Monday, January 9, 2012

മൂടിവയ്ക്കേണ്ട പ്രതിമ

പണ്ട് ദണ്ഡപാണിയെ പണ്ടാരം വക വക്കീലായി കുടിയിരുത്തണമെന്നാവശ്യപ്പെടുന്ന കടലാസ് കോട്ടയത്തെ മുന്തിയ മുത്തശ്ശിയുടെ ആപ്പീസില്‍നിന്ന് ആന്റണിമുഖ്യമന്ത്രിക്ക് കിട്ടിയതാണ്. ആന്റണിക്ക് സഹിച്ചില്ല-തിരിച്ച് ഒരു കുറിമാനം കൊടുത്തയച്ചു. ഭരണഘടനാ പദവിയിലെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ സഹിക്കില്ലെന്ന്. അന്ന് തുടങ്ങിയതാണ് ചേര്‍ത്തലക്കാരനെ അരുക്കാക്കാനുള്ള പണി. ഇന്ന് ഏതു കുറിപ്പടി കൊടുത്തയച്ചാലും ഉമ്മന്‍ചാണ്ടി കഷായം തയ്യാറാക്കി തിരിച്ചയച്ചുകൊള്ളും. ആരാണ് ഭരിക്കുന്നത് എന്നു ചോദിക്കരുത്. രാമന്‍ കാട്ടില്‍ പോയപ്പോള്‍ ചെരുപ്പ് സിംഹാസനത്തില്‍ വച്ചാണ് ഭരതന്‍ ഭരണം നടത്തിയത്. സെക്രട്ടറിയറ്റിലെ വടക്കന്‍ബ്ലോക്കിലെ ആപ്പീസില്‍ ടയര്‍ പ്രതീകമാക്കിവച്ചാണ് ഇന്നത്തെ ഭരണം. തീരുമാനം കോട്ടയത്താണെങ്കില്‍ നടപ്പാക്കാന്‍ പുതുപ്പള്ളിയില്‍നിന്ന് ആളെത്തും. കോണ്‍ഗ്രസിലെ കാലഗണന അന്തോണിക്കാലം, കുഞ്ഞൂഞ്ഞുകാലം എന്നിങ്ങനെയാണ്. അന്തക്കാലത്ത് വീട്ടിലിരുത്തപ്പെട്ട ദണ്ഡപാണി ഇന്തക്കാലത്ത് പണ്ടാരം വക വലിയ വക്കീലായി. കോടതിയില്‍ചെന്ന്, മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാന്‍ ഇടുക്കിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ ടയറുകമ്പനി തുടങ്ങിയപ്പോള്‍ കറന്റ് വേണം. അത് കേരളത്തില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിക്കൂടേ എന്ന ചോദ്യം തമിഴകത്തെ ഭരണക്കാര്‍ക്ക് ബോധിച്ചു. കേരളത്തില്‍ വന്ന് പാട്ടക്കരാര്‍ പുതുക്കുന്നതിന് ഇടനില നില്‍ക്കാനുള്ള യോഗമായിരുന്നു അന്ന് ഇത്രയൊന്നും പ്രായമായിട്ടില്ലാത്ത മുത്തശ്ശിക്ക്. മുല്ലപ്പെരിയാറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മൂലകാരണം അതുതന്നെ. സൃഷ്ടിയും സ്ഥിതിയും സംഹാരവും കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ മുത്തശ്ശിയുടെ കൈയിലാണ്. കറിപ്പൊടിയില്‍ സുഡാന്‍ എന്ന വിഷം കണ്ടെത്തി വാര്‍ത്തയായാല്‍ ആ കമ്പനിയുടമയെ താരമാക്കി കച്ചവടം മുടങ്ങാതെ നോക്കും. പാമൊലിന്‍ കേസില്‍ പ്രിയപുത്രന്‍ പിടിക്കപ്പെട്ടാല്‍ വാര്‍ത്തകൊണ്ട് കവചമുണ്ടാക്കി സംരക്ഷിക്കും. മുല്ലപ്പെരിയാറിനുമുന്നില്‍ കുഞ്ഞൂഞ്ഞ് വഴുതിവീഴുമ്പോള്‍ താങ്ങിപ്പിടിക്കാനും വേണം പൊന്നുമുത്തശ്ശി.
ഇങ്ങനെയെല്ലാം സഹായിക്കുന്ന മുത്തശ്ശിയുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി കഷ്ടമാണ്. ഉത്തര്‍പ്രദേശില്‍ മായാവതിയുടെയും ആനയുടെയും പ്രതിമകള്‍ മൂടിവയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പു കമീഷന്റെ ഉത്തരവ്. അവിടെ തുണിയിട്ടാണ് മൂടുന്നതെങ്കില്‍ ഇവിടെ ചാക്കുകൊണ്ടുള്ള മറയെങ്കിലും വേണം. ഉമ്മന്‍ചാണ്ടിയെ പുറത്തുകാട്ടിയാല്‍ പിറവമല്ല, പുതുപ്പള്ളിപോലും കിട്ടില്ല എന്ന അവസ്ഥയായി. വില്ലേജാപ്പീസുമുതല്‍ സെക്രട്ടറിയറ്റുവരെ നടക്കേണ്ട ജോലിയുടെ കുത്തക ഏറ്റെടുത്ത അതിമാനുഷ മുഖ്യമന്ത്രിയെന്ന് മേനിനടിച്ചു നോക്കി. നാട്ടില്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രിയേ ഉള്ളൂ എന്നാണ് മുത്തശ്ശിയുടെ സ്തുതിഗീതങ്ങള്‍ കേട്ടവര്‍ക്ക് തോന്നിയത്. ജനസമ്പര്‍ക്കമെന്ന ഒറ്റമൂലി. പത്തോ ഇരുപതോ ആയിരം പേര്‍ വന്നാലും പ്രശ്നമില്ല-പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കപ്പെടുമെന്ന് സര്‍ക്കാര്‍ പരസ്യം. കൂറ്റന്‍ പന്തല്‍കെട്ടി പൂരക്കൊഴുപ്പോടെ മേളകള്‍ നടന്നു. ഖജനാവില്‍നിന്ന് കോടികള്‍ ഒഴുകി. പണം കൊണ്ടുപോയത് പന്തല്‍ കരാറുകാരും കാറ്ററിങ് സര്‍വീസുകാരുമാണ്.

