Monday, November 18, 2013

ഹരിത-സരിത രാഷ്ട്രീയം

വെന്തോ എന്നറിയാന്‍ കലത്തിലെ മുഴുവന്‍ ചോറും പരിശോധിക്കേണ്ട. തിരുവഞ്ചൂരിന്റെ വേവില്ലായ്മ അറിയാന്‍ ആകെമൊത്തം പൊലീസുകാരെ ഞെക്കിനോക്കേണ്ടതുമില്ല- ഒന്നോ രണ്ടോ സംഭവങ്ങള്‍ നോക്കിയാല്‍മതി. മര്‍ക്കടസ്യ സുരാപാനം, മാര്‍ഗേ വൃശ്ചിക ദംശനം എന്നുപറയും. വികൃതിയായ കുരങ്ങന്‍ കള്ളുകുടിച്ച് ലക്കുകെട്ടുനില്‍ക്കുമ്പോള്‍ തേള്‍ കുത്തിയാലത്തെ അവസ്ഥ. കള്ളനെ പിടിത്തവും അടിതടയും മീശപിരിക്കലുമായിരുന്നു പണ്ടത്തെ പൊലീസിന്റെ പണി. ന്യൂജനറേഷന്‍ പൊലീസിന് പുതിയ പല പണികളും ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. അതിലൊന്ന് വലിയ റിസ്കുള്ളതാണ്. ആ പണിക്ക് എന്ത് പേര് ചൊല്ലി വിളിക്കും എന്ന് തിട്ടമില്ല. സരിതാ നായര്‍ എന്ന നവോത്ഥാനനായികയ്ക്ക് പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുക, അവര്‍ എത്തുന്നിടത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തുക, പറയാനുള്ള വാചകങ്ങള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിങ്ങനെപോകുന്നു ജോലിയുടെ സ്വഭാവം.

കോഴിക്കോട് ജയിലില്‍ പി മോഹനന്‍ എന്നൊരു വന്‍ പുള്ളി കിടക്കുന്നുണ്ട്. പ്രതി മാത്രമല്ല- മാര്‍ക്സിസ്റ്റ് ഭീകരനുമാണ്. പുള്ളിയുടെ ഭാര്യ നിയമസഭയുടെ ഓടിളക്കി അകത്തുകടന്നതുകൊണ്ട് എംഎല്‍എ എന്ന് അറിയപ്പെടുന്നു- എന്നാലും മാര്‍ക്സിസ്റ്റാണ്. ജയില്‍പുള്ളിക്ക് സാധാരണനിലയില്‍ വയറുവേദന വരാന്‍ പാടില്ലാത്തതാണ്. മോഹനന് നിയമംലംഘിച്ച് അസുഖം വന്നു. ചികിത്സ കൊടുക്കാതെ എന്തെങ്കിലും സംഭവിച്ചുപോയാല്‍ ആര്‍എംപി സംസ്ഥാന കണ്‍വന്‍ഷന്‍ ഒരുകാലത്തും നടക്കില്ല. ഓര്‍ക്കാട്ടേരിയിലെ തവളക്കുഞ്ഞുങ്ങള്‍ കഴിയുന്ന കിണര്‍ വറ്റിപ്പോകും. അതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ചികിത്സ നടക്കട്ടെ എന്നുവച്ചു. അവിടെ ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് ഒരിക്കലും വരാന്‍ പാടില്ലാത്ത വിശപ്പുവരുന്നു. വിശപ്പടക്കാന്‍ ഓലമേഞ്ഞ തട്ടുകടയൊന്നും കാണാഞ്ഞതുകൊണ്ട് ആശുപത്രിക്കു മുന്നിലെ കോണ്‍ക്രീറ്റുചെയ്ത ചായക്കടയുടെ സുഖലോലുപതയിലേക്ക് കയറ്റേണ്ടിവരുന്നു. പരിപ്പുവടയില്ലാത്തുകൊണ്ട് പുട്ടും കടലയും എന്ന ബൂര്‍ഷ്വാ ഭക്ഷണം. അപ്പോഴേക്ക് അതാവരുന്നു എംഎല്‍എയായ ഭാര്യ. ജയില്‍പുള്ളിയും എംഎല്‍എയും "ഹോട്ടലില്‍ കണ്ടുമുട്ടി" എന്നതിനേക്കാള്‍ മഹാപാപം ഏതു പാതാളത്തില്‍ കാണാനാകും? ആ കൊടുംപാപത്തിന് അമ്പത്തൊന്ന് വെട്ടിനേക്കാള്‍ വലിയ വെട്ടുകിളി വാര്‍ത്തയും വാര്‍ത്തയ്ക്കുമേല്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷനും. മോഹനന്‍ ചായകുടിച്ചാല്‍ പൊലീസുകാരന്‍ വീട്ടിലിരിക്കും. അതാണ് പൊലീസ്. അതാകണം പൊലീസ് മന്ത്രി.

