പിറവത്തെ പിറവിയും ഉമ്മന്‍ചാണ്ടിയുടെ കസേരയും തമ്മില്‍ തല്‍ക്കാലത്തേക്ക് ബന്ധമൊന്നുമില്ല. പിറവത്ത് അനൂപ് ജേക്കബ് തോറ്റാല്‍ ഭരണപക്ഷത്ത് ഒരാള്‍ കുറയുമെന്നല്ലാതെ ഭരണമാറ്റമുണ്ടാകുന്നതെങ്ങനെയെന്ന് ജി സുകുമാരന്‍നായര്‍ പറയേണ്ടതായിരുന്നു. തെരഞ്ഞെടുപ്പില്‍ പറയുന്നതിനും പറയിക്കുന്നതിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പിറവത്ത് ഇപ്പോഴത്തെ ഭരണം തുടരാനുള്ള അവസരമൊരുക്കണമെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്. ഭരണപക്ഷം പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ അസ്ഥിരപ്പെടുമെന്നും ഇടക്കാല തെരഞ്ഞെടുപ്പുവരുമെന്നും അങ്ങനെ വന്നാല്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഖജനാവ് ശുഷ്കമാവുമെന്നും അതുകൊണ്ട് വെയ് രാജാ വെയ് ഉമ്മന്‍ചാണ്ടിയുടെ കളത്തില്‍ എന്നുമാണ് ജി. സു. നായരുടെ പ്രഖ്യാപനം. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശനും തഥൈവ പറയുന്നു. പിന്നോക്ക ക്ഷേമത്തിന് യുഡിഎഫ് സഹായിച്ചു; അതിന്റെ സ്നേഹം വോട്ടായി ലഭിക്കുമെന്നാണ് ആ നേതാവിന്റെ പ്രവചനം. എന്നാല്‍ , ആര്‍ക്ക് വോട്ടുചെയ്യണമെന്ന് താന്‍ പറയില്ല എന്നും. ശരിദൂരം പലദൂരമാണ്. എത്ര ദൂരം പോയാലും എത്തുന്ന ഉമ്മറം ഒന്നുതന്നെ.
ഉമ്മന്‍ചാണ്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് പാടിനടക്കുന്നവര്‍ നിയമസഭയിലെ കണക്കും പാടണം. അവിടെ ഭരണപക്ഷത്തിന് എഴുപത്തൊന്നും പിന്നെ ഒരു നോമിനേറ്റഡ് അംഗവും. പ്രതിപക്ഷത്തിന് അറുപത്തെട്ട്. ഒന്നുകൂടിയാല്‍ അറുപത്തൊന്‍പതാകും. അപ്പോഴും ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കുതന്നെ. പിന്നെങ്ങനെ അസ്ഥിരതയും തെരഞ്ഞെടുപ്പും വരും? ഭൂരിപക്ഷം എങ്ങനെയായാലും നഷ്ടപ്പെടില്ല എന്നിരിക്കെ ഉമ്മന്‍ചാണ്ടി തുടരാന്‍ ഒരുവോട്ട് എന്നു പറയുന്നതിന്റെ പൊരുളെന്ത്? എല്ലാറ്റിലുമുപരി, കാലുമാറ്റത്തിലൂടെ ഭരണം പിടിക്കില്ല എന്ന് എല്‍ഡിഎഫ് ഉറപ്പിച്ചുപറഞ്ഞിട്ടുമുണ്ട്. ആ വഴിക്കും ഭീഷണിയില്ല. അല്ലെങ്കിലും ഭരണമെന്ന മധുചഷകം വലിച്ചെറിഞ്ഞ് പോകാന്‍ ചങ്കൂറ്റമുള്ള ആരുണ്ട് യുഡിഎഫിന്റെ കൂടാരത്തില്‍ ?
അനൂപ് ജേക്കബ്ബിനെ മന്ത്രിയാക്കുമെന്ന് ആര്യാടന്‍ ഇപ്പോള്‍ പറയുന്നു. ടി എം ജേക്കബ് മരിച്ചപ്പോള്‍തന്നെ അനൂപിനെ മന്ത്രിയാക്കാമായിരുന്നു. എന്തുകൊണ്ട് ആക്കിയില്ല? ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന് വീമ്പുപറയുന്നതിനേക്കാള്‍ നല്ലത് മന്ത്രിയാക്കിയശേഷം ജയിപ്പിക്കുന്നതല്ലേ? എ കെ ആന്റണി നിമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായിട്ടുണ്ട്. പിന്നീട് മത്സരിച്ച് ജയിച്ചു. മുരളീധരന്‍ മന്ത്രിയായി ചെന്ന് വടക്കാഞ്ചേരിയില്‍ മത്സരിച്ച് തോറ്റു. മുരളിപ്പേടി ഇപ്പോഴും യുഡിഎഫിനുണ്ട്. അതില്ലെങ്കില്‍ അനൂപ് ഇന്ന് മന്ത്രിയായേനെ. പിറവത്ത് ഏതു കുഞ്ഞ് പിറക്കുമെന്ന് യുഡിഎഫിന് തെല്ലും ഉറപ്പില്ല. അതുകൊണ്ടാണ് ആര്യാടന് പിന്‍ബുദ്ധി തോന്നിയത്.
