Sunday, September 1, 2013

മുണ്ടിലൊളിപ്പിച്ച തല

തലയില്‍ മുണ്ടിട്ട് നാട്ടുമ്പുറത്തെ "മാന്യന്മാര്‍" പോകാറുള്ളത്, ആളറിയാതെ ചില കാര്യങ്ങള്‍ സാധിക്കാനാണ്. അത്തരക്കാരെ പകല്‍മാന്യന്മാര്‍ എന്ന് വിളിച്ചാദരിക്കുന്ന പതിവുണ്ട്. പ്രജകളുടെ ക്ഷേമം നേരിട്ടറിയാന്‍ പഴയകാല രാജാക്കന്മാര്‍ പ്രച്ഛന്നവേഷത്തില്‍ നാടുചുറ്റുമായിരുന്നു. ലോറി ക്ലീനറുടെയും ചുമട്ടുകാരന്റെയുമൊക്കെ വേഷംകെട്ടി സുരേഷ് ഗോപി കളിച്ച് വാര്‍ത്തയില്‍ കയറാന്‍ പാടുപെടുന്ന പൊലീസ് തലവന്മാര്‍ വംശനാശ ഭീഷണി നേരിടുന്ന ആ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ്. അതൊക്കെ നടപ്പുണ്ടെങ്കിലും ആധുനിക കാലത്തെ ഒരു സര്‍ക്കാരിന്റെ തലവന്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം എന്ന അവസ്ഥ വേറെങ്ങും കാണാനാവില്ല. ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനൊപ്പം ഉമ്മന്‍ചാണ്ടി ബഹ്റൈനില്‍നിന്ന് കൊണ്ടുവന്നത് അപൂര്‍വമായ ആ അവസ്ഥകൂടിയാണ്.

കേരളത്തില്‍ ഇന്ന് ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ശ്രദ്ധിക്കുന്നതും പൊലീസിന്റെ സഹായസഹകരണങ്ങള്‍ ആവോളം ആസ്വദിക്കുന്നതും രണ്ടുപേരാണ്. ഉമ്മന്‍ചാണ്ടിയും ആട് ആന്റണിയും. ഒരു പൊലീസുകാരനെ കുത്തിമലര്‍ത്തിയ ആട് ആന്റണി സസുഖം കേരളത്തില്‍നിന്ന് പുറത്തേക്കുകടന്നു. ഇരുപതാമത്തെയോ ഇരുപത്തിരണ്ടാമത്തെയോ ഭാര്യവീട്ടില്‍ സുഖജീവിതം. പൊലീസ് ആ വഴിക്ക് പോകില്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇനി അഥവാ കേരളത്തിലേക്ക് വരണമെന്ന് ആന്റണിക്ക് തോന്നിയാല്‍ അകമ്പടി സേവിക്കാന്‍ പൊലീസിന്റെ പടയിറങ്ങും. അതേപോലെ, ഉമ്മന്‍ചാണ്ടി പുറത്തിറങ്ങുമ്പോഴും കറുത്ത പൂച്ചയും ഡോഗ് സ്ക്വാഡും വെടിക്കെട്ടുപൊലീസും അകമ്പടി പോകും. ക്ലിഫ് ഹൗസിലാണ് ഇപ്പോള്‍ സുഖചികിത്സ. പുറത്തേക്കിറങ്ങിയാല്‍ കരിങ്കൊടിയുംകൊണ്ട് നാട്ടുകാര്‍ പാഞ്ഞടുക്കും. ഒരു വകുപ്പുകൂടി മുഖ്യമന്ത്രിക്ക് പുതുതായി കിട്ടിയിട്ടുണ്ട്- പരിപാടി റദ്ദാക്കല്‍ വകുപ്പ്.