മോഹനന്‍ സ്വന്തം ഭാര്യയെ കാണാന്‍ അനുവാദമുള്ള പുള്ളിയേ അല്ല. അതുപോലെയാണോ സരിത നായര്‍? ആ മഹതിക്ക് പൊലീസ് സ്റ്റേഷനില്‍ ഫാഷന്‍പരേഡ് നടത്താനും ഗസ്റ്റ് ഹൗസില്‍ അന്തിയുറങ്ങാനും അവകാശമുണ്ട്. ഏതുനേരത്തും പത്രസമ്മേളനം വിളിക്കാം. ബിജു രാധാകൃഷ്ണന്റെ കൈയില്‍ ഡയറിയും കാസറ്റും പെന്‍ഡ്രൈവും സിനിമയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. രണ്ടുമൂന്നുപേരുകളേ പുറത്തുവിട്ടിട്ടുള്ളൂ. വരാനുള്ളത് വമ്പന്‍ സ്രാവുകളാണത്രേ. ഇനി സരിതയില്‍നിന്ന് പേരൊന്നുംവരില്ല എന്നുറപ്പാക്കുന്നത് ചെലവുള്ള കാര്യംതന്നെ. കേസുകള്‍ ഒന്നൊന്നായി തീരുന്നുണ്ട്. അതിന് പണം പെട്ടിയില്‍ എത്തുന്നു. വാങ്ങാനുള്ളവര്‍ വീതിച്ചുവാങ്ങുന്നു. വരാനുള്ള പേരുകാരെല്ലാം മുതല്‍മുടക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്‍ പറയുന്നതിന് ഇനി വലിയ വിലയൊന്നും കിട്ടാന്‍പോകുന്നില്ല എന്നതാണ് ആശ്വാസം.

അതും ശരിയാണ്- ഒരു കൊലപ്പുള്ളിയെ ആരും വിശ്വസിക്കില്ല എന്ന് ആശ്വസിക്കാം. സിനിമയും ഡയറിയുമൊക്കെ പുറത്തുവന്നാലാണ് കുഴപ്പം. കൊലപ്പുള്ളിയായാലും തസ്കര വീരനായാലും പെന്‍ഡ്രൈവ് തുറന്നുകാട്ടിയാല്‍ അഭിനേതാക്കള്‍ പെട്ടതുതന്നെ. സരിതയ്ക്ക് മൈക്ക് പിടിച്ചുകൊടുത്ത പൊലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി ഇതിനകം കിട്ടിക്കാണണം. എല്ലാവര്‍ക്കും പാരിതോഷികം കൊടുക്കുമ്പോള്‍ എറണാകുളത്തെ രാജു മജിസ്ട്രേട്ടിനെ അവഗണിക്കരുത്. പലരും ആ പാവത്തിനെ കുറ്റം പറയുന്നുണ്ട്. സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒരുവേള അന്തംവിട്ടുപോയത് ഒരു കുഴപ്പമാണോ? ബഹുമാനപ്പെട്ട ഹൈക്കോടതി വിജിലന്‍സ് കരുണ കാണിക്കണം. ഏതു മനുഷ്യനും സംഭവിക്കാവുന്ന ദൗര്‍ബല്യമേ മജിസ്ട്രേട്ടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ. ഒരു മനുഷ്യന് താങ്ങാനാവുന്നതിനും ഇല്ലേ ഒരതിര്? അതിനേക്കാള്‍ വമ്പന്‍കാര്യങ്ങള്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു രാധാകൃഷ്ണന്‍ ആണയിടുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ട്; സാക്ഷിയുണ്ട്. മുല്ലപ്പെരിയാറിലെ നീരൊഴുക്കും പുതുപ്പള്ളിയുടെ ഭൂമിശാസ്ത്രവും ചര്‍ച്ചചെയ്യാന്‍ ബിജു ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ കയറി കതകടയ്ക്കേണ്ടതില്ല. സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ട് അരക്കുറ്റമാണ് ചെയ്തതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടേത് ഒന്നരക്കുറ്റമാണ്.

