Sunday, July 15, 2012

അണ്ണാക്കില്‍ കുടുങ്ങിയ എല്ല്

വടകരയിലെ പൊലീസ് ക്യാമ്പില്‍ മീശയുള്ളതും ഇല്ലാത്തതുമായ ഏമാന്മാര്‍ അവലിടിക്കുമ്പോലെ ഇടിച്ചുണ്ടാക്കുന്നതെന്തോ അതാണ് വാര്‍ത്ത. അത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുഴച്ചുരുട്ടി വായനക്കാരന്റെ വായില്‍ തിരുകിക്കൊടുക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമസ്വാതന്ത്ര്യം എന്നത് ചക്കയാണോ മാങ്ങയാണോ എന്നെല്ലാം ഗവേഷണം നടത്തി ചിലര്‍ നടപ്പുണ്ട്. അവര്‍ക്കൊന്നും തിരയെണ്ണുന്നതിന്റെ സുഖം മനസ്സിലായിട്ടുണ്ടാകില്ല.  മുത്തൂറ്റ് പോള്‍ വധക്കേസില്‍ പൊലീസ് പോകുന്ന വഴിയില്‍ കുറുകെ ചാടലായിരുന്നു മാധ്യമസ്വാതന്ത്യ്രം. പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ് തുടങ്ങിയ മഹാരഥന്മാരുടെ ചരിത്രവും വര്‍ത്തമാനവും പറിച്ചെടുത്ത് ഉപ്പും മുളകും ചേര്‍ത്തു ചുട്ട് വായനക്കാര്‍ക്ക് കട്ടന്‍കാപ്പിയോടൊപ്പം കൊടുക്കുന്നതായിരുന്നു അന്തകാലത്തെ മാധ്യമമഹത്വം. ചന്ദ്രശേഖരന്‍ വധക്കേസ് വന്നപ്പോള്‍ രീതിയില്‍ ചെറിയ മാറ്റം വരുത്തിയെന്നേയുള്ളൂ. അന്നത്തെ പൊലീസ് കള്ളപ്പോലീസെങ്കില്‍ ഇന്നത് അരുമയാന പൊലീസായി. അന്ന് തൊട്ടത് കുറ്റമെങ്കില്‍ ഇന്ന് തൊഴിച്ചാലും പ്രണയം.

പൊലീസിനുവേണ്ടി തുടിക്കുകയാണ് മാധ്യമ മാനസങ്ങള്‍. തലസ്ഥാന നഗരത്തില്‍ ആ തുടിപ്പ് ഹൌസിങ് ബോര്‍ഡിനുവേണ്ടിയാണത്രേ. 54 മാധ്യമസിംഹങ്ങള്‍ അനന്തപുരിയുടെ ഹൃദയഭാഗത്ത് ഹൌസിങ് ബോര്‍ഡ് വക ഫ്ളാറ്റുവാങ്ങി. കൊടുത്തത് നിസ്സാര അഡ്വാന്‍സ്. ചിലര്‍ നേരെ കയറി താമസം തുടങ്ങി. മറ്റു ചിലര്‍ വാടകയ്ക്ക് കൊടുത്തു. വലിയ പത്രത്തിന് കൂടുതല്‍ വേണമെന്നുള്ളതുകൊണ്ട് അച്ചായന്റെ ആള്‍ക്കാരാണ് ഇടപാടുകാരില്‍ മുമ്പര്‍. 11 പേര്‍ മനോരമക്കാര്‍. അതില്‍ പത്താളും ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നു. ആ കിട്ടുന്ന വാടകയുടെ പകുതി അടച്ചാല്‍ മതി, ഹൌസിങ് ബോര്‍ഡിന്റെ കടം തീരും. വെറുതെ ഒരു ഫ്ളാറ്റ്, അതിന്റെ വാടക സ്വന്തം വരുമാനം എന്നതാണ് അത്യന്താധുനിക മാധ്യമസ്വാതന്ത്യ്രം. കേരള സംസ്ഥാന ഹൌസിങ് ബോര്‍ഡ് ആരുടെ പൈതൃക സ്വത്താണെന്ന അന്വേഷണത്തിനും വേണം ഒരു പ്രത്യേക സംഘം.

