Sunday, July 22, 2012

കാകദന്ത ഗവേഷണം

കാക്കയുടെ വായില്‍ പല്ലുതപ്പുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നന്മ കണ്ടെത്താനുള്ള ശ്രമം. ഇല്ലാത്ത വസ്തുവോ അസംഭവ്യമായ കാര്യമോ അന്വേഷിച്ചവരൊന്നും വിജയം കണ്ടിട്ടില്ല. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കേണ്ട സമയവും സമാഗതമായി. ഉമ്മന്‍ചാണ്ടി പഴയ കെഎസ്യു പയ്യനല്ല; എ ഗ്രൂപ്പ് നേതാവല്ല; കരുണാകരനെ പാരവയ്ക്കുന്ന ശകുനിവേഷക്കാരനുമല്ല- രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണ്. ആന്റണിയെ വിമാനം കയറ്റി കസേരപിടിച്ച സൃഗാല തന്ത്രജ്ഞനാണ്. എല്ലാമായിട്ടും കാര്യമൊന്നുമില്ല എന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയാണോ എന്ന് എല്ലാ ദിവസവും എണീറ്റ് നുള്ളിനോക്കിയാലേ ബോധ്യംവരുന്നുള്ളൂ. പൊലീസും സല്യൂട്ടും കൊടിവച്ച കാറുമൊക്കെയുണ്ടെങ്കിലും ഒരുറപ്പില്ലായ്മ. താന്‍തന്നെയാണോ മുഖ്യമന്ത്രി എന്ന് കണ്ണാടിയില്‍ നോക്കി രാവിലെയും വൈകിട്ടും ചോദിക്കും- ഇടയ്ക്ക് ഞാനാണ് മുഖ്യമന്ത്രി എന്നു പറയുകയും ചെയ്യും.

ഓരോസ്ഥാനത്തിന്റെയും മഹത്വം അതില്‍ ആരാണ് ഇരിക്കുന്നത് എന്നുനോക്കിയാണ്. കേരളത്തിലെ ഒരു ചീഫ് വിപ്പ് സ്ഥാനം പട്ടി നക്കിയ കലംപോലെയായത് എല്ലാവരും കാണുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന് ഭരത് അവാര്‍ഡ് കിട്ടിയാല്‍ തിലകന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? പണ്ഡിറ്റിനുശേഷം ജഗതി ശ്രീകുമാറിന് അതേ അവാര്‍ഡ് കിട്ടിയാലത്തെ അവസ്ഥ എന്താകും? അടുത്തവട്ടം ആര്‍ക്കും വേണ്ടാത്ത ഒന്നാകും ചീഫ് വിപ്പ് പദവി എന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിനും അതേ അവസ്ഥ വരുമോ എന്നതാണ് പ്രശ്നം. ഉമ്മന്‍ചാണ്ടിയുടെ പോക്കുകണ്ടാല്‍ മറിച്ച് വിശ്വസിക്കാന്‍ തരമില്ല. ചീഫ് വിപ്പാണോ ചീഫ് മിനിസ്റ്ററാണോ വലുതെന്ന് തൂക്കിനോക്കി തിട്ടപ്പെടുത്തണം.

കുട്ടനും മുട്ടനും തമ്മിലടിക്കുന്നത് കണ്ട് രസിച്ച ചെന്നായയുടെ പരിപാടിയാണ് ഉമ്മന്‍ചാണ്ടി കാണിച്ചതെന്ന് പിള്ളയ്ക്ക് തോന്നുന്നുണ്ട്. കാക്കയ്ക്കുമാത്രമല്ല, പിള്ളയ്ക്കും തന്‍പിള്ള പൊന്‍പിള്ളതന്നെയാണ്. ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്ന് മുദ്രാവാക്യം വിളിച്ചയാളാണ് ഇന്ന് ആഭ്യന്തരമന്ത്രി. അതുപോലെ, ഞങ്ങടെ മന്ത്രിയും ചീഫ്വിപ്പും തമ്മില്‍തല്ലിയാല്‍ മറ്റാര്‍ക്കും ചേതമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ സിദ്ധാന്തം. തമ്മില്‍തല്ലിക്കുന്നത് രസമുള്ള പരിപാടിതന്നെ. വാടാ പോടാ വിളിമാത്രമല്ല, ഒരാഴ്ചയ്ക്കകം നിന്നെ ഞാന്‍ ഇരുത്തിത്തരാമെടാ എന്ന വെല്ലുവിളിയാണ് ചീഫ് വിപ്പില്‍നിന്ന് മുഴങ്ങിയത്. അല്‍പ്പം മാനാഭിമാനമുള്ളവരാണെങ്കില്‍, അതുകേട്ട് നേരെ കാടുകയറും. രണ്ടുകൂട്ടരും ഒരാഴ്ചയ്ക്കകം പരസ്പരം ഇരുത്താന്‍ ശ്രമിച്ചാല്‍, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് പോരാതെ വരും. ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരനുഭവം വന്നിട്ടുണ്ടാകില്ല.

