Sunday, September 15, 2013

വേഗപ്പൂട്ടും മണ്ഡരിബാധയും

അതിവേഗം ബഹുദൂരമൊന്നും പോകാനില്ലെന്ന് ഏതാണ്ടുറപ്പായി. ക്ലിഫ്ഹൗസില്‍നിന്ന് രാജ്ഭവനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. വഴി കാണിച്ചുകൊടുക്കാന്‍ ചെന്നിത്തലയ്ക്ക് കരുത്തില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി ഇറങ്ങിപ്പോകാന്‍ പറയുക എന്ന ധീരകൃത്യം ഏറ്റെടുക്കാന്‍ ചങ്കുറപ്പുള്ള ഖദര്‍ധാരികള്‍ ചുരുങ്ങും. അഥവാ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പി സി ജോര്‍ജിന്റെയോ മുരളീധരന്റെയോ ഗതിയാകും. എല്ലാവര്‍ക്കും അറിയാം, പുതുപ്പള്ളിയില്‍നിന്ന് ആപത്തിന്റെയും അപമാനത്തിന്റെയും കെട്ടാണ് ക്ലിഫ്ഹൗസില്‍ അടിഞ്ഞിരിക്കുന്നതെന്ന്. എത്രയുംവേഗം അതെടുത്തുമാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാണാന്‍ മ്യൂസിയത്തില്‍ ചെല്ലേണ്ടിവരും. ഡല്‍ഹിയില്‍ ചെന്ന് സുധീരന്‍ പറഞ്ഞത്, മറ്റെല്ലാവരും മോശം ഞാന്‍മാത്രം നല്ലവന്‍ എന്നാണ്. സുധീരന്റേത് "ഒ" ഗ്രൂപ്പാണ്. ഒറ്റയാന്‍ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി എത്രകാലം ഇരിക്കുന്നുവോ അത്രയും നല്ലത് പ്രതിപക്ഷത്തിനാണ്. പിന്നെ തെരഞ്ഞെടുപ്പില്‍ വലുതായി ഒന്നും ചെയ്യേണ്ടിവരില്ല. വോട്ടുകള്‍ താനേവന്ന് പെട്ടിയില്‍ വീണുകൊള്ളും. ഇത്തവണ പ്രചാരണത്തിന് പ്രസംഗവും സിനിമയും റാലിയും പാട്ടുമൊന്നും വേണ്ട; സോളാര്‍ എന്ന് നാടുനീളെ എഴുതിവച്ചാല്‍ മതിയാകും. സോളാര്‍പുരാണം കേട്ടുകേട്ട് സൂര്യനുതന്നെ നാണം വന്നുതുടങ്ങി. തിരുവോണത്തിനും കാര്‍മേഘത്തിനുള്ളില്‍ ഒളിച്ചുനില്‍പ്പാണ് "സൂര്യഭഗവാന്‍".

