Sunday, March 23, 2014

കോണ്‍ഗ്രസിന് ഒത്ത വക്താവ്

നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടിയെ മാര്‍ക്സിസ്റ്റുകാരന്‍ തല്ലിക്കൊന്നാല്‍ നിഷ്ഠുരവും പൈശാചികവുമായ ജന്തുഹത്യയാണ്. പട്ടിയെ കൊല്ലുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ മഹത്തായ മാനവസേവ; പുണ്യപ്രവൃത്തി. കേരളത്തിലെ മാധ്യമപെരുമാറ്റച്ചട്ടത്തില്‍പെട്ട ഒന്നാം "കല്‍പ്പ"യാണിത്. ഇതുള്ളതുകൊണ്ടാണ് യുഡിഎഫിനെ കാക്കകൊത്തി പറക്കാത്തത്്. ഇതുള്ളതുകൊണ്ടുമാത്രമാണ് സുധീരന്‍ ഉടുത്ത ആദര്‍ശത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാത്തത്. മനോഹരമായി എഴുതുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധവാര്‍ത്തകളുടെ മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞ് കോടിമതയിലെ ചതുപ്പില്‍ പുതഞ്ഞത് ഈ "പെരുമാറ്റച്ചട്ടം" ജനങ്ങള്‍ക്ക് നന്നെ ബോധിച്ചതുകൊണ്ടാണ് എന്നത് മറ്റൊരു വശം.

സരിത ഇന്ന് സാധാരണ വനിതയല്ല-കോണ്‍ഗ്രസിന്റെ പ്രചാരണനായികയാണ്. അബ്ദുള്ളക്കുട്ടിയെ തകര്‍ക്കാനും തിരിച്ചെടുക്കാനും സരിത. വേണുഗോപാലിനുവേണ്ടി കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ സരിത. ഗണേശിനെ മന്ത്രിയാക്കാന്‍ സരിത. സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സരിത. വിഎസിനെതിരെ രാഷ്ട്രീയം പറയാനും എല്‍ഡിഎഫ് സഹായംതേടി തന്നെ വന്നു കണ്ടു എന്ന് "വെളിപ്പെടുത്താനും" സരിത. റോസക്കുട്ടി ടീച്ചര്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ് തുടങ്ങിയ പവന്‍ മാര്‍ക്ക് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വയ്പ്. എന്നിട്ടെന്ത്, പാര്‍ടിയെ രക്ഷിക്കാനുള്ള ഘട്ടം വന്നപ്പോള്‍ സരിത തന്നെ വേണ്ടിവന്നു.

"സമചിത്തതയുടെ, സമഭാവനയുടെ സിന്ദൂരച്ഛവി സുരഭിലമാക്കിയ സുധീരമനസ്സിന് സ്വാഗതമോതി"യതുകൊണ്ടൊന്നും ഫലമില്ല. കോണ്‍ഗ്രസിന് ഒത്തവക്താവ് തന്നെ വേണം. അങ്ങനെയൊരു മുത്തിനെ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിന് താങ്ങാനാകാത്തതാണ് താന്‍ താങ്ങിയതെന്നുപറഞ്ഞ് ഐ ഗ്രൂപ്പിനെ വരച്ച വരയില്‍നിര്‍ത്താന്‍ കഴിവുള്ള മറ്റേതു നേതാവുണ്ട് കോണ്‍ഗ്രസില്‍? നേതൃത്വത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗഹൃദബന്ധമുള്ള മറ്റാരുണ്ട്? തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സകലകേസും തീര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. അതിനുകഴിഞ്ഞില്ലെങ്കിലും ബെന്നി ബഹനാന്റെ ദൗത്യം പരാജയമെന്ന് പറയാനാകില്ല. കേസുകള്‍ ഒതുങ്ങി കടഭാരം തീര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായി ഒരു അമൂല്യവനിതയെ കോണ്‍ഗ്രസ് വക്താവായി കിട്ടിയല്ലോ.