മുന്നില്‍ നിന്ന് മന്ത്രിയും വിപ്പും സ്റ്റണ്ട് നടത്തുമ്പോള്‍ മിണ്ടാതിരിക്കുന്നയാള്‍തന്നെ സംസ്ഥാനത്തിന്റെ ഭരണം നയിക്കാന്‍ യോഗ്യന്‍. കുറ്റം നോക്കിപ്പറവാന്‍ കുറ്റികണക്കെ നില്‍ക്കുന്ന സുധീരന്മാര്‍ക്കും അതാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍വഗുണമൂര്‍ത്തിയായാല്‍ സുധീരന്‍ കാശിക്കുപോകേണ്ടിവരും. പല്ലിനിടയില്‍ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നതാണ് ആദര്‍ശധീരത. കോണ്‍ഗ്രസ് നല്ലത്, ഭരണം നല്ലത് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞിട്ട് കാര്യമില്ല. ഭരണത്തില്‍ അഴിമതി, സര്‍വത്ര കുഴപ്പം എന്നുതന്നെ പറയണം. ഘടകകക്ഷികള്‍ക്കിട്ട് കുത്തിക്കൊണ്ടേയിരിക്കണം. രാഷ്ട്രീയം എന്നാല്‍ വയറ്റിപ്പിഴപ്പുമാത്രമല്ല, വാര്‍ത്തയില്‍ കയറല്‍കൂടിയാണ്. വാര്‍ത്താതാരമാകാന്‍ ഉടുതുണി ഉരിയുന്നവരുടെ കാലമാണ്. പറയുന്നത് അഴിമതിവിരോധവും ആദര്‍ശവുമായാല്‍ ഒരുമാതിരിപ്പെട്ടവരൊന്നും എതിര്‍ക്കാന്‍ നില്‍ക്കില്ല. "ഊണില്‍ക്കാണുവതില്ല തെല്ലു രുചി മേ; പൊയ്പോയുറക്കം, പ്രിയേ! ക്ഷീണിച്ചു ശരീരമിങ്ങനുദിനം; വര്‍ധിപ്പൂ വൈക്ലബ്യവും; കാണിക്കും കുറയുന്നതില്ല ഹൃദയേ കാഠിന്യമെന്നാകില്‍, നിന്‍ കോണിക്കല്‍ ശവമൊന്നു കാണുമൊരുനാള്‍; ഞാന്‍ തന്നെയാമാശ്ശവം" എന്നാണ് ഭര്‍തൃസ്ഥാനാര്‍ഥിയായ വെണ്‍മണിപ്രസ്ഥാനക്കാരന്‍ അയച്ച വിവാഹാഭ്യര്‍ഥനയിലുള്ളതെന്ന് സഞ്ജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരഭ്യര്‍ഥന ഹൈക്കമാന്‍ഡിലേക്കയച്ച് കാത്തിരിക്കുന്നത് ആദര്‍ശാത്മകമായ (സു)ധീരത്വംതന്നെ.