സൗരോര്‍ജം എന്നത് അശ്ലീലപദമായി. കോളേജുകളിലെ പൂവാലന്മാരെ കണ്ടാല്‍, "എന്തെടേയ് ഒരു സോളാര്‍ലൈന്‍" എന്നാണ് പുതിയ കമന്റ്. ചെന്നിത്തല സരിതയെ വിളിച്ചിട്ടില്ല. മുരളീധരന് വിളിക്കാന്‍ തോന്നിയിട്ടേ ഇല്ല. ഐ ഗ്രൂപ്പിന്റെ ഫോണ്‍ലിസ്റ്റില്‍ സരിതയെന്നല്ല "എസ്" എന്ന അക്ഷരമേയില്ല. സരിത കറകളഞ്ഞ "എ" ഗ്രൂപ്പാണ്. സോളാര്‍ പരിപാടിക്കാകെ "എ" സര്‍ട്ടിഫിക്കറ്റുണ്ട്. പാത്തും പതുങ്ങിയും ചില ഐ ഗ്രൂപ്പുകാര്‍ ആ വഴി പോയതൊഴിച്ചാല്‍ സര്‍വം "എ" മയം. എ ഗ്രൂപ്പ് എന്നാല്‍ ആന്റണി ഗ്രൂപ്പ് എന്നാണ് മുമ്പെല്ലാം കേട്ടത്. ഇനി അത് ആന്റണി സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആന്റണിയുടെ "എ"യാണോ അഡല്‍ട്സിന്റെ "എ" യാണോ എന്നു തീരുമാനിക്കാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ചര്‍ച്ചചെയ്യേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും മുഖമാണ് സൗരോര്‍ജത്തിന്റെ പുതിയ പരസ്യചിത്രം. എങ്കില്‍പ്പിന്നെ, മുഖ്യമന്ത്രിസ്ഥാനം വിട്ട് സൗരോര്‍ജം പ്രചരിപ്പിച്ച് നാടുനന്നാക്കിക്കൂടേ എന്ന് ചോദിക്കാന്‍ ത്രാണിയുള്ളവരെ കോണ്‍ഗ്രസില്‍ കിട്ടാനില്ല. എല്ലാവര്‍ക്കും അറിയാം സംഗതി കുഴപ്പമാണെന്ന്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫും ചേര്‍ന്നാല്‍ ഉപജാപമേ നടക്കൂ- ഭരണം നടക്കില്ല; കോണ്‍ഗ്രസ് രക്ഷപ്പെടുകയുമില്ല. അത് തുറന്നുപറയാമെന്നുവച്ചാലോ? മുരളീധരന്റെയും പന്തളം സുധാകരന്റെയും കെ പി കുഞ്ഞിക്കണ്ണന്റെയുമൊക്കെ സ്ഥിതി അറിയുന്നവര്‍ക്ക് ഒന്നുംപറയാന്‍ കഴിയുന്നില്ല. പറഞ്ഞുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രീതിയും പീഡനവും; പറഞ്ഞില്ലെങ്കില്‍ പാര്‍ടിയുടെ തകര്‍ച്ച. ഇപ്പോഴും ചിലരെയെല്ലാം പേടിപ്പിച്ചുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നുണ്ട്. ജോപ്പനും സലിംരാജും ചാണ്ടിയെ പേടിപ്പിച്ചാല്‍ ചാണ്ടി നാട്ടുകാരെയാകെ പേടിപ്പിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തകുപ്പായമിട്ടാണ് ഇടതുപക്ഷക്കാര്‍ പോകുന്നത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം ചലച്ചിത്രതാരം പൃഥ്വിരാജ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ ചെന്നതും കറുത്തവസ്ത്രമണിഞ്ഞാണ്. ഭരണാധികാരികള്‍ എങ്ങനെയാകണമെന്ന് ഐതിഹ്യം വായിച്ച് പഠിക്കാനുള്ള ഉപദേശവും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പൃഥ്വിരാജ് വേദിവിട്ടത്. ഈ തന്റേടം ചെന്നിത്തല കാണുന്നുണ്ടോ ആവോ?

വേഗപ്പൂട്ട് വീണുകഴിഞ്ഞു. ഏത് കോടതിയില്‍നിന്ന് എപ്പോള്‍ എങ്ങനെയുള്ള അടി വരുമെന്ന് പറയാനാകില്ല. ക്യാമറയും ഫയലും ഫോണ്‍രേഖയും പണപ്പെട്ടിയും മുക്കിയതുകൊണ്ടൊന്നും രക്ഷപ്പെടുന്നമട്ടില്ല. കട്ടവനെ വിട്ട് നഷ്ടപ്പെട്ടവനെ നുണപരിശോധനയ്ക്ക് അയക്കുന്ന മായാജാലപ്രകടനവും വിലപ്പോയിട്ടില്ല. പുതിയ കാലത്ത് മൂലയില്‍ കിടക്കുന്ന മഴു താനേവന്ന് കാലില്‍ വീണുകൊള്ളും. സലിംരാജ് കോഴിക്കോട്ട് ചെന്നാണ് കുഴപ്പം കോരിക്കൊണ്ടുവന്നത്. ജോപ്പന്‍ എവിടെയും പോകാത്തതുകൊണ്ട് തല്‍ക്കാലം ഭീഷണിയില്ല. സരിതയ്ക്കും ബിജുവിനും പൊലീസിന്റെ ഫോണ്‍ പോരാഞ്ഞ്, സര്‍ക്കാര്‍ചെലവില്‍ കാസര്‍കോട്ട് മണിയറയും ഒരുക്കി. ഇതിനുമാത്രം എന്തു മഹത്തായ രാഷ്ട്രസേവനമാണ് സരിത ചെയ്തതെന്ന് ധവളപത്രത്തിലൂടെ നാട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ. കര്‍മനിരതയും ത്യാഗസമ്പന്നയും പരോപകാരതല്‍പ്പരയും സര്‍വോപരി ദാനശീലയും കാരുണ്യവതിയുമായ ആ മഹതിയെക്കുറിച്ച് എല്ലാം അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ അലിഞ്ഞുപോകും. ഏത് സര്‍ക്കാരും വിനയാന്വിതമായി ആ മഹത്വം വാഴ്ത്തിപ്പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