എന്‍എസ്എസിന്റെ ശരിദൂരവും വെള്ളാപ്പള്ളിയുടെ ഇടദൂരവുമൊന്നുമല്ല യഥാര്‍ഥ പ്രശ്നം. അത് മറ്റുചിലതാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ് ജി. സു. നായരോട് പുലിവരുന്നേ എന്ന് വിളിച്ചു കൂവാന്‍ പറഞ്ഞത്. അപകടം മണത്ത് പുലിവിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നെങ്കില്‍ ഒന്നിക്കട്ടെ എന്നാണ് അതിന്റെ പ്രമാണശാസ്ത്രം.
*
കപ്പല്‍ , തോക്ക്, ഇറ്റലി എന്നിങ്ങനെയുള്ള വാക്കുകളാണ് പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇറ്റലിയിലെ മന്ത്രി നാട്ടില്‍ ചുറ്റിയടിക്കുന്നു; ഇവിടത്തെ മന്ത്രിമാര്‍ അകമ്പടി സേവിക്കുന്നു. കേരള ഭരണത്തിന്റെ ഹൈക്കമാന്‍ഡ് അങ്ങ് ഇറ്റലിയിലായിരിക്കുന്നു. മെയ്ഡ് ഇന്‍ ഇറ്റലി എന്ന് രേഖപ്പെടുത്തിയ എന്ത് കണ്ടാലും ഖദറിട്ടവര്‍ ഞെട്ടിത്തരിക്കണം എന്നാണ് പാര്‍ടി ഭരണഘടനയുടെ അനുശാസനം. പുറങ്കടലില്‍ നങ്കൂരമിട്ട ഇറ്റലിക്കാരന്റെ കപ്പലിനെ നോക്കി വന്ദനശ്ലോകം ചൊല്ലിയാണ് പിറവത്തേക്ക് ഉമ്മന്‍ചാണ്ടി നിത്യവും ചെല്ലുന്നത്. കപ്പലില്‍നിന്ന് പിടിച്ചെടുത്ത തോക്കിന് സര്‍ക്കാര്‍ ബഹുമതികളോടെ സ്വീകരണവും യാത്രയയപ്പും നല്‍കണമെന്നാണുത്തരവ്. തോക്കിന് പൂമാലയും തോക്കിന്റെ ഉടമകള്‍ക്ക് ഗസ്റ്റ്ഹൗസില്‍ തിരുത പൊള്ളിച്ചതും. ഇറ്റാലിയന്‍ വംശജര്‍ക്ക് തിരുതയോട് പ്രണയമാണ്. അതുകൊണ്ട് ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിവയ്പിനോടനുബന്ധിച്ച നടപടിക്ക് "ഓപ്പറേഷന്‍ തിരുത" എന്നത്രെ പേര്. അടുത്തുതന്നെ കേന്ദ്രത്തില്‍ തിരുതവകുപ്പും രൂപീകരിക്കാന്‍ പോകുന്നു.
പാവപ്പെട്ട മീന്‍പിടിത്തക്കാരെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നതില്‍ എന്ത് ജാതി; എന്ത് മതം-പൈശാചികത്വമല്ലാതെ. കൊന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടണം എന്നാണ് സര്‍ക്കാരുകള്‍ സാധാരണ കരുതുക. ഇവിടെ അങ്ങനെയൊരു ചിന്തയൊന്നുമില്ല. പ്രതികള്‍ക്ക് തടവറയല്ല-എയര്‍കണ്ടീഷന്‍ഡ് സുഖവാസമാണ്. അന്യരാജ്യത്തെ ഒരു മന്ത്രി വന്ന് ഇവിടെ പ്രതികള്‍ക്കുവേണ്ടി ചുറ്റിത്തിരിയുന്നു. പൊലീസ് എഴുതിയ എഫ്ഐആര്‍ വായിച്ചാല്‍ ഏതു പൊലീസുകാരനും ചിരിച്ചുപോകുമത്രെ. എല്ലാം ഇറ്റലിക്കുവേണ്ടി. ഇറ്റലിയിലെ മന്ത്രിക്ക് ഇവിടത്തെ കോണ്‍ഗ്രസ്, "മ്മടെ സോണിയേന്റെ" പാര്‍ടിയാണ്.