ആറ്റുകാല്‍ പൊങ്കാലനാളിലെ തീര്‍ഥം തളിപ്പുപോലെയാണ് കുഞ്ഞൂഞ്ഞിന്റെ പ്രകടനമുണ്ടായത്. അപേക്ഷയുമായി വരുന്നവരെ മുഖ്യമന്ത്രി ഒന്ന് തൊടും. ഉദ്യോഗസ്ഥര്‍ അപേക്ഷ വാങ്ങും. വില്ലേജാപ്പീസര്‍ക്കുള്ളതാണ് അപേക്ഷയെങ്കില്‍ , ഇത് പരിശോധിക്കുക എന്ന അടിക്കുറിപ്പോടെ അങ്ങോട്ടയക്കും. പിന്നെയെല്ലാം പതിവിന്‍പടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം കിട്ടാന്‍ സാധാരണ നിലയില്‍ ഒരു സമ്പര്‍ക്കത്തിനും പോകേണ്ടതില്ല. എംഎല്‍എമാര്‍ മുഖേന അയക്കുന്ന ഏതപേക്ഷയിലും ഉടന്‍ തീരുമാനമെടുത്ത് അര്‍ഹമായവര്‍ക്ക് സഹായം നല്‍കുന്നതാണ് പതിവ്. അങ്ങനെയുള്ള അപേക്ഷകള്‍ ജനസമ്പര്‍ക്കത്തിലൂടെ വലവീശിപ്പിടിച്ച് സഹായംകൊടുത്തത് കുഞ്ഞൂഞ്ഞിന്റെ അത്ഭുതകൃത്യമെന്ന് മുത്തശ്ശി പാടിപ്പുകഴ്ത്തുന്നു. ദുഷ്പ്പേര് മാറ്റാന്‍ നടത്തിയ ജനസമ്പര്‍ക്കം കൂനിന്‍മേല്‍ ഒരു കുരുകൂടി സൃഷ്ടിച്ചു. പരസ്യം കണ്ട് പ്രതീക്ഷയും ചുമന്ന് പോയവര്‍ നിരാശയും കെട്ടിയാണ് മടങ്ങിയത്.

ഭരണം കിട്ടുണ്ണിസര്‍ക്കസായപ്പോള്‍ കളിയിലെ മറ്റു കലാകാരന്‍മാര്‍ സുഖിച്ചിരുന്നു. മാണിക്കും ജോസഫിനും മുല്ലപ്പെരിയാര്‍ നൃത്തത്തില്‍ കമ്പം കയറി. സ്വന്തം കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് വേണ്ടതിലേറെ സമയം കിട്ടുന്നുണ്ട്. മറ്റു മന്ത്രിമാര്‍ എവിടെപ്പോയോ എന്തോ. എന്തായാലും തിരുവഞ്ചൂരിന് മാത്രം വിശ്രമമില്ല. ചരണ്‍സിങ്ങിന് രാജ്നാരായണനെന്നപോലെയാണ് കുഞ്ഞൂഞ്ഞിന് തിരുവഞ്ചൂര്‍ . ലങ്ക കത്തിക്കാനും തയ്യാര്‍ . ഏല്‍പ്പിച്ച പണി ഭംഗിയായിചെയ്യും. അങ്ങനെയാണ് പാമൊലിന്‍ കേസില്‍ യഥാര്‍ഥ പ്രതി കുറ്റമുക്തനായത്.

കരുണാകരന്‍പോലും ഇങ്ങനെയൊരു ഭരണം പഠിച്ചിട്ടുണ്ടാകില്ല. കക്കയത്ത് പൊലീസ് നടത്തിയ ഉരുട്ടല്‍ കരുണാകരന്റെ മുഖ്യമന്ത്രിക്കസേരയാണ് തെറിപ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അതൊന്നും ബാധകമല്ല. പൊലീസിന് ഉരുട്ടാം. ആരെയും തല്ലിക്കൊല്ലാം. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിതന്നെ കുറ്റാരോപിതനാകാം. മുല്ലപ്പെരിയാര്‍ കാര്യത്തില്‍ ജനങ്ങളെ വഞ്ചിക്കാം. നാട്ടുകാര്‍ക്ക് മുന്നില്‍ നാണംകെടാം. ജനസമ്പര്‍ക്കമെന്ന ഒറ്റയാന്‍ തട്ടിപ്പുസര്‍ക്കസ് നടത്താം. പത്രക്കാരെ പേടിപ്പിക്കാം. ഏതു കുറ്റകൃത്യം ചെയ്താലും രക്ഷിക്കാന്‍ മള്ളൂരായി മനോരമ വന്നുകൊള്ളും.

കരുണാകരനെ ചാരക്കേസില്‍ കുടുക്കി തൊഴുത്തില്‍ കെട്ടിയതും ആന്റണിയെ നാണംകെടുത്തി നാടുകടത്തിയതും ചെന്നിത്തലയെ എംഎല്‍എയാക്കി ഇരുത്തിക്കളഞ്ഞതും മുരളീധരന്റെ സട പറിച്ചെടുത്ത് ശൗര്യം ഊറ്റിയതും ആരാണ് എന്ന് കോണ്‍ഗ്രസുകാരെങ്കിലും ചിന്തിക്കുന്നുണ്ടാകണം. പാതിരാത്രിവരെ ഉറങ്ങാതിരുന്നാലും ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ഉത്സവം നടത്തിയാലും മറക്കാവുന്നതാണോ അക്കഥകള്‍ ? ചലിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണത്രെ. ചലനം പലയിടത്തും പലതരത്തിലാണ്. കൊച്ചി മെട്രോ കാര്യത്തില്‍ ആ ചലനത്തിന് അഞ്ഞൂറു കോടി വിലവരുമെന്നാണ് കേള്‍ക്കുന്നത്. ശ്രീധരന്‍ മഹാനും മര്യാദക്കാരനുമൊക്കെയാകാം. പക്ഷേ, അഞ്ഞൂറുകോടിക്ക് മുടക്കംനിന്നാല്‍ ശ്രീധരനെന്നല്ല സാക്ഷാല്‍ ശ്രീരാമനെയും തടുത്തുനിര്‍ത്തും. അതാണ് ചലനത്തിന്റെ പുതുപ്പള്ളി നിയമം.

പാര്‍ടി സമ്മേളനത്തിന്റെ വാതില്‍പ്പുറത്ത് കാത്തിരിക്കാനും ഇറ്റുവീഴുന്നത് ഒപ്പിയെടുത്ത് ചര്‍ച്ചാംദേഹികള്‍ക്ക് വിളമ്പിക്കൊടുക്കാനുമേ നമ്മുടെ പാപ്പരാസികള്‍ക്ക് തല്‍ക്കാലം യോഗമുള്ളൂ. അതിനപ്പുറം കൊച്ചി മെട്രോ കൊള്ളയടി എന്ത്, മിണ്ടാതിരിക്കുന്നവര്‍ ഏതൊക്കെ വകുപ്പില്‍നിന്ന് മണ്ണും ചാരിനിന്ന് പെണ്ണുംകൊണ്ടു പോകുന്നു എന്നൊന്നും ചിന്തിക്കാനേ സമയമില്ല. ഇനി ആരെങ്കിലും അങ്ങനെ ചിന്തിച്ചുപോയാല്‍ സംഘടിതമായി ആക്രമിച്ചിരുത്തിക്കളയും.

എല്ലാം വിരോധാഭാസങ്ങളാണ്. ആറ്റിക്കുറുക്കി നോക്കിയാല്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി കണ്‍മുന്നില്‍ നില്‍ക്കുന്നു. അര്‍ഹതയുള്ള അംഗീകാരം ഓസ്കാര്‍ അവാര്‍ഡുകാരോ ചലച്ചിത്ര-നാടക അക്കാദമികളോ ആണ് നല്‍കേണ്ടത്. എന്നിട്ടും പറയുന്നു-ഇതാ ചലിക്കുന്ന മുഖ്യനെന്ന്. നേതാക്കള്‍ ദന്തഗോപുരത്തിലാണെന്ന് പരിഹസിച്ചവരാണ്, ഇപ്പോള്‍ ശ്രീമതിടീച്ചര്‍ കടലകൊറിച്ചത് മഹാപരാധമാക്കുന്നത്. നാടന്‍ പാട്ടിനൊത്ത് താളംചവിട്ടിയാല്‍ നേതാവ് അണികളില്‍നിന്ന് അകലുന്നോ അടുക്കുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയട്ടെ വിമര്‍ശകര്‍ . ഇന്ദിര ഗാന്ധിയും സോണിയയും ചവിട്ടിയതിനെ ആരും പരിഹസിച്ചു കേട്ടിട്ടില്ല. അത് ജനകീയതയും ഇത് മറ്റൊന്നുമാകുന്നതെങ്ങനെ?

കാര്‍ത്തികേയന്‍ കരാറൊപ്പിട്ടാല്‍ മഹാസംഭവമെന്നും പിണറായി ആ കരാര്‍ തുടര്‍ന്നാല്‍ മഹാപരാധമെന്നും സിദ്ധാന്തം രചിക്കുന്നവര്‍ക്ക് ഇത്തരം വൈരുധ്യങ്ങളൊന്നും മനസിലാകില്ല. കാര്യങ്ങള്‍ പക്ഷേ ജനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞുവരുന്നുണ്ട്. ഇന്നലെവരെ പറഞ്ഞുനടന്ന കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നുണ്ട്. തോമസ് ഐസക് ലാവ്ലിന്‍ പുസ്തകത്തില്‍ പറഞ്ഞതുപോലെ ഒരേ ദിശയില്‍ ഒഴുകുന്ന നദിയല്ല ചരിത്രം.

*
ഒരു പാര്‍ടിയുടെ സമ്മേളനങ്ങള്‍ വലിയ വാര്‍ത്തയാകുന്നില്ല. ആ പാര്‍ടിക്ക് എത്ര മന്ത്രിമാരുണ്ടായിരുന്നു എന്ന് ഓര്‍ത്തെങ്കിലും മാധ്യമങ്ങള്‍ കരുണ കാണിക്കേണ്ടതാണ്. അഥവാ കാണിച്ചില്ലെങ്കില്‍ , ഒച്ചവച്ച് വാര്‍ത്ത സൃഷ്ടിക്കും. വീടിനു പുറത്തിറങ്ങിനിന്ന് മാതാപിതാക്കളെ മുട്ടന്‍ തെറി വിളിച്ചുപറഞ്ഞാലും ശ്രദ്ധിക്കപ്പെടും. ചിലര്‍ ഭൂതകാലത്തിന്റെ തടവറയിലാണ്. മറ്റുചിലര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ . അത്തരക്കാരും ചേര്‍ന്നുള്ളതാണല്ലോ ഈ ഭൂമിമലയാളം എന്നോര്‍ത്താല്‍ ശതമന്യുവിനും സമാധാനിക്കാം.

1 comment:

ശതമന്യു said...

പണ്ട് ദണ്ഡപാണിയെ പണ്ടാരം വക വക്കീലായി കുടിയിരുത്തണമെന്നാവശ്യപ്പെടുന്ന കടലാസ് കോട്ടയത്തെ മുന്തിയ മുത്തശ്ശിയുടെ ആപ്പീസില്‍നിന്ന് ആന്റണിമുഖ്യമന്ത്രിക്ക് കിട്ടിയതാണ്. ആന്റണിക്ക് സഹിച്ചില്ല-തിരിച്ച് ഒരു കുറിമാനം കൊടുത്തയച്ചു. ഭരണഘടനാ പദവിയിലെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ സഹിക്കില്ലെന്ന്. അന്ന് തുടങ്ങിയതാണ് ചേര്‍ത്തലക്കാരനെ അരുക്കാക്കാനുള്ള പണി. ഇന്ന് ഏതു കുറിപ്പടി കൊടുത്തയച്ചാലും ഉമ്മന്‍ചാണ്ടി കഷായം തയ്യാറാക്കി തിരിച്ചയച്ചുകൊള്ളും. ആരാണ് ഭരിക്കുന്നത് എന്നു ചോദിക്കരുത്. രാമന്‍ കാട്ടില്‍ പോയപ്പോള്‍ ചെരുപ്പ് സിംഹാസനത്തില്‍ വച്ചാണ് ഭരതന്‍ ഭരണം നടത്തിയത്. സെക്രട്ടറിയറ്റിലെ വടക്കന്‍ബ്ലോക്കിലെ ആപ്പീസില്‍ ടയര്‍ പ്രതീകമാക്കിവച്ചാണ് ഇന്നത്തെ ഭരണം. തീരുമാനം കോട്ടയത്താണെങ്കില്‍ നടപ്പാക്കാന്‍ പുതുപ്പള്ളിയില്‍നിന്ന് ആളെത്തും. കോണ്‍ഗ്രസിലെ കാലഗണന അന്തോണിക്കാലം, കുഞ്ഞൂഞ്ഞുകാലം എന്നിങ്ങനെയാണ്. അന്തക്കാലത്ത് വീട്ടിലിരുത്തപ്പെട്ട ദണ്ഡപാണി ഇന്തക്കാലത്ത് പണ്ടാരം വക വലിയ വക്കീലായി. കോടതിയില്‍ചെന്ന്, മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാന്‍ ഇടുക്കിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു.