Monday, February 27, 2012

മാതൃഭൂമിയുടെ കൂട്ടിലെ സ്വാതന്ത്ര്യപ്പക്ഷി

ഒരവാര്‍ഡുകൂടി ആ പക്ഷിയുടെ പൊന്‍തൂവലില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. സ്വദേശാഭിമാനി പൊറുക്കുമെന്ന് കരുതാം. എന്നാലും വീരഭൂമിയിലെ സ്വദേശാഭിമാനികള്‍ക്ക് പൊറുക്കാനാകില്ല. അവര്‍ രോഷത്തോടെ ചോദിക്കുകയാണ്: "വെറുക്കപ്പെടേണ്ടതെന്നു പറഞ്ഞ് ഇവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട "കുത്തകപത്രം ടൈംസ് ഓഫ് ഇന്ത്യ"ക്ക് ഇക്കാലംകൊണ്ട് എന്തുമാറ്റമാണ് ഉണ്ടായത്? 23 വര്‍ഷംകൊണ്ട് ടൈംസ് കുത്തകയല്ലാതായി മാറിയോ? അതോ, വലതുപക്ഷത്തേക്കുമാറിയ വീരേന്ദ്രകുമാറിന്റെ കുത്തകകളെ സംബന്ധിച്ച കാഴ്ചപ്പാട് ഒരു തോട്ടംമുതലാളിയുടേതുമാത്രമായോ?" ചോദ്യം നേരിട്ടായതുകൊണ്ട് ഉത്തരം വീരേന്ദ്രകുമാര്‍ തന്നെ പറയുന്നു. അതിങ്ങനെ:

"വ്യവസ്ഥിതിയുടെ അധര്‍മങ്ങളെ എതിര്‍ക്കാന്‍ ലോകം മുഴുവനുമുള്ള പത്രപ്രവര്‍ത്തകര്‍ രക്തസാക്ഷിത്വം വരിക്കുന്ന കാലഘട്ടമാണിത്." (മാതൃഭൂമി, ഫെബ്രു. 26, 2012)

അര്‍ഥം മാതൃഭൂമിക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അധര്‍മമുണ്ടെങ്കില്‍ എതിര്‍ത്ത് രക്തസാക്ഷിയായിക്കൊള്ളുക, അല്ലെങ്കില്‍ മിണ്ടാതെ പണിയെടുത്തുകൊള്ളുക എന്ന്. വീരഭൂമി ധീരരക്തസാക്ഷികളുടെ ഇരിപ്പിടം കൂടിയാകാന്‍ പോകുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തന്റെ ജീവിതത്തിലെ നൂറ്റിയൊന്നാമത്തെ അവാര്‍ഡായ സ്വദേശാഭിമാനി പുരസ്കാരം എ കെ ആന്റണിയില്‍നിന്നേറ്റുവാങ്ങി വീരനായകന്‍ ഒന്നുകൂടി പറഞ്ഞു- ജനങ്ങളാണ് യഥാര്‍ഥ വിധികര്‍ത്താക്കള്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന "മാതൃഭൂമി"യില്‍ തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സ്വദേശാഭിമാനി പുരസ്കാരം സഹായകമാകും എന്ന്. അതായത് ജീവനക്കാര്‍ ഊര്‍ജസ്വലരായാല്‍ ഒരിഞ്ച് വിടില്ല എന്ന്.

