്‍ബ്രിട്ടാസ് കഴിവുള്ള മാധ്യമപ്രവര്‍ത്തകനാണ്-അതുകൊണ്ട് മര്‍ഡോക്ക് കൈമാടി വിളിച്ചു. കൈരളിയില്‍ നിന്ന് വിടുതല്‍ വേണമെന്നും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കണമെന്നും ബ്രിട്ടാസ് ആഗ്രഹം പ്രകടിപ്പിച്ചു. പോകാന്‍ നിശ്ചയിച്ചവരെ വിലക്കേണ്ടതില്ലെന്നും നല്ലവാക്കു പറഞ്ഞ് പിരിയാമെന്നും ചാനല്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ചെയ്തു. കൈരളിയുടെ മുമ്പത്തെ മറ്റൊരു എംഡി ഇന്ന് മര്‍ഡോക്കിന്റെ ചാനലിലുണ്ട്. കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായിരുന്ന മറ്റൊരാള്‍ ഇന്നിരിക്കുന്നത് എന്‍ഡിഎഫ് മുഖപത്രത്തിന്റെ പത്രാധിപക്കസേരയിലാണ്. അങ്ങനെ പലരും വരും; പോകും. എല്ലാവരും കമ്യൂണിസ്റ്റുകാരാകണമെന്നില്ല. പാര്‍ടി അനുഭാവികള്‍ക്കും അംഗങ്ങള്‍ക്കും ഏതെങ്കിലും വ്യവസ്ഥാപിത സ്ഥാപനത്തില്‍ ജോലിചെയ്യുന്നതിന് വിലക്കുമില്ല. മനോരമയിലും മാതൃഭൂമിയിലും ബിബിസിയിലും പാര്‍ടി അംഗങ്ങള്‍ക്ക് ജോലിചെയ്യാമെങ്കില്‍ അനുഭാവികള്‍ക്ക് സ്റ്റാര്‍ ഗ്രൂപ്പ് നിഷിദ്ധമാകുന്നതെങ്ങനെ?

ബ്രിട്ടാസ് കൈരളിയെ മുന്‍നിരയിലെത്തിക്കാന്‍ ശരിക്കും പ്രയത്നിച്ചു. അതിന്റെ ഫലം ഉണ്ടാകുകയും ചെയ്തു. അതിനുള്ള പ്രതിഫലമാണ് യാത്രയയപ്പിലൂടെ കിട്ടിയത്. ഇനി എക്കാലത്തും കൈരളിയെ സേവിച്ചുകൊള്ളാമെന്ന് കരാറില്ല. പിന്തുടര്‍ന്ന് മര്‍ഡോക്കിന്റെ മടയില്‍ചെന്നും ബ്രിട്ടാസിനെ സ്നേഹിക്കുമെന്ന കരാറുമില്ല. മര്‍ഡോക്കിന്റെ ശമ്പളം വാങ്ങി ഇടതുപക്ഷത്തിന് സേവ ചെയ്യാമെന്ന് ബ്രിട്ടാസ് കരുതുന്നുമുണ്ടാകില്ല. മര്‍ഡോക്കിന്റെ ശമ്പളക്കാരെയാകെ ആക്രമിക്കണമെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? വിയോജിപ്പ് മര്‍ഡോക്ക് എഴുന്നള്ളിക്കുന്ന മാധ്യമക്കുത്തകയോടാണ്-അതിന്റെ രാഷ്ട്രീയത്തോടാണ്.

എങ്കിലും ബ്രിട്ടാസേ, അത്തരമൊരു മടയിലേക്ക് പോകണമായിരുന്നോ എന്ന് പഴയ പരിചയക്കാര്‍ക്കൊക്കെ ചോദിക്കാം. "അങ്ങനെ പോകുന്നതാണ് അഭികാമ്യമെന്ന് തോന്നി; അത് ചെയ്യുന്നു" എന്നാണ് മറുപടിയെങ്കിലോ? നന്മ ആശംസിച്ച് പിന്മാറുക തന്നെ. അതാണ് മാന്യത. ഇവിടെയും അതാണുണ്ടായത്. അതിന്റെ താത്വിക-ബൗദ്ധിക പ്രശ്നങ്ങളെക്കുറിച്ച് കുലംകഷമായി ചര്‍ച്ചിക്കാനൊന്നുമില്ല. കൈരളിക്ക് ബ്രിട്ടാസില്‍ നിന്നും ബ്രിട്ടാസിന് കൈരളിയില്‍ നിന്നും അമൂല്യമായ അനുഭവം കിട്ടിയിട്ടുണ്ട്. ആ കൊടുക്കല്‍ വാങ്ങലിന്റെ കാലംകഴിയുമ്പോള്‍ , രണ്ടുകൂട്ടര്‍ക്കും വിഷമമില്ലാത്ത വേര്‍പിരിയല്‍ ഉണ്ടായെങ്കില്‍ അതുതന്നെ നല്ല കാര്യം. അതില്ലായിരുന്നെങ്കില്‍ "നന്ദികെട്ടവരേ മാര്‍ക്സിസ്റ്റുകളേ" എന്ന വിളിയും കേള്‍ക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ മാന്യമായി കാര്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. മര്‍ഡോക്കിന്റെ കാലാളായി വരുമ്പോള്‍ ആവഴിക്കുള്ള യുദ്ധം നടക്കും. ഇനിയും ബ്രിട്ടാസിനും ഇടതുപക്ഷത്തിനും യോജിക്കാവുന്ന മേഖലയുണ്ട്-മര്‍ഡോക്കിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ന്യായമായ പരാതികളുയരുമ്പോള്‍ ഇടതുപക്ഷമല്ലാതെ സഹായിക്കാന്‍ മറ്റാരുണ്ടാകും? മലയാളത്തിന്റെ സ്വന്തമെന്നു കെട്ടിയാടിയ ഏഷ്യാനെറ്റ് മര്‍ഡോക്ക് കൈക്കലാക്കുന്നതിനെതിരെ ഇവിടെ സിപിഐ എമ്മിന്റെ ശബ്ദമേ ഉയര്‍ന്നിരുന്നുള്ളൂ. അന്ന് മിണ്ടാതിരുന്നവര്‍ , ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആ ചാനലില്‍ ചേരുമ്പോള്‍ അലറുന്നു; മുക്രയിടുന്നു. അതില്‍ ഒരനീതിയുണ്ട്. അതാണ് ബ്രിട്ടാസിന്റെ കൂടുമാറ്റത്തേക്കാള്‍ ഗുരുതരം.

*
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി വി ആര്‍ ഷേണായിക്ക് ബി ആര്‍ പി ഭാസ്കറിനേക്കാള്‍ യുവത്വവും പ്രസരിപ്പുമുണ്ട്. ഒട്ടും ഓര്‍മക്കുറവില്ല. പ്രത്യേകിച്ച് ബംഗാളിന്റെ കണക്കുപറയുമ്പോള്‍. ചിലര്‍ക്ക് പെന്‍ഷനാകുമ്പോഴാണ് ബോധോദയവും വീണ്ടുവിചാരവുമുണ്ടാകുന്നത്. ഷേണായിയുടെ കഥ അതല്ല. ഒട്ടും മാറിയിട്ടില്ല; ഓര്‍മ പോയിട്ടുമില്ല.

40 വര്‍ഷം മുമ്പ് ബംഗാളിലെ ബരാക്പുരിലെ ചണമില്ലില്‍ പോയപ്പോള്‍ ഉണ്ടായ അതേ പൊടി ഇപ്പോഴും ഉണ്ടെന്നു കണ്ടെത്തിക്കളഞ്ഞു ബുദ്ധിശാലി. ചണയില്‍ നിന്നു ചാക്ക് ഉണ്ടാക്കുമ്പോഴുള്ള പൊടി ഇല്ലാതാക്കാന്‍ ഇടതുമുന്നണി ഭരണത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് സിപിഐ എം തോല്‍ക്കണമെന്ന്. 40 വര്‍ഷം മുമ്പും മലയാളി അരിഭക്ഷണമാണ് കഴിക്കുന്നത്. ഇപ്പോഴും അതിലൊരു മാറ്റവുമില്ല. നെല്ലില്‍ നിന്നാണ് അരി കിട്ടുന്നത്. അതും മാറിയിട്ടില്ല. അതുകൊണ്ട് ഇവിടെയും ഒരു വികസനവും നടന്നിട്ടില്ല-സിപിഐ എം തോല്‍ക്കണമെന്നു പറയാഞ്ഞത് ഭാഗ്യം. 40 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യത്തിനിടെ ഒരു തവണയെങ്കിലും സിപിഐ എം ജയിക്കണമെന്ന് ഷേണായി എഴുതിയിട്ടുണ്ടോ? കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഓരോ തവണയും തോല്‍ക്കണമെന്നുതന്നെയാണ് എഴുതിയത്. ഇപ്പോള്‍ പറയുന്നു: "ഇത്തവണ തോല്‍ക്കണം" എന്ന്. ഇതിനെയാണ് നാം നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമെന്ന് വിളിക്കുന്നത്.