ബിജു സ്വകാര്യം പറഞ്ഞത് ആരെയെല്ലാം കുറിച്ചാണ്, എന്തൊക്കെയാണ് എന്നുകേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടിയിട്ടില്ലെങ്കില്‍ സരിതയെ ഒന്നുകൂടി ചോദ്യംചെയ്യണം. എല്ലാം മറച്ചുവച്ചതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണം എന്ന് ശതമന്യു പറയില്ല. ആത്മകഥ ആരും നിര്‍ബന്ധിച്ച് എഴുതിക്കേണ്ടതല്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പല്ലക്ക് ചുമക്കുന്ന പൊലീസുകാരുടെ കാര്യം മഹാകഷ്ടമാണ്. ഹേമചന്ദ്രന്‍ മൂലയ്ക്കായി. ആജ്ഞ അനുസരിക്കാതിരുന്നാല്‍ പണികിട്ടും; അനുസരിച്ചാല്‍ പതിരാകും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുന്നതുകൊണ്ട് ഹേമചന്ദ്രന്‍ ഇന്നലെവരെ മാന്യനായിരുന്നു. ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും ചാരുകയും താങ്ങുകയും ചെയ്യുമ്പോള്‍ വരുന്ന മണം വേറെയാണല്ലോ. ഒരു ഓഫീസറെ സരിതയുടെ കൂട്ടുകാരായ മന്ത്രിമാരോടുപമിച്ചാണ് ബിജു രാധാകൃഷ്ണന്‍ വിരോധം തീര്‍ത്തത്. "തന്നെ കാണുമ്പോള്‍ കേന്ദ്രമന്ത്രിയെപ്പോലെ ഊര്‍ജസ്വലനായി തോന്നുന്നു" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ട കലികാലം. അങ്ങനെ നാണംകെട്ട് തലകുനിക്കുന്ന പൊലീസുകാര്‍ "സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ടാണോ ബിജുവിന്റെ മൊഴി മുക്കിയ ഉമ്മന്‍ചാണ്ടിയാണോ കേമന്‍" എന്ന ചോദ്യത്തിനെങ്കിലും ഉത്തരംനല്‍കി പാപനാശം വരുത്തട്ടെ. സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ പേരിനൊപ്പം തന്റെ പേരുവന്നതിന് മാനനഷ്ടക്കേസുകൊടുക്കുന്ന പൊലീസുകാരെ സൃഷ്ടിച്ചും ഉയരട്ടെ പുത്തന്‍ സരിതകേരളമാതൃക.