വീരന്‍ വികാരാധീനനാകുന്നതില്‍ കുറ്റപ്പെടുത്താനാകില്ല. മാതൃഭൂമിക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു കത്ത് ശതമന്യുവിന് വീണുകിട്ടി. അതിലെ ആദ്യഭാഗമാണ് നടേ പറഞ്ഞത്. ആ കത്തില്‍ പിന്നെയും കുറെ ചോദ്യങ്ങളുണ്ട്. "23 വര്‍ഷംകൊണ്ട് "ടൈംസ് ഓഫ് ഇന്ത്യ"ക്ക് ശത്രുപദവിയില്‍നിന്ന് മിത്രപദവിയിലെത്താന്‍ തക്കതായ എന്തുമാറ്റമാണുണ്ടായത്? 1989ല്‍ മാര്‍വാഡി കുത്തക കമ്പനി കേരളത്തിന്റെ ദേശീയപത്രമായ "മാതൃഭൂമി"യെ കൈയടക്കാന്‍ വരുന്നതിനെതിരെ സകല സാംസ്കാരികനായകന്മാരും രംഗത്തുവന്നു. ജനകീയ പ്രതിരോധത്തിന്റെ ബലത്തില്‍ മാര്‍വാഡി പത്രമുടമ ഓഹരിമോഹമുപേക്ഷിച്ച് രക്ഷപ്പെട്ടു." പഴയ കഥ പുതിയ കത്തില്‍ വിശദമായി പ്രത്യക്ഷപ്പെടുന്നു.

"89 ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടന്ന ഒരു കവിതാക്യാമ്പ് ഉദ്ഘാടനം ചെയ്ത അന്നത്തെ മാതൃഭൂമി പത്രാധിപര്‍ വി കെ മാധവന്‍കുട്ടിയാണ് തന്റെ പത്രം നേരിടുന്ന ഭീഷണി കേരളത്തെ അറിയിച്ചത്. മാതൃഭൂമി ഒരു വ്യക്തിയുടേതല്ല; ഒരു പ്രസ്ഥാനമാണ്. ഇതിനെ വടക്കന്‍ കുത്തക മാര്‍വാഡികള്‍ പിടിച്ചടക്കാനും അതുവഴി പത്രസ്വാതന്ത്ര്യം അപകടപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്- മാധവന്‍കുട്ടി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ ജെയിന്‍ കുടുംബമാണ് ഈ പറഞ്ഞ വടക്കന്‍ കുത്തക മാര്‍വാഡികള്‍ . അന്ന് എംഎല്‍എയായിരുന്ന മാതൃഭൂമി എം ഡി വീരേന്ദ്രകുമാര്‍ പറഞ്ഞു- "സഹകരണമൊന്നുമല്ല, മറിച്ച് സംഹാരമാണ് ലക്ഷ്യം. രണ്ടോ മൂന്നോ കോടി രൂപ മുടക്കി ഏതാണ്ട് നാല്‍പ്പതുകോടി രൂപയുടെ ആസ്തിയുള്ള മാതൃഭൂമി കൈപ്പിടിയിലൊതുക്കാനാണ് ബെന്നറ്റ് കോള്‍മാന്‍ കുത്തക കമ്പനിയുടെ നീക്കം". അന്ന് "കലാകൗമുദി"ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ഷോഭവും പരിഹാസവും കലര്‍ത്തിയ സ്വരത്തില്‍ വീരേന്ദ്രകുമാര്‍ ചോദിച്ചു: മാതൃഭൂമി അച്ചടിക്കേണ്ട പ്രസില്‍ ടൈംസ് ഓഫ് ഇന്ത്യ അച്ചടിച്ചാല്‍ പിന്നെ മാതൃഭൂമി എവിടെനിന്ന് അച്ചടിക്കും? മാതൃഭൂമിയുടെ പ്രസ് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ അടിക്കാനുള്ള നിര്‍ദേശം പിടിഐ മീറ്റിങ്ങില്‍ കൃഷ്ണമൂര്‍ത്തി (ടൈംസിന്റെ അന്നത്തെ മേധാവി) എന്നോട് മുമ്പ് ചോദിച്ചിരുന്നു. ഞങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രീതിയില്‍ മുംബൈയില്‍ അച്ചടിച്ചുകൂടേ എന്ന് ഞാനും ചോദിച്ചു". എല്ലാം പഴയ കഥ. കത്ത് തുടരുന്നു:

"ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മാതൃഭൂമി പറയുന്നു- കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് "ടൈംസ് ഓഫ് ഇന്ത്യ" പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍ അതിന് ആതിഥ്യംവഹിക്കുന്നത് "മാതൃഭൂമി"യാണ്. "ടൈംസ് ഓഫ് ഇന്ത്യ"യുടെ അച്ചടിയും വിതരണവും മാതൃഭൂമി പൂര്‍ണമായി നിര്‍വഹിക്കുന്നതിലൂടെ യഥാര്‍ഥ സൗഹൃദത്തിന്റെ അപൂര്‍വമായ അധ്യായത്തിനാണ് തുടക്കമിടുന്നത്." വീരേന്ദ്രകുമാറിന്റെ മാതൃഭൂമി ബന്ധവും കത്തില്‍ വിശദീകരിക്കുന്നു."മാതൃഭൂമി ഒരു ട്രസ്റ്റായിരുന്നകാലത്ത് കടം കയറിയപ്പോള്‍ വീരേന്ദ്രകുടുംബത്തില്‍നിന്ന് രണ്ടായിരം രൂപ കടം വാങ്ങി. തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഷെയര്‍ നല്‍കിയത്. അതോടെ ദേശീയപ്രസ്ഥാനത്തിനും നേരിനും വേണ്ടി നിലകൊണ്ട മാതൃഭൂമിക്ക് കച്ചവടസ്ഥാപനമാകേണ്ടിവന്നു. പക്ഷേ വീരേന്ദ്രകുമാര്‍ പലപ്പോഴും ആദര്‍ശം കാണിച്ചിരുന്നു. ചുരുങ്ങിയത് പുറത്തേയ്ക്കെങ്കിലും. ഇപ്പോള്‍ അതും ഉപേക്ഷിച്ചിരിക്കുന്നു. നാണക്കേട് സഹിക്കാന്‍ കഴിയാഞ്ഞ് പലരും മാതൃഭൂമി വാങ്ങലും വായനയും നിര്‍ത്തി".

മാതൃഭൂമിയുടെ കൂട്ടിലെ സ്വാതന്ത്ര്യപ്പക്ഷിയുടെ രോദനമായാണ് ഈ കത്ത് മാധ്യമപ്രവര്‍ത്തകരുടെ മേശപ്പുറങ്ങളിലെത്തുന്നത്. ആ പക്ഷി അങ്ങനെ കരയട്ടെ എന്നാണ് വീരേന്ദ്രപ്പറവ കളകളാരവം മുഴക്കുന്നത്. മാതൃഭൂമിയുടെ കൊമ്പിലും ഒന്നരക്കോടിയുടെ കാറിലുമായി മാറിമാറിയിരുന്ന് ആ പറവ ഭക്ഷിച്ചുകൊണ്ടേയിരിക്കുന്നു. കൂട് വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ സദ്പ്രവൃത്തിക്കുള്ള പുരസ്കാരം വഴിയേ വരുമായിരിക്കും. ഏതായാലും വീരഭൂമിയില്‍ ഈ വിചിത്രപ്പറവയെ തൊട്ടവരെ തൊടാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല എന്നാണ് പുതിയ വാര്‍ത്ത. അങ്ങനെ വിപ്രതിപത്തികാട്ടുന്നവരുടെ നിര്‍ദിഷ്ടരക്തസാക്ഷിത്വത്തെക്കുറിച്ചാണ് അവാര്‍ഡ് ജേതാവ് തുറന്നുപറഞ്ഞത്. അവര്‍ക്കായി ലഡാക്കിലും ദ്രാസിലും ചമ്പാരനിലും ഖമ്മത്തുമെല്ലാം ഉടനെ ബ്യൂറോ തുറക്കുന്നുണ്ട്. കൂടുതല്‍ മിടുക്കരെ സൊമാലിയന്‍ ബ്യൂറോയിലേക്കും വിടും.