പൊലീസുകാരനെ കുത്തിമലര്‍ത്തിയ പ്രതിക്കും ജനാധിപത്യത്തെയും നിയമസംഹിതയെയും കൊല്ലാന്‍ നോക്കുന്ന പ്രതിക്കും ഒരേ അനുഭവമുണ്ടാകുന്നത് സാമാന്യനീതിതന്നെ. അതാണ് ശരിയായ നീതിയെന്ന് ചെന്നിത്തലയ്ക്കും പി പി തങ്കച്ചനും മനസിലായിട്ടുണ്ട്. പി സി ജോര്‍ജും മുരളീധരനും വളരെ മുമ്പുതന്നെ അത് മനസിലാക്കിയതുമാണ്. തങ്കച്ചനെക്കുറിച്ച് പൊതുവെ പറയാറുള്ളത്, ഒരു പഞ്ചപാവം എന്നാണ്. ആ പാവത്തിനുപോലും ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ പത്തിവിടര്‍ത്താന്‍ തോന്നുകയാണ്. സഹിക്കുന്നതിനും ഉണ്ടല്ലോ പരിധി. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാനാവില്ല; കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ട് എന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇനി കോടതി പറയട്ടെ, അപ്പോള്‍ കാണാം. തങ്കച്ചനും പൊന്നച്ചനും രത്നപ്പനുമൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന ഇനമല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടല്ല കടിച്ചുതൂങ്ങുന്നത്. യുഡിഎഫിലെ കാര്യങ്ങള്‍ ഞാനറിയുന്നില്ല; എനിക്കൊന്നും ചെയ്യാനാകുന്നില്ല എന്ന തങ്കച്ചന്റെ പരിഭവം ഉമ്മന്‍ചാണ്ടിയെ ശരിക്കും അറിയാവുന്നതുകൊണ്ടുള്ള ഒരു മാനസികാവസ്ഥയാണ്.

ചെന്നിത്തലയ്ക്ക്, "വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍" മാത്രമല്ല, തങ്കച്ചനും കൂട്ടുണ്ട്. വേറെയാളെ കസേര ഏല്‍പ്പിച്ച് ഇറങ്ങിപ്പൊയ്ക്കൂടേ എന്നാണ് മനസിലാകുന്ന ഭാഷയില്‍ ഉമ്മന്‍ചാണ്ടിയോട് തങ്കച്ചന്‍ ചോദിച്ചത്. അധികം നെഗളിപ്പുവേണ്ട; കോടതി ഒരു വാക്ക് പറഞ്ഞാല്‍ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. രമേശ് ഭാഷ അല്‍പ്പം മയത്തിലാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കത്തെഴുതി അയച്ചു. കത്തെഴുത്ത് നടപ്പുള്ള രീതിയല്ല. എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയവയുടെ കാലമാണ്്. അതാകുമ്പോള്‍ അയക്കുന്നയാളും കിട്ടുന്നയാളുമേ അറിയൂ. രമേശിന്റെ ജീവിതംപോലെതന്നെ തുറന്നുപിടിച്ചാണ് കത്തും കൈകാര്യംചെയ്തത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെറുതെ ഇരിപ്പാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പാളയം മാര്‍ക്കറ്റില്‍നിന്ന് അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് പച്ചക്കറിയും വാങ്ങി നേരെ ക്ലിഫ് ഹൗസില്‍ കയറിച്ചെന്ന് ഉമ്മന്‍ചാണ്ടിക്ക് കൊടുത്താല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കൊടുക്കുമ്പോള്‍ അതിന്റെ വിലയും പറയണമെന്നുമാത്രം. വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല.

തലയില്‍ മുണ്ടിട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ തങ്കച്ചനുപോലും സഹിക്കാതായിട്ടും ആന്റണി അനങ്ങാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. തല്‍ക്കാലം പി സി ജോര്‍ജ് അടങ്ങിയിരിപ്പാണ്. അത് താന്‍ പേടിപ്പിച്ചിട്ടാണെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാലും വലിയ ഒച്ചയും അനക്കവുമൊന്നുമില്ല. കരിങ്കൊടി നാടാകെ പറന്നു കളിക്കുന്നതുമാത്രമാണ് പറയത്തക്ക വിശേഷം. എന്നിട്ടും തങ്കച്ചന് ഇങ്ങനെയൊരു ബുദ്ധി തോന്നണമെങ്കില്‍ അണിയറയില്‍ ഉമ്മന്‍ചാണ്ടിക്ക് അത്താഴം ഒരുങ്ങുന്നുണ്ട് എന്ന് കരുതണം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പരമപ്രധാനം എന്ന് തങ്കച്ചന്‍ പറഞ്ഞതിന്, ഉമ്മന്‍ചാണ്ടിയെയുംകൊണ്ട് പോയാല്‍ വട്ടപ്പൂജ്യമാകും എന്ന സൂചനയുണ്ട്. നാറി നാണംകെട്ട് പുതുപ്പള്ളിക്ക് വണ്ടി കയറണോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നാറിയാലും വേണ്ടില്ല, തലയില്‍ മുണ്ടിട്ടാലും വേണ്ടില്ല- ഒന്നാം നമ്പര്‍ കാറും ക്ലിഫ്ഹൗസും മതി എന്ന് ഒരാള്‍ വാശി പിടിച്ചാല്‍ പ്രശ്നപരിഹാരം പ്രയാസമാണ്. അതിനുള്ള ത്രാണി ചെന്നിത്തലയ്ക്കും തങ്കച്ചനുമില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയ വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കാം.