ലോക്സഭയിലേക്ക് ഇനി മത്സരത്തിനില്ല എന്നു പറഞ്ഞുപോയി. രാജ്യസഭാ സീറ്റ് കാക്ക കൊത്തിപ്പോയി. നിയമസഭയിലേക്ക് നോട്ടമയക്കണമെങ്കില്‍ ഇനിയും വേണം നാലുകൊല്ലം. ആകെ ഒരു പ്രതീക്ഷയുള്ളത് ഹരിപ്പാടുകാരന്റെ കസേരയിലാണ്. ഒരാള്‍ക്ക് ഒരു സ്ഥാനം എന്നെല്ലാം പറയാമെന്നേയുള്ളൂ. ചെന്നിത്തലയ്ക്ക് നിയമസഭയില്‍ ഇരിക്കുകയുംവേണം, ഇന്ദിരാഭവന്‍ ഭരിക്കുകയും വേണം. ആ കട്ടിലുകണ്ടാണ് സുധീരന്റെ പനി. പനിച്ചു പനിച്ച് തീരെ ശോഷിച്ചുപോയി. പ്രസ്താവനാ അക്കാദമിയോ മറ്റോ ഉണ്ടാക്കി കേന്ദ്രത്തിലെ രണ്ടാമന്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. അതല്ലെങ്കില്‍, അഖിലേന്ത്യാ തൊഴുത്തില്‍ക്കുത്ത് ബോര്‍ഡ് രൂപീകരിച്ചാലും മതി. അതിലേക്ക് റിക്രൂട്ട്മെന്റ് എളുപ്പമാകും. അച്ഛനും മകനുമുള്ള പാര്‍ടിയില്‍നിന്ന് രണ്ടുപേരെയും ആ ബോര്‍ഡിന്റെ ഡയറക്ടര്‍മാരാക്കാമെന്ന സൗകര്യവുമുണ്ട്.

*
കുഞ്ഞാലി വധക്കേസില്‍ പ്രതിയായ ആര്യാടന്‍ മുഹമ്മദ് പണ്ട് എണ്‍പതില്‍ ആന്റണിയോടൊപ്പം ഇടതുപക്ഷത്ത് വന്നു. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി. മുന്നണിസംവിധാനത്തില്‍ അങ്ങനെ പലതും പേറേണ്ടിവരും. ഇഷ്ടമില്ലെങ്കിലും ചില വേണ്ടാതീനങ്ങളെ ചുമക്കുകയും സഹിക്കുകയും വേണ്ടിവരും.

അന്ന് നിലമ്പൂരില്‍ മത്സരിച്ച ആര്യാടനെതിരെ ഇടതുപക്ഷത്തുനിന്നുതന്നെ കടുത്തരോഷം വന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തലകുമ്പിട്ട് ആര്യാടനിരുന്നപ്പോള്‍, നേതൃത്വം പറഞ്ഞത്, ഇത് മുന്നണിയുടെ സ്ഥാനാര്‍ഥിയാണ്, മുന്നണി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വോട്ടുചെയ്ത് വിജയിപ്പിക്കണം എന്നാണ്. ആര്യാടന്‍ ജയിക്കുകയും മന്ത്രിയാവുകയും ഏറെ താമസമില്ലാതെ സഹജസ്വഭാവം കാണിച്ച് പഴയ മാളത്തില്‍ തിരിച്ചുകയറുകയും ചെയ്തു.

കോണ്‍ഗ്രസില്‍ അത്രയേ ഉള്ളൂ കാര്യം. സ്ഥാനം നേടാന്‍ സ്വയം കുറ്റിച്ചൂലാകാനും മടിയുണ്ടാകില്ല. അല്ലെങ്കിലും മുന്നണിയുടെ സൗകര്യം നിസ്സാരമൊന്നുമല്ല. ജയിക്കുംവരെ മതി വിധേയത്വവും കൂറും. ജയിച്ചാല്‍പ്പിന്നെ ഞാന്‍ വലിയ സംഭവംതന്നെ എന്നു പറഞ്ഞ് നടക്കാം. ഈരാറ്റുപേട്ടമുതല്‍ ഈരാറ്റുപേട്ടവരെ അനുയായി വൃന്ദമുള്ള പി സി ജോര്‍ജ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയാകുന്നതിന്റെ രസതന്ത്രം അതാണ്. യുഡിഎഫില്‍ ഒരു എംഎല്‍എയ്ക്ക് ഒന്നൊന്നര എംഎല്‍എയുടെ വിലയാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ തമ്മിലടിച്ചാലും മുടിയില്‍ പിടിച്ച് വലിച്ചാലും മുണ്ട് വലിച്ചുപറിച്ചാലും കുഴപ്പമില്ല. നടപടിയൊന്നും വരില്ല.