*
അമേരിക്ക എന്നുകേള്‍ക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ഞെട്ടണം എന്നാണ് പ്രമാണം. അതുകൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് അമേരിക്കന്‍ സഹായം പറ്റുന്നു എന്ന വാര്‍ത്ത സ്ഫോടനമുണ്ടാക്കും എന്ന് കരുതുന്നതിലും തെറ്റില്ല. അങ്ങനെയാണ് "കേരളത്തിലെ എം പി സഖാവിന് ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം" എന്ന വാര്‍ത്ത ജനിച്ചത്. ആദ്യം ഒരിംഗ്ലീഷ് പത്രത്തില്‍ . അടുത്തപടി ചാനലില്‍ . മൂന്നാംഭാഗം പത്രങ്ങളിലും. മേമ്പൊടിയായി തമാശയെഴുത്ത്; കാര്‍ട്ടൂണ്‍ വരപ്പ്. വീരഭൂമിയുടെ ഒന്നാംപുറ കാകദൃഷ്ടി അടിക്കുറിപ്പ് ഇങ്ങനെ: "എന്‍ തുട്ട് സാമ്രാജ്യത്വവിരുദ്ധം". അതായത്, പി രാജീവ് അമേരിക്കയുടെ പണം വാങ്ങുന്നു; സാമ്രാജ്യവിരുദ്ധ സമീപനം മറക്കുന്നു എന്ന് മലയാളം. കാക്കക്കണ്ണിലൂടെ പണംകാണുമ്പോള്‍ റബര്‍ മനസ്സ് കൂടുതല്‍ ഭാവനാസമ്പന്നമാകണം. ആ വിമതഭാവന ഇങ്ങനെ:

"ഇനിയിപ്പോള്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം സ്വീകരിച്ചുപോയെന്നു കരുതി ആരുടെയും നെഞ്ചിലെ വിപ്ലവാഗ്നി കെട്ടുപോകുന്ന പ്രശ്നമില്ല. സത്യത്തില്‍ ശത്രുവിനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവന്റെ സഹായം ആവോളം സ്വീകരിക്കുന്നതാണ്. സഹായിച്ച് സഹായിച്ച്, ശത്രു കുത്തുപാളയെടുത്താല്‍ പിന്നെ ശത്രുസംഹാരം തുലോം എളുപ്പമാകും. അതിനുവേണ്ടിയാണ് രാജീവ്സഖാവ് അടക്കമുള്ളവര്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് പണംകിട്ടുന്ന എന്‍ജിഒയുടെ സഹായം സ്വീകരിക്കുന്നതെന്നു ധരിച്ചാല്‍ പിന്നെ പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പ്രശ്നം ഉദിക്കുന്നില്ല."

എല്ലാം ശരിയായി. പണം വാങ്ങുന്നു എന്നതില്‍ തര്‍ക്കമേയില്ല. അച്ചായന്റെ ചാനല്‍ ഒരുദിവസംമുഴുവന്‍ ഇട്ടലക്കിയ വാര്‍ത്ത പിറ്റേന്ന് പത്രം എടുത്തില്ല. വായിട്ടലച്ച അപ്പുക്കുട്ടാദികളെ പിന്നീട് കണ്ടില്ല. പക്ഷേ വിമതഭാവന ചിറകുവിരിച്ചു. എന്താണ് സംഭവിച്ചതെന്ന് രാജീവിനോടെന്നല്ല, ഏതെങ്കിലുമൊരു മുന്‍ എംപിയോടെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ വാര്‍ത്ത കൊടുക്കാനാകില്ലായിരുന്നു. അങ്ങനെവന്നാല്‍ കാര്‍ട്ടൂണുണ്ടാകില്ല; തത്സമയ ചര്‍ച്ചയുണ്ടാകില്ല; വിമതന്റെ തമാശയുമുണ്ടാകില്ല. ആദ്യം പൊട്ടവാര്‍ത്ത; പിന്നാലെ പലവക വിളമ്പ്. നടപ്പുരീതിതന്നെ തുടര്‍ന്നു.