അഥവാ വിമാനം കയറിയോ ഊടുവഴിയിലൂടെയോ എത്തിയാല്‍ എന്തു സംഭവിക്കും എന്ന് മഞ്ചേരിയില്‍ കണ്ടു. ജനങ്ങളെ തല്ലി തലപൊളിച്ച് എത്രനാള്‍ ഈ കാപട്യം തുടരും? ലേ ഔട്ട് മാറ്റിയ മുടിയും ചിരിയും പൊലീസിന്റെ ആയുധങ്ങളുംകൊണ്ട് മൂടിവയ്ക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടി എന്ന ഉപജാപ ചക്രവര്‍ത്തിയെ എന്ന ചോദ്യമാണ് മഞ്ചേരിയില്‍ കേട്ടത്. അവിടെ തടയാന്‍ തീരുമാനിച്ചിരുന്നില്ല. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്നവരെയാണ് പൊലീസ് നേരിട്ടത്. ശരിക്കും തടയാന്‍ വരുന്നവര്‍ അണപൊട്ടിയെത്തിയാല്‍ എന്താവും അവസ്ഥ എന്ന് കോണ്‍ഗ്രസുകാര്‍തന്നെ ചിന്തിക്കട്ടെ.

*
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ അസ്ന എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കെ പന്താണെന്നു കരുതി ബോംബില്‍ ചവിട്ടിയാണ് കാല്‍പോയതെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞത്. അത് അതേപടി മനോരമയും മാതൃഭൂമിയും എഴുതി നിര്‍വൃതിയടയുകയുംചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാരെ സ്നേഹിക്കാന്‍ ബൂത്തിലെത്തിയ ആര്‍എസ്എസുകാര്‍ പന്താണെന്നു കരുതി അസ്നയ്ക്ക് തട്ടിക്കളിക്കാന്‍ ബോംബ് എറിഞ്ഞുകൊടുക്കുകയും ആ പന്ത് വെറുതെ പൊട്ടി കുട്ടിയുടെ കാല്‍ തകരുകയുംചെയ്തു എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസുകാരുമായി തലപ്പന്തുകളിക്കാനാണ് എത്തിയതെന്നും വിശദീകരിച്ചാല്‍ ചരിത്രം പൂര്‍ണമാകും. മെഡിക്കല്‍കോളേജാശുപത്രിയില്‍ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ച ലിഫ്റ്റ് "അസ്നയ്ക്കുവേണ്ടി" എന്ന് ആദ്യത്തെ "സത്യം". അസ്നയുടെ കാലും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ലെന്നത് രണ്ടാമത്തെ "സത്യം". ഉമ്മന്‍ചാണ്ടിക്ക് സത്യവാന്‍ ചാണ്ടി എന്ന പേരുകിട്ടുമ്പോള്‍ മനോരമ, മാതൃഭൂമി സഹോദരങ്ങള്‍ക്കും വല്ലതും കൊടുക്കണം.

