Monday, November 14, 2011

കനകസിംഹാസനങ്ങള്‍

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത്- വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്. ശുംഭന്‍ എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ "ഞാനല്ല നീയാണ് പൊട്ടന്‍" എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ. ജയരാജന്‍ നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ. ജയിലില്‍ പോയി ജയരാജന്‍ കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല. ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, "ധീരാ വീരാ ജയരാജാ" എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ? ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന്‍ ഹീറോ തന്നെ. പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു.

പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു- ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. "എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല" എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി. ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്. ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന്‍ പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന്‍ കയറി. എല്ലാം ഒരു പിള്ള കളിതന്നെ.

*

കോടതിക്കെതിരെ മിണ്ടിയാല്‍ ഗുരുതരാവസ്ഥ വരുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്്. ആ ഗുരുതരാവസ്ഥ ആദ്യം വരുത്തിയത് നമ്മുടെ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണ്. അതിനുംമുമ്പ് കണ്ണൂരെ സുധാകരന്‍ . അന്നത്തെ അവസ്ഥയ്ക്കൊന്നും ഒരു പ്രശ്നവും ഉമ്മന്‍ചാണ്ടിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരാന്‍ ജനങ്ങള്‍ കൂടിച്ചേരുന്നത് ഗുലുമാലാണത്രെ. രക്ഷപ്പെടാന്‍ പണപ്പെട്ടിയുമായി ജഡ്ജിമാരുടെ തിണ്ണ നിരങ്ങിയ കേസില്‍പ്പെട്ടവര്‍ക്ക് മന്ത്രിയാകാം. ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് വിളിച്ച മഹാനുഭവന് സ്റ്റേറ്റ് കാറില്‍ കൊടിവച്ച് പറക്കാം. ജഡ്ജിമാരുടെ അടുക്കള നിരങ്ങി കാര്യം സാധിക്കുന്നവന്റെ അക്കൗണ്ടുകളില്‍ കോടികള്‍ വന്ന് കുമിഞ്ഞുകൂടാം. അതിലൊന്നുമില്ലാത്ത ഗൗരവം മുദ്രാവാക്യവും പ്രസംഗവുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയേണ്ടതല്ലേ? കോടതിക്കെതിരാണ് മാര്‍ക്സിസ്റ്റുകാരെന്നും തങ്ങള്‍ കോടതിയുടെ സംരക്ഷകരാണെന്നും വരുത്തുന്നത് നല്ലതുതന്നെ. ഒരുപാട് കേസുകള്‍ കോടതിയിലുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിക്ക് മാര്‍ക്സിസ്റ്റ് വിരോധം തോന്നിയാല്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും രക്ഷപ്പെടും. കുളം കുഴിക്കുമ്പോള്‍ കുറ്റി പൊരിക്കുന്നത് വലിയൊരു കാര്യംതന്നെയാണ്.

എന്തുചെയ്യാം ഉമ്മന്‍ചാണ്ടിയുടെ ഉദീരണത്തിന് പ്രതികരണമൊന്നും വന്നുകാണുന്നില്ല. താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നാണ്. താടിയും മീശയും വളര്‍ത്തി രൗദ്രഭാവത്തില്‍ വേണം ഇത്തരം വലിയ അഭിപ്രായങ്ങള്‍ പറയാനെന്നര്‍ഥം. അതല്ലെങ്കില്‍ പി സി ജോര്‍ജിന്റെ നിലവാരത്തിലെങ്കിലും എത്തണം. പുറംനോക്കി മൂല്യം നിശ്ചയിക്കുന്ന കപടലോകമാണിതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാത്തതുകൊണ്ടാണ്. പഴയ കീറന്‍ കുപ്പായവും ചപ്രത്തലമുടിയും തന്നെ കേമം. നടക്കുമ്പോള്‍ ചെരുപ്പിന്റെ വാറു പൊട്ടണം. കുറെനേരം ചെരുപ്പില്ലാതെ നടക്കണം. അതുകഴിഞ്ഞാല്‍ അനുയായി സ്ലിപ്പര്‍ കൊണ്ടുവന്ന് കാലില്‍ അണിയിക്കണം. ഇടയ്ക്കൊന്നും കുനിയരുത്; താഴോട്ട് നോക്കരുത്. കാട്ടാന വരുമ്പോള്‍ , വന്ന് കൃഷി തകര്‍ത്തപ്പോള്‍ , പിന്നെ കുളത്തിലിറങ്ങിയപ്പോള്‍ എന്ന മട്ടില്‍ ചെരുപ്പ് പൊട്ടിയപ്പോള്‍ , കളഞ്ഞപ്പോള്‍ , പുതിയത് വന്നപ്പോള്‍ എന്നിങ്ങനെ ചിത്രങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നാല്‍ ആദര്‍ശവും ലാളിത്യവും പക്വതയും സമാസമംചേര്‍ത്ത് കുറുക്കി വറ്റിച്ചതിന്റെ ഫലം കിട്ടും. അതൊക്കെ മറന്ന് കുഞ്ഞാലിക്കുട്ടിയുടെയും പി സി ജോര്‍ജിന്റെയും സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ കുഴപ്പം. ആദര്‍ശവും പോയി, വിവരവും പോയി. വെറും തടവിനുപകരം കഠിനതടവാണ് ഇപ്പോള്‍ വിധിച്ചുകൊണ്ടേയിരിക്കുന്നത്.

*

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥവുമുണ്ടെന്ന് കോടതിയില്‍ സാക്ഷിമൊഴി വന്നതിനെയാണ് മാതൃഭൂമി പരിഹസിക്കുന്നത്. അതെന്തായാലും നല്ലതുതന്നെ. ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു. ഇന്ദ്രന് അത് ഓര്‍മയില്ല. ജയരാജനെ നോക്കി കുരയ്ക്കുകയാണ്. പട്ടികള്‍ കുരയ്ക്കട്ടെ ജയരാജന് യാത്രതുടരാം എന്നേ പറയാനാവൂ. (ഇതെന്തോ ഫ്രഞ്ചിലെയോ മറ്റോ ശൈലിയാണ്. പട്ടിയെന്നു വിളിച്ചെന്നും മറ്റും പറഞ്ഞ് ആരും ലഹളയ്ക്ക് വരേണ്ട).

*

വാല്‍ഭാഗം:

നിര്‍മാതാക്കളും സമരത്തിലായതോടെ മലയാള സിനിമയ്ക്ക് സമ്പൂര്‍ണ അവധിക്കാലമായി. സിനിമാമന്ത്രിക്ക് പണി വേറെയുണ്ട്. പോയവാരത്തില്‍ രക്ഷപ്പെട്ട സിനിമാക്കാരന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. സിനിമ ഹിറ്റ്; പണംവരവ് മലവെള്ളംപോലെ. കോഴി കറുത്തതായാലും മുട്ടയുടെ നിറം വെള്ളതന്നെ. സിനിമയില്‍ സകലതും പയറ്റിയ പണ്ഡിറ്റിനെ ചുരുങ്ങിയത് സിനിമാമന്ത്രിയെങ്കിലും ആക്കണം. പിറവത്ത് മത്സരിപ്പിച്ചാല്‍ വളരെ നന്ന്.

2 comments:

ശതമന്യു said...

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത്- വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്.

aju said...

ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു.

ഇതിന്റെ സന്ദര്ഭം എന്തായിരുന്നു?