മുഖ്യമന്ത്രിക്ക് വേഗപ്പൂട്ട് വീണതിനുപിന്നില്‍ മീശക്കാരന്റെ കരങ്ങളാണെന്ന വാര്‍ത്ത കണ്ടില്ല. കൈക്കൂലി സഹിക്കവയ്യാഞ്ഞ് ഒരു ജോലിയും ഏല്‍പ്പിക്കാനാകാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തിരയെണ്ണാന്‍ വിട്ട കഥയുണ്ട്. കടല്‍ത്തിര എണ്ണുന്നത് ശിക്ഷയുമാകും; കൈക്കൂലിക്ക് വകുപ്പുമില്ല എന്നായിരുന്നു രാജാവിന്റെ ചിന്ത. സസന്തോഷം പുതിയ ജോലി തുടങ്ങിയ ഉദ്യോഗസ്ഥന് പിന്നെയും കാശിന് പഞ്ഞംവന്നില്ല. അതെങ്ങനെയെന്ന് അന്വേഷിച്ചുചെന്ന രാജാവ് കൈക്കൂലിയുടെ പുതിയ രൂപമാണ് കണ്ടത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ നാട്ടുകാര്‍ വരുമ്പോള്‍ തിരയുടെ എണ്ണം തെറ്റിപ്പോകുന്നു; അങ്ങനെ തന്റെ "ഔദ്യോഗിക കൃത്യനിര്‍വഹണം" തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കാറ്റുകൊള്ളാന്‍ നിയമാനുസൃതം വരണമെങ്കില്‍ നിശ്ചിതതുക കൈക്കൂലി കൊടുക്കണമെന്ന് നിബന്ധനവച്ച് ഉദ്യോഗസ്ഥന്‍ "കൃത്യനിര്‍വഹണം" തുടര്‍ന്നു. അതുപോലെയാണ് നമ്മുടെ മീശക്കാരന്‍. എവിടെ ചെന്നാലും വാര്‍ത്ത സൃഷ്ടിക്കാന്‍ അറിയാം. വേഗപ്പൂട്ടെങ്കില്‍ അത്, വ്യാജ സിഡിയെങ്കില്‍ അത്. പബ്ലിസിറ്റി സ്റ്റണ്ടിനെ വാഴ്ത്തുന്നതും ആധുനികകാലത്തെ മാധ്യമസ്വാതന്ത്ര്യമാണ്.

*
വാജ്പേയി ജീവിച്ചിരിപ്പുണ്ട്. അദ്വാന്‍ജി ഉഷാറായിത്തന്നെ കാവിക്കൊടി പിടിക്കുന്നുമുണ്ട്. ആയകാലത്ത് ജനസംഘമായും ജനതാപാര്‍ടിയായും ഭാരതീയ ജനതാപാര്‍ടിയായുമൊക്കെ സ്വയംസേവനം നടത്തിയവരാണ്്. പാര്‍ലമെന്റില്‍ രണ്ടേരണ്ട് ദേഹങ്ങളായി അഖിലലോക ഹിന്ദുത്വത്തിന്റെ ഭാരം മുതുകിലേറ്റിയവര്‍ക്ക്, ഇന്ന് പടിക്കുപുറത്താണ് ചോറ്. അപ്പോള്‍ കാണുന്നവരെയും അഴകുള്ളവരെയും നേതാവേ എന്ന് വിളിക്കുന്നത് ആര്‍എസ്എസിന്റെയും ശീലമാണ്. അദ്വാന്‍ജിയേക്കാള്‍ അഴകും മോടിയും നരേന്ദ്രമോഡിക്കുണ്ട്. പുത്തനച്ചിയെക്കൊണ്ട് പുരപ്പുറം തൂപ്പിക്കാനുള്ള സാമര്‍ഥ്യം ആര്‍എസ്എസിനുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഇന്ത്യ പെട്ടെന്നിങ്ങ് വരാന്‍ മോഡിയുടെ ഇന്ധനം മതി എന്നാണ് നാഗ്പുരിലെ സ്വപ്നം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നാടുവിട്ടുപോകാനുള്ള പാസ്പോര്‍ട്ട് മോഡിയുടെ കൈയിലുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വകുപ്പ് അസാറാം ബാപ്പു നോക്കും. അദ്വാന്‍ജിയുടെ രഥയാത്രയൊക്കെ പഴഞ്ചനായി. തോക്കെടുക്കുക; നെഞ്ചിന്‍കൂട് നോക്കി വെടിവയ്ക്കുക; ജീവനോടെ വേവിക്കുക; അതാണ് വികസനമെന്ന് പറയുക- ഇതാണ് മോഡിയന്‍ രീതി. ഗുജറാത്തിലെ കാറ്റ് മുസഫര്‍നഗറില്‍ ആഞ്ഞുവീശുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി ആ കാറ്റില്‍ ഒന്നുലഞ്ഞാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുടെ മന്ദമാരുതന്‍ നാഗ്പുരിലുമുണ്ട്.

കോണ്‍ഗ്രസ് എന്ന കൂന് വിലക്കയറ്റമായും തൊഴിലില്ലായ്മയായും ജീവിതദുരിതമായും ഇന്ത്യക്കാരന്റെ മുതുകിനെ കനപ്പിക്കുന്നുണ്ട്. അതിന്മേല്‍ വര്‍ഗീയതയുടെ ഒരു കുരുകൂടി പൊട്ടിയൊലിക്കട്ടെ എന്ന് ഇന്ത്യക്കാരന്‍ ചിന്തിക്കുമെന്നും ഗംഗയിലെ വെള്ളംവറ്റി വര്‍ഗീയതയുടെ പട്ടി അക്കരെയും ഇക്കരെയും ഓടി ഹിന്ദിഹൃദയങ്ങളെയാകെ കടിക്കുമെന്നും സ്വപ്നം കാണുന്നതില്‍ തെറ്റില്ല. അവസാനത്തെ കടി ആര്‍എസ്എസിന്റെ മുഖത്താകാതിരുന്നാല്‍ മതി.

*
വെട്ടിന്റെ എണ്ണവും പ്രതികളുടെ എണ്ണവും കുറഞ്ഞുവരുന്നത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. അമ്പത്തൊന്ന് വെട്ട് കുറഞ്ഞുകുറഞ്ഞ് തലതിരിഞ്ഞ് പതിനഞ്ചായി. പ്രതികളുടെ എണ്ണം 76ല്‍നിന്ന് 36ലേക്ക് താണു. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ക്കും തിരുവഞ്ചൂരിന്റെ വീരവാദങ്ങള്‍ക്കും രൂപയുടേതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആര്‍എംപിക്ക് കാറ്റുവീഴ്ച. അതിന്റെ മുഖ്യസൈദ്ധാന്തിക നായകന് മണ്ഡരിബാധ. ഓര്‍ക്കാട്ടേരിവിപ്ലവം അങ്ങനെ മുല്ലപ്പള്ളിക്കുപോലും വേണ്ടാതായി. ഇനി ആരുടെ തട്ടിന്‍പുറത്ത് തപ്പിയാല്‍ കിട്ടും വടകരയിലെ വോട്ടുകളെന്ന് ഗവേഷണം നടത്താന്‍ കണ്ണൂരില്‍നിന്ന് കവികുലോത്തമന്‍ പോകണം.

1 comment:

ajith said...

അടുത്ത അഞ്ചുവര്‍ഷം കഥ വേറെയാകും
അങ്ങനെയാ കണ്ടുവരുന്നത്