Sunday, October 2, 2011

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്

ആനയും പിള്ളയും തമ്മില്‍ ആജന്മ ബന്ധമാണ്. ആനയെപ്പോലെ തലയെടുപ്പുണ്ട്. തറവാട്ടില്‍ തലയെടുപ്പുള്ള ആനയുണ്ടായിരുന്നു. ആനബസിന്റെ തലതൊട്ടപ്പനാണ് താനെന്ന തഴമ്പും. കൊട്ടാരക്കര മുതല്‍ പത്തനാപുരം വരെ നീണ്ടുകിടക്കുന്ന വലിയപാര്‍ടിയുടെയും വലതുമുന്നണിയുടെയും സ്ഥാപകാചാര്യപ്പട്ടവും കീഴൂട്ടെ കൊച്ചുപിള്ളയ്ക്ക് സ്വന്തം. പാരമ്പര്യം അല്‍പ്പം കനത്തുപോയതുകൊണ്ട് സായാഹ്നകാലത്ത് സാദാ സബ്ജയില്‍ വേണ്ട; 125 വര്‍ഷം പഴക്കമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കട്ടെ എന്നു തീരുമാനിച്ചത് ഡല്‍ഹിയിലെ വലിയ കോടതിയാണ്. ഒരുകൊല്ലം ഗോതമ്പുണ്ട കഴിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. ഒരു ദിവസംപോലും അത്തരമൊരു സംഭവമുണ്ടായില്ല. ഫിഷ് മോളിയും മട്ടന്‍ പപ്പാസും കഞ്ഞിയും പയറും ചമ്മന്തിയുമായി സമൃദ്ധസദ്യയുണ്ടാണ് ജയിലില്‍ കഴിഞ്ഞത്. ജയില്‍ എന്നുപറയാന്‍ പറ്റില്ല. കിടക്കയും തലയിണയും കോളാമ്പിയും ചാരുകസേരയും തണുപ്പിക്കുന്ന യന്ത്രവുമുള്ള ഉല്ലാസമുറി. അതിനകത്ത് പിള്ളതന്നെ രാജാവ്. വീട്ടില്‍ നിന്നുള്ള ഭക്ഷണം, തണുപ്പിലെ കിടപ്പ്. ഏതു കോടതി ഉത്തരവിട്ടാലും പിള്ളയ്ക്ക് പിള്ളതന്നെ സുപ്രീംകോടതി.
പൂജപ്പുരയില്‍ ആനയുടെ ചിന്നംവിളി കേള്‍ക്കാത്തതു മാത്രമാണ് ഒരേയൊരു കുറവുണ്ടായിരുന്നത്. അതു കേള്‍ക്കുന്ന സ്ഥലം ആനയറയാണ്. അവിടത്തെ ആശുപത്രിയില്‍ കിടന്നാല്‍ ചിന്നം വിളിക്കുകയും ആകാം. അങ്ങനെ ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര തടവുകാരനായി പിള്ള; ആനയറയിലെ ആശുപത്രിയില്‍ സസുഖം വാണു. പരോളും വേണ്ട; പരിഭവവും വേണ്ട. ആശുപത്രിയില്‍ കിടന്നും ഇരുന്നും നാടും കാടും ഭരിച്ചു. പാര്‍ടി ഓഫീസിലേക്കും സെക്രട്ടറിയറ്റിലേക്കും ഫോണ്‍ ചെയ്തു രസിച്ചു. സകലമാന ഗുണ്ടകളുമായും ഫോണില്‍ ശൃംഗരിച്ചു. അല്ലലും അലട്ടുമില്ലാതെ ജയില്‍പുള്ളിയാണെന്നു പോലും ഓര്‍ക്കാതെ.

അങ്ങനെ പോയവാറെ ഒരു രാത്രി പിള്ളയുടെ പള്ളിക്കൂടത്തിലെ സാറന്മാരിലൊരാള്‍ ചുമ്മാ വഴിയില്‍ കിടന്നു. പഴയ കാര്യസ്ഥന്റെ മകനാണ്. ഉമ്മന്‍ചാണ്ടിക്ക് തിരുവഞ്ചൂരെന്ന പോലെ, ചരണ്‍സിങ്ങിന് രാജ്നാരായണനെന്ന പോലെ, ജയലളിതയ്ക്ക് ശശികലയെന്ന പോലെ. വാധ്യാരും പിള്ളയും ഇരുമെയ്യും ഒരു കരളുമായിരുന്നു. പുള്ളിയുടെ പള്ളിക്കെട്ട് പിള്ളയാണ് നടത്തിയത്. അടുത്തകാലത്ത് ചെറിയ വിരോധം. വിരോധം വന്നാല്‍ പിള്ള ഒന്നു മീശ പിരിക്കുമെന്നത് എഴുതപ്പെട്ട ചരിത്രം. മീശ പിരിച്ചാല്‍ പിന്നെ വിരോധിയെ കൈയോ കാലോ പോയ നിലയിലാകും കാണുക. കൈയും കാലുമല്ല, ജീവന്‍ തന്നെ പോയവരുടെ കഥകള്‍ കൊട്ടാരക്കരയിലും വാളകത്തും പറന്നുനടപ്പുണ്ട്. കൊല്ലും കൊലയും ആനയും അമ്പാരിയുമുള്ള തറവാട്ടിലെ മാടമ്പിക്ക് കാലും കൈയും വെട്ടാനുള്ള ക്വട്ടേഷന്‍ വെറും പിള്ളക്കാര്യം. അതറിയാവുന്ന കൊട്ടാരക്കരക്കാര്‍ പൊതുവേ ശരീരത്തിലെ മിക്ക അവയവവും ഇന്‍ഷുര്‍ ചെയ്യാറുണ്ട്. അങ്ങനെ പതിവായി ഇന്‍ഷുര്‍ ചെയ്യപ്പെടാറുള്ള ഭാഗത്തിലൊന്നും അധ്യാപകന് പരിക്കു കണ്ടില്ല. പകരം ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരാത്ത ചില അവയവങ്ങളാണ് തകര്‍ത്തുകളഞ്ഞത്. താലിബാന്‍കാര്‍ ശത്രുക്കളെ കൊണ്ടുപോയി ഇതേപോലെ ചെയ്യുന്നത് വാര്‍ത്തയില്‍ കാണാറുണ്ട്. ഇവിടെ സംഗതി അതിനേക്കാള്‍ ഭീകരമാണ്. കീചകനാണ് ആക്രമിക്കപ്പെട്ടത്. തല്‍ക്കാലം ഭീമനെതിരെ മാത്രമേ കേസുള്ളൂ. സാഹചര്യത്തെളിവുകള്‍ ഭീമന്റെ ഫോണ്‍ കോളുകള്‍ , ശത്രുത, പാരമ്പര്യം തുടങ്ങിയവയില്‍ ചുറ്റിപ്പറ്റിനില്‍ക്കുന്നു.

മോഷണ രീതി കണ്ടാല്‍ പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാനാകുമത്രേ. ചില ക്വട്ടേഷന്‍കാര്‍ തൊട്ട ഇരയെ കണ്ടാല്‍ മതി- ആരാണ് ചെയ്തതെന്ന് മനസ്സിലാകും. പിള്ളയുമായി ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള മുത്തശ്ശിക്കഥകള്‍ കേട്ടു വളര്‍ന്നവര്‍ക്ക് ഒട്ടും സംശയം തോന്നിയില്ല. ചെയ്തത് ഭീമന്‍ തന്നെ. മുറിവും ക്ഷതവും നോക്കി ഒന്നുറപ്പിക്കാം-കാലേക്കൂട്ടി ഉറപ്പിച്ചുചെയ്ത പണിയാണെന്ന്. കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ല; കൊല്ലാക്കൊലയാണ്. കൊല്ലണമെങ്കില്‍ ഒറ്റവെട്ടിന് അതു സാധിക്കാം. ഈ പണി അല്‍പ്പം അധ്വാനമുള്ളതാണ്. പിള്ളയ്ക്കെതിരെ കേസ് കൊടുത്തു; കീഴൂട്ട് തറവാടു വകയുള്ള പള്ളിക്കൂടത്തിനെതിരെ വിജിലന്‍സിന് പരാതി കൊടുത്തു; മാനേജ്മെന്റിനെതിരെ മൊഴി നല്‍കി-എന്നിങ്ങനെയുള്ള കൊടുംപാതകങ്ങള്‍ ചെയ്ത ആളെ ഉമ്മ വയ്ക്കണോ എന്ന് പിള്ളയ്ക്ക് ചോദിക്കാം. അധ്യാപകന്റെ അവയവങ്ങള്‍ അടിച്ചുടച്ച് മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയ സമയത്ത് പിള്ളയ്ക്ക് ആശുപത്രിയില്‍ തിരക്കോടു തിരക്കായിരുന്നു. ആ രാത്രിമാത്രം വിളിച്ചത് 40 ഫോണ്‍ കോള്‍ . അത് മൊബൈലില്‍ നിന്ന്. അല്ലാതെ ആശുപത്രിയിലെ ലാന്‍ഡ് ലൈനുണ്ട്; കൂടെക്കിടക്കുന്നവരുടെ മൊബൈലുമുണ്ട്. പാതിരാവു കഴിഞ്ഞും വിളിതന്നെ വിളി.

പിള്ളയ്ക്ക് പിള്ളയുടെ നിയമമാണ്. ഈരാറ്റുപേട്ടയുടെ പ്രധാനമന്ത്രിയാണ് താനെന്ന് പി സി ജോര്‍ജ് പറയാറുണ്ട്. പിള്ളയും അതേപോലെ തന്നെ. അവരുടെ ചങ്ങാത്തം ആ തലത്തിലാണ്. അതുകൊണ്ടാണ് പിള്ള ജോര്‍ജിനെ വിളിച്ചത്. ജോര്‍ജ് പറയുന്നത് പിള്ളയുടെ ബന്ധു മനോജാണ് വിളിച്ചതെന്ന്. ഈരാറ്റുപേട്ടയിലെ ബസ് പെര്‍മിറ്റ് പ്രശ്നം പറയാനാണത്രേ വിളിച്ചത്. ആ പെര്‍മിറ്റിന്റെ പേരില്‍ ഒരു പാവത്തിന്റെ കൈ തല്ലിത്തകര്‍ത്തത് മനോജാണെന്നത് വേറെ കഥ. ആ ക്വട്ടേഷന്‍ പി സി ജോര്‍ജിനായിരുന്നോ എന്ന് ഇനി മറ്റൊരന്വേഷണം നടത്തണം. ആകെമൊത്തം നോക്കിയാല്‍ പിള്ളയുടെ കാലമാണ്. പിള്ളയുടെ പിള്ളയ്ക്കാണെങ്കില്‍ കാടു ഭരിക്കാന്‍ സമയം കിട്ടുന്നില്ല. സിനിമാക്കാര്‍ക്ക് കുറെ സംഘടനയൊക്കെയുണ്ട്. ആരെയും അവര്‍ ഉപരോധിച്ചു കളയും. പിള്ളയുടെ പിള്ളയായ മന്ത്രി ഇത്തരമൊരു ക്വട്ടേഷന്‍ കേസില്‍ പെട്ടപ്പോള്‍ ഒരു സംഘടനയ്ക്കും മിണ്ടാട്ടമില്ല. തറവാടിത്തം മാത്രം പോര അല്‍പ്പം ബുദ്ധിയും വേണമെന്നതാണ് പിള്ളക്കഥയുടെ ഗുണപാഠം.

അധ്യാപകനെ ചതച്ച കേസില്‍ പിള്ളയുടെ പേര് മിണ്ടിപ്പോകരുതെന്നാണ് പൊലീസിനു കിട്ടിയ കല്‍പ്പന. അതുകൊണ്ട് ഈ അധ്യാപകന്റെ പരിക്ക് യഥാര്‍ഥത്തില്‍ ഉള്ളതാണോ അതോ ജന്മനാ സംഭവിച്ചതോ എന്നാണത്രേ ഇപ്പോള്‍ അന്വേഷിക്കുന്നത്. ശരീരവും മനസ്സും തകര്‍ന്ന് അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന ആളുടെ മൊഴിയില്‍ വൈരുധ്യമുണ്ടന്നത്രേ പൊലീസ് ചൂടോടെ വിസര്‍ജിക്കുന്ന ഫ്ളാഷ് ന്യൂസ്. അക്കഥ മകന്‍മന്ത്രി തുടക്കംമുതല്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊടുംതീവ്രവാദികളുടെ പണിയാണ് നടത്തിയത്. അങ്ങനെ ആരുടെയെങ്കിലും തലയിലിട്ടാല്‍ പിള്ളയ്ക്ക് ഊരിപ്പോകാം.

പൊലീസ് പറയുന്നതാണ് ഇപ്പോള്‍ പല പല ചാനല്‍ -പത്രത്തമ്പുരാക്കന്മാര്‍ക്കും പഥ്യം. മുത്തൂറ്റ് കുടുംബത്തിലെ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ കൊല്ലന്റെ ആലയില്‍ ചെന്ന് എസ് കത്തി വാരിപ്പിടിച്ച ചുണക്കുട്ടന്മാര്‍ക്ക് ഇപ്പോള്‍ ചുണയുമില്ല ഉശിരുമില്ല. പൊലീസ് പറയും, ഞങ്ങള്‍ ചവയ്ക്കുമെന്നാണ് അവരുടെ മുദ്രാവാക്യം. പിള്ള ജയിലില്‍ പോയപ്പോള്‍ മുഖപ്രസംഗം എഴുതാത്തവര്‍ക്ക് ഇന്ന് കൈതരിച്ചിട്ടു വയ്യ. മുത്തൂറ്റ് കേസില്‍ എസ് കത്തിയുടെ വഴിയില്‍ തന്നെ സിബിഐയും എത്തിയപ്പോള്‍ അവരുടെ മിണ്ടാട്ടം മുട്ടി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും പിള്ളയുടെയും പൊലീസാണ് യഥാര്‍ഥ പൊലീസ് എന്നാണ് കഥനം. അതിലപ്പുറം വാര്‍ത്തയും വേണ്ട; അന്വേഷണവും വേണ്ട. തടവുപുള്ളി നിയമം ലംഘിച്ച് ഫോണ്‍ വിളിച്ചതിനെക്കുറിച്ച് നിഷ്പക്ഷ പുണ്യാളന്മാര്‍ക്ക് അഭിപ്രായമേ ഇല്ല. പിള്ളയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിയമവിരുദ്ധ പ്രവൃത്തിയാണത്രേ അവരുടെ പുതിയ ചിന്താവിഷയം. അല്ലാതെ പിള്ളയെ തിരിച്ച് ജയിലിലേക്ക് വിടണമെന്ന അഭിപ്രായം അവര്‍ക്ക് ഇല്ലേയില്ല.

ശിക്ഷിക്കപ്പെട്ടിട്ടും നിയമസഭയിലേക്കു മത്സരിക്കാന്‍ പിള്ള ഒരുങ്ങിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ശിക്ഷ ഇളവുചെയ്യണമെന്നായി. അതുകഴിഞ്ഞ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ആശുപത്രിയില്‍ അയക്കണമെന്ന്. അതു സംഭവിച്ചു. ഇപ്പോഴിതാ അടിപിടി, ഫോണ്‍വിളി, ക്വട്ടേഷന്‍ പണി. പി സി ജോര്‍ജിനെയും പിള്ളയെയും താങ്ങാനാണ് ഉമ്മന്‍ചാണ്ടിയുടെ യോഗം. ഒരു എംഎല്‍എ പണിമുടക്കിയാല്‍ തെറിച്ചുപോകുന്ന മുഖ്യമന്ത്രിസ്ഥാനത്തിന് അത്രയേ ഉള്ളൂ വില. കസേര വേണമെങ്കില്‍ വെള്ളം കോരണം; വിറകുവെട്ടണം; കാലു തിരുമ്മണം. രണ്ടു കാലിലും മന്തുള്ളവര്‍ ഒറ്റക്കാല്‍ മന്തന്മാരെ കണ്ടാല്‍ പരിഹസിക്കാന്‍ പാടില്ലെന്ന പ്രകൃതിനിയമം ഉമ്മന്‍ചാണ്ടിക്കും ബാധകമാണല്ലോ. കൂനും കൂനിന്മേല്‍ കുരുവുമുള്ള ഡല്‍ഹിക്കാരുടെ ഉപദ്രവവും തല്‍ക്കാലം ഉണ്ടാകില്ല. അതുകൊണ്ട് ഇതു പിള്ളയുടെ കാലംതന്നെ.