*
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അപ്പോള്‍ കിട്ടും എന്നാണ് പറഞ്ഞിരുന്നത്. കിട്ടുന്നത് ജാമ്യമാകും എന്ന് കരുതിയവര്‍ക്ക് നൈരാശ്യമുണ്ടാകും. ബിജെപി എന്തുകൊടുത്തോ അതുതന്നെ തുടര്‍ന്നും കിട്ടും എന്ന സൗമനസ്യ മനോഭാവമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. തിരുവല്ലാക്കാരന്‍ മന്ത്രി ജോര്‍ജ് വളച്ചുകെട്ടില്ലാതെ അത് തുറന്നു പറഞ്ഞു- സര്‍ക്കാര്‍ മാറുമ്പോള്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തിലെ സമീപനം മാറില്ല എന്ന്. കര്‍ണാടകത്തിലെ മന്ത്രിയായതുകൊണ്ട് ജോര്‍ജിന് അതുപറയാം. അവിടെ കുഞ്ഞാലിക്കുട്ടിയും ലീഗുമൊന്നുമില്ല. ഇവിടെ മഅ്ദനിക്കുവേണ്ടി ഒഴുക്കാനുള്ള കണ്ണീരാണ് മുല്ലപ്പെരിയാറിലെന്നപോലെ അണകെട്ടി നിര്‍ത്തിയിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ അണക്കെട്ട് പൊട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ കാണാം പുകില്‍- പാണക്കാട്ടുനിന്ന് കൂലംകുത്തിയൊഴുകുന്ന കണ്ണീര്‍പ്പുഴ തൃശൂര്‍ കരുനാഗപ്പള്ളി വഴി പൂന്തുറയിലെത്തി കടലില്‍ ചേരും. അപ്പോഴേക്ക് തെരഞ്ഞെടുപ്പു കഴിയും- മഅ്ദനി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെലവില്‍ ബംഗളൂരുവില്‍ തുടരുകയുംചെയ്യും. ഇനി അഥവാ മഅ്ദനിക്ക് കോണ്‍ഗ്രസിനെതിരെ വല്ല വികാരവും തോന്നിയാലോ? വര്‍ഗീയവാദി, കൊടുംഭീകരന്‍, ദാവൂദിന്റെ അമ്മാവന്‍, ബിന്‍ ലാദന്റെ താടിയുള്ളവന്‍ എന്നൊക്കെ പറയാനും എഴുതാനും "മ" സഹോദരങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുകയല്ലേ.

*
ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. സംശയമുണ്ടെങ്കില്‍ എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞുതരും. തലയില്‍ മുടിയില്ലെങ്കിലും ഒരുവിധം മാന്യതയും കഴിവും നീതിബോധവും ഒക്കെ തനിക്കുണ്ട് എന്നായിരുന്നു ഇന്നലെവരെ ഹേമചന്ദ്രന്റെ ഭാവം. കൂടെയുള്ള പൊലീസുകാരും അത് സമ്മതിച്ചിരുന്നു. ആ ഹേമചന്ദ്രനെ ഒരൊറ്റ മാസംകൊണ്ട് സരിതയ്ക്ക് ഫോണ്‍കൊടുക്കാനും അകമ്പടി പോകാനും തെളിവു നശിപ്പിക്കാനും കംപ്യൂട്ടറും ചിത്രങ്ങളും കട്ടുകടത്തി നശിപ്പിക്കാനും കഴിവുള്ള ഉന്നതശീര്‍ഷനാക്കി മാറ്റിയില്ലേ? ചരിത്രത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്ര വലിയ നേട്ടം?

പൊലീസില്‍ ഇനിയാരെങ്കിലും ആത്മാഭിമാനവുംകൊണ്ട് നടക്കുകയാണെങ്കില്‍ അവരെയും കണ്ടെത്തി ഹേമചന്ദ്രനാക്കാനുള്ള ശേഷി തിരുവഞ്ചൂരിനുണ്ട്. ശാലുവിന്റെ വീട്ടിലെ കരിക്ക് ആവിയാക്കാമെങ്കില്‍, എറണാകുളം ഗസ്റ്റ് ഹൗസിലെ ക്യാമറക്കാഴ്ച ഒളിപ്പിക്കാമെങ്കില്‍, സരിതയുടെ മൊഴി ചുരുട്ടിക്കൂട്ടുകയും ശ്രീധരന്‍നായരുടെ മൊഴി ചവിട്ടിത്താഴ്ത്തുകയും ചെയ്യാമെങ്കില്‍ ഒരായിരം ഹേമചന്ദ്രന്മാരെ പാതാളത്തിലേക്കുള്ള വണ്ടിയില്‍ കയറ്റിവിടാനും തിരുവഞ്ചൂരിനറിയാം. എന്നിട്ടും മണിയാശാന്‍ കൊടുത്തത്, വെറുമൊരു നികൃഷ്ടജീവിപ്പട്ടമാണ്. ആനയെ ആരും ആലയില്‍ കെട്ടാറില്ല എന്നെങ്കിലും ആശാന്‍ അറിയേണ്ടതല്ലേ?

2 comments:

manoj pm said...

ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല.

ajith said...

നാണം കെട്ടവര്‍ക്ക് എന്തും അലങ്കാരമാണല്ലോ!