ഇതിനൊക്കെ താളംപിടിക്കാനും വേണം ഒരുയോഗം. ഭാഗ്യവശാല്‍ "മ്മടെ" ജി. സു. നായര്‍ക്ക് കിട്ടിയത് അത്തരമൊരു യോഗമാണ്. കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഈയിനം രോഗത്തിനെ "രാജയോഗം" എന്നും വിളിക്കും.
*
പിന്നോട്ടുമാത്രം നോക്കുന്ന വീരേന്ദ്രകുമാര്‍ പുരോഗമന (പ്രോഗ്രസീവ്) ജനത എന്നപേരില്‍ പാര്‍ടിയുണ്ടാക്കിയതില്‍ ആരും കുറ്റംപറയില്ല. അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു. എന്നാല്‍ , വാടകയ്ക്ക് ആളെ എടുത്ത് ഒരു പാര്‍ടി ഉണ്ടാക്കിയ സംഭവം ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. ആദ്യം കുറെ ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് ഒരു പാര്‍ടിയുണ്ടാക്കിച്ചു. അതിന്റെ സ്ഥാപക നേതാക്കളെ നോക്കുക: കേളപ്പന്‍ , കുമാരന്‍ , ഗോപാലന്‍ , നാരായണന്‍ , നാണു, ബാലന്‍ , രാഘവന്‍ , നാരായണി, ലീല, ചാത്തു, ശാരദ, കുഞ്ഞിരാമന്‍ , മോനിഷ, സുധ, ജാനു......എല്ലാവരും വിശുദ്ധ സോഷ്യലിസ്റ്റുകള്‍ .
രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ എന്നിങ്ങനെയുള്ള പേരുകളോട് ചേര്‍ത്തുവയ്ക്കേണ്ട ഈ സ്ഥാപകര്‍ പാര്‍ടിയുണ്ടാക്കി വീരേന്ദ്ര കുമാറിനെ ക്ഷണിച്ചു. സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, പ്രോഗ്രസീവ് എന്നൊക്കെ ആര്‍ക്കും ഉപയോഗിക്കാവുന്ന പേരുകളാണ്. ബ്രാക്കറ്റുകള്‍ മാറിമാറിയിട്ടാല്‍ പുതിയ പാര്‍ടിയുണ്ടാകും. രജിസ്ട്രേഷന്‍ , പേരുമാറ്റല്‍ , ലയനം എന്നിങ്ങനെയുള്ള കലാപരിപാടികള്‍ അടിക്കടി നടത്താവുന്നതേയുള്ളൂ. കൈയില്‍ പണമുണ്ടെങ്കില്‍ പാര്‍ടിയുണ്ടാക്കാന്‍ ആളെക്കിട്ടും; ചാത്തു, കോവാലന്‍ , ലീല-തുടങ്ങിയ പേരുകള്‍ നാട്ടില്‍ ആവശ്യത്തിലേറെയുണ്ട്. ലയനസമ്മേളനത്തിന്റെ സചിത്ര വാര്‍ത്ത കൊടുക്കാന്‍ വീരഭൂമിയുണ്ട്.
വീരന്‍ ഏതുപാര്‍ടിയിലാണെന്ന് അദ്ദേഹത്തിനുതന്നെ തിട്ടമുണ്ടോ എന്നാണ് നോക്കാനുള്ളത്. ഇതുവരെ കിട്ടിയതും ഇനി കിട്ടാനിരിക്കുന്നതുമായ അവാര്‍ഡുകള്‍ എണ്ണിയെണ്ണിപ്പറയുന്നതിന് വിഷമമില്ല. സ്വന്തം പാര്‍ടിയുടെ പേര് എന്ത് എന്ന് ഓര്‍ത്തുവയ്ക്കുന്നത് പ്രയാസംതന്നെ. എന്തായാലും യുഡിഎഫിനകത്തുണ്ട് എന്നത് ആശ്വാസം. പിന്നെ, പി ജെ ജോസഫ് അനുഭവിക്കുന്നതുപോലത്തെ പീഡനം അനുഭവിക്കേണ്ടതുമില്ല. പാരവയ്ക്കാന്‍ പാവം കെ പി മോഹനന് ശേഷി പോരാ. അതുകൊണ്ട് നേതൃശക്തി ഉലയാതെ നില്‍ക്കും.