*
കോണ്‍ഗ്രസില്‍ വീതംവയ്പ് വീണ്ടും തുടങ്ങി. മിസ്ത്രി വന്നു. എങ്ങനെ പങ്കിട്ടാലും ഒരുഭാഗത്ത് കൂടുതലും മറുഭാഗത്ത് കുറവുമാകും. ഒറ്റപ്പദവി മതിയെന്നു പറഞ്ഞാല്‍ ചെന്നിത്തല വീണ്ടും മൂലയ്ക്കാകും. പദവിയില്ലാത്ത സുധീരന്‍ ഒരേയൊരു പദവിക്കുവേണ്ടി കെഞ്ചിക്കേണു നടക്കുന്നു. കണ്ണൂരില്‍ സുധാകരന്‍ വേണോ രാമകൃഷ്ണന്‍ വേണോ എന്നും മിസ്ത്രി തീരുമാനിക്കണം. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, സുധീരന്‍ എല്ലാവരുടെയും നോമിനികള്‍ പട്ടികയില്‍ നിരന്നുകിടക്കുന്നു. അതിനേക്കാള്‍ വരും ചെന്നിത്തലയുടെ സ്വന്തക്കാരുടെ ലിസ്റ്റ്. ഏതു ലിസ്റ്റു വന്നാലും അവസാനവാക്ക് ആന്റണി പറയും. മുല്ലപ്പള്ളിക്കു മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ മന്ത്രിമാരായ തിരുവഞ്ചൂരിനും ശിവകുമാറിനുമെല്ലാം ഇരട്ടപ്പദവിയുണ്ട്. അവര്‍ പാര്‍ടി വേണോ നിയമസഭ വേണോ എന്നും തീരുമാനിക്കേണ്ടിവരും.

പിള്ള പ്രശ്നത്തിനുശേഷം മറ്റൊരു വന്‍പ്രശ്നം വരാന്‍ പോകുന്നു. ആരുടെയൊക്കെ മുണ്ട് പോകുമോ എന്തോ.

2 comments:

ശതമന്യു said...

മോഷണ രീതി കണ്ടാല്‍ പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാനാകുമത്രേ. ചില ക്വട്ടേഷന്‍കാര്‍ തൊട്ട ഇരയെ കണ്ടാല്‍ മതി- ആരാണ് ചെയ്തതെന്ന് മനസ്സിലാകും. പിള്ളയുമായി ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള മുത്തശ്ശിക്കഥകള്‍ കേട്ടു വളര്‍ന്നവര്‍ക്ക് ഒട്ടും സംശയം തോന്നിയില്ല. ചെയ്തത് ഭീമന്‍ തന്നെ. മുറിവും ക്ഷതവും നോക്കി ഒന്നുറപ്പിക്കാം-കാലേക്കൂട്ടി ഉറപ്പിച്ചുചെയ്ത പണിയാണെന്ന്. കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ല; കൊല്ലാക്കൊലയാണ്. കൊല്ലണമെങ്കില്‍ ഒറ്റവെട്ടിന് അതു സാധിക്കാം. ഈ പണി അല്‍പ്പം അധ്വാനമുള്ളതാണ്. പിള്ളയ്ക്കെതിരെ കേസ് കൊടുത്തു; കീഴൂട്ട് തറവാടു വകയുള്ള പള്ളിക്കൂടത്തിനെതിരെ വിജിലന്‍സിന് പരാതി കൊടുത്തു; മാനേജ്മെന്റിനെതിരെ മൊഴി നല്‍കി-എന്നിങ്ങനെയുള്ള കൊടുംപാതകങ്ങള്‍ ചെയ്ത ആളെ ഉമ്മ വയ്ക്കണോ എന്ന് പിള്ളയ്ക്ക് ചോദിക്കാം. അധ്യാപകന്റെ അവയവങ്ങള്‍ അടിച്ചുടച്ച് മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയ സമയത്ത് പിള്ളയ്ക്ക് ആശുപത്രിയില്‍ തിരക്കോടു തിരക്കായിരുന്നു. ആ രാത്രിമാത്രം വിളിച്ചത് 40 ഫോണ്‍ കോള്‍ . അത് മൊബൈലില്‍ നിന്ന്. അല്ലാതെ ആശുപത്രിയിലെ ലാന്‍ഡ് ലൈനുണ്ട്; കൂടെക്കിടക്കുന്നവരുടെ മൊബൈലുമുണ്ട്. പാതിരാവു കഴിഞ്ഞും വിളിതന്നെ വിളി.

NARENDRAN said...

വളരെ നന്നായിരിക്കുന്നു. യാദൃചികമായിട്ടാണ് ഇവിടെ എത്തപ്പെട്ടത്.

അഭിനന്ദനങ്ങള്‍.