*

വീടുവയ്ക്കാന്‍ ആഗ്രഹിച്ചാല്‍ മാഫിയയായി മാറുന്ന കാലമാണ്. നാലുസെന്റ് ഭൂമി ബ്രോക്കര്‍മുഖേന വാങ്ങിയാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ. ഭവനവായ്പ പുത്തന്‍തലമുറ ബാങ്കില്‍നിന്നായാല്‍ കോര്‍പറേറ്റ് ദല്ലാള്‍. കരിങ്കല്ലും ചെങ്കല്ലും രൊക്കം പണംകൊടുത്ത് വാങ്ങിയാലും ക്വാറിമാഫിയയുടെ സ്വന്തക്കാരന്‍. കടല്‍മണ്ണ് ശുദ്ധീകരിച്ച് ചാക്കിലാക്കി വില്‍ക്കുന്നവന് കൊള്ളവില കൊടുത്താലും മണല്‍മാഫിയക്ക് ചൂട്ടുപിടിക്കുന്നവനായി. വായ്പവാങ്ങിയ പണംതീര്‍ന്ന് ഗത്യന്തരമില്ലാതെ ബ്ലേഡുതന്നെ ശരണമെന്നായാല്‍ ബ്ലേഡ് മാഫിയാ ബന്ധവുംവന്നു. ഒടുവില്‍ വീടിന് മാഫിയാഭവനമെന്ന് പേരിടാം. യഥാര്‍ഥ ബ്ലേഡ്മാഫിയക്കാരന്‍ മാധ്യമങ്ങള്‍ വിലയ്ക്കെടുത്ത് അഴിമതിവിരുദ്ധ പോരാട്ടം നടത്തും. മണല്‍മാഫിയക്കാരന്‍ ഖദറിട്ട് പൊലീസിനെ പേടിപ്പിക്കും. ക്വാറിമാഫിയ മലയും മരവും മറിച്ചിടുന്നതിനൊപ്പം സ്വാശ്രയപ്പള്ളിക്കൂടം നടത്തി പത്മശ്രീ വാങ്ങും. മദ്യമാഫിയ സിനിമ പിടിച്ച് മഹാന്മാരാകും. കോര്‍പറേറ്റ് ദല്ലാള്‍മാര്‍ വികസന നായകവേഷത്തില്‍ സ്വീകരണങ്ങളേറ്റുവാങ്ങും. കഷ്ടപ്പെട്ട് കടംവാങ്ങി വീടുപണിത സാധാരണക്കാരനും മക്കളെ പഠിപ്പിക്കാന്‍ പലിശയ്ക്ക് പണംവാങ്ങുന്നവനും അവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങുന്ന പ്രസ്ഥാനവും "മാഫിയ" എന്നുതന്നെ വിളിക്കപ്പെടണം. എങ്കില്‍മാത്രമേ സംശുദ്ധ ഹരിത-സരിത രാഷ്ട്രീയം വളര്‍ന്ന് പന്തലിക്കൂ.

മാഫിയകള്‍ക്കുവേണ്ടിയാണ് ഹര്‍ത്താല്‍ എന്നുപറയുന്നത് ആ കണക്കിന് ശരിതന്നെ. കസ്തൂരിരംഗന്‍ വന്നാലും മാധവ് ഗാഡ്ഗില്‍ വന്നാലും ഇക്കൂട്ടര്‍ മാര്‍ക്സിസ്റ്റുകാരെ മാഫിയ എന്നുതന്നെ വിളിക്കും. സര്‍ക്കാരോഫീസ് കത്തിച്ച് ചന്ദനക്കേസിന്റെ ഫയല്‍ നശിപ്പിച്ച ലീഗ് എംഎല്‍എ യഥാര്‍ഥ സമരനായകനായി മാറുന്ന കാഴ്ചയും ഹരിതകേരളസമരംതന്നെ. താമരശേരിയില്‍ ടിപ്പറില്‍വന്ന് അക്രമം നടത്തിയതിന്റെ കണക്ക് ഇടതുപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടിയവരെ സോണിയാമാതാവ് രക്ഷിക്കുമെന്നും കരുതാം. യുഡിഎഫിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒന്നും കിട്ടുന്നില്ല എന്നൊരു പരാതിയുണ്ട്. അതു തീര്‍ക്കാന്‍ മനോരമതന്നെ രംഗത്തിറങ്ങണം. ചീരക്കറി കൂട്ടിയാല്‍ പരിസ്ഥിതി തകരുമെന്ന് വിലപിച്ച് ത്യാഗമനസ്സ് തെളിയിച്ച ഹരിത എംഎല്‍എമാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കാണാം ഇനിയത്തെ പൂരം.

3 comments:

manoj pm said...

എല്ലാം മറച്ചുവച്ചതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണം എന്ന് ശതമന്യു പറയില്ല. ആത്മകഥ ആരും നിര്‍ബന്ധിച്ച് എഴുതിക്കേണ്ടതല്ല.

ajith said...

സരിത പാവം!! അതുപോലെയാണോ ലതികടീച്ചര്‍. ഭീകരി, കൊടുംഭീകരി

Rosenau said...

lathika teacharkkum mohanan mashinum oree samayam chaya adikkan muttippoyathu oru thettano ?.. alle alla, carl max satyam,.. alle alla, hee hee