*
അശ്ലീലക്കുട്ടിയുടെ നാറ്റംകൊണ്ട് കണ്ണൂരിലൂടെ നടക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ആ നാറുന്ന വാക്കുകള്‍ വാരിപ്പിടിച്ച് വാര്‍ത്തയാക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗംതന്നെ. പുള്ളി മസ്കത്തില്‍ പോയതിനും സരിതയെ സ്നേഹിച്ചതിനും കുറ്റം മാര്‍ക്സിസ്റ്റുകാര്‍ക്കാണുപോലും. സ്റ്റാര്‍ കാംപെയിനര്‍ ആയി നിയമിക്കപ്പെട്ടതോടെ, സരിത പലരെക്കുറിച്ചും വിശേഷിപ്പിക്കുന്നത്, "എന്റെ നല്ല സുഹൃത്താണ്" എന്നത്രെ. ആ സൗഹൃദത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്ന്് ബിജു രാധാകൃഷ്ണന്‍ പറയുന്നു. കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. എന്തായാലും സരിതയോട് ഈ സൗഹൃദത്തിന്റെ കാര്യമൊന്നും ചോദിച്ച് മനസ്സിലാക്കാന്‍ ഹേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നതാണ് ആശ്വാസം. തിരുവഞ്ചൂരിന് അതിന്റെ നോക്കുകൂലിയെങ്കിലും ഉമ്മന്‍ചാണ്ടി കൊടുക്കണം-സരിതയെ വിട്ട് "തിരുവഞ്ചൂര്‍ സാര്‍ എന്റെ നല്ല സുഹൃത്താണ്" എന്നൊന്നും പറയിപ്പിക്കരുത്.

കോണ്‍ഗ്രസിന് പിടിപ്പത് പണിയുണ്ട്. എന്‍ ഡി തിവാരിയെയും ഗജരാജ ശര്‍മയെയുമൊക്കെ മേച്ചുനടക്കുന്നത് ചെറിയ കാര്യമല്ല. ശശി തരൂരിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ കയറിപ്പിടിച്ച യൂത്തുമുതല്‍ മൂത്തുപഴുത്ത തിവാരിവരെയുള്ള പാര്‍ടിയിലേക്ക് കടന്നുചെല്ലാന്‍ നല്ല നെഞ്ചുറപ്പുവേണം. വള്ളംകളിപ്പരിപാടിയില്‍ കുറുപ്പിന്റെ കലാപരിപാടിയോട് ശ്വേതാ മേനോന്‍ പ്രതികരിച്ചപ്പോള്‍ അവരെ കോണ്‍ഗ്രസ് ആട്ടക്കാരിയെന്നാക്ഷേപിച്ചു. ശ്വേതയുടെ പണ്ടത്തെ സിനിമാച്ചിത്രങ്ങള്‍വരെ കൊണ്ടുവന്ന്, അവരെ ഒന്നു പിടിച്ചുപോയാലെന്താ എന്ന് ചോദിച്ച കോണ്‍ഗ്രസാണ്. ഗജരാജ ശര്‍മയെ രക്ഷിക്കാന്‍ ഇപ്പോള്‍ നഗ്മയെ അങ്ങനെ കൈകാര്യം ചെയ്തുകൂടാ-അവര്‍ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അല്ലായിരുന്നെങ്കില്‍, നാടാകെ നഗ്മയുടെ നൃത്തം നടന്നേനെ.

സുധീരന്റെ ആദര്‍ശ"മുണ്ട്" ബെല്‍റ്റിട്ട് ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഒറ്റക്കാര്യം നോക്കുക- "പി ടി തോമസിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിയത് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് മാറണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണെ"ന്ന് സുധീരന്‍. ഇടുക്കിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും ആ സത്യം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തേണ്ടിവരുമെന്നും തിരിച്ചടിച്ച് പി ടി തോമസ്. പറയുന്ന ആള്‍ സുധീരനായതുകൊണ്ട് അത് വിശുദ്ധകള്ളമായി മാധ്യമങ്ങള്‍ മഹത്വപ്പെടുത്തി. ഒടുവില്‍ സുധീരന്‍തന്നെ പറയുന്നു: പി ടി തോമസിനെ മാറ്റിയത് യുവസ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്താനാണെന്നും അത് രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നെന്നും. അവസരവാദിയെന്നും കാപട്യക്കാരനെന്നും നുണപറയുന്നവനെന്നും വിളിക്കരുത്. അദ്ദേഹം ആദര്‍ശത്തിന്റെ മുണ്ടാണുടുത്തിരിക്കുന്നത്.