ഹൌസിങ് ബോര്‍ഡിനെ പറ്റിച്ച് വീടും പണവും ഉണ്ടാക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം അച്ചടിച്ചുവച്ച പേരുകളില്‍ പല പുപ്പുലികളെയുമാണ് കാണുന്നത്. ആകെമൊത്തം തട്ടിപ്പുതുക 20 കോടി വരുമത്രേ. അതൊക്കെ പണ്ടത്തെ കണക്കാണ്, ഇന്നത്തെ വില 50 കോടി കവിയുമെന്നാണ് അസൂയാലുക്കളുടെ പക്ഷം. അത് ഒട്ടാകെ എഴുതിത്തള്ളണമെന്നത്രേ പുതിയ മാധ്യമ സമ്മര്‍ദം. വേണ്ടതാണ്. ഇങ്ങനെയൊക്കെ അധ്വാനിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊരു പ്രതിഫലം നല്‍കേണ്ടതുതന്നെയാണ്. അക്കാര്യത്തിലെങ്കിലും യുഡിഎഫില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം. എല്ലാവരെയും വലിയ വലിയ സ്ഥാനത്ത് ഇരുത്താനോ പറ്റില്ല- ഒരു വീടെങ്കിലും വെറുതെ കൊടുത്താല്‍ അത്രയും ആശ്വാസമാകും.

പൊലീസുകാരനില്‍ നിന്ന് വാര്‍ത്ത എനിക്ക് ചോര്‍ത്താം, ഞാന്‍ ചോര്‍ത്തിയത് നീ മിണ്ടാന്‍ പാടില്ലെന്ന സിദ്ധാന്തം ജനിപ്പിച്ചവര്‍ക്ക് ഫ്ളാറ്റ് മാത്രമല്ല മാധ്യമസൈദ്ധാന്തികപ്പട്ടവും പട്ടും വളയും കൊടുക്കണം. വിളിച്ച നമ്പരുകള്‍ കണ്ടെത്തിയാല്‍ അത് അപരാധച്ചോര്‍ത്തല്‍. ആ നമ്പരുകള്‍ പരസ്പരം അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചാല്‍ മാധ്യമമഹത്വം. അങ്ങനെയങ്ങനെ ന്യായങ്ങള്‍ വിരചിച്ച് ദേശാഭിമാനിയെ കഴുവിലേറ്റാനാണ് അതിവേഗം ബഹുദൂരസഞ്ചാരം. ദേശാഭിമാനിക്കാര്‍ പേടിച്ച് വിറച്ചുപോയി എന്ന വാര്‍ത്ത ഉടനെ വായിക്കാം. അതെഴുതുന്ന ലേഖകന് മൂന്നു മുറി ഫ്ളാറ്റ് തന്നെ സമ്മാനം.

*
പട്ടികള്‍ എല്ല് വായില്‍ സൂക്ഷിക്കാറില്ല. ചവച്ചരച്ച് തിന്നാന്‍ നോക്കും. അത് കഴിയാഞ്ഞാല്‍ തുപ്പിക്കളയും. ചില പട്ടികള്‍ക്ക് അപ്പാടെ വിഴുങ്ങാനാണ് താല്‍പ്പര്യം. അങ്ങനെ ചെയ്താല്‍ അണ്ണാക്കില്‍ കുരുങ്ങും. പിന്നെ മോങ്ങിക്കരയുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ചില കരച്ചിലുകളാണ് കേരളത്തില്‍ തലങ്ങും വിലങ്ങും മുഴങ്ങുന്നത്. പട്ടികള്‍ ആത്മകഥ എഴുതുന്ന പതിവ് കേട്ടിട്ടില്ല. സമീപനാളില്‍ അതിന് സാക്ഷിയാകാനും ശതമന്യുവിന് ഭാഗ്യം ലഭിച്ചു. 'ഞാന്‍ വായില്‍ എല്ലുസൂക്ഷിക്കുന്നില്ല' എന്നും 'വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാവില്ല' എന്നുമുള്ള എഴുത്തുകള്‍ സാഹിത്യമാണോ മാധ്യമപ്രവര്‍ത്തനമാണോ എന്ന് തിരിച്ചറിയാനാകുന്നില്ല എന്ന പ്രശ്നമേയുള്ളൂ. ഒ