കേരള കോണ്‍ഗ്രസില്‍ മാണിസാര്‍ പി ജെ ജോസഫിനെ പൂട്ടിയിട്ടിരിക്കയാണത്രെ. മുല്ലപ്പെരിയാര്‍ എന്ന് മിണ്ടരുത്; നദീ സംയോജനത്തെപ്പറ്റി ചിന്തിച്ചുപോകരുത് എന്നാണ് കല്‍പ്പന. ജോസഫ് ഇപ്പോള്‍ പുഷ്പകൃഷിയെക്കുറിച്ച് മാത്രമേ സ്വപ്നംകാണാറുള്ളൂ. നദികളിലേക്ക് നോക്കുകപോലുമില്ല. തൊടുപുഴ മണ്ഡലത്തിന്റെ പേര് വല്ല തൊടുമല എന്നോമറ്റോ ആക്കിയാല്‍ അത്രയും നന്ന്.
അച്ചന്‍കോവിലും പമ്പയും തമിഴ്നാട്ടിലെ നദിയുമായി സംയോജിപ്പിച്ച് വെള്ളം കൊണ്ടുപോകുന്നതിനെക്കുറിച്ച് ജോസഫ് എന്തേ മിണ്ടാത്തത് എന്ന് ആരും ചോദിക്കരുത്. നിഷ്കളങ്കത വല്ലാതെ വര്‍ധിച്ച കാലമാണിത്. സത്യസന്ധമായി ഉത്തരം പറഞ്ഞുപോയാല്‍ , പിറവത്തെ വോട്ട് പുഴയിലേക്കൊഴുകും. അതോടെ ജോസഫ് തൊടുമല കയറേണ്ടിയുംവരും. നദീ സംയോജനം എന്നുമാത്രം ആരും പറയല്ലേ, പ്ലീസ്.
*
ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ പരസ്യം കണ്ടത് ഇങ്ങനെ: "നിങ്ങളുടെ ഗേള്‍ഫ്രണ്ടുമായി കുടുതല്‍ നേരം സംസാരിക്കൂ; അവളുടെ കൂട്ടുകാരികളുമായി ചങ്ങാത്തം കൂടൂ." എന്തിനാണ് ഗേള്‍ഫ്രണ്ടിന്റെ കൂട്ടുകാരികളുമായി ചങ്ങാത്തം കൂടുന്നത് എന്നു പറയുന്നില്ല എന്നേയുള്ളൂ. നാളെ ഇതേ കമ്പനി, "നിങ്ങള്‍ക്ക് സുന്ദരികളെയോ സുന്ദരന്മാരെയോ കൂട്ടിനു വേണമോ" എന്ന പരസ്യവും നല്‍കാം. നമ്മുടെ നാട്ടിലെ പ്രതികരണാത്മാക്കളായ സാംസ്കാരിക സംന്യാസികള്‍ കാശിയാത്രയിലാണ്.
1 comment:
ഉമ്മന്‍ചാണ്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് പാടിനടക്കുന്നവര്‍ നിയമസഭയിലെ കണക്കും പാടണം. അവിടെ ഭരണപക്ഷത്തിന് എഴുപത്തൊന്നും പിന്നെ ഒരു നോമിനേറ്റഡ് അംഗവും. പ്രതിപക്ഷത്തിന് അറുപത്തെട്ട്. ഒന്നുകൂടിയാല്‍ അറുപത്തൊന്‍പതാകും. അപ്പോഴും ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കുതന്നെ. പിന്നെങ്ങനെ അസ്ഥിരതയും തെരഞ്ഞെടുപ്പും വരും? ഭൂരിപക്ഷം എങ്ങനെയായാലും നഷ്ടപ്പെടില്ല എന്നിരിക്കെ ഉമ്മന്‍ചാണ്ടി തുടരാന്‍ ഒരുവോട്ട് എന്നു പറയുന്നതിന്റെ പൊരുളെന്ത്? എല്ലാറ്റിലുമുപരി, കാലുമാറ്റത്തിലൂടെ ഭരണം പിടിക്കില്ല എന്ന് എല്‍ഡിഎഫ് ഉറപ്പിച്ചുപറഞ്ഞിട്ടുമുണ്ട്. ആ വഴിക്കും ഭീഷണിയില്ല. അല്ലെങ്കിലും ഭരണമെന്ന മധുചഷകം വലിച്ചെറിഞ്ഞ് പോകാന്‍ ചങ്കൂറ്റമുള്ള ആരുണ്ട് യുഡിഎഫിന്റെ കൂടാരത്തില്‍ ?
Post a Comment