സത്യത്തില്‍ സംഭവിച്ചതോ?

ഡല്‍ഹിയില്‍ എംപിമാരുടെയും മുന്‍ എംപിമാരുടെയും ഒരു ക്ലബ്ബുണ്ട്-കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്. അതിന്റെ നേതൃത്വത്തില്‍ എംപിമാര്‍ക്ക് ഒരു സഹായിയെ കൊടുക്കും. ആ സഹായി എംപിമാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ചുനല്‍കും; അവര്‍ അത് പ്രയോജനപ്പെടുത്തും. എംപിമാരും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബും തമ്മിലുള്ളതാണ് ഇടപാട്. പദ്ധതിയില്‍ പിആര്‍എസ് എന്ന സ്ഥാപനം സഹകരിക്കുന്നു. അവരാണ് കേരള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈദരാബാദില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഇങ്ങനെ സഹായിക്കുന്നതിന് വിദേശബന്ധമില്ല; ചരടുമില്ല. ഒരു നയാപൈസ എംപിമാര്‍ക്ക് കിട്ടുന്നില്ല. എല്ലാം പരസ്യമാണ്. സഹായിയെ കിട്ടിയതില്‍ ജോസ് കെ മാണിയുണ്ട്, ഡി രാജയുണ്ട്, കിട്ടാനുള്ളവരില്‍ പി സി ചാക്കോ ഉണ്ട്. രാജീവിനോട് ചോദിച്ചാല്‍ ഇതെല്ലാം പറയുമായിരുന്നു; വാര്‍ത്ത പൊളിയുമായിരുന്നു. വിവാദം കലത്തിലാക്കി അടുപ്പത്തുവച്ചവര്‍ക്ക് അങ്ങനെ സത്യം വേണ്ടല്ലോ. ഇതിനെ നോക്കി പറയാം-"എന്‍ തൂട്ട് പത്രപ്രവര്‍ത്തനം"

1 comment:

ശതമന്യു said...

"വ്യവസ്ഥിതിയുടെ അധര്‍മങ്ങളെ എതിര്‍ക്കാന്‍ ലോകം മുഴുവനുമുള്ള പത്രപ്രവര്‍ത്തകര്‍ രക്തസാക്ഷിത്വം വരിക്കുന്ന കാലഘട്ടമാണിത്." (മാതൃഭൂമി, ഫെബ്രു. 26, 2012)

അര്‍ഥം മാതൃഭൂമിക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അധര്‍മമുണ്ടെങ്കില്‍ എതിര്‍ത്ത് രക്തസാക്ഷിയായിക്കൊള്ളുക, അല്ലെങ്കില്‍ മിണ്ടാതെ പണിയെടുത്തുകൊള്ളുക എന്ന്. വീരഭൂമി ധീരരക്തസാക്ഷികളുടെ ഇരിപ്പിടം കൂടിയാകാന്‍ പോകുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തന്റെ ജീവിതത്തിലെ നൂറ്റിയൊന്നാമത്തെ അവാര്‍ഡായ സ്വദേശാഭിമാനി പുരസ്കാരം എ കെ ആന്റണിയില്‍നിന്നേറ്റുവാങ്ങി വീരനായകന്‍ ഒന്നുകൂടി പറഞ്ഞു- ജനങ്ങളാണ് യഥാര്‍ഥ വിധികര്‍ത്താക്കള്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന "മാതൃഭൂമി"യില്‍ തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സ്വദേശാഭിമാനി പുരസ്കാരം സഹായകമാകും എന്ന്. അതായത് ജീവനക്കാര്‍ ഊര്‍ജസ്വലരായാല്‍ ഒരിഞ്ച് വിടില്ല എന്ന്.