രാളെ 'പട്ടീ' എന്ന് വിളിക്കുന്നത് ആക്ഷേപമായിട്ടാണ് പുണ്യപുരാണകാലം മുതല്‍ കണക്കാക്കുന്നത്. അതിനൊരു പൊളിച്ചെഴുത്ത് വേണ്ടതുതന്നെ. പട്ടി എത്ര അന്തസ്സുള്ള മൃഗമാണ്. യജമാനനെ കാണുമ്പോള്‍ വാലാട്ടും. ബോംബും തോക്കും മണത്തുപിടിക്കും. കള്ളന്‍ വന്നാല്‍ കുരയ്ക്കും. കുരച്ചുകൊണ്ടേയിരിക്കുന്ന പട്ടി കടിക്കില്ലെന്നൊരു കുഴപ്പമുണ്ട്. അത് ഒഴിവാക്കിയാല്‍ പട്ടി എന്തുകൊണ്ടും മാന്യനും സത്യസന്ധനും സേവനസന്നദ്ധനും ബുദ്ധിമാനുമായ ജന്തുവാണ്. അതുകൊണ്ട്, അപരനെ പട്ടിയോടുപമിച്ച് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായി, 'ഞാന്‍ ഒരു പട്ടിയാണ്' എന്ന് ലേഖനം എഴുതാനും അത് വലിയൊരു പത്രത്തില്‍ തന്നെ അച്ചടിക്കാനുമുള്ള ആര്‍ജവത്തിന് സലാം പറയണം. 'ഞാന്‍ ആര്‍എംപിക്കാരനല്ല' എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടിയാകുമ്പോള്‍ എത്ര ഉദാത്തവും ധീരവുമായ ഒരു സാഹിത്യസൃഷ്ടിയാണ് കണ്‍മുന്നില്‍ വന്ന് കുരയ്ക്കുന്നതെന്ന് മലയാളിക്ക് മനസ്സിലായില്ലെങ്കില്‍ പിന്നെ രക്ഷയില്ല. ആസ്വാദനത്തിനും വേണം മിനിമം ക്വാളിഫിക്കേഷന്‍.

യുഡിഎഫ് ഭരണം മാതൃകാ ഭരണമാണെന്ന് ഇയ്യിടെ മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. ആ മാതൃകാ ഭരണത്തില്‍ ജോര്‍ജാണ് മാതൃകാപുരുഷന്‍. ജോര്‍ജിന്റെ സാഹിത്യം യുഡിഎഫിന്റെ ഔദ്യോഗിക സാഹിത്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍തക്ക നിലവാരമുള്ളതാണ്. കാറും ബംഗ്ളാവുമേയുള്ളൂ അധികാരമില്ല എന്നാണ് ചീഫ്വിപ്പ് പദവിയെ കുറിച്ച് ഗണേശ്കുമാറിന്റെ അഭിപ്രായം. അത് മുഖ്യമന്ത്രിയുടെ വിചാരമല്ല. ജോര്‍ജിനെപ്പോലൊരു മനുഷ്യനില്ല എങ്കില്‍ യുഡിഎഫിന്റെ ഗതി ഉപ്പുവച്ച കലംപോലെയാകും. നാടകത്തില്‍ സൂത്രധാരനും സര്‍ക്കസില്‍ കോമാളിയും മഹാഭാരതത്തില്‍ നാരദനും എന്നെല്ലാം പറയുമ്പോള്‍ ആരും നിസ്സാരമായി കാണരുത്. ചില കാര്യങ്ങള്‍ക്ക് അത്തരക്കാര്‍ തന്നെ വേണം. ശകുനിയില്ലാത എന്ത് ഭാരതയുദ്ധം? റസ്പുട്ടിനില്ലാതെ എന്ത് റഷ്യന്‍ചരിത്രം?

ഷേക്സ്പിയറുടെ നാടകത്തില്‍ ജൂലിയസ് സീസറിന്റെ അവസാനമായി കുത്തുന്നത് ബ്രൂട്ടസാണ്. ആ ബ്രൂട്ടസിനേക്കാള്‍ നീചനും അപകടകാരിയുമായ ഗൂഢാലോചകന്‍ അയാളുടെ മച്ചമ്പിയായ കാഷ്യസാണ്. സീസറിനെ മരണശേഷം മാര്‍ക്ക് ആന്റണി ഭരണാധികാരിയായപ്പോള്‍ ആ മാര്‍ക്ക് ആന്റണിയെയും കൊല്ലാനായിരുന്നു കാഷ്യസിന്റെ പദ്ധതി. അതില്‍നിന്ന് പിന്തിരിപ്പിച്ചത് ബ്രൂട്ടസാണ്. കാഷ്യസിന്റെ മുഖമുള്ള ഒരാളെ കുറേക്കാലമായി ഈരാറ്റുപേട്ട മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഏതാനും ചാനലുകളില്‍ അയാളുടെ രൂപം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെന്നും ചില നരവംശശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. അത്തരമൊരു രൂപമാണ്, ഗണേശിന്റെ രഹസ്യങ്ങള്‍ വിളിച്ചുപറയുമെന്ന് കഴിഞ്ഞദിവസം വിളിച്ചുപറഞ്ഞത്.