സരിതയുടെ പാര്‍ടിയില്‍ സകലതും തമാശയാണ്. ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നെന്ന് ജനം കരുതുമെന്നാണ് പി സി ചാക്കോ പ്രവചിക്കുന്നത്. കൂറ്റന്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെ വിജയിപ്പിക്കൂ എന്ന് ചാലക്കുടിക്കാരോട് അഭ്യര്‍ഥിക്കുന്ന ബുദ്ധിമാനെ എതിരാളിയായി കിട്ടിയ ഇന്നസെന്റിന്റെ ഭാഗ്യമാണ് ഭാഗ്യം. ഇനി ചാലക്കുടിക്കാര്‍ നോക്കിക്കൊള്ളും. ചാക്കോ, തിരുവഞ്ചൂര്‍, സുധാകരന്‍ തുടങ്ങിയ ഇനങ്ങള്‍ ചുറ്റുവട്ടത്തുതന്നെ ഉണ്ടാകുന്നത് കോണ്‍ഗ്രസിന് നല്ലതാണ്.

*
ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗം ഇപ്പോള്‍ കേള്‍ക്കാനില്ല. ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാത്ത, ജനങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത, ലോകബാങ്കുദ്യോഗസ്ഥനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയുമാക്കിയവരാണ്. തലപ്പാവുകെട്ടിയ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പിടിച്ച് സ്ഥിരതാമസക്കാരനാക്കി, "പ്രധാന്‍മന്ത്രിജീ" എന്നുവിളിക്കുന്നത് സുധീരനാണ്. ആ നാവുകൊണ്ടുതന്നെ സുധീരന്‍ ഭക്ഷണവും കഴിക്കുന്നു; പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" എന്നു വിളിക്കുന്നു. അതുകേട്ട് കൈയടിക്കാന്‍ പ്രേമചന്ദ്രനുള്ളതുകൊണ്ട് പ്രശംസാഗാനാലാപം ആവശ്യമില്ല. പ്രേമചന്ദ്രന് കോണ്‍ഗ്രസിലേക്കുള്ള പെര്‍മനന്റ് വിസയാണ് കിട്ടിയത്. കൊല്ലം കിട്ടിയാല്‍ ഇല്ലം വേണ്ടെന്ന് ചിന്തിച്ച് കുപ്പായം തയ്പ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇനി മാനത്തുനോക്കാം. ബോറടിക്കുമ്പോള്‍ നക്ഷത്രവുമെണ്ണാം. അസീസിന് രണ്ടാം ഗഡുവായ മന്ത്രിസ്ഥാനവും കൊടുത്താല്‍ ചിത്രം പൂര്‍ത്തിയാകും.

*
ആര്‍എംപിയുടെ കാറ്റുപോയതിന്റെ സങ്കടം "പൊതു സമൂഹ"ത്തിന്റെ" വക്താക്കളായ ചര്‍ച്ചാംദേഹികളുടെ മുഖത്താകെയുണ്ട്. വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്. പൊതുസമൂഹം എന്ന പ്രൈവറ്റ് പ്രോപ്പര്‍ട്ടി നിറച്ച ചാക്കുമായി ഇവര്‍ ഇനി എങ്ങനെ കരപിടിക്കും എന്നതാണ് ശതമന്യുവിന്റെയും വേവലാതി. ഏതുവിധേനയും പൊട്ടക്കുളത്തിലെത്തിപ്പെട്ടാല്‍ കരഞ്ഞ് തീര്‍ക്കാന്‍ സൗകര്യമാണ്. ലൗകികചിന്തകള്‍ വെടിഞ്ഞ് സംന്യാസം സ്വീകരിച്ചാലും രക്ഷപ്പെടാം. പാവം "പൊതുസമൂഹം". എല്ലാ ദിവസവും രാത്രി ഒന്നുരണ്ടു മണിക്കൂര്‍ ചര്‍ച്ച കേട്ടില്ലെങ്കില്‍ കഷ്ടമാകും.

3 comments:

manoj pm said...

വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്.

manoj pm said...

വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്.

ajith said...

വായിക്കാന്‍ രസമുണ്ട് കേട്ടോ. അതുമാത്രം!