*
ആന്റണി രണ്ടാമനായതില്‍ പവാറിന് തര്‍ക്കമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വാര്‍ത്ത. അപ്പോള്‍ ആരാണ് ഒന്നാമന്‍? അത് മന്‍മോഹന്‍സിങ്ങാണെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം ഒന്നാമത്തേതാണോ എന്ന ദാര്‍ശനിക ചര്‍ച്ച ആരും ഉയര്‍ത്തിയതായും കണ്ടില്ല.

പണ്ട് രാഷ്ട്രപതിഭവനിലിരുന്ന് സെയില്‍സിങ് പറഞ്ഞത് ഒരു കുറ്റിച്ചൂലിന്റെ കാര്യമാണ്. ഇന്ദിരാഗാന്ധി കുറ്റിച്ചൂലെടുത്ത് തൂത്തുവാരാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന്. പാരമ്പര്യം വിട്ടുകളിക്കുന്ന പാര്‍ടിയല്ല കോണ്‍ഗ്രസ്. അതുകൊണ്ട് കുറ്റിച്ചൂലെടുപ്പുകാരെ നമ്പരിട്ട് തിരിക്കാമെന്നല്ലാതെ ഒന്നിലും രണ്ടിലും വലിയ കാര്യമൊന്നുമില്ല. വലിയതോതില്‍ കാര്യവിവരമുള്ള ശരത് പവാറിന് ഇന്നുവരെ ഇതൊന്നും മനസ്സിലായിട്ടില്ലേ എന്നാണ് ശതമന്യുവിന്റെ സംശയം.

*
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ച് നടന്ന പൊലീസുകാര്‍ക്ക് കാക്കയുടെ വായില്‍ പല്ല് തിരഞ്ഞ അനുഭവമായി. ചെക്യാട്ടെ കല്യാണവീട്, നാദാപുരം കത്തി, വടകരയിലെ അരിമുറുക്ക്, കോഴിക്കോട്ടെ ഹല്‍വ- എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍. മെനഞ്ഞ കഥകള്‍മാത്രം ബാക്കിയായി.

ചന്ദ്രശേഖരന്‍വധം യുഡിഎഫിന് വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നാണ് മുല്ലപ്പള്ളിയുടെ പരിഭവം. അതിന്റെ അര്‍ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. യുഡിഎഫിന് ഉപയോഗിക്കാന്‍വേണ്ടിയുള്ളതായിരുന്നുവോ ആ വധം എന്ന് തെളിച്ചുപറയേണ്ടത് മുല്ലപ്പള്ളിതന്നെയാണ്. എങ്ങനെയാണ് ഉദ്ദിഷ്ട ഉപയോഗമെന്നും ആരാണ് അതിന്റെ തിരക്കഥാരചനയെന്നും അറിയാന്‍ കൊതിയാകുന്നു. നേരിട്ടുപറയാന്‍ വയ്യെങ്കില്‍ തൊട്ടുകാണിച്ചാലും മതി. അല്ലെങ്കില്‍ ക്വട്ടേഷന്‍ സുധാകരന് കൊടുക്കണം.

1 comment:

ശതമന്യു said...

ഓരോസ്ഥാനത്തിന്റെയും മഹത്വം അതില്‍ ആരാണ് ഇരിക്കുന്നത് എന്നുനോക്കിയാണ്. കേരളത്തിലെ ഒരു ചീഫ് വിപ്പ് സ്ഥാനം പട്ടി നക്കിയ കലംപോലെയായത് എല്ലാവരും കാണുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന് ഭരത് അവാര്‍ഡ് കിട്ടിയാല്‍ തിലകന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? പണ്ഡിറ്റിനുശേഷം ജഗതി ശ്രീകുമാറിന് അതേ അവാര്‍ഡ് കിട്ടിയാലത്തെ അവസ്ഥ എന്താകും? അടുത്തവട്ടം ആര്‍ക്കും വേണ്ടാത്ത ഒന്നാകും ചീഫ് വിപ്പ് പദവി എന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിനും അതേ അവസ്ഥ വരുമോ എന്നതാണ് പ്രശ്നം. ഉമ്മന്‍ചാണ്ടിയുടെ പോക്കുകണ്ടാല്‍ മറിച്ച് വിശ്വസിക്കാന്‍ തരമില്ല. ചീഫ് വിപ്പാണോ ചീഫ് മിനിസ്റ്ററാണോ വലുതെന്ന് തൂക്കിനോക്കി തിട്ടപ്പെടുത്തണം.