'കൊണ്ടുനടന്നതും നീയേ ചാപ്പാ' എന്ന് പറയാറുണ്ട്. റീമേക്കിങ്ങുകളുടെ ഇക്കാലത്ത് ആ കഥയും മറ്റൊരു രൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നുണ്ട്. അടിമുടി വിഷം കയറാത്ത ഒരു ചാനലാണ് പി സി ജോര്‍ജ് എന്ന മാന്യമഹാ നേതാവിനെ ഏറെക്കാലം പൊക്കി നടന്നത്.  ആ ചാനലിന് ജോര്‍ജിന്റെ സമ്മാനമായി കിട്ടിയത് പൈതൃകത്തെ കുറിച്ചുള്ള ഗവേഷണഫലമാണ്. പണ്ട് വാര്‍ത്തകളുടെ പിതൃശൂന്യതയെ കുറിച്ച് എസ്എഫ്ഐ നേതാവ് പറഞ്ഞപ്പോള്‍ വാളും ബോംബും എടുത്ത ക്വട്ടേഷന്‍ സംഘമാണ് പിന്നാലെ പോയത്. നശിപ്പിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ പി സി ജോര്‍ജ് നേര്‍ക്കുനേര്‍ തന്തയ്ക്കുവിളിക്കുമ്പോള്‍ അത് തങ്കപ്പെട്ട തന്തയ്ക്കുവിളി. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറിച്ചെന്ന് വിളിച്ച ചില വിളികള്‍ ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്നുണ്ട്. അച്ചടിക്കാന്‍ കൊള്ളില്ല. കാഷ്യസായാലും പി സി ജോര്‍ജായാലും ചെയ്യുന്നത് ഒരേ കാര്യം തന്നെ.

*
സി ആര്‍ നീലകണ്ഠന് പരിസ്ഥിതി രത്ന അവാര്‍ഡ്. സമ്മാനിക്കുന്നത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പി സി ജോര്‍ജിന് സദ്ഭാവന അവാര്‍ഡ് ആട് ആന്റണി സമ്മാനിക്കുന്ന ദിവസവും വിദൂരമല്ല. എല്ല് അണ്ണാക്കില്‍ കുരുങ്ങിയ പട്ടികള്‍ക്കായി പ്രത്യേക മോങ്ങല്‍ മത്സരം അടുത്ത ലോക മാധ്യമദിനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കേട്ടു.

6 comments:

ശതമന്യു said...

പൊലീസിനുവേണ്ടി തുടിക്കുകയാണ് മാധ്യമ മാനസങ്ങള്‍. തലസ്ഥാന നഗരത്തില്‍ ആ തുടിപ്പ് ഹൌസിങ് ബോര്‍ഡിനുവേണ്ടിയാണത്രേ. 54 മാധ്യമസിംഹങ്ങള്‍ അനന്തപുരിയുടെ ഹൃദയഭാഗത്ത് ഹൌസിങ് ബോര്‍ഡ് വക ഫ്ളാറ്റുവാങ്ങി. കൊടുത്തത് നിസ്സാര അഡ്വാന്‍സ്. ചിലര്‍ നേരെ കയറി താമസം തുടങ്ങി. മറ്റു ചിലര്‍ വാടകയ്ക്ക് കൊടുത്തു. വലിയ പത്രത്തിന് കൂടുതല്‍ വേണമെന്നുള്ളതുകൊണ്ട് അച്ചായന്റെ ആള്‍ക്കാരാണ് ഇടപാടുകാരില്‍ മുമ്പര്‍. 11 പേര്‍ മനോരമക്കാര്‍. അതില്‍ പത്താളും ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നു. ആ കിട്ടുന്ന വാടകയുടെ പകുതി അടച്ചാല്‍ മതി, ഹൌസിങ് ബോര്‍ഡിന്റെ കടം തീരും. വെറുതെ ഒരു ഫ്ളാറ്റ്, അതിന്റെ വാടക സ്വന്തം വരുമാനം എന്നതാണ് അത്യന്താധുനിക മാധ്യമസ്വാതന്ത്യ്രം. കേരള സംസ്ഥാന ഹൌസിങ് ബോര്‍ഡ് ആരുടെ പൈതൃക സ്വത്താണെന്ന അന്വേഷണത്തിനും വേണം ഒരു പ്രത്യേക സംഘം.

പാഞ്ഞിരപാടം............ said...

ഒരു പാവം BSNL ജീവനക്കാരന്റെ ജ്വോലി കളയിച്ചപ്പൊള്‍ സമാധാനമായല്ലൊ സഹാക്കളെ നിങ്ങള്‍ക്ക്? .......

ഇനിയെങ്കിലും കിട്ടിയ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിങ്ങടെ തൊണ്ടയില്‍ എല്ലുകുരുങ്ങിയിട്ടില്ലന്നെങ്കിലും, പറഞ്ഞ വാക്കുകള്‍ സത്യമാണെന്നെങ്കിലും കാണിക്കൂ സഹാക്കളെ.. (എവിടെ?)

Unknown said...

അങ്ങാടീൽ തോറ്റേന്ന് അമ്മേടെ നെഞ്ചത്ത്!

Sanub Sasidharan said...

ഉള്ളത് പറഞ്ഞാല്‍ എന്നാണല്ലോ ബ്ലോഗിന്റെ പേര് തന്നെ. ആ പേരിനോട് അല്‍പമെങ്കിലും നീതിപുലര്‍ത്തുന്നുണ്ടെങ്കില്‍ ടിപി യെ കൊന്നതിലും കൊല്ലിച്ചിതലും സിപിഎമ്മിന് അല്ല, സിപിഎമ്മിന്‍റെ നേതാക്കള്‍ക്ക് പങ്കില്ലെന്ന് പറയണം. പൊതുജനം കഴുതയാണെന്ന് പലരും കരുതുന്നുണ്ടാകും. പക്ഷെ ചിന്തിക്കാന്‍ കഴിവുള്ള കഴുതകളാണ് പൊതുജനമെന്നത് സിപിഎമ്മിന്‍റെ തലനരക്കാത്ത നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നത് മനസിലാക്കന്‍ ഉള്ളത് തുറന്ന് പറഞ്ഞേ മതിയാകു... നിങ്ങള്‍ സഖാവായാലും അല്ലെങ്കിലും തുറന്ന് പറയാന്‍ അല്‍പം മാന്യതകാണിക്കാണം.

shamzi said...

ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ ചിന്താഗതിയാവാം. പക്ഷെ സത്യത്തെ നിരാകരിക്കാനുള്ള വ്യഗ്രതയില്‍ പറഞ്ഞു കൂട്ടുന്നത് വിഡ്ഢിത്തമായിരിക്കുമെന്നു സുഹൃത്ത്‌ ഓര്‍ക്കുന്നത് നന്ന്. ഞാന്‍ ടി. പി. യുടെ നാട്ടുകാരനാണ്. പ്രതികളായി പിടിച്ചിട്ടുള്ളവര്‍ പലരും എന്റെ സുഹൃത്തുക്കളും പരിചയക്കാരും. പക്ഷെ അതൊന്നും സത്യത്തോടുള്ള പ്രതിബധതക്ക് എനിക്കു വിഘാതമായി നില്‍ക്കാന്‍ പാടില്ല. അങ്ങിനെ വരുമ്പോള്‍ ഞാന്‍ പിന്നെ ബ്ലോഗിങ്ങ് നിര്‍ത്തി ദേശാഭിമാനി / ചന്ദ്രിക / വീക്ഷണം / ജന്മഭൂമി / തേജസ്‌ / ഇതില്‍ ഏതെങ്കിലുമൊരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ കോപ്പി പേസ്റ്റ് ചെയ്യുകയാവും ഉചിതം. അത് "ഒള്ളത് പറയലാവില്ല".

Elakkadan said...

ഇതും ഇഷ്ടപ